Tuesday, December 20, 2011

വിമർശനാത്മക പ്രണയം

അവസാനം സുകുമാർ അഴീക്കോടിനെ കാണാൻ വിലാസിനി
ടീച്ചറെത്തി.അഴീക്കോടൻ മാഷിനും വിലാസിനി ടീച്ചർക്കുമിനി
യൊരു പ്രണയത്തിന്റെ പൂക്കാലം ഉണ്ടാകുമോയെന്ന ആകാം
ക്ഷയിലായിരിക്കും അന്ന് കേരളക്കരയുറങ്ങാൻ പോയത് നാല്പ
ത്താറ് വർഷങ്ങൾക്ക് മുമ്പ് കൊഴിഞ്ഞുപോയൊരു പ്രണയത്തി
ന്റെ പേരിൽ പരസ്പരം ചെളിവാരിയെറിയാൻ തുടങ്ങിയിട്ട്
നാളുകളേറെയായി.അന്ന് ആഘോഷിച്ചവർക്കിന്നും വേണമെ
ങ്കിൽ ആഘോഷിക്കാം.അല്ല രാവിലെ തന്നെ ആഘോഷം
തുടങ്ങിയിരുന്നല്ലോ.
തൃശൂർ അമല ആശുപത്രിയിൽ അർബ്ബുദരോഗത്തിന്റെ കടുത്ത
വേദനയിൽ സംസാരിക്കാൻ പോലും പ്രയാസപ്പെട്ടുകിടക്കുമ്പോൾ
മാഷ് ഓർത്തു.വിലാസിനി ടീച്ചറിനെ.തന്റെ പഴയപ്രണയിനിയെ.
അദ്ദേഹം മനസ് തുറന്നു.‘എത്രയോ പേർ കാണാൻ വരുന്നു.അ
വർക്കെന്താ ഒന്നു വന്നാൽ.’ഇന്ത്യാവിഷൻ ലേഖകൻ ടീച്ചറെ വി
വരമറിയിച്ചപ്പോൾ ആ വിളിക്കുവേണ്ടി കാതോർത്തിരിക്കുകയായി
രുന്നു അവർ.വാശിയും വൈരാഗ്യവുമൊക്കെ ഒരു നിമിഷം കൊ
ണ്ടലിഞ്ഞുപോയി.തനിച്ചൊന്നു കാണാൻ.സങ്കടവും പരിഭവവും
പരസ്പരം പങ്കുവെക്കാൻ അവർകൊതിച്ചു.അവർ കണ്ടു.മിണ്ടി.
കാലമെത്ര കഴിഞ്ഞാലും തീവ്രമായ സ്നേഹം മറക്കാൻ കഴിയി
ല്ലെന്ന് അങ്ങനെയവർ തെളിയിച്ചു.ഒരു സന്യാസിനിയെപ്പോലെ
ജീവിതത്തിന്റെ നീണ്ടകാലം പിന്നിട്ട ടീച്ചർക്ക് തന്റെ പ്ര
ണയം മറ്റുള്ളവരുടെ മുന്നിൽ ഒളിച്ചുവെക്കേണ്ടൊരു അശ്ലീലമല്ല.
ഒരു സ്ത്രീക്കുമാത്രം കഴിയുന്ന സ്നേഹത്തോടെ,ദയയോടെ
അവർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.‘എനിക്കൊരുവിഷമവുമില്ല.
എല്ലാം എന്റെ വിധിയാണ്.’
വേണമെങ്കിൽ അവർക്കാ വിധിയെ മാറ്റിമറിക്കാമായിരുന്നു.സുന്ദ
രിയും വിദ്യാസമ്പന്നയുമായൊരു സ്ത്രീക്ക് ഇങ്ങനെയൊരു ഏകാ
ന്തവാസത്തിന്റെ വിധി ഒരിക്കലുമുണ്ടാകുമായിരുന്നില്ല.അവർ ആ
വിധിയെ സ്വയം വരിച്ചതാണ്.എന്തിനാണെന്ന് സാമാന്യബുദ്ധിയു
ള്ളവർ ചോദിച്ചേക്കാം.ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടു
ണ്ടെങ്കിൽ അയാളെ മറന്നിട്ട് മറ്റൊരാളെ സ്നേഹിക്കാൻ പ്രയാ
സമായതുകൊണ്ടെന്ന ലളിതമായ ഉത്തരം പലർക്കും ദഹിക്കില്ല.
കാരണം അവർ അത്തരത്തിൽ ആരേയും സ്നേഹിച്ചിട്ടില്ലല്ലോ.
അത്രയ്ക്കും സ്നേഹിച്ചതുകൊണ്ടാണല്ലോ എത്രയൊക്കെ ആ
ക്ഷേപിച്ചിട്ടും നാല്പത്താറ് കൊല്ലങ്ങൾക്കുശേഷം അദ്ദേഹത്തെ
തേടി വന്നത്.കഴിഞ്ഞതെല്ലാം പൊറുത്തത്.തന്റെ കൂടെ വന്നാൽ
പൊന്നുപോലെ നോക്കിക്കോളാമെന്നുപറഞ്ഞത്.നഷ്ടപ്പെട്ടുപോയ
ജീവിതം കൈപ്പിടിയിലൊതുക്കി സന്തോഷത്തോടെ ഇനിയും കഴി
യാമെന്ന കൊതികൊണ്ടല്ല.‘ഞാൻ സ്നേഹിച്ചിരുന്നു.എന്റെ
സ്നേഹമൊരു കള്ളമല്ല.ഇപ്പോഴും ഞാൻ സ്നേഹിച്ചുകൊണ്ടിരി
ക്കുന്നു.’ഇങ്ങനെ അദ്ദേഹത്തോടും ലോകത്തോടും ഉറക്കെ വിളി
ച്ചുപറയുകയാണവർ.
എന്തിനായിരുന്നു അവർ പിരിഞ്ഞത്?എന്തിനായിരുന്നു പരസ്പരം
പിണങ്ങിയത്?പിന്നെന്തിനായിരുന്നു മറക്കാതിരുന്നത്?സുകുമാർ
അഴീക്കോട് പറഞ്ഞതൊന്നും അന്നും ഇന്നും ആരും വിശ്വസിച്ചു
എന്ന് തോന്നുന്നില്ല.വിവാഹംകഴിക്കാഞ്ഞത് മഹാഭാഗ്യമായിരുന്നു.
രക്ഷപ്പെടുകയായിരുന്നു എന്നൊക്കെ ചുറ്റിലുമുള്ള ആൾക്കൂട്ടത്തെ
വിശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹമത് സ്വയം വിശ്വസി
ച്ചിരുന്നില്ല എന്ന് ഇപ്പോഴെങ്കിലും തെളിഞ്ഞല്ലോ.രോഗംഎല്ലാ
പൊയ്മുഖങ്ങളേയും പിച്ചിച്ചീന്തും.
എനിക്കറിയാം.അദ്ദേഹവും അത്രയേറെ ടീച്ചറെ സ്നേഹിച്ചിരുന്നു.
അദ്ദേഹമെഴുതിയ പ്രണയലേഖനം കണ്ടിട്ട് തനിക്കാരുമിത്തരത്തി
ലൊന്നെഴുതിയില്ലല്ലോ എന്ന മാധവിക്കുട്ടിയുടെ നിരാശയെപ്പറ്റി
ഞാൻ കേട്ടിട്ടുണ്ട്.അപ്പോൾപിന്നെന്താണ് സംഭവിച്ചത്.പല പുരു
ഷന്മാർക്കുമുള്ള പിൻവലിയലാണോ?കാരണമെന്തോ ആവട്ടെ.
പ്രണയവും ജീവിതവുമൊന്നും മലയാളിക്ക് സ്വന്തമല്ലല്ലോ.മറ്റാരൊ
ക്കെയോ തീരുമാനിക്കുന്നതനുസരിച്ച് മലയാളി ജീവിച്ചുതീർക്കുന്നു.
ആരെയൊക്കെയോ ബോധ്യപ്പെടുത്തി നല്ലപിള്ള ചമഞ്ഞു കാലം
കഴിക്കും.മറ്റുള്ളവരുടെ മുന്നിൽ ഇമേജ് സൂക്ഷിക്കാൻ സ്വന്തം ഹൃ
ദയത്തോട് അനീതി കാണിക്കും.അതിനിടയിൽ സ്വന്തം ഇഷ്ടങ്ങ
ളും ആഗ്രഹങ്ങളും മരവിച്ച് മൃദുലവികാരങ്ങളെല്ലാം കരിഞ്ഞുപോയി
ല്ലെങ്കിലേ അത്ഭുതമുള്ളൂ.
ഇഷ്ടപ്പെട്ടൊരു വ്യക്തിയെ സ്നേഹിക്കുക എന്നത് ഏതൊരാളുടെയും
അവകാശമാണ്.ആവശ്യമാണ്.അത് പാടില്ല എന്നുപറയാൻ സമൂഹ
ത്തിനോ,ബന്ധുക്കൾക്കോ അധികാരമില്ല.പലപ്പോഴും ഇല്ലാത്ത അധി
കാരം പ്രയോഗിച്ചിട്ടാണ് പലരുടേയും ജീവിതത്തെ നശിപ്പിക്കുന്നത്.

ഇത് എന്റെ ജീവിതം.എനിക്കിഷ്ടമുള്ളവരോടൊപ്പം ഞാൻ ജീവിക്കും
എന്നുപറയാനുള്ള തന്റേടം വിലാസിനി ടീച്ചർ കാണിച്ചു.അതുകൊണ്ടാണ്
എന്റെ കൂടെ പോരുന്നോ എന്ന് മറ്റുള്ളവരുടെ മുന്നിൽ വെച്ച് അവർ
സുകുമാർ അഴീക്കോടിനോട് ചോദിച്ചത്.അത് കേൾക്കാനുള്ള മഹാഭാഗ്യം
എനിക്കുണ്ടായി എന്ന് അദ്ദേഹം തിരിച്ചുപറഞ്ഞു.സ്വന്തം ജീവിതം കൊണ്ട്
അദ്ദേഹം അത് തെളിയിക്കുമോ? നമുക്ക് കാത്തിരുന്ന് കാണാം.

Saturday, December 17, 2011

ആകാശവാണി കണ്ണൂർ .ശ്രീതിലകം പരിപാടി

17-12-2011ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30ന് ആകാശവാണി കണ്ണൂർ നിലയത്തിൽ
ശ്രീതിലകം പരിപാടിയിൽ ഞാൻ അവതരിപ്പിച്ച എന്റെ കവിതകൾ.അമൃതം തേടിയും അറവുമാടുകളും


http://www.4shared.com/audio/mOCX35Ro/Untitled__5_.html

Friday, December 9, 2011

ബ്യൂട്ടിഫിൾ ഈസ് ബ്യൂട്ടിഫുൾ

 ഇന്നലെ തിയേറ്ററിൽ പോയി ഒരു സിനിമ കണ്ടു.ബ്യൂട്ടിഫുൾ.സംവിധാനം
വി.കെ പ്രകാശ് ആണെങ്കിലും അനൂപ് മേനോന്റെ സിനിമ എന്നാണ്
പറയേണ്ടത്.തിരക്കഥ,സംഭാഷണം,ഗാനരചന,അഭിനയം ഒക്കെ അ
നൂപ് മയം.അപ്പോൾ അങ്ങനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.എന്താ
യാലും സിനിമ എനിക്കിഷ്ടമായി.
കഴുത്തിനു താഴെ തളർന്ന സ്റ്റീഫൻ ലൂയിസെന്ന കോടീശ്വരനായി ജയ
സൂര്യയുംപാട്ടുകാരനും കൂട്ടുകാരനുമായി അനൂപ് മേനോനും.ആദ്യമായി അ
ത്രയും ആർദ്രമായി പെരുമാറിയ പഴയ സഹപാഠിയിൽ ആ നന്മ ഇപ്പോഴു
മുണ്ടോയെന്ന സ്റ്റീഫന്റെ ചോദ്യത്തിന് ജോണിനുത്തരം പറയാൻ കഴിയു
ന്നില്ല.വളർച്ചക്കിടയിൽ എവിടെയൊക്കെയോ അതിലേറെയും കളഞ്ഞു
പോയെന്ന് സ്റ്റീഫനെപ്പോലെ തന്നെ ജോണിനുമറിയാം.കോടികൾ സ്വന്ത
മാക്കാൻ സ്റ്റീഫന്റെ കസിൻ പീറ്റർ തന്റെ കീശയിൽ സ്റ്റീഫനെ കൊല്ലാനുള്ള
വിഷം വെച്ചുതന്നിട്ടുണ്ടെന്ന് അറിയിക്കാനുള്ള നന്മ ജോണിൽ അവശേഷി
ച്ചത് ആശ്വാസമായി തോന്നി.
നിഷകളങ്കതയുടെയും നന്മയുടെയും അവതാരമായി വന്ന മേഘ്നാ 
രാജിന്റെഅഞ്ജലി അമ്പരപ്പിച്ചുകളഞ്ഞു.അലക്സിന്റെ കാമുകിയും വെപ്പാട്ടി
യുമായ അവൾ സ്റ്റീഫനെ അലക്സിനുവേണ്ടി കൊല്ലാനാണ് ഹോംനേ
ഴ്സായവതരിച്ചതെന്നറിഞ്ഞപ്പോൾ സിനിമ കണ്ടുകൊണ്ടിരുന്ന ചെറുപ്പ
ക്കാർ നായിന്റെ മോളെന്ന് അമർഷത്തോടെ പറയുന്നതുകേട്ടു.മേഘ്ന
യ്ക്ക് കഥാപാത്രമായി മാറാൻകഴിഞ്ഞതിൽ അഭിമാനിക്കാം.
ജോണിന്റെ ഡോക്ടർ മോഹം മനസ്സിൽ നിറച്ച് കയറി വന്ന അനിയത്തി
യെ കണ്ടപ്പോൾ അവളെക്കൊണ്ട് എന്തെങ്കിലും ഒപ്പിച്ചേക്കാമെന്നൊരു
പൈങ്കിളിച്ചിന്ത എന്റെ തലയിലൂടെ കടന്നുപോയി.സ്റ്റീഫനുമായി ഒന്ന് 
ബന്ധിപ്പിച്ചേക്കാമെന്നൊരു തോന്നൽ.പക്ഷേ,ഒന്നുമുണ്ടായില്ല.അവൾ 
വന്നപോലങ്ങ് പോയി.ബാത്റൂമിന്റടുത്തുന്ന് അയാളൊന്ന് ശ്രമിച്ചു.സമ്മ
തിച്ചില്ല.എന്തേ സമ്മതിക്കാഞ്ഞത് എന്ന സ്റ്റീഫന്റെ ചോദ്യത്തിന് എനി
ക്കൊരു മൂഡില്ലായിരുന്നുഎന്ന് കൂളായിപറയുന്ന കന്യക പേരുകൊണ്ടും 
ഒന്ന് കൊട്ടുന്നുണ്ട്.പേരിൽമാത്രമേയുള്ളുവെന്നതിന് അതെപ്പൊഴേ പോയി 
എന്നാണവളുടെ ഉത്തരം.ഒരു മൊട്ടുസൂചികൊണ്ട് ഊതിവീർപ്പിച്ച സംഭവ
ങ്ങളുടെ കാറ്റ് കളയുന്ന വിദ്യ.
തളർന്നുകിടക്കുന്ന സ്റ്റീഫൻ ഗന്ധത്തിലൂടെയാണ് സ്ത്രീയെ അറിയുന്നത്.
കുളിച്ചോയെന്നു ചോദിക്കുമ്പോൾ ഇഷ്ടമായെങ്കിൽ കുളിക്കുന്നേയില്ലെന്ന 
മറുപടി.എന്റെ ബാത്‌റൂമിലെ സോപ്പിനിത്ര മണമോയെന്ന അതിശയം.
ഡോക്ടർ ഉപയോഗിക്കുന്ന പെർഫ്യൂം ഏതെന്ന് അന്വേഷിക്കുമ്പോഴേ 
പ്രേക്ഷകന്റെമൂക്കിലും സ്ത്രീ ഒരു ഗന്ധമായി നിറയുന്നു.
കുഞ്ഞിഷ്ടങ്ങളിലൂടെ പ്രകടമാവുന്ന സ്ത്രീപുരുഷബന്ധങ്ങൾ.തീക്ഷ്ണ
മായപ്രണയമില്ല.അതുകൊണ്ടുതന്നെ നൈരാശ്യവുമില്ല.അത് കാലികമാ
യൊരു പ്രകടനമായി വിലയിരുത്തപ്പെടണം.ഭർത്താവ് ആയാൽ നല്ലൊരു 
ബന്ധം തകർന്നുപോകുമെന്ന് കരുതി കാമുകനെ വിവാഹം കഴിക്കാത്ത 
പ്രവീണയുടെ ഡോക്ടർ കാലത്തിന്റെ പ്രതിനിധി തന്നെ.വർഷത്തിലൊ
രിക്കൽ കാമുകനെ കാണുമ്പോഴുള്ള ആവേശം എന്നും കണ്ടാൽ തീർന്നു
പോകും.പിന്നെ കാമുകനും ഭർത്താവും തമ്മിലെന്തു ഭേദം? കുട്ടികളെപ്രതി 
പരസ്പരം സഹിക്കുന്ന ദമ്പതികളോട് ചോദിച്ചാൽ മറ്റെന്തുത്തരമാണ് 
കിട്ടുക.
ഇതൊക്കെ എനിക്കിഷ്ടമാകാനുള്ള കാരണങ്ങളാണ്.അതിലേറെയിഷ്ടം 
അതിലെ കുറുമൊഴികളാണ്.അതിൽ ചിലതൊക്കെ എന്നോട് ആരൊ
ക്കെയോപറഞ്ഞതാണല്ലോ.പലതും ആരോടൊക്കെയോ ഞാനും പറഞ്ഞി
ട്ടുണ്ടല്ലോ.എന്റെ സഹോദരൻ ആദ്യമായി ബൈക്ക് വാങ്ങിയപ്പോൾ എനി
ക്കതിലൊന്ന്കയറാൻ മോഹം തോന്നി.അത് പ്രകടിപ്പിച്ചപ്പോൾ എന്നെ 
അതിലിരുത്തിഓടിക്കാനുള്ള ധൈര്യമവനില്ല.കെട്ടിയിട്ടാൽ മതിയെന്നു പറ
ഞ്ഞിട്ടും അവനനുസരിച്ചില്ല.പെങ്ങളെ ഇട്ടുപൊട്ടിച്ചവനെന്ന പഴി എന്തിനു 
കേൾക്കണം.

സ്കൂളിൽ താഴത്തെ കെട്ടിടത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ
പന്ത്രണ്ടു പടികളിറങ്ങാൻ കഴിയാതെ കുന്നും കുണ്ടും നിറഞ്ഞ വളഞ്ഞ വഴി
യിലൂടെ മറ്റള്ളവരുടെ ചുമലിൽ പിടിച്ച് നീങ്ങാൻ തയ്യാറെടുക്കുമ്പോൾ സഹ
പ്രവർത്തകൻ ബൈക്കിൽ താഴെ കൊണ്ടുവിടാമെന്നായി.കെട്ടിയാൽ 
കയറാമെന്ന് പറഞ്ഞപ്പോൾ കെട്ടാനൊന്നും വയ്യെന്നവനും.അവന്റെ തമാ
ശയ്ക്കുനേരെ ഓ..യെന്ന് ചുണ്ട് കൂർപ്പിച്ചപ്പോൾ മനസ്സിലോർത്തു.നല്ല 
പ്രായത്തിൽഏതെങ്കിലും കോന്തൻ കെട്ടിയെടുത്തിരുന്നെങ്കിൽ നിന്നോളം 
പോന്നൊരുത്തൻ അമ്മേയെന്നെന്നെ നീട്ടി വിളിച്ചേനെ.
 ‘ജോൺ എന്നെയൊന്നതിൽ കയറ്റി നഗരത്തിലൂടെ ഓടിക്കാമോ?’
‘എങ്ങനെ?’
‘കൊച്ചുകുട്ടികളെപ്പോലെ കെട്ടിയിട്ട്.ഈ ബാഗൊക്കെ കെട്ടിയിടുമ്പോലെ.’
എന്നെയതുപോലെ കെട്ടിയിട്ട് ആരും ബൈക്കോടിച്ചില്ലല്ലോ.നഗരക്കാഴ്ച്ച
കൾ കാണിച്ചില്ല.മഴ നനയിച്ചില്ല.
‘ആദ്യം എന്റെ ഓഫർ ജോൺ സ്വീകരിച്ചില്ല.പിന്നെ ഇപ്പൊഴെന്തുപറ്റി?’
‘പണത്തിന്റെ പ്രയാസം കൊണ്ട്’
‘അല്ലാതെ സഹതാപം കൊണ്ടല്ല?’
‘എന്നാത്തിന്? എന്റെ വീടിനടുത്തൊരാളുണ്ട്.രണ്ടുകൈയും രണ്ടുകാലുമില്ല.
ടെലിഫോൺ ബൂത്തിലേക്ക് നിരങ്ങിയാണ് പോകുന്നത്.അത് കണ്ടാ ഞാൻ വളർന്നത്.സാറിനിതെന്നാത്തിന്റെ കുറവാ?’
അതെ.ജോൺ പറഞ്ഞതാ നേര്.എനിക്കൊന്നിന്റ്റേയും കുറവില്ല.അതു
കൊണ്ട് സെന്റടിച്ചാലും സെന്റിയടിക്കേണ്ട.
  

Monday, November 28, 2011

കത്ത്

ബഹുമാനപ്പെട്ട തമിഴുനാട് മുഖ്യമന്ത്രീ,
             ഞങ്ങൾക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളേറെയായി. 
ജീവൻ ഏതുനിമിഷവും പ്രളയജലത്തിൽ മുങ്ങിമറയുമെന്ന ഭീതി
യിൽ കഴിയുമ്പോൾ ഞങ്ങളെങ്ങനെയുറങ്ങും?നൂറ്റിപ്പതിനാറ് 
വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഡെമോക്ലസിന്റെ 
വാൾ പോലെ ഞങ്ങളുടെ ജീവനു മുകളിൽ തൂങ്ങിക്കിടക്കുന്ന കാര്യം 
മറ്റാരേക്കാളും താങ്കളറിയണം.നാല്പത് ലക്ഷം ജനങ്ങളും അഞ്ച് ജി
ല്ലകളും നൂറ്റിപ്പതിനാറ് വർഷങ്ങളായി സംഭരിച്ചുവെച്ച വെള്ളപ്പാച്ചി
ലിൽ മറഞ്ഞുപോയാൽ താങ്കൾ എന്തുചെയ്യും?അപ്പോഴും തമിഴ്നാട്ടി
ലെ അഞ്ചു ജില്ലകളിലെ സമ്പൽ‌സമൃദ്ധി നിലനിർത്താൻ താങ്കൾക്ക്
കഴിയണം.അവ മരുഭൂമിയാകാതെ സൂക്ഷിക്കുകയും വേണം.അങ്ങ
നെ ആചന്ദ്രതാരം തമിഴ് മണ്ണിൽ തമിഴ്മക്കളുടെ കൈയടിയും വാങ്ങി 
സുഖമായി വാഴാമല്ലോ .
മുഖ്യമന്ത്രിയുടെ സിംഹാസനത്തിൽ ഭരണത്തിന്റെ സർവസൌഭാഗ്യ
ങ്ങളും അനുഭവിച്ച് കഴിയുന്ന താങ്കൾ നാല്പത് ലക്ഷം ജീവനെക്കുറിച്ച് 
എന്തിനു വേവലാതിപ്പെടണം!താങ്കളുടെ പക്കൽ പണ്ടെപ്പൊഴോ 
ആർത്തി പെരുത്ത ഭരണാധികാരികൾ ചാർത്തിത്തന്ന തൊള്ളായിര
ത്തിത്തൊണ്ണൂറ്റൊമ്പത് കൊല്ലത്തെ പാട്ടക്കരാ‍റുണ്ടല്ലോ.അത് കാക്ക
ത്തൊള്ളായിരമാക്കിയില്ലല്ലോ എന്നാശ്വസിക്കാനല്ലേ പാവം പ്രജ
കൾക്കാവൂ.ഭരണാധികാരികളെ ദൈവമായി കാണേണ്ടവരല്ലേ ഞ
ങ്ങൾ.
ഭൂമീദേവി തന്നിലേല്പിച്ച ഭാരംകൊണ്ട് ക്രുദ്ധയായി ഞെട്ടിവിറക്കുമ്പോൾ 
ജീവനെ ഒളിപ്പിക്കാനിടമില്ലാതെ അലറിവിളിച്ചോടുകയാണ് ഞങ്ങൾ.
എന്നാലും താങ്കളുടെ സിംഹാസനത്തിന് ഇളക്കം തട്ടില്ലെന്നറിയാം.അ
തുകൊണ്ട് താങ്കൾ കേരളമക്കളെ മുക്കിക്കൊല്ലാനുള്ള പിടിവാശി ഇനിയും 
ഉപേക്ഷിക്കാൻ സാധ്യത കാണുന്നില്ല.
എങ്കിലും ഞങ്ങൾ താങ്കളെ ഒന്നോർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.താങ്കളും 
ഒരു സ്ത്രീയാണ്.സ്ത്രീ അമ്മയാണ്.അമ്മ സ്വന്തം പ്രാണനേക്കാൾ മക്ക
ളെ സ്നേഹിക്കും.വേണ്ടിവന്നാൽ മക്കൾക്കുവേണ്ടി സ്വന്തം പ്രാണനുപേ
ക്ഷിക്കും.ഒരിക്കലും മക്കളുടെ പ്രാണനെടുക്കില്ല.പ്രാണൻ കൊടുക്കുന്നവളാ
ണമ്മ.താങ്കളുടെചുണ്ടിന്റെ കോണിൽ ഒരു പരിഹാസച്ചിരി വിരിയുന്നത് ഞ
ങ്ങൾക്കിപ്പോൾ കാണാം.അതിന്റെ അർത്ഥമിതായിരിക്കാമെന്ന് ഞങ്ങൾക്കൂ
ഹിക്കാൻ കഴിയുന്നുണ്ട്.താങ്കളുടെ മക്കൾ തമിഴ് മ്ക്കളാണെന്ന് മറന്നുപോ
യോ വിഡ്ഢികളേയെന്നാണല്ലോ.അവിടെ താങ്കൾക്ക് തെറ്റി.അമ്മയ്ക്ക് 
എല്ലാമക്കളും ഒരുപോലെയാണ്.കേരളമക്കളെന്നോ തമിഴ് മക്കളെന്നോ 
അവളോർക്കില്ല.
അമ്മ എല്ലാവരേയും ഒരപകടത്തിനും വിട്ടുകൊടുക്കാതെ മാറോടണച്ചുപിടി
ക്കും.താങ്കളും അങ്ങനെ ചെയ്യണം.പ്രളയജലത്തിന് വിട്ടുകൊടുക്കാതെ ഈ 
മക്കളെ രക്ഷിക്കണം.ഇല്ലെങ്കിൽ സർവനാശമായിരിക്കും ഫലം.അങ്ങനെ 
സംഭവിച്ചാൽ ലോകചരിത്രത്തിലെ ഏറ്റവും ക്രൂരയായ പിശാചിനിയായി 
താങ്കൾ വാഴ്ത്തപ്പെടും.കാലം താങ്കൾക്കൊരിക്കലുംമാപ്പ് തരില്ല.ഞങ്ങളുടെ
ആത്മാക്കളും.
                               എന്ന്
                   ജീവനുവേണ്ടിയുള്ള യാചനയോടെ
                         കേരളമക്കൾ

Thursday, November 24, 2011

ഗൾഫ് വിശേഷങ്ങൾ


അങ്ങനെ എന്റെ ഗൾഫ് പര്യടനവും സാധിച്ചു.ഇന്നലെ രാത്രി നമ്മുടെ രാജ്യത്തേക്കുതന്നെ തിരിച്ചുവന്നു.വെറും ആറുദിവസംകൊണ്ട് യു.എ.ഇ.
പ്രജകൾ എന്റെ ഹൃദയം കീഴടക്കി.വരണ്ട മരുഭൂമിയിൽ സ്നേഹത്തിന്റെ തെളിനീരാണ് ഞാൻ കണ്ടത്.കുറെ സുഹൃത്തുക്കൾ വിളിച്ച് കുശലമന്വേ
ഷിച്ചു.അവരുടെ ജോലിത്തിരക്കും എന്റെ ടൂർ ടൈംടേബിളുമാണ് കൂടി
ക്കാഴ്ച്ച അനുവദിക്കാഞ്ഞത്.അത് എനിക്കും അവർക്കും മനോവേദന
യുണ്ടാക്കി.
നാട്ടുകാരായ സുഹൃത്തുക്കളും ഒരു ഫേസ്ബുക് സുഹൃത്തും ഒരു ബ്ലോഗ്
സുഹൃത്തും തിരക്കിനിടയിലും കാണാൻ സമയം കണ്ടെത്തുക തന്നെ ചെയ്തു.നാട്ടുകാർ വീട്ടിൽ വിരുന്നുതരാൻ ക്ഷണിച്ചെങ്കിലും എനിക്കതു സ്വീകരിക്കാൻ പറ്റിയില്ല.
ഫേസ്ബുക് സുഹൃത്ത് സജേഷ് എനിക്കിന്ന് സുഹൃത്തു മാത്രമല്ല.സഹോ
ദരനും മകനുമൊക്കെയാണ്.ഫുജൈറയിൽനിന്നും ദൂരങ്ങൾ താണ്ടി അവൻ
എന്നെ കാണാൻ വേണ്ടി ദുബായിലെത്തി.ഒരു ദിവസം മുഴുവൻ അവൻ എനിക്കുവേണ്ടി മാറ്റിവെച്ചു.ചക്രക്കസേരയുരുട്ടിയും താങ്ങിയും അവനെന്നെ കാഴ്ച്ചകൾ കാണിച്ചു.
അതൊക്കെ ഒരവകാശമായി ഞാൻ അനുഭവിച്ചു.മറ്റൊരാഹ്ലാദം പ്രിയപ്പെട്ട
ഫായി(സുനിൽ) മജ്ജയും മാംസവുമായി എന്റെ മുന്നിലവതരിച്ചതാണ്.
അദ്ദേഹം ജോലിക്കിടയിൽ എന്നെ ഒന്നു കാണാൻ ഓടിയെത്തിയതാണ്.
ഓഫീസിലും വീട്ടിലും അദ്ദേഹത്തിനിപ്പോൾ തിരക്കാണ്.ഒരു കുഞ്ഞുമോൾ 
പിറന്നിട്ട് മൂന്നുദിവസമേ ആയുള്ളൂ.അവളെ കാണണമെന്ന ആഗ്രഹം എ
നിക്ക് മനസ്സിലടക്കിവെക്കേണ്ടി വന്നു.
ഫായി വരുമ്പോൾ എനിക്കൊരു സമ്മാനവും കൊണ്ടുവന്നിരുന്നു.അദ്ദേഹം 
പോയതിനുശേഷം ഞാൻ പൊതിയഴിച്ചു.അതിശയവും സന്തോഷവും 
കൊണ്ട് എന്റെ കണ്ണ്‌ തള്ളിപ്പോയി.മനോഹരമായൊരു സാരി.സാ‍രിയെന്നു 
കേൾക്കുമ്പോൾ ഏതു പെണ്ണും ഒന്നിളകും.അപ്പോൾ അപ്രതീക്ഷിതമായി 
കൈയിൽ കിട്ടിയാലോ!ഞാനും അങ്ങനെയൊന്നിളകിപ്പോയി.
പിന്നേയും ഒരുപാട് വിശേഷങ്ങളുണ്ട്.അതൊക്കെ പിന്നാലെ.ഇപ്പോൾ ഞാ
നൊന്ന് നടുനീർക്കട്ടെ.

Tuesday, November 15, 2011

കുറിമാനം

ശ്ശി കാലായ് നിരീക്യാണ്.ഒന്ന് ഗൾഫ് രാജ്യത്തൊക്കെ പോണംന്ന്.ഇത് 
വരെ തരായില്യ.മോഹഭംഗത്തിൽ‌പ്പെട്ട് വലയുമ്പോൾ ദാ ഒരു വഴീങ്‌ട് 
തെളിഞ്ഞിരിക്യാ.ഗൾഫിൽ പോകാനേ.ദുബായില് ഈ മാസം പതി
നെട്ടിനേയ് പോകാംന്ന് അങ്ട് വെക്ക്യാ.അപ്പൊ എല്ലാരും ഓർക്ക്‌ണ്‌ണ്ടാ
വും.ദെന്തിനാപ്പൊ ഇങ്നൊര് നോട്ടീസെറ്ക്ക്ണേന്ന്.ആളോള് പോക്വേം 
വരികേം ഒക്കെ ചെയ്യില്ലേന്ന്.ത്തിരി കാരൂണ്ടേയ്.മറ്റാർക്ക്വല്ല.എനിക്കാ
ണേയ്.ഈ ഇന്ത്യാമഹാരാജ്യ്ത്തൂന്ന് വയ്യാത്ത കാലും വലിച്ചോണ്ട് അങ്ട് 
ചെല്ലുമ്പൊ വേണ്ടപ്പെട്ടോര്യൊക്കെ കാണണോന്ന്ണ്ടേർന്ന്.വേണ്ടപ്പെ
ട്ടോര്ന്ന്ച്ചാൽ ബ്ലോഗിലേയ് മിണ്ടീം പറീന്നോരേയ് ദുബായിലും കാണ്വല്ല്.
ആടീം ഈട്യല്ലായിറ്റ് ഉള്ളോരെങ്ങ്യനാപ്പാ തപ്പ്യെട്ക്ക്ണേ?അപ്പൊ ക
ണ്ടൊര് സൂത്റാന്ന് കൂട്ടിക്കൊ.ഇതെല്ലാരും കാണ്വല്ലാ.അത്പ്പൊ മമ്മദ് 
അങ്ട് പോയിക്കാണ്വാ വേണ്ടത്‌ന്നറ്യാം.മല ഇങ്ട് വരില്യാന്നും.
അപ്പൊ മമ്മദ് അങ്ടെത്തും.ദുബായില്.പതിനെട്ടിന്.പണീം തൊരോം
കയിഞ്ഞാല് കാണാൻ പറ്റ്വോന്ന് അറീക്കണേ.ചെവീല് വെച്ച് 
വിളിക്ക്ണ കുന്ത്രാണ്ടൂലേ.അത്‌ന്റെ സംഖ്യങ്ട് നെരത്ത്യാ മതീലോ.  

Friday, November 11, 2011

ആശ്വാസമായൊരു വിധി

തൃശൂർ അതിവേഗകോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു.
അങ്ങനെ ഒരു നരാധമനെങ്കിലും അർഹമായ ശിക്ഷ കിട്ടുന്നു.
നമ്മുടെ പെൺ‌കുട്ടികൾക്ക് സമൂഹത്തിൽ ജീവിക്കാനുള്ള അവ
കാശം നിഷേധിക്കുന്ന പിശാചുക്കൾക്ക് ഇത്തരത്തിലുള്ള ശിക്ഷ 
നൽകിയേ തീരൂ.ഗോവിന്ദച്ചാമി ജീവിച്ചിരിക്കുന്നത്
 സ്ത്രീ സമൂഹത്തിനു ഭീഷണിയാണെന്ന് കോടതി തിരിച്ചറിഞ്ഞി
രിക്കുന്നു.അതുകൊണ്ടുതന്നെയാണ് ബഹുമാനപ്പെട്ട കോടതി 
അപൂർവങ്ങളിൽ അപൂർവമെന്ന് കണ്ടെത്തി പ്രതിക്ക് പരമാവധി 
ശിക്ഷ നൽകിയത്.അപൂർവങ്ങളിൽ അത്യപൂർവമെന്ന് വാദിച്ച് 
സ്ഥിരം കുറ്റവാളിയായപ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊ
ടുത്ത പ്രോസിക്യുട്ടർ അഭിനന്ദനം അർഹിക്കുന്നു. ഇവിടെ നീതി
പീഠം നമ്മുടെ അവസാനത്തെ ആശയും ആശ്രയവുമാകുന്നു.
അത് എന്നും അങ്ങനെയാവട്ടെ എന്നു പ്രാർത്ഥിക്കുകയാണ്.

എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന 
ഒരു സാധാരണ പെൺ‌കുട്ടിയായിരുന്നു സൌ‌മ്യ. 2011 ഫെ
ബ്രുവരി 1ന് വൈകുന്നേരം അഞ്ചരയ്ക്ക് ഷൊറണൂർ പാസ്സ
ഞ്ചറിൽ നാട്ടിലേക്കുള്ള യാത്രയിൽ കാലനും അവളുടെ കമ്പാ
ർട്ട്മെന്റിൽ കയറി.ആളൊഴിഞ്ഞ കമ്പാർട്ട്മെന്റിൽ അക്രമി
യോട് മൽ‌പ്പിടിത്തം നടത്തി പരാജയപ്പെടുമ്പോൾ സഹജീ
വികളുടെ സഹായത്തിനുവേണ്ടി അവൾ ഉറക്കെ നിലവിളിച്ചു.
മനസ്സാക്ഷി മരവിച്ചുപോയവർ ആ നിലവിളിക്കുനേരെ കാതു
കൾ കൊട്ടിയടച്ചു.ഗോവിന്ദച്ചാമിയെന്ന നിഷാദൻ വണ്ടിയിൽ 
നിന്നുവലിച്ചു താഴെയിടുന്നത് കണ്ടവർ കണ്ടില്ലെന്ന് നടിച്ചു 
കൂട്ടിക്കൊടുപ്പുകാരായി.തലയടിച്ചുവീണ് മുറിവേറ്റ് തീവ്രവേദ
നയിലും അവൾ അക്രമിയോട് പൊരുതി.മരണവേദനയിൽ 
പിടയുന്ന ശരീരം നരാധമൻ കടിച്ചുകീറി ഭക്ഷിച്ച് കാമത്തിന്റെ 
വിശപ്പടക്കുമ്പോൾ ബോധം മറഞ്ഞുപോയ പാവം പെൺ‌കുട്ടി.
നിന്റെ അമ്മ പറഞ്ഞതാണെനിക്ക് ആവർത്തിക്കാനുള്ളത്.
അപ്പോൾ നീ എന്തുമാത്രം വേദന അനുഭവിച്ചുകാണും.അത് 
വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല.
നിന്റെ അമ്മയ്ക്കൊപ്പം ഞാനും ഇന്ന് ഏറ്റവുമധികം സന്തോ
ഷിക്കുന്നു.ന്യായപീഠം ഗോവിന്ദച്ചാമിയെന്ന വൃത്തികെട്ട ജന്തു
വിന് മരണം വിധിച്ചതിൽ.എങ്കിലും എന്റെ ആശങ്ക ഇപ്പോഴും 
നിലനിൽക്കുന്നു.ഗോവിന്ദച്ചാമിമാർ ഇനിയുമുണ്ടല്ലോ നമ്മുടെ
യിടയിൽ.അറിഞ്ഞുമറിയാതെയും അവരെസഹായിക്കാനുമാ
ളുണ്ടല്ലോ.സമൂഹം മൊത്തം കുറ്റവാളിക്കെതിരെ അണിനിര
ന്നപ്പോഴും ഗോവിന്ദച്ചാമിയെ സഹായിക്കാൻ ഡോക്ടർ 
ഉന്മേഷിനെപ്പോലുള്ളവർ മൊഴികൊടുക്കുന്നത് അപകടക
രമായ അവസ്ഥ നിലനിൽക്കുന്നു എന്നതിനു തെളിവാണ്.

ഇനിയൊരു പെണ്ണിനും സൌ‌മ്യയുടെ ഗതിയുണ്ടാവരുതെന്ന് 
ആഗ്രഹിക്കുമ്പോഴും പീഡനങ്ങളുടെ കഥകൾ പിന്നേയും കേൾ
ക്കുന്നു.ഈ വിധി അത്തരം സംഭവങ്ങളുടെ എണ്ണം കുറക്കുമെ
ന്നെങ്കിലും വിശ്വസിക്കട്ടെ.   

Sunday, November 6, 2011

പ്രിയ കവിയുടെ സന്നിധിയിൽ

                                       അനുഗ്രഹം തേടി മോഹപ്പക്ഷി

Thursday, October 27, 2011

'മൃത്യോര്‍മ അമൃതം ഗമയ’

ഇറോം ശര്‍മിള സമരത്തിലിന്നും.
പത്തുവര്‍ഷത്തിലേറെ പട്ടിണി സമരം.
പല്ലുതേക്കാതെ, 
ചുണ്ടുനനയ്ക്കാതെ,
ഉണ്ണാതെയുറങ്ങാതൊട്ടും.
എരിയുമിം‌ഫാലിന്നഗ്നി
പടർന്നഹവുമെരിഞ്ഞു പോയ്
ജട പിടിച്ച തലയ്ക്കുള്ളിൽ‍.
ദാഹം പൊറുക്കാത്തധികാരത്തിന്‍
രുധിരക്കൊതിയടയിരുന്നൂ
സമവായമില്ലാ മൌനത്തിൽ‍.
മനോരമ’യുടെ നഗ്നമേനിയില്‍
പരിഹാസം കൂര്‍പ്പിച്ചുതിര്‍ത്തൂ
വെടിയുണ്ടക‘ളഫ്സ്പ’.
ഉടയാടയുരിഞ്ഞെറിഞ്ഞ്
കല്‍പ്രതിമകളായവര്‍
ബലമായെടുക്കുമഹന്തയ്ക്ക്
ബലിയായ് നല്‍കീ മാനം.
കണ്ണടക്കാന്‍ മറന്നുപോയ്-
ക്കാലമക്കാഴ്ചയിൽ‍.
അഹംഭാവത്തില്‍
രമിപ്പവരതിരുടുമാശുപത്രി-
ക്കിടക്കയിലാത്മബല-
ത്തിന്നുരുക്കുകവചമണിഞ്ഞവൾ‍.
കിരാത ഭരണകൂടത്തിന്‍
കരളിലൂറും കരാളവിഷനിയമത്തെ;
ഗ്നി വര്‍ഷിക്കുമായുധത്തെ;
ദേഹവും ദേഹിയുമെടുത്ത്;
നേരിടുന്നൂ നിരായുധയായവൾ‍.
കവിതയുപേക്ഷിച്ച്;
തൂലിക വലിച്ചെറിഞ്ഞിവൾ‍.
മണിപ്പൂരിന്‍ മണിമുത്തൊരു
കവിതയായവസാനസമരത്തിൽ‍.
തെരുവില്‍ വെടിയേറ്റു വീണ്
മരണ സമരത്തിലണിചേരും
മൃതദേഹങ്ങളേറുന്നൂ വീണ്ടും.
തമസോ മാ ജ്യോതിര്‍ ഗമയ’
മന്ത്രമാവര്‍ത്തിച്ചവർ‍,
പന്തം കൈകളിലേന്തുമമ്മമാര്‍
കാവലായരുമമകള്‍ക്കരികിൽ‍.
കരാളമൃത്യു ഫണം മടക്കി
പിന്മാറിയുരുവിടുന്നൂ കൂടെ
മൃത്യോര്‍മ അമൃതം ഗമയ’
മണ്ണിലും വിണ്ണിലുമലയടിച്ചെത്തി-
യിന്നെന്‍ കാതിലുമതിന്‍ ധ്വനി.
അതേറ്റുപാടിയൊരു
തിരിനാളം കൊളുത്തട്ടെ ഞാനുമിനി.
          ********
വിജയശ്രീലാളിതയിന്നിവള്‍
ഇറോം ശർമിള ചാനു
മണിപ്പൂരിന്‍ വീരപുത്രി
നിനക്കഭിവാദ്യങ്ങൾ‍.

അഫ്സപ:മണിപ്പൂരില്‍ നടപ്പിലാക്കിയ പ്രത്യേക സൈനികാധികാര നിയമം.

Monday, October 17, 2011

വീണുകിട്ടിയൊരോണം

എടവൻ ‌കോറോത്ത് രാഘവൻ‌ നമ്പ്യാരും തെക്കൻ രാമത്ത് വീ
ട്ടിൽ ലക്ഷ്മിയമ്മയും കൂടി നട്ടുവളർത്തിയ കുടും‌ബവൃക്ഷം മക്കളും 
കൊച്ചുമക്കളുമൊക്കെയായി പടർന്ന് പന്തലിച്ചുകഴിഞ്ഞു. എല്ലാ
വരുംഒന്നിച്ചൊരിടത്തോണമുണ്ണണമെന്നത് ഇളയ മകൻ മധുകു
മാറിന്റെ മോഹമാണ്. കുട്ടികൾക്കിടയിൽ സ്നേഹം വളർത്താൻ 
അതാവശ്യമാണ്.
കുടുംബത്തിലെ പതിനേഴുപേർക്കും സമ്മതം.സമ്മതിച്ചാൽ മാത്രം 
പോരല്ലോ.പതിനേഴുപേരേയും രണ്ടുദിവസം ഊട്ടണ്ടേ? നല്ലൊരോ
ണമായിട്ട് എന്തെങ്കിലും മതിയെന്നു വെക്കാൻ പറ്റില്ലല്ലോ.

ഓണമാഘോഷിക്കാൻ പറ്റിയ സ്ഥലം തറവാട്ടിൽ തന്നെയാണ്.
എഴുപത്തഞ്ചിന്റെ ക്ഷീണമുണ്ടെങ്കിലും തായ്ത്തടി  നല്ലൊരു 
പാചകക്കാരിയാണ്.ഇതുവരെയുള്ള എല്ലാ ഓണവും വിഷുവും 
പിറന്നാളുമൊക്കെ ഊട്ടിത്തളർന്നവൾ.ഇപ്രാവശ്യവുമെല്ലാവരേ
യുമൂട്ടാൻ അമ്മയ്ക്കുമാത്രം ദൈവം തമ്പുരാൻ അനുഗ്രഹിച്ചു 
നൽകിയ അക്ഷയപാത്രം തയ്യാറായി നിന്നു.സ്നേഹനിധിക
ളായ മക്കൾ സമ്മതിച്ചില്ല.
എന്നുവെച്ച് ആ ചുമട് ഏറ്റെടുക്കാനും ആരും തയ്യാറായില്ല.സ്വന്തം 
അണുകുടുംബത്തെ പോറ്റുന്നതിന്റെ പാട് അവർക്കല്ലേ അറിയൂ.
അമ്മയുടെ ഭാഷയിൽഒരു ഗ്ലാസ് വെള്ളമെടുത്ത് മാറ്റിവെക്കാനാ
വാത്ത എനിക്ക് അക്കാര്യമാലോചിക്കേണ്ട ബാധ്യതയുമില്ല.

പല നിർദ്ദേശങ്ങളും പൊന്തി വന്നു. അതൊക്കെ മറ്റുള്ളവരെ അറി
യിക്കുക എന്ന ഉത്തരവാദിത്വം ഞാൻ സസന്തോഷം ഏറ്റെടുത്തു.
എവിടെ വെച്ചായാലും എങ്ങനെയായാലും എനിക്ക് സന്തോഷം 
തന്നെ.ഒറ്റത്തടിയും മുച്ചാൺ വയറുമായി കഴിയുന്നവൾക്ക് വീണി
ടമെല്ലാം വിഷ്ണുലോകം.

എത്ര കാശ് കൊടുത്തിട്ടായാലും ഒരു സഹായിയെ വെച്ച് സദ്യയൊ
രുക്കാമെന്നായി മധു.നല്ലകാര്യമെന്നു മനസ്സിൽ വിചാരിക്കുമ്പോളതാ 
അടുത്ത ബോംബ് പൊട്ടുന്നു.അങ്ങനെയൊരാളിനെ ഞാൻ കണ്ടെ
ത്തണമെന്ന്.കാണം വിറ്റും ഓണമുണ്ണുന്ന മലയാളക്കരയിൽ അന്നൊ
രു സഹായിയെ കിട്ടില്ലെന്നെനിക്കറിയാം.ഇത്തരം പഴം‌ചൊല്ലുകളൊ
ന്നും അവനെ പഠിപ്പിക്കാത്ത മലയാളം മാഷെ പറഞ്ഞാൽ മതിയല്ലോ.
ഇനിയിപ്പോൾ പഠിപ്പിച്ചാലൊന്നും തലയിൽ കയറില്ലെന്നുറച്ച് മൌനം 
വിദ്വാനു ഭൂഷണമായിക്കരുതി മിണ്ടാതിരുന്നു.

ദിനങ്ങളൊന്നൊന്നായി പൊഴിഞ്ഞുവീണുകൊണ്ടിരുന്നു.ഓണമെവിടെ
യെത്തിയെന്നു നോക്കാനേ പോയില്ല.എപ്പൊഴായാലും അതെന്റെയരി
കിലെത്തും.ഉത്രാടത്തലേന്ന് കുഞ്ഞാങ്ങള അറിയിച്ചു.നാളെ വൈകുന്നേ
രം നമ്മൾ ചെറിയൊരു റിസോട്ടിലേക്ക് പോകുന്നു എന്ന്.മറ്റ് രണ്ട് സ
ഹോദ രങ്ങളും കുടുംബസമേതം അവിടെയെത്തും.ടൂറിസവുമായി ബന്ധ
പ്പെട്ട് പ്രവർത്തിക്കുന്നതുകൊണ്ട് മധുവിന് ഇതൊക്കെ സംഘടിപ്പിക്കാൻ 
നിഷ്പ്രയാസം കഴിയും.അപ്പോഴും എവിടെയാണെന്ന് ചോദിച്ചില്ല.

ഉത്രാടത്തിന് അമ്മയൊരുക്കിയ മിനിയോണവുമുണ്ട് ഞങ്ങൾ മെല്ലെ 
നീങ്ങി.നഗരത്തിന്റെ ഉത്രാടപ്പാച്ചിൽ മറികടക്കാൻ മണിക്കൂറുകളെടുത്തു.
ഗ്രാമപാതയിലിറങ്ങിയപ്പോഴാണ് ഇത്തിരി ആശ്വാസമായത്.അതിനിട
യിൽ കുറുമ്പ് കാട്ടിത്തളർന്ന തുമ്പയും തുമ്പിയുമുറങ്ങിപ്പോയി.തളിപ്പറമ്പിൽ 
നിന്നൊരു സംഘം ഞങ്ങൾക്കൊപ്പമെത്തി.മറ്റേ സംഘം പുറപ്പെട്ടുകൊ
ണ്ടിരിക്കുന്നു എന്നറിയിപ്പും കിട്ടി.
ആദിത്യഭഗവാനെ ആദികടലായിവെച്ചു യാത്രയാക്കാമെന്ന പൂതി മനസ്സിൽ 
തന്നെ വെച്ചേക്കാൻ കല്പിച്ചുകൊണ്ടദ്ദേഹമന്ന് നേരത്തേ യാത്രയായതൊ
രിരുട്ടടിയായി.ഇരുട്ടിൽ വഴി തപ്പിയും തടഞ്ഞും ഞങ്ങൾ മുന്നേറി.തൊട്ടുപി
ന്നാലെ സഹോദരിയും ഭർത്താവും മക്കളും.ഇരുട്ടിൽ എങ്ങനെയെന്റെ പൊ
ന്നുമോനിങ്ങെത്തുമെന്നമ്മയ്ക്കാധിയേറി.അവൻ മിക്കവാറും തിരിച്ചുപോയി
ട്ടുണ്ടാകുമെന്ന് ഞാനെരിതീയിലെണ്ണയൊഴിച്ചു.ഇതൊക്കെ കേട്ട് ആരുടെ 
പക്ഷം പിടിക്കണമെന്നറിയാതെ മധു ത്രിശങ്കുവിലിരുന്ന് വണ്ടിയോടിച്ചു.
നാത്തൂൻ നേരത്തേ മാവിലായിക്കാരിയായി മാറിയിരുന്നു.വീട്ടിലടങ്ങിയൊതു
ങ്ങിയിരുന്ന ഓണത്തെ കാട്ടിലെത്തിച്ചതിന്റെ പരിഭവത്തിൽ അച്ഛൻ മുറു
മുറുക്കാനും തുടങ്ങി.


                                              സീ ഷെൽ റിസോട്ട്

റോഡ് തീരുന്നിടത്ത് വണ്ടികൾ നിന്നു.ഹായ് മങ്ങിയ വെളിച്ചത്തിൽ കടൽ.
അടുത്ത പറമ്പിലാണ് നമ്മുടെ താവളം.ഒരൊതുക്കിൽക്കൂടി താഴോട്ടിറങ്ങണം.
പഴയ രണ്ടുമൂന്ന് കൽപ്പടികൾ.മറ്റുള്ളവർ എന്നെ കൈപിടിച്ചിറക്കി.

അമ്മയുടെ തറവാട്ടിലെത്തിയ പോലെ തോന്നി.പഴക്കമേറിയ സാമാന്യം 
വലിയൊരു കെട്ടിടത്തിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയതാണ് ഹാരിസിന്റെ 
സീ ഷെൽ റിസോർട്ട്.പതിച്ചുകിട്ടിയ മുറിയിൽ ഭാണ്ഡങ്ങളിറക്കിവെച്ച് കൈ
കാൽ മുഖങ്ങൾ കഴുകി പുറത്തുവന്നു.പഴയ വീടിന്റെ ഐശ്വര്യമായ നീണ്ട 
വരാന്തയിലെത്രപേർക്കു വേണമെങ്കിലുമിരിക്കാം.ആർത്തുചിരിച്ചുകൊണ്ട് 
കടലമ്മ വിളിക്കുമ്പോൾ അവിടെങ്ങനെ ഇരിപ്പുറക്കും.അവളുടെ സവിധത്തി
ലേക്ക് നടന്നു.ഓലമേഞ്ഞ മുറ്റത്തിരുന്ന് അവളുടെ കലിതുള്ളൽ കൺനിറ
യെ കണ്ടു കൊതിതീരുന്നതിനുമുൻപ് ഹാരിസ് ചായകുടിക്കാൻ വിളിച്ചു.വയ
റിന്റെ കൊതി തീർത്തിട്ടു ഇപ്പോൾ വരാം.

                                           
                                       നോക്കിനിൽക്കാതെ കഴിക്കാൻ നോക്ക്

ഉണ്ണിയപ്പത്തിന്റെയും മുറുക്കിന്റെയും വറുത്തുപ്പേരിയുടെയും സ്ഥാനം കൈ
യേറി നോമ്പുതുറ വിഭവങ്ങൾ അണിനിരന്നു.അപ്പത്തരങ്ങൾ പലതുണ്ട്.
എല്ലാറ്റിന്റെയും പേരറിയില്ല.ഒരേ വേഷത്തിൽ നോണും വെജുമുണ്ട്.ഏതി
ലൊക്കെ ചിക്കൻ കയറിയിട്ടുണ്ടെന്നറിയാതെ അമ്മയും അനിയത്തിയും 
കഷ്ടപ്പെട്ടു.ഹാരിസിന്റെ ബീബിയുടെ കൈപ്പുണ്യത്തിൽ ബാക്കിയെല്ലാ
വർക്കും കുശാൽ.

  
                                             അമ്മയ്ക്കൊരു നാണം

ഹാരിസ് ഞങ്ങൾക്കുവേണ്ടിയൊരുക്കിയ പാട്ടുകച്ചേരി മറക്കാൻ കഴിയില്ല.
പാടാനെത്തിയവരെ സാ..‍ എന്നൊന്ന് മൂളാൻപോലും ആരും സമ്മതിച്ചില്ല.
ഞങ്ങളുടെ കുടുംബത്തിൽ ഇത്രയേറെ പാട്ടുകാരുണ്ടെന്ന് അന്നാണെനിക്ക് 
മനസ്സിലായത്.വൈകിയെത്തിയ കുഞ്ചൂസ് അവതാരകനായി സ്വയമവരോ
ധിച്ചു.അനിയത്തിയുടെ മക്കളും നാത്തൂന്മാരും അവരുടെ പൊടിമക്കളുമൊക്ക
പാടിത്തകർക്കുമ്പോൾ പാട്ടുകച്ചേരി നടത്താനെത്തിയവർ മിഴിച്ചിരുന്നുപോയി.
അമ്മയുമൊരു കൈ നോക്കി.

                                            മധുവും കുഞ്ചൂസും ചേർന്നുപാടുന്നു.

മധുകുമാറും കുഞ്ചൂസും ഒരേ പ്രായക്കാരായി.അവരുടെ യുഗ്മഗാനം കേട്ട് അറ
ബിക്കടലൊരു നിമിഷം നിശ്ശബ്ദമായി.പാട്ടിനൊപ്പം നാലുവയസ്സുകാരി തുമ്പി
ക്കുടത്തിന്റെ ഷീലാ കി ജവാനി ഡാൻസുമായപ്പോൾ അരങ്ങുകൊഴുത്തു.

                                             ആടിക്കളിക്കാമോ തുമ്പീ

പാടിത്തളർന്നവർ പന്തലിലൊത്തുകൂടി.ഹാരിസിന്റെ സഹായി അത്താഴത്തിനു 
മാറ്റുകൂട്ടാൻ മുറ്റത്തുനിന്ന് ഗ്രില്ലിൽ ചിക്കൻ ചുട്ടെടുക്കുന്നുണ്ട്.കൊച്ചുവർത്തമാനം
പാതിവഴിയിലെത്തിയപ്പോൾ അത്താഴവുമെത്തി.ചപ്പാത്തിയും ബിരിയാണിയു
മടക്കം വിഭവങ്ങളേറെയുള്ളതുകൊണ്ട് താല്പര്യമുനുസരിച്ച് ഓരോരുത്തരും തെര
ഞ്ഞെടുത്തകത്താക്കി.സ്പെഷ്യൽ വിഭവമായ പുഡ്ഡിംഗ് കഴിപ്പിക്കാൻ ഹാരിസ്
ഏറെ ശ്രമിച്ചെങ്കിലും ഞാൻ സ്നേഹപൂർവം നിരസിച്ചു.
         
                                                  ഇപ്പൊ താഴെയിടും

അത്താഴത്തിനുശേഷവുമെല്ലാരുമൊത്തുകൂടി.മൂളിക്കേൾക്കാൻ അറബിക്കടലു
മുള്ളപ്പോൾ കുടുംബവിശേഷങ്ങൾ നിർത്താനാർക്കും തോന്നിയില്ല.പാതിരാ 
കഴിഞ്ഞപ്പോളാണെല്ലാവരും ഉറങ്ങാൻ അവരവരുടെ മുറികളിലേക്ക് പോയത്.
അച്ഛനുമമ്മയും ഞാനുമടങ്ങിയ അവശവിഭാഗം ഉണരാനല്പം വൈകി.മധു 
ചായയും കൊണ്ടുവന്ന് വിളിച്ചപ്പോഴാണ് ഞങ്ങൾ കണ്ണുതുറന്നത്.വാവച്ചിയും 
തുമ്പിയും മീനാക്ഷിയും കുഞ്ചൂസും പൊന്നുവും മുറ്റത്തും വരാന്തയിലുമൊക്കെ 
ഓടിക്കളിക്കുന്നുണ്ട്.ബർമുഡയൊക്കെയിട്ട് അവരേക്കാൾ ചെറുപ്പമായി അജി
മോനും മധുകുമാറും ബീച്ചിൽ കളിക്കാൻ പോകാൻ റെഡിയായി നിൽക്കുക
യാണ്.വൈകുന്നേരം ബീച്ചിലിറങ്ങാൻ പറ്റാത്തതിന്റെ നഷ്ടം നികത്തണ്ടേ?
അനിയത്തി പങ്കജവല്ലിയുടെ നേതൃത്വത്തിൽ പെൺ‌പടയും ഒരുങ്ങിയിറങ്ങി.
                                                      
                                                ഒരു സ്നാപ്പെടുത്തോട്ടെ

 ഞങ്ങളായിട്ടെന്തിനാ മസിലു പിടിക്കുന്നതെന്ന് മൂത്താങ്ങള ഉണ്ണിക്കും അളിയൻ
നാരായണൻ‌മാഷിനും തോന്നി.കല്യാണം കഴിച്ചതുകൊണ്ട് അവരുടെ ഗ്രൂപ്പിൽ 
പെട്ടുപോയ മനുമോനും അച്ഛന്റെയും അമ്മാവന്റെയും കൂടെയിറങ്ങി.മുറ്റത്തെ പ
ടികളിറങ്ങി അണ്ടർ ഗ്രൌണ്ടിലേക്ക് എല്ലാവരും അപ്രത്യക്ഷരായി.പേരിട്ടുവിളി
ക്കാനാവാത്ത ചെറിയൊരു വിഷമത്തോടെ ഞാനതുനോക്കിനിന്നു.


                                      നനഞ്ഞിറങ്ങി.ഇനി കളിച്ചുകയറാം

ഒരു പത്തുമിനുട്ട് കഴിഞ്ഞില്ല മൊബൈൽ ശബ്ദം എന്നെയുണർത്തി.ഓണാ
ശംസകളറിയിക്കാൻ ആരെങ്കിലും വിളിക്കുന്നതായിരിക്കും.ഫോണിൽ മധു
വിന്റെ വേവലാതി പൂണ്ട ശബ്ദം.‘ഷീജയെ ഇവിടെ കാണുന്നില്ല.അവിടെ
യുണ്ടോന്ന് നോക്കൂ.’ഞങ്ങൾ മഞ്‌ജു എന്ന് വിളിക്കുന്ന ഷീജ അവന്റെ ഭാര്യ
യാണ്.എന്റെ ഉള്ളിലൊരാന്തൽ.ദൈവമേ കടലിലെ കളിയാണ്.കുട്ടികൾ
ക്കൊപ്പം എല്ലാ കളികൾക്കും മുന്നിൽ നിൽക്കുന്നവളാണ്.ഏതാനും നിമിഷ
ങ്ങൾ കൊണ്ട് ഞാൻ ആ റിസോർട്ട് ഇളക്കിമറിച്ചു.അമ്മയെ വിളിച്ചു.അമ്മ
യെക്കൊണ്ട് മുറികൾതോറും മുട്ടിവിളിപ്പിച്ചു.ഹാരിസും കൂട്ടരും ഓടിവന്നു.അവ
രും മഞ്‌ജുവന്വേഷണത്തിൽ പങ്കാളികളായി.അവസാനം ബാത്‌റൂമിൽ 
നിന്നിറങ്ങുന്ന കക്ഷിയെ പിടികൂടി.അന്ന് റിസോർട്ടിൽ ഞങ്ങൾ മാത്രമാ
യത് എന്റെ ഭാഗ്യം.
                                  എന്താ മാഷെ കടലമ്മയെ പഠിപ്പിക്കാൻ വളർന്നോ?

മഞ്‌ജു ഇറങ്ങിയപ്പോൾ അമ്മയും കൂടെപ്പോകാനൊരുങ്ങി.അപ്പോൾ ഹാരിസി
നൊരു സംശയം.തുരങ്കത്തിലെ വലിയ പടികളിറങ്ങാൻ അമ്മയ്ക്ക് പറ്റുമോന്ന്.
പാടത്തും പറമ്പത്തും എല്ലുമുറിയെ പണിയെടുത്തിരുന്ന,കാട്ടിലും മേട്ടിലും കയറി
യിറങ്ങിയിരുന്ന ഞങ്ങളുടെ അമ്മയെക്കുറിച്ച് ഹാരിസിനെന്തറിയാം!
                                            
                                             നിന്നോട് ഞാൻ കൂട്ടില്ല.
 അമ്മയുംകൂടി പോയതോടെ ഇതിലൊന്നും താല്പര്യമില്ലാത്ത അച്ഛൻ മാത്രമായി 
എനിക്ക് കൂട്ട്.ഞാൻ പതുക്കെ വരാന്തയിലിറങ്ങി.വരാന്തയുടെ അറ്റത്തിരുന്നാൽ 
കടൽത്തീരത്ത് കളിക്കുന്നവരെ കാണാം.എന്നെക്കൂട്ടാതെ കടലമ്മ മറ്റുള്ളവരുടെ 
കൂടെ കളിക്കുകയാണ്.കൂട്ടുകാരുടെ ചുമലിൽ പിടിച്ചുകൊണ്ട് കുറെക്കാലം മുമ്പ് 
ഞാനും നിന്റെ കൂടെ കളിച്ചിരുന്നു.നിന്റെ തിരമാലകളിൽ ഊർന്നുപോകുന്ന മണൽ
ത്തരികളുടെ കിരുകിരുപ്പ് ഉള്ളം‌കാലിൽ ഇപ്പോഴുമുള്ളതുപോലെ തോന്നിപ്പോകുന്നു.
ഇനിയേതു ജന്മത്തിലാണ് നിനക്കെന്നെയൊന്ന് നനയിക്കാൻ കഴിയുക?കാൽ 
നനയിക്കാനാവില്ലെങ്കിലുമെന്റെ കണ്ണ് നനയിക്കുന്നുണ്ടല്ലോ.


                                 അച്ഛൻ കുറെയോണമധികമുണ്ടിട്ടുണ്ട് കഞ്ചൂ 


മസിലുപിടുത്തക്കാരെല്ലാം ഓടിക്കളിക്കുന്നത് കണ്ട് എന്റെ കണ്ണുതള്ളിപ്പോയി.
കുഞ്ഞുപിള്ളേർക്കൊന്നും ഒട്ടും പേടിയില്ല.ഇറങ്ങാൻ മടിച്ചവരെ കരയിലേക്കു 
കയറിവന്ന് കടലമ്മ തന്നെ പിടിച്ചുകൊണ്ടുപോയി.ആകെ നനഞ്ഞൊട്ടിയ 
കക്ഷികൾ പന്തുകളിക്കുന്നത് കാണാൻനല്ല രസമുണ്ട്.കുഞ്ചൂസിനോ,ആപ്പനോ 
കൂടുതൽ ആവേശം എന്നതിലേ സംശയമുള്ളൂ.കബഡിയിൽ പകരം വീട്ടി.
എല്ലാരും കൂടി പാവം മധുവിനെ പിടിച്ചുകളഞ്ഞു.
                                              
                                     ആരുണ്ടെന്നെ ജയിക്കാൻ

കടലിൽ കളിച്ചും കുളിച്ചും തളർന്നവരുടെ ആക്രാന്തം മുഴുവൻ ഭക്ഷണമേശ
യിൽ പ്രകടമായി.ഇത്ര രുചിയുള്ള പുട്ടും കടലയും ഇതുവരെ കഴിച്ചിട്ടില്ലെന്ന് 
എല്ലാവരും ഒറ്റ സ്വരത്തിൽ പ്രഖ്യാപിച്ചു.പങ്കജവല്ലി രുചിയുടെ രഹസ്യംതേടി 
പിന്നാമ്പുറത്തേക്ക് പോകുന്നത് കണ്ടു.അത് കിട്ടിയിട്ടുവേണം കെട്ട്യോനേയും 
മക്കളേയും കൈയിലെടുക്കാൻ.ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഞെട്ടിപ്പിക്കുന്ന 
ആ രഹസ്യവുമായി അവളെത്തി.ഹാരിസിന്റെ ഭാര്യ സ്വന്തം കൈകൾ കൊണ്ട് 
ഉരലിലിടിച്ച അരിപ്പൊടികൊണ്ടാണ് പുട്ടുണ്ടാക്കിയത്.
 

എങ്ങനെയുണ്ട് പൂക്കളം?

പൂക്കളമില്ലാതെന്തോണം.അജിമോനും പൊന്നുമോളും മീനാക്ഷിമോളും വാവ
ച്ചിയും തുമ്പിമോളും കുഞ്ചൂസും പൂവിടുന്നത് മനുവും മധുവും ഉണ്ണിയും മത്സരിച്ച് 
ക്യാമറയിൽ പകർത്തി.ബാക്കിയുള്ളവർ കാഴ്ച്ചക്കാരായി.എല്ലാവരും നിന്നു
മിരുന്നും കിടന്നും ഫോട്ടോയ്ക്ക് പോസ് ചെയ്തു.
                                       
                                        ഞങ്ങളും മുമ്പിതുപോലെയായിരുന്നു.

ഹാരിസിനും ഹരം പിടിച്ചു.അയാളും സ്വന്തം മൊബൈൽ ക്യാമറയിൽ ഞങ്ങളു
ടെ കുരുന്നുകളെ ഒപ്പിയെടുത്തു.പിന്നീട് എല്ലാവരുമണിനിരന്നുള്ള ചിത്രങ്ങളെടു
ക്കാൻ മറ്റ് ക്യാമറാമാന്മാരുടെ അസിസ്റ്റന്റായി. അയാളുടെ പ്രകടനം കണ്ടപ്പോൾ 
വല്ല സിനിമക്കാരും കൊത്തിക്കൊണ്ടുപോയേക്കാമെന്നുവരെ തോന്നി.
                                
                                                 എല്ലാവരുമൊന്നിച്ച്

പടമെടുത്ത് ക്ഷീണിച്ചപ്പോൾ കുറുമ്പന്മാരെല്ലാംചേർന്ന് കളിക്കാൻ തുടങ്ങി.നാലി
നും നാല്പതിനുമിടയിലുള്ളവരൊന്നിച്ച് സാറ്റ് വെച്ച് കളിച്ചു.കള്ളനും പോലീസും 
കളിച്ചു.

                                               ആനയാവണോ?

ഓണസദ്യയൊരുക്കേണ്ടിയിരുന്ന കുടുംബിനികൾ ആശ്വാസം‌കൊള്ളുമ്പോൾ 
അമ്മ പണിയെടുക്കാനില്ലാഞ്ഞിട്ട് ഞെളിപിരിക്കൊണ്ടു.ജീവിതത്തിലാദ്യമാ
യാണ് ഓണനാളിൽ വിശ്രമിക്കുന്നത്.സാധാരണദിവസങ്ങളിൽ ആരെയെ
ങ്കിലും ചില്ലറ സഹായത്തിനുകിട്ടും.വിശേഷദിവസങ്ങളിൽ എല്ലാം ഒറ്റക്ക് 
ചെയ്യണം.അതിലമ്മയ്ക്ക് ഒട്ടും പരിഭവമില്ലതാനും.


                                             വിഭവങ്ങൾ നോക്കട്ടെ
                                                    
 ഓണസദ്യയെത്തിക്കഴിഞ്ഞു. തൂശനിലവെച്ച് തുമ്പപ്പൂ ചോറ് വിളമ്പി. പപ്പടമുണ്ട് ഉപ്പേരിയെവിടെ?ശർക്കരയുപ്പേരിയില്ലെങ്കിൽ വറുത്തുപ്പേരിയെങ്കിലും വേണ്ടത
ല്ലേ?ഓലൻ,കാളൻ,പച്ചടി,നാരങ്ങാക്കറി തുടങ്ങിയവയുടെ പേരുപോലും പാവം ഹാരിസിനറിയില്ല.പിന്നെങ്ങനെയുണ്ടാക്കും.

                                              
                                        ചെമ്മീനും പപ്പടവും പോരേ?

അശ്വാസമായി അവിയലെത്തി.പക്ഷേ വെന്തിട്ടില്ല.കൂട്ടുകറി എന്നുവേണമെങ്കിൽ 
വിളിക്കാവുന്ന സംഭവവും വെന്തിട്ടില്ല. ഗ്യാസിനൊക്കെ എന്താ വില! സാമ്പാറൊപ്പി
ക്കാം.ഊണിനുശേഷം പായസത്തിനു കൈനീട്ടിയപ്പോൾ ഹാരിസ് കൈമലർത്തി.
പാചകവിദഗ്ദ്ധരായിരിക്കും ഇപ്രാവശ്യത്തെ അതിഥികളെന്ന് അയാൾക്കറിയില്ലല്ലോ.
ഉണ്ടെഴുന്നേൽക്കുന്നതിനുമുമ്പുതന്നെ ഞങ്ങളയാൾക്കൊരു പാചകക്ലാസ് നൽകി.
ഭാവിയിൽ ഇങ്ങനെയൊരബദ്ധം സംഭവിക്കരുതല്ലോ.


                                              മൂലസ്ഥാനികർ

ഊണുകഴിഞ്ഞതും എല്ലാവരും മടക്കത്തിനു തയ്യാറായി.വീട്ടിലും ഭാര്യവീട്ടിലുമൊക്കെ
യായി അഘോഷിക്കാൻ ഓണത്തിന്റെ കുറച്ചുഭാഗംകൂടി ബാക്കിയുണ്ട്.ഇനിയെല്ലാ
വരും നാലുവഴിക്ക്.
തറവാട്ടിലൊത്തുചേർന്നിരുന്ന ഓണവും വിഷുവുമൊക്കെ അണുകുടുംബത്തിലൊറ്റ
പ്പെട്ടുപോയി.ആരവങ്ങളില്ലാതെ,ആഘോഷിക്കാനാളില്ലാതെ.അനിവാര്യമായ മാറ്റ
ത്തിലൊലിച്ചുപോകാതെ ഇവയൊക്കെ സംരക്ഷിക്കണം.പുതിയ കൂട്ടായ്മകളിൽ 
ഓണം ആഘോഷിക്കുന്നുണ്ടെങ്കിലും പഴയ ഗൃഹാതുരസ്മരണകളെ അത്രയെളു
പ്പത്തിൽ മറക്കാൻ കഴിയില്ല.എവിടെയായാലും പിരിഞ്ഞുപോയ കുടുംബാംഗങ്ങ
ളൊത്തുചേരുന്നതിന്റെ മാധുര്യം പറഞ്ഞറിയിക്കാനാവാത്തതാണ്.
                                                        
                                                 അങ്ങനെയല്ലേച്ചീ

ഒരു കൂരയ്ക്കുകീഴിൽ ഇത്തിരി സമയമെങ്കിലും പ്രായമായവരോടൊപ്പം ആഘോഷി
ക്കുമ്പോൾ തലമുറകളുടെ വിടവില്ലാതാകുന്നു.പുതിയ തലമുറയിൽ സ്നേഹം അപ്ര
ത്യക്ഷമാവാതിരിക്കണമെങ്കിൽ അഛനുമമ്മയും മാത്രം പോര.മുത്തച്ഛനും മുത്തശ്ശിയും 
മറ്റു ബന്ധുക്കളുമൊക്കെ സ്വന്തക്കാരായുണ്ടാവണം.അതിനുവേണ്ടിയല്ലേ നമ്മൾ ഓണ
വും വിഷുവും പെരുന്നാളുമൊക്കെ ആഘോഷിക്കുന്നത്.


                                       എന്റെ പൊന്നുമോളൊറ്റക്കായിപ്പോയോ?
         

Monday, October 10, 2011

മനസ്സിലൊളിപ്പിച്ചൊരു മയിൽപ്പീലിത്തുണ്ട്

              ഒ.എൻ.വി.യിൽനിന്നും സമ്മാനം സ്വീകരിക്കുന്ന വിദ്യാർഥി 

പ്രതീക്ഷിക്കാത്തൊരു പുണ്യമായി ഒക്ടോബറിലെ ആദ്യഞായറാഴ്ചയണ
ഞ്ഞു.മലയാളത്തിന്റെ സൂര്യതേജസ്സിനെ നമസ്കരിക്കാൻ ഭാഗ്യമുണ്ടായ 
ദിവസം. പൊൻ‌തൂവലേന്തിയ കൈ നെറുകയിലനുഗ്രഹവർഷം ചൊരി
ഞ്ഞപ്പോൾ അന്നവിടെകൂടിയവരിലേറ്റവും  ഭാഗ്യവതി ഞാനാണെന്നു
തോന്നി
.ഒ.എൻ.വിയുടെ മാന്ത്രികസ്പർശത്താൽ മയിൽപ്പീലി പുരസ്കാരത്തിനും 
ഭാഗ്യം തികഞ്ഞു.മലബാറിനുള്ളിലേക്ക് മഹാകവിയെ ആനയിക്കാനായ
തിൽ സംഘാടകർക്കഭിമാനിക്കാം.
വർഷങ്ങൾക്കുമുമ്പ് ആവണിപ്പാടത്തിറങ്ങി കൊയ്ത്തുകാരുടെ പായ്യാരം
കേട്ടു. പേരറിയാതൊരു പെൺ‌കുട്ടിയെത്തേടി ഗോതമ്പുപാടത്തലഞ്ഞു.
അപ്പോഴെല്ലാം എന്റെ പ്രിയപ്പെട്ട കവിയെ മനസ്സുകൊണ്ട് തൊട്ടു. അദ്ദേഹ
ത്തിനു ഞാൻ പേരറിയാതൊരു പെൺ‌കിടാവുമാത്രം.എന്നെങ്കിലും എന്റെ
പേര് പറഞ്ഞുകൊടുക്കാനാവുമെന്ന് ഞാൻ കരുതിയിരുന്നില്ല.
 2011 ലെ മയിപ്പീലി പുരസ്കാര വിതരണ പരിപാടിയിൽ പങ്കെടുക്കാൻ 
സംഘാടകരയച്ച കാർഡിൽ പുഞ്ചിരിതൂകുന്ന സൌമ്യമുഖമെന്നോടു ചോദിച്ചു.
‘നീ വരില്ലേ?’
 ഞാൻ വരും.ഭൂമിയുടേയും പെണ്ണിന്റേയും കണ്ണീരുകാണുന്ന  കവിയെ 
നേരിൽ കാണണം.സ്ത്രീയെ പെങ്ങളുമമ്മയും പത്നിയും മകളുമായി 
അംഗീകരിക്കുന്ന കവിയുടെ പെങ്ങളോ മകളോ ആവണമെനിക്ക്.

എന്റെ മനസ്സെത്തുന്നിടത്ത് ശരീരത്തെ കൊണ്ടുപോകാനാവില്ല.അതി
നാരെങ്കിലും കനിയുക തന്നെ വേണം.കനിവുള്ളവർ എനിക്കു ചുറ്റുമുണ്ടെ
ങ്കിലും സാധുകല്യാണമണ്ഡപത്തിൽ സമയത്തിനെത്താൻ സാധിച്ചില്ല.
പ്രിയകവിയെ കണ്ണൂരെങ്ങനെയാണ് സ്വീകരിച്ചതെന്നു കാണാനും 
കഴിഞ്ഞില്ല.ഞാനെത്തുമ്പോൾ അദ്ദേഹം തിങ്ങിനിറഞ്ഞ സദസ്സി
നോട് മറുപടി പറയുകയായിരുന്നു.

സ്നേഹം തുളുമ്പുന്ന വാക്കുകൾ മയിൽപ്പീലിത്തുണ്ടുകളായി പെറ്റു
പെരുകുന്നു.പറ്റുന്നത്ര ഞാൻ പെറുക്കിയെടുത്തു.പ്രസംഗം അവസാ
നിപ്പിച്ചിരുന്നപ്പോൾ  ഹൃദയത്തിനു ഭാരമേറി.അസ്ഥാനത്തായി
പ്പോയോ എന്റെ മോഹം.കണ്ടൊരുവാക്കു മിണ്ടണമെന്നുണ്ട്.
ഇരിക്കുന്നിടത്തുപോയി കാണാനെനിക്കാവില്ല.അങ്ങനെ പിന്തി
രിഞ്ഞാൽ ഒരുവട്ടം കൂടിയവസരമുണ്ടായെന്നും വരില്ല.അപ്പോൾ 
ഏതുവഴിക്കെങ്കിലും ശ്രമിക്കണമെന്നെന്റെ ബുദ്ധിയുപദേശിച്ചു.

കുഞ്ഞിരാമേട്ടനോട് എന്റെ സങ്കടം പറഞ്ഞു.അദ്ദേഹം ആരോ
ടൊക്കെയോ പറഞ്ഞു.ഒരാൾ കവിയെ അറിയിച്ചു.ഇറങ്ങുമ്പോൾ 
വരാമെന്നദ്ദേഹം ആർദ്രതയോടെ സമ്മതിച്ചു.

സ്റ്റേജിൽ നിന്നുമിറങ്ങുമ്പോഴേക്കും ആൾക്കൂട്ടം പൊതിഞ്ഞു.
എല്ലാവരും അദ്ദേഹത്തിന്റെ കൈയൊപ്പിനുവേണ്ടി മത്സ
രിക്കുകയാണ്.എന്റെ മനസ്സിടിഞ്ഞു.ആ തിരിക്കിനിടയിലേക്ക് 
കയറാനാവില്ല.അമ്മയുടെ കൈ പിടിച്ച്പതുക്കെ എഴുന്നേൽക്കാ
നൊരു ശ്രമം നടത്തി.രണ്ടുമൂന്നടി മുന്നോട്ടുവെച്ചു.തള്ളലിൽ 
വീഴുമെന്നുതോന്നിയപ്പോൾ പിന്നോട്ടുമാറി.

 ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി അദ്ദേഹം കസേരയിലിരുന്നു.ആരോഗ്യമുള്ള
വർ എന്നിട്ടുമെന്നെ പിൻ‌നിരയിലാക്കി.രക്ഷയില്ലെന്നു പിറുപിറുത്തപ്പോൾ 
ഒരാൾക്ക് ദയതോന്നി വഴിയൊരുക്കിത്തന്നു.കവിക്ക് സമർപ്പിക്കാൻ കൈ
യിൽ സൂക്ഷിച്ചിരുന്ന എന്റെ കവിത താഴെവീണു.ആരോ എടുത്തുതന്നു.
ഭാഗ്യം.അദ്ദേഹത്തിനെന്റെ പ്രയാസം മനസ്സിലായി.
 നടക്കാൻ പ്രയാസമുണ്ടെങ്കിലും കവിതയിൽ പിച്ചവെക്കാൻ ശ്രമിക്കുന്നു
വെന്ന് പറഞ്ഞുകൊണ്ട് കവിത അദ്ദേഹത്തിനു നൽകി.ആ കുട്ടിക്ക് ഇരി
ക്കാൻ സ്ഥലം കൊടുക്കൂ എന്നദ്ദേഹം കല്പിച്ചപ്പോൾ അടുത്തിരുന്ന ആൾ 
എഴുന്നേറ്റുമാറി.
 അദ്ദേഹമെന്നെ അടുത്തിരുത്തി.സ്നേഹത്തോടെ അണച്ചുപിടിച്ചു.എന്റെ 
തലയിൽ കൈവെച്ചനുഗ്രഹിച്ചു.കുശലംചോദിച്ചു.മതി.എനിക്കു  തൃപ്തിയായി.
എന്റെകാവ്യജീവിതത്തിടനീളം അങ്ങയുടെ അനുഗ്രഹം ഉപ്പായലിഞ്ഞു 
രുചി ചേർക്കുമെന്ന വിശ്വാസത്തോടെ ഞാൻ മുന്നോട്ടുപോകാൻ 
ശ്രമിക്കും.