Tuesday, June 25, 2013

മരണമില്ലാത്തവർ

മാറിലൊളിപ്പിച്ച പൊന്നോമനകളെ
വെടിയുണ്ടയടർത്തിയെറിയുമ്പോൾ
മനമിടറാതെ, മിഴിനനയാതെ
അധികാരമുഷ്കിൻ നേർക്ക്
കാർക്കിച്ചു തുപ്പിയ വീരപ്രസുവേ,
കാവുമ്പായീ, നിനക്ക് സുസ്വാഗതം.
അടിമച്ചങ്ങലയറുത്തെറിയാൻ
ദേഹവും ദേഹിയുമർപ്പിച്ച്
വീരചരമമടഞ്ഞവർ
തളയനുമോപിയും കുമാരനും
പുളുക്കൂൽ കുഞ്ഞിരാമനും
മഞ്ഞേരി ഗോവിന്ദനും
ആലോറമ്പൻ കൃഷ്ണനും
തെങ്ങിലപ്പനമ്പ്യാരും.
ഡിസംബറും ഫെബ്രുവരിയും
ചോരകുടിച്ചു മദിച്ച്
പിശാചനൃത്തമാടുമ്പോൾ
നരബലിയിൽ മദിക്കും
കാപാലികരടുക്കുമ്പോൾ
കയ്യൂരും കരിവെള്ളൂരും
തില്ലങ്കേരിയുമങ്ങനെ
നീണ്ടുപോയ് പേരുകളിവിടെ.
ധീരരക്തസാക്ഷികളിവരുടെ
മഹത്പ്രാണത്യാഗത്തിൻ
സ്മരണയിൽ തിളയ്ക്കും ഹൃദയത്തിൽ
നിന്നുയരും സ്വാഗതവചനങ്ങളാൽ
രക്തപുഷ്പങ്ങളർപ്പിക്കുന്നു ഞങ്ങൾ.
ജന്മിത്തത്തിൻ കാവൽക്കാർ
തുളവീഴ്ത്തിയ ദേഹത്തിൽ
വെടിയുണ്ടകൾ മൂലധനമാക്കി
ജീവിച്ചു മൺമറഞ്ഞുപോയവർ.
ഒരിക്കലും മരിക്കാത്ത നിങ്ങളമരന്മാർ.
പോരാട്ടത്തിലും തടവറയിലും
മരണത്തെ മുഖാമുഖം കണ്ടവർ
മരിച്ചു ജീവിച്ച രക്തസാക്ഷികളിവർ.
ആവേശത്തോടെയഭിമാനത്തോടെ
സ്വാഗതംചെയ്യട്ടെയീ നാടിൻ വീരപുത്രരെ.
ജഡമായ്ത്തള്ളിയ ജന്മിത്തത്തിൻ
തടവറയിലുയിർക്കൊണ്ടവർ.
വെടിയുണ്ട പിളർത്തിയ മാറിലൊഴുകിയ
ചെഞ്ചോരയിൽ തിരുത്തിയെഴുതി ചരിത്രം.
അവർക്കു നൽകാം വാഗ്ദാനം
സമരാഗ്നിയിലെരിഞ്ഞതിൻ
ചാരത്തിലുയിർത്തവർ ഞങ്ങൾ
അടിയറവെക്കില്ല ഞങ്ങളീ സ്വാതന്ത്ര്യം
അടിമകളാകില്ല ഞങ്ങളൊരിക്കലും
കൈകൾ കോർത്തൊന്നായ്
പോരാടാം നമുക്കിനി.


Friday, June 14, 2013

കൂറ കപ്പലീ പോയപോലെ


കൂറ കപ്പലീ പോയപോലെ ഞാനുമൊന്ന് തിര്വനന്തോരത്ത് പോയി. തീവണ്ടീ
കേറി പത്തുപന്ത്രണ്ടു മണിക്കൂര്‍ യാത്രചെയ്ത് തലസ്ഥാനത്തെത്തുകാന്നുവെച്ചാല്‍
എനക്ക് വല്യ പാടന്ന്യാണേ. അവിടുത്തെ കേമായ കായ്ചകളൊക്കെ കാണണംന്ന്
പെരുത്ത് പൂതീണ്ടായിറ്റും ഇതുവരെ ഒരുമ്പെട്ടിറങ്ങാഞ്ഞത് അതോണ്ടന്ന്യാ.അപ്പൊ
ഇപ്പം എന്തിനാ പോന്നേന്ന് ചോയ്ച്ചാല്‍ അതിത്തിരി സീക്രട്ടാ. അതാടക്കെടക്കട്ട്.
കണ്ട കായ്ചകള് ബിസ്തരിക്കാം.
ഈട്ന്ന് ബീട്ട്ന്നെറങ്ങുമ്പം പൊന്നാങ്ങളമാരും അന്യത്തീം കൂടി ഞാള് നാലാള്.
അതെന്തിനാ നാലാള്ന്നോ? അകമ്പടി സേവിക്കാനന്നെ. ഈട്ത്തെ രാശാത്തി
ഞാനല്ലെ. മൂന്നാളും കൂടി എന്നെ പൊക്കി കാറിലിട്ടിറ്റ് ബെച്ചടിച്ചു തീവണ്ടിയാ
പ്പീസിലേക്ക്.ആട്യെത്ത്യപ്പൊ കേട്ടു വണ്ടി പൊറപ്പെടാനിനി ഏറെ നേരൂണ്ട്ന്ന്.
അപ്പൊ മൂത്തോന ബീട്ടിലേക്ക് പായിച്ചു.
ഓന്റെ ബീട്ടില് കെട്ട്യോളും കുട്ട്യോളും ഒറ്റക്കാപ്പാ. ചെറിയോന്‍ പറഞ്ഞ്
"ങ്ങള് പൊക്കോളീ. ഇച്ചൊമട് ചൊമക്കാന്‍ പോര്‍ട്ടര്‍മാര് ഇപ്പെത്തൂന്ന്.” പറഞ്ഞ്
ബായ് പൂട്ടുന്നേന് മുമ്പ് ചക്രവണ്ടീം കൊണ്ട് ഓറിങ്ങെത്തി.കാറിന്നെന്നെ പൊരി
ച്ചെട്ത്ത് അയില് ബെച്ച്റ്റ് ഓടടാ ഓട്ടം തൊടങ്ങി. ബയ്യന്നെ അനിയത്തീം കുഞ്ഞാ
ങ്ങളീം പായാന്‍ തൊടങ്ങ്യത് കണ്ട്ന്. പിന്ന്യവരെ പൊടിപോലുമില്ല. പാവങ്ങള്
പേടിച്ചുപോയിറ്റ്ണ്ടാവും. ബീട്ടിലെത്തുമ്പം കൊണ്ടോയ മൊതലോട്ത്തൂന്ന് അമ്മ
ചോയ്ക്കൂലേ. ഞാന്‍ നല്ല ധൈര്യായിറ്റ് ഞെളിഞ്ഞിരുന്നു. ആരാന്റെ കാലില്
ഓട്യാലും ഞാനല്ലേ മുമ്പിലെത്ത്വ. മൂന്നാമത്തെ പ്ലാറ്റുപോറത്തിലെത്തി ചൊമട്ടുകാ
രന്‍ ശ്വാസമെട്ത്ത് നീട്ടി വിട്ടപ്ലക്കും ആങ്ങളേം പെങ്ങളും കെതച്ച് കെതച്ചെത്തി.
എന്റമ്മോ!എനിയല്ലേ ചൊറ. എല്ലാരും കൂടി എന്ന കസേരേന്ന് പൊരിച്ചെട്ക്കാന്‍
നോക്കി. പറ്റ്ന്നില്ല. കണ്ടാളെല്ലം കൂടീറ്റും പൊന്ത്ന്നില്ല. ഒടുക്കം ബണ്ടീന്ന് അരേം
തലേം മുറുക്കി ആള്ക്കാര് ബന്നു. അവരാഞ്ഞ് വലിച്ചപ്പൊ അനങ്ങാന്‍ തൊടങ്ങി.
പൊന്തിച്ച് സീറ്റില്‍കൊണ്ടിട്ടപ്പൊ എല്ലാര്‍ക്കും സമാധാനായി. എനക്ക് നട്ക്കത്തെ
ബര്‍ത്താ കിട്ട്യത്. എന്ന്യെന്തായാലും അയില് കേറ്റാനാവൂലാന്ന് ഒറപ്പുള്ളതുകൊണ്ട്
പൊന്നാങ്ങള ആര്യെല്ലോ കാല് പിടിച്ചിറ്റ് എന്ന തായലാക്കി. അവര് മേലീം കേറി.
എനി പരമസുകം. ഝുക് ഝുക് ഒച്ചേല് പാട്ടുംപാടി ബണ്ട്യെന്നെ ആട്ടിയൊറക്കി.
തിര്വനന്തോരത്തെത്ത്ന്നേന് മുമ്പ് കണ്ണ് തൊറന്നു.എന്നിറ്റ് അന്യത്തീനേം ആങ്ങ
ളേനീം പേരെട്ത്ത് ബിളിക്കാന്‍ തൊടങ്ങി. നമ്മക്കും ഒരുത്തരവാദിത്തമില്ലേ.
അന്യത്തി ചാട്യെണീറ്റു.ആങ്ങള അനങ്ങീല.കണ്ണ് തൊറന്നൊന്ന് നോക്കി.
അങ്ങനെ നോക്ക്യാലൊന്നും ഞാന്‍ പേടിക്കൂലാന്നറിഞ്ഞപ്പൊ പിന്നീം കണ്ണ് ചിമ്മി.
മിണ്ടീം മൂളീം ബണ്ടി പിന്നീം ഓടി. കൊറച്ച് കയിഞ്ഞപ്പൊ അതങ്ങ് നിന്നു. ഞാന
നങ്ങാന്‍ പോയില്ല. ആര്ക്കെങ്കിലും ബേണ്ടിക്കില് എറക്കട്ട്ന്ന് ബിചാരിച്ച് ഒറച്ചിരുന്നു.
ആര്യെല്ലോ കൂട്ടി ആങ്ങള എന്ന്യെട്ത്ത് പൊറത്ത് വെച്ചു. ചൊമട്ടുകാര് ഓട്യെത്തി.
ചക്രവണ്ടീ കേറ്റിരുത്തി. ശരംബിട്ടപോലെ പൊറത്തെത്തി. നേരെ കാറിന്റടുത്തേക്ക്.
കൊറച്ചപ്പറം പാവമൊരോട്ടോ. അയില് പോയാപ്പോരേന്ന് ചോയ്ച്ചപ്പൊ ചക്രവണ്ടി
ക്കാരന്‍ എന്ന ബേഗമെണീപ്പിച്ച് കാറിക്കേറ്റീറ്റ് പറഞ്ഞു. "മിനിമം കൊടുത്താ മതി.”
കാറിക്കേറി ഒന്ന് തിരിഞ്ഞപ്ലക്കും ഓട്ടലിന്റെ മുമ്പിലെത്തി. കാറിന്റെ മിനിമം ബാടക
150ഉറുപ്പ്യാന്ന് കേട്ടപ്പൊ ഞാനുമന്യത്തീം ഞെട്ടി. ഇരുപതുറുപ്പ്യേന്റെ ഓട്ടത്തിന്
നൂറ്റ്യയ്മ്പത് ഉറുപ്പ്യ! സാരൂല്ല. പാവല്ലേന്ന് ആങ്ങളയും.
ഓട്ടലിലെത്ത്യപ്പം രണ്ടുമൂന്ന് പടികേറ്യാ മത്യപ്പാ.എന്നിറ്റും കേറ്റ്മ്പം അന്യത്തി കുറ്റം
പറഞ്ഞു.ആങ്ങള കുറ്റം പറഞ്ഞു.തടികൊറക്കണം, തീറ്റ കൊറക്കണംന്ന്.ഓര്‍ക്കങ്ങ
ന്യല്ലം പറ്യാം അന്റെ പൊന്നമ്മ കഷ്ടപ്പെട്ട് ചോറും അഞ്ചാറ് കൂട്ടാനും ബെച്ച്റ്റ്
കുത്തിക്കോരി ബെളമ്പിത്തരുമ്പം തിന്ന്റ്റ് ല്ലെങ്കില് ഓര്‍ക്ക് സങ്കടാവൂലേ? ഓറ സങ്ക
ടപ്പെട്ത്താനൊന്ന്വാവൂല. ഓട്ടലിന്റെ അട്ടത്തുകേറാന്‍ പൊന്ത്ന്ന പെട്ടീല് കേറി.ഒന്ന്
കണ്ണ് ചിമ്മി തുറക്കുന്നേന് മുമ്പ് ഞാളട്ടത്തെത്തി. പൂട്ട് തൊറന്ന് ആത്ത് കേറി. കാലും
മീടും കൈയീറ്റെത്ത്യപ്പം ചുടുചായ കിട്ടി. പിന്ന മസാലദോശീം വന്നു. അത് ആത്താ
ക്ക്യപ്പോ ആങ്ങള പറഞ്ഞു പൊറത്തൊന്ന് പോവാന്ന്.
കാറില്‍ കേറ്റുമ്പൂം എറക്കുമ്പൂം കൂട്യുള്ളവര്‍ക്ക് ഒന്നേ പറയാനുള്ളു. തടി കൊറക്കണംന്ന് .
മ്യൂസിയത്തിനു പൊറത്തേക്കൂട ഒന്ന് കറങ്ങി. നിയമൂണ്ടാക്കണ സ്തലൂം കണ്ട്,
കോളേജൊക്കെ കണ്ട്,അയിനെടക്ക് മീങ്കന്യകേന കണ്ടത് പറഞ്ഞ്റ്റ്ലല്ലോ.നമ്മള
കാനായീരെ മീങ്കന്യകന്നെ.മേത്തൊക്കെ ചെതുമ്പലും പിടിപ്പിച്ച് തെളതെളെ തെള
ങ്ങ്വല്ലെ ഓള്.കാണാനെന്താപ്പാ പാങ്ങ്!



പിന്ന ഞാള് പോയത് വേളി കായലും പാര്‍ക്കും കാണാനാ. പാര്‍ക്ക്ന്ന് കേട്ടപ്പം ചെറിയ
പേടി.മറ്റൊന്ന്വല്ല.നടക്കാന്‍ മടിച്ചിറ്റന്നെ. ആങ്ങളീം അന്യത്തീം ബണ്ടീന്ന് കീഞ്ഞാ പിന്ന
ഞാനെന്നാ ചെയ്യ്വ? ഞാനും കീഞ്ഞു.കൊറേ നടക്കാനുണ്ടോന്ന് ചോയ്ച്ചപ്പൊ കൊറച്ചേ
ള്ളുന്ന് ആങ്ങള.
അന്യത്തീന്റെ കൈയും പിടിച്ച് നടക്കുമ്പം ആങ്ങള പറഞ്ഞു. 'ഓള് ഒറ്റക്ക് നടക്കട്ട്'
'ബിട്ടാല് ഞാന്‍ ബീണുപോവും.'ഞാന്‍ പറഞ്ഞു
ആദ്യം കണ്ട ബെഞ്ചിലിരുന്നു.ആങ്ങള നുറുക്ക് കൊണ്ട്ത്തന്നു. ഒന്നെടുത്ത് തിന്നുമ്പം
കണ്ണിന്റടുത്തേക്ക് എന്തോ എറിഞ്ഞ പോലെ.ഞെട്ടിപ്പോയി.കണ്ണ് തൊറന്നപ്പം കൈയി
ലപ്പൂല്ല.അത് മരക്കൊമ്പത്തിരുന്ന് ഒര് കള്ളക്കാക്ക തിന്ന്വോന്ന്. എടക്കെന്ന നോക്കു
ന്നൂണ്ട്.എന്റപ്പാ, തിര്വനന്തോരത്തെ കാക്കക്ക് എന്താ സാമര്‍ഥ്യം!ഓളൊര് പാവാന്ന്
അയിന് തോന്നീറ്റ്ണ്ടാവും.അതല്ലേ എന്റത് മാത്രം കൊത്ത്യത്. കള്ളക്കാക്കേ ഞാനത്ര
പാവൊന്ന്വല്ല.നുറുക്കും തിന്ന്, കാറ്റുംകൊണ്ട്,കായലിലെ പായലുമെണ്ണി ഇരുന്നാ പോര,
എണീക്ക് ന്നായി ആങ്ങള. പറീമ്പോലെ എത്ര്യാപ്പാ കായലില് പായല്. പേതങ്ങള
പ്പോലെ ആട്യാട കൊറച്ച് ബോട്ടൂണ്ട്. പായല് മൂടീറ്റ് അതൊന്നും ഒരിഞ്ച് നീങ്ങൂല
പോലും. എന്താപ്പാ നമ്മള നാട്ടിലെ ടൂറിസം ഇങ്ങനെ. ബോട്ടില് കേറാനുള്ള ആശ
കായലിനാത്ത് ചാടീറ്റ് ഞാളെണീറ്റു.
നടന്ന് നടന്ന് കാല് ബേദനിച്ചു. ന്റെ ആവലാതി കേക്കുമ്പം ആങ്ങള ഇനി കൊറച്ച്
നടന്നാ മതീന്ന് പറഞ്ഞ് ബേജാറ് മാറ്റും. എന്നിട്ട് ദൂരെപ്പോയി ഞാന്‍ നടക്കുന്നതിന്റെ
പോട്ടം പിടിക്കും. എന്നെ നടത്തിപ്പടിപ്പിക്ക്വല്ലേ ഇപ്പോന്റ പണി. ദൂരെ ഒരു എട്പ്പ്
കാണിച്ചിട്ട് അതുവരെ പോയാല്‍ മതീന്നും.വേറെ ബയില്ലാത്തതുകൊണ്ട് നടന്നു.കായ
ലിന്റുള്ളിപ്പോയ കൂള്‍ ബാറില്‍ നടയെറങ്ങി പിന്നീംകേറി എത്ത്യപ്പൊ എന്റപ്പാ,ന്റെ
കാലിന്റാപ്പീസ് പൂട്ടി. ആടത്തെ കസേലേ പോയി ബീണു. ശാസംബീണപ്ലത്തേക്ക്
ഐസ്ക്രീം മുമ്പിലെത്ത്യതോണ്ട് മിണ്ടാനൊന്നും നിന്നില്ല.കാളുന്ന ബയറ്റില് അത്
ആവ്യായിപ്പോയി. കായൽക്കാറ്റുംകൊണ്ട് സുഗിച്ചരിക്കമ്പം ആങ്ങള ആട്ന്ന് പൊന്തിച്ചു.
അത്രപ്പോര്യന്നെ എനീം നടക്കണം. പൊറത്തേക്ക്. എങ്ങന്യല്ലോ പൊറത്തെത്തീന്ന്
പറഞ്ഞാ മത്യല്ലോ.കാറിലുന്തിക്കേറ്റി ശരംബിട്ടപോലെ പാഞ്ഞു.പോന്ന പെര്യക്ക്
എന്തെല്ലോ കണ്ട്ന്. ബിമാനത്താവളത്തിന്റെ പൊറത്തേക്കൂട ശംഖുമുഖം കടപ്പൊ
റത്തേക്ക്.സിനിമേല് കണ്ട്റ്റ്ലേ. അതന്നെ.ഉച്ച്യാവാനാവുമ്പം കത്ത്ന്ന കടപ്പൊ
റത്ത് ബേറീം കൊറച്ചാള കണ്ട് ഞാളപ്പോലത്ത പ്രാന്തമ്മാറ് ബേറീം ഇണ്ട്ന്ന്
തിരിഞ്ഞു.ഇതെന്ത്ന്നാ തെളക്ക്ന്ന കടലിന്ന് കമ്പബെലിയാ. ബിവരൊള്ളോറ്
പറഞ്ഞു.കമ്പബെല്യൊന്ന്വല്ല,മീമ്പിടിക്ക്വോന്ന് പാവങ്ങള്. എന്നാപ്പിന്ന അബര്
കരക്ക് കേറീറ്റ് പോയാപ്പോരേന്ന്. ബല ബെലിച്ച് ബെലിച്ച് പാവങ്ങള് കരക്ക് കേറി.
പത്തിരുപത് ബാല്യക്കാറ് കടലീന്ന് കോരിക്കൊണ്ടന്നതെന്താണോ!



ബലനറയെ പൊന്നോ,മുത്തോ,പൂമീനോ? കാറ്റുകൊള്ളാൻ ബന്നോറെല്ലം അങ്ങോട്ടോടി.
ബലകൊടഞ്ഞിട്ടപ്പം കണ്ടുനിന്നോറെ കണ്ണ് നെറഞ്ഞ്ന്.ബലേല് കഷ്ടിച്ചൊരു കിലോ
പൊടിമീന്ണ്ട്. പാവങ്ങള മോത്തെ സങ്കടം കണ്ടപ്പൊ നെഞ്ഞിനാത്ത് പോച്ചലെട്ത്ത്ന്.
പത്തിര്പത് കൂരേലിന്ന് പട്ടിണ്യാര്ക്ക്വല്ലോ പപ്പനാവാ.
കരിഞ്ഞ്പോയോ കടലമ്മേ? മക്കക്കൊന്നും കൊട്ക്കാനില്ലേ? മീനെല്ലം ചത്തുപോയോ?
കടലില് കാട്ടംകൊണ്ടിട്ടാ കടലെന്താ ബേണ്ടതപ്പാ.



എന്യാട നിന്നാ ശര്യാവൂല. ബണ്ടീക്കേറി ബടക്കോട്ടന്നെ പാഞ്ഞു.