Saturday, January 16, 2016

ചൊവ്വാദോഷം

ചുട്ടുപൊള്ളുന്നൊരു പാപഗ്രഹമായ്
വലംവെയ്ക്കും ചൊവ്വേശ
നിൻ നിഴലിലറിയാതെ പെട്ടുപോകും
പെൺകിടാങ്ങൾ തൻ സ്വപ്നങ്ങൾ
കോർത്തിട്ട താലിച്ചരടറുത്തെടുക്കാൻ
ഉഗ്രകോപത്താൽ ചുവക്കും മുഖം തിരിച്ചിനി നോക്കേണ്ട.
പെൺകിടാങ്ങളല്ലിനി നിന്റെ പാപത്തിന്നവകാശികൾ.

നിറയുമാഹ്ലാദത്താൽ തുടികൊട്ടും മനവുമായ്
നിന്നരികിലുമെത്തി നില്‍ക്കുന്നൂ ഞങ്ങൾ.
പാപഗ്രഹത്തിൻ പൊടിപടലങ്ങൾക്കിടയിലും
തലനീട്ടിയേക്കാം ജീവൻ തുടിക്കുമൊരു പുൽനാമ്പ്.
വരണ്ടുപോയ ചൊവ്വയുടെ മണ്ണിലിനിയിറങ്ങും
കണ്ണീരുകൊണ്ട് നനച്ചു ജീവന്റെ പച്ചവിരിപ്പിടാൻ;
മക്കളെ പെറ്റുകൂട്ടി മാനുഷ്യകം നിറയ്ക്കാൻ.

ഭ്രാന്തമായ് കാടുകേറും മനമേയടങ്ങുക.
ഇരിക്കും കൊമ്പുമുറിക്കുമഹന്തയെപ്പൊഴേ
പിഴുതെറിഞ്ഞിരിക്കാമപ്പുൽക്കൊടി.
ഞെട്ടിവിറച്ചോതുകയാണോ ചൊവ്വേശനിപ്പോൾ
“മാപ്പുതന്നാലുമിനിയറിയാതെപോലുമെൻ
നിഴൽ പതിക്കാനിടവരില്ല മണ്ണിൽ മർത്യ;
വെറുതെ വിട്ടുപോമെന്നരികിലെത്താതെ.”

എന്തു ഞങ്ങടെ പൂർവികരവിടെ വാണിരുന്നുവെന്നോ!
അന്നവർ ചെയ്ത പാതകങ്ങളെണ്ണമറ്റതെന്നോ!

കരളലിവില്ലാതെ മലയിടിച്ച്,കാടുമുടിച്ച്‌,
കടല് കുടിച്ചു കരാളനൃത്തമാടിയെന്നോ!
അന്നു പടിയടച്ചു പുറന്തള്ളിയെന്നോ!
അന്നുവീണ മണ്ണിലിന്നും വിതയ്ക്കുന്നൂ
പാപത്തിൻ കൊടിയ വിഷവിത്ത് മർത്യൻ.
നൂറായിരംമേനി വിളവെടുക്കുന്നത് വീണ്ടും വീണ്ടും.
ചുവന്ന ഗോളത്തിൽ മംഗൾയാനിറക്കിയാലും
കാൽക്കീഴിൽ കേഴും മണ്ണിനെയറിയാതെന്ത്‌ മർത്യാ?


(സ്ത്രീശബ്ദത്തില്‍ പ്രസിദ്ധീകരിച്ചത്.)

Saturday, December 5, 2015

തിരിച്ചു നല്‍കാനൊരു പൊന്നുമ്മ

ഡിസംബര്‍ 3. ലോകവികലാംഗദിനം. ഇരിക്കൂര്‍ ബി.ആര്‍.സി. സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ പത്തൊമ്പത് കൊല്ലം ജോലി ചെയ്ത എന്റെ വിദ്യാലയം ‘എന്നെ മറന്നോ’ എന്ന്‍ മാടിവിളിച്ചു.
എങ്ങനെ ഞാന്‍ മറക്കും! എന്നെ ഞാനാക്കിയ എന്റെ പ്രിയവിദ്യാലയം. മടുപ്പിന്റെ മാറാല തൂത്തെറിഞ്ഞ് ഞാന്‍ വെളിച്ചത്തിലേക്കിറങ്ങിയത് ഇവിടെ വെച്ചാണല്ലോ. അവിടെയുള്ളവര്‍ എന്റെ സഹപ്രവര്‍ത്തകരല്ല, കുടുംബാംഗങ്ങള്‍ തന്നെയാണ്. വിദ്യാര്‍ഥികള്‍ എന്റെ മക്കളും.
“എന്നിട്ടുമെന്തേ മൂന്നുവര്‍ഷമാകാറായിട്ടും നീ ഇങ്ങോട്ട് വരാഞ്ഞത്?”
“എന്നോട് പിണങ്ങല്ലേ. പൊട്ടിപ്പൊളിഞ്ഞ വഴിയില്‍ക്കൂടി കാലിടറിയിടറി കുന്നുകയറി വന്നത് എന്റെ സ്നേഹം കൊണ്ടല്ലേ. ഓര്‍മ്മയുടെ അവസാനതന്തുവും പൊട്ടിപ്പോവുന്നതുവരെ എനിക്ക് മറക്കാനാവില്ല.”
ഓട്ടോറിക്ഷ കഞ്ഞിപ്പുരയുടെ മുന്നില്‍ എത്തിയപ്പോഴേക്കും അന്നദാതാവ് സുമതി ഓടിവന്നു. “ടീച്ചറേ, ചോറ് വേണ്ടേ?”
വേണം. അതിനല്ലേ ഉച്ചയ്ക്ക് ഒഴിഞ്ഞ വയറോടെ വന്നത്. ഈ അക്ഷയപാത്രം എനിക്കെത്ര വിളമ്പിത്തന്നതാ!
സ്റ്റാഫ് റൂമില്‍ എന്റെ തലവെട്ടം കണ്ടപ്പോഴേക്കും അനിത ടീച്ചര്‍ ഊണ് മതിയാക്കി എഴുന്നേറ്റു. ഇടതുകൈകൊണ്ടെന്റെ കൈ പിടിച്ചു. നിഷമാരും ബിന്ദുവും ബീനയും ശ്രീമയും വത്സലയും ലതികയും മറ്റും എന്നെ വളഞ്ഞപ്പോള്‍ കൂടെ വന്ന രാജാമണിയെ ഞാന്‍ സൈഡാക്കി.
അവരെല്ലാംചേര്‍ന്ന് എന്റെ പഴയ ഇരിപ്പിടത്തില്‍ കൊണ്ടിരുത്തി. അവിടെ ഇരിക്കുമ്പോഴേക്കും ഒരു കുന്ന് ചോറെത്തി. അമ്പമ്പോ! ഇതെങ്ങനെ ഞാന്‍ തീര്‍ക്കും . ചോറില്‍ കൈവെക്കാന്‍ ഒരുങ്ങുമ്പോഴേക്കും കൈകൂപ്പിക്കൊണ്ട് എന്റെ പഴയ സഹപ്രവര്‍ത്തകന്‍,പുതിയ ഹെഡ്മാസ്റ്റര്‍ ജെ.കെ. എന്ന ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ വന്നുചേര്‍ന്നു . എന്നിട്ട് കവിതയില്‍ പറഞ്ഞു. ‘അങ്ങോട്ട്‌ ചെന്നുകാണേണ്ട മഹാജനം ഇങ്ങോട്ട് വന്നല്ലോ.’ വരിയൊക്കെ ഞാനങ്ങ് മറന്നുപോയി. വയസ്സായില്ലേ. അല്ലെങ്കിലും അദ്ദേഹത്തോട് അതിലൊന്നും മത്സരിക്കാന്‍ ഞാനാളല്ലേ.
മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ വിക്കി. മാനത്തേക്ക് പൊങ്ങാഞ്ഞത് മേല്‍ക്കൂരയുള്ളതുകൊണ്ട് മാത്രം.
അല്ല,രാധയെവിടെ? കണ്ണന്റെ രാധയല്ല. ജനാര്‍ദ്ദനന്റെ രാധ. എന്റെ കുഞ്ഞനുജത്തി. ക്ലാസിലോ, കളിസ്ഥലത്തോ, ലാബിലോ, കമ്പ്യൂട്ടര്‍ റൂമിലോ ജോലിയില്‍ മുഴുകിയിരിക്കുകയായിരിക്കും. എന്തെങ്കിലും ജോലി ചെയ്യാനുണ്ടെങ്കില്‍ അവള്‍ ഭക്ഷണത്തെക്കുറിച്ച് ഓര്‍ക്കുകയേയില്ല. ഓ..രാധ വന്നു. വന്ന ഉടനെ എന്റെ പാത്രത്തില്‍ കുറെ കറിയും കോരിയിട്ടു. പിന്നാലെ നമിതയുമെത്തിയല്ലോ. രണ്ടുപേരും നഴ്സ് കൊച്ചിന്റെ കൂടെ ലാബില്‍ ബ്ലെഡ് ടെസ്റ്റ്‌ ചെയ്യാന്‍ സഹായിക്കുകയായിരുന്നത്രേ. ഏത് ഗ്രൂപ്പായാലും രക്തത്തിന്റെ നിറം ചുവപ്പുതന്നെ.
ജയ ടീച്ചറും വന്നല്ലോ. വലതുഭാഗത്ത് അടുത്തിരുന്ന് കൊതിതീരാതെ പിരിഞ്ഞുപോയതല്ലേ. അപ്പോള്‍ ഇടതുഭാഗത്തെ ലാലിടീച്ചറെ ഓര്‍ത്തുപോയി.
ജോബിഷെവിടെ എന്ന്‍ അന്വേഷിക്കുമ്പോഴേക്കും രമേശന്‍ ബ്ലാത്തൂരിനൊപ്പം സംസാരിച്ചുകൊണ്ട് വരുന്നത് കണ്ടു. ജോബിഷ് അടുത്ത് വന്ന് മിണ്ടി. ബഷീര്‍ മാഷും കുശലം ചോദിച്ചുകൊണ്ട് വന്നു. പ്രിയമിത്രം കെ.പി.ആര്‍. നര്‍മ്മത്തിന്റെ കെട്ടഴിച്ചുവിട്ടു. എന്റെ വയസ് ആറേഴുവര്‍ഷം തിരുത്തിക്കുറിച്ചുകൊണ്ട് പുതിയ സര്‍ട്ടിഫിക്കറ്റ് തന്നു. ഇങ്ങനെ അഞ്ചാറ് പ്രാവശ്യം അദ്ദേഹത്തെ കാണാന്‍ വന്നാല്‍ എനിക്ക് കൌമാരത്തിലേക്ക് തിരിച്ചു പോകാം എന്നുറപ്പായി. ആനന്ദലബ്ധിക്കിനിയെന്തുവേണം!
രമേശന്‍ മാഷിനോട് അല്‍പ്പം ഗൗരവമുള്ള വിഷയം, സാഹിത്യം ചരര്‍ച്ചചെയ്തു.
ഉമ്മര്‍ മാഷിനോടും ശ്രീനിവാസന്‍ മാഷിനോടും മണി മാഷിനോടും മിണ്ടി. പഴയ സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്ണന്‍ മാഷുമെത്തി.
പുതുമുഖങ്ങളും കുശലമന്വേഷിച്ചു.
ഊണും സംസാരവും മുന്നേറുമ്പോള്‍ സമാന്തരമായി സ്ത്രീജനങ്ങളും ഹെഡ്മാസ്റ്ററും ചേര്ന്ന്്‍ ചില ഗൂഡാലോചനകളും നടക്കുന്നുണ്ടായിരുന്നു. അവര്‍ അതിന്റെ റിസള്‍ട്ട് എന്നെ അറിയിച്ചു. ‘അന്ന്‍ സ്കൂളില്‍ നടത്താനുദ്ദേശിക്കുന്ന വികലാംഗദിനാഘോഷം ശാന്ത ടീച്ചര്‍ ഉദ്ഘാടനം ചെയ്യണം.’
പിന്നെന്താ, ഞാനെപ്പോഴേ റെഡി.
അടുത്ത നിമിഷം എല്ലാവരും കൂടി എന്നെ പൊക്കി. വായന മൂലയിലേക്ക്. എനിക്കേറെ ഇഷ്ടമുള്ള ഓപ്പന്‍ എയര്‍ ക്ലാസ് റൂം ആണല്ലോ അത്.
അവിടെ ഇരുന്നപ്പോള്‍ ഓര്‍മ്മകളിരമ്പി വന്നു. പിന്നെയും പിന്നെയും ഓര്‍ക്കാനിഷ്ടപ്പെടുന്നവ.
മുന്നില്‍ സ്റ്റുഡന്റ് പോലീസ് കാണികളായി. ആറുകുഞ്ഞുങ്ങള്‍ മാത്രമേ ഭിന്നശേഷിയുള്ളവരായിട്ടുള്ളൂ. അതും ശാരീരികാവശത അല്ല. അല്പം പഠനപിന്നോക്കാവസ്ഥ മാത്രം. ആശ്വാസം തോന്നി.
പരിപാടി തുടങ്ങി. സ്വാഗതവും ആശംസയും. നല്ല വാക്കുകളുടെ പ്രവാഹത്തില്‍ ഞാന്‍ മുങ്ങിപ്പൊങ്ങി. വീണ്ടുമൊരു ക്ലാസ്സിലെത്തിയതിന്റെ ആവശത്തില്‍ ഞാന്‍ സ്വയംമറന്ന് കുട്ടികളോട് സംസാരിച്ചു. കുട്ടികള്‍ പാട്ടും മിമിക്രിയും നാടകവുമൊക്കെയായി തങ്ങളുടെ പ്രതിഭ തെളിയിച്ചു. കൂട്ടുകാരും ഹെഡ്മാസ്റ്ററും അധ്യാപകരും അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി. അവരുടെ പ്രകടനത്തില്‍ മയങ്ങിപ്പോയ രാജാമണി ഓടിപ്പോയി സമ്മാനം വാങ്ങി അവര്‍ക്ക് നല്‍കി.
ഹെഡ്മാസ്റ്റര്‍ മറ്റുള്ളവരെയും പാടാനും ആടാനും ക്ഷണിച്ചപ്പോള്‍ മിമിക്രിയും പാട്ടുമൊക്കെ അരങ്ങു തകര്‍ത്തു .
പിന്നെയത് സംഭവിച്ചു. ഒരുപൊന്നുമോള്‍ തനിക്ക് ചുറ്റുമുള്ള അവശതയനുഭവിക്കുന്നവരെ സഹായിക്കുമെന്ന് കണ്ണുതുടച്ചുകൊണ്ട് പ്രതിജ്ഞചെയ്തു. എന്നിട്ടവള്‍ പതുക്കെ എന്റെ കവിളില്‍ വിരല്‍ കൊണ്ട് ഒന്നു തൊട്ടു. എന്നിട്ട് എനിക്ക് ചിന്തിക്കനിട തരാതെ അവിടെ ഒരു പൊന്നുമ്മ നല്‍കി. ദേ, ഇവിടെ. എന്റെ കവിളില്‍.
അവള്‍ക്ക് തിരിച്ചു നല്‍കാന്‍ മറന്നുപോയ പൊന്നുമ്മ ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എപ്പോഴെങ്കിലും ഞാനത് അവള്‍ക്ക് നല്‍കും.
Wednesday, November 18, 2015

മറവി

സംഘട്ടനത്തിന്റെ ആഘാതത്തിൽ പൂമരം ഞെട്ടിവിറച്ചു.
പൂവുകൾ പേടിച്ചു നിലംപതിച്ചു.
കാലിനിടയിൽ തിരുകിയ കൊക്ക് പണിപ്പെട്ടുയര്‍ത്തി
മുത്തിക്കൊക്ക് മുരണ്ടു.
“നാണംകെട്ട മനുഷ്യെരെപ്പോലെ തലകൊത്തിക്കീറുന്നു.”
നാണംതോന്നിയ പെണ്ണൊരുത്തി
കൊക്കുതാഴ്ത്തി പൂട ചികഞ്ഞു.
ചിറകുവിരിച്ചുയര്‍ന്ന് അങ്കംവെട്ടുന്ന പൂവന്മാരെ
ഏറുകണ്ണിട്ടിടയ്ക്കിടെ നോക്കി.
‘മണ്ടന്മാർ കൊത്തിച്ചാകട്ടെ.’
ഇലകളുടെ പിറുപിറുക്കൽ
കേട്ടിട്ടും കേള്‍ക്കാതെ.....
അങ്കം പിന്നെയും മുറുകി.
“എന്റെ പിടയാണതെന്റെ പിട.”
ശത്രുവിന്റെ നെഞ്ചത്താഞ്ഞുകൊത്തി
കൊക്കിൻ തുമ്പിലെ ശുണ്ഠിയുരുമ്മിക്കളയാൻ
ചാരക്കൊക്ക് ഇണയുടെ ചാരത്തണഞ്ഞു.
മുറിവേറ്റവൻ തലതാഴ്ത്തി പിന്തിരിഞ്ഞ്
ഇലച്ചാര്‍ത്തുകൾക്കിടയിലൊളിച്ചു.
താഴെ.....
ചീറിപ്പായുന്ന പുരുഷാരം വളര്‍ന്നു വളര്‍ന്ന് ‍
പൂ മറച്ച്...ഇല മറച്ച്....മരം മറച്ചു.
ആകാശം കാണാതെ...
മണ്ണ്‌ കാണാതെ....
ഒന്നും കാണാതെ...
ആദ്യപ്രണയത്തിന്റെ കൈയും പിടിച്ച്;
പൊക്കിൾക്കൊടിയിൽ കൊരുത്തിട്ട ചരടുകൾ
അറുത്തെറിഞ്ഞു ഞാനിറങ്ങി.
കൈക്കുമ്പിളിൽ നീട്ടിയ പ്രണയം
തട്ടിപ്പറിച്ചു നീ പങ്കുവെച്ചുതീര്‍ത്തപ്പോൾ .
പൂക്കളെ മറന്ന്‍...
മരത്തെ മറന്ന്‍...
കൊക്കുകളെ മറന്ന്‍....
ആകാശവും ഭൂമിയും മറന്ന്.....
എന്നെയും നിന്നെയും മറന്ന്...
പുരുഷാരത്തിലേക്ക് ഞാനൊറ്റയ്ക്ക്.....
ഒന്നുമല്ലാതെ
ഒന്നുമില്ലാതെ...
ഞാനില്ലാതെ.....
അങ്ങിറങ്ങിപ്പോയി...............

(ഗള്‍ഫ് മലയാളം ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ചത്.)

Monday, August 31, 2015

കണ്ണേ,മൂക്കേ മടങ്ങുക

മൂന്നാംനാൾ ഓണത്തിന് പ്രിയപ്പെട്ട സഹപ്രവര്‍ത്തകൻ ജെയിംസ് ഡൊമിനിക്കിന്റെ മകന്റെ കല്യാണം കൂടനാണ് കണ്ണൂർ പള്ളിക്കുന്നിൽ നിന്ന്‍ ഓട്ടോ പിടിച്ച് പുറപ്പെട്ടത്. ഭാവനാസമ്പന്നയായ കഥാകൃത്തി നെയും പത്തിരുപത് വര്‍ഷം നീണ്ട ബോറൻ പഠനം അവസാനിപ്പിച്ച് മടി പിടിച്ചുറങ്ങുന്ന അനിയത്തിയുടെ മകളെയും ഒപ്പം കൂട്ടി. മനോഹരമായ വടക്കൻ മലനിരകളിലൊളിപ്പിച്ചു വെച്ച കഥയുടെ തളിരുകൾ നുള്ളിയെടുത്തോട്ടെ എന്ന് വിചാരിച്ചാണ് കഥാകൃത്തിനെ വിളിച്ചത്. വരന്റെ പെങ്ങളുടെ വിവാഹത്തിന് കൊണ്ടുപോയപ്പോൾ ലഭിച്ച നൂറുകൂട്ടം വിഭവസമൃദ്ധസദ്യയുടെ രുചിയും ഗന്ധവും,പ്രത്യേകിച്ച് കോഴി,ആട്,കാള,പന്നി വിഭവങ്ങളുടെ,നാവിലുയിർത്തെണീ റ്റപ്പോൾ ഉറക്കമൊക്കെ കുടഞ്ഞുകളഞ്ഞ് പൊന്നുവും കൂടെപ്പോന്നു.
കണ്ടലിൽ കണ്ണുടക്കിയതുകൊണ്ട് വളപട്ടണം പാലം കഴിയുന്നതുവരെ എന്റെ യാത്ര മനോഹരം. പാലം കടന്നിട്ടും 'കോരായണാ' എന്നൊന്നും ഞാൻ വിളിച്ചില്ല. പകരം ‘അയ്യോ! ചാക്ക് കെട്ട്’ എന്നറിയാതെ നിലവിളിച്ചു. അപ്പോൾ കഥാകാരിയുടെ കൈ എന്റെ കാല്‍മുട്ടിലമര്‍ന്നു. ഞാൻ കണ്ണടച്ച് ശ്വാസമടക്കിപ്പിടിച്ച് പിന്നോട്ട് ചാഞ്ഞു. ആലക്കോട് റോഡിലെത്തിയപ്പോഴാണ് പിന്നെ ഞാനെന്റെ മൂക്ക് വിടര്‍ത്തിയതും കണ്ണ് തുറന്നതും. നട്ടുച്ചയ്ക്കും പിൻവാങ്ങാൻ മടിപിടിച്ച് മലയുടെ മടിയിൽ മുഖം പൂഴ്ത്തിയുറങ്ങുന്ന കോടമഞ്ഞും കാടും കനിഞ്ഞേകിയ കുളിര്‍മയിൽ പടര്‍ന്നു പന്തലിച്ച റബ്ബര്‍ത്തോട്ടങ്ങൾ ഇരുൾ പരത്തിയ രാജപാതയെ വെല്ലുന്ന മലമ്പാതയിലൂടെ ഞങ്ങളുടെ ശകടം കിതച്ചു കിതച്ച് കയറുമ്പോൾ ഞാൻ എന്നെത്തന്നെ മറന്നുപോയി.
ഒടുവള്ളിത്തട്ടിലെത്തിയപ്പോൾ ബസ് കാത്തുനില്‍ക്കുന്ന പെണ്‍കുട്ടിയോട് ചാണോ ക്കുണ്ട് കരുണാപുരം പള്ളിയിലേക്കുള്ള വഴി ചോദിച്ചു. അല്‍പ്പം കൂടി പോയപ്പോൾ ആളും കാറും ബഹളവും കണ്ടു. പള്ളിയങ്കണത്തിലെത്തിയപ്പോൾ മുഖപരിചയമുള്ള ഒരു ചെറുപ്പക്കാരൻ അടുത്തുവന്നു. ജെയിംസ് മാഷിന്റെ ഇളയ മകൻ. ‘കല്യാണം കഴിഞ്ഞു. മറ്റ് ചടങ്ങുകൾ അവിടെയാണ്. ഭക്ഷണവും അവിടെയാണ്.’ അവന്റെ വിവരണം തീരുന്ന തിനു മുമ്പ് ഒരു യുവതി കൈക്കുഞ്ഞുമായി അടുത്തു വന്നു. രാജാമണി കുഞ്ഞിനെ വാങ്ങി എന്റെ മടിയിൽ കിടത്തി. 'ദെന്താ കഥ...ഇവളുടെ കല്യാണസദ്യയുടെ കാര്യമല്ലേ നേരത്തെ പറഞ്ഞത്. ഇപ്പോഴിതാ കുഞ്ഞും... മധുരം...മധുരതരം..'സംസാരമൊക്കെ ഇനിയുമാവാം..സദ്യ തീര്‍ന്നു പോയാൽ!
‘സി.പി.’എന്നറിയപ്പെടുന്ന പദ്മനാഭന്‍ മാഷ്‌ ‘ശാന്ത ടീച്ചറേ’ എന്നു വിളിച്ച് അടുത്തു വന്ന് കുശലം ചോദിച്ചു. പൊരിയുന്ന വയറിനോട്‌ വേദമോതിയിട്ട് കാര്യമില്ല മാഷേ.... ഏതായാലും ഭക്ഷണം കഴിഞ്ഞിട്ട് ബാക്കി കാര്യം. ഭക്ഷണഹാൾ നിറയുന്നൂ..കവിയുന്നൂ.... ഒഴിയാതിരു ന്നാൽ മതിയായിരുന്നു. കസേരയിട്ടിരുന്ന്‍ അല്‍പ്പനേരം സദ്യയുണ്ണുന്ന വര്‍ക്ക് പ്രചോദനമേകി. തീൻമേശ ഒഴിഞ്ഞ ഗ്യാപ്പിലേക്ക് ഞങ്ങളും തിരുകിക്കയറി.
നിറഞ്ഞുതൂവുന്ന ബിരിയാണിപ്പാത്രങ്ങൾ മുന്നിൽ നിരന്നു. പിന്നാലെ ചുവപ്പിൽ മുങ്ങി ചിക്കൻ ഫ്രൈ തട്ടുകളും. സാലഡ്, അച്ചാറുകൾ അകമ്പടിക്കാരായി. മുന്നുംപിന്നും നോക്കിയില്ല. കൊള്ളാവുന്നത്ര കടത്തിവിട്ടു. കോഴിക്കഷണങ്ങളോട് പോരെടുക്കു ന്നതിനിടയിൽ കുശലം ചോദിക്കാൻ ചെറുക്കന്റെ പിതാവ് ജെയിംസ് മാഷെത്തി. ‘ഇതൊന്നു തീര്‍ത്തോട്ടെ മാഷെ, എന്നിട്ടു പറയാം.’ഏമ്പക്കം വിട്ട് ഐസ്ക്രീമിൽ കൈവെച്ചപ്പോഴാണ് ഓര്‍ത്തത്. പഥ്യം പാലിക്കേണ്ട രോഗിയാണല്ലോ ഞാനെന്ന്. 'അക്യൂ പ്രഷർ ചികിത്സകൻ പ്രത്യേകം പറഞ്ഞിരുന്നു. മുട്ട,മത്സ്യ,മാംസാദികൾ വര്‍ജ്ജിക്കണ മെന്ന്. പാൽ,ചായ,കാപ്പികൾ കൈകൊണ്ട് തൊടാൻ പാടില്ലെന്ന്.' ഒന്നും കേട്ടില്ല. ഇനിയിപ്പെന്താ ചെയ്ക? പ്രഥമന്‍ ഉണ്ട്. അതങ്ങ് ഒഴിവാക്കിയേക്കാം.
സ്റ്റേജിലിരിക്കുന്ന വധൂവരന്മാര്‍ക്ക് മധുരം കൊടുക്കാൻ സമ്മതം മൂളിയിരിക്കുമ്പോൾ സുകു, മോഹനന്‍,ജോസഫ്,ബീന,റോസക്കുട്ടി ഇത്യാദി എക്സ് സഹപ്രവര്‍ത്തകരെത്തി കൈയി ലുള്ള കത്തികളെല്ലാം പുറത്തെടുത്തു. നേരത്തെ ഇതുവരെ കാണാത്ത ഒരു ഫേസ് ബുക്ക് കുമാരനും അടുത്തെത്തി മിണ്ടിത്തുടങ്ങിയപ്പോൾ അവന്റെ ഉത്തരവാദിത്ത രാഹിത്യ ത്തെക്കുറിച്ച് പ്രഭാഷണം നടത്താൻ നാക്ക് നീട്ടിയതാണ്. അതിനുമുമ്പ് അവൻ ഏറ്റെടുത്ത കാര്യം നിര്‍വഹിച്ചു എന്ന്‍ പ്രസ്താവിച്ചപ്പോൾ നീണ്ട നാക്ക് ചുരുട്ടിക്കെട്ടി വെച്ചു.
കത്തിയൂരിയവരെല്ലാം ഉറയിലിട്ടതോടെ മടക്കയാത്രയ്ക്ക് തിരിതെളിച്ചു. ജെയിംസ് മാഷും നല്ലപാതിയും മോളും യാത്രയാക്കാനെത്തിയതോടെ ഓട്ടോ മുരണ്ടുതുടങ്ങി.
മടക്കയാത്രയിൽ കോഴി കൊക്കരിക്കുന്ന കുമ്പയും കൈകൊണ്ട് താങ്ങി മലയോരക്കാഴ്ചകൾ കണ്ടുകണ്ട് മയങ്ങിപ്പോയി. മൂക്കിലേക്ക് ചാട്ടുളി പോലെ തുളച്ചുകയറിയ നാറ്റം അസഹ്യമായപ്പോൾ അറിയാതെ കണ്ണ് തുറന്നുനോക്കി. നാണംകെട്ട ലോകത്ത് നാണമില്ലാതെ, ചത്തു വീര്‍ത്ത് മലര്‍ന്ന് കിടന്ന് നാലുകാലും പൊക്കി അളിഞ്ഞു പൊട്ടാറായ ജനനേന്ദ്രിയം കാട്ടി കിടക്കുന്നൊരു പട്ടിശ്ശവം. അത് കാണ്‍കെ വയറ്റിൽ കിടന്ന കോഴികളെല്ലാം കൊക്കരിച്ച് പുറത്തു ചാടാന്‍ വെമ്പൽ കൊണ്ടു. തൊട്ടുതൊട്ട് ജാഥയിലണിചേര്‍ന്ന ചാക്കുകെട്ടുകളുടെ വയർ പൊട്ടി അളിഞ്ഞ കുടല്‍മാലകൾ ടാറിട്ട റോഡിലേക്ക് പാഞ്ഞുകയറുന്നത് കണ്ടപ്പോൾ എന്റെ കാഴ്ചകൾക്ക് മങ്ങലേറ്റു. കണ്ണടച്ച് മൂക്കും വായും പൊത്തി രാജപാതയിലെ മാലിന്യ റിസര്‍വ്ഡ് ഏരിയ താണ്ടിക്കഴിയു മ്പോഴേക്കും ബോധം മറഞ്ഞ എന്നെ ഡ്രൈവർ മുട്ടിവിളിച്ചുണര്‍ത്തി . കണ്ണേ,മൂക്കേ മടങ്ങുക, എനിക്ക് ഇനിയുമീ വഴി വരണമല്ലോ.


Thursday, July 30, 2015

മരണവും മരണശിക്ഷയും.

രാവിലെ റേഡിയോയില്‍ രണ്ടു മരണത്തിന്റെ വാര്‍ത്ത കേട്ടാണ് ഇന്ന്‍ ഞാനുണര്‍ന്നത്. ഒന്ന്‍ അകാലത്തിലല്ലെങ്കിലും അകാലത്തിലെന്നു നമ്മെക്കൊണ്ട് നിരന്തരം അനുസ്മരിപ്പിക്കുന്ന ആരാധ്യനായ ഡോ.എ.പി.ജെ.അബ്ദുല്‍ കലാമിന്റെ ചരമത്തെക്കുറിച്ചും ഇന്ന് നടക്കാനിരിക്കുന്ന സംസ്കാരത്തെക്കുറിച്ചുമാണ്. ആബാലവൃദ്ധം ജനങ്ങളെയും ദു:ഖിപ്പിച്ച ഒന്നാണ് മുന്‍ രാഷ്ട്രപതിയുടെ വിയോഗം. ഒരു മനുഷ്യന് നന്മ കൊണ്ട് മറ്റുള്ളവരുടെ ഹൃദയത്തില്‍ എത്രമാത്രം ഇടംനേടാന്‍ കഴിയുമെന്നതിനു ഉദാഹരണമാണത്.
രണ്ടാമത്തേത് ഇന്ന്‍ രാവിലെ തൂക്കിലേറ്റിയ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ മരണമാണ്. 1993 മാര്‍ച്ച് 12ന് സ്ഫോടന പരമ്പരയില്‍ നിരപരാധികളായ 257പേരാണ് കൊല്ലപ്പെട്ടത്. 713പേര്‍ പരിക്കേറ്റ് നരകിച്ചു. ഈ മഹാപാപം ചെയ്തതില്‍ പ്രധാന പങ്കുവഹിച്ച മേമന്റെ മരണത്തില്‍ എനിക്കൊട്ടും ദു:ഖിക്കാന്‍ കഴിയുന്നില്ല. വധശിക്ഷ ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ച ശിക്ഷാവിധിയല്ലെന്നു പറയാമെങ്കിലും മനുഷ്യജീവനെ ഉന്മൂലനം ചെയ്യാന്‍ തുനിയുന്ന ഇത്തരം പിശാചുക്കളെ മറ്റെന്താണ് ചെയ്യുക! ഒരിക്കലും അവര്‍ക്ക് മാനസാന്തരം ഉണ്ടാകാന്‍ പോകുന്നില്ല.കാരണം ഉറച്ച വിശ്വാസ പ്രമാണങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ കൊലപാതകങ്ങള്‍ നടപ്പിലാക്കുന്നത്. ആ വിശ്വാസത്തിനു ഉലച്ചില്‍ തട്ടുമെന്ന്,താന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് പ്രതി തിരിച്ചറിയുമെന്നു വിശ്വസിക്കാനാവില്ല. വെറുതെ വിട്ടാലും വീണ്ടും അവര്‍ അതുതന്നെ ചെയ്ത്കൊണ്ടിരിക്കും. കാരണം,അവരില്‍ കുത്തിവെച്ചിരിക്കുന്ന വിശ്വാസം അത്ര ആഴത്തില്‍ വേരോട്ടമുള്ളതാണ്. കുഞ്ഞുങ്ങളെ കൊല്ലാന്‍ പരിശീലിപ്പി ക്കുന്ന കൊടും ഭീകരരില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല. ഈ ലോകത്തെ സ്നേഹം,കരുണ തുടങ്ങിയവയ്ക്കൊന്നും അവരുടെ തലച്ചോറില്‍ ഇടമില്ലാതാക്കിയിരിക്കുന്നു. ഒരു ജീവനെടുക്കാന്‍ നമുക്ക് അധികാരമില്ല എന്ന ഉറച്ച വിശ്വാസത്തോടെ തന്നെ ഈ വധശി ക്ഷയെ ഞാന്‍ അനുകൂലിക്കുന്നു. കാരണം,അവിടെ മറ്റൊന്നും ചെയ്യാനില്ല, ചിന്തിക്കാനുമില്ല.
എന്നിട്ടുമെനിക്കെന്തോ എഴുതി പോസ്റ്റ്‌ ചെയ്തപ്പോള്‍ വല്ലാത്ത ഒരു നീറ്റല്‍ ...ഒരു ശ്വാസം മുട്ടല്‍.... ഒരു ജീവനെ ഇല്ലായ്മ ചെയ്യുന്നതിനെയാണല്ലോ ഞാന്‍ അനുകൂലിച്ചത്... ആ ജീവന്‍ എനിക്ക് മാപ്പ് തരട്ടെ....

Wednesday, July 22, 2015

പതിനെട്ടിന്റെ ആണത്തം

എണ്‍പെത് കൊല്ലം മുമ്പ് എന്റെ വലിയച്ഛന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായപ്പോള്‍ അച്ഛന്റെ അമ്മ പറഞ്ഞു “മോനെ കല്യാണം കഴിപ്പിക്കണം. വീട്ടിലൊരു പെണ്‍കുട്ടി വേണം.” കേട്ടതുപാതി കേള്‍ക്കാത്തത് പാതി ചെക്കന്റെ അച്ഛനും കാരണവന്മാരും പെണ്ണുതേടിയിറങ്ങി. കാരണം അമ്മ ഏഴു മക്കളെ നൊന്തു പെറ്റതാണ്. അതിലൊന്ന് പെണ്‍കുട്ടിയായിരുന്നു. നാലുപേരെയും മേലോട്ട് കൊണ്ടുപോയി. മൂന്ന്‍ ആണ്മക്കള്‍ ബാക്കിയുണ്ട്. അമ്മയുടെ ദു:ഖം അറിയാവുന്ന ബന്ധുക്കള്‍ പറഞ്ഞു. “പതിനെട്ടു പൂര്‍ത്തിയായാല്‍ പത്തൊമ്പതാകും.”
എല്ലാവരുംകൂടി പതിനാലുകാരി വധുവിനെ കണ്ടെത്തി കല്യാണവും നടത്തി. അമ്മയ്ക്ക് ഓമനിക്കാന്‍ ഒരു മോളെ കിട്ടി. കൂട്ടുകാരെല്ലാം കല്യാണച്ചെക്കനെ കളിയാക്കിക്കൊന്നു. “മുലപ്പാലിന്റെ മണം മാറീല. ഓന്റ്യൊരു പൂതി.”
അന്നുരാത്രി ചെക്കന് കാര്യം പിടികിട്ടി. പെണ്ണിന്റെ മണംപോലും അവിടെങ്ങുമില്ല. കാര്യമെന്താ. അമ്മ പെണ്ണിനേയും കെട്ടിപ്പിടിച്ച് ഉറങ്ങുന്നു. അടുത്ത പത്തുമാസവും ചെക്കന് പെണ്ണിനെ കാണാനുള്ള അനുവാദംപോലുമില്ല. പാവം. പത്തുമാസം കഴിഞ്ഞപ്പോള്‍ വലിയച്ഛന്‍ സമരത്തില്‍ പങ്കെടുത്ത് ഒളിവിലും പെണ്ണ് പെണ്ണിന്റെ വീട്ടിലേക്കും പോയി. പിന്നെയവര്‍ തമ്മില്‍ കണ്ടിട്ടില്ല.
ഈ കദനകഥ അറിയാവുന്ന എന്റെ ദു:ഖം ഇന്നലത്തെ പത്രം വായിച്ചതോടെ തീര്‍ന്നുപോയി. അന്ന് മുതിര്‍ന്നവര്‍ വലിയച്ഛന് നല്‍കാതിരുന്ന ആനുകൂല്യം ഇന്നത്തെ പതിനെട്ടുകാര്‍ക്ക് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതലസമിതി ശുപാര്‍ശ ചെയ്തിരിക്കുന്നു. ഇനി രാജ്യത്തെ പതിനെട്ടുകാര്‍ക്ക് പ്ലസ് ടു കഴിയുന്നതിനുമുമ്പ് കല്യാണം കഴിക്കാം. സ്റ്റഡി ലീവ് പോലെ കുട്ടികള്‍ക്ക് മധുവിധു ലീവ് കൂടി അനുവദിച്ചാല്‍ മനോഹരമായിരിക്കും. മാസംതോറും ചെലവിന് കല്യാണബത്തയും അനുവദിക്കണം.
മറ്റൊരു സന്തോഷം കൂടിയുണ്ട്. പതിനാറുകാരികള്‍ക്കെല്ലാം സ്വതന്ത്രമായി ലൈംഗികബന്ധവും ശുപാര്‍ശചെയ്യുന്നുണ്ട്. അവരൊന്നു സമ്മതം മൂളിയാല്‍ മാത്രം മതി. വരുംവരായ്കയൊക്കെ സര്‍ക്കാര്‍ നോക്കട്ടെ. ആദ്യം ജീവിതം ആസ്വദിക്കുക. അതിനുശേഷം മതി പഠിത്തവും മണ്ണാങ്കട്ടയും.Tuesday, July 21, 2015

മഴ നനയാന്‍ കൊതിച്ച്......

കോരിച്ചൊരിയുന്ന മഴയത്ത് മുമ്പെപ്പോഴോ പറഞ്ഞൊരു മോഹം അനിയത്തി ഓര്‍ത്തെടുത്തു. മഴയത്തൊരു യാത്ര പോകാം. കേട്ടപ്പോള്‍ പുറത്തെ കുളിരിനേക്കാള്‍ നൂറിരട്ടി മനസ്സില്‍ കുളിര്..അത് മാടായിപ്പാറയിലാവുമ്പോഴോ....പെരുത്തുവരുന്ന കൊതിയോടെ കഥാകാരിയെ വിളിച്ച് സ്ഥലത്ത് ഹാജരാവാന്‍ കല്‍പ്പിച്ചു. ഞങ്ങളെത്തി അല്‍പ്പം കഴിഞ്ഞപ്പോള്‍ കഥാകൃത്തും കുടുംബവും എത്തി. പറഞ്ഞിട്ടെന്താ കാര്യം. രണ്ടുമൂന്നു ദിവസമായി ഇടമുറിയാതെ പെയ്ത മഴമാത്രം വന്നില്ല....ഏറെക്കൊതിച്ച് നിനക്കൊപ്പം കളിക്കാനെത്തിയ എന്നോട് പിണങ്ങി മാറിയതാണോ സഖീ...ഞാനൊരു പാവമല്ലേ? എന്നിട്ടും അവളനങ്ങിയില്ല...മുഖം കറുപ്പിച്ച്.....എന്നാല്‍പ്പിന്നെ നിന്നോട് ഞാനും കൂട്ടില്ല...എത്രനേരമായി ഈ തടാകത്തിനരികില്‍ നിന്നെയും കാത്തിരിക്കുന്നു! ക്ഷമ നശിച്ചപ്പോള്‍ വടുകുന്ദ ശിവനോട് അവള്‍ വന്നാല്‍ അറിയിക്കാന്‍ പറഞ്ഞ് ചങ്ങാതിയുടെ ബൈക്കില്‍ കയറി ഞാനെന്റെ പാട്ടിനു പോയി. പിണങ്ങിയിരിപ്പാണെങ്കിലും അവിടെ ഒരുപാട് കാഴ്ചകള്‍ അവളൊരുക്കിയിട്ടുണ്ടല്ലോ.. അതൊക്കെ കാണാം.. തടാകങ്ങള്‍...പുല്‍മേട്...പൂക്കള്‍...അന്തിമേഘങ്ങള്‍...കിളികള്‍..കാക്കകള്‍ കലമ്പിക്കൊണ്ട്‌ പറന്നുപോകുകയാണ്. കാവല്‍ക്കാരായി അങ്ങിങ്ങ് നില്‍ക്കുന്ന തിത്തിരിപ്പുള്ളുകള്‍ ദേഷ്യത്തോടെ നോക്കി പറഞ്ഞു 'സമയം കഴിഞ്ഞു. വേഗം സ്ഥലം വിടാന്‍ നോക്ക്.'
പോകാം ചങ്ങാതിമാരേ,ഇത്തിരി നേരം കൂടി.....


മേഘമാലകള്‍ പൊട്ടിയൊഴുകി ചാലിട്ടൊന്നായ്


കണ്ണിനും കരളിനും കുളിരേകി


മണ്ണിന്റെ സൌന്ദര്യം മനസ്സില്‍ നിറച്ച്


നോക്ക് മോളെ,എന്തു രസം!


എത്ര കണ്ടാലും മതിയാവൂല...


മണ്ണിന്റെ കാവല്‍ക്കാരന്‍ ഉള്ളിലുണ്ട്...പുറത്തും...