Saturday, February 16, 2019

ദൈവത്തിന്റെ മരണം



നിറമില്ല, വീടില്ല,
ഭാഷയെന്തോയേതോ!
ഒന്നുമില്ലാത്തവന്റെ വിശക്കുന്ന വയറിനു മുകളിൽ
തുടിക്കുന്ന തിരുഹൃദയം
ഒറ്റക്കുത്തിൽ തകര്‍ന്നുപോയി.
ആഴ്ന്നിറങ്ങിയൊന്നുതിരിച്ചു കൊലക്കത്തിയൂരുമ്പോൾ 
പെറ്റ വയറിന്റെ നിലവിളിയിൽ
വട്ടവടിയിലെ ഒറ്റമുറി വിണ്ടുപിളര്‍ന്നു.
 ‘നാന്‍ പെറ്റ മകനേ,
രാസാ, എന്നെ വിട്ടുപോയിട്ടേ...’
ഒറ്റമുറിയല്ലേതു മുറിയും സ്വന്തമായവൻ  
അച്ഛന്റെ നെഞ്ചകത്തിരുന്നു പുകഞ്ഞു.
പെങ്ങളുടെ കണ്ണിൽ പെരുമഴയായി പെയ്തിറങ്ങി.
ചക്രവ്യൂഹത്തിൽ കുടുങ്ങിയവൻ
കൂട്ടുകാരുടെ എരിയുന്ന മൌനങ്ങളിലെന്നേക്കുമായി ചേക്കേറി.
ഭേദിക്കാനാവാതുള്ളിൽ കുടുക്കുവാൻ
പത്മവ്യൂഹം ചമച്ചു കാത്തിരുന്നവ ർ.
അന്ത്യപ്രാര്‍ത്ഥനയിൽ അലറി.
“ദൈവനാമത്തിൽ 
ജീവന്‍ എടുക്കുവാൻ അധികാരികൾ ഞങ്ങൾ. 
നിന്റെ രക്തമവനുള്ളതാകയാൽ
ബലിച്ചോര മോന്തിയവൻ കനിയുമാറാകട്ടെ.”
രക്തസാക്ഷ്യത്തിന്റെ നിരയ്ക്ക് നീളമേകിയവർ  
കാണാമറയത്ത് ഒളിച്ചുകഴിഞ്ഞു.
ദൈവമേ, ഇനി നിന്റെ ഊഴം.
കടവായിലൂടെ രക്തമൊലിപ്പിച്ച്;
ജീവന്‍ നുണഞ്ഞിറക്കുമ്പോൾ;
മരണത്തെ ആഘോഷമാക്കുമ്പോൾ;
മരിക്കാത്ത നിന്നെ കൊല്ലുവാനൊരു മോഹം
നുരയിട്ടു പൊങ്ങുകയാണെന്നുള്ളിൽ.

(കാരവന്‍ അര്‍ഥം മാസികയില്‍ പ്രസിദ്ധീകരിച്ചു.)