Monday, December 31, 2012

മുങ്ങിമരിച്ച ഗര്‍ഭപാത്രങ്ങള്‍

ആറുദിവസത്തിന്റെ അധ്വാനത്തിനുശേഷം
ആറുപേരേഴാംദിവസം ഇരപിടിക്കാനിറങ്ങി.
ഡിസംബര്‍ പതിനാറിന്റെ ഞായറാഴ്ച്ചയില്‍
ഇന്ദ്രപ്രസ്ഥത്തിലെ രാജവീഥികളില്‍
ചോരക്കൊതിയൂറും നാക്കുനീട്ടി
വേട്ടനായ്ക്കളലറിപ്പാഞ്ഞു.
ഇരകളെ വായ്ക്കുള്ളിലൊതുക്കി;
കടിച്ചുകീറാന്‍ തക്കംപാര്‍ത്ത്;
തല്ലിക്കൊല്ലാനാളില്ലാഞ്ഞ്;
പേപിടിച്ച പട്ടികള്‍
തലങ്ങും വിലങ്ങും പാഞ്ഞു.
ആണിനെയടിച്ചിട്ട്;
പെണ്‍മാംസം കീറിമുറിച്ച്;
ഷണ്ഡത്വമാഘോഷിച്ച് ;
അന്ധകാരത്തിലൂളിയിട്ടവ.
കത്തിയും കഠാരയും ഇരുമ്പുവടിയും
ആണത്തത്തിന്നടയാളമാക്കി;
ജനനേന്ദ്രിയം ഭേദിച്ച്;
ഗര്‍ഭപാത്രം തുരന്ന്;
വന്‍കുടല്‍ മുറിച്ച്;
ആണത്തം കെട്ടുപോയവര്‍
പിന്‍വാങ്ങുമ്പോള്‍
പണ്ടെപ്പൊഴോ
ജനനേന്ദ്രിയം പിളര്‍ന്ന്
പിശാചുക്കളിറങ്ങിവന്ന
ഗര്‍ഭപാത്രങ്ങള്‍
തലസ്ഥാനനഗരിയിലൊഴുകിയ
പെണ്‍ചോരയില്‍
വിറങ്ങലിച്ച് മുങ്ങിമരിച്ചു.
മൃതിയടഞ്ഞ ഗര്‍ഭപാത്രങ്ങളില്‍
ചെകുത്താന്മാരിപ്പോഴും
മുളച്ചുകൊണ്ടിരിക്കുന്നു.


2012ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ബസില്‍വെച്ച് ക്രൂരമായി ബലാത്സംഗത്തിനിരയായി നൊന്തുനൊന്ത് മരിച്ച ജ്യോതി എന്ന പെണ്‍കുട്ടിയുടെ ദുരന്തത്തില്‍ എന്റെ നോവുകൂടി ചേര്‍ക്കുന്നു.
Saturday, December 8, 2012

ചക്കക്കാര്യം

പറയാനൊരു കാര്യമുണ്ടല്ലോ
കേള്‍വിക്കാര്‍ തലകുടഞ്ഞു
'ഓ..വലിയൊരു ചക്കക്കാര്യം.'
ആരോ വലിച്ചെറിഞ്ഞ്
മണ്ണില്‍ പൂണ്ട്
പുതുമഴയില്‍ കുതിര്‍ന്ന്,
മുളപൊട്ടി
ഓരില,ഈരില,മൂവില
കൂപ്പുകൈ നിവര്‍ത്തി
ഇളംകാറ്റിലാടി
വളര്‍ന്ന്, പടര്‍ന്ന്,പന്തലിച്ച്
പൂവിട്ട്,കായിട്ട്
മൂത്തുപഴുത്തൊരു ചക്ക.
ചക്കയ്ക്കുമുണ്ടേറെ പറയാന്‍.
തട്ടിന്‍പുറത്തെ ചീനഭരണയില്‍
ശര്‍ക്കരപ്പാവില്‍ കുഴഞ്ഞ്
അഗ്നിയില്‍ സ്ഫുടംവരാന്‍
കാത്തുകാത്തിരുന്നതും
അച്ഛനില്ലാത്തഞ്ചാറു മക്കള്‍ക്ക്
അടുക്കിയരിഞ്ഞമ്മ വെച്ചുവിളമ്പിയതും
കര്‍ക്കിടകത്തിലെ പട്ടിണിക്കുളിരില്‍
വടക്കുഭാഗത്തെ മണ്‍കൂന
മാന്തിയെടുത്തടുപ്പില്‍ ചുട്ട്
എരിവയറിന്‍ പുകച്ചിലകറ്റിയതു
മിന്നു വെറും പഴങ്കഥ.
തായ്ത്തടിയിലറക്കവാളിന്‍ വായ്ത്തല
രാകിമുറിച്ച് മണ്ണിലടിഞ്ഞു വീണ്,
ഇനിയൊരു തളിരില്ലെന്നു
മനംകലങ്ങിയുതിര്‍ന്നുവീണ
കുരുപെറുക്കിയെടുത്തൊരാള്‍
വെളുത്തതാളിലടുക്കിവെച്ച്
ജീവന്റെ പച്ച നിറച്ച്
പറയുന്നുണ്ടൊരുപാട് ചക്കക്കാര്യം.
തേനൊലിക്കും ചുളയില്‍
കൊതിയൂറി
ചക്കമാഹാത്മ്യത്തില്‍
മനംമയങ്ങി
താളുകള്‍ മറിഞ്ഞു
മറിഞ്ഞൊരു 'ചക്ക'.

(കുയിലൂരെ സാഹിത്യപ്രേമികള്‍ പ്രസിദ്ധീകരിക്കുന്ന ചക്ക കൈയെഴുത്തു മാസികയ്ക്കു വേണ്ടിയെഴുതിയത്)