Friday, March 8, 2013

വനിതകള്‍ക്കെത്ര ദിനം?

ദാരിക വധത്തിനു സമയമായ്
ദാരികന്മാരനേകര്‍ ചൂഴ്ന്നു നില്‍ക്കെ.
പിറന്നു വീഴണമായിരം കൈകളില്‍
ആയുധമേന്തിയ ദുര്‍ഗമാര്‍.
ചടുലനൃത്തമാടിയറുത്തുവീഴ്ത്തണം
അരങ്ങുവാഴും ദാരികശിരസ്സുകള്‍.
പൊടിച്ചുവളര്‍ന്നൊരുദരം മറന്നവര്‍
പിറന്നു വീണ മണ്ണു മറന്നവര്‍
നരകാഗ്നിയിലെരിക്കും പെണ്ണുടല്‍.
ആങ്ങളയല്ലച്ഛനല്ലമ്മാവനും
ആര്‍ത്തിപൂണ്ടു കടിച്ചുകീറാന്‍
ആര്‍ത്തണയും നരാധമന്മാര്‍.
അമ്മയും പെങ്ങളും പഴഞ്ചനായ്
പകരം വെക്കാനിരകള്‍ മാത്രം.
പകുത്തു തിന്നാനിരകള്‍ മാത്രം.
കാല്‍ച്ചുവട്ടിലിരുന്നു കരയും
കാമിനിയായ് മാറിടൊല്ല
കാരിരുമ്പ് കരളിലേന്തി
സംഹരിക്കാന്‍ കൈയിലേന്തി
വരുന്നു ഞങ്ങള്‍ വരിവരിയായ്
വനിതകള്‍ക്ക് വഴിയൊരുക്കാന്‍.
വനിത ഞാനുമേതു ദിനവുമെനിക്കു സ്വന്തം
ഏതു വഴിയുമെന്റെ കാല്‍ച്ചുവട്ടില്‍
ഏതു ചക്രവും തിരിക്കുമെന്റെ കൈയുകള്‍.

Thursday, March 7, 2013

കൊന്നതെന്തിന്?

പുലിപ്പേടിയിലുറക്കംകെട്ടുപോയവര്‍
സ്വപ്നം കണ്ടൂ കാടിറങ്ങും പുലികളെ.
കാട്ടുപുലിയല്ലത് പാവം
കടലാസുപുലിയെന്നോ!
പന്ത്രണ്ടിന്റെ കുസൃതികള്‍ മിന്നും
മിഴികളില്‍ പുലിയെ കണ്ടു വിറച്ചവര്‍
വിറയാര്‍ന്നില്ലൊട്ടും ബലിനല്‍കീടാന്‍.
കുഞ്ഞുവായൊന്നു തുറക്കാന്‍,
അലറിക്കരയാന്‍ ഇടനല്‍കാതെ
അരുമക്കുഞ്ഞിന്‍ പ്രാണനെടുത്തവര്‍.
അരുതരുതെന്നു തടയാന്‍
അരനിമിഷം വൈകിപ്പോയവര്‍
നോവുനിറഞ്ഞ് മാറുചുരന്ന്
സങ്കടപ്പെരുവെള്ളമൊഴുക്കി.
പുഴനിറഞ്ഞതു കടല്‍ കടന്ന്
തിരതല്ലിയൊഴുക്കീ ദന്തഗോപുരങ്ങള്‍.
സുവര്‍ണസിംഹാസനങ്ങളും.
കൊന്നതെന്തിനെന്നു
വീണ്ടുമശാന്തിയുടെ
നിലവിളികള്‍ മുഴങ്ങവേ.
സ്ത്രീശാപത്തിനുമേലൊരു
ബാലശാപവുമേറ്റുവാങ്ങി
രാവണപുരിയൊന്നു കിടുങ്ങി.
ചാമ്പലില്‍ തളിര്‍ത്തതു മുങ്ങീ
മറ്റൊരു പാതാളത്തിന്‍ പടുകുഴിയില്‍.

എല്‍.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകന്‍ ബാലചന്ദ്രനെ ശ്രീലങ്കന്‍ സൈന്യം കസ്റ്റഡിയിലെടുത്ത് വെടിവെച്ചു കൊന്നുവെന്ന് വാര്‍ത്ത.

Friday, March 1, 2013

തിരിച്ചെറിയാം കല്ലുകള്‍

നീതിമാന്റെ വിധിപ്രസ്താവം
വ്യഭിചാരിയിവള്‍.
കല്ലെറിയാമാര്‍ക്കും
നേതാക്കളുമാക്രോശിച്ചു.
"പിഴച്ചവള്‍...പിഴച്ചവള്‍.”
അധികാരികള്‍ ചമച്ചൂ ഭാഷ്യം.
'വ്യഭിചാരിയൊരു സ്ത്രീലിംഗപദം.'
പഴഞ്ചന്‍ പ്രമാണത്തില്‍
കല്ലെറിഞ്ഞു കൊല്ലണം.
പുതിയനിയമത്തില്‍
എറിഞ്ഞുകൊണ്ടേയിരിക്കാം.
നെറ്റിയിലും കണ്ണിലും
കവിളിലും കരളിലും
വീണുകൊണ്ടിരിക്കും
കല്ലുകളാജീവനാന്തം.
പരിക്കുകള്‍ ചിലപ്പോള്‍
കല്ലിച്ചുപോയേക്കാം.
ഏറെയും നിണമൊലിച്ച്
പഴുത്ത് ചീഞ്ഞുനാറാം.
പുഴുക്കളതില്‍ നുരച്ച്
കറുത്ത തലയിളക്കി
പുളച്ചുകളിക്കും.
പാപം ചെയ്യാത്തവരെ
തെരഞ്ഞിറങ്ങിയ
പ്രവാചകന്‍
തിരിച്ചുവന്നില്ലിനിയും.
പാപിനിയെന്നാര്‍ത്ത്
കല്ലുകളടുക്കുമ്പോള്‍
കൈപ്പിടിയിലൊതുക്കി
തിരിച്ചെറിയാം.
ദുര്‍ബ്ബലമെന്റെ കൈയിലുമുണ്ട്
തിരിച്ചെറിയാനൊരു കല്ല്.