Wednesday, October 1, 2014

. ‘കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ.’.



വീട്ടിൽ സഹായിക്കാന്‍ വരുന്നയാൾ പണിമുടക്കിയപ്പോൾ അടുത്തുള്ള സുഹൃത്തിന്റെ സഹായം തേടി. അവരുടെ നിര്‍ബ്ബന്ധം സഹിക്കാൻ കഴിയാതായപ്പോഴാണ് അവരുടെ ഔട്ട് ഹൌസിൽ താമസിക്കുന്ന തമിഴാംഗന ഒരുദിവസം പണിക്കു വന്നത്. അവൾ ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ചൂടുള്ള വാര്‍ത്ത‍ ടെലിവിഷനിൽ തെളിഞ്ഞത്. ‘തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അറസ്റ്റ്ചെയ്തു.’
“നിങ്ങളുടെ ജയാമ്മയെ അറസ്റ്റ്ചെയ്തല്ലോ.” എന്നു ഞാൻ പറഞ്ഞപ്പോൾ അവൾ അടിച്ചുവാരൽ നിര്‍ത്തി ;ചൂലും കൈയിലേന്തി നിവര്‍ന്നു നിന്നു.
“അവാള് ഞങ്ങക്ക് നല്ലത്. ഭൂമി തന്നു. വീട് തന്നു. ടി.വി.തന്നു. മിക്സി തന്നു. എല്ലാരും കക്കും. പിന്നെ അവാള മാത്രം പിടിച്ചതെന്താ.”  മക്കളെ നാട്ടിലാക്കി അന്നം തേടി കേരളത്തിലെത്തിയ തമിഴത്തി യാതൊരു വികാരപ്രകടനവുമില്ലാതെയാണിത് പറഞ്ഞത്. കുറെക്കാലമായി കേരളത്തിൽ താമസിക്കുന്നതുകൊണ്ടാണോ എന്നറിയില്ല. തമിഴര്‍ക്ക് സഹജമായ വൈകാരികത ഒട്ടുമവൾ കാണിച്ചില്ല. ഭരിക്കുന്നവരെക്കുറിച്ചുള്ള പൊതുജനാഭിപ്രായത്തോടൊപ്പം മുഖ്യമന്ത്രി ജയലളിത ഏഴൈ തോഴിയാണെന്ന സർട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.
അഴിമതി നടത്തി സ്വത്ത് സമ്പാദിച്ചു എന്ന്‍ ആരോപണമുണ്ടായപ്പോൾ  ജയലളിതക്കൊപ്പം നില്‍ക്കാൻ മനസ്സ് അനുവദിച്ചില്ല. അവര്‍ക്ക് ശിക്ഷ കിട്ടണം എന്നും അന്ന് ആഗ്രഹിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം കോടതി ജയലളിതയെ ശിക്ഷിച്ചിരിക്കുന്നു കേട്ടപ്പോൾ ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെ എന്നാണ് ആദ്യം തോന്നിയത്. പക്ഷേ, തമിഴത്തിയുടെ വാക്കുകൾ എന്റെ മനസ്സിനെ അല്‍പ്പം ചലിപ്പിച്ചു.
എന്തൊക്കെ പറഞ്ഞാലും അവർ പ്രഗത്ഭയായൊരു ഭരണാധികാരിയാണ്. ഉറച്ച തീരുമാനങ്ങളെടുക്കാൻ പ്രാപ്തയായൊരു വനിതയാണ്‌. ജനങ്ങളോടൊപ്പം നില്‍ക്കുന്ന ഭരണാധികാരിയാണ്. മുല്ലപ്പെരിയാർ പ്രശ്നത്തിലൊക്കെ നമ്മളത് അനുഭവിച്ചതാണല്ലോ.
ഇന്ത്യൻ പാര്‍ലമെന്റിലും നിയമസഭകളിലും പത്ത് ശതമാനം പോലും വനിതകളില്ല ഇപ്പോഴും. അപ്പോഴാണ്‌ ഇന്ത്യൻ പ്രധാനമന്ത്രി പദംപോലും കൈയെത്തിപ്പിടിക്കും എന്ന്‍ പ്രഖ്യാപിക്കുന്ന,സ്വന്തം കഴിവ് കൊണ്ട് തമിഴകത്തിന്റെ മുഖ്യമന്ത്രിവരെയായ   ജയലളിതയെന്ന ഉരുക്കുവനിത ഇന്ത്യൻ രാഷ്ട്രീയത്തില്‍നിന്നും തുടച്ചുനീക്കപ്പെടാവുന്ന വിധിയുണ്ടാവുന്നത്. എത്ര ഉന്നത പദവി വഹിക്കുന്ന ആളായാലും നീതിപീഠത്തിന്റെ മുന്നിൽ തുല്യരാണ് എന്നത് സന്തോഷം തരുന്നുണ്ടെങ്കിലും ജയലളിത രാഷ്ട്രീയയവനികയ്ക്കു പിന്നിൽ മറയുന്നത് എന്നെ സന്തോഷിപ്പിക്കില്ല. അപ്പോഴെന്താണ് ഈ വിധിയെക്കുറിച്ച് ഞാൻ പറയേണ്ടത്. ‘കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ.’.