Sunday, June 13, 2010

ഇങ്ങനെയൊരാള്‍ നമ്മുടെയിടയില്‍

2010 മാര്‍ച്ച് 3 വൈകുന്നേരം 5 മണി.സ്കൂളില്‍ നിന്നെത്തിയ ഉടനെ ലാപ്‌ടോപ്‌ തുറന്നു.വന്ന മെയിലുകള്‍ നോക്കി.വലിയ ബ്ലോഗ്ഗര്‍ ആയതിനു ശേഷമുള്ള ശീലമാണിത്.വലിയ എന്നത് ഞാന്‍ ചേര്‍ത്ത ഒരു വിശേഷണമാണ്.ജനം അംഗീകരിക്കാന്‍ സാധ്യത കുറവാണ്.കൂട്ടത്തില്‍ മോഹപ്പക്ഷി ‘ചിറകൊടിഞ്ഞ പക്ഷികളിലേക്ക്’ ഒരു കമന്റും. സര്‍ഗ വൈഭവത്തിനൊരു കമന്റ് കിട്ടിയാല്‍ സ്വര്‍ഗം കിട്ടിയ പോലെയാണെനിക്ക്.
‘ഒരു നുറുങ്ങ്’ആണ് കമന്റിട്ടത്.
‘വായിച്ചപ്പോള്‍ വല്ലാത്ത ഒരിത്..ദൈവം അവര്‍ക്കു മനസ്സമാധാനവും
ശമനവും സാന്ത്വനവും നല്‍കട്ടെയെന്ന്
പ്രാര്‍ഥിക്കുന്നു...അവര്‍ക്കു വേണ്ടി മാസാന്ത
പെന്‍ഷനു ശ്രമിക്കാം.’

ഒരു ബ്ലോഗറാണെന്നു മാത്രം മനസ്സിലായി.
അത് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ ബെല്ലടിച്ചു. അറിയാത്തൊരു നമ്പര്‍. 10E ലെ കുട്ടികളിലാരെങ്കിലുമായിരിക്കും എന്നോര്‍ത്തു കൊണ്ട് ഫോണെടുത്തു.ദാ നമ്മുടെ നുറുങ്ങ് എന്ന ഹാറൂണ്‍ഭായി.

വളരെ സാഹസികമായിട്ടാണ് അദ്ദേഹമെന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചത്. ‘ചിറകൊടിഞ്ഞ പക്ഷികള്‍’വായിച്ച്‌ അദ്ദേഹം വളപട്ടണം പോലിസ്‌ സ്റ്റേഷനിലേക്ക് വിളിച്ചു. മൂന്നു വര്‍ഷം മുമ്പ്‌ വളപട്ടണത്തു വെച്ചു ബസ്സപകടത്തില്‍ പരിക്കേറ്റ റിജേഷിന്റെ മേല്‍വിലാസം സമ്പാദിച്ചു.എന്നിട്ട് അവന്‍റെ വീട്ടിലേക്ക്‌ ആളെ അയച്ച് അവന്‍റെ ഭാര്യയുടെ ഫോണ്‍ നമ്പര്‍ വാങ്ങി. ആശുപത്രിയിലുള്ള അവളെ വിളിച്ച്‌ എന്റെ നമ്പറിലെത്തി.

പരിചയപ്പെട്ടതിനു ശേഷം താനും കിടപ്പിലായ ഒരാളാണെന്നു പറഞ്ഞു.കണ്ണൂര്‍ താണയില്‍ വീട്.നാലു കൊല്ലം മുമ്പ്‌,കൃത്യമായി പറഞ്ഞാല്‍ 2006ഫെബ്രുവരി 26 നു രാവിലെ ടെറസ്സില്‍ നിന്നു വീണു നട്ടെല്ലിനു പരിക്കേറ്റ്‌ അരയ്ക്കു താഴെ തളര്‍ന്നു പോയി.കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നിരക്ഷരന്റെ ബ്ലോഗ്‌ വായിക്കണമെന്നു പറഞ്ഞ്‌ അദ്ദേഹം ആ ലിങ്ക് അയച്ചു തന്നു.

നിരക്ഷരന്റെ കണ്ണൂര്‍ കോട്ട വായിച്ചപ്പോഴാണ് എനിക്കദ്ദേഹത്തിന്റെ മഹത്ത്വം കൂടുതലറിയാന്‍ കഴിഞ്ഞത്.ബാബു ഭരദ്വാജ് മാധ്യമം വാരികയില്‍ അദ്ദേഹത്തെക്കുറിച്ച് തുടര്‍ച്ചയായി എഴുതികൊണ്ടിരിക്കുന്നതും ഷെയ്ക്ക്‌ പരീത്‌ എന്ന് പേരിട്ടതുമൊക്കെ അവിടെ നിന്നറിഞ്ഞു.ഇങ്ങനെയൊരു പേരില്‍ മറഞ്ഞിരുന്നത് കൊണ്ടാടപ്പെടാന്‍ ആഗ്രഹാമില്ലാഞ്ഞിട്ടാണെന്നും മനസ്സിലായി.

തളര്‍ന്നു കിടക്കുന്നവര്‍ എവിടെയെങ്കിലും ഉണ്ടെന്നൊരു സൂചന കിട്ടിയാല്‍ അദ്ദേഹത്തിന്റെ വീല്‍ ചെയര്‍ അങ്ങോട്ടുരുളും.അതിനു ദൂരമോ കാലമോ ഒന്നും തടസ്സമല്ല.അവര്‍ക്കു വേണ്ടി എന്തും ചെയ്യും.എവിടെയും എത്തും.
ആശ്വസിപ്പിക്കും.സാമ്പത്തികമായി സഹായിക്കും.ചികിത്സിക്കാനും സൌകര്യമുണ്ടാക്കും.പലര്‍ക്കും ജീവിതവുമുണ്ടാക്കിക്കൊടുത്തിട്ടുണ്ട്.

എനിക്കും അദ്ദേഹത്തിനും ഇടയിലുള്ള ലിങ്കും അത്തരമൊരു രോഗിയാണ്. ‘ചിറകൊടിഞ്ഞ പക്ഷികളിലെ’ റിജീഷ്.അവന്റെ കുറെ കാര്യങ്ങള്‍ അദ്ദേഹം ഏറ്റെടുത്തു.സാമ്പത്തിക സഹായത്തിനു പുറമേ അവന്റെ കുടുംബത്തിന് മനോധൈര്യം പകരുന്നതടക്കം.

20 കൊല്ലത്തിനു മുമ്പ്‌ മസ്കുലര്‍ ഡിസ്ട്രോഫി വന്നു കിടപ്പിലായ രാജേഷിനു പ്രത്യാശയും ജീവിതവും നല്‍കിയത്‌ അദ്ദേഹമാണ്.ഇന്നവന് സ്നേഹമയിയായ ഒരു ഇണയുണ്ട്.അതും അദ്ദേഹത്തിന്റെ പ്രേരണ കൊണ്ട്.അവര്‍ക്ക്‌ ജീവിതമാര്‍ഗമുണ്ടാക്കാനുള്ള തത്രപ്പാടിലാണദ്ദേഹമിപ്പോള്‍.തന്റെ ബ്ലോഗില്‍ അവരെക്കുറിച്ചെഴുതി സഹായിക്കാന്‍ സുമനസ്സുകളെ പ്രേരിപ്പിക്കുകയാണ്.

‘കൂട്ടരേ....
കാര്യങ്ങള്‍ നല്ല നിലയില്‍ മുന്നോട്ട് പോവാന്‍ പ്രാര്‍ത്ഥിക്കാം...പക്ഷെ, ,ധീരമായ ഒരു തീരുമാനമെടുത്ത രാജേഷിനും
അവനെ സേവിക്കാന്‍ തയാറായി വന്ന മിനിക്കും പല പ്രതിസന്ധികളെയും തരണം ചെയ്യേണ്ടതുണ്ട്‌. പരമ ദരിദ്രരായ അവരുടെ ഒന്നാമത്തെ പ്രശ്നം സാമ്പത്തികം തന്നെയാണ്.ഈ കാര്യത്തില്‍ അവരെ സഹായിക്കാന്‍ നമുക്കാവില്ലേ? മിനിയോട് തയ്യല്‍ പഠിക്കാന്‍ പറഞ്ഞിട്ടുണ്ട്.പ്രിയ ബ്ലോഗ് സുഹൃദ്സമൂഹമേ,..! ഈ നുറുങ്ങിനാല്‍ സാദ്ധ്യമാവുന്ന കൊച്ചു സഹായങ്ങള്‍ ചെയ്തു തുടങ്ങി...അത് വളരെ ചെറിയ രീതിയില്‍ മാത്രം..അണ്ണാറക്കണ്ണനും തന്നാലായത്..ബ്ലോഗുലകത്തിന്‍റെ സഹകരണം ആ നവദമ്പതികള്‍ക്കായി നല്‍കുമല്ലോ..പ്രതീക്ഷയോടെ നിങ്ങളുടെ നുറുങ്ങ്.’ഇത് അദ്ദേഹത്തിന്റെ വാക്കുകള്‍.

ഇപ്പോള്‍ രാജേഷിനെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സിക്കാന്‍ അയച്ചിരിക്കുകയാണ്.പന്ത്രണ്ടു വര്‍ഷമായി ഒരു ഡോക്ടറെ പോലും കാണാന്‍ കഴിയാത്ത രാജേഷിനെ.

ഇങ്ങനെ ഒരു റിജീഷും രാജേഷും മാത്രമല്ല അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പ് പിടിച്ചു പിച്ച വെക്കുന്നത്.മലപ്പുറത്തെ മാരിയത്തും തിരുവനന്തപുരത്തെ പ്രീതിയും കണ്ണൂര്‍ക്കാരി നീതുവുമൊക്കെ അദ്ദേഹത്തിന്‍റെ സ്നേഹ പരിലാളനകള്‍ അനുഭവിക്കുന്നവരാണ്. അവര്‍ക്കൊക്കെ അദ്ദേഹം പ്രിയപ്പെട്ട ഉപ്പയായി മാറിയിരിക്കുന്നു.

അദ്ദേഹം ഇപ്പോള്‍ നാല്‍പതോളം പേരെ മാസംതോറും പെന്‍ഷന്‍ നല്‍കി സഹായിക്കുന്നുണ്ട് എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്.സാധാരണയായി എന്തെങ്കിലും സഹായിക്കേണ്ടി വന്നാല്‍ അതോടെ എല്ലാവരും നിര്‍ത്തും.എന്നാല്‍ ഹാറൂണ്‍ ഭായി അതോടെ അവരുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുകയാണ്‌ ചെയ്യുന്നത്.

ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന, പ്രകൃതിയെ വായിക്കുന്ന
അദ്ദേഹം നല്ലൊരു മനശ്ശാസ്ത്രജ്ഞനും കൂടിയാണ്.ആര്‍ക്കു എന്താണ് ആവശ്യമെന്ന് അദ്ദേഹത്തിന് നന്നായറിയാം.രക്ഷിതാവും അച്ഛനും സുഹൃത്തുമൊക്കെയായി നമ്മുടെ മനസ്സിലേക്കദ്ദേഹം പതുക്കെ കയറും.
ഗാന്ധിജിയെക്കുറിച്ച് ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു.സ്ത്രീകള്‍ അദ്ദേഹത്തോട് അവരുടെ ഏതു പ്രശ്നവും തുറന്നു പറയും.ഒരു കൂട്ടുകാരിയോടെന്ന പോലെ.അതിനദ്ദേഹം തന്റെ പൌരുഷം മുഴുവനെടുത്തു മാറ്റി.
ഹാറൂണ്‍ ഭായിയെക്കുറിച്ച് ഇങ്ങനെ പറയുന്നത് അതിശയോക്തിയായി മറ്റുള്ളവര്‍ക്കു തോന്നിയേക്കാം.പക്ഷേ,എനിക്കും ജലറാണി ടീച്ചര്‍ക്കും മറ്റു പലര്‍ക്കും ഈ അനുഭവമാണുള്ളത്.തന്‍റെ ഒരു ആണ്‍ സുഹൃത്തിനോട്‌ സംസാരിക്കുന്നതുപോലെ തന്നെ ഏതു കാര്യത്തെക്കുറിച്ചും അദ്ദേഹം എന്നോട് സംസാരിക്കാറുണ്ട്.ഞങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് തിരിച്ചങ്ങോട്ടും.

ബാബു ഭരദ്വാജ് മാധ്യമം വാരികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കഥ വായിച്ചപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി.അവശരെയും ദു:ഖിതരെയും സഹായിക്കുക എന്നത് അദ്ദേഹത്തിന്റെ ജന്മസ്വഭാവമാണ്.പ്രവാസിയായിരുന്ന ഉപ്പയുടെ പ്രവാസിയായ മകന്‍. പ്രവാസത്തിന്‍റെ സര്‍വ ദുരിതങ്ങളിലൂടെയും നീന്തിക്കയറി വന്ന ഹാറൂണ്‍ കഷ്ടപ്പെടുന്ന പ്രവാസികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു. ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ അവരുടെ ജീവന്‍ പോലും രക്ഷിക്കാന്‍ രക്ഷകനായി അദ്ദേഹമുണ്ടായിരുന്നു.

കഠിനാധ്വാനിയായിരുന്നു ഹാറൂണ്‍ ഭായി.അദ്ദേഹത്തിനു ഒരുപാട് ജോലികള്‍ അറിയാം.എല്ലാം സ്വയം പഠിച്ചത്.ഗള്‍ഫിലെ ആദ്യ വേഷം തുന്നല്‍ക്കാരന്റേ തായിരുന്നു.സൗദി അറേബ്യയില്‍ ഒരു അറേബ്യനുമായി പാര്‍ട്ണര്‍ ഷിപ്പില്‍ കുപ്പായം തുന്നി.പിന്നീട് ഒരു പലസ്തീനിയുടെ അടുത്ത് നിന്നും ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നതിനു പകരമായി ടൈപ്പ്റൈറ്റിംഗ് പഠിച്ചു. നല്ല ഡ്രൈവറും മെക്കാനിക്കുമാണ്.പിന്നീട് ജുബ്ബൈയ്യലിലേക്ക് പോയി.ഖാലിദ്‌ രാജാവിന്റെ മകന്റെ മകന്റെ കമ്പനിയില്‍ ജോലി കിട്ടിയെങ്കിലും ജോലിക്കു ചേരാനുള്ള കടലാസ് പഴയ കഫീല്‍ കീറിക്കളഞ്ഞു.മറ്റൊരറബിയുടെ കീഴില്‍ ജോലി ചെയ്തു ആറു കൊല്ലം .പിന്നെ അല്‍റാജി സൂപ്പര്‍ മാര്‍ക്കറ്റ്‌ തുടങ്ങി.റിയാദിലെ സ്റ്റേഡിയത്തിനടുത്ത്‌.സദ്ദാമിന്റെ കുവൈത്ത്‌ ആക്രമണത്തില്‍ മക്കാ റോഡ്‌ വഴിമാറി കച്ചവടം തകര്‍ന്നിട്ടും ഹാറൂണ്‍ തകരാതെ പിടിച്ചു നിന്നു. ഏതു ജോലിയും ആത്മാര്‍ത്ഥമായി ചെയ്യുന്നതുകൊണ്ട് പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാന്‍ കഴിഞ്ഞിരുന്നു. പിന്നെ അദ്ദേഹം പോയത്‌ ദുബായിലേക്കാണ്.അവിടെ നിന്നും മസ്കറ്റിലേക്കും.ഒമാന്‍ ചുറ്റിക്കാണാന്‍ മോഹം.സലാലയിലെത്തി.അവിടെ ഒരു സ്കൂള്‍ ബസിന്റെ ഡ്രൈവറായി. ഒഴിവു സമയങ്ങളില്‍ സ്കൂള്‍ ലൈബ്രറിയില്‍ വായന.അവിടെ നിന്നാണ് ഒമാന്റെ ചരിത്രം പഠിച്ചത്.സലാലയില്‍ ‘അല്‍റ അദ്‌ പെര്‍ഫ്യൂംസ്’(ഇടിമിന്നല്‍) എന്ന കട തുടങ്ങി.എല്ലാ ഐശ്വര്യവും ആ സുഗന്ധ വ്യാപാരത്തില്‍ നിന്നുണ്ടായി.ഇപ്പോഴും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആ കടയില്‍ നിന്നുള്ള വരുമാനം പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കുന്നു.

അദ്ദേഹത്തിനു പറ്റിയ ആ വീഴ്ച്ചയും അദ്ദേഹം ഉയര്‍ച്ചയാക്കി മാറ്റി എന്നാണ് എനിക്ക് തോന്നുന്നത്.ഇങ്ങനെ പറയുന്നതില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ക്ഷമിക്കണം. ഉപ്പയുടെ അസുഖം മാറ്റാന്‍ പറ്റുന്ന വിഷയം പഠിക്കണമെന്നു പറയുന്ന പുന്നാരമോള്‍ കന്‍ഷാദും ഉപ്പയുടെ കാലുകളും ശരീരവുമായി മാറിയ ചുണക്കുട്ടികളായ ആണ്മക്കളും ഇതുപോലൊരു ഇണയെക്കിട്ടിയതാണ് എന്റെ ഭാഗ്യമെന്നു അദ്ദേഹം വിശേഷിപ്പിക്കാറുള്ള പ്രിയതമ സെറീനയും പൊന്നുമ്മയുമെല്ലാം. കാരണം അവരാണല്ലോ അദ്ദേഹത്തിന്റെ ശക്തിയും പ്രചോദനവും.

തന്റെ ഏതു അവസ്ഥയിലും ഭാഗ്യവാനാണെന്നു പറയാനും ജീവിതത്തിലെ നിയോഗങ്ങള്‍ തിരിച്ചറിയാനും ദൈവവിശ്വാസിയായ അദ്ദേഹത്തിനു കഴിയാറുണ്ട്.സഹജീവികളെ സ്നേഹിക്കലാണ് ദൈവത്തിലെത്താനുള്ള മാര്‍ഗമെന്ന്‍ അദ്ദേഹം വിശ്വസിക്കുന്നു.അതുകൊണ്ടുതന്നെയാണ് കണ്ണൂര്‍ താണയിലെ ‘സഹര്‍ ’നന്മയുടെ പരിമളം പരത്തുന്ന വീടായത്‌. അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുന്ന ഹാറൂണ്‍ ഭായിയുടെ വീട്.

ആദ്യമായി ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ തന്ന പലഹാരം തറയിലടരുത് ഉറുമ്പ് വരും എന്ന്‍ കൂടെയുള്ള കുട്ടികളോട് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഒരിക്കല്‍ കാലില്‍ ഉറുമ്പ് പൊതിഞ്ഞ കഥ പറഞ്ഞു.പ്രത്യേകം തയാറാക്കിയ സ്റ്റാന്റില്‍ പിടിച്ച് രണ്ടു മണിക്കൂറോളം നിന്ന് തിരിച്ച് ബെഡിലിരുന്നപ്പോഴേക്കും ബൂട്സിട്ടതുപോലെ ഉറുമ്പുകള്‍ പൊതിഞ്ഞു കാലിലെ തൊലി മുഴുവന്‍ തിന്നു തീര്‍ത്തിരുന്നു.ഒരു ഉറുമ്പിനോടു പോലും തോറ്റുപോയല്ലോ എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞപ്പോള്‍ ആ ഉറുമ്പുകള്‍ എന്റെ ഹൃദയത്തെയാണ്‌ പൊതിഞ്ഞത്.

ഏതു മാലാഖയാണ് അദ്ദേഹത്തെ ഇങ്ങോട്ടയച്ചത് എന്നെനിക്കറിഞ്ഞുകൂട.
വേദനയില്‍ ശരീരവും മനസ്സും തളര്‍ന്നു കിടക്കുന്ന കുറെ ആത്മാക്കള്‍ക്ക്‌ താങ്ങും തണലുമാവാന്‍ നിയോഗിക്കപ്പെട്ട മാലാഖ തന്നെയാണ് അദ്ദേഹം.അവരുടെയൊക്കെ പ്രാര്‍ത്ഥനയുള്ളപ്പോള്‍ ഹാറൂണ്‍ ഭായി നടക്കുകയല്ല,ഓടുക തന്നെ ചെയ്യും. ദൈവം വലിയവനാണല്ലോ ...ഇന്‍ശാ അല്ലാഹ് ....

Saturday, June 5, 2010

ഉപ്പു തൊട്ടു കര്‍പ്പൂരം വരെ മലയിറക്കും കപ്പല്‍

ജൂണ്‍ 5 പരിസ്ഥിതി ദിനം.ഓരോന്നിനും ഓരോ ദിവസം കൊടുക്കുന്ന കൂട്ടത്തില്‍ പരിസ്ഥിതിക്കുമിരിക്കട്ടെ ഒരെണ്ണം.അതു മതിയോ നമുക്ക്‌? ജീവന്‍ നിലനില്‍ക്കണമെങ്കില്‍ വായു,ജലം,ആഹാരം ഇവ കൂടിയേ തീരൂ എന്ന് എല്ലാര്‍ക്കുമറിയാം.പക്ഷേ ഇതൊക്കെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയും ആവശ്യവുമാണെന്ന് മിക്കവര്‍ക്കും ബോധമില്ല.
ഓരോരുത്തരും വായുവും ജലവും പരിസരവും
എങ്ങനെയൊക്കെ മലിനമാക്കാം എന്നതില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.വ്യവസായശാലകള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ ഭൂമിയെ കൊന്നുകൊണ്ടിരിക്കുന്നു.ഇതിന്റെയൊക്കെ ഫലം ഈ തലമുറ തന്നെ അനുഭവിക്കുകയാണ്.അടുത്ത തലമുറയെക്കുറിച്ച് ചിന്തിക്കുകയേ വണ്ട.


ഓസോണ്‍ പാളിയിലെ വിള്ളല്‍ വലുതായിക്കൊണ്ടിരിക്കുന്നു.
ചൂട്‌ കൂടിക്കൊണ്ടേയിരിക്കുന്നു.
സൂര്യതാപമേറ്റ് പൊള്ളുന്നത് സാധാരണ സംഭവമായിരിക്കുന്നു.നമ്മുടെ നാട്ടില്‍ തന്നെ സൂര്യാഘാതമേറ്റ് മരിച്ചു എന്നാണ്‌ വാര്‍ത്ത.
കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു. ഇടവപ്പാതി എങ്ങോ പോയൊളിച്ചു.തുലാവര്‍ഷം കണികാണാനില്ല.
വെള്ളത്തിന്റെ കാര്യം പറയുകയേ വേണ്ട.പുഴകള്‍ വറ്റി വരണ്ടു.പലതും സരസ്വതിയെപ്പോലെ അന്തര്‍ദ്ധാനം ചെയ്തു കഴിഞ്ഞു. ഉള്ളവയോ കാളിന്ദികളായും മാറ്റി.വെള്ളത്തിനു വേണ്ടി സമരം ചെയ്യേണ്ട അവസ്ഥയിലെത്തി കാര്യങ്ങള്‍ ‍.കുപ്പി വെള്ളമില്ലെങ്കില്‍ കുടിവെള്ളമില്ല.


ഇങ്ങനെ പോയാല്‍ മനുഷ്യ വാസത്തിനു മറ്റേതെങ്കിലും ഗ്രഹം കണ്ടെത്തേണ്ടി വരും.
അടിസ്ഥാനപരമായി ഒരു വ്യവസായശാലയിലും ഭക്ഷണമുണ്ടാക്കാന്‍ കഴിയില്ല.അതിനു പ്രകൃതിയും കൃഷിയും തന്നെ വേണം.വര്‍ദ്ധിച്ചു വരുന്ന ജനങ്ങളെ തീറ്റിപ്പോറ്റാന്‍ വേണ്ടത്ര വിഭവങ്ങള്‍ ഉണ്ടാകുന്നില്ല.ഭക്ഷ്യക്ഷാ
മം പരിഹരിക്കാന്‍ പല പരീക്ഷണങ്ങളും നടത്തുന്നുണ്ടെങ്കിലും വിജയമെന്ന് പറയാന്‍ കഴിയില്ല.കീടനാശിനികളും ബി.ടി.വിത്തുകളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറെയാണല്ലോ.ജീവന്റെ നിലനില്‍പിനു തന്നെ ഭീഷണിയായേക്കാം ഇവയുടെ പ്രയോഗം. വയലുകളിലെ നൈച്ചിങ്ങയും മറ്റും പുരാതന ജീവികളായി മാറിയത്‌ കീടനാശിനി പ്രയോഗം മൂലമാണ്.അതിജീവന ശേഷിയുള്ള പരമ്പരാഗത വിത്തുകളൊക്കെ എവിടെയോ പോയി മറഞ്ഞു.
വിദേശ കുത്തക കമ്പനികളോട് അന്തക വിത്തുകള്‍ കാലാകാലങ്ങളില്‍ അമിത വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലെത്തിയാല്‍ കൃഷിക്കാരനും നൈച്ചിങ്ങയെപ്പോലെ വംശനാശം നേരിടുന്ന ജീവിയാകും.
പിന്നെ ഭക്ഷണത്തിനു നമ്മള്‍ എന്തു ചെയ്യും?
പഴയ കൃഷി രീതികളെ തിരിച്ചു കൊണ്ടു വരാന്‍ കഴിയുമോ?നമ്മുടെ തനതായ കുറെ രീതികളുണ്ടല്ലോ.
അതിലൊന്ന് പരിശോധിക്കാം.ഇന്നത്തെ തലമുറക്ക്‌ കേട്ടു കേള്‍വി മാത്രമായ പുനം കൃഷി.
അമ്പതിലേറെ വര്‍ഷങ്ങള്‍ പിറകോട്ടു പോയി ഒന്നു നോക്കാം.


പുനംകൃഷി
കുന്നുകള്‍  ‍...കുന്നുകള്‍ ‍...കുന്നുകള്‍ ‍...!വടക്ക്‌ തെക്ക്‌ പടിഞ്ഞാറ് കിഴക്ക്‌ നടുക്ക്‌ എല്ലാം കുന്നുകള്‍ ‍.
കക്കോപ്പുറം,ഒറകുണ്ട്,പൊറോങ്കോയി,കാങ്കോയി മല, പുള്ള്യാംകുന്ന്,ചുണ്ടക്കുന്നു അവരുടെ പേരുകള്‍ ഇനിയും നീളും.അവരെ വലം വെച്ച് വലം വെച്ച് വയലുകള്‍.വലിയ വയല്‍,എരുവെരിഞ്ഞി,
കൊര്ത്താംകൊടി,ബയ്യൂക്കി,പെരുന്തിലവയല്‍ ‍,മൈലന്‍മൂല,ഒടേങ്കണ്ടം,പൊള്ളക്കാടി, തോളുരുമ്മി അവരങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു.മഹാസമുദ്രങ്ങള്‍ പോലെ.


‘അല്ല കൂട്ടരേ ,ധനു തീരാറായില്ലേ ..! പന്ത്രണ്ടു കൊല്ലായി കൊത്തും കിളയുമില്ലാത്ത പെരും കാടാ .ഇപ്പളെ കൊത്തിയില്ലെങ്കില്‍ എപ്പാ ഒണങ്ങ്വാ’
കുഞ്ഞപ്പ എടുത്തിട്ടു.
നാരായണന്‍ മൂസ്സോര്‍ കൈ വിരല്‍ മടക്കിക്കൊണ്ട് പറഞ്ഞു .‘ഇന്ന് ധനു 26 ശനിയാഴ്ച.
27,28,29 ചൊവ്വാഴ്ച നല്ല ദിവസാണ്.അന്ന് പുനത്തില്‍ കേറാം.
എല്ലാരോടും പറഞ്ഞേക്ക്.ഇപ്രാവശ്യം കക്കോപ്പുറം ആണെന്നറിയാലോ.നായനാറാട പോയി ശീലക്കാശു വെച്ച് ഏറ്റുവാങ്ങാന്‍ പറ.’
പുനം കൊത്താണ്‌ വിഷയം.12 കൊല്ലം മൂത്ത മലയാണ് തെളിച്ചെടുക്കേണ്ടത്
അഞ്ചു ഉറുപ്പിക ജന്മിക്ക് ശീലക്കാശു വെച്ചാല്‍ ഒരേക്ര കാട് കീഴ്ക്കാര്യസ്ഥന്‍ വന്നു കുറ്റിയടിച്ചു തരും. അടുത്തടുത്ത നാട്ടിലുള്ളവര്‍ ഒന്നിച്ചു ചേര്‍ന്ന് ഒരു മല ഏറ്റെടുക്കും.
വിളവുണ്ടായാല്‍ നോക്കി വാരം നിശ്ചയിക്കും.എങ്കിലും ഒരു നിലപാടുണ്ട്.100സേർ വിളവിന് 16സേർ നെല്ല് എന്നാണ് വ്യവസ്ഥ.
പക്ഷേ അതു പലപ്പോഴും ലംഘിക്കപ്പെടും.നോക്കിച്ചാർത്താൻ വരുന്ന കാര്യസ്ഥന്
കുപ്പിയോ കോഴിയോ കൊടുത്താല്‍ വിളവു കുറയും.ആയിരം അഞ്ഞൂറും അഞ്ഞൂറ് ആയിരവുമാകും.
ആള്‍ ബലമനുസരിച്ചു എത്ര എക്രയുംഏറ്റു വാങ്ങാം.
ഒരുത്തനും ഒരുത്തിയും ചേര്‍ന്നാല്‍ ഒരേക്ര കൊത്താം എന്നാണ് ചൊല്ല് .അതിനു പറ്റുന്നോളെ മാത്രമേ പുട മുറിച്ച് കൊണ്ടരൂ.പണിയെടുക്കാന്‍ മടിച്ചിയാണെങ്കില്‍ ഒരു കൊല്ലം തികയ്ക്കില്ല.അതിനു മുമ്പേ ബാരിക്കെട്ടി പോകും.ഓള് പോയാല്‍ പോട്ടെന്ന് വെക്കും.അടുത്ത പുനം കൊത്തിനു മുമ്പേ കാരണോന്മാര്‍ ചെക്കന് തണ്ടും തടീമുള്ള മറ്റൊരുത്തീന കൊണ്ടുവരും.അത്ര തന്നെ.പെണ്ണും മൂലക്കൊന്നും ആവൂല.അവളെ വേറൊരുത്തന്‍ കൊണ്ടു പോകും. എത്ര സമത്വ സുന്ദരമായ ഏര്‍പ്പാട്‌ .


കീഴ്ക്കാര്യസ്ഥന്‍ വന്ന് കുറ്റിയടിച്ച് അതിര്‍ത്തി തിരിച്ചാല്‍ അടുത്ത പരിപാടി കാട് തെളിക്കലാണ്.ഒന്നിച്ചാണ് കാടു തെളിക്കുക. ആണും പെണ്ണുമടങ്ങിയ സംഘം മല കയറും. കാട് വയക്കി താഴ്ന്നു കിടക്കുന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റും. ചിലപ്പോള്‍ തോക്കുകാരും കൂടെ ഉണ്ടാവും.പന്നി,മാന്‍ തുടങ്ങിയവയെ കിട്ടും.പെരുംപാമ്പുകള്‍ വരെ ഉണ്ടാകും.
ഇവരുടെ മണമടിക്കുമ്പോള്‍ തന്നെ മിക്ക ജീവികളും ഓടിയൊളിക്കും. ശരിക്കും ഒരു രാക്ഷസപ്പട തന്നെ.


കാട് വെട്ടി ഒരു മാസത്തോളം ഉണങ്ങാനിടും.
പിന്നീട് എല്ലാവരും കൂടി ഒന്നിച്ചു വന്ന് കത്തിക്കും.അടുത്ത ദിവസം മുതല്‍ കരിവിറക് ശേഖരിക്കാന്‍ തുടങ്ങും.ഒരു വര്‍ഷം കത്തിക്കാനുള്ള വിറകു കിട്ടും.വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും കരി പിടിച്ച് പ്രച്ഛന്ന വേഷം കെട്ടിയ കാട്ടാളന്മാരായിട്ടുണ്ടാവും എല്ലാവരും.വിറക്‌ ശേഖരിച്ചു കഴിഞ്ഞാല്‍ ഉടനെ കുറ്റി തറിച്ചു കൂട്ടി വീണ്ടും കത്തിക്കണം.


പിന്നെ അങ്ങോട്ട്‌ കയറുന്നത് മേടം രണ്ടിനാണ്.വിഷുവിന്റെ പിറ്റേ ദിവസം.വിതക്കാന്‍ വിത്തുകളുമായി.
പൂത്താട,പാല്‍ക്കഴമ,പുനനെല്ല് തുടങ്ങിയ നെല്‍വിത്തുകളാണ് പുനക്കൃഷിക്ക് വിതക്കുന്നത്.നെല്‍വിത്തിന്റെ കൂടെ തുവര,ചോളം എന്നീ വിത്തുകള്‍ ആനുപാതികമായി ചേര്‍ക്കും.


വിഷു ഒന്നാം തീയതി വൈകുന്നേരം തന്നെ വിത്ത് കൂട്ടി വെക്കും.മേടം രണ്ടിന് പുലര്‍ച്ചയ്ക്ക് കുട്ടികളും വൃദ്ധരുമൊഴികെ മറ്റെല്ലാവരും വിത്തും വര്യയുമായി മല കയറും.വിഷുവിന്റെ സദ്യയുടെ ബാക്കിയുള്ള കുളുത്ത് ചുരയ്ക്കാത്തൊണ്ടില്‍ നിറച്ചു എടുത്തിട്ടുണ്ടാവും.അന്തി മയങ്ങിയാലെ ഇനി തിരിച്ചുള്ളൂ.
വിത്തിട്ടിട്ടു വര്യ കൊണ്ട് മെല്ലെ ഇളക്കിക്കൊടുക്കും.പന്ത്രണ്ടു കൊല്ലം മൂത്ത് തീയില്‍ വെന്ത മണ്ണ് അത്രയ്ക്കു മൃദുവായിരിക്കും.വെണ്ണീരും വെന്ത മണ്ണും വിത്തും കൂടിപ്പിരങ്ങും. അപ്പോള്‍ തന്നെ വേറെ മാറ്റി വെച്ച മുത്താറിയും വിതക്കും.അതിര്‍ത്തി നോക്കി ചാമയും.ഓരോരുത്തരുടെ അതിര്‍ത്തി തിരിച്ചറിയാനും കൂടിയാണിത്.അതിര്‍ത്തിയില്‍ കല്ലിട്ടിട്ടുണ്ടാവും.ചാമ വിളഞ്ഞാല്‍ അതിര്‍ത്തിയില്‍ വകഞ്ഞു വെക്കും. ചാമയുടെ കൂടെ തിനയും വിതക്കും.
ധാരാളം പച്ചക്കറി വിത്തുകളും നടും.
നരയന്‍ കുമ്പളം,താലോലി(പീച്ചില്‍),ചെരം തുടങ്ങി മരത്തില്‍ കയറുന്നവ മരച്ചുവട്ടില്‍ നടും.
വെള്ളരി,കക്കിരി,മത്തന്‍,പയര്‍ തുടങ്ങിയവ നിലത്തും പടരും.
കാട്ടു കയ്പ്പയും കാട്ടു പടവലവും തനിയെ മുളച്ചു വളരും. കാട്ടു കയ്പ്പക്ക കറി വെക്കാം.കാട്ടു പടവലം മരുന്നാണ്.
പുനത്തില്‍ മുളകിന്‍ തടം പ്രത്യേകം ഉണ്ടാക്കും. തടത്തില്‍ വെണ്ടയും കവിള്‍ച്ചോളവും കൂടി നടും.നല്ല മലയാണെങ്കില്‍
ആവണക്കിന്‍ കായ, മുരുക്കിന്‍ കുരു എന്നിവയും പുനത്തില്‍ വിതക്കാം.
വിതച്ചു കുറച്ചു നാള്‍ കഴിഞ്ഞാല്‍ പിന്നെ കാര്യമായി ചെയ്യേണ്ടത്‌ കള പറിക്കലാണ്. പച്ചിലയും വള്ളികളും കളകളും നീക്കം ചെയ്യണം.തളിര്‍ത്ത കുറ്റിയുടെ പച്ചില അരിഞ്ഞു കളയണം.കതിര്‍ ആവുമ്പോള്‍ ഒന്നുകൂടി കള കളയണം..കാട്ടു വള്ളികളറുത്തു വെക്കണം.വലിച്ചാല്‍ കതിര്‍ മുറിഞ്ഞു പോകും.ഇതിനു കതിരിനു വള്ളിയറുക്കല്‍ എന്നു പറയും


വിളവെടുപ്പ്‌


വിളവു ആകുമ്പോള്‍ മുതല്‍ പന്തല്‍ വെച്ച് കാവല്‍ വേണം.ചിങ്ങത്തില്‍ വിളവെടുക്കാന്‍ തുടങ്ങും.പന്നിയും മറ്റും രാത്രി വിള നശിപ്പിക്കും. കുരങ്ങുള്ളിടത്ത് പകലും കാവല്‍ വേണം.ആദ്യം നെല്ല്.നെല്ല് കൊയ്യുമ്പോള്‍ മുത്താറിക്കുണ്ട ചവുട്ടി ഒടിച്ചു വെക്കും.ഇങ്ങനെ ചെയ്‌താല്‍ കൂടുതല്‍ ചിനപ്പുകള്‍ പൊട്ടി ധാരാളം മുത്താറിക്കതിര്‍ക്കുലകള്‍ ഉണ്ടാവും.


നെല്ലിനൊപ്പം തന്നെ ചാമയും വിളവെടുക്കാം.ചാമയരി കഞ്ഞി വെക്കാം.ഏകാദശി നോമ്പെടുക്കുന്നവര്‍ ചാമക്കഞ്ഞിയും ചക്കപ്പുഴുക്കും ആണ് കഴിക്കുക. നല്ല സ്വാദാണേ! അച്ഛന്‍റെ അമ്മ ഏകാദശി നോമ്പിന് സ്നേഹത്തോടെ തരുന്ന ഓര്‍മ.
തിനയും കുത്തി കഞ്ഞി വെക്കുന്ന ഒരു ധാന്യമാണ്.ഒറ്റത്തണ്ടായി വളരും .തുലാവത്തിലാണ് മുത്താറി വിളവെടുക്കുക.
വേളം, തൃച്ഛമ്പരം,കുറ്റ്യാട്ടൂർ,മുല്ലക്കൊടി എന്നിവടങ്ങളിൽ നിന്ന് കൊയ്ത്തുകാര്‍ ഒരു മാസത്തിലേറെക്കാലം കാവുമ്പായിലെ കൃഷിക്കാരുടെ വീടുകളിൽ വന്നു താമസിക്കും.ഞാലി അകങ്ങള്‍ അവര്‍ക്കായി നീക്കി വെക്കും. പിന്നെ കൊയ്ത്തും മെതിയും.ആകെ ഒരു മേളമായിരിക്കും..മുത്താറി നാലിലൊന്നും നെല്ല് പത്തിലൊന്നും പതക്കറ്റ ആയിരിക്കും.ചാമ സുമാർ നോക്കിയും ,തുവര എട്ടിലൊന്നും
മെതിച്ചാൽ 6/100സേർ കൂലി.800 സേർ നെല്ല് മെതിച്ചവർ
വരെ ഉണ്ടായിരുന്നത്രെ.
കാലു പൊട്ടാതിരിക്കാൻ കാലിനു വൈക്കോൽ വളച്ചു കെട്ടും.മുക്കാലിയിൽ പിടിച്ചും കളത്തിന്റെ ഉയർന്ന ചുവർ പിടിച്ചും മെതിക്കും.
കൊയ്തതിൽ അതാതിന്റെ വിളവോഹരിയും കൊണ്ട് കൊയ്ത്തുകാര്‍ പോകും. ചുമക്കാവുന്നതിലധികമുള്ളത് കൃഷിക്കാരന്റെ വീട്ടിൽ സൂക്ഷിച്ച്
പിന്നെ വന്നു കൊണ്ടുപോകും.
സമയത്തിനു മഴ പെയ്യുകയാണെങ്കില്‍ നല്ല വിളവുണ്ടാകും.
പുനക്കൃഷി നന്നായാല്‍ കപ്പല്‍ വന്ന പോലെയാണ്.
കപ്പലില്‍ ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഉണ്ടാകും.
കൊല്ലത്തോടു കൊല്ലം ഉണ്ണാനുള്ള നെല്ല്. തിന,ചാമ,ചോളം,മുത്താറി,എന്നീ ധാന്യങ്ങള്‍ .
പിന്നെ പച്ചക്കറികളും തുവരയും.
വിളക്ക് കത്തിക്കാനാവശ്യമായ എണ്ണ ആവണക്കിന്‍ കായ ആട്ടിയാല്‍ കിട്ടും.
അടുത്ത കൊല്ലം മുരിക്കിൻ കാൽ കൊത്ത്യെടുക്കും മുളകുകൊടി കയറ്റാന്‍.’രണ്ടാം കാലും കല്ലുവള്ളിയുടെ തലയും കേറട്ടടാ കേറട്ടെ’എന്നാണ് പഴമക്കാര്‍ പറയുക..
ചിലപ്പോള്‍ രണ്ടാം വര്‍ഷം വിളവെടുത്ത സ്ഥലത്ത് എള്ളിടും.
പണ്ടത്തെ ആള്‍ക്കാര്‍ ഒന്നും കാശു കൊടുത്ത്‌ വാങ്ങാറില്ല.
ഉപ്പും പുകയിലയും.പിന്നെ തുണിയും.അത്യാവശ്യം ആഭരണങ്ങള്‍ പോലും മിച്ചം വരുന്ന പുന വിഭവങ്ങള്‍ കൊടുത്താണ് വാങ്ങുക.


വല്ല മലയും ഒഴിഞ്ഞു കിടപ്പുണ്ടോ നമുക്കിതൊന്നു തിരിച്ചു കൊണ്ടു വരാന്‍.റബ്ബറിനൊപ്പം അല്പം ഭക്ഷണവും കൂടി വേണ്ടേ? ചിന്തിക്കാന്‍ കഴിയുന്നവര്‍ ചിന്തിക്കൂ.


പിന്നെ വളരെ രസകരം അല്ലേ ഇത്.ചെറുപ്പക്കാര്‍ക്ക്‌ അവരുടെ സാഹസികത്വം പ്രകടിപ്പിക്കാന്‍ ഒരവസരവും ആവും. ഒരു പഠന പ്രോജക്ടായി നമുക്കിത് ഏറ്റെടുത്താലോ.കുട്ടികളില്‍ കൃഷി ഒരു സംസ്കാരമായി വളര്‍ത്തിയെടുക്കാന്‍.പ്രകൃതിയുടെ താളത്തിനൊത്ത്,അവളെ നോവിക്കാതെ. അവള്‍ക്ക്‌ വേണ്ടത്ര വിശ്രമം കൊടുത്തുകൊണ്ടുള്ള ഈ കടുംകൃഷി നമുക്കൊന്നു പരീക്ഷിച്ചു കൂടേ?