Sunday, January 3, 2010

പാഠങ്ങൾ

ഒന്ന്
ഗാന്ധിജി രാമനിലേക്കെത്താൻ കുനിഞ്ഞിരുന്ന് നൂൽ നൂൽക്കുകയായിരുന്നു.കവിത മുരടനക്കിയപ്പോൾ അദ്ദേഹം പറഞ്ഞു.സംസ്കൃതം ഉപേക്ഷിച്ച് വയലിലേക്ക് ചെല്ലാൻ.കവിത ഒരു വിത്തായി വയലിലെത്തി കർഷകന്റെ വരവും കാത്ത് കിടപ്പായി.
ആ... 2010ലെ എസ്.എസ്.എൽ.സി.റിസൾട്ട് നൂറിന്റെ തികവിൽ കൊമ്പത്തെത്തിക്കണം.
അതിനു പ്രഭാതത്തിലും സായാഹ്നത്തിലും ക്ലാസ് കൂടിയേ തീരൂ.
ആ തീവ്രയത്ന പരിപാടിയിലേക്ക് സച്ചിദാനന്ദനും ഗാന്ധിജിയും കവിതയും മെല്ലെ കയറി വന്നപ്പോൾ സായാഹ്ന ക്ലാസിന്റെ വിരസത വളപട്ടണംപുഴ കടന്ന് പമ്പയിൽ പോയി മുങ്ങി മരിച്ചു.
രണ്ട്
പിള്ളേര് ചൊല്ലിച്ചൊല്ലി ആളാകുമ്പോൾ ടീച്ചർക്കുമൊരു പൂതി.ഇതൊന്നു ചൊല്ലിയിട്ടു തന്നെ കാര്യം.
അല്ല പിന്നെ.നമ്മളിതെത്ര കണ്ടതാ ഓ..അല്ല. ചൊല്ല്യതാ.
എന്നാലും ക്ലാസ് തികഞ്ഞ ജനാധിപത്യരീതിയിലാണ്
കുട്ടികളുടെ സമ്മതത്തോടെ ടീച്ചർ കണ്ഠശുദ്ധി വരുത്തി കവിത ചൊല്ലാൻ തുടങ്ങി.
കുട്ടികളും സജീവമായി.
അവർ സച്ചിദാനന്ദനേയും കടന്ന് ഗാന്ധിജിയെ തൊട്ടു തലോടി കവിതയുടെ കൈയും പിടിച്ച് വയലിലേക്കിറങ്ങാൻ തുടങ്ങുമ്പോൾ
ദാ..കയറി വരുന്നൂ ഒരതിഥി.
മൂന്ന്
അതിഥിയെക്കണ്ട് ടീച്ചർ ഞെട്ടി.കുട്ടികളും.
ഒരു നിമിഷം... അയ്യോ..! അതൊരു പ്രാവാണല്ലോ.
അതിനു ശരിക്കു നടക്കാനാവുന്നില്ല.കാലിനെന്തോ പറ്റിയിട്ടുണ്ട്.
ഒട്ടും സംശയിക്കാതെ അത് തത്തിത്തത്തി കുട്ടികളുടെ അടുത്തേക്ക് നീങ്ങി.
ഓ...മനസ്സിലായി.ശത്രു പിറകെയുണ്ട്.
ഒരു കാക്ക.
ടീച്ചർ ചോക്കു കഷണം കൊണ്ട് കാക്കയെ എറിഞ്ഞോടിച്ചു.
ഇനി നിനക്കെന്നെ എന്തു ചെയ്യാനാവുമെടാ എന്ന ഭാവത്തിൽ പ്രാവ് കുട്ടികളുടെ സമീപം കാലും മടക്കി അമർന്നിരുന്നു.
എന്തിനും പോന്ന ചുണക്കുട്ടികളല്ലേ അടുത്തുള്ളത്.പിന്നെന്തു പേടിക്കാൻ!
നാല്
പ്രാവിന്റെ രക്ഷാകർത്തൃത്ത്വമേറ്റെടുക്കാൻ എല്ലാവരും തയ്യാറായി.പ്രത്യേകിച്ചും ഷംനാദ്.
പക്ഷേ ടീച്ചർ സമ്മതിച്ചില്ല.അവനെ അത്രക്കങ്ങോട്ട് വിശ്വസിക്കാനാവില്ല.സ്നേഹം കൊണ്ട് അവനതിനെ ഞെരിച്ചു കളയും.
പിന്നെന്തു ചെയ്യും?
ആലോചനയായി.
തീരുമാനവുമായി.
ഭക്ഷണവും വെള്ളവും മുറിയിൽ കൊണ്ടു വെക്കുക.വാതിൽ പൂട്ടുക.പുറത്തു വിട്ടാൽ കാക്ക കൊത്തിക്കൊല്ലും.
ടീച്ചർ പറഞ്ഞു.'വയ്യാത്ത എന്റെ ക്ലാസിലേക്കു തന്നെ വന്നത് അതിന്റെ വേദന മനസ്സിലാവും എന്ന് കരുതിയിട്ടാവും.അതുകൊണ്ട് അങ്ങനെയൊരിക്കലും സംഭവിക്കരുത്.'
പിന്നെയും പ്രശ്നങ്ങൾ.
എന്താണതിനു തിന്നാൻ കൊടുക്കുക.
കഞ്ഞിപ്പുരയിൽ പോയാൽ അരി കിട്ടില്ലേ എന്നായി ടീച്ചർ.
‘അല്ല ടീച്ചറേ.കഞ്ഞിപ്പുര നേരത്തേ പൂട്ടിയില്ലേ? ‘മഹേഷ് ചോദിച്ചു.
'അവിടെയെല്ലാം വേറിയിട്ടുണ്ടാകും.നീ പോയി പെറുക്കിക്കൊണ്ടു വാ'
ഇത്തിരി മടിച്ചാണെങ്കിലും അവൻ പോയി. ചോറ്റുപാത്രത്തിന്റെ മൂടിയിൽ വെള്ളവുമായി പെൺകുട്ടികളെത്തി.
അരിക്കുപകരം മൂന്നാലു മണി ചോറുമായി മഹേഷെത്തി.കഞ്ഞിപ്പുരയുടെ അടുത്തുനിന്നും കിട്ടിയതാണ്.
കീർത്തന ഓടിപ്പോയി കുറച്ചു ചെറുപയർ കറിയുമായി വന്നു.അവൾ അങ്ങനെയാണ്
.ടീച്ചർ മനസ്സിൽ കാണുന്നത് മരത്തിൽ കണ്ട് പറിച്ചെടുക്കും.
ഇതെല്ലാം പ്രാവിന്റെ മുമ്പിൽ നിരത്തി വെച്ച് വാതിൽ പൂട്ടി.
അഞ്ച്
രാവിലെ 9മണിക്ക് ക്ലാസ് തുടങ്ങുമ്പോൾ കക്ഷി മുറിയിലില്ല.
ഓടിട്ട കെട്ടിടമായതുകൊണ്ട് ജനാല തുറന്നു വെക്കേണ്ട എന്നു തീരുമാനിച്ചിരുന്നു.പറന്നുപോകാനുള്ള സൗകര്യമുണ്ട്.
വേദന മാറിയപ്പോൾ അവളങ്ങു പറന്നു പോയിക്കാണും.
അവൾക്കു സുഖമായതിൽ എല്ലാവർക്കും സന്തോഷം തോന്നി.
വൈകുന്നേരം കണ്ടു.കഞ്ഞിപ്പുരയുടെ മുമ്പിൽ കൊത്തിപ്പെറുക്കി നടക്കുന്നു.
ഇനി എപ്പോഴാണോ അവൾ ചേട്ടന്മാരേയും ചേച്ചിമാരേയും കാണാൻ ക്ലാസിലേക്കു വരുന്നത്.
വരും.
വരാതിരിക്കാൻ അവൾക്കാവില്ല.