Thursday, August 15, 2019

പി.രാമകൃഷ്ണന്‍- ആദര്‍ശശുദ്ധനായ രാഷ്ട്രീയക്കാരന്‍



ഇന്നലെ അന്തരിച്ച കെ.പി.സി.സി. ജനറല്‍സെക്രട്ടറി പി. രാമകൃഷ്ണനെ നേരില്‍ കണ്ടതും പരിചയപ്പെട്ടതും 2013ലാണ്. അത് ഒരു അസുഖകരമായ പരിചയപ്പെടലായിരുന്നു. പയ്യാമ്പലത്തെ സുകുമാര്‍ അഴീക്കോട് സ്മൃതി മണ്ഡപത്തില്‍ അദ്ദേഹത്തിന്റെ അനുസ്മരണസമ്മേളനവേദിയില്‍ പി. രാമകൃഷ്ണന്‍, പ്രൊഫ. സരള, ചിത്രകാരന്‍ എബി.എന്‍.ജോസഫ്, ശേഖര്‍ജി തുടങ്ങിയ പ്രമുഖരടങ്ങിയ വേദിയില്‍ ഈയുള്ളവളും ഉണ്ടായിരുന്നു. ശ്രീ.എം.ബി.കെ.അലവില്‍ വേദിയിലുള്ളവരെ പരിചയപ്പെടുത്താന്‍ തുടങ്ങി. എന്റെ ഊഴം വന്നപ്പോള്‍ കാവുമ്പായി സമരത്തെക്കുറിച്ച് പുസ്തകമെഴുതിയ ആള്‍ എന്ന്‍ അദ്ദേഹം എന്നെ പരിചയപ്പെടുത്തി. പി.രാമകൃഷ്ണന്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കാവുമ്പായി സമരം സ്വാതന്ത്ര്യസമരമല്ലെന്നും മറ്റും വാദിച്ചു. പ്രസംഗം കഴിഞ്ഞതും അദ്ദേഹം എന്റെ അടുത്ത് വന്ന് പുറത്ത് തട്ടി ‘സഹോദരീ ഒന്നും തോന്നരുത്’ എന്നും പറഞ്ഞ് ഒറ്റപ്പോക്ക്‌ പോയി. എന്റെ മറുപടി കേള്‍ക്കാതെ അദ്ദേഹം അങ്ങനെ പറഞ്ഞ് പോയതില്‍ എനിക്ക് വിഷമവും സങ്കടവും തോന്നി എന്നത് ഒരു വാസ്തവമാണ്.

കാവുമ്പായി..സമരം..കമ്മ്യൂണിസം എന്നതൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാലായിരിക്കാം അദ്ദേഹം അങ്ങനെ പ്രതികരിച്ചത് എന്ന്‍ ആശ്വസിച്ചു. പ്രൊഫ.സരളയും എബി.എന്‍.ജോസഫുമൊക്കെ കാവുമ്പായി സമരത്തെക്കുറിച്ച് വിശദീകരിക്കുകയും തങ്ങളുടെ വിയോജിപ്പ്‌ പ്രകടിപ്പികുകയും ചെയ്തു.
എന്റെ സഹോദരന്‍ ആര്‍കിടെക്റ്റ് മധുകുമാര്‍ പി.രാമക്രുഷ്ണനെക്കുറിച്ചു കൂടുതല്‍ പറഞ്ഞുതന്നു. അഴിമതിരഹിതനായ, ആദര്‍ശശുദ്ധനായ കോണ്‍ഗ്രസുകാരന്‍ ആണ് അദ്ദേഹം. തനിക്ക് തെറ്റാണെന്ന് തോന്നുന്നതിനെ എതിര്‍ക്കാന്‍ അദ്ദേഹം മുഖം നോക്കാറില്ല എന്ന് മനസ്സിലായതോടെ ആദ്യത്തെ നീരസം മാറി ബഹുമാനം പകരംവെച്ചു. ഇപ്പോള്‍ കണികാണാന്‍ കിട്ടാത്ത ഒരു ഗുണമാണല്ലോ അത്. ഏതായാലും 'ഡിസംബര്‍ 30' എന്ന കാവുമ്പായി സമരകഥ പ്രസിദ്ധീകരിച്ച ഉടനെ അദ്ദേഹത്തിന് ഒരു കോപ്പി അയച്ചുകൊടുത്തു. വീണ്ടും ഞാന്‍ മറ്റൊരു വേദിയില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടു. കണ്ട ഉടനെ എന്റെ സമീപത്ത് വന്ന് കൈതന്നു. ‘രാമകൃഷ്ണേട്ടാ, പുസ്തകം വായിച്ചോ’ എന്ന് ഞാന്‍ ചോദിച്ചു. ‘വായിച്ചു’ എന്ന്‍ അദ്ദേഹം മറുപടിയും തന്നു. അതോടെ എല്ലാ സങ്കടവും പമ്പകടന്നു. 1946 കാലത്ത്  രാഷ്ട്രീയം നോക്കാതെ പോലീസിന്റെ പീഡനത്തിനിരയായ എന്റെ പിതാവടക്കമുള്ളവര്‍ക്ക് പലവിധ സഹായം ചെയ്തുകൊടുത്ത പ്രഹ്ലാദന്‍ ഗോപാലന്റെ അനുജനല്ലേ അദ്ദേഹം. ആ നന്മ അനുജനും വേണ്ടുവോളം ഉണ്ടായിരുന്നു എന്ന്‍ ഞാനറിയുന്നു. പി.രാമകൃഷ്ണനെപ്പോലെയുള്ള രാഷ്ട്രീയവ്യക്തിത്വങ്ങള്‍ അന്യംനിന്നുപോകാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ...     പ്രിയപ്പെട്ട രാമകൃഷ്ണേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ..

Saturday, February 16, 2019

ദൈവത്തിന്റെ മരണം



നിറമില്ല, വീടില്ല,
ഭാഷയെന്തോയേതോ!
ഒന്നുമില്ലാത്തവന്റെ വിശക്കുന്ന വയറിനു മുകളിൽ
തുടിക്കുന്ന തിരുഹൃദയം
ഒറ്റക്കുത്തിൽ തകര്‍ന്നുപോയി.
ആഴ്ന്നിറങ്ങിയൊന്നുതിരിച്ചു കൊലക്കത്തിയൂരുമ്പോൾ 
പെറ്റ വയറിന്റെ നിലവിളിയിൽ
വട്ടവടിയിലെ ഒറ്റമുറി വിണ്ടുപിളര്‍ന്നു.
 ‘നാന്‍ പെറ്റ മകനേ,
രാസാ, എന്നെ വിട്ടുപോയിട്ടേ...’
ഒറ്റമുറിയല്ലേതു മുറിയും സ്വന്തമായവൻ  
അച്ഛന്റെ നെഞ്ചകത്തിരുന്നു പുകഞ്ഞു.
പെങ്ങളുടെ കണ്ണിൽ പെരുമഴയായി പെയ്തിറങ്ങി.
ചക്രവ്യൂഹത്തിൽ കുടുങ്ങിയവൻ
കൂട്ടുകാരുടെ എരിയുന്ന മൌനങ്ങളിലെന്നേക്കുമായി ചേക്കേറി.
ഭേദിക്കാനാവാതുള്ളിൽ കുടുക്കുവാൻ
പത്മവ്യൂഹം ചമച്ചു കാത്തിരുന്നവ ർ.
അന്ത്യപ്രാര്‍ത്ഥനയിൽ അലറി.
“ദൈവനാമത്തിൽ 
ജീവന്‍ എടുക്കുവാൻ അധികാരികൾ ഞങ്ങൾ. 
നിന്റെ രക്തമവനുള്ളതാകയാൽ
ബലിച്ചോര മോന്തിയവൻ കനിയുമാറാകട്ടെ.”
രക്തസാക്ഷ്യത്തിന്റെ നിരയ്ക്ക് നീളമേകിയവർ  
കാണാമറയത്ത് ഒളിച്ചുകഴിഞ്ഞു.
ദൈവമേ, ഇനി നിന്റെ ഊഴം.
കടവായിലൂടെ രക്തമൊലിപ്പിച്ച്;
ജീവന്‍ നുണഞ്ഞിറക്കുമ്പോൾ;
മരണത്തെ ആഘോഷമാക്കുമ്പോൾ;
മരിക്കാത്ത നിന്നെ കൊല്ലുവാനൊരു മോഹം
നുരയിട്ടു പൊങ്ങുകയാണെന്നുള്ളിൽ.

(കാരവന്‍ അര്‍ഥം മാസികയില്‍ പ്രസിദ്ധീകരിച്ചു.)