Monday, December 31, 2012

മുങ്ങിമരിച്ച ഗര്‍ഭപാത്രങ്ങള്‍

ആറുദിവസത്തിന്റെ അധ്വാനത്തിനുശേഷം
ആറുപേരേഴാംദിവസം ഇരപിടിക്കാനിറങ്ങി.
ഡിസംബര്‍ പതിനാറിന്റെ ഞായറാഴ്ച്ചയില്‍
ഇന്ദ്രപ്രസ്ഥത്തിലെ രാജവീഥികളില്‍
ചോരക്കൊതിയൂറും നാക്കുനീട്ടി
വേട്ടനായ്ക്കളലറിപ്പാഞ്ഞു.
ഇരകളെ വായ്ക്കുള്ളിലൊതുക്കി;
കടിച്ചുകീറാന്‍ തക്കംപാര്‍ത്ത്;
തല്ലിക്കൊല്ലാനാളില്ലാഞ്ഞ്;
പേപിടിച്ച പട്ടികള്‍
തലങ്ങും വിലങ്ങും പാഞ്ഞു.
ആണിനെയടിച്ചിട്ട്;
പെണ്‍മാംസം കീറിമുറിച്ച്;
ഷണ്ഡത്വമാഘോഷിച്ച് ;
അന്ധകാരത്തിലൂളിയിട്ടവ.
കത്തിയും കഠാരയും ഇരുമ്പുവടിയും
ആണത്തത്തിന്നടയാളമാക്കി;
ജനനേന്ദ്രിയം ഭേദിച്ച്;
ഗര്‍ഭപാത്രം തുരന്ന്;
വന്‍കുടല്‍ മുറിച്ച്;
ആണത്തം കെട്ടുപോയവര്‍
പിന്‍വാങ്ങുമ്പോള്‍
പണ്ടെപ്പൊഴോ
ജനനേന്ദ്രിയം പിളര്‍ന്ന്
പിശാചുക്കളിറങ്ങിവന്ന
ഗര്‍ഭപാത്രങ്ങള്‍
തലസ്ഥാനനഗരിയിലൊഴുകിയ
പെണ്‍ചോരയില്‍
വിറങ്ങലിച്ച് മുങ്ങിമരിച്ചു.
മൃതിയടഞ്ഞ ഗര്‍ഭപാത്രങ്ങളില്‍
ചെകുത്താന്മാരിപ്പോഴും
മുളച്ചുകൊണ്ടിരിക്കുന്നു.


2012ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ബസില്‍വെച്ച് ക്രൂരമായി ബലാത്സംഗത്തിനിരയായി നൊന്തുനൊന്ത് മരിച്ച ജ്യോതി എന്ന പെണ്‍കുട്ടിയുടെ ദുരന്തത്തില്‍ എന്റെ നോവുകൂടി ചേര്‍ക്കുന്നു.




Saturday, December 8, 2012

ചക്കക്കാര്യം

പറയാനൊരു കാര്യമുണ്ടല്ലോ
കേള്‍വിക്കാര്‍ തലകുടഞ്ഞു
'ഓ..വലിയൊരു ചക്കക്കാര്യം.'
ആരോ വലിച്ചെറിഞ്ഞ്
മണ്ണില്‍ പൂണ്ട്
പുതുമഴയില്‍ കുതിര്‍ന്ന്,
മുളപൊട്ടി
ഓരില,ഈരില,മൂവില
കൂപ്പുകൈ നിവര്‍ത്തി
ഇളംകാറ്റിലാടി
വളര്‍ന്ന്, പടര്‍ന്ന്,പന്തലിച്ച്
പൂവിട്ട്,കായിട്ട്
മൂത്തുപഴുത്തൊരു ചക്ക.
ചക്കയ്ക്കുമുണ്ടേറെ പറയാന്‍.
തട്ടിന്‍പുറത്തെ ചീനഭരണയില്‍
ശര്‍ക്കരപ്പാവില്‍ കുഴഞ്ഞ്
അഗ്നിയില്‍ സ്ഫുടംവരാന്‍
കാത്തുകാത്തിരുന്നതും
അച്ഛനില്ലാത്തഞ്ചാറു മക്കള്‍ക്ക്
അടുക്കിയരിഞ്ഞമ്മ വെച്ചുവിളമ്പിയതും
കര്‍ക്കിടകത്തിലെ പട്ടിണിക്കുളിരില്‍
വടക്കുഭാഗത്തെ മണ്‍കൂന
മാന്തിയെടുത്തടുപ്പില്‍ ചുട്ട്
എരിവയറിന്‍ പുകച്ചിലകറ്റിയതു
മിന്നു വെറും പഴങ്കഥ.
തായ്ത്തടിയിലറക്കവാളിന്‍ വായ്ത്തല
രാകിമുറിച്ച് മണ്ണിലടിഞ്ഞു വീണ്,
ഇനിയൊരു തളിരില്ലെന്നു
മനംകലങ്ങിയുതിര്‍ന്നുവീണ
കുരുപെറുക്കിയെടുത്തൊരാള്‍
വെളുത്തതാളിലടുക്കിവെച്ച്
ജീവന്റെ പച്ച നിറച്ച്
പറയുന്നുണ്ടൊരുപാട് ചക്കക്കാര്യം.
തേനൊലിക്കും ചുളയില്‍
കൊതിയൂറി
ചക്കമാഹാത്മ്യത്തില്‍
മനംമയങ്ങി
താളുകള്‍ മറിഞ്ഞു
മറിഞ്ഞൊരു 'ചക്ക'.

(കുയിലൂരെ സാഹിത്യപ്രേമികള്‍ പ്രസിദ്ധീകരിക്കുന്ന ചക്ക കൈയെഴുത്തു മാസികയ്ക്കു വേണ്ടിയെഴുതിയത്)



Thursday, September 20, 2012

ഗുരുപൂജ

ഒട്ടിയവയറും കാട്ടാളവേഷവും
കണ്ണില്‍പ്പെടാനൊരു ഗുരുപൂജ
പെരുവിരല്‍ ദക്ഷിണയുമായ്
കാത്തുനില്‍ക്കുന്നേകലവ്യന്മാര്‍
ചക്രവാളത്തില്‍ കണ്ണുംനട്ട്
അന്തരീക്ഷത്തെ
പ്രകമ്പനംകൊള്ളിച്ച്
കോള്‍മയിര്‍ക്കൊള്ളുമാചാര്യ
മിഴിയൊന്നു താഴ്ത്തിയാല്‍
കാല്‍ച്ചുവട്ടില്‍
തൊഴുകൈയുമായേകലവ്യന്മാര്‍
ശിരസ്സില്‍ കൈവെച്ച്
നേടാം ഗുരുദക്ഷിണ.

പണത്തിന്‍ റിമോട്ടമര്‍ത്തി
പടിതുറന്നെത്തും ശിഷ്യന്‍.
ഗുരുവിന്റെ കവിളിലെ
മാഞ്ഞുപോയ തുടുപ്പ്
കൈയിലെ പൂച്ചെണ്ടില്‍.
'ഹായ് മേം'പറഞ്ഞവന്‍
നീട്ടീ രക്തപുഷ്പം.
തിളക്കമില്ലാ മിഴിയിലതുചേര്‍ത്ത്
ഉറഞ്ഞുപോയ ദൈന്യസ്വരം
മറുവാക്കോതീ 'താങ്ക്സ്'



Monday, August 20, 2012

ഓണക്കാഴ്ചകൾ


തോവാളയിലെക്കുമ്പിളിലന്നം പകർ-
ന്നോണപ്പൂക്കളമണിഞ്ഞൊരുങ്ങി.
ഉത്രാടത്തലേന്നോഫീസോണവുമെത്തി.
സദ്യവട്ടങ്ങളൊന്നൊന്നായെത്തി.
സാമ്പാറുപ്പേരി പപ്പടം കൂട്ടുകറി
കെങ്കേമം സദ്യയുണ്ണുമ്പോൾ തിളങ്ങീ
ഫ്ലാഷ് ന്യൂസുകൾ ടിവിയിൽ
ഡെൽഹിയിൽ സ്ഫോടനം
പതിനൊന്നുപേരും മരണപ്പെട്ടവർ
പരിക്കേറ്റവർ തൊണ്ണൂറു കവിയും
കസവുധാരികൾ ഞങ്ങൾ ഞെട്ടിയില്ല
കരിഞ്ഞിടുമീയാംപാറ്റകളെത്രമേൽ
തൊണ്ടയിൽ തടഞ്ഞൂ ഗദ്‌ഗദമല്ലതു
ചങ്ങാതിമാരൊപ്പമാർക്കും ചിരിയല്ലേ.
നാലഞ്ചുദിനംകൂടിയോണമുണ്ണണമിനി.
ബോണസഡ്വാൻസലവൻസുകൾ
വാങ്ങിയാഘോഷിക്കട്ടെ ഞങ്ങളതും.
പിന്തിരിഞ്ഞു പടിയിറങ്ങും മാവേലി
മിണ്ടാതെ മിണ്ടിപ്പറയുന്നു മെല്ലെ
ഓണമല്ലിതൊരോണാഭാസം
അന്യന്റെ ദു:ഖം തന്റേതാകും വരെ
യെത്തില്ല ഞാനീ മലനാട്ടിലെന്നും .

Tuesday, July 31, 2012

ആടുജീവികള്‍

ഇന്നലെയൊരു തീര്‍ഥയാത്ര.
പിന്‍വിളികള്‍ കേള്‍ക്കാതെ.
പിന്‍തിരിഞ്ഞുനോക്കാതെ
ബെന്യാമന്‍ കാണിച്ച വഴികളില്‍
തീമലകളം തീപ്പാതകളും.
ആടുജീവിതത്തിന്നേടുകളില്‍
കയറിയുമിറങ്ങിയും
വെന്തുപോയ കാലുകള്‍
നീട്ടിവെച്ചെത്തിയത്
കത്തുന്ന കാഴ്ചയില്‍.
മസറയില്‍ വെള്ളംനിറച്ച്;
കച്ചിയും പോച്ചയും നിറച്ച്;
അര്‍ബാബിന്‍ മൂളിപ്പറക്കും
ചാട്ടയ്ക്ക്
മുതുക് വളച്ച് ;
പോച്ചക്കാരി രമണിക്കും
മേരി മൈമുനക്കും
അറവുറാവുത്തര്‍ക്കും
മറ്റനേകര്‍ക്കുമിടയില്‍
ആടുജീവിയായ്
മാനസാന്തരപ്പെട്ടവന്‍
ആടിനേഭദം കല്‍പ്പിച്ച്
അലിഞ്ഞുപോകുമാണത്തം പേറി
അക്കരപ്പച്ച കൊതിച്ച്
പണയപ്പെട്ട നരവേഷത്തില്‍
നരകത്തീയുകള്‍ വിഴുങ്ങിയവന്‍.
നരകാകാഗ്നിയില്‍
ദഹിക്കുമുടലില്‍
ജീവന്റെ തിരിനാളം
കെട്ടുപോകാത്തവനാടു നജീബ്.
മണല്‍ക്കാട്ടിലിന്നുമിവന്‍.
മസറയില്‍ വെള്ളം നിറച്ച്
മുട്ടനാടിന്‍ തൊഴികൊണ്ട് ;
ചാട്ടയടിക്ക് മുതുക് വളച്ച് ...
അഫഗാനിയോ, ഇന്തിയോ,
പാക്കിസ്ഥാനിയോ,
സൊമാലിയോ?
നജീബോ, നാരായണനോ,
മാത്തുക്കുട്ടിയോ ..?
ആരായാലെന്തരവയര്‍
നിറയാത്തമരത്വ -
മേറ്റുവാങ്ങിയവര്‍.
ആടായും മാടായുമാടുമിവ-
രന്ത്യനാളിലുയിര്‍ത്തെഴുന്നേറ്റ്
ചാട്ടവാറുകള്‍
കൈയിലേന്തുവാന്‍.

Monday, June 11, 2012

വിഷുദിനത്തിലെ കടല്‍ത്തീരക്കാഴ്ചകള്‍





കാലിനടിയില്‍ മണല്‍ത്തരികള്‍ ഊര്‍ന്നുപോകുമ്പോള്‍ ഹരംപിടിപ്പിക്കുന്ന ഇക്കിളി.
പ്രായം മറന്ന് ,നോവ് മറന്ന് ചിരിയുടെ തിരമാലകള്‍ പൊട്ടിച്ചിതറി.നിനക്കിത്ര ധൈ
ര്യമോയെന്ന് ആര്‍ത്തലച്ച് വലിച്ചുകൊണ്ടുപോകാന്‍ തിരമാലക്കുട്ടന്മാര്‍ ഒന്നിനു പി
റകെ ഒന്നൊന്നായെത്തി. ഇടംവലം ബലമായി പിടിച്ച കൈക്കരുത്തില്‍ വിശ്വാ
സമര്‍പ്പിച്ച് അവരെ നോക്കിയപ്പോള്‍ വീണ്ടും ചിരിപൊട്ടി.പരിഹാസച്ചിരി കണ്ട് കട
ലമ്മ കലിതുള്ളി അരയോളം നനയിച്ചിറങ്ങിപ്പോയി.പിന്നെയും പിന്നെയും ആഴിത്തി
രകളെണ്ണിക്കളിച്ച് മനംനിറഞ്ഞ്,കണ്ണു നിറഞ്ഞ് ,കാല്‍ വലിച്ച് തോല്‍വി സമ്മതിച്ചു.
ഇനി കരയിലേക്ക്.
പാറപ്പുറത്തിരുന്ന് ആഴിത്തിരമാലകളില്‍ ഊഞ്ഞാലാടി മുങ്ങിപ്പൊങ്ങുന്നവരെ നോ
ക്കിക്കണ്ടു. ചിലപ്പോഴവര്‍ തിരമാലയില്‍ മുങ്ങിപ്പോയി.മറ്റുചിലപ്പോള്‍ ആള്‍ക്കൂട്ടത്തി
ലും. അതിനിടയിലൊരു പാമ്പുമെത്തി. അതുനീന്തിയകലെച്ചെന്നപ്പോളരപ്പാമ്പുകള്‍
പിടികൂടി. കരയിലെത്താറായപ്പോളതു വീണ്ടും മുങ്ങി. ഉടുമുണ്ടൂര്‍ന്നുവീണരനിക്കറില്‍
വളഞ്ഞുപുളഞ്ഞകലേക്കു കുതറി.കടലമ്മയിടപെട്ടു കരയിലേക്കു തള്ളി.കൂട്ടാളികളാ
ഞ്ഞുപിടിച്ചാനയിച്ചകലേക്കു നയിച്ചു.ഇത് മദിരയില്‍ മുങ്ങിപ്പൊങ്ങുമൊരു കടല്‍ത്തീ
രക്കാഴ്ച.
വി‍ഷുവാഘോഷത്തിന്റെ പടക്കങ്ങള്‍ പൊട്ടിത്തീരാറായപ്പോള്‍ ഉപ്പുമെരിവും പുളിയും
മധുരവുമായൊരു സദ്യ. അതില്‍ ചെടിച്ചിത്തിരി കടല്‍ക്കാറ്റുപ്പു നുണയാനെത്തിയ
താണ് ഞങ്ങളിവിടെ.കാസര്‍കോട് ജില്ലയിലെ പള്ളിക്കരയെന്ന മനോഹരതീരത്ത്.
ബേക്കല്‍ കോട്ടയുടെ സമീപത്തെ കടല്‍ത്തീരം.
കടല്‍ത്തീരത്തോട് ചേര്‍ന്ന വിശാലമായ പാര്‍ക്കില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്.കളി
ക്കാനും ഇരിക്കാനും ഊഞ്ഞാലാടാനും. കൃത്രിമ ചിതല്‍പ്പുറ്റിനരികില്‍ ചേര്‍ന്നുനിന്ന് സഹോദരനും ഭാര്യയും ഫോട്ടോയെടുക്കുമ്പോള്‍ 'അയ്യയ്യേ' എന്നൊരാര്‍പ്പ് കേട്ടു ഞെട്ടിത്തെറിച്ചു.അപ്പോഴേക്കും അത് അയ്യയ്യയ്യേ...എന്നൊരു പാട്ടായി മാറിയിരുന്നു.
മദിച്ചു വരുന്ന ഒരുസംഘം ചെറുപ്പക്കാരാണ്. അല്പം ഭയത്തോടെ വഴിയൊഴിഞ്ഞു.
കൈകൊട്ടിയാര്‍ത്തു വരുന്ന ചെറുപ്പക്കാര്‍ കുളമ്പടിയൊച്ചയോടെ വരുന്ന കുതിരക
ളെയോര്‍മിപ്പിച്ചു.അവരുടെ കുളമ്പിനടിയിലെങ്ങാന്‍ പെട്ടുപോയാല്‍!അവരുടെ ആ
ര്‍പ്പിലെ പരിഹാസത്തിന്റെ മുനയൊടിക്കാനാരും മെനക്കെട്ടില്ല.അശ്ലീലമോ, അനാ
ശാസ്യമോ ആണോ അവരന്വേഷിക്കന്നതെന്ന് പ്രകടനം കണ്ടപ്പോള്‍ തോന്നി
പ്പോയി. അല്ലെങ്കിലെന്തിനവരെ പറയണം .യുവതലമുറയുടെ മുന്നില്‍ ഒരു ലക്ഷ്യം ഇല്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.അവരുടെ അധിക ഊര്‍ജം പാഴായിപ്പോവുക
യാണ്.ചിലപ്പോഴെങ്കിലും അത് നെഗറ്റീവ് ഊര്‍ജമായും മാറുന്നു.ആ ഊര്‍ജമല്ലേ പീ
ഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണമാകുന്നത് എന്നാലോചിക്കേണ്ടിയിരിക്കുന്നു. ഈ നിമിഷം ആഘോഷിച്ചുതീര്‍ക്കുന്നതിനിടയില്‍ എന്തൊക്കെ ഞെരിച്ചുകളയുന്നു എന്നോര്‍ക്കാറില്ല.
അസ്തമനത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനിടയിലും ചുറ്റുപാടിലെ അരക്ഷി
താവസ്ഥ അലോസരപ്പെടുത്തി. 'ഇവിടം സെയ്ഫല്ല ' എന്ന് സഹോദരനിടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. അടിപിടിയിലവസാനിച്ച രണ്ടുമൂന്ന് സംഭവങ്ങള്‍ക്ക് സാക്ഷി
യാകേണ്ടി വന്നതുകൊണ്ടാണങ്ങനെ പറഞ്ഞത്. അതും പെണ്‍കുട്ടികളെ ശല്യപ്പെടു
ത്തിയതിന്. അതിനിടയില്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന അഞ്ചുവയസ്സുകാരി മാതാ
പിതാക്കളുടെ സമ്മതത്തോടെ കളിക്കാനിറങ്ങി.കടല്‍ത്തീരത്തല്ല കളിക്കാനുദ്ദേശിച്ച
തെന്ന് അവര്‍ക്ക് മനസ്സിലാവുമ്പോഴേക്കും അവള്‍ ദൂരെയുള്ള പാര്‍ക്കിലേക്ക് ഓടിക്ക
യറിയിരുന്നു. അച്ഛനുമമ്മയും ഏട്ടനും പിന്നാലെയോടി. മദിച്ചുനടക്കുന്ന ചെറുപ്പക്കാ
രുടെ ഇടയില്‍ കുഞ്ഞ് ഒറ്റക്കു പെട്ടുപോയാല്‍ എന്തും സംഭവിക്കാം.ഇവിടം സ്ത്രീക
ള്‍ക്കും കുട്ടികള്‍ക്കും ഒട്ടും സുരക്ഷിതമല്ല എന്ന് ആ പ്രദേശത്തു താമസിക്കുന്ന ‍ഞങ്ങ
ളുടെ സുഹൃത്ത് പിന്നീട് പറ‍ഞ്ഞു.
അസ്തമനം പൂര്‍ണമാകുന്നതിനു മുമ്പുതന്നെ മനസ്സില്ലാ മനസ്സോടെ ഞങ്ങള്‍ പിന്തിരിഞ്ഞു. ഒഴുകുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ മദ്യത്തിന്റെ തീക്ഷ്ണഗന്ധത്തെ
മറികടക്കാനാവാതെ പിന്നോട്ടൊഴിഞ്ഞുമാറി.മുന്നിലൊരു ജീപ്പ് സഡന്‍ബ്രേക്കിട്ടു.
കൂടെയുള്ള പെണ്‍കിടാങ്ങളെ തുറിച്ചുനോക്കുന്ന ചെറുപ്പക്കാര്‍. അവിടെയും ഞങ്ങള്‍ പേടിയെ വിനയത്തിന്റെ പുതപ്പുകൊണ്ടുമൂടി.
ക്ഷീണത്താല്‍ കാലുകള്‍ പണിമുടക്കിയപ്പോള്‍ ഒന്നിരിക്കാമെന്നുറച്ചു.ഇടക്കാരൊക്കെ
യോ ചോക്കോബാര്‍, മാംഗോബാര്‍ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. വേണോന്ന്
ചോദിച്ചപ്പോള്‍ എനിക്കെന്താ കയ്ക്ക്വോന്നായി.ചോക്കോബാര്‍ പൊതിയഴിച്ച് കൈ
യില്‍ തന്നിട്ട് അനിയത്തി പ്രഖ്യാപിച്ചു.'വേഗം തിന്നണം. അല്ലെങ്കില്‍ ഉരുകിത്തീരും.'
മക്കള്‍ക്ക് വാങ്ങിക്കൊടുത്ത് കക്ഷിക്ക് നല്ല പരിചയമുണ്ട്.തിന്നുകഴിഞ്ഞപ്പോള്‍ ഒരു പ്രശ്നം തലപൊക്കി. കൊള്ളിയും കടലാസും എവിടെ കളയും?പറഞ്ഞുതീരുന്നതിനു
മുമ്പ് എന്റെ അജ്ഞതയെ പരിഹസിച്ചുകൊണ്ട് കുട്ടികള്‍ പരിഹാരമാര്‍ഗം കണ്ടെ
ത്തി.
'ഈ വലിയമ്മക്കെന്താ കണ്ണുകാണില്ലേ? ചിതറിക്കിടക്കുന്നതു മുഴുവന്‍ ചോക്കോബാ
റിന്റെ കൂടല്ലേ? നമുക്കുമങ്ങനെ ചെയ്തുകൂടേ? '
എന്റെ പൗരബോധം വീണ്ടും സംശയിച്ചു ചുറ്റും നോക്കി.ചവറ്റുകൊട്ട എവിടെ?അങ്ങ
നൊരു സാധനം അവിടെയൊന്നും കാണാഞ്ഞതുകൊണ്ട് എനിക്കും മുമ്പേ നടക്കുന്ന ഗോവിന്റെ പിമ്പേ നടക്കേണ്ടിവന്നു.കൈയില്‍ പിടിച്ച് നടക്കാമെന്ന ചിന്തയും വില
പ്പോയില്ല.എന്റെ കൈരണ്ടും മറ്റുള്ളവരുടെ കൈപ്പിടിയിലല്ലേ.ആയിരക്കണക്കിനാളു
കള്‍ എത്തിച്ചേരുന്ന പാര്‍ക്കിലും ബീച്ചിലുമൊന്നും ഒരു ചവറ്റകൊട്ടപോലും വെക്കാ
നാവാത്ത അധികാരികളെ പഴിച്ചുകൊണ്ട് വണ്ടിയില്‍ കയറി.
കാറില്‍വെച്ച് മദ്യത്തെക്കുറിച്ചും പൂവാലശല്യത്തെക്കറിച്ചും സംസാരിച്ചപ്പോള്‍ അ
തൊക്കെ സാധാരണ കാണുന്നതല്ലേ എന്നൊരു തണുപ്പന്‍ പ്രതികരണമാണ് മറ്റു
ള്ളവരില്‍നിന്നുണ്ടായത്. ചെറുപ്പക്കാര്‍ കൂട്ടംചേര്‍ന്നെത്തുന്നത് മറ്റെന്തിനാണെന്നൊ
രു മറുചോദ്യം കൊണ്ടവരെന്റെ വായ് മൂടാന്‍ ശ്രമിച്ചു. ആണുങ്ങള്‍ക്ക് ചെളി കാണു
മ്പോള്‍ ചവിട്ടാനും വെള്ളം കാണുമ്പോള്‍ കഴുകാനും കാലാകാലങ്ങളായി സമൂഹം നല്‍കി വന്ന അംഗീകാരത്തിന്റെ ബാക്കിപത്രം തന്നെയാണ് അതെന്ന് മനസ്സിലായി. ഇതൊക്കെ മാറിയേ തീരൂ എന്ന് ഉറപ്പിച്ചുപറഞ്ഞു. പാര്‍ക്കിലും ബീച്ചിലും മറ്റ് പൊ
തുസ്ഥലങ്ങളിലും അഴിഞ്ഞാടി മറ്റുള്ളവരുടെ സമാധാനവും സന്തോഷവും നശിപ്പി
ക്കാന്‍ കുറെപ്പേര്‍ക്ക് ആരാണ് അധികാരം നല്‍കിയത്?ഇത്തരം അക്രമികളില്‍നിന്ന്
ജനത്തെ സംരക്ഷിക്കാനുള്ള ബാധ്യത ഭരിക്കുന്നവര്‍ക്കുണ്ട്.പൊതുസ്ഥലത്ത് മദ്യല
ഹരിയില്‍ അക്രമം കാണിക്കുന്നതും സ്ത്രീകളെ പീഡനത്തിനിരയാക്കുന്നതും കുറ്റക
രമാണ്. എന്നാല്‍ മിക്കവര്‍ക്കും ശിക്ഷ കിട്ടാറില്ലെന്നുമാത്രം. അത് പീഡനപരമ്പര
പെരുകാന്‍ സഹായിക്കുന്നു.
പണ്ടൊക്കെ കള്ളുഷാപ്പില്‍ കയറി ഒരുകുപ്പി കള്ള് കുടിച്ച് പാട്ടുംപാടി വരുന്ന ഒന്നോ,
രണ്ടോ കാരണവന്മാരെ നാട്ടിന്‍പുറങ്ങളില്‍ കാണാറുണ്ട്.നാട്ടുകാര്‍ അവരെ കള്ളുകുടി
യന്മാര്‍ എന്നുവിളിച്ചാക്ഷേപിക്കും. അന്ന് മദ്യപാനത്തിന് ഇന്നത്തെ മാന്യത കല്പിച്ചു
കൊടുത്തിരുന്നില്ല.ഓണവും വിഷുവും പെരുന്നാളുമൊക്കെ കോടികളുടെ മദ്യംകുടിച്ച്
ആഘോഷിക്കുന്നതാണല്ലൊ ഇപ്പോഴത്തെ രീതി.മുക്കിനും മൂലക്കും മദ്യഷാപ്പുകള്‍ തു
റന്നുവെക്കാനുള്ള ലൈസന്‍സ് സര്‍ക്കാര്‍ നിര്‍ല്ലോഭം നല്‍കുന്നുമുണ്ട്. മുന്തിയ ബ്രാന്‍ഡുകള്‍ക്ക് മഹാനടന്‍മാരുടെ പരസ്യത്തിന്റെ പിന്‍ബലം കൂടിയുണ്ടാവുമ്പോള്‍ കൗമാരക്കാര്‍ക്ക് നക്ഷത്രബാറുകളില്‍ കയറി ഒരു പെഗ്ഗടിക്കുക എന്നത് ഹരം തന്നെ
യാണ്.അപ്പോള്‍ മദ്യമുതലാളിമാരുടെയും സര്‍ക്കാറിന്റെയും ലാഭം കൂടിക്കൊണ്ടേയി
രിക്കും.
ഇപ്പോഴത്തെ പാഠ്യപദ്ധതിയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദോഷവശ
ങ്ങള്‍ വിശദമാക്കുന്ന പാഠഭാഗങ്ങളുണ്ട്. കുട്ടികള്‍ക്ക് കുടിക്കാനുള്ള സര്‍വസൗകര്യ
ങ്ങളുമൊരുക്കി കൊടുത്തിട്ട് ബോധവത്കരണം നടത്തുന്നത് ഓട്ടക്കലത്തില്‍ വെള്ള
മൊഴിക്കുന്നതുപോലെ നിഷ്ഫലമാണ്.
പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം ഭരണകൂടം ഉറപ്പാക്കണം. പകലെന്നോ, രാത്രിയെ
ന്നോ ഭേദമില്ലാതെ,ആര്‍ക്കും എവിടേയും സ‍ഞ്ചരിക്കാന്‍ കഴിയണം. നിയമപാലക
രും ഭരണകൂടവും ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ കഴിയാത്ത കാര്യമല്ല. മറ്റുപല രാജ്യ
ങ്ങളിലും ഒരു സ്ത്രീക്ക് ഏതുസമയത്തും ഒറ്റക്കു സഞ്ചരിച്ചാല്‍ യാതൊരപകടവുമു
ണ്ടാകില്ല.മുഖംനോക്കാതെ നിയമനടപടികള്‍ സ്വീകരിച്ചാല്‍,ശിക്ഷ ഉറപ്പാക്കിയാല്‍ നമ്മുടെ നാട്ടിലും ജീവനും മാനത്തിനും സുരക്ഷിതത്ത്വം ഉണ്ടാവും.എന്തു വിലകൊടു
ത്തും അഴിഞ്ഞാട്ടവും അരാജകത്വവും അവസാനിപ്പിക്കുക തന്നെ വേണം.




















വഴിയില്‍ തല നിറയെ തേന്‍ കനികള്‍ നിറച്ച്

















വേഗം വാ മോളേ


















ഏച്ചിക്കൊന്നുമറിയില്ല

















നത്തൂന്മാരും പെങ്ങന്മാരും



















പൊന്നാങ്ങളമാരും പൊന്നനിയത്തിയും




















ഏട്ടന്റെ കൈ വിടല്ലേ മക്കളേ



















കളിക്കാനാരുമില്ലേ



















ദാ...പിടിച്ചോ?




















ഒന്നുകൂടി



















ഒന്നടിച്ചു നോക്കിയാലോ



















പേടിക്കണ്ട.ഏട്ടനുണ്ട്.





















അങ്ങോട്ടൊന്ന് നോക്ക്യേ



















അമ്മയില്ലേ കൂടെ



















ഇറങ്ങിക്കോളൂ



















അമ്മക്കിളിയുടെ ചിറകിന്നടിയില്‍



















ഏതു നടുക്കടലിലും അച്ഛനുണ്ട് കൂടെ


















കടലമ്മക്കാവുമോ എന്നെ എഴുന്നേല്‍പ്പിക്കാന്‍




















ഇപ്പൊ മുക്കും



















മുക്ക്യല്ലോ



















ഞാനൂണ്ട്



















ഇത്ര മതീന്നേ


















ഒരിക്കല്‍ക്കൂടിയീ ഞാനും


















കൈ വിടല്ലേ

















എന്റെ വീട് കണ്ടോ

















എന്റെ വീടല്ലേ നല്ലത്

















നിന്റെ വീട് കടലമ്മ കൊണ്ടുപോയില്ലേ

















നമ്മക്ക് ആതീം പൂതീം ണ്ടാക്കാം


















ഇനിയെന്താ കളിക്ക്വാ

















വിഷുസദ്യ

















എന്തൊരാക്രാന്തം


















കോട്ടവാതിലിത്തിരി തുറക്കാം




















തൊപ്പിത്തണലില്‍
















കോട്ടയ്ക്കുള്ളില്‍ രാജകീയമായി

Tuesday, May 29, 2012

കേശവതീരത്തൊരു കവിതാക്യാമ്പ്


പുറച്ചേരി. കണ്ണൂര്‍ ജില്ലയിലെ ശാന്തസുന്ദരമായൊരു ഗ്രാമം.അവിടെയൊരു ആയുര്‍വേദ
ചികിത്സാലയമുണ്ട്.കേശവതീരം ആയുര്‍വേദാശുപത്രി. ശരീരത്തിന്റെ ആരോഗ്യം മാത്ര
മല്ല ആ ആശുപത്രിയുടെ ഭാരവാഹികള്‍ നിലനിര്ത്തുലന്നത്.സമൂഹമനസ്സിന്റെ സുസ്ഥിതി
ക്കുവേണ്ടതും അവര്‍ ചെയ്യുന്നുണ്ട്.അവിടുത്തെ എം.ഡി.യായ വെദിരമന വിഷ്ണു നമ്പൂതിരി
മുന്കൈകയെടുത്തു നടത്തിയ കവിതാക്യാമ്പില്‍ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി.
അതിനെക്കുറിച്ച് കവിമണ്ഡലത്തിന്റെ ജനറല്‍ കണ്‍വീനര്‍ രാമകൃഷ്ണന്‍ കണ്ണോം പറ
ഞ്ഞത്‌ ഇങ്ങനെ
‘എല്ലാ വര്ഷനവും ഇത്തരം ക്യാമ്പുകള്‍ അവിടെ സംഘടിപ്പിക്കാറുണ്ട് ’.
അദ്ദേഹവും ഭാര്യ ശ്രീമതി ലതയും കവിതയെയും കവികളെയും സ്നേഹിക്കുന്നവരാണ്.
ആയുര്‍വേദ കോഴ്സിനു പഠിച്ചുകൊണ്ടിരിക്കുന്ന മക്കളായ അശ്വതിയും കേശവനും മാതാ
പിതാക്കളുടെ പാത പിന്തുടരുന്നു.
2012 മെയ്‌26,27തീയതികളിലായിട്ടാണ് കണ്ണൂര്‍ ജില്ലാ കവിമണ്ഡലം 2012കവിതാക്യാമ്പ്‌
കേശവതീരത്ത് നടത്തപ്പെട്ടത്.26ന് വൈകുന്നേരം 3മണിക്ക് കവി സോമന്‍ കടലൂര്‍ ക്യാമ്പ്‌ ഉദ്ഘാടനംചെയ്തു.ശ്രീ.എന്‍.കെ. കൃഷ്ണന്റെ അധ്യക്ഷതയില്‍ വെദിരമന വിഷ്ണു നമ്പൂതിരി,
കൃഷ്ണന്‍ നടുവലത്ത്, രാമകൃഷ്ണന്‍ കണ്ണോം ,രാജേഷ്‌ വാര്യര്‍ പൂമംഗലം എന്നിവര്‍ സംസാ
രിച്ചു.കെ.കൈലാസ്‌ സ്വാഗതവും മുല്ലപ്പള്ളി രാഘവന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
‘സംവാദസദസ്സ്’ ഡോ.കോറമംഗലം നാരായണനും ‘കാവ്യസന്ധ്യ’ പുരുഷന്‍ ചെറുകുന്നും
‘രാത്രിവട്ടം’ഒ.ടി.ഹരിദാസും ഉദ്ഘാടനം ചെയ്തു.
രണ്ടാം ദിവസം പ്രകൃതി വന്ദനം,പുഴയോടൊപ്പം പരിപാടിയും കെ.വി.പ്രീത,കെ.മനീഷ,
റോയ്‌മാത്യു,സുരേഷ് ആനിക്കാട്‌,സജിത്ത് പാട്ടയം എന്നിവര്‍ നേതൃത്വം നല്കി.വണ്ണാത്തി
പ്പുഴയുടെ കൈപ്പാട്ടിന്‍ തീരത്തുകൂടി നടന്ന്,കണ്ടലുകളോട് കിന്നാരം പറഞ്ഞ്,പാലത്തില്‍
കയറി മുരുകന്‍ കാട്ടാക്കടയെ പുഴയെ കേള്‍പ്പിച്ച്,
പഴയ പുഴയുടെ പാട്ടുകള്‍ പാടി,ഉണ്ണിക്കണ്ണന്റമ്പലത്തില്‍ കയറി കവികള്‍ പ്രകൃതിക്കൊപ്പമാ
ഹ്ലാദിച്ചു.
തുടര്ന്ന് ഗുരുമൊഴി പയ്യന്നൂര്‍ കുഞ്ഞിരാമനും സര്ഗിസംവാദം ഡോ.എ.എസ്. പ്രശാന്ത്‌
കൃഷ്ണനും കവിയരങ്ങ് സി.എം.വിനയചന്ദ്രനും ഉദ്ഘാടനംചെയ്തു.കവികള്‍ സ്വന്തം കവിത
ചൊല്ലി.സ്വയം പരിചയപ്പെടുത്തി. ആശുപത്രി കാന്റീനിലെ സഹോദരിമാര്‍ സ്നേഹപൂര്‍വ്വം
പായസമടക്കമുള്ള സദ്യ വിളമ്പി.ഭക്ഷണശേഷം എല്ലാവരും പടമെടുക്കാന്‍ അണിനിരന്നു.
പടമെടുക്കാന്‍ തുടങ്ങുമ്പോള്‍ പ്രൊ. മേലത്ത്‌ ചന്ദ്രശേഖരനും മഹാകവി പി. കുഞ്ഞിരാമന്‍
നായരുടെ മകന്‍ രവീന്ദ്രന്‍ നായരുമെത്തി.ഒറ്റക്കിരുന്നു മുഷിഞ്ഞ എന്റെ അടുത്താണ് അവര്‍
ഇരുന്നത്.പിന്നെ ഫോട്ടോഗ്രാഫര്മാര്‍ തുരുതുരെ പടമെടുത്തു.ഓരോരോ ഭാഗ്യങ്ങള്‍ എനിക്ക്
വരുന്നവഴി നോക്കൂ.
അതിനിടയില്‍ ഞാന്‍ ചെറിയൊരു പുട്ടുകച്ചോടം നടത്തി. കവിപുത്രനോട് എന്റെ സഹപ്ര
വര്ത്തരകയായിരുന്ന സബിത ടീച്ചറെക്കുറിച്ച് അന്വേഷിച്ചു. സ്കൂളില്‍ ഒന്നിച്ച് ജോലിചെയ്യു
മ്പോള്‍ അവര്‍ സ്വയം പരിചയപ്പെടുത്തിയത് മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ കൊച്ചു
മകന്റെ ഭാര്യ എന്നായിരുന്നു.സബിത രവീന്ദ്രന്‍ സാറിന്റെ മരുമകന്റെ ഭാര്യയാണെന്നും അടു
ത്താണ് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ അവസാനം അദ്ദേഹം
മൊബൈലില്‍ ഞങ്ങളൊന്നിച്ചിരിക്കുന്ന ഫോട്ടോ എടുപ്പിച്ചു. സബിതയ്ക്ക് കാണിച്ചുകൊടു
ക്കാന്‍.
മഹാകവി പി. സ്മൃതി സംഗമം പ്രൊ.മേലത്ത്‌ ചന്ദ്രശേഖരന്‍ ഉദ്ഘാടനംചെയ്തു.
അദ്ദേഹം കവി മണ്ഡലത്തിന്റെ രക്ഷാധികാരി കൂടിയാണ്.മഹാകവി അന്തരിച്ചതിനുശേഷം
ഒരു തിരിച്ചുവരവ്‌ നടത്തിക്കൊണ്ടിരിക്കുകയാണെന്നദ്ദേഹം സമര്ഥിച്ചു.കവിയുടെ മകന്‍ രവീ
ന്ദ്രന്‍ നായര്‍ അച്ഛനെക്കുറിച്ചുള്ള സ്മരണകള്‍ അയവിറക്കി. കവിയൊത്തുള്ള ജീവിതം കുടും
ബാംഗങ്ങള്‍ക്ക് ഒട്ടും ആഹ്ലാദകരമായിരുന്നില്ല.ദു:ഖത്തെ അന്വേഷിച്ച്‌ പോകുന്ന ആളാ
യിരുന്നു കവി.എല്ലാമുണ്ടായിട്ടും എല്ലാം ത്യജിച്ച അവധൂതനായിരുന്നു അദ്ദേഹം.
കവിയൊത്തുള്ള ബാല്യകാലം, പില്ക്കാലം എല്ലാം മകന്റെ നാവില്‍നിന്ന് പ്രവഹിച്ചപ്പോള്‍
കവികള്‍ കാതുകൂര്പ്പിച്ചിരുന്നു.കവിയുടെ കാല്പ്പാടുകള്‍ പിന്പറ്റി നടന്ന പുത്രനും നിരൂപകനും
ഞങ്ങള്‍ പുസ്തകങ്ങള്‍ അക്ഷരദക്ഷിണ സമര്പ്പിച്ചു.
പരിപാടി തീര്ന്നു പിരിയനൊരുങ്ങുമ്പോള്‍ മഹാകവിയുടെ പി.യുടെ കടുത്തൊരാരാധകന്‍
മകന് കാട്ടുപൂക്കളുടെ നറുതേന്കുപ്പി സമ്മാനിച്ചു.അപ്പോള്‍ മകന്‍ പറഞ്ഞ വാക്കുകള്‍. ‘ഞാന്‍
മറ്റുള്ളരില്‍ നിന്നും ഒന്നും സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.കൊടുക്കാനാണെനിക്കിഷ്ടം.’ആഭി
ജാത്യം നിറഞ്ഞ ആ വാക്കുകള്‍ പി.കുഞ്ഞിരാമന്‍ നായരുടെ മകന്റേതാണ്. കവിയുടെ സാ
ത്വിക പാരമ്പര്യം മുഴുവന്‍ പൈതൃകമായി ലഭിച്ച പുത്രന്റെ വാക്കുകള്‍. അതിനുമുന്നില്‍ എന്റെ
ശിരസ്സറിയാതെ കുനിയുന്നു.
ആരാധകന്റെ നിര്ബ്ബന്ധം മുറുകിയപ്പോള്‍ അദ്ദേഹം തന്നെ പോംവഴി കണ്ടെത്തി. കുട്ടികള്‍
അടക്കമുള്ള കവികള്‍ക്ക് ‌ നല്‍കുക. എന്റെ കൈവെള്ളയിലും അദ്ദേഹം തേന്‍ പകര്ന്നു.
ഏതാനും തുള്ളികള്‍ അതില്‍ നിന്ന് തറയില്‍ തൂവി. സോറി പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു.
‘ഒരു കുഴപ്പവുമില്ല. ’അതിനെത്രയോ മുമ്പേ എന്റെ ഹൃദയം നിറഞ്ഞു തൂവിത്തുടങ്ങിയല്ലോ.
‘മധുരമുള്ള കവിതയ്ക്കു വേണ്ടിയാണ്‌ മധു നല്കുറന്നത് എന്നാരോ വിളിച്ചുപറഞ്ഞു.’
അതെ.സ്നേഹത്തിന്റെ മധുരമുള്ള കവിത എമ്പാടും പ്രവഹിക്കട്ടെ.
*********************************************************************
ഇനി ഒരുകാര്യം. എന്റെ ക്യാമറയില്‍ പതിഞ്ഞത് അതേപടി ഇവിടെ പതിക്കുന്നു.അടിക്കുറി
പ്പിന്റെ ഭാരമില്ലാതെ. ഞങ്ങളെ നിങ്ങള്‍ക്കറിയാമല്ലോ. അതില്‍ പന്ത്രണ്ടു വയസ്സുകാര്‍ മുതല്‍
സപ്തതി പിന്നിട്ടവര്‍ വരെയുണ്ട്. കണ്ടെത്താനും തിരിച്ചറിയാനും നിങ്ങള്‍ക്ക് കഴിയുമെന്ന
പ്രതീക്ഷയോടെ....