Tuesday, December 27, 2016

എണ്‍പത്തെട്ടുകാരന്റെ പിറന്നാള്‍ ഡയറി

കുറെ ദിവസായിറ്റ് കേക്ക്ന്നുണ്ട് ‘പെറന്നാള്...പെറന്നാള്ന്ന്‍.’ ഓരോരിത്തീരെ നൊടിച്ചലന്നെ. അനക്കൊന്നും തിരീന്നില്ലാന്നാ ഓള്യെല്ലാം ബിജാരം.
ധനുമാസത്തിലെ അനിഴം നക്ഷത്രം. അന്നാ അന്റെ പെറന്നാള്. അത് മറക്കാന്‍ ഞാനെന്താ പൊട്ടനാ?.. കേസരി യോഗാ അനക്ക്..അയിന്റെ പ്രതാപൂം ഉണ്ട്ന്ന് വെച്ചോ.
മരിക്കുന്നവരെ എന്റമ്മ ഞാനേട്യായാലും പെറന്നാള് കയിച്ചിന്. ‘ആയിരം അരി പൊടിഞ്ഞാല് ആയുസ്സിന് ബലാന്നാ’ അമ്മ പറയാറുള്ളത്. അതിരാവിലെ അമ്മ അമ്പലത്തില്‍ പോയി വഴിപാട് കഴിച്ചു വരും. എന്നിട്ട് സദ്യവട്ടങ്ങളൊരുക്കും. തലേന്ന്‍ വെള്ളത്തിലിട്ടു വെച്ച അരി ഉരലിലിട്ടു പൊടിച്ച് തേങ്ങീം ബെല്ലൂട്ട് മാക്രി വെക്കും.
കുളിച്ചുകുറിയിട്ട് കത്തിച്ചുവെച്ച നിലവിളക്കിനുമുന്നില്‍ കിഴക്കോട്ട് തിരിഞ്ഞിരിക്കുമ്പോള്‍ അമ്മ തളികയില്‍ നിന്നും അരിയെടുത്ത് തലയില്‍ ഇട്ട് അനുഗ്രഹിക്കും. അമ്മയുടെ കാല് തൊട്ടുവന്ദിച്ചതിനുശേഷം അമ്മ മുന്നിലെ നാക്കിലയില്‍ ചോറും കറികളും വിളമ്പും. കൂടെയിരുന്നുണ്ണാന്‍ അയല്വീട്ടിലെ കുട്ടികളെയൊക്കെ അമ്മ ക്ഷണിച്ചുവരുത്തിയിട്ടുണ്ടാകും. അവരോടൊക്കെ അമ്മ ആദ്യമേ പറയും. ‘ഇന്ന്‍ രാഘവൂട്ടീടെ പെറന്നാളാണ് മതീന്ന് ആരും പറയരുത്.’
മതീന്ന്‍ പറഞ്ഞാ ആയുസ്സ് കുറഞ്ഞുപോകുംന്നാ അമ്മേരെ പേടി. ഏഴെണ്ണത്തിനെ വയറ്റിലിട്ടു പെറ്റിട്ടും രണ്ടെണ്ണത്തിനെ മാത്രേ ദൈവം കൊടുത്തുള്ളൂ.
ഇന്നിപ്പോ എല്ലൂം ഒരു കാട്ടിക്കൂട്ടലാ. രാവിലന്നെ കുളിപ്പിച്ചിരുത്തി. കുളിപ്പിക്കാന്‍ ബരുന്നോനു കണക്കിനൊന്നു കൊടുത്തു. പിടിക്കാന്‍ ബന്നപ്പോ ഓക്കും നല്ലോണും ഒന്നു കൊടുത്തു.. അയിന്റെ ദേഷ്യത്തില് ഓള് കേറി കെടന്നു..ഉച്ചക്ക് ചോറ് ബാരിത്തരുമ്പോ പിന്നീം കൊടുത്തു. അതോടെ ഓള് മൂലക്കായി..കൈയാതൊരുത്തീണ്ട് മോളായിറ്റ്. ബല്യ നൊടിച്ചിലാ ഓള്ക്ക്.. ഓള് നോയ്ക്കോണ്ട് നിക്ക്ന്ന്ണ്ട്. ആര്ക്കാ ഓള്യെല്ലാം പേടി!
ബയിന്നേരാവുമ്പ്ലക്ക് ഓരോരുത്തരായിറ്റ് ബരാന്‍ തൊടങ്ങ്യല്ലാ. മക്കളും ഭാര്യമാരും ഭര്ത്താവും അവരുടെ മക്കളും ഒക്കെ.. ആരോടും മിണ്ടാന്‍ പോയില്ല. മോളെ പുര്വനോട് മാത്രം സ്വകാര്യം മിണ്ടി. ഓനെന്തായാലും എണങ്ങനല്ലേ...
കൈയീലാന്നു ബെച്ചാലും ഈറ്റിങ്ങള് മിണ്ടാണ്ട് കെടക്കാന്‍ ബിടൂല്ലല്ലോ. ചാരുകസേലേന്ന് പിടിച്ചുബലിച്ചു മേശേന്റടുത്ത് കൊണ്ടിരുത്തി. കേക്ക് മുറിക്കണംപോലും. കേക്ക് ന്ന്‍ കേക്കുമ്പം ചവിട്ടിത്തെറിപ്പിച്ചിറ്റ് പടിഞ്ഞാറോട്ട് തിരിഞ്ഞിരിക്കാനാ തോന്നുന്നത്. എന്താ ചെയ്യാ..അവശനായിപ്പോയില്ലേ..
കണ്ണടച്ചുപിടിച്ചിറ്റും അറിയാണ്ട് നോക്കിപ്പോയി. കേക്കിന്റെ പൊറത്ത് എന്റെ പണ്ടത്തെ പോട്ടം തേച്ചുവെച്ചിറ്റ്ണ്ടല്ലാ..ഇത് ആ ചെക്കന്റെ പണിയന്നെ.. ഉണ്ണീന്റെ മോന്റെ.. ഓനേ ഇങ്ങനത്തെ കുരുത്തക്കേടെല്ലാം ഒപ്പിക്കൂ..അയിന്റെ പൊറത്ത് 88എന്ന്‍ കത്തിച്ചുംബെച്ചിറ്റ്ണ്ട്. അനക്ക് എമ്പത്തെട്ടു വയസ്സായീന്ന് നാട്ടുകാറ അറീക്കാന്‍. എന്നിറ്റെന്താ ബേണ്ടെ. അവരെനക്ക് ചെലവിന് തര്വോ?
ഒരു കത്തീം കൈയി തന്നിട്ട് മുറിക്കാന്‍ പറഞ്ഞു. എന്നിറ്റ് മക്കള് തിന്നതന്നെ! ഉണ്ണി കൈ പിടിച്ച് മുറിപ്പിച്ചു. മൂത്ത മോനല്ലേ. പിന്നെന്താ ചെയ്യ്വ. കിലാടിപ്പിള്ളറെ പാട്ടുംകൂത്തുമൊന്നും അനക്ക് പിടിക്കുന്നില്ല. ഭാര്യാന്ന് പറീന്നോള് കേക്ക് ബായില്‍ ബെച്ചുതരാന്‍ വന്നു. ഒറ്റത്തട്ട് കൊടുത്തു. ഓള്യൊരു ശൃംഗാരം. അല്ല പിന്നെ!
കേക്കും മുറിച്ച്, പാട്ടുംപാടി, നൊസ്സും പറഞ്ഞ് മക്കളെല്ലാം കീഞ്ഞങ്ങു പോയി. ഇനി തോന്നുമ്പം ബരട്ട്.

Monday, November 21, 2016

ഘർ വാപസി

പെറുക്കിയെടുക്കാതെ
പാഴായിപ്പോയ ഉതിർമണികളെക്കുറിച്ച്
തമ്പുരാന്‍ കോപിച്ചുകൊണ്ടിരുന്നു.
വയലിലെ നാറുന്ന ചേറിൽ ചവിട്ടിത്താഴ്ത്തുമ്പോൾ;
ശ്വാസംമുട്ടി തൊണ്ടയടയുമ്പോള്‍
പാലുറച്ചുവിളഞ്ഞ് തലകുനിച്ചുനില്‍ക്കുന്ന
കതിരുകൾ കൊയ്തുനിറയ്ക്കാനെന്റെ കൈകൾ തരിച്ചു.
നാണംകൊണ്ട് വിറകൊള്ളും പാവം കതിരുകൾ.
തമ്പുരാന്റെ പത്തായവുമറയും നിറഞ്ഞുകവിഞ്ഞ് ഏമ്പക്കംവിടുമ്പോൾ;
മുറ്റത്തിനപ്പുറം കുഴികുത്തിയതിൽ എച്ചിലില വീഴുന്നതും കാത്തുനില്‍ക്കുമ്പോൾ;
നക്കിത്തുടച്ചത് വെടിപ്പാക്കുമ്പോൾ
നിങ്ങളെന്നെ നോക്കിയില്ല.
ഒന്നും മിണ്ടിയതുമില്ല.
എന്റെ പെണ്ണിന്റെ മുലയരിഞ്ഞുവീഴ്ത്തുമ്പോൾ;
പറയന്റെ മോനും പുലയന്റെ മോനും തെറിവാക്കായി,
ചാട്ടവാറായി പുറത്ത് വീഴുമ്പോൾ;
പട്ടിയോ,പൂച്ചയോ,ഞാനോയെന്നു കിടുങ്ങിയൊരു മൂലയിൽ ചുരുളുമ്പോൾ;
ആരുമൊന്നും മിണ്ടിയില്ല.
തല്ലിക്കൊല്ലുമ്പോൾ,
ചുട്ടുകൊല്ലുമ്പോൾ;
എന്റെ പെണ്മക്കളെ ബലാത്സംഗംചെയ്ത് കെട്ടിത്തൂക്കുമ്പോൾ
നിങ്ങൾ പറയുന്നു.
‘വീട്ടിലേക്ക് മടങ്ങണം.’
അനുസരണയോടെ ഞാനിറങ്ങി.
ചരിത്രത്തിന്റെ മുക്കിലും മൂലയിലും തപ്പി.
എവിടെയാണെന്റെ വീടടയാളം!
പാമ്പും പഴുതാരയും പായുന്ന നാട്ടുവഴികളന്യമായതും
അന്തിയുറങ്ങിയ കുപ്പമാടം ചുട്ടുകരിച്ചതും
കെട്ടിയ പെണ്ണിനൊപ്പം
പൊട്ടിയ ചട്ടിയും കലവും പെറുക്കി
കിടാങ്ങളെ തോളിലിട്ട് ഓടിയതും
കറുത്ത താളിലെഴുതി വെച്ചത് കണ്ടെടുത്ത്
വീടറിയാതെ മടങ്ങുകയാണ് ഞാൻ.
എവിടെയാണെന്റെ വീട്?
എവിടെയെവിടെയാണെന്റെ വീട്???????Monday, October 24, 2016

മാംസഭുക്ക്

നന്നായി ഉപ്പും മുളകും പുരട്ടിവെക്കണം.
ആടായാലും മാടായാലും.
മസാലക്കൂട്ടിൽ മുക്കി പൊരിച്ചെടുക്കണം
തേങ്ങാക്കൊത്തിട്ടു വരട്ടിയെടുക്കണം.
വറുത്തരച്ചു കറിവെച്ചതിൽ ഇറച്ചിത്തുണ്ടുകൾ
മുങ്ങിപ്പൊങ്ങിക്കളിക്കണം.
തീൻമേശമേലലങ്കരിച്ചു വെക്കണം.
ആര്‍ത്തി്യോടെ ചവച്ചും ചവക്കാതെയും വിഴുങ്ങാം.
ആരാന്റെ അടുക്കളയിൽ വെന്ത്
ആമാശയത്തിൽ ദഹിച്ചത്
ആടോ,പന്നിയോ,ഗോമാതാവോയെന്ന-
ശങ്കയിൽ
തലവെട്ടിയെടുക്കാം.
ചത്ത പയ്യിന്റെ തോലുരിച്ച്
ചീഞ്ഞ മാംസം കൊത്തിനുറുക്കി
ചുട്ടുതിന്ന് പൈയടക്കുമ്പോൾ
ഷൂസിട്ട കാലുകൊണ്ട്‌ ചവിട്ടിക്കൊല്ലാം.
എന്നിട്ട്,
ഭഗവാന്റെ തിരുനടയിൽ
ഇടയ്ക്ക കൊട്ടിപ്പാടാം.
എന്നിട്ട്,
അമ്മ പെറ്റ മകളുടെ പച്ചമാംസം
ഉപ്പും മുളകും പുരട്ടാതെ,
മൂടിവെക്കാതെ,
അടുപ്പിൽ വേവിക്കാതെ,
കോമ്പല്ലുകൊണ്ട് കടിച്ചുകീറി ഭക്ഷിക്കാം.
പെരുകുന്ന ബുഭുക്ഷയടങ്ങുവോളം;
പ്രാണന്റെ പിടച്ചിൽ നിലയ്ക്കുവോളം.
‘തിന്നാൽ പാപം കൊന്നാൽ തീരും.’

(സുകൃതം മാസികയില്‍ പ്രസിദ്ധീകരിച്ചു)

Tuesday, October 4, 2016

കോഴപ്പൂട

പണ്ടെങ്ങാണ്ടുന്നൊരു കോഴിപ്പൂട
പാറിവന്നെന്റെ തോളിൽ വീണു.
കണ്ടവർ കണ്ടവരാര്‍ത്തു .
“കള്ളൻ..കള്ളൻ....കോഴിക്കള്ളന്‍.”
‘കോഴിയെ ഞാൻ കണ്ടിട്ടില്ല,
കേട്ടിട്ടില്ല,
കട്ടിട്ടേയില്ല.’
ദൈവനാമത്തിൽ ഞാനാണയിട്ടു.
സഹികെട്ടൊരുനാൾ
കോഴിയുടെ വള്ളി ഞാനറുത്തുകളഞ്ഞു.
കൈയിലും കഴുത്തിലും തോളിലും
തൂങ്ങിയാടുന്ന കോഴപ്പൂട കണ്ട്
ജനം ‘ജെയ്’ വിളിച്ചു.
കഴുത്തിൽ പൂമാല ചാര്‍ത്തി.
പൊൻകിരീടമണിയിച്ച് ചുമലിലേറ്റി.
കഴുത്തിലെ പിടി വിടാതെ
പാറപോലുറച്ച് ഞാനിരുന്നു.
എന്നുള്ളംകൈയിൽ
മുപ്പത് വെള്ളിക്കാശിനു പകരം
സഹസ്രകോടികൾ പൂത്തുനിരന്നു.

(നര്‍മ്മഭൂമിയില്‍ പ്രസിദ്ധീകരിച്ചത്.)

Tuesday, July 26, 2016

ചരിത്രമാവുന്ന പെണ്‍കരുത്തിന്റെ സഹനസമരം

ഇറോം ശര്‍മ്മിള നിരാഹാരസമരം അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ പതിനാറു വര്‍ഷമായി സൈന്യത്തിന് നല്‍കിയ പ്രത്യേകാധികാരം ‘അഫ്സ്പ’’ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അവര്‍ സമരംചെയ്യുകയായിരുന്നു. സൈന്യത്തിന് ലഭിച്ച പ്രത്യേകാധികാരം മണിപ്പൂരിലെ പൌരന്മാരുടെ ജീവനെടുത്തപ്പോള്‍, സ്ത്രീകളെ ബലാത്സംഗം ചെയ്ത് വധിച്ചപ്പോള്‍ ഇറോം ശര്‍മ്മിളയെന്ന മനുഷ്യസ്നേഹിയായ കവിക്ക് കണ്ടുനില്‍ക്കാനായില്ല. അവര്‍ ഒരു പത്രപ്രവര്‍ത്തകയുമായിരുന്നു. പട്ടാളം വെടിവെച്ചുവീഴ്ത്തിയ ജീവനു പകരം, പട്ടാളക്കാര്‍ പിച്ചിച്ചീന്തി കൊലചെയ്ത മനോരമയുടെ ജീവനു പകരം സ്വന്തം ജീവന്‍ കൊണ്ട് അവര്‍ സമരം ചെയ്തുകൊണ്ടി രുന്നു. 16 വര്‍ഷമായി അനുഷ്ഠിക്കുന്ന നിരാഹാരസമരത്തെ അതിജീവിച്ച് ഇറോംശര്‍മ്മിള ഇപ്പോഴും ജീവിച്ചിരിക്കുന്നത് ഒരു അത്ഭുതമാണ്. ഒരു സ്ത്രീയുടെ സ്ഥൈര്യത്തിന്റെയും ഇച്ഛാശക്തിയുടെയും ആത്മാര്‍ത്ഥതയുടെയും ത്യാഗത്തിന്റെയും പ്രതീകമായി ഇറോം ശര്‍മ്മിളയുടെ നിരാഹാരസമരം ചരിത്രത്തില്‍ വാഴ്ത്തപ്പെടും.
‘അഫ്സ്പ’ പിന്‍വലിച്ചാലും ഇല്ലെങ്കിലും ഇതൊരു വിജയിച്ച സമരമാണ്. നീണ്ട പതിനാറു വര്‍ഷങ്ങള്‍ യാതൊരു പ്രലോഭനത്തിനും വഴങ്ങാതെ അക്രമത്തിനെതിരെ ഒരു സ്ത്രീ നടത്തിയ പോരാട്ടം. അവരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മണിപ്പൂരിലെ വനിതകള്‍ നടത്തുന്ന പോരാട്ടങ്ങള്‍. അത് ലോകത്തെങ്ങുമുള്ള നീതിനിഷേധത്തി നെതിരായി നടക്കാനിരിക്കുന്ന സമരങ്ങള്‍ക്ക് മാതൃകയാവും.
അടുത്ത മാസം 9ന് ഇറോം ശര്‍മ്മിള നിരാഹാരസമരം അവസാനി പ്പിക്കുമെന്നാണ് അറിയുന്നത്. അടുത്ത് നടക്കുന്ന മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറോം ശര്‍മ്മിള മത്സരിച്ചേക്കുമെന്ന്‍ പറയപ്പെടുന്നു. എങ്കില്‍ അത് വളരെ നല്ല കാര്യമാണ്. ഇറോംശര്‍മ്മിളയെപ്പോലൊരു ഉരുക്കുവനിത ഇന്ത്യന്‍ സാഹചര്യത്തില്‍ ഭരണരംഗ ത്തെത്തണം. അഴിമതിയിലും അക്രമത്തിലും ദളിത്‌,സ്ത്രീ പീഡനങ്ങളിലും മുങ്ങിനില്‍ക്കുന്ന ഭരണാധികാരത്തെ അഴിച്ചുപണിയാന്‍ കരുത്തുള്ള വനിതകള്‍ അധികാരം കൈയാളണം. അത് സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Thursday, June 16, 2016

ജിഷയുടെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

കേരളത്തിന് ഇനി അല്‍പ്പം ആശ്വസിക്കാം. അവസാനം ജിഷാവധക്കേസിലെ പ്രതിയെ പിടികൂടി. അസം സ്വദേശിയായ അമിയൂര്‍ ഉൾ ഇസ്ലാം എ.ഡി.ജി.പി. ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ പിടിയിലായി. ഈ വാര്‍ത്ത കേട്ടപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി. ഒപ്പം ആശങ്കയും അനുഭവപ്പെട്ടു.
മുന്‍ അന്വേഷണം എവിടെയുമെത്താതെ കേസ് അവസാനിപ്പിക്കേണ്ടി വരുമോ എന്ന ആശങ്ക പൊതുസമൂഹത്തില്‍ നിലനില്‍ക്കുമ്പോഴാണ് ഇടതുപക്ഷം അധികാരത്തി ലെത്തിയത്. പുതിയ മന്ത്രിസഭയുടെ ആദ്യതീരുമാനം തന്നെ ജിഷാവധക്കേസ് എ.ഡി.ജി.പി.സന്ധ്യയെ ഏല്‍പ്പിക്കുക എന്നതായിരുന്നു. ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തി കൊലപ്പെടുത്തിയ കേസ് അന്വേഷിക്കേണ്ടത് ഒരു സ്ത്രീയായിരിക്കണമെന്നത് ഏറ്റവും ഉചിതമായ തീരുമാനമായിരുന്നു. എ.ഡി.ജി.പി.സന്ധ്യയും സംഘവും കേരളസമൂഹത്തിന്റെ പ്രതീക്ഷ തെറ്റിച്ചില്ല. സത്യസന്ധയായ പോലീസ് ഓഫീസര്‍ക്കും സംഘത്തിനും ഞാനും അഭിനന്ദനത്തിന്റെ ഒരു പൂച്ചെണ്ട് നല്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പ് അതീവ ജാഗ്രതയോടെ സ്ത്രീസുരക്ഷയ്ക്ക് ആവശ്യമായ നടപടികളെടുക്കുമെന്ന വിശ്വാസവും പ്രതീക്ഷയും ഇപ്പോഴുണ്ട്.
എങ്കിലും ഞാന്‍ ആശങ്കയിലാണ്. പ്രതിയെക്കുറിച്ചുള്ള വിവരങ്ങളാണ് എന്നെ ഭയപ്പെടുത്തുന്നത്. പ്രതിക്ക് കേവലം 23 വയസ്സ് മാത്രം. കൌമാരം വിടപറഞ്ഞിട്ടേയുള്ളൂ അയാള്‍ക്ക് . എന്നിട്ടും വളരെ ക്രൂരമായ രീതിയില്‍ ഒരു പെണ്കുട്ടിയെ കൊല്ലാന്‍ അവന് കൈയറപ്പ് ഉണ്ടായില്ല. ഡല്‍ഹി പെണ്‍കുട്ടിയും സൌമ്യയുമൊക്കെ കൊല്ലപ്പെട്ടത് ഇതുപോലെയാണെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ തല കറങ്ങുന്നു. നമ്മുടെ നാട്ടിലെ ആണ്‍കുട്ടികള്‍ എന്നുമുതലാണ് ഇങ്ങനെ രാക്ഷസന്മാരായിപ്പോയത്. ഈ രാക്ഷസന്മാരുടെ പിടിയില്‍നിന്നും എങ്ങനെയാണ് നമ്മുടെ പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത്!
ഇന്ന്‍ ഇന്ത്യന്‍ യുവത്വം അരക്ഷിതാവസ്ഥയിലാണ്. അരക്ഷിതത്വവും അരാചകത്വവും നമ്മുടെ യുവത്വത്തിന്റെ മുഖമുദ്രയാവുകയാണെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. അതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ഭരണകൂടത്തിനും പൊതുസമൂഹത്തിനും രക്ഷിതാക്കള്‍ക്കും മാറിനില്ക്കാ നാവില്ല. കുട്ടികളില്‍ ധാര്മ്മികമൂല്യവും പ്രതീക്ഷയും വളര്ത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുന്നു. യുവാക്കള്ക്ക് മാതൃകയാവേണ്ടവര്‍ അധാര്മ്മികതയിലും അഴിമതിയിലും അക്രമത്തിലും കുളിച്ചുനില്ക്കു മ്പോള്‍ കുട്ടികളെങ്ങനെ നന്നാവാനാണ്! സ്നേഹവും സുരക്ഷിതത്വവും കുടുംബങ്ങളില്പ്പോലും അനുഭവിക്കാതെ വളരുന്ന കുട്ടികള്‍ അക്രമത്തിലേക്കും ലൈംഗിക അരാചകത്വത്തിലേക്കും തിരിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. ഈ കൊല നടത്തിയത് ഒരു അന്യസംസ്ഥാന തൊഴിലാളിയാണെന്നത് മറക്കാന്‍ കഴിയില്ല. സ്വന്തം മുഖവും അസ്തിത്വവും തിരിച്ചറിയില്ല എന്നൊരു സൗകര്യം കൂടിയുണ്ട് ഇവിടെ. ഒരാള്‍ സമൂഹത്തിനിടയില്‍ അംഗീകരിക്കപ്പെടുമ്പോഴേ അയാളുടെ വ്യക്തിത്വം പൂര്ണ്ണമാവൂ. വേരുകള്‍ മറന്ന്, അസംതൃപ്തരായി തൊഴില്‍ തേടി അലയുന്ന ആള്ക്കൂട്ടമായിരിക്കുന്നു ഇന്ത്യന്‍ യുവാക്കള്‍. അത്തരക്കാര്ക്ക് ആരോടും കടപ്പാടോ, സ്നേഹമോ ഉണ്ടാവണമെന്ന് നിര്ബ്ബന്ധിക്കാന്‍ കഴിയില്ല. ഇതുതന്നെയായിരിക്കും ജിഷയുടെ കൊലപാതകത്തിലേക്കും നയിച്ചത് എന്ന്‍ സംശയിക്കാം. അപകടകരമായ ഈ അവസ്ഥ തിരിച്ചറിഞ്ഞ് സര്ക്കാരും സമൂഹവും വേണ്ടത് ചെയ്തേ മതിയാവൂ. ഇല്ലെങ്കില്‍ ഇനിയും ഇതുപോലുള്ള കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും ആവര്ത്തിക്കും.

Thursday, May 26, 2016

വനിതകള്‍ക്ക് കേരള നിയമസഭയിലെന്തു കാര്യം!

ഈ തെരഞ്ഞെടുപ്പ് കാലത്ത് നമ്മുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഓര്‍ത്തു പോയി. ഒന്നര ദശകത്തോളം ഇന്ത്യ ഭരിച്ച കരുത്തയായ ഇന്ദിരാഗാന്ധിയെന്ന നമ്മുടെ ഏക വനിതാ പ്രധാനമന്ത്രിയെ ഭാരതസ്ത്രീകൾ ആദരവോടെയും അഭിമാനത്തോടെയും എന്നും സ്മരിക്കും.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീപങ്കാളിത്തം പുരുഷനൊപ്പം തന്നെയുണ്ടാ യിരുന്നെങ്കിലും പൂര്‍ണ്ണമായും ഭരണാധികാരത്തിൽ എത്തിയ സ്ത്രീ എന്ന് ഇന്ദിരാ ഗാന്ധിയെപ്പറ്റി മാത്രമേ പറയാന്‍ പറ്റൂ. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും പിമ്പും പ്രഗത്ഭരായ അനേകം വനിതകൾ ഭാരതത്തിൽ ജന്മംകൊണ്ടിരുന്നെങ്കിലും അവരെയൊക്കെ പുരുഷാധിപത്യം അധികാരത്തിന്റെ അരികുകളിലേക്ക് തള്ളി മാറ്റുകയായിരുന്നു.
പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ സ്ത്രീപീഡനങ്ങൾ വര്‍ദ്ധിച്ചുവരികയാണ്. ഒരു പോറല്‍പോലുമേല്‍ക്കാതെ കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ പുതിയ ഇരകളുണ്ടായിക്കൊ ണ്ടിരിക്കും. സൌമ്യക്ക് പിന്നാലെ പെരുമ്പാവൂരിലെ ജിഷയും മാനവും ജീവനും പിച്ചിച്ചീന്ത പ്പെട്ട് ബലാല്‍ക്കാരത്തിന്റെ രക്തസാക്ഷിയായി. സ്ത്രീകളെ ആക്രമിക്കുന്ന കുറ്റവാ ളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കാനുതകുന്ന നിയമനിര്‍മ്മാണം നടത്തേണ്ടത് അതിന്റെ ഗുണഭോക്താവായ സ്ത്രീ ആയിരിക്കണം എന്നതാണ് ഇതിനൊരു പരിഹാരം. സ്ത്രീകള്‍ക്ക് തുല്യനീതിയും ലിംഗസമത്വവും ഉറപ്പുനല്‍കുന്ന നിയമനിര്‍മ്മാണം നടത്തേണ്ട സഭയിൽ സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തമില്ലെങ്കിൽ സ്ത്രീകളുടെ താല്‍പ്പര്യം ഒരിക്കലും സംരക്ഷിക്കപ്പെടുകയില്ല.
ഇപ്പോഴത്തെ ലോകസഭയിൽ 12% മാത്രമാണ് സ്ത്രീപ്രാതിനിധ്യമുള്ളത്. കഴിഞ്ഞ കേരളനിയമസഭയിലാണെങ്കിൽ വെറും അഞ്ചുശതമാനവും. സ്ത്രീജനപ്രതിനിധികളുടെ സംഖ്യ ഒരക്കം കടക്കാൻ മടികാണിക്കുന്നതിന് കാരണം സ്ത്രീയുടെ നേതൃത്വം അംഗീകരിക്കാനുള്ള പുരുഷന്റെ വിമുഖത തന്നെയാണ്. രാഷ്ട്രീയരംഗത്ത് സ്ത്രീയെ വളര്‍ത്തിക്കൊണ്ടു വരാനും നേതൃത്വം കൈമാറാനും ഇന്ത്യന്‍ രാഷ്ട്രീയത്തിന്,പ്രത്യേകിച്ച് കേരളരാഷ്ട്രീയത്തിന് താല്‍പ്പര്യമില്ല. അതുകൊണ്ടാണ് നിയമനിര്‍മ്മാണ സഭകളിൽ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കാത്തത്.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയിൽ മരുന്നിന് ഒരു പെണ്‍തരിയുണ്ടായിരുന്നു. ആദിവാസി ക്ഷേമമന്ത്രി പി.കെ.ജയലക്ഷ്മി. കോണ്‍ഗ്രസ്സിൽ ആറോളം വനിതാംഗങ്ങൾ മത്സരിച്ചെങ്കിലും വീശിയടിച്ച ഇടതുപക്ഷക്കൊടുങ്കാറ്റിൽ അവരെല്ലാം കാലിടറി വീണതുകൊണ്ട് ഇപ്രാവശ്യം പ്രതിപക്ഷത്ത് വനിതാ സാന്നിദ്ധ്യമില്ല. ഇടതുപക്ഷ ത്താണെങ്കിൽ ആകെയുള്ള മണ്ഡലങ്ങളിൽ വെറും പതിമൂന്ന്‍ ശതമാനത്തിനടുത്താണ് സ്ത്രീകളെ മത്സരിപ്പിച്ചത്. അതിൽ ജയിച്ചു വന്നത് 8പേർ. 91ൽ 8 എന്നത് ജയിച്ചുവന്ന ഇടതുപക്ഷത്തിന്റെ ഒമ്പത് ശതമാനത്തിൽ താഴെയേ വരൂ. നിയമസഭയിലെ മൊത്തം അംഗങ്ങളുടെ ആറു ശതമാനത്തിനടുത്ത് മാത്രവും. അവരില്‍നിന്ന് രണ്ട് വനിതാ മന്ത്രിമാരെയും തെരഞ്ഞെടുത്തിരിക്കുന്നു. എന്നാൽ അര്‍ഹിക്കുന്നത് കിട്ടാത്തിടത്തോളം ഇത് ഒട്ടും തൃപ്തികരമല്ല. സംവരണത്തിന്റെ ആനുകൂല്യമില്ലാതെ തന്നെ പകുതിയിലേറെ ജനപ്രതിനിധികളും മന്ത്രിമാരും സ്ത്രീകളായിരിക്കണം. കാരണം കേരളത്തിൽ 2.60കോടി വോട്ടര്‍മാരിൽ 1.35കോടിയും സ്ത്രീകളാണ്.പുരുഷന്മാർ 1.25കോടി മാത്രം. വോട്ടുബാങ്കിൽ മുന്നിട്ടുനില്‍ക്കുന്ന സ്ത്രീകൾ തങ്ങള്‍ക്ക് പങ്കാളിത്തമില്ലാത്തൊരു സംവി ധാനത്തെ താങ്ങിനിര്‍ത്തേണ്ട ബാധ്യത ഇല്ല എന്ന്‍ തിരിച്ചറിയണം.
വര്‍ഷങ്ങള്‍ക്കു്മുമ്പേ നമ്മൾ കരുത്തുറ്റ ഒരു വനിതാ മുഖ്യമന്ത്രിയെ പ്രതീക്ഷിച്ചതാണ്. അന്ന്‍ ഗൌരിയമ്മയെ മുഖ്യമന്ത്രിയായി സങ്കല്‍പ്പിച്ചവരുടെ പ്രതീക്ഷയെ തകിടം മറി ച്ചുകൊണ്ട് ഇ.കെ.നായനാരെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഗൌരിയമ്മയെപ്പോലൊരു നേതാവിന് ത്യാഗത്തിന്റെയോ,തന്റേടത്തിന്റെയോ,കഴിവിന്റെയോ കുറവുണ്ടെന്ന് ആരും പറയില്ല. എന്നിട്ടുമദ്ദേഹത്തിന് കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ കഴിഞ്ഞില്ല.
പുരുഷന് മത്സരിക്കാൻ സീറ്റ് നിഷേധിക്കുമ്പോൾ അയാൾ അത് ലഭിക്കാനുള്ള സര്‍വ വഴികളും നോക്കും. അതുകൊണ്ടാണല്ലോ പുരുഷവിമതസ്ഥാനാര്‍ത്ഥികളുടെ എണ്ണം പെരുകുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കാനുള്ള ചങ്കൂറ്റം സ്ത്രീകള്‍ക്കുണ്ടായിരുന്നെങ്കിൽ 14ആം കേരള നിയമസഭയിലെ 140മണ്ഡലങ്ങളിലേക്ക് മത്സരിച്ച 1203 സ്ഥാനാര്‍ഥികളിൽ സ്ത്രീ സ്ഥാനാര്‍ഥികൾ വെറും 109 പേരിലൊ തുങ്ങില്ലായിരുന്നു.
ഇതിന് അപവാദമായി എടുത്തു കാണിക്കാവുന്ന ഒരേയൊരു മാതൃക താൻ കൂടി വളര്‍ത്തി യെടുത്ത പാര്‍ട്ടി തള്ളിക്കളഞ്ഞപ്പോൾ സ്വന്തമായി ഒരുപാര്‍ട്ടി യുണ്ടാക്കി ഇപ്പോഴും രാഷ്ട്രീയത്തിൽ ഉറച്ചുനില്‍ക്കുന്ന തൊണ്ണൂറു കഴിഞ്ഞ കെ.ആർ.ഗൌരിയമ്മ മാത്രമാണല്ലോ. ശോഭന ജോര്‍ജ്ജും കെ.കെ.രമയും സി.കെ.ജാനുവുമൊക്കെ പ്രതിഷേധത്തിന്റെ ശബ്ദവുമായി അങ്ങിങ്ങ് മിന്നിനില്‍ക്കുന്നുണ്ട് എന്നത് മറക്കുന്നില്ല. പക്ഷെ,എത്ര കാലം അവര്‍ക്ക് പിടിച്ചുനില്‍ക്കാൻ കഴിയുമെന്ന് കണ്ടറിയണം. ഈ പരിതാപകരമായ അവസ്ഥയെ മറികടക്കാന്‍ നൂറ്റാണ്ടുകൾ കാത്തിരിക്കാൻ സാധ്യമല്ല.
ഏതു പാര്‍ട്ടിക്കുള്ളിലായാലും സ്ത്രീയെ അച്ചടക്കത്തിന്റെ വാളോങ്ങി അടക്കി നിര്‍ത്താൻ രാഷ്ട്രീയത്തിലെ പുരുഷനേതൃത്വം എന്നും ശ്രമിച്ചിരുന്നു. അപ്പോൾ അതിനെ പ്രതിരോധിക്കാന്‍ സ്ത്രീകൾ തങ്ങളെ താഴോട്ടു വലിക്കുന്ന അച്ചടക്കം തല്‍ക്കാലം മറക്കണം. കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദുകൃഷ്ണയും സ്ത്രീകളോടുള്ള കോണ്‍ഗ്രസിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കെ.പി.സി.സി. യോഗത്തില്‍നി ന്നും ഇറങ്ങിപ്പോ യത് നല്ലൊരു സൂചനയായി കണക്കാക്കാം. ബി.ജെ.പി.യിലെ ശോഭ സുരേന്ദ്രനും തന്റെ തോല്‍വിക്ക് ഉത്തരവാദികളായ പാര്‍ട്ടി നേതാക്കന്മാര്‍ക്കെതിരെ പരാതിപ്പെടാൻ ധൈര്യം കാണിച്ചുവെന്നതും ശുഭസൂചകമാണ്. ഇവരൊക്കെ പുതിയ ആത്മവിശ്വാസത്തിന്റെ സ്ത്രീ സ്വരങ്ങളാണ്.
ശക്തരായി രാഷ്ട്രീയത്തിൽ അധികാരം കൈയാളുന്ന മമതാ ബാനര്‍ജി യും ജയ ലളിതയുമൊക്കെയാണ് സ്ത്രീകള്‍ക്ക് മാതൃകയാവേണ്ടത്. രാഷ്ട്രീയത്തിലും ഭരണത്തിലു മൊക്കെ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് സ്ത്രീകളാണ് എന്നതിന് തെളിവാണ് ഇവരുടെ ഭരണരംഗത്തെ നേട്ടങ്ങൾ. ജനം അത് തിരിച്ചറിഞ്ഞു തന്നെയാണ് രണ്ടാമൂഴം നല്‍കി അവരെ അനുഗ്രഹിച്ചത്.
കുടുംബത്തിലായാലും രാഷ്ട്രീയത്തിലായാലും ഉദ്യോഗത്തിലായാലും സ്ത്രീയെന്നും അനുസരണയുള്ളവളായിരിക്കണമെന്നു തന്നെയാണ് പുരുഷസമൂഹത്തിന്റെ ആഗ്രഹം. അത് വകവെച്ചുകൊടുക്കേണ്ട കാര്യം ആധുനിക വനിതക്കില്ല. അവൾ ആവശ്യപ്പെടുന്നതും അര്‍ഹിക്കുന്നതും തുല്യതയാണ്. ഒരു വ്യക്തി എന്ന നിലയിൽ ഒരാൾ മറ്റെയാള്‍ക്ക് കീഴടങ്ങി ജീവിക്കേണ്ട കാര്യമില്ല. സ്വന്തം കഴിവനുസരിച്ച് വളരാനും പ്രവര്‍ത്തി ക്കാനുമുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ട്. ആ നിലയ്ക്ക് സ്വന്തം സ്വത്വം സ്ഥാപിച്ചെടുക്കുക എന്നത് സ്ത്രീയുടെ ആവശ്യമാണ്‌. മുന്നിലെത്താന്‍ അവർ കഠിനമായി അധ്വാനിക്കുകയും വേണം. ഇപ്പോഴത്തെ സ്ത്രീകൾ എല്ലാ രംഗത്തും കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും പിന്നോട്ട് തള്ളപ്പെടുമ്പോൾ അര്‍ഹിക്കുന്ന അവകാശങ്ങള്‍ക്കു വേണ്ടി സ്ത്രീ പോരാടണം. തനിക്ക് അവകാശപ്പെട്ടത് പിടിച്ചുവാങ്ങുകതന്നെ വേണം. ബിന്ദുകൃഷ്ണയും ഷാനിമോൾ ഉസ്മാനും ശോഭ സുരേന്ദ്രനുമൊക്കെ പ്രതികരിച്ചതുപോലെ തങ്ങൾ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി യില്‍നിന്നുതന്നെ അത് തുടങ്ങട്ടെ. ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ എല്ലാ പാര്‍ട്ടി കളിലെ വനിതകളുടെ ഇടയില്‍നിന്നും ഇനിയുമുയര്‍ന്നുവരണം. ജാഥയ്ക്കും സമ്മേളനങ്ങള്‍ക്കും കൊഴുപ്പുകൂട്ടാൻ മാത്രമല്ല, ഭരണത്തിലും സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം ഉറപ്പുവരുത്തണം

(ഇന്നത്തെ മാതൃഭൂമി ദിനപത്രത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണരൂപം.)

Wednesday, April 27, 2016

ഭൌമദിനത്തിൽ കാടിനെ തൊട്ട്; കായലും കടലും കണ്ട്....

കുറെനാളായി നികേഷ് പറഞ്ഞുകൊതിപ്പിക്കുന്നു. ‘കാട്ടിൽ കൊണ്ടുപോയി കുരങ്ങിന്റെ കൂടെ കളിപ്പിക്കാം.’ അത് കേട്ടപ്പോൾ കൊതിയൂറിയെങ്കിലും ഭാരിച്ച ദുര്‍ബ്ബല ശരീരം എന്നോട് കലഹിച്ചു. അപ്പോൾ ബുദ്ധി മനസ്സിനും ശരീരത്തിനുമിടയിൽ സമവായത്തിനെത്തി. ‘പിന്നെയാവട്ടെ..പിന്നെയാവട്ടെ..’
തല്‍ക്കാലം ഞാൻ അതനുസരിക്കാൻ തീരുമാനിച്ചു. എന്നാൽ വ്യാഴാഴ്ച വന്ന ഉടനെ നികേഷ് പ്രഖ്യാപിച്ചു. “നാളെ ഞാൻ ലീവാണ്. വേണമെങ്കിൽ നാളെ പോകാം.”
പിണങ്ങിമാറിയ ശരീരത്തെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ തീരുമാനിച്ചു. നാളെത്തന്നെ പോയേക്കാം.
അടുത്ത നടപടി കൂട്ടിനാളെ സംഘടിപ്പിക്കലാണ്. അനിയത്തിയെ വിളിച്ചു. അവൾ എപ്പൊഴേ റെഡി. സുധ ഏഴോമിനെ വിളിച്ചു. അവളും റെഡി.
കുരങ്ങിന് കൊടുക്കാൻ തക്കാളി വാങ്ങണമെന്ന് നികേഷ് പറഞ്ഞപ്പോൾ ഒട്ടും യോജിച്ചില്ല. വിഷമടിച്ചു കൊണ്ടുവരുന്ന തക്കാളിയൊന്നും അവര്‍ക്ക് നല്‍കരുത് എന്ന് തര്‍ക്കിച്ചു. പിന്നെന്ത് കൊടുക്കും? അതൊരു വിഷയമേയല്ല. കുഞ്ഞാങ്ങള വിഷമടിക്കാതെ കുടകുമണ്ണിൽ വിളയിച്ച മണ്ണൻ വാഴക്കുല പടിഞ്ഞാറ്റകത്ത് മൂത്ത് പഴുത്ത് തൂങ്ങിക്കിടപ്പുണ്ടല്ലോ. അത് കൊടുക്കാം എന്ന്‍ ഏകപക്ഷീയമായി തീരുമാനിച്ചു. പ്രത്യേകം ഓര്‍മ്മിപ്പിക്കാനും മറന്നില്ല. ‘അതൊക്കെ കെട്ടിപ്പൊതിഞ്ഞു വെക്കുന്നത് അമ്മയുടെയും നികേഷിന്റെയും ജോലിയാണെന്ന്’. പതിവുപോലെ ഞാൻ അന്നും ചുമ്മാ അങ്ങ് പറഞ്ഞതേയുള്ളൂ. എപ്പോഴും ഞാൻ അങ്ങനെ പറയുകയല്ലേ ഉള്ളൂ. ഒന്നും ചെയ്യാറില്ലല്ലോ.
അങ്ങനെ 2016 ഏപ്രിൽ 22ന് വെള്ളിയാഴ്ച 3മണിക്ക് മനോജിന്റെ പുതുപുത്തൻ ഓട്ടോവാഹനത്തിൽ ഞാനും നികേഷും പള്ളിക്കുന്നിൽ നിന്നും പുറപ്പെട്ടു. ഞങ്ങൾ സസന്തോഷം തളിപ്പറമ്പിലെത്തി. ഇനി യാത്ര അനിയത്തിയുടെ പുത്തൻ കാറിൽ. വഴിയിൽ നിന്നും സുധയും മകളും കൂടി കയറിയപ്പോൾ കാസര്‍ഗോഡ്‌ തൃക്കരിപ്പൂരേക്കുള്ള യാത്രികർ അഞ്ചായി. നികേഷ് ഗൈഡും ഡ്രൈവറും ഒക്കെയായി വനിതാസംഘത്തെ നയിച്ചു.
അപ്പോൾ ഒരു പ്രശ്നം. ഇടയിലെക്കാട്ടിലൂടെ ഞാനെങ്ങനെ നടക്കും. ‘സുനിതയുടെ വീല്‍ചെയറിൽ പോകാ’മെന്നായി നികേഷ്. ഞാനാണെങ്കിൽ അതിൽ രണ്ട് പ്രശ്നങ്ങൾ മുഴച്ചുകണ്ടു. ഒന്ന്‍ വീല്‍ചെയർ എന്നു കേള്‍ക്കുമ്പോഴേ എനിക്ക് അലര്‍ജി വരും. മറ്റൊന്ന്‍ സുനിതയ്ക്ക് അത് അസൌകര്യമാകുമോ എന്ന പേടിയും. ഏതായാലും നികേഷ് തീരുമാനിച്ചുകഴിഞ്ഞു. വണ്ടി കുഞ്ഞിമംഗലത്തേക്ക് തിരിഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന്‍ ബോധോദയം. “ഓട്ടോ റിക്ഷയിൽ നിന്ന് കുരങ്ങുസോദരര്‍ക്ക് കൊടുക്കേണ്ട പഴം ഇറക്കിയോ?”
യാതൊരു മടിയുമില്ലാതെ നികേഷ് മൊഴിഞ്ഞു. “ഇല്ല.”
ഇത് കേട്ടപ്പോൾ എനിക്ക് തളിപ്പറമ്പിലേക്ക് വരുമ്പോൾ എന്റെ പേഴ്സിൽ നിന്നും നൂറ് രൂപ പറന്നുപോയതിനെക്കാൾ നിരാശ അനുഭവപ്പെട്ടു. ഞാൻ നിരാശക്കടലിൽ നീന്തുമ്പോൾ മറ്റുള്ളവരെന്നെ പിടിച്ചുപൊക്കാൻ ശ്രമിച്ചു.
നികേഷ് ആശ്വസിപ്പിച്ചു. “നമുക്ക് പഴവും തക്കാളിയും നിലക്കടലയും വാങ്ങാം.”
ഗണേഷ്കുമാർ കുഞ്ഞിമംഗലത്തിന്റെ വീടിനു മുന്നിൽ കാർ നിര്‍ത്തി . അവിടുത്തെ അമ്മ ഓടിവന്നു. സുനിത വീല്‍ചെയറിൽ തനിയെ വന്നു. “തിരിച്ചുവരുമ്പോൾ ഇറങ്ങാം”. വീല്‍ചെയറും സംഘടിപ്പിച്ച് വേഗം മടങ്ങി. ഉടനെ കുരങ്ങു സാമ്രാജ്യത്തിലെത്തണം.
കാസര്‍ഗോഡ്‌ ജില്ലയിലെ വലിയ പറമ്പ് പഞ്ചായത്തിൽ തൃക്കരിപ്പൂരിനടുത്തായി ഇടയിലെക്കാട്. കാട് റോഡരികിൽ തന്നെ. ഇടയിലെക്കാട് ശ്രീനാഗാലയം എന്ന ബോര്‍ഡ് വെച്ചതിനടുത്തായി കാർ നിര്‍ത്തിയതും നോക്കിയത് മരത്തിൽ ആരോ കെട്ടിത്തൂക്കിയ പഴക്കുല ഉരിഞ്ഞുതിന്നുന്ന കുരങ്ങന്റെ മുഖത്തേക്ക്.
നികേഷ് ഡിക്കിയിൽ നിന്ന് വീല്‍ചെയറെടുത്ത് എന്നെയിരുത്തി മരത്തിന്റെ കീഴിൽ കൊണ്ടുവെച്ചു. അപ്പൊ എന്താ കഥ! ഒരടി മുന്നോട്ടായിരുന്നെങ്കിൽ ഞാനുമിങ്ങനെ പാടിയേനെ.
‘കാച്ചിക്കാച്ചിപ്പെയ്യള്ള
ആവത് നോക്കി കൊടുക്കള്ള’
കാര്യമറിയാതെ മിഴിക്കേണ്ട. പണ്ട് കോരിച്ചൊരിയുന്ന കര്‍ക്കിടകത്തിൽ കാട്ടിൽ തോലരിയാൻ പോയ സ്ത്രീ മഴ പെയ്യുമ്പോൾ ഒരു മരച്ചുവട്ടിലേക്ക് നീങ്ങിനിന്നു. തണുത്ത് വിറച്ച് നില്‍ക്കുമ്പോൾ ദേഹത്ത് മുകളിൽ നിന്നും ചുടുവെള്ളം വീണപ്പോഴുള്ള ആശ്വാസവും നന്ദിയും ദൈവത്തെ അറിയിച്ചതാണ്. മുകളിലേക്ക് നോക്കാഞ്ഞതുകൊണ്ട് മരത്തിന്റെ മുകളിലിരിക്കുന്ന ദൈവത്തെ അവർ കണ്ടില്ല.
നാണമില്ലാത്തവൻ കണ്ടില്ലേ എന്റെ മുഖത്തുനോക്കി മൂത്രമൊഴിക്കുന്നത്!
എല്ലാവരും മൊബൈലുമായി ഇറങ്ങിയപ്പോൾ പഴമുരിയുന്നവരടക്കം ഓടിവന്നു. നോട്ടം മോബൈൽ ഫോണിൽ. തട്ടിപ്പറിക്കാനുള്ള സാധ്യത മണത്തുകൊണ്ട് നികേഷ് പറഞ്ഞു. “മൊബൈൽ മുറുക്കിപ്പിടിച്ചോ.”
പിന്നെയെല്ലാം ശടപടെന്നു ചെയ്തു. നികേഷ് വണ്ടിയിൽ വാങ്ങിവെച്ച പഴവും തക്കാളിയും തൊണ്ട് പൊളിക്കാത്ത നിലക്കടലയും കൊണ്ടുവന്നു ഞങ്ങള്‍ക്ക് പങ്കിട്ടുതന്നു. ഒരു ഗുണ്ടച്ചെക്കൻ വന്ന്‍ എന്റെ കൈയിൽ നിന്നും അത് തട്ടിപ്പറിച്ചു. പിന്നൊരുത്തി വന്നു. അവൾ അല്പംകൂടി മര്യാദ കാണിച്ചു. പതുക്കെ കൈയിൽ നിന്നെടുത്തു. വാത്സല്യം മൂത്ത് ഞാനൊന്ന്‍ അവളുടെ തലയിൽ തൊടാനാഞ്ഞപ്പോൾ അവൾ തനി കാടത്തിയായി എന്റെ നേരെ നിവര്‍ന്നിരുന്ന് ‍ മുരണ്ടുകൊണ്ട് പല്ലിളിച്ചു. അപകടം. പിന്നെ കേട്ടത് അനിയത്തിയുടെ അലര്‍ച്ചയാണ്. “തൊടണ്ടാ.”
അതിനിടക്ക് സുധ ഒരുത്തനെ പഴം നീട്ടി കൊതിപ്പിക്കാൻ ശ്രമിച്ചു. അവൻ മൈന്‍ഡ് ചെയ്തില്ല. അപ്പോൾ അവൾ പഴംകൊണ്ട് അവനെ ഒന്നുതട്ടി. അമ്പമ്പോ അവൻ വിശ്വരൂപം പ്രദര്‍ശിപ്പിച്ചു. ഒരു കത്തി കിട്ടിയിരുന്നെങ്കിൽ സുധയെ അപ്പോൾ തന്നെ അവൻ കുത്തി മലര്‍ത്തുമായിരുന്നു. അക്ഷര പേടിച്ച് അമ്മയുടെ അടുത്തേക്ക് ഓടിവന്നു. “വേണ്ട..തൊടില്ല..” എന്ന്‍ ക്ഷമാപണം നടത്തിയപ്പോഴാണ് അവനടങ്ങിയത്.
ഈ സമയമത്രയും എന്റെ അടുത്തു വരുന്നവരോട് ഞാൻ സംസാരിച്ചുകൊണ്ടേയിരുന്നു. ചിരിച്ചുകൊണ്ടിരുന്നു. എനിക്ക് സന്തോഷം അടക്കാൻ കഴിയുന്നില്ല. ഇവരൊക്കെ എന്റെ കുടുംബക്കാരാണ്. കൂട്ടുകാരാണ്. പിന്നെങ്ങനെ ഞാൻ അവരോട് സംസാരിക്കാതിരിക്കും!
ഞാൻ ഒരു തക്കാളി കൈയിലെടുത്തതേയുള്ളൂ. രണ്ടുമൂന്നുപേർ എന്നെ വളഞ്ഞു. അതിനിടയിൽ ഒരു ചെറുപ്പക്കാരൻ കുതിച്ചു വന്നു. അവന്റെ ഒരു കൈയിൽ മുഴുത്ത തക്കാളി കണ്ടതുകൊണ്ട് ഞാനത് മറ്റുള്ളവരുടെ നേര്‍ക്ക് നീട്ടിയതും കൈയിലെ തക്കാളി വാകൊണ്ടു കടിച്ചുപിടിച്ച് എന്റെ കൈയിലേതും തട്ടിപ്പറിച്ച് അവനൊറ്റ ചാട്ടം. മരത്തിന്റെ മുകളിലിരുന്ന് രണ്ടുകൈയിലും ഓരോന്ന് പിടിച്ച് അപ്പം പങ്കുവെച്ച കുരങ്ങനെപ്പോലെ മാറിമാറി കടിച്ചുകൊണ്ട് എന്നോട് ചോദിച്ചു. “ഇപ്പെങ്ങനെ?”
അപ്പോഴാണ്‌ കുഞ്ഞിനേയും വയറ്റത്തടുക്കി രണ്ടമ്മമാരുടെ വരവ്. അവര്‍ക്കുണ്ടോ ഇതുപോലുള്ള വാനരപോക്കിരികളോട് മത്സരിക്കാൻ കഴിയുന്നു! അനിയത്തി സങ്കടപ്പെട്ടു. “പാവങ്ങൾ അവര്‍ക്കൊന്നും കിട്ടുന്നില്ല.”
അതിലൊരുത്തി കുഞ്ഞിനെയുമെടുത്ത് എന്റെ അടുത്തേക്ക് വന്നു. അവള്‍ക്കുനേരെ നിലക്കടല നീട്ടിയപ്പോൾ പതുക്കെ അടുത്തിരുന്നു. എന്നിട്ട് അവളുടെ വലതുകൈകൊണ്ട് എന്റെ ചൂണ്ടുവിരലിൽ പിടിച്ചു. ഇടതുകൈകൊണ്ട് കടല എടുത്ത് വായിൽ വെച്ചു. എന്റെ വിരലും ഉള്ളംകൈയും ആ അമ്മ മനസ്സിന്റെ സൌമ്യവും ദീപ്തവുമായ സ്നേഹവും ആര്‍ദ്രതയും തൊട്ടറിഞ്ഞു. കുഞ്ഞിനു നല്‍കുന്ന അതേ വാത്സല്യമാണല്ലോ അവളെനിക്ക് നല്‍കിയത്. എന്റെ കൈക്ക് ബലമില്ലെന്നറിഞ്ഞിട്ടു തന്നെയല്ലേ അവൾ നോവിക്കാതെ അത്രയും മൃദുവായി പിടിച്ചത്. അമ്മയുടെ സ്നേഹവും കരുതലും അവൾ എന്നോട് കാണിച്ചപ്പോൾ എന്നിലേക്കും അത് പകര്‍ന്നു . അവളെയും കുഞ്ഞിനേയും ചേര്‍ത്തുപിടിച്ചു തഴുകാൻ എന്റെ മനസ്സ് കൊതിച്ചു.
അവനെന്തിനാ ആ പെണ്ണിനെ വിരട്ടുന്നത്? ആരോടും ഒന്നും വാങ്ങാൻ സമ്മതിക്കുന്നില്ലല്ലോ. അവൾ കൈ നീട്ടിയാൽ അവൻ കണ്ണുരുട്ടി മുരളും. അപ്പോൾ അവൾ മാറിപ്പോവും. ഓ..അതവന്റെ പെണ്ണാണ്. പെണ്ണ് ആരോടും അടുക്കുന്നത് അവനിഷ്ടമല്ല. അസൂയന്നെ.
നേരത്തെ എന്റെ അനിയത്തി നിര്‍ബ്ബന്ധിച്ച് പിടിപ്പിച്ച വാഴപ്പഴം വാങ്ങി അപ്പോൾത്തന്നെ ഒരുത്തൻ വലിച്ചെറിഞ്ഞിരുന്നു. പഴം തിന്ന്‍ ചെടിച്ചിരുന്ന അവന് വീണ്ടും പഴം കൊടുത്തപ്പോൾ ദേഷ്യം വന്നതാണ്. അവനല്ലേ അത് ഇപ്പോൾ നിലത്ത് നിന്നെടുത്ത് തിന്നുന്നത്. അതേ. അവൻ തന്നെ. കടല തീര്‍ന്നപ്പോൾ ഒരുകൈ നോക്കിയതാണ്.
ഞങ്ങളുടെ കൈയിലെ കടല തീര്‍ന്നപ്പോൾ നികേഷ് അടുത്തുള്ള കടയിൽ പോയി വീണ്ടും വാങ്ങി. കവർ പൊട്ടിച്ച് കുറച്ച് എന്റെ കൈയിലിട്ടു തന്നു. പക്ഷേ, അത് വാങ്ങാൻ അവിടെ ആരുമുണ്ടായിരുന്നില്ല. മൂപ്പനൊരു ശബ്ദം ഉണ്ടാക്കിയപ്പോഴേക്കും മരത്തിലുള്ളവരും നിലത്തുള്ളവരുമെല്ലാം കാട്ടിലേക്ക് ഊളിയിട്ടു കഴിഞ്ഞിരുന്നു. ‘കൃത്യനിഷ്ഠയില്ലാത്ത മനുഷ്യരെപ്പോലെ കളിക്കാതെ വാ പിള്ളേരെ’ എന്ന്‍ നേതാവ് കല്പിച്ചാൽ അവര്‍ക്ക് അനുസരിച്ചല്ലേ പറ്റൂ. എല്ലാവരും മരവീട്ടിലേക്ക് അന്തിയുറങ്ങാൻ പോയിക്കഴിഞ്ഞു.
രണ്ടു കൈയിലും ചേര്‍ത്തുപിടിച്ച കടല എന്തുചെയ്യണമെന്നറിയാതെ മരത്തിനുചുറ്റും ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് കൂടുകളിലേക്ക് നോക്കി ഞാൻ നെടുവീര്‍പ്പിട്ടു. അതിന് മുകളിൽ മരത്തിന്റെ വള്ളിയിൽ ‘പ്ലാസ്റ്റിക് കാടിനെ നശിപ്പിക്കും’ എന്നെഴുതിയ ബോര്‍ഡ് ഒട്ടിനില്‍ക്കുന്നത് കണ്ട് മിഴിച്ചിരുന്നു.
നികേഷ് വീല്‍ചെയറുരുട്ടി. ഇനി കാടിനുള്ളിലേക്ക്. അതല്പം പ്രയാസമുള്ള പണി തന്നെയാണ്. കാട്ടുവഴിയിലൂടെ കരിയിലകള്‍ക്കും പൊങ്ങി നില്‍ക്കുന്ന വേരുകള്‍ക്കും മുകളിലൂടെ കുതിച്ചും കിതച്ചും അവനെന്നെ കൊണ്ടുപോയി. ഇടയ്ക്ക് മുന്നിലെ ചക്രമുയര്ത്തി് സുധ സഹായിച്ചു. അക്ഷരയും പങ്കജവും ഫോട്ടോയെടുത്ത് സഹകരിച്ചു. ഇടയിലെക്കാട് ശ്രീനാഗാലയത്തിനടുത്താണ് കാട്ടുപാത ഞങ്ങളെയെത്തിച്ചത്. കാടിന്റെ കുളിര്‍മ്മയിൽ ഫോട്ടോയെടുത്ത് രസിക്കുമ്പോഴും എന്റെ മനസ്സിൽ നിന്നും വാനരന്മാർ ഇറങ്ങിപ്പോയില്ല. ഇല്ല. ഇവിടെ നാഗക്ഷേത്രത്തിനടുത്ത് അവർ വരാറില്ലത്രേ.
കാട്ടിൽ നിന്നിറങ്ങാൻ മനസ്സ് വന്നില്ലെങ്കിലും ഞങ്ങൾ പിന്മടങ്ങി. തറവാട്ടിലേക്ക് ഞങ്ങളിനിയും വരും.
കാട്ടിൽനിന്നും കായലിലേക്ക്. വലിയ പറമ്പ് കായലിലെ ബോട്ട് ജെട്ടി വരെ പോയി. കാറ്റ് കായലിലേക്ക് ഇറങ്ങാൻ നിര്‍ബ്ബന്ധിച്ചെങ്കിലും പേടിച്ചിട്ട് പോയില്ല. കരയിലിരുന്നു കണ്ടോളാമെന്നു മന്ത്രിച്ചു.
കായലരികത്തിരുന്നു കഥ പറയാൻ നേരമില്ല. കടല്‍ത്തീരത്ത് പോകണം. അങ്ങോട്ട് പോകുമ്പോൾ അന്തിക്കതിരോനോട് മത്സരിച്ചു പരാജയപ്പെട്ടു. ഞങ്ങളെ വകവെക്കാതെ അങ്ങോർ പൊയ്ക്കളഞ്ഞു. നികേഷിന്റെ കരുത്തിൽ ഒട്ടും അധ്വാനിക്കാതെ വലിയ പറമ്പ് ബീച്ചിലെത്തി. ആഴക്കടലിന്റെ അഗാധതയിൽ എന്റെ ചിന്ത മുങ്ങിത്തപ്പുമ്പോൾ രണ്ടുപേർ അടുത്തെത്തി. വന്നതും അതിലൊരാൾ ചോദിച്ചത് എന്റെ എഴുതിക്കൊണ്ടിരുന്ന പുസ്തകത്തെക്കുറിച്ചാണ്. ആദ്യം ഞാനൊന്ന് അന്തംവിട്ടു. പെട്ടെന്ന് മനസ്സിലായി നികേഷ് പരിചയപ്പെടുത്തിയിട്ടുണ്ട് . അദ്ദേഹം ഗള്‍ഫിലായിരുന്നു. പേര് സൈനുദ്ദീൻ. ഇപ്പോൾ കാസര്ഗോഡ്‌ ബിസിനസ് ചെയ്യുന്നു. അദ്ദേഹം ഫുട്ബോൾ കളിക്കാറുണ്ട്. ശരീരമൊന്ന് ഒതുക്കാനാണ് കളിക്കുന്നത് എന്നദ്ദേഹം കൂട്ടിച്ചേര്ത്തു . വലിയ പറമ്പ് ബീച്ച് സെവന്‍സ് മത്സരം നടക്കുന്നത് ഇവിടെയാണ്‌. ഇപ്പോഴും കുറേപ്പേര്‍ കളിക്കുന്നുണ്ട്. അവിടെ നിന്നാണ് സൈനുദ്ദീൻ ഇറങ്ങി വന്നത്.
ഇരുട്ടുന്നതുവരെ ഞങ്ങൾ കടപ്പുറത്ത് ഇരുന്നു.

മൊത്തെങ്കിലും കാര്‍ന്നുതിന്നാം

എല്ലാവരെയും കാണണം


ആരോ വരുന്നുണ്ട്

സൂര്യന്‍ പിന്നിലായി

നമുക്ക് സ്നേഹിക്കാം

കളിയാക്കേണ്ട.എന്റെ കുടുംബക്കാര്‍ തന്നെ

കണ്ടില്ലേ കാവലിരിക്കുന്നത്

എനിക്ക് കടല ഇഷ്ടമാണ്

പിണക്കത്തിലാണ്

ഹായ് തക്കാളി

രക്ഷപ്പെട്ടു

ആര്‍ക്കും കൊടുക്കില്ല


നിന്നോടല്ലേ പറഞ്ഞത്,വാങ്ങരുതെന്ന്

ഞാനും തരാം

എന്നെ മറന്നോ?

വല്ലതും തരണേ. ഒരു കുഞ്ഞുള്ളതാഓരോരോ കുരുത്തക്കേട്


മോള് വയറു നിറയെ തിന്നോളൂ. കുഞ്ഞുള്ളതല്ലേമിടുക്കി


പേടി മാറിയോ?


വീണതെല്ലാം പെറുക്കട്ടെ


നേരത്തെ വലിച്ചെറിഞ്ഞതാണ്.എന്നാലും തിന്നേക്കാം


ങേ..എല്ലാരും പോയോ?


ഇതിലെ...


പാവം നികേഷ്.കാട്ടുപാതയിലൂടെ ഭാരം ചുമന്ന്‍


ഇടയിലെക്കാട് ശ്രീനാഗസ്ഥാനം


കാട്..കാട്


കാട്


കാട്


കാട്


കാടിന്നവകാശി


മെത്തപോലെ


ഇത് ഞാനാര്‍ക്ക് നല്‍കും?


ഒരേയൊരനിയത്തി

ഈ മരത്തണലില്‍


നമുക്കൊന്നിച്ചിരിക്കാം


ഇവിടങ്ങ്‌ കൂടിയാലോ


പ്ലാസ്റ്റിക്മയം


ഇവിടെ എനിക്കും ജീവിക്കണംഇനി അല്പം കായല്‍ കാഴ്ചകള്‍

ശാന്തമാം വിടവാങ്ങല്‍ (വലിയ പറമ്പ് കായല്‍)

വലിയ പറമ്പ് ബോട്ട് ജെട്ടി

കൂടപ്പിറപ്പിന്റെ കൈത്താങ്ങില്‍

എല്ലാവരുമുണ്ട്


മടങ്ങാന്‍ മനസ്സില്ലാതെ
വലിയ പറമ്പ് ബീച്ചില്‍
കാറ്റെന്നെ കടലിലിടുമോ?

സാഗരത്തിനോടു കിന്നാരം പറയും സാന്ധ്യമേഘം


സൈനുദ്ദീനും കൂട്ടുകാരനും

Monday, April 11, 2016

സ്ഥാനാര്‍ഥിയും പ്രതിനിധിയും

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നമ്മളെങ്ങനെയാണ് നമ്മുടെ പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടത്. സ്ഥാനാര്‍ഥികള്‍ പത്തുപേരുണ്ടായാലും നമുക്ക് അവരൊന്നും സമ്മതരല്ലെങ്കില്‍ എന്തുചെയ്യും? പ്രത്യേകിച്ച് അഴിമതിയുടെയും അനാശാസ്യത്തിന്റെയും നിറംപിടിപ്പിച്ച കഥകള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുമ്പോള്‍ ആരെയാണ് വിശ്വസിക്കുക. ആര്‍ക്കും വോട്ട് ചെയ്യാതിരിക്കലും ശരിയല്ല. എന്റെ പ്രതിനിധിയെ എനിക്ക് തെരഞ്ഞെടുക്കണം. അതെന്റെ അവകാശവും ആവശ്യവുമല്ലേ? നിലവിലുള്ള സംവിധാനത്തില്‍ അത് പൂര്‍ത്തീകരിക്കപ്പെടുന്നില്ല. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന മട്ടില്‍ വോട്ടുചെയ്യുന്നു. ഇത് എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു പ്രശ്നമാണ്. ഇത് എന്നെ മാത്രം അലട്ടുന്ന പ്രശ്നമല്ലെന്ന് ഇപ്പോള്‍ മനസ്സിലായി. സ്ഥാനാര്‍ത്ഥിയെ ചൊല്ലി പ്രതിഷേധം പുകയുകയും അത് ആളിക്കത്തി വനിതകളടക്കം തെരുവിലിറങ്ങുകയും ചെയ്തത് എന്നെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. രാഷ്ട്രീയ പാര്‍ട്ടിക്കുള്ളിലെങ്കിലും ഇങ്ങനെ പ്രതിഷേധിക്കാനും തങ്ങള്‍ക്ക് അനഭിമതരായവരെ മാറ്റണമെന്ന് ആവശ്യപ്പെടാനുമുള്ള സ്വാതന്ത്ര്യം അണികള്‍ക്ക് ഉണ്ടാവണം. അണികള്‍ക്ക് മാത്രം പോര,എനിക്കും വേണം എന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം. നമ്മുടെ സാഹചര്യത്തില്‍ അതെങ്ങനെയാണ്‌ നടപ്പിലാക്കേണ്ടത് എന്ന്‍ അറിയില്ല. എന്നെക്കാള്‍ വിവരമുള്ളവര്‍ കൂടുതല്‍ ചിന്തിക്കുമെന്ന് വിശസിക്കുന്നു.

Friday, March 11, 2016

റോസക്കുട്ടിക്ക്

പതിറ്റാണ്ടുകൾ തെളിമയേറ്റിയ
സ്നേഹത്തിന്‍ തെളിനീരായൊഴുകി
സ്നേഹമുദ്ര ചാര്‍ത്തിയെൻ വലംകവിളിൽ നീ.
വേര്‍പാടിന്നിരുപാതകളിൽ
യാത്രയാകും വേളയിൽ
അറിയുന്നു ഞാൻ
നമുക്കുള്ളിലുണ്ട് കുഞ്ഞിടങ്ങൾ.
റോസാപ്പൂദളങ്ങൾ പോൽ മൃദുലം.
സുരഭില സുമധുര മധുവുമതിലാവോളം
നാമുള്ള കാലത്തോളം നുകരാൻ.