Friday, July 23, 2010

Tuesday, July 20, 2010

മക്കളെ പോറ്റും പ്ലാവമ്മ

ഉച്ചയ്ക്ക് ചോറ്റുപാത്രം തുറക്കുമ്പോള്‍ എന്നും സോയാബീന്‍ കറി കൊണ്ടു വരുന്ന സഹപ്രവര്‍ത്തകയുടെ പരിദേവനം.വൈകുന്നേരം എന്നും ചക്കയായിരിക്കും കറി.ഭര്‍ത്താവിന്റെ അമ്മ ഉണ്ടാക്കുന്നത്.കേട്ടപ്പോള്‍ മറുപടി പറയാതിരിക്കാന്‍ കഴിഞ്ഞില്ല. ‘അത് നല്ലതല്ലേ’. ‘ചക്ക ഒരുപാട് ഉണ്ടെന്നു വെച്ച് എന്നും കറി വെക്കണോ’ എന്നായി കക്ഷി.ഇങ്ങനെ സോയാബീന്‍ കറി കൊണ്ടു വരുന്നതിനേക്കാള്‍ അതാണ് നല്ലതെന്നു പറഞ്ഞതിനെ അവള്‍ക്ക് അംഗീകരിക്കാനേ കഴിയുന്നില്ല.

ചക്കയെ ഇങ്ങനെ തള്ളിപ്പറയുന്നതിനെ എനിക്കും അംഗീകരിക്കാന്‍ കഴിയുന്നില്ല.എന്റെ ഇഷ്ട വിഭവമാണ് ചക്ക.ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ചക്ക കൊണ്ടുള്ള പല തരം വിഭവങ്ങള്‍ കഴിക്കുന്നതായിരിക്കാം ഈ ഇഷ്ടത്തിനു കാരണം.

അമ്മയുടെ തറവാട്ടിലും അച്ഛന്റെ തറവാട്ടിലും ഒരു പാട് പ്ലാവുകളുണ്ട്.ഓരോന്നിനും ഓരോ രുചിയാണ്.ഒരു ദിനചര്യ പോലെയാണ് ചക്ക പറിച്ചു കൊണ്ടു വരുന്നതും കറി വെക്കുന്നതും.ഇടിച്ചക്ക മുതല്‍ തുടങ്ങും.തോരന്‍,പുളിങ്കറി,അവിയല്‍, പച്ചടി,സാമ്പാര്‍ എല്ലാറ്റിനും ഇടിച്ചക്ക വേണം.

ഇത്തിരി മൂക്കുമ്പോള്‍ ചക്കച്ചുളയും കുരുവും കൂടി തോരന്‍ വെക്കും. കുരു ചേര്‍ക്കാതെ ചെറുതായി അരിഞ്ഞിട്ടു തോരന്‍ വെക്കുന്നത് പുതിയ രീതിയാണ്‌. ഓലന്‍ വെക്കും.പരിപ്പ്‌ ചേര്‍ത്തും ചേര്‍ക്കാതെയും മൊളകൂഷ്യം(എരിശ്ശേരി ) വെക്കും. കടല ചേര്‍ത്ത് കൂട്ടുകറി ആയും വെക്കും.ചെറുപയർ‍,വന്‍പയർ‍,തുവര ഇവയൊക്കെ ചേര്‍ത്ത് ചക്ക പുഴുക്ക് ഉണ്ടാക്കും. അച്ഛന്റെ അമ്മ കല്ലുമരിയിലേ ചക്ക വെക്കൂ.കല്‍പാത്രത്തില്‍ വെച്ചാല്‍ ഒരു പ്രത്യേക സ്വാദാണ്.

പണ്ട് നാട്ടിപ്പണിക്ക് ചക്കയും കഞ്ഞിയും ആണ് പണിക്കാര്‍ക്ക് ഉച്ചഭക്ഷണമായി നല്‍കുക. ചക്ക നന്നാക്കി അരിഞ്ഞിടാന്‍ ഒരാള്‍ ഉച്ചവരെ മെനക്കെടണം.അമ്മയുടെ വീട്ടില്‍ അമ്മയുടെ ചേച്ചിക്കാണ് ആ ചുമതല.വലിയ കലം നിറയെ വെക്കണം. ചക്കയുടെ കൂടെ ഇറച്ചിക്കറി ഉണ്ടെങ്കില്‍ ഭേഷായി എന്നു ചിലര്‍ പറയാറുണ്ട്‌.

ചക്കച്ചുള മാത്രമല്ല കറിവെക്കാനുപയോഗിക്കുന്നത്.ചക്കയുടെ രണ്ടു ഭാഗങ്ങളേ കറി വെക്കാന്‍ കൊള്ളാതുള്ളൂ .പുറത്തെ കരൂളും കുരുവിന്റെ പുറത്തെ തൊലിയും(ചൂളി).കരൂള്‍ ചെത്തിക്കളഞ്ഞാല്‍ കിട്ടുന്ന മടല്‍ ചക്കയുടെ കൂടെ ഇടാം.ചക്കമടല്‍ കൊണ്ടു മൊരൊഴിച്ചു കാളനുണ്ടാക്കും. വാളന്‍പുളിയൊഴിച്ചു പുളിങ്കറി വെക്കും.പച്ചടി വെച്ചാല്‍ എന്താണ് സാധനമെന്ന് മനസ്സിലാവില്ല.. അവിയലിനും മടല്‍ ഉപയോഗിക്കും.

ചില ചക്കയ്ക്ക് ചുള കുറവും ചകിണി കൂടുതലുമായിരിക്കും.അതു നല്ല പട്ടു പോലുള്ള ചകിണി ആയിരിക്കും.പൊടിയായി അരിഞ്ഞു തോരന്‍ വെച്ചാല്‍ എന്തു സ്വാദായിരിക്കുമെന്നോ! ചില ചക്കയുടെ കൂഞ്ഞല്‍ വളരെ മൃദുവായിരിക്കും.അത് മസാലക്കറി വെക്കാന്‍ നല്ലതാണ്. ചകിണി ഉണക്കി എണ്ണയില്‍ വറുത്ത് ചമ്മന്തിപ്പൊടി ഉണ്ടാക്കാം.കൂഞ്ഞല്‍ കൊണ്ടും ചമ്മന്തിപ്പൊടി ഉണ്ടാക്കാം.
ചക്കയുടെ പോണ്ടി ഉണക്കി വെക്കും.മഴക്കാലത്ത് കുറച്ചു കുറച്ചെടുത്ത് ഉപ്പു പുരട്ടി അടപ്പിന്റെ കല്ലിനടുത്തു വെച്ച് ഒന്നുകൂടി ഉണക്കും.എന്നിട്ട് വെളിച്ചെണ്ണയില്‍ വറുത്തെടുത്താല്‍ അസ്സല്‍ കൊണ്ടാട്ടമായി.

ചക്കച്ചുള വറുത്തത് ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല.വിഷുവിനു ചക്ക ഉപ്പേരി കൂടിയേ തീരൂ.ചക്ക കൊണ്ട് പപ്പടവും ഉണ്ടാക്കാം.ചക്കച്ചുള മഞ്ഞള്‍ ചേര്‍ത്ത് വേവിച്ച് അരച്ച് കുരുമുളകുപൊടിയും എള്ളും ചേര്‍ത്ത് വൃത്താകൃതിയില്‍ പരത്തി വെയിലത്ത്‌ വെച്ച് ഉണക്കണം.ഭദ്രമായി അടച്ചു വെച്ചാല്‍ ആവശ്യത്തിന് എടുത്ത് വെളിച്ചെണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.

ചക്കക്കുരുവിന്റെ കാര്യം പറയുകയേ വേണ്ട.പഴുത്ത ചക്കയുടെ കുരു കഴുകി വെള്ളം വറ്റാന്‍ ചാണകം മെഴുകിയ തറയില്‍ നിരത്തിയിടും.ജലാംശം തീര്‍ത്തും അപ്രത്യക്ഷമാകുമ്പോള്‍ പഴയ മണ്‍കലത്തില്‍ ഓരോ പാളിയായി ഉണങ്ങിയ മണ്ണും ചക്കക്കുരുവും നിരത്തും.എത്രകാലം വേണമെങ്കിലും ഇങ്ങനെ സൂക്ഷിക്കാം.കുട്ടികള്‍ ചെളിയില്‍ കളിച്ചു വരുമ്പോള്‍ മുതിര്‍ന്നവര്‍ പറയാറുള്ളത് ‘മണ്‍പിടിച്ച ചക്കക്കുരു പോലെ’ എന്നാണ്.എന്റെ അമ്മ പുതിയ കുരു ഉണ്ടാകുന്നതു വരെ ഇങ്ങനെ സൂക്ഷിച്ചത്‌ കറി വെക്കും.പിന്നെ അയല്‍പക്കക്കാര്‍ക്ക് പങ്കിട്ടു കൊടുക്കും.

കൊത്തിയരിഞ്ഞ് തേങ്ങ ചിരവിയിട്ടു തോരന്‍.നാലായി കീറിയിട്ട് ഓലന്‍.വെള്ളരിക്ക,കുമ്പളങ്ങ,വഴുതിനങ്ങ,പച്ചപ്പയര്‍ ഇവ ചേര്‍ത്ത ഓലന്‍.പരിപ്പ് ചേര്‍ത്ത് മൊളകൂഷ്യം.ചെറുപയർ‍,മണ്‍പയർ‍,തുവര എന്നിവയുടെ കൂടെ പുഴുക്ക്.എല്ലാം സ്വാദിഷ്ടം തന്നെ. പച്ച മാങ്ങയും ചേര്‍ത്ത് ചക്കക്കുരു കറി വെച്ചാല്‍ നല്ല സ്വാദാണ്. പകുതി വേവിച്ച് വെളിച്ചെണ്ണയില്‍ മൊരിച്ചെടുത്ത ഉപ്പേരി പുതിയ ഒരു വിഭവമാണ്.അവിയല്‍ കഷണമായും ചക്കക്കുരു ഉപയോഗിക്കാം.ചക്കക്കുരു ചുട്ടെടുത്ത് തേങ്ങയും മുളകും പുളിയും ചേര്‍ത്ത് അരച്ച് ചമ്മന്തിയാക്കാം. അങ്ങനെ എത്രയോ വിധത്തില്‍ ചക്കക്കുരു കറി വെക്കാം.

മഴ പെയ്യുമ്പോള്‍ ചക്കക്കുരു മണ്‍കലത്തില്‍ വറുത്ത് തെങ്ങാപ്പൂളിനൊപ്പം തിന്നാന്‍ നല്ല രസമാണ്.അടുപ്പില്‍ ചുട്ടും തിന്നാം.കുട്ടികള്‍ സാധാരണ അങ്ങനെ ചെയ്യാറുണ്ട്.

പഞ്ഞക്കര്‍ക്കിടകത്തില്‍ ചക്കച്ചുള കുരുവടക്കം പുഴുങ്ങി വെളിച്ചെണ്ണ നനച്ച് തിന്നും.ചക്ക കറി വെക്കുമ്പോള്‍ പണ്ടത്തെ കുട്ടികള്‍ ആള്‍ വീതം കുരു പോണ്ടി മാത്രം കളഞ്ഞു അതിലിടും.കറി വിളമ്പുമ്പോള്‍ കൃത്യമായി കണക്ക്‌ പറഞ്ഞു മൂടന്‍ കുരു വാങ്ങും.അതിനു വേണ്ടി കുട്ടികള്‍ തമ്മില്‍ അടികൂടാനും മടിക്കാറില്ല.

നല്ലൊരു പഴമല്ലേ ചക്ക.വരിക്കയും കൂഴയും രണ്ടു തരം.സാധാരണ ഞങ്ങളൊക്കെ വരിക്ക പഴുക്കാന്‍ മാറ്റി വെച്ച് കൂഴയാണ് കറി വെക്കുക. കൂഴച്ചക്ക പഴുത്താല്‍ മടല്‍ കൈ കൊണ്ട് പൊളിച്ചു ചുള അടര്‍ത്തിയെടുത്ത് വായിലിട്ട് കുരു വലിച്ചൂരാന്‍ നല്ല രസമാണ്. തേന്‍വരിക്ക ആയാലോ? വായിലിപ്പോള്‍ കപ്പലോടിക്കാന്‍ പറ്റില്ലേ?

പഴുത്ത ചക്ക കൊണ്ട് പല വിഭവങ്ങള്‍ ഉണ്ടാക്കാം.പലഹാരങ്ങളും പ്രഥമനും.കര്‍ക്കിടകത്തിലാണ് എന്റെ ഒരു സഹോദരന്റെ പിറന്നാൾ‍.അന്ന് അമ്മ ഉറപ്പായും ചക്കപ്രഥമന്‍ ഉണ്ടാക്കും. പഴുത്ത വരിക്കച്ചക്ക ചെറുതായി അരിഞ്ഞ് വേവിച്ച് വെല്ലവും പശുവിന്‍ നെയ്യും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കും.ഇത് അരിപ്പൊടിയും ചേര്‍ത്താണ് പ്രഥമനും പലഹാരങ്ങളും ഉണ്ടാക്കുക.കുമ്പിളപ്പം,ഇതിന്റെ മറ്റൊരു രൂപം, ധാരാളം തെങ്ങാക്കൊത്തുകളും വറുത്ത അരിപ്പൊടിയും പഴുത്ത ചക്ക വഴറ്റിയതും ഒന്നിച്ച് കുഴച്ച്‌

വാഴയിലയില്‍ പൊതിഞ്ഞ് നേന്ത്രക്കായുടെ വലുപ്പത്തില്‍ ആവിക്ക്‌ വേവിച്ചെടുക്കുന്നതിനെ ഞങ്ങള്‍ മൂടക്കടമ്പ് എന്ന് പറയും.ഇത് ഇലയടയായും ഉണ്ടാക്കാം.ചക്ക വഴറ്റിയത് പുളിച്ച അരിമാവില്‍ ചേര്‍ത്ത് മൊരിച്ചെടുത്ത ദോശ ഇതൊക്കെ ഞങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളാണ്.വഴറ്റിയ ചക്ക കുറെനാള്‍ സൂക്ഷിക്കാം.ഹല്‍വ തുടങ്ങിയ വിഭവങ്ങളും പഴുത്ത ചക്ക കൊണ്ട് ഉണ്ടാക്കാം.ഇനിയും ഒരുപാടു പരീക്ഷണങ്ങള്‍ക്ക് വഴങ്ങുന്ന ഒന്നാണ് ചക്ക.

പണ്ടു കാലത്ത് വ്യത്യസ്ത പ്രദേശങ്ങളിലുള്ളവര്‍ കണ്ടു മുട്ടിയാല്‍ ആദ്യം ചോദിക്കുന്നത് ഇക്കൊല്ലം ചക്കയും മാങ്ങയും നന്നായി ഉണ്ടോ എന്നായിരിക്കും.ഇല്ലെങ്കില്‍ അക്കൊല്ലം വറുതിക്കാലം. ‘അഴകുള്ള ചക്കയില്‍ ചുളയില്ല’ എന്ന പഴഞ്ചൊല്ല് തെളിയിക്കുന്നത് പഴയ മനുഷ്യന്റെ ജീവിതവുമായി പ്ലാവിനും ചക്കയ്ക്കും അത്രയ്ക്ക് അഭേദ്യ ബന്ധമുണ്ടെന്നാണ്.

യുവ തലമുറ ചക്കയില്‍ നിന്നും അതുപോലുള്ള ആഹാര സാധനങ്ങളില്‍ നിന്നും അകന്നു പോകാന്‍ എന്തായിരിക്കും കാരണം?അവര്‍ക്ക്‌ ഇത്തരം ആഹാരം ഇഷ്ടമല്ല എന്നാണ് പറയുന്നത്.

ചക്ക പറിക്കണമെങ്കില്‍ മരത്തില്‍ കയറണം.മരം കയറുക തുടങ്ങിയ സിദ്ധികളൊക്കെ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ.ഇനി പറിച്ചു കിട്ടിയാലോ.അത് കഷണങ്ങളാക്കണം.ചുള ഉരിഞ്ഞെടുക്കണം.അത് പിന്നെയും നന്നാക്കിയെടുക്കണം.കൈയില്‍ മുളഞ്ഞില്‍ പറ്റും.അത് കളയാന്‍ മെനക്കെടണം.പിന്നെ ശ്രദ്ധിച്ചു പാചകം ചെയ്യണം. ഈ അതിവേഗ യുഗത്തില്‍ ആര്‍ക്ക്‌ ഇതിനൊക്കെ നേരം.പച്ചക്കറിക്കടയില്‍ പെട്ടെന്ന്‍ കറിയാക്കാന്‍ പറ്റുന്ന തക്കാളിയും കാബേജുമൊക്കെ തിളങ്ങുന്ന സൌന്ദര്യത്തോടെ കാത്തിരിക്കുന്നുണ്ട്.കാശ് മാത്രം മതി.അപ്പോള്‍ പിന്നെന്തിനു മെനക്കെടണം? ചെറുപ്പത്തില്‍ ഉണ്ടാക്കിക്കൊടുക്കാത്ത ആഹാരം മുതിര്‍ന്നു കഴിഞ്ഞാലും ഇഷ്ടമാകില്ല.അതുകൊണ്ടാണ് ഇന്നത്തെ അമ്മമാര്‍ അഭിമാനത്തോടെ എന്റെ മക്കള്‍ ചക്കക്കറി കഴിക്കില്ല എന്നു പറയുന്നത്.അവരുണ്ടാക്കിക്കൊടുത്തിട്ടു വേണ്ടേ കുട്ടികള്‍ കഴിക്കാന്‍.

ചക്ക മനുഷ്യന്റെ മാത്രം ആഹാരമല്ല.പശുവിനും ആടിനും പ്രിയപ്പെട്ട ഭക്ഷണമാണ് ചക്ക മടല്‍. ചക്ക നമ്മള്‍ കൊടുക്കാഞ്ഞിട്ടാണേ. മിക്ക ജീവികള്‍ക്കും ചക്ക ഇഷ്ടമാണ്. കുരങ്ങന്‍,അണ്ണാന്‍ പക്ഷികൾ‍,എന്തിന് ആനയ്ക്കു വരെ. വെറുതെയാണോ ‘ചക്കയ്ക്കുപ്പില്ല’എന്നു വിഷുപ്പക്ഷി പാടുന്നത്.

എന്റെ വീട്ടു പറമ്പില്‍ കുറെ പ്ലാവുണ്ട്.അതില്‍ ഒരു സുന്ദരി ഞങ്ങളുടെ ബെഡ് റൂമിന്റെ അടുത്താണ്.ജനല്‍ തുറന്നു നന്നായി കൈ നീട്ടിയാല്‍ തൊടാന്‍ പറ്റുന്നത്ര അടുത്ത്.മൂന്ന് വര്‍ഷമായി കായ്ക്കാന്‍ തുടങ്ങിയിട്ട്.വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന പഴഞ്ചൊല്ല് പഠിച്ചിട്ട് കായ്ച്ചതാണോ അവള്‍ എന്നൊരു സംശയമുണ്ട്.പ്ലാവിനു ചുറ്റും നിലത്താണ് കൂടുതല്‍ ചക്കയും വളരുന്നത്..ചെളിയില്‍ പൊതിഞ്ഞു പോകാതിരിക്കാന്‍ പലകക്കഷണങ്ങള്‍ വെച്ച് ചക്ക അതില്‍ പൊക്കി വെക്കണം.നല്ല വരിക്കച്ചക്കയാണ്.

എന്റെ സങ്കടം അവളെ പ്രതിയാണ്.അവള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു.ഞങ്ങളുടെ വീടും അവളും തമ്മില്‍ അതിര്‍ത്തി തര്‍ക്കത്തില്‍ പിണങ്ങാന്‍ ഏറെക്കാലം വേണ്ട.അപ്പോൾ‍..അപ്പോള്‍ എന്തു ചെയ്യും?

Tuesday, July 13, 2010

ഫുട്ബോൾ മാമാങ്കത്തിന് കൊടിയിറങ്ങുമ്പോള്‍

വുവുസെലയുടെ കഠോരനാദം നിലച്ചു.ജബുലാനിയുടെ ഉരുള്‍ച്ചയും.ലോകം മുഴുവന്‍ ഈ ഉരുള്‍ച്ചയിലേക്ക്‌ കണ്‍ മിഴിച്ചു..വേഗങ്ങളുടെ തമ്പുരാക്കന്മാരെ സ്നേഹിച്ചു.ആരാധിച്ചു.അവര്‍ ചിരിക്കുമ്പോള്‍ കൂടെ ചിരിച്ചു.കരയുമ്പോള്‍ കൂടെ കരഞ്ഞു.അങ്ങനെ ലോക ഫുട്ബോള്‍ മാമാങ്കത്തിന് തിരശീല വീണു.

ഫിഫ ലോകകപ്പ് 2010 വര്‍ണവെറിയുടെ ദുരന്തങ്ങളനുഭവിച്ച്,ഈ കാടന്‍ വിവേചനത്തിനെതിരെ നീണ്ട കാലം സന്ധിയില്ലാ സമരം ചെയ്ത ദക്ഷിണാഫ്രിക്കയുടെ മണ്ണില്‍ നടത്തപ്പെടുമ്പോള്‍ എല്ലാ വിവേചനങ്ങളും ഈ മേളയില്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല എന്നതും ദു:ഖകരമാണ്.
കളി കാര്യക്ഷമമായി നടത്താന്‍ പല നിയമങ്ങളും ഉണ്ടാക്കിയെങ്കിലും ഈ കുരുക്ഷേത്ര ഭൂമിയില്‍ അതെല്ലാം കാറ്റില്‍പ്പറക്കുന്നതാണ് കണ്ടത്. ഫിഫയ്ക്കോ,ഇന്റര്‍ നാഷണല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡിനോ അതില്‍ മിക്കതും പാലിക്കാന്‍ കഴിഞ്ഞില്ല.
ഉറുഗ്വായ്-ഘാന മത്സരം മനസ്സാക്ഷിയുള്ളവര്‍ക്ക് മറക്കാന്‍ കഴിയുന്ന ഒന്നല്ല.ഏതുവിധേനയും ജയിക്കുക എന്ന ഒറ്റ ലക്‌ഷ്യം മാത്രമേ ലൂയി സുവാരസിന്റെ ചെയ്തിയില്‍ കാണാന്‍ കഴിയൂ.ഗോള്‍ വലയിലേക്ക് കുതിക്കുന്ന പന്തിനെ കൈ കൊണ്ടു തട്ടിത്തെറിപ്പിക്കുമ്പോള്‍ അവന്റെ കൈകളില്‍ ചെകുത്താനാണ് കുടിയിരുന്നത്.ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നില്ല തന്നെ.ഘാനയുടെ കണ്ണീരിനു പകരം നല്‍കാന്‍ ഫിഫയുടെ കൈയില്‍ നീതി ഇല്ലായിരുന്നു.

ഗോള്‍ വരയ്ക്കുള്ളില്‍ നാല്പതു സെന്റീമീറ്റര്‍ ഉള്ളില്‍ പന്ത്‌ തട്ടിപ്പൊങ്ങിയിട്ടും ഇംഗ്ലണ്ടിന് ഗോള്‍ അനുവദിക്കാത്ത,ഗോള്‍ വര കടന്ന ഗോള്‍ ഇറ്റലിക്ക് അനുവദിക്കാത്ത,അമേരിക്കയുടെ തുടര്‍ച്ചയായ രണ്ടു ഗോളുകള്‍ അനുവദിക്കാത്ത,അര്‍ജന്റീനയ്ക്ക് ഓഫ് സൈഡ് ഗോള്‍ അനുവദിച്ച റഫറിമാരും നീതിയുടെ പക്ഷത്ത്‌ നിഷ്പക്ഷമായി നിലയുറപ്പിച്ചവരാണെന്ന് പറയാനാവില്ല.
മഞ്ഞക്കാര്‍ഡുകളും ചുവപ്പുകാര്‍ഡുകളും സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുമ്പോള്‍ കളിയുടെ ഗതിവിഗതികള്‍ മാറുന്നതും നമ്മള്‍ കണ്ടു.
ദാരിദ്ര്യവും അലസതയും തൊഴിലില്ലായ്മയും അനുബന്ധമായി പിടിച്ചുപറിയും നടമാടുന്ന ഒരു പാവം രാഷ്ട്രം ഇരുപതിനായിരം കോടിയോളം രൂപ ഫുട്ബോള്‍ മാമാങ്കത്തിന് പൊടിക്കുമ്പോള്‍ തിരിച്ച് എന്തെങ്കിലുമൊക്കെ അവര്‍ക്ക് കിട്ടിയിരിക്കണം.അവര്‍ക്കും നീതി കിട്ടുമോ എന്ന് കണ്ടറിയണം.

കായികക്ഷമതയും പരിശീലനവും മാറ്റുരക്കുന്ന കളിക്കളങ്ങള്‍ എങ്ങനെയാണു അന്ധവിശ്വാസങ്ങളുടെ കൂത്തരങ്ങായി മാറുന്നത് എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.ഗ്രൌണ്ടിലേക്ക് തവളച്ചാട്ടം നടത്തുന്നവരേയും വിജയത്തിന് താടി വടിക്കാത്തവരേയും ടീം തെരഞ്ഞെടുപ്പിന് സൂര്യ രാശി നോക്കുന്ന കോച്ചിനേയും കൊന്തയേന്തി കുരിശു വരച്ച് ട്രാക്ക്‌ സ്യൂട്ട് മാറി മാറി ധരിക്കുന്ന കോച്ചിനെയും നൈക്കി ശാപം എന്ന പ്രതിഭാസത്തേയും കിനാവള്ളിപ്പോളിന്റെ ഫല പ്രവചനത്തേയും കാണുമ്പോള്‍ മന്ത്രവാദികളും പിശാചുക്കളും തേര്‍വാഴ്ച്ച നടത്തിയിരുന്ന പ്രാചീന കാലത്തേക്ക് ഏറെ ദൂരമില്ലെന്നു തോന്നുന്നു.ഇവിടെയും വിജയം ഏതുവിധേനയും എന്ന അത്യാര്‍ത്തി തന്നെയല്ലേ കാരണം?

കളിക്കുമ്പോഴും കാണുമ്പോഴും കിട്ടുന്ന ആനന്ദവും ആവേശവും പരിശോധിച്ചു നോക്കാം. എല്ലാം സ്പോര്‍ട്സ്‌ മാന്‍ സ്പിരിറ്റിലെടുക്കണം എന്നാണ് പറയുക.
ജീവിതം കളിക്കു വേണ്ടി ഉഴിഞ്ഞു വെച്ച കളിക്കാര്‍ പരാജയത്തില്‍ സങ്കടപ്പെടുന്നതും കണ്ണീരൊഴുക്കുന്നതും സ്വാഭാവികം.ഫലേച്ഛയില്ലാതെ കര്‍മ്മംചെയ്യുന്ന ഒന്നത്യത്തിലേക്ക് സാധാരണ മനുഷ്യന് എത്താന്‍ പ്രയാസമാണല്ലോ.

കളിക്കാരുമായി താദാത്മ്യം പ്രാപിച്ച ആരാധകനും ഇഷ്ട ടീമിന്റെ തോല്‍വിയില്‍ സങ്കടപ്പെടാം.കണ്ണീരുമൊഴുക്കാം.പക്ഷേ,അത് ജീവന്‍ വലിച്ചെറിയുന്ന ഘട്ടത്തോളം എത്തിയാല്‍ ഭ്രാന്ത്‌ എന്നേ പറയാന്‍ പറ്റൂ.അതും നമ്മുടെ കൊച്ചു കേരളത്തില്‍ സംഭവിച്ചു.

ഫ്ലക്സ്‌ ബോര്‍ഡുകളുയര്‍ത്തലും ,കൂറ്റന്‍ സക്രീനൊരുക്കി കളി കാണലും പന്തയം വെപ്പും ഇഷ്ട ടീമിന്റെ ജര്‍ഴ്സിയണിയലും പാരഡിപ്പാട്ടെഴുത്തും ക്വിസ്‌ തുടങ്ങിയ മത്സരങ്ങള്‍ നടത്തലും കളിയുടെ ആനന്ദാനുഭവങ്ങള്‍ തന്നെ.

സ്നേഹവും സാഹോദര്യവും വളര്‍ത്തേണ്ട കളികള്‍ എങ്ങനെയാണ് സ്പര്‍ദ്ധയുടെ വിളനിലങ്ങളായത്? ഒരു ടീമിന്റെ പരാജയത്തില്‍ പടക്കം പൊട്ടിച്ച് ആഹ്ലാദിക്കുന്നതിനും മടിയില്ലാത്തവരായി നമ്മള്‍.അതും ഇഷ്ട ടീമിന്റെ വിജയത്തിനു വേണ്ടി അവര്‍ തോല്‍ക്കണം.ഇവിടെയും വിജയിക്കാന്‍ എന്തും എന്ന വൃത്തികെട്ട മനോഭാവം തന്നെ.

ഇവിടെയൊക്കെ നഷ്ടപ്പെടുന്നത് കളിയുടെ സൌന്ദര്യവും സത്യവുമാണ്. ആത്മാവാണ്.

ഈ സാഹചര്യത്തില്‍ സ്നേഹവും സൌഹൃദവും ഊട്ടി വളര്‍ത്താന്‍ ഈ മേളയ്ക്കു കഴിഞ്ഞിട്ടുണ്ടോ എന്നത് ഒരു ചോദ്യമായി പിന്നെയും അവശേഷിക്കുന്നു .

Thursday, July 8, 2010

ഛേദിക്കപ്പെട്ട മൂല്യങ്ങൾ

തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുന്നിച്ചേര്‍ത്ത കൈയും മുറിവുണങ്ങാത്ത ശരീരവും മനസ്സുമായി കഴിയുകയാണ്.അദ്ദേഹമനുഭവിച്ച വേദനയുടേയും ഭീതിയുടെയും തീവ്രത ഞാന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു.അദ്ദേഹത്തിന് ശിക്ഷ വിധിച്ചവരേയും ഒരു പരിധി വരെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

അധ്യാപകര്‍ സമൂഹത്തിന്റെ സ്വത്താണ്.അതുകൊണ്ടുതന്നെ സമൂഹത്തിനു മാതൃകയാവേണ്ടവരും.ഇന്ന് അധ്യാപകന് പല കാരണങ്ങള്‍ കൊണ്ട് അങ്ങനെയൊരു മാതൃകയാവാന്‍ കഴിയാറില്ല.ഒരുപാട് കുറവുകളുള്ള സമൂഹത്തിന്റെ പരിഛേദം മാത്രമായി മാറുന്നു അയാൾ‍.

എങ്കിലും ഞാന്‍ വിശ്വസിക്കുന്ന കുറേ കാര്യങ്ങളുണ്ട്.വ്യക്തി ജീവിതത്തില്‍ അധ്യാപകന് എന്തെല്ലാം പോരായ്മകുളുണ്ടായാലും ക്ലാസില്‍ കുട്ടികളുടെ മുന്നില്‍ അയാള്‍ അദ്ധ്യാപകന്‍ മാത്രമായിരിക്കണം.അറിവ് പകര്‍ന്നു കൊടുക്കുന്നവന്‍.
ചെറിയ കുട്ടികളോട് ചോദിച്ചു നോക്കൂ.അച്ഛനും അമ്മയും പറയുന്നതിനെക്കാള്‍ അധ്യാപകന്‍ പറയുന്നതാണ് ശരിയെന്ന് അവര്‍ പറയും.അപ്പോള്‍ അദ്ധ്യാപകന്‍ ശരി മാത്രമേ പറയാവൂ.

ക്ലാസില്‍ അധ്യാപകന് ജാതിയുണ്ടാവരുത്,മതമുണ്ടാവരുത്,രാഷ്ട്രീയമുണ്ടാവരുത്.അയാള്‍ അവിടെ അതിനെല്ലാം അതീതനായിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു.എന്റെ മുമ്പിലിരിക്കുന്ന കുട്ടിയുടെയോ,അവന്റെ രക്ഷിതാവിന്റെയോ ജാതിയോ,മതമോ,രാഷ്ട്രീയമോ,സാമ്പത്തികമോ നോക്കേണ്ട കാര്യമില്ല.അഥവാ നോക്കുന്നുണ്ടെങ്കില്‍ അത് കുട്ടിയുടെ നന്മയ്ക്കു വേണ്ടി മാത്രമായിരിക്കണം.
ഈ വിശ്വാസം എന്നിലുള്ളിടത്തോളം കാലം ജോസഫ്‌ സാര്‍ തയ്യാറാക്കിയ ചോദ്യത്തെ എനിക്ക് ചോദ്യം ചെയ്യേണ്ടി വരും.

ഏതാണ്ട് പത്തൊമ്പത് വയസ്സ് പ്രായമുള്ളവരാണ് വിവാദ ചോദ്യത്തിനുത്തരമെഴുതേണ്ടത്.പടച്ചവനും മുഹമ്മദും ദൈവവും എന്താണെന്ന് തിരിച്ചറിയാന്‍ കഴിയുന്നവർ‍.ഇതൊക്കെ മാറ്റി വെച്ചാലും അധ്യാപകന്‍ ഒരിക്കലും വിദ്യാര്‍ഥികളുടെ മുന്നിലിട്ടു കൊടുക്കാന്‍ പാടില്ലാത്ത രണ്ടു പദങ്ങളുണ്ട് അവിടെ.ദൈവം മനുഷ്യനെ നായെന്നും നായിന്‍റെ മോനെന്നും വിളിക്കുന്നു.നായ നന്ദിയുള്ള മൃഗമാണെങ്കിലും ഒരു മനുഷ്യനും അവനെ നായെന്നു വിളിക്കുന്നത് സഹിക്കാറില്ല.അങ്ങനെ വിളിക്കുന്ന ഒരു ദൈവത്തെ എങ്ങനെയാണ് കുട്ടികള്‍ അംഗീകരിക്കുക.അങ്ങനെ വിളിപ്പിക്കുന്ന അധ്യാപകനേയും.

അപ്പോള്‍ ഈ അദ്ധ്യാപകന്‍ ശിക്ഷ അര്‍ഹിക്കുന്നു എന്നു വരും അല്ലേ? ഏതു തരം ശിക്ഷ അര്‍ഹിക്കുന്നു? ആരാണ് അദ്ദേഹത്തെ ശിക്ഷിക്കേണ്ടത്? ഇപ്പോള്‍ കൈ വെട്ടിയവരാണോ?ആരാണ് അവര്‍ക്ക്‌ അതിന് അധികാരം നല്‍കിയത്?

തന്നെ നിന്ദിക്കുന്നവരെ ശിക്ഷിക്കാന്‍ കുറേപ്പേരെ ദൈവം നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ സഹായിച്ചില്ലെങ്കില്‍ ദൈവത്തിന്റെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാവും എന്നു തോന്നുന്നല്ലോ.ഇത്ര ദുര്‍ബ്ബലനായ ഒരു ദൈവത്തെ ആരാധിക്കാന്‍ എനിക്കാവില്ല.എന്റെ ദൈവം കുറെ അംഗരക്ഷകരുടെ നടുവില്‍ നില്‍ക്കുന്നവനല്ല.എന്റെ ആരാധനക്കര്‍ഹനായ ദൈവം ആര് തെറി വിളിച്ചാലും അലിഞ്ഞു പോകുന്നവനുമല്ല.അതുകൊണ്ട് ആരൊക്കെ ആരാധിക്കുന്നു,ആരൊക്കെ നിന്ദിക്കുന്നു എന്നു നോക്കേണ്ട കാര്യമേ ഇല്ല.

എവിടെ തെറ്റു കണ്ടാലും പ്രതികരിക്കാനുള്ള അവകാശമുണ്ട്.സമൂഹത്തിന്റെ സുസ്ഥിരതയ്ക്ക് അതൊരു ആവശ്യവുമാണ്. ഒരാള്‍ തെറ്റു ചെയ്‌താല്‍ ശിക്ഷിക്കാന്‍ ഒരു നിയമ വ്യവസ്ഥ നമുക്കുണ്ട്. നിയമത്തിന്റെ പിടിയില്‍ കുറ്റവാളിയെ എത്തിക്കാന്‍ വേണ്ടത് ചെയ്യുകയുമാവാം.അല്ലാതെ ഓരോ വ്യക്തിയും കുറ്റവാളിയെന്നു കല്പിക്കുന്നവരെ അവര്‍ തന്നെ ശിക്ഷിക്കാന്‍ തുടങ്ങിയാല്‍ നമ്മള്‍ എവിടെയെത്തും? ആര്‍ക്കും ആരോടും ഏതു സമയത്തും വിരോധം തോന്നാം.അതിന് പ്രത്യേകിച്ച് കാരണം വേണമെന്ന് യാതൊരു നിര്‍ബ്ബന്ധവുമില്ല.മനുഷ്യമനസ്സ് അത്തരത്തിലുള്ളതാണ്.

തെറ്റും ശരിയും അങ്കം വെട്ടി തീരുമാനിക്കുന്ന മധ്യ കാലഘട്ടത്തിലേക്ക് പോകണോ നമ്മൾ‍? അവിടെയും ഒരു ശരി ഉണ്ടായിരുന്നു.നേരത്തേ പറഞ്ഞുറപ്പിച്ച് നേര്‍ക്കു നേര്‍ നിന്ന് അങ്കം വെട്ടണം.ഒളിച്ചു നിന്നു വെട്ടുന്നവനെ ചതിയനെന്നേ പറയാറുള്ളൂ. അതും നമ്മള്‍ക്കിപ്പോള്‍ ഇണങ്ങുന്നില്ലല്ലോ.നിരപരാധികളെ നിനച്ചിരിക്കാതെ കൊന്നൊടുക്കുന്നവര്‍ക്ക് ആ കാലഘട്ടത്തിലും സ്ഥാനമില്ല.

എന്തക്രമം കാണിക്കാനും എന്തിന്റെയൊക്കെയോ പിന്‍ബലം കണ്ടെത്താന്‍ കഴിയും. ന്യായങ്ങള്‍ നിരത്താനുമുണ്ടാവും.
എന്തൊക്കെ കാരണങ്ങള്‍ പറഞ്ഞാലും പച്ചക്കറികള്‍ അരിയുന്ന ലാഘവത്തോടെ മനുഷ്യരെ വെട്ടി നുറുക്കാന്‍ ഞാന്‍ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല. എന്‍റെ മനസ്സാക്ഷിയുടെ കോടതിയില്‍ അവര്‍ക്ക്‌ മാപ്പുമില്ല.

Saturday, July 3, 2010

മഞ്ഞത്തുകിൽ കണ്ണീരിൽ കഴുകി

നെൽസണ്‍ മണ്ടേല സ്റ്റേഡിയം
കണ്ണീർപ്പാടമായതില്‍
മുങ്ങിയൊഴുകിയാരാധകർ
വിതുമ്പിക്കരയും മധ്യവയസ്കരും
കണ്ണീരോടെ ബാലന്മാരും
പൊട്ടിക്കരയുന്ന സുന്ദരിമാരും.
പൊട്ടിത്തെറിച്ചിവിടെ യുവത്വം.
മഞ്ഞത്തുകിൽ കണ്ണീരിൽ
കഴുകിയുണക്കുമ്പോൾ
ഫെലിപ് മെലോ നിനക്കഭിമാനിക്കാം.
സെൽഫ്‌ ഗോളും ചുവപ്പുകാർഡും
അന്ത്യയാത്രാനുമതിയേകിയെന്നാലും
നിന്നെയവർ പിന്നെയും സ്നേഹിക്കുന്നു.
റൊബീന്യോ നിന്നാശ്വാസ ഗോളിൽ
ആരവമുയര്‍ത്തിയിളകി മറിഞ്ഞവർ
റൊബീന്യോയും ഫാബിയാനോയും
കക്കായും ത്രിമൂര്‍ത്തികളപരാജിതർ‍.
കമാനങ്ങളും പോസ്റ്ററുകളും
ക്ലബ്ബുകളും ഫാന്‍സുകളും
ഉറക്കമില്ലാ രാത്രികളും.
വാതുവെപ്പുകൾ‍, വെല്ലുവിളികൾ‍.
മാലോകർ ചിരിച്ചതും
കരഞ്ഞതും നിങ്ങൾക്കൊപ്പം
കാല്‍പ്പന്തുരുളുമ്പോൾ
വലിച്ചെറിയാന്‍
ജീവനുമിവിടെ
തൃണമായ്‌ മാറി.
കരഞ്ഞവർ ചിരിച്ചതും
ചിരിച്ചവർ കരഞ്ഞതും
നിങ്ങൾക്കായല്ലോ.
പിന്തിരിഞ്ഞു പോയവർ
മഞ്ഞപ്പടയാളികൾ‍.
ബ്രസീൽ നിനക്കു വേണ്ടി
കണ്ണീരും ചിരിയുമൊഴുകുമ്പോൾ
ത്രിശങ്കുവായ്‌ ഞാനുമിവിടെ.