Sunday, October 24, 2010

തെറ്റാത്ത വഴിയിലൂടെ


 മഹാരഥന്മാർ അടക്കിവാണ കവിതയുടെ  അരങ്ങിൽ വഴി തെറ്റി വന്നൊരാളും.വഴിതെറ്റി വന്നവൻ എന്ന ഈ പേര് ഞാനൊന്ന് തിരുത്തട്ടെ.ഹാഷിം സീരകത്ത് എന്ന കവി ഈ പേരിട്ടത് അതിവിനയം കൊണ്ടായിരിക്കാം.ഈ ചെറുപ്പക്കാരന്റെ വഴിയിലേക്ക് കവിത സ്വയം മറന്ന് കയറി വന്നുവെന്നു വേണം പറയാൻ.സമാഹാരത്തിലെ ആദ്യ കവിത സുഗന്ധം.ഈ സുഗന്ധം നമ്മുടെ അടുത്തെത്തിച്ച കാറ്റിന് നന്ദി പറയാനാണെനിക്കു തോന്നുന്നത്.കവിതയെ പ്രണയിച്ച ഈ ചെറുപ്പക്കാരനെ കവിതയും പ്രണയിച്ചു.
ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇത്രയും ഇരുട്ട് എന്ന് പരിഭവിക്കുമ്പോൾ പ്രകാശം പരത്താൻ കൊതിക്കുന്ന പ്രകാശത്തെ സ്നേഹിക്കുന്ന ഒരു ഹൃദയത്തിന്റെ വെളിപ്പെടലായി അനുഭവപ്പെടുന്നു..ആ നന്മയുടെ വെളിപ്പെടൽ എല്ലാ കവിതകളിലും കാണാൻ കഴിയും.ഞാൻ അകത്തു നിന്നും പൂട്ടാറേയില്ല.അകവും പുറവും ഒരുപോലെ.ആർക്കും കാണാം.കയറി നോക്കാം.അവിടെ നിറച്ചും സ്നേഹം മാത്രം. കവിതകളിലും ആ സ്നേഹം നിറഞ്ഞു  വഴിയുന്നു. സ്നേഹം ഇല്ലാത്ത ജീവിതം ഓർത്തു കവി ഭയപ്പെടുകയാണ്.സ്നേഹത്തിന്റെ ആകുലതകളിൽ നിന്നും രക്ഷപ്പെടാനുള്ള കുറുക്കു വഴികൾ തേടുന്നവരേറെയെന്ന തിരിച്ചറിവിൽ മനം കലങ്ങുന്നു. ആഗ്രഹിച്ചതൊക്കെ കൈപ്പിടിയിലൊതുക്കാൻ എന്തും ചെയ്യുന്ന കാലഘട്ടത്തിൽ അന്യർക്ക് പ്രവേശനമില്ലാത്തിടത്തു നിന്നും പിന്തിരിയാനുള്ള മനസ്സും ഈ കവിക്കുണ്ട് എന്നത് അശ്വാസകരമാണ്.സ്നേഹത്തിന്റെ പച്ചപ്പ് കൊതിച്ച് മരുഭൂമിയിൽ നിന്നും അവധിക്കു വന്നപ്പോൾ വറ്റി വരണ്ട കിണറ്റിനരികിൽ അനാഥമായി കിടക്കുന്ന പാളയും കയറും.
അമ്മയായും പെങ്ങളായും സ്ത്രീയെ അടയാളപ്പെടുത്തുന്നതിൽ സമൂഹം പരാജയപ്പെടുന്നിടത്ത് പേറ്റു നോവറിഞ്ഞ എല്ലാ അമ്മമാരേയും സ്നേഹിക്കുന്ന ഈ മകന് അവരുടെ വേദനയുടെ ആഴം  കാണാനാവുന്നുണ്ട്. അ എന്ന് പഠിപ്പിച്ചപ്പോൾ അമ്മ എന്നും ഒപ്പമുള്ളതുപോലെ ആവേശമായിരുന്നു.അവിടെ അക്ഷരസത്യമായി നിറയുന്നത് അമ്മയാണ്.പാട്ടത്തിനെടുത്ത ഗർഭപാത്രവും ഏട്ടനും ആണല്ലേ എന്ന ചോദ്യവും തീ പിടിച്ച സാമൂഹികപ്രശ്നങ്ങളാണ്.താനുൾപ്പെടെയുള്ള പുരുഷവർഗ്ഗം ആണതിനുത്തരവാദികൾ എന്ന് കവി വ്യംഗ്യമായി സമ്മതിക്കുന്നു.കണ്ണെഴുത്തിൽ അവളുടെ കണ്ണുകൾ തോർന്നതെന്ന് എന്നോർമയില്ല.അവന്റെ കണ്ണുകൾ നനഞ്ഞതെന്നെന്നും. ദാഹം. എന്ന കവിതയിൽ ഇത് പൂർത്തിയാവുന്നു.
ആണിൻ പെരുമയിൽ
ഏട്ടന്റെ ഏമ്പക്കം
ഓർക്കുമ്പോൾ
പെൺകൊതി
ഇന്നും കരഞ്ഞിടും.
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സാമൂഹിക യാഥാർഥ്യത്തെ ഇതിലും മനോഹരമായി എങ്ങനെയാണ് വരച്ചു കാണിക്കുക.ഇത് വായിച്ചപ്പോൾ മഹാനായ വൈക്കം മുഹമ്മദ് ബഷീറിനയാണോർമ്മ വന്നത്. വീട്ടിലെ സ്ത്രീകൾക്ക് ഒരു നേരമെങ്കിലും വയറു നിറച്ചാഹാരം കൊടുക്കണമെന്നാഗ്രഹമുണ്ടെന്ന് പാത്തുമ്മയുടെ ആടിൽ അദ്ദേഹം പറയുന്നുണ്ട്. ഞാനും അവനും തേന്മാങ്ങ പത്തു വട്ടം ഈമ്പുമ്പോൾ അവൾ പതിനൊന്നു വട്ടം ഈമ്പുന്നു.ഒന്നു കൂടുതൽ.
 ഗോഷ്ടി കാണിക്കുന്നവന്റെ ചെകിട്ടിൽ പെണ്ണിന്റെ കൈ പതിയണം.അതിനുള്ള കരുത്ത് പെണ്ണിനുണ്ടാകണം.ആയിരം കണ്ണുകൾ അവളുടെ മേൽ പതിയുന്നതിനെക്കുറിച്ച് കവി ആശങ്കപ്പെടുന്നത് അവളെക്കുറിച്ചുള്ള കരുതൽ കൊണ്ടാണ്.
കവിതയെ ആണെഴുത്തും പെണ്ണെഴുത്തുമായി വർഗ്ഗീകരിക്കുന്നവർ ഹാഷിമിന്റെ കവിതയെ ഏതു കള്ളിയിലാണ്  ഉൾപ്പെടുത്തുക എന്നെനിക്കറിയില്ല.പെണ്ണിന്റെ പ്രശ്നങ്ങളിലേക്ക് ആഴത്തിലിറങ്ങുവാനും സമഭാവനയോടെ ചിന്തിക്കാനും ഈ യുവകവിക്ക് കഴിഞ്ഞിട്ടുണ്ട് എന്നതിൽ ഞാനേറെ സന്തോഷിക്കുന്നു. 
സമൂഹത്തിൽ നിന്നാണ് കവിതയ്ക്കുള്ള അസംസ്കൃത വസ്തു ലഭിക്കുന്നത്.അതിനെ സംസ്കരിച്ച് സമൂഹത്തിനു തന്നെ തിരിച്ചു നൽകേണ്ട ബാധ്യത അയാൾക്കുണ്ട്.അച്ഛന്റെ മരണം മക്കൾക്ക് തമ്മിൽത്തല്ലാനുള്ള വിഷയമാവുമ്പോൾ അമ്മയ്ക്ക് വൃദ്ധസദനമല്ലാതെ ആശ്രയമെന്ത്.
ഇന്നു നാം
പ്രാകുന്നു
പല്ലിറുമ്മുന്നു
തള്ളമാർ
നാശം
ചത്തിടാത്തതെന്തേ..?
ഇതും ചേർത്തു വെച്ച് വായിക്കേണ്ടതാണ്.
നാണക്കേടിന്റെ നാറാണക്കല്ലുകളായി നാഭിയും കാട്ടി നടക്കുന്ന പെരുമയും ഇറക്കുമതിയും ചരടും സത്യവും സംഭാവനയും ദല്ലാളുമൊക്കെ വിമർശനാ‍ത്മകമായ കവിതകളാണ്.വേലകൾ ഒപ്പിച്ചവൻ തന്നെ വേദാന്തമോതുമ്പോൾ  പരസ്പരം ചൂലെന്നു വിളിക്കാനുള്ള യോഗ്യത ഇല്ലാതാവുന്നു.ഖദറണിയുന്നവന്റെ ഉള്ളറിയുമ്പോൾ സ്വയം  വെറുത്തു പോകുന്ന ആത്മ വിമർശനവും കാണാം. എലിവിഷത്തിനു പകരം സർക്കാർ അനുവദിച്ച കള്ള് കുടിച്ച് കെട്ടിയവൻ ചത്തിരുന്നെങ്കിൽ എന്നതിലെ ആക്ഷേപഹാസ്യം  ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കാൻ ശക്തിയുള്ളതാണ്. ‘വാർത്താപ്രാധാന്യ‘  ത്തിൽ അഭിമുഖം മാധ്യമങ്ങളേയും ചാനലുകളേയും നിറം‌പിടിപ്പിക്കുമ്പോൾ വിരൂപമാകുന്നത് സത്യത്തിന്റെ മുഖം.അറബിപ്പുസ്തകത്തിലെന്തേ തൊട്ടുകൂടേ എന്നു ചോദിക്കുമ്പോൾ മുഖം നോക്കി സത്യം വളക്കാതെ നേരായ നേരിന്റെ വേരറിയാനാണ് കവി ശ്രമിക്കുന്നത്. നിരാശയിലെ വൈകാരികത തണുത്തുറയുന്ന നിസ്സംഗതയും വീടിന്റെ ഉത്തരത്തിനു ബലം പോരാഞ്ഞ് തൊടിയിലെ പുളിമരത്തിൽ തൂങ്ങേണ്ടി വരുന്ന ദൈന്യതയും നമ്മുടെ സമൂഹത്തിന്റെ നേർക്കാഴ്ച്ചകളാണ്.
വായിൽ നിന്നും മുലഞെട്ട് വലിക്കുന്ന അച്ഛൻ.ഒരെതിരാളിയുടെ സ്ഥാനത്താണെന്ന മനശ്ശാസ്ത്ര തത്ത്വത്തിന്റെ പ്രസക്തി വെളിവാക്കുന്നതാണ് കരുതൽ എന്ന കവിത.ഇരുട്ടും വെളിച്ചവും ബോധാബോധ തലങ്ങളിലേക്ക് നീണ്ടുപോകുന്നു.അത്രയേറെ പ്രണയിക്കുമ്പോഴും വെറുത്തുപോകുന്ന അവസ്ഥ മഴയിൽ പ്രകടമാണ്.
ലളിതമായ ബിംബങ്ങളിലൂടെയും വാക്കുകളിലൂടെയും ജീവിതാനുഭവങ്ങളും വൈയക്തിക ദു:ഖങ്ങളും സാമൂഹിക ദുരന്തങ്ങളും കോറിയിട്ട കവിയും കവിതയും പ്രിയപ്പെട്ടവരുടെ മനസ്സിൽ നിന്നും പെയ്തൊഴിയില്ല എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

Friday, October 15, 2010

അമൃതം തേടി

ബ്രഹ്മഹത്യാപാപമൊന്നായേറ്റു വാങ്ങി
ദേവഗംഗയമൃതൊഴുക്കിയിവിടെ.
മൃത് നുണഞ്ഞമരരായഭിനവ
കാളിയന്മാർ വമിക്കും കാളകൂടത്തിൽ
മുങ്ങി നീന്തിയതിലൊരു നോഹയുടെ
പേടകത്തിനായി കാത്തിരുന്നൊടുവിൽ
മരണാസന്നയായിഴഞ്ഞു നീങ്ങും ഞാൻ.
ഒരു തുള്ളിയമൃതമെന്നന്ത്യനാ‍ളിൽ
കരുതിവെക്കുവാൻ കഠിനമെത്രനാൾ
തപസ്സു ചെയ്യണമമ്മേ ഭഗീരഥീ.
മലമേടുകൾ വയലേലയിലെത്തി
വനമാലകൾ പൊട്ടിച്ചെറിയും നാ‍ട്ടിൽ.
മഴയില്ലാത്താണ്ടുകൾ പന്ത്രണ്ടെന്നതു
പറയാനൊരു പഴങ്കഥയല്ലിനി.
കോളയും പെപ്സിയുമൂറ്റും നീരിൻ ദാ‍ഹം
പ്ലാച്ചിമടയുടെ  പുതു നാമ്പുകളിൽ.
കൈകാൽ കുടയും കുഞ്ഞിൻ ചുണ്ടു നനയ്ക്കാൻ
മരുവിലയ്യോ  സംസം ജലവും തേടി.
അലയും മാതാക്കൾ തൻ കണ്ണിലുറന്നൂ
തണ്ണീരിനു പകരം കണ്ണീർ മാത്രം.
പ്രളയ ജലത്തിലരയാലിലയിൽ
കാൽ നുണഞ്ഞുയിർക്കും ചൈതന്യമേ.
മറയും വിഷ പ്രളയത്തിൽ ജീവന്റെ
യവസാന കണികയുമെന്നറിവേൻ.
blogactionday.change.org

Sunday, October 10, 2010

തുണയാകാനിനി ദൈവം


2009-10 അധ്യയന വർഷം പത്ത് ഇ ക്ലാസിന്റെ ചുമതലയാണ് എനിക്ക് കിട്ടിയത്.സ്കൂൾ തുറന്ന അന്ന് ക്ലാസിലെത്തി.കുറച്ചു പേരെയൊക്കെ   ഒമ്പതിൽ മലയാളം പഠിപ്പിച്ചിട്ടുണ്ട്.അതിൽ നമ്മുടെ ഷംനാദുമുണ്ട്.അവിടെ അവൻ എനിക്കൊരു പ്രശ്ന വിദ്യാർത്ഥി ആയിരുന്നു. മിക്കവാറും വായനാമൂലയിൽ നിന്നാണ് ഞാൻ ക്ലാസെടുക്കാറുള്ളത്.അതിനു രണ്ട് കാരണങ്ങളുണ്ട്.എന്റെ ഒമ്പതാം ക്ലാസുകളെല്ലാം താഴത്തെ നിരയിലാണ്.അവിടെ എത്തണമെങ്കിൽ പന്ത്രണ്ട് നടകളിറങ്ങണം.ഓരോ പ്രാവശ്യവും അത്രയും നടകളിറങ്ങി വീണ്ടും കയറാനുള്ള ആരോഗ്യം എന്റെ  കാലുകൾക്കില്ല.അതുകൊണ്ട് ഒമ്പതാം ക്ലാസുകാർ മലയാളത്തിന്റെ പീരിയഡിൽ വായനാമൂലയിലെത്തും.മമ്മദിന് മലയുടെ അടുത്തേക്കു പോകാൻ കഴിയില്ലെങ്കിൽ മലയ്ക്ക് മമ്മദിന്റെ അടുത്തേക്ക് വന്നല്ലേ തീരൂ.
രണ്ടാമത്തെ കാരണം അവിടുത്തെ സുഖകരമായ അന്തരീക്ഷമാണ്.ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അധ്യാപിക സ്വന്തം ചെലവിൽ പണിത് സ്കൂളിനു നൽകിയതാണ് ഈ വായനാമൂല.സ്കൂളിന്റെ ക്ലാസ് റൂം പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം നൽകാറുണ്ട് വായനാമൂല.ക്വിസ് തുടങ്ങിയ പല പരിപാടികളും ഇവിടെയാണ് നടത്താറുള്ളത്.പൂമരച്ചുവട്ടിൽ പണിതിട്ടിരിക്കുന്ന സിമന്റ് ബെഞ്ചുകൾ.ആസ്ബറ്റോസ് മേൽക്കൂരയും.
ഇഷ്ടം പോലെ കാറ്റുള്ളതുകൊണ്ട് ചൂട് കുറവാണ്.മറ്റു ക്ലാസുകളുടെ ബഹളം ഇല്ല.
ആർക്കും ശല്യമാവാതെ ഗ്രൂപ്പ് വർക്കുകളൊക്കെ നന്നായി ചെയ്യാം.കുട്ടികൾക്കും ഇഷ്ടമാണവിടം.
ക്ലാസ് റൂമിന്റെ കർക്കശ നിയമമൊന്നും ഇരിപ്പിടത്തിന്റെ കാര്യത്തിൽ അവിടെ
പാലിക്കാറില്ല.കുട്ടികൾ അവരവർക്കിഷ്ടമുള്ളിടത്തിരിക്കും.അങ്ങനെ സ്വാതന്ത്ര്യം കിട്ടുമ്പോൾ ചില വിരുതന്മാർ എപ്പോഴും ഏറ്റവും പിറകിൽ ഇരിക്കാൻ ശ്രമിക്കും.അപ്പോൾ ഞാൻ അവരുടെ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ മെല്ലെ കത്തി വെച്ചുകൊണ്ട് അവരെ പിടിച്ച് മുന്നിലിരുത്തും.അങ്ങനെ ഒരുപാട് പ്രാവശ്യം ഷംനാദിനെ മുമ്പിലിരുത്തിയിട്ടുണ്ട്.അപ്പോഴെന്താ കഥ.പാഠപുസ്തകം എടുത്തിട്ടില്ല.നോട്ടില്ല.എഴുതാറുമില്ല.ആദ്യമൊക്കെ അടുത്ത ദിവസം എടുക്കണം എന്ന് പറഞ്ഞ് വിടുമായിരുന്നു.പക്ഷേ അടുത്ത ദിവസവും തഥൈവ.അപ്പോൾ പാഠം എഴുതിക്കൊണ്ടു വരിക തുടങ്ങിയ ലഘുവായ ശിക്ഷകൾ കൊടുക്കും.എന്നിട്ടും ആ വർഷം വലിയ മാറ്റമൊന്നും ഷംനാദിനുണ്ടായില്ല.
ആ ഷംനാദിനെയാണ് എന്റെ ക്ലാസിൽ കാണുന്നത്.ഇവനെനിക്ക് ജോലിയുണ്ടാക്കുമല്ലോന്ന് മനസ്സിലോർത്തു കൊണ്ട് കുശലം പറഞ്ഞു.പത്താം ക്ലാസിന്റെ പ്രാധാന്യം ,അതിനെന്തൊക്കെ ചെയ്യണം എന്നൊക്കെ വിശദമാക്കിക്കൊണ്ട് ക്ലാസ് തുടങ്ങി.കുറച്ചു ദിവസം വലിയ കുഴപ്പൊമൊന്നുമില്ലാതെ പോയി.പിന്നോക്കക്കാരെയൊക്കെ ഇതിനിടയിൽ കണ്ടെത്തി.മിടുക്കന്മാരേയും.
ഗ്രൂപ്പ് തിരിച്ച് പിന്നോക്കക്കാരെ മിടുക്കന്മാർക്കേൽ‌പ്പിച്ചു കൊടുത്തു.ഒഴിവ് കിട്ടുമ്പോൾ അവർ സഹായിക്കണം.മടിയൻമാരായ കുറച്ചു പേർ എഴുതിക്കൊണ്ടു വരുന്നതിൽ വീഴ്ച്ച വരുത്തി.അതിൽ ഒന്നാം സ്ഥാനത്ത് ഷംനാദ്.അവനെ ഇങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ. പിറകിലെ സീറ്റിൽ നിന്നും പൊക്കി.മുന്നിലിരിക്കാൻ ആവശ്യപ്പെട്ടു.അനുസരിക്കാഞ്ഞപ്പോൾ പരുഷമായിത്തന്നെ പറഞ്ഞ് നിർബ്ബന്ധിച്ച് മുമ്പിലിരുത്തി.അടുത്ത ദിവസം അവൻ വന്നില്ല.രണ്ട് മൂന്ന് ദിവസം കാണാഞ്ഞപ്പോൾ അന്വേഷിച്ചു.അപ്പോഴാണറിയുന്നത് അവനൊരു മാനസിക രോഗിയായിരുന്നു എന്ന്.എന്റെ ദൈവമേ എന്നോടിതാരും പറഞ്ഞില്ലല്ലോ.ഉമ്മയ്ക്ക് ഫോൺ ചെയ്തപ്പോൾ പറഞ്ഞു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ജിമ്മി സാറിനൊക്കെ അതറിയാമായിരുന്നു എന്ന്.ഒമ്പതിൽ വലിയ കുഴപ്പമില്ലായിരുന്നു.ഇപ്പോൾ വീട്ടിലിരുന്ന് എപ്പോഴും പേടിച്ച് കരച്ചിൽ തന്നെയാണ്.കുറ്റബോധവും സങ്കടവും കൊണ്ട് ഞാൻ വീർപ്പു മുട്ടി.അടുത്ത ദിവസം ഷീബ ടീച്ചർ പറഞ്ഞു.ഷംനാദിനേയും കൊണ്ട് ഉമ്മ ആശുപത്രിയിലേക്ക് പോകുന്നതു കണ്ടു.അവൻ അപ്പോഴും പേടിച്ച് കരയുന്നുണ്ടായിരുന്നു.ഉമ്മയും കരയുകയായിരുന്നു.അവനെ എവിടെ കൊണ്ടു പോകണം എന്ന് അവർക്കറിയില്ല.
പഞ്ചായത്തോഫീസിൽ ജീവനക്കാരനായിരുന്ന ഭർത്താവ് മരിച്ചതിനു ശേഷം പശുവിനെ വളർത്തിയും മറ്റുമാണ് ആ പാവം സ്ത്രീ നാല് കുട്ടികളെ വളർത്തുകയും  പഠിപ്പിക്കുകയും ചെയ്യുന്നത്.ഇപ്പോൾ ഏതോ സിദ്ധന്റെ ചികിത്സയും മന്ത്രവുമാണ്.രാത്രിയിൽ അവരെ വിളിച്ചു.കണ്ണൂ‍രുള്ള മനോരോഗ വിദഗ്ദ്ധനെ കാണിക്കണമെന്നു പറഞ്ഞു.എനിക്കാവുന്നതെല്ലാം ചെയ്യുമെന്നു ഉറപ്പ് കൊടുത്തു.അവരെ ആശ്വസിപ്പിച്ചു. എന്റെ ചെറിയ ആങ്ങളയോട് പ്രശ്നം പറഞ്ഞപ്പോൾ സഹായിക്കാമെന്ന് അവനും സമ്മതിച്ചു.അവർ അടുത്ത ദിവസം തന്നെ ഷംനാദിനെ കണ്ണൂർ കൊണ്ടുപോയി പരിശോധിച്ചു.ബന്ധുക്കളുടെ സഹയത്തോടെ പിന്നീട് ബാംഗ്ലൂരും ചികിത്സ തുടർന്നു.ഭേദമുണ്ടെന്നറിഞ്ഞപ്പോൾ ആശ്വാസം തോന്നി.ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലായി ചികിത്സ.ഞാൻ നോക്കിക്കോളാമെന്ന ഉറപ്പിന്മേൽ അവനെ സ്കൂളിലയക്കാൻ ധാരണയായി.അടുത്ത ദിവസം ഉമ്മ അവനെ സ്കൂളിലയച്ചു.ഞാനെത്തിയപ്പോഴേ കുട്ടികളറിയിച്ചു ഷംനാദ് കിടക്കുകയായിരുന്നു എന്ന്.ഞാൻ അവന്റെ അടുത്തിരുന്നു തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.അപ്പോഴും അവൻ തലവേദനിക്കുന്നു വീട്ടിൽ പോണം എന്ന് പറഞ്ഞു.വേറെ വഴിയില്ല എന്ന് ബോധ്യമായപ്പോൾ രണ്ടു കുട്ടികളെ ഓട്ടോ റിക്ഷ വിളിക്കാൻ പറഞ്ഞയച്ചു.അവരുടെ കൂടെ അവനെ വീട്ടിലേക്ക് വിട്ടു.ഉമ്മയെ വിളിച്ച് വിവരമറിയിച്ചു.അടുത്ത ദിവസവും അവനെ സ്കൂളിലയക്കണം വിഷമം തോന്നുമ്പോൾ ഞാൻ ഇതുപോലെ വീട്ടിലെത്തിച്ചുകൊള്ളാം എന്നും പറഞ്ഞു.സ്കൂളിനോടുള്ള അവന്റെ പേടി മാറ്റലായിരുന്നു എന്റെ ഉദ്ദേശ്യം.തുടർന്നുള്ള ദിവസങ്ങളിലും ഇത് ആവർത്തിച്ചപ്പോൾ തൽക്കാലം അവനെ നിർബ്ബന്ധിക്കാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്കും ഉമ്മക്കും മനസ്സിലായി.
സെപ്റ്റംബർ അവസാന ആഴ്ച്ചയിലൊരു ദിവസം രാവിലെ ഹെഡ്മാസ്റ്റർ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. ഷംനാദും ഉമ്മയും വന്നിട്ടുണ്ട്.അവനു തുടർന്നു പഠിക്കണം. ഇത്രയും ക്ലാസുകൾ നഷ്ടപ്പെട്ട സ്ഥിതിക്ക് അടുത്ത കൊല്ലം പഠിച്ചാൽ പോരേ എന്ന് ഹെഡ്മാസ്റ്റർ  ചോദിച്ചു.ഇക്കൊല്ലം ആരോഗ്യം നോക്കി വീട്ടിലിരുന്നാൽ അടുത്ത കൊല്ലം നല്ല ഗ്രേഡോടെ പാസ്സാവാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണു നിറച്ചുകൊണ്ട് അവൻ വേഗം സമ്മതിച്ചു.പക്ഷേ ഞാൻ അത് സമ്മതിച്ചു കൊടുത്തില്ല.അപ്പോൾ അദ്ദേഹം തൽക്കാലം അവനെ വായനാമൂലയിലേക്ക് പറഞ്ഞയച്ചു. ഞാൻ ഹെഡ് മാസ്റ്ററെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.മുതിർന്ന ഒരു ആൺകുട്ടി പഠിത്തം പൂർത്തിയാക്കാതെ വീട്ടിലിരുന്നാൽ സമൂഹം വെറുതെ വിടില്ല.കാരണം ചോദിച്ച് അവനെ വീണ്ടും അവർ ഭ്രാന്തനാക്കും.അടുത്ത കൊല്ലം പഠിക്കുന്നതിനു പകരം അവൻ മുഴു ഭ്രാന്തനായി മാറിയേക്കാം. ചിലപ്പോൾ അവൻ തോറ്റാലും സാരമാക്കേണ്ട. നമ്മൾ ഇതിലെ മാനുഷിക വശത്തിനു പ്രാധാന്യം കല്പിക്കണം.നമ്മുടെ വിജയ ശതമാനത്തേക്കാൾ വലുതാണത്.ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സീനിയർ അസിസ്റ്റന്റ് കയറി വന്നു.പ്രശ്നം അറിഞ്ഞപ്പോൾ ‘ ഇവനെ നമുക്ക് മെന്റലി റിട്ടയേർഡ് ആയ കുട്ടികളിൽ പെടുത്തി പരീക്ഷ എഴുതിച്ചു കൂടേ.അങ്ങനെയാണെങ്കിൽ ഇരുപത്തഞ്ചു ശതമാനം മാർക്കു കൂടി കിട്ടിയാൽ അവൻ ജയിക്കുമല്ലോ എന്നും അദ്ദേഹം പറഞ്ഞു.അവനെ രക്ഷിക്കാൻ അങ്ങനെ ഒരു വകുപ്പുണ്ടെന്നറിഞ്ഞപ്പോൾ എനിക്കുത്സാഹമായി.അതിനിടയിൽ ഹെഡ്മാസ്റ്റർ ടീച്ചർ കൈകാര്യം ചെയ്യൂ എന്നും പറഞ്ഞ് ഒരു തീരുമാനവുമെടുക്കാതെ ഉമ്മയുടെ അടുത്ത് നിന്നും പോയി. ഐ.ഇ.ഡി.എസ്.എസ്.റിസോഴ്സ് ടീച്ചർ സപ്ന എന്റെ പൂർവ വിദ്യാർത്ഥി ആയിരുന്നു. ഞാൻ അവളെ ഓഫീസ് റൂമിൽ വരുത്തി ഷംനാദിനെ ഐ.ഇ.ഡി.യിൽ ഇനി ഉൾപ്പെടുത്താനാവുമോ എന്നന്വേഷിച്ചു.മെഡിക്കൽ പരിശോധനക്ക് ഒരവസരം കൂടിയുണ്ട്.അവനെ നമുക്ക് കൊണ്ടു പോകാം എന്നവൾ പറഞ്ഞു.പിന്നെ ഞങ്ങൾ ഹെഡ്മാസ്റ്ററെ കാത്തിരുന്നു.അവൻ പഠിക്കാൻ കഴിയുന്ന കുട്ടിയാണെന്നും ഇതും കൂടിയാവുമ്പോൾ തോൽക്കില്ല എന്നും ഉറപ്പിച്ചു പറഞ്ഞപ്പോൾ ഹെഡ്മാസ്റ്റർ സമ്മതിച്ചു.അടുത്ത മെഡിക്കൽ ബോർഡ് മീറ്റിംഗിൽ അവനെ എത്തിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാൻ സപ്നയെ ഏല്പിച്ചു.നാളെ പുസ്തകമൊക്കെ എടുത്ത് ക്ലാസിലെത്തണമെന്ന് പറഞ്ഞ് ഉമ്മയേയും മകനേയും അയച്ചു.
ഇനിയാണ് എന്റെ ശരിക്കുള്ള പരീക്ഷണഘട്ടം.ഞാൻ നേരെ ക്ലാസിലെത്തി.ഷംനാദിനെ സ്വീകരിക്കാൻ മറ്റ് കുട്ടികളെ സജ്ജരാക്കണം.അവന്റെ അവസ്ഥ അവരെ ബോധ്യപ്പെടുത്തി.ആരും അവനോട് ഒന്നും ചോദിക്കരുതെന്ന് കർശനമായി ചട്ടം കെട്ടി.അവനോട് എല്ലാവരും സ്നേഹത്തോടെ പെരുമാറുകയും സഹായിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു.അവർ സമ്മതിച്ചു.
പിന്നോക്കക്കാരായ ആൺകുട്ടികളെ സഹായിക്കാൻ മിടുക്കികളായ
പെൺകുട്ടികളെയാണ് സാധാരണ ഞാൻ ഏല്പിക്കാറുള്ളത്.കാരണം ക്ഷമയോടെ പറഞ്ഞു കൊടുക്കാൻ അവർക്കേ കഴിയൂ.എന്റെ ക്ലാസ് ലീഡർ ശില്പയാണ്.നന്നായി പഠിക്കുന്ന സൌ‌മ്യശീലയായ ഒരു പെൺകുട്ടിയാണവൾ.ഷംനാദിനെ നോക്കാനും പഠിപ്പിക്കാനുമുള്ള ചുമതല അവളെ ഏൽ‌പ്പിച്ചു.
അടുത്ത ദിവസം ഷംനാദെത്തി.യാതൊരു കുഴപ്പവുമില്ല എന്ന മട്ടിൽ അവനോട് പെരുമാറി.മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരോടെല്ലാം ഷംനാദിനെപ്പറ്റി പറഞ്ഞു.ഒരു കാരണവശാലും അവനെ ശിക്ഷിക്കരുതെന്ന് ബോധ്യപ്പെടുത്തി.
പുതിയ കുറെ സ്വഭാവങ്ങളുമായിട്ടാണ് ഷംനാദ് എത്തിയിട്ടുള്ളത്.ക്ലാസിൽ ഓവർ സ്മാർട്ടാവുക,പെൺകുട്ടികളോട് വല്ലാത്ത അടുപ്പം കാണിക്കുക,തിരിഞ്ഞിരുന്ന് അവരോട് എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുക,വൈകി വരിക തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ.ചുരുക്കിപ്പറഞ്ഞാൽ എന്തെങ്കിലും ഒരു പ്രശ്നം ഇല്ലാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല.ഞാൻ അവനെ ഒരുപാട് പ്രോത്സാഹിപ്പിച്ചു.ഉത്തരം പറയാനുള്ള അവസരങ്ങൾ ധാരാളം നൽകി.പലപ്പോഴും മിടുക്കനാണെന്നു പറഞ്ഞു.മറ്റ് കുട്ടികളും അതനുസരിച്ച് പെരുമാറി.ഏറെ സംസാരിക്കുമ്പോൾ പഠനകാര്യങ്ങളിൽ ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കണമെന്ന് പെൺകുട്ടികളോട് ആവശ്യപ്പെട്ടു..അനുസരിച്ചില്ലെങ്കിൽ ഞങ്ങൾ പിണങ്ങുമെന്നു പറയാൻ ഏല്പിച്ചു.അതവനു സഹിക്കാനാവാത്ത കാര്യമാണെന്നെനിക്കറിയാം.അത് ഫലം ചെയ്തു.ഇതിനിടെ പെൺകുട്ടികൾ ഏതു കാര്യവും തുറന്നു പറയാൻ പറ്റുന്ന നല്ല കൂട്ടുകാരായി മാറിയിരുന്നു അവന്. ഒരു ദിവസം അവർ എന്നോട് പറഞ്ഞു.അടുത്ത ക്ലാസിലെ പെൺകുട്ടിയോട് അവനു കടുത്ത പ്രണയമാണെന്ന്.അവളെ അത്രക്കിഷ്ടമാണെന്ന് അവരോട് പറഞ്ഞത്രേ.അവൾക്ക് മിഠായി കൊടുക്കുക,കൈയിൽ നിന്ന് പുസ്തകം തട്ടിപ്പറിക്കുക തുടങ്ങിയ കലാപരിപാടികളിലേക്ക് കടന്നപ്പോൾ പെൺകുട്ടി തെറിവിളിക്കാൻ തുടങ്ങി.അന്നവനു ക്ലാസിൽ വെച്ച് തലവേദന തുടങ്ങി.വീണ്ടും പഴയ അവസ്ഥയിലെത്തുമോ എന്ന് പേടിച്ച് ഞാനാ പെൺകുട്ടിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി.അവൻ സുഖമില്ലാത്ത കുട്ടിയാണ്.ചീത്ത വിളിക്കാതെ ഒഴിഞ്ഞു മാറണമെന്നുപദേശിച്ചു.എന്റെ ക്ലാസിലെ പെൺകുട്ടികളോട് അവനെ ഉപദേശിക്കാനാവശ്യപ്പെട്ടു.വല്ലാണ്ട് ഇഷ്ടമുള്ളവരെ ശല്യപ്പെടുത്തിയാൽ അവർ വെറുത്തുപോകും.അതിനേക്കാൾ നല്ലത് സുഹൃത്തുക്കളാവുന്നതാണ്.അവർ അതുപോലെ പറഞ്ഞപ്പോൾ അവൻ ഇനി ശല്യപ്പെടുത്തില്ല എന്നുറപ്പ് നൽകി.മാനസിക പ്രയാസങ്ങളുള്ള കുട്ടികൾക്ക് കൌൺസിലിംഗ് നൽകാൻ ഹയർ സെക്കന്ററി വിഭാഗത്തിൽ പരിശീലനം കിട്ടിയ ഒരധ്യാപികയുണ്ട്. തുഷാര ടീച്ചർ.പലപ്പോഴും അവരുടെ സേവനം ഉപയോഗിച്ചു.
അവൻ ഒരു ദിവസം ശില്പക്ക് അനിയത്തിയുടെ മുടിക്കിടുന്ന ക്ലിപ് കൊണ്ടു വന്ന് കൊടുത്തിട്ട് നീയെന്റെ ഗുരുവല്ലേ അതുകൊണ്ട് തരുന്നതാണ് എന്ന് പറഞ്ഞു. അവൾ സ്നേഹപൂർവം അവൻ പഠിച്ചാൽ മതിയെന്ന് പറഞ്ഞ് തിരിച്ചുകൊടുത്തു.ഈ ഘട്ടത്തിൽ അവൻ ഉറപ്പായും പാസ്സാകുമെന്ന് ഞാൻ അവനെ ബോധ്യപ്പെടുത്തി  .ഐ.ഇ.ഡി.യിൽ പെടുത്തി പരീക്ഷ എഴുതിക്കാനാവശ്യമായ കാര്യങ്ങൾ മുന്നോട്ട് നീക്കുന്നുണ്ട്.അവന്റെ മെഡിക്കൽ പരിശോധനയൊക്കെ കഴിഞ്ഞു.നിനക്കൊരു കുഴപ്പവുമില്ല ഇനി കുരുത്തക്കേട് കാണിച്ചാൽ അടി കിട്ടും എന്ന് ഇടക്ക് ഞാൻ പറയും.അപ്പോഴവനും സമ്മതിക്കും കുഴപ്പമൊന്നുമില്ലെന്ന്.അവനെ ഒരു സാധാരണ കുട്ടിയാക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം.ക്ലാസ് സമയത്ത് സംസാരിക്കുമ്പോൾ ചെറുതായി ശാസിക്കാൻ തുടങ്ങി.ഇടക്ക് വീട്ടിൽ വിളിച്ച് പഠനകാര്യങ്ങൾ അന്വേഷിക്കും.ഉമ്മ എന്നേയും വിളിക്കും.രാവിലെ എഴുന്നേൽക്കാൻ ഭയങ്കര മടിയാണ്.ചിലപ്പോൾ ഉമ്മ പറയുന്നതൊന്നും അനുസരിക്കില്ല. ഒരു ദിവസം രാവിലെ എട്ട് മണിക്ക് ഉമ്മ എനിക്ക് ഫോൺ ചെയ്തു.ഷംനാദ് ഇപ്പോഴാണ് എഴുന്നേറ്റത് എന്ന് പരാതി പറയാൻ.ഫോൺ അവനു കൊടുക്കാൻ പറഞ്ഞു.കുറച്ചു വഴക്കു പറഞ്ഞു.പിന്നെ ഉമ്മയുടെ കഷ്ടപ്പാട് ഓർമിപ്പിച്ചു.ഇനി നേരത്തെ എഴുന്നേറ്റ് പഠിക്കുമെന്ന് അവൻ സമ്മതിച്ചു.
ഇടക്ക് തലവേദന എന്നും പറഞ്ഞ് പരീക്ഷാ സമയത്ത് കിടന്നു പോകുമോ എന്നൊരു പേടി ഉള്ളതുകൊണ്ട് എന്തു വന്നാലും പരീക്ഷക്ക് കൊണ്ടുവന്നിരുത്തണമെന്ന് ഉമ്മയെ ശട്ടം കെട്ടി.എല്ലാ ദിവസവും കൂടെ വരാനുമാവശ്യപ്പെട്ടു.
പഠനാവധിക്കാലത്ത് ഒരു ദിവസം ശില്പയുടെ അമ്മ എന്നെ വിളിച്ചു.ഷംനാദ് അവളെ വിളിച്ചു കൊണ്ടിരിക്കുന്നു.അവൾ പഠിക്കുന്നുണ്ടോ എന്നറിയാനാണത്രേ.ടീച്ചറൊന്നവനെ പേടിപ്പിക്കണം.സുഖമില്ലാത്ത കുട്ടിയാണ്.ഇനി വിളിക്കുകയാണെങ്കിൽ നിങ്ങൾ തന്നെ ഇത്തിരി പേടിപ്പിച്ചാൽ മതിയെന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു.എന്തായാലും കുഴപ്പങ്ങളൊന്നുമില്ലാതെ അവൻ എല്ലാ പരീക്ഷയും എഴുതി.എസ്.എസ്.എൽ.സി.ഫലപ്രഖ്യാപനത്തിന്റെ ദിവസം നെറ്റിൽ നോക്കിയപ്പോൾ അവൻ നല്ല രീതിയിൽ തന്നെ പാസ്സായിട്ടുണ്ട്.കുറച്ച് എ പ്ലസ് ഉണ്ട്.ഒരു വിഷയവും മോശമായിട്ടില്ല.ആശ്വാസവും സന്തോഷവും തോന്നി.അന്ന് രാത്രി പത്തരയ്ക്ക് അവൻ എന്നെ വിളിച്ചു.നല്ല സന്തോഷത്തിൽ റിസൾട് അറിയിച്ചു.പണിക്ക് പോകുന്ന കാര്യവും അറിയിച്ചു.
ഉമ്മ ഫോണിൽ വിളിച്ച് അവന്റെ പ്ലസ് വൺ അഡ്മിഷന്റെ കാര്യം അന്വേഷിച്ചപ്പോൾ സമയത്ത് കൊടുക്കണം എന്ന് പറഞ്ഞു.ഇടക്ക് എന്തെങ്കിലും സംശയം ഉണ്ടാവുമ്പോൾ രണ്ടു പേരും വിളിക്കും.പ്ലസ് വണ്ണിന് ചേർക്കാൻ വന്നപ്പോൾ ഉമ്മ എന്നെ കണ്ടു.അവൻ പഠിച്ചു മിടുക്കനാവട്ടെ എന്നാശംസിച്ചു.പിന്നെ ചിലപ്പോഴൊക്കെ അവൻ മുകളിലേക്ക് നടന്നു പോകുന്നത് കാണാറുണ്ട്.അടുത്താണെങ്കിൽ മിണ്ടും.
കഴിഞ്ഞ ദിവസം അവന്റെ ഉമ്മ വിളിച്ച് കുറേ നാളായി ടീച്ചറിന്റെ ഒച്ച കേൾക്കാത്തത് എന്നു പറഞ്ഞപ്പോൾ വെറുതെ വിളിച്ചതായിരിക്കുമെന്ന് കരുതി.പക്ഷേ കാരണമുണ്ടായിരുന്നു.അന്ന് അവന്റെ ക്ലാസധ്യാപകൻ അവനെ ഒന്നു ശിക്ഷിച്ചു.ഒരു എട്ടാം ക്ലാസുകാരൻ അവനെ തടിയൻ എന്നാക്ഷേപിച്ചപ്പോൾ കടുത്ത എന്തോ തെറി അവൻ തിരിച്ചു വിളിച്ചു.എട്ടാം ക്ലാസുകാരന്റെ പന്ത്രണ്ടാം ക്ലാസുകാരനായ ഏട്ടൻ കൂട്ടുകാരേയും കൂട്ടി വന്ന് അവനെ തല്ലി.കുട്ടികളുടെ വഴക്ക് ഒഴിവാക്കാൻ അധ്യാപകന് അവനെ ശിക്ഷിക്കേണ്ടി വന്നു.അപ്പോൾ തന്നെ അവൻ ക്ലാസ് വിട്ടിറങ്ങി. വീട്ടിലെത്തി വല്ലാതെ ബഹളം വെച്ചു.ഇനി പഠിക്കുന്നില്ല എന്ന് പറഞ്ഞു ഉടുപ്പും പുസ്തകവും കത്തിക്കാനൊരുങ്ങി. ഒരുവിധത്തിൽ സമാധാനിപ്പിച്ചു നിർത്തിയിട്ടാണ് ഉമ്മ എന്നെ വിളിക്കുന്നത്.ആവശ്യം അവന്റെ ക്ലാസദ്ധ്യാപകനോടും ആക്ഷേപിച്ച കുട്ടിയോടും പ്രിൻസിപ്പാളിനോടും അവന്റെ അവസ്ഥ പറയണം. അവർ അടുത്ത ദിവസം സ്കൂളിൽ വരുന്നുണ്ട്.ഞാൻ ഫോണിൽ ഷംനാദിനോട് സംസാരിച്ചു.അച്ഛനും അമ്മയും അധ്യാപകരും കുട്ടികൾ വികൃതി കാണിക്കുമ്പോൾ ശിക്ഷിക്കില്ലേ.അതിനെന്തിനാണ് വിഷമിക്കുന്നത് എന്ന് ഞാനവനോട് ചോദിച്ചു.ആ..എന്നവൻ മറുപടി പറഞ്ഞു.അവന്റെ ശബ്ദത്തിൽ പേടിയും നിസ്സഹായതയും പരിഭ്രാന്തിയുമൊക്കെ നിറഞ്ഞു നിന്നിരുന്നു.നാളെ അവനെ എന്റെ അടുത്ത് കൊണ്ടു വരണമെന്ന് ഉമ്മയോട് പറഞ്ഞിട്ട് സംഭാഷണം അവസാനിപ്പിച്ചു.
അടുത്ത ദിവസം ഓട്ടോയിൽ നിന്നിറങ്ങുമ്പോഴേ ഉമ്മയെ കണ്ടു.ആക്ഷേപിച്ച കുട്ടിയെ വരുത്തി ക്ലാസ് ടീച്ചറിനെ കാര്യമറിയിച്ചു.ഷംനാദ് സുഖമില്ലാത്ത കുട്ടിയാണെന്ന് ബോധ്യപ്പെടുത്തി.തൽക്കാലം അങ്ങനെ പ്രശ്നം പരിഹരിച്ചു.പിന്നീട് ഷംനാദിന്റെ ക്ലാസധ്യാപകനെ കണ്ടപ്പോൾ അവനെക്കുറിച്ച് വിശദമായി സംസാരിച്ചു.അവനെ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളാമെന്നദ്ദേഹം ഉറപ്പ് നൽകി.
ഭാവിയിലും ഷംനാദിനെ പ്രകോപിപ്പിച്ചേക്കാവുന്ന  സംഭവങ്ങളുണ്ടായേക്കാം.അപ്പോഴെല്ലാം ഉമ്മക്കോ എനിക്കോ അധ്യാപകർക്കോ അവന് തുണയായി മാറാൻ കഴിഞ്ഞെന്നു വരില്ല.അതുകൊണ്ട് എല്ലാവർക്കും അവസാനത്തെ തുണയായി മാറുന്ന ദൈവത്തിന്റെ കൈകളിൽ ഞങ്ങളവനെ ഏൽ‌പ്പിക്കുന്നു.അവന്റെ മനസ്സിന്റെ താളം തെറ്റാതെ അദ്ദേഹം കാത്തുകൊള്ളും.

Saturday, October 2, 2010

പുരാവൃത്തം

ദൈവത്തിന്റെ കണക്കിൽ തീർക്കാം
പകയുടെ വെറിയും ഭ്രാന്തും ചൂടും.
ഒന്നല്ലിവിടെ പലതാം ദൈവം
എന്നുടെ ദൈവം മാത്രം സത്യം.
അറിയാത്തവനുടെ നേരേയെറിയാം
വാക്കുകൾ കല്ലുകൾ ബോംബുകളെല്ലാം
താഴികക്കുടമൊന്നായ് പണിയാം
തകർത്തു തരിപ്പണമാക്കാൻ വീണ്ടും.
പുരാവൃത്തങ്ങൾ ചൊല്ലും ജന്മം
പതിനായിരത്തിലുമേറെക്കാലം
നൂറു തികയ്ക്കാനിവിടെപ്പലരും
പാഞ്ഞു നടക്കുന്നേരമതാർത്തി
പെരുകിപ്പകയും കൂടിപ്പാവം
മർത്ത്യനു കണ്ണില്ലാതായ്
രാമനെവിടെ മുഹമ്മദെവിടെ
ദൈവപുത്രനുമെങ്ങോ പോയി.
കഷ്ടമിവിടെ ശിഷ്ടകാലം
കഷ്ടിയായിക്കഴിച്ചു കൂട്ടാൻ