Saturday, January 16, 2016

ചൊവ്വാദോഷം

ചുട്ടുപൊള്ളുന്നൊരു പാപഗ്രഹമായ്
വലംവെയ്ക്കും ചൊവ്വേശ
നിൻ നിഴലിലറിയാതെ പെട്ടുപോകും
പെൺകിടാങ്ങൾ തൻ സ്വപ്നങ്ങൾ
കോർത്തിട്ട താലിച്ചരടറുത്തെടുക്കാൻ
ഉഗ്രകോപത്താൽ ചുവക്കും മുഖം തിരിച്ചിനി നോക്കേണ്ട.
പെൺകിടാങ്ങളല്ലിനി നിന്റെ പാപത്തിന്നവകാശികൾ.

നിറയുമാഹ്ലാദത്താൽ തുടികൊട്ടും മനവുമായ്
നിന്നരികിലുമെത്തി നില്‍ക്കുന്നൂ ഞങ്ങൾ.
പാപഗ്രഹത്തിൻ പൊടിപടലങ്ങൾക്കിടയിലും
തലനീട്ടിയേക്കാം ജീവൻ തുടിക്കുമൊരു പുൽനാമ്പ്.
വരണ്ടുപോയ ചൊവ്വയുടെ മണ്ണിലിനിയിറങ്ങും
കണ്ണീരുകൊണ്ട് നനച്ചു ജീവന്റെ പച്ചവിരിപ്പിടാൻ;
മക്കളെ പെറ്റുകൂട്ടി മാനുഷ്യകം നിറയ്ക്കാൻ.

ഭ്രാന്തമായ് കാടുകേറും മനമേയടങ്ങുക.
ഇരിക്കും കൊമ്പുമുറിക്കുമഹന്തയെപ്പൊഴേ
പിഴുതെറിഞ്ഞിരിക്കാമപ്പുൽക്കൊടി.
ഞെട്ടിവിറച്ചോതുകയാണോ ചൊവ്വേശനിപ്പോൾ
“മാപ്പുതന്നാലുമിനിയറിയാതെപോലുമെൻ
നിഴൽ പതിക്കാനിടവരില്ല മണ്ണിൽ മർത്യ;
വെറുതെ വിട്ടുപോമെന്നരികിലെത്താതെ.”

എന്തു ഞങ്ങടെ പൂർവികരവിടെ വാണിരുന്നുവെന്നോ!
അന്നവർ ചെയ്ത പാതകങ്ങളെണ്ണമറ്റതെന്നോ!

കരളലിവില്ലാതെ മലയിടിച്ച്,കാടുമുടിച്ച്‌,
കടല് കുടിച്ചു കരാളനൃത്തമാടിയെന്നോ!
അന്നു പടിയടച്ചു പുറന്തള്ളിയെന്നോ!
അന്നുവീണ മണ്ണിലിന്നും വിതയ്ക്കുന്നൂ
പാപത്തിൻ കൊടിയ വിഷവിത്ത് മർത്യൻ.
നൂറായിരംമേനി വിളവെടുക്കുന്നത് വീണ്ടും വീണ്ടും.
ചുവന്ന ഗോളത്തിൽ മംഗൾയാനിറക്കിയാലും
കാൽക്കീഴിൽ കേഴും മണ്ണിനെയറിയാതെന്ത്‌ മർത്യാ?


(സ്ത്രീശബ്ദത്തില്‍ പ്രസിദ്ധീകരിച്ചത്.)