Monday, March 14, 2011

സമത്വം

ഇന്നലെ മധ്യാന്ഹത്തിൽ
ഞങ്ങളുടെ ഹൃദയത്തിൻ മേൽ
എൻഡോ സൾഫാൻ പെയ്തിറങ്ങി.
ഫ്യൂരിഡാനും എക്കാലക്സും റൌണ്ടപും
പിന്നാലെയിറങ്ങി.
മഴയിൽക്കുളിച്ച് മയങ്ങും
ശീലാവതി കൺ തുറന്നില്ലിനിയും.
നാലാം വയസ്സിൽ
വാർദ്ധക്യപ്പുഴയിലിറങ്ങി-
ക്കയറാനാവാതെ.
കാണ്ടാമൃഗത്തിൻ തൊലിയുള്ളവർക്ക്
കണ്ടറക്കാൻ വരണ്ടു വിണ്ടു കീറി.
വാർദ്ധക്യത്തിൻ കൈത്താങ്ങിൽ
പൊങ്ങാനാവാഞ്ഞിഴഞ്ഞ്.
ബാല്യവും കൌമാരവും
കാലുകളിൽ പിരിച്ചിട്ട്.
പുല്പായയിൽ മലർന്ന് കിടന്ന്
മച്ചും നോക്കിച്ചിരിച്ച്.
വെച്ചൂട്ടും വാർദ്ധക്യത്തിൻ മുന്നിൽ
വാപിളർത്തും നാല്പതിൻ ശൈശവത്തിൽ.
പഴുത്ത നാവുമായൊരു പുഴുത്ത
ശാപവാക്കറിഞ്ഞോതാനാവാഞ്ഞ്.
മലർന്നു കിടന്നൊറ്റപ്പാദസരം കിലുക്കി.
എനിക്കെന്തേ വിരലുകൾ മൂന്നെന്ന്
വിരൽ ചൂണ്ടി ചോദിക്കാനാവാഞ്ഞ്.
ആർക്കോ പെരുത്ത ലാഭക്കൊതി
വീർപ്പിച്ച തലയുമായുടൽ
കൊണ്ട് തീർക്കും വട്ടത്തിൽ കറങ്ങി.
കൺ തുറക്കാനാവാതെ പിളർന്ന വായിൽ
തിരുകിക്കേറ്റിയ കരച്ചിലിൽ.
പേടിയാണ് വെളിച്ചത്തെയെന്നോതി-
യൊറ്റക്കൈയാൽ മുഖം മറച്ച്.
മരണക്കുറിയുടെയൂഴവും കാത്ത്.
ഒരു വീട്ടിലൊരു നാട്ടിൽ
എല്ലാരുമൊന്നുപോൽ
വികലാംഗരായി വാഴുന്നങ്ങു
വടക്കൊരു കോണിൽ.
വാഴുന്നോർ നൽകീ
കനിഞ്ഞവിടെ സമത്വം.
പണ്ടു പണ്ടൊരു കാലത്തല്ലെ-
ന്നെന്നുടെ കണ്ണുകൾ
കള്ളം പറയുകയാണോ!

Sunday, March 6, 2011

എന്റെ സൂര്യൻ

കുഞ്ഞിക്കണ്ണു മിഴിച്ചജ്ഞാതം
മന്നിലിറങ്ങും കുഞ്ഞു നക്ഷത്രങ്ങൾ.
അമരത്വത്തിന്നമൃതാമക്ഷരങ്ങൾ
പാനംചെയ്യാനെത്തും വിദ്യാലയം.
ആവേശോജ്ജ്വലമാം ചരിത്രം
കുറിച്ചൊരു നാടിന്നഭിമാനമായ്;
പൂർവികർ തൻ ചെഞ്ചോരയിലു-
യിർക്കൊണ്ടായിരങ്ങൾക്കുള്ളിൽ
തിരിനാളംകൊളുത്തുമാദിത്യനായ്.
കാവുമ്പായി തൻ വിരിമാറിൽ വിലസു-
മെന്നാദ്യവിദ്ദ്യാലയമന്നെരിച്ചു
തന്നൊരഗ്നിയാത്മാവിൽ ജ്വലിപ്പി-
ച്ചിന്നു ഞാൻ പടരട്ടെ വിജിഗീഷുവായ്…!
ലോകമെൻ വിരൽത്തുമ്പിലേറ്റട്ടെ..!