Sunday, September 20, 2009

ആത്മാവിലുണരുന്ന മാധവിക്കുട്ടി

                            ഹൃദയത്തിന്റെ ഭാഷ സ്നേഹമാണ്.മരണം വരെ ആ ഭാഷയിൽ മാത്രം സംസാരിച്ച ആളാണ് മാധവിക്കുട്ടി. സ്നേഹിക്കുക എന്നത് കൊലപാതകം ചെയ്യുന്നതിനേക്കാൾ ഭീകരമാണെന്ന് വിശ്വസിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ടു തന്നെ കൈയിൽ കിട്ടിയതെല്ലാമെടുത്ത് നമ്മളവരെ എറിഞ്ഞു. അധിക്ഷേപിച്ചു.


മറ്റൊരു വികാരത്തെയും തൊട്ടുരുമ്മിക്കൊണ്ടല്ല സ്നേഹം നിൽക്കുന്നത്.അത്  കലർപ്പില്ലാത്ത, കൂട്ടുകെട്ടില്ലാത്ത, ഏകാന്തമായ ഒന്നാണ്,അതിന് ഒരു പാഠവും പഠിക്കേണ്ടതില്ല. ഒരു പാഠവും പഠിക്കാൻ കൂട്ടാക്കാത്ത ഈ സ്നേഹത്തിനു വേണ്ടിയാണവർ കൊതിച്ചത്.അതുകൊണ്ടാണ് സമൂഹത്തിന്റെ കപട സദാചാരത്തിന് അവരെ ഒരു പാഠവും പഠിപ്പിക്കാൻ കഴിയാഞ്ഞത്.



സ്നേഹം സുന്ദരമാണ്.സത്യമാണ്.തപസ്സാണ്.ഒരു ഹൃദയം മറ്റൊരു ഹൃദയത്തിലലിഞ്ഞു ചേരുമ്പോൾ മാത്രമേ സ്നേഹ-മുണ്ടാകൂ. സ്നേഹമൊരിക്കലും അശ്ലീലമാകുന്നില്ല.ഈ സ്നേഹത്തെക്കുറിച്ചാണ് അവർ വീണ്ടും വീണ്ടും പറഞ്ഞത്.


ചുറ്റുപാടുമുള്ള എല്ലാറ്റിനെയും മറന്ന് പശ്ചാത്തലമില്ലാതെ നിൽക്കുന്ന സ്നേഹം .ഇങ്ങനെ സ്നേഹിക്കാൻ പുരുഷനാവില്ല.
കാരണം സ്നേഹത്തിനു വേണ്ടി ഒന്നും നഷ്ടപ്പെടുത്താൻ പുരുഷൻ തയ്യാറല്ല.പെട്ടെന്നു തന്നെ പിൻവാങ്ങി സാഹചര്യങ്ങളോട് പൊരുത്തപ്പെടുമവൻ.കൈവശം വെക്കാനാഗ്രഹിക്കുന്ന വെറുമൊരിഷ്ടത്തിനപ്പുറം മിക്കവരും പോകില്ല. ആത്മാർത്ഥതയില്ലാത്ത ഈ വികാരമാണ് അശ്ലീലമായിത്തോന്നുന്നത്.അതുകൊണ്ടാണ് പുരുഷനെ സ്നേഹിക്കുന്നത് കുഴപ്പംപിടിച്ച ഏർപ്പാടാണെന്ന് പറയേണ്ടി വരുന്നത്.


സ്നേഹം കൊടുക്കുകയും വാങ്ങുകയും ചെയ്യാതെ സ്ത്രീക്കു ജീവിക്കുവാൻ കഴിയില്ല. ഇത് സ്ത്രീയുടെ ഒരു ദൗർബ്ബല്യമാണെന്ന് പറയാം.സ്നേഹിക്കുക എന്ന ഈ ദൗർബ്ബല്യം പ്രകൃതി സ്ത്രീക്ക് അറിഞ്ഞു തന്നെ നൽകിയതാണ്.സ്ത്രീയുടെ ഈ ദൗർബ്ബല്യം കാരണമാണ് ഭൂമിയിൽ ജീവൻ നിലനിൽക്കുന്നത്. അവൾക്ക് പക്ഷേ, സ്നേഹം മിക്കവാറും കുടുംബത്തിനകത്ത് കിട്ടാറില്ല കുടുംബജീവിതത്തിൽ സന്തോഷത്തിന് രുചിയും കഴിഞ്ഞു കൂടാനുള്ള പണവും കാമസംതൃപ്തിയും മതി.സ്നേഹമെന്ന സുന്ദരവികാരം അനാവശ്യമാണ്.


സ്നേഹത്തിന് കൊതിക്കുന്ന സ്ത്രീക്ക് തന്നെ സ്ത്രീയാക്കുവാൻ ത്രാണിയുള്ളപുരുഷനെ ആവശ്യമാണ്.തന്റെ തീവ്ര പ്രണയം ഉൾക്കൊള്ളാനും തിരിച്ചുനൽകാനും കഴിയുന്ന പൂർണ പുരുഷനെ അവൾ തേടിക്കൊണ്ടേയിരിക്കും. സ്നേഹം കിട്ടാതെ മാനസികമായി തകർന്ന പാവം സ്ത്രീകൾ അപ്പോഴാണ് തന്റെ പൂർണ്ണ പുരുഷനെ കൃഷ്ണനിൽ കാണാൻ ശ്രമിക്കുന്നത്.മീരയും രാധയുമൊക്കെയായി മാറുന്നത്.കുറെക്കൂടി ധൈര്യമുള്ളവർ ശരീരത്തിലെല്ലാവരേയും സ്വീകരിച്ച് മനസ്സിൽ നിന്നെല്ലാവരേയുമിറക്കി വിടുന്നു. സ്നേഹം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ഒരു സ്ത്രീക്ക് ഇത്തരത്തിലൊരു തലത്തിലെത്താൻ കഴിയില്ല.



ഒരു സ്ത്രീ തന്റെ ആദ്യ പുരുഷനെ ഉപേക്ഷിച്ച് മറ്റൊരു പുരുഷന്റെ കിടക്കയിലേക്കു നടക്കുമ്പോൾ അത് ഉപഹാസ്യമോ, അസാന്മാർഗ്ഗികമോ അല്ല.ദാരുണമാണ്.അവൾ അപമാനിക്കപ്പെട്ടവളാണ്.മുറിവേറ്റവളാണ്.അവൾക്ക് ശമനം ആവശ്യമാണ് എന്ന് തുറന്നു പറയുമ്പോൾ വിറളിയെടുത്തിട്ട് കാര്യമില്ല.എത്ര കണ്ട് തിരസ്കരിക്കപ്പെട്ടാലും ഭർത്താവിനെ മാത്രം എപ്പോഴും സ്നേഹിക്കുക എന്നതിന് ശീലാവതിയുടെ പാതിവ്രത്യ സങ്കൽപം പോലൊരു വിശ്വാസത്തിന്റെ പിൻബലം വേണം. മാധവിക്കുട്ടിയെപ്പോലെ ഉച്ഛൃംഖലമായ മനസ്സുളള ഒരു പ്രതിഭക്ക് ഇത്തരത്തിലൊരു വിശ്വാസത്തിൽ കടിച്ചുതൂങ്ങി നിൽക്കാനാവില്ല.



മാംസനിബദ്ധമല്ലാത്ത രാഗം ഒരു സങ്കൽപം മാത്രമാണെന്ന് അവർ വിശ്വസിക്കുന്നു.ശരീരം ആത്മീയതയിലേക്കു സഞ്ചരിക്കാനുള്ള ഒരു കടത്തുവഞ്ചിയായിട്ടാണവർ കണക്കാക്കുന്നത്.ഒരിക്കൽ ചാമ്പലാവുകയോ പുഴുക്കളുടെ ഭക്ഷണമായിത്തീരുകയോ ചെയ്യാൻ പോവുന്ന ഈ ശരീരത്തിന്റെ മാനം അത്ര വില പിടിച്ചതാണോ എന്നൊരു ചോദ്യവും മാധവിക്കുട്ടി ഉന്നയിക്കുന്നു.സ്ത്രീയുടെ ശരീരത്തിനു മാത്രമേ ഈ മാനമാവശ്യമുള്ളൂ. മനസ്സിന്റെ മാനം അഥവാ അഭിമാനം അതിനിവിടെ ഒരു സ്ഥാനവുമില്ല.


വിവാഹം ചെയ്ത പുരുഷനുമായി മാത്രം ലൈംഗിക ബന്ധം പുലർത്തുക എന്നതാണ് സ്ത്രീയുടെ ശരീരത്തിന്റെ മാനം. അത് തീരുമാനിച്ചത് പുരുഷന് പ്രാമുഖ്യമുള്ള സാമൂഹ്യ വ്യവസ്ഥയാണ്.പുരുഷന് ഇത് ബാധകമല്ല താനും.സ്ത്രീയുടെ ശരീരത്തിന്റെ മാനം പുരുഷൻ ഉറപ്പിക്കുന്നത് കുടുംബത്തിന്മേലുള്ള അവകാശം ഉറപ്പിക്കാനാണ് .സ്വന്തം നിലനിൽപിനു വേണ്ടിത്തന്നെ.


സ്നേഹത്തിലേക്കുള്ള ടിക്കറ്റായി സൗന്ദര്യത്തെ കണ്ടു കമല. ശരീരത്തിന്റെ ആഘോഷം ഒരു പാപമായി അവർ കണക്കാക്കുന്നില്ല. ശരീരത്തിന്റെ ആഘോഷത്തിൽ വിശ്വസിക്കുമ്പോഴും ചില്ലറ സുഖങ്ങൾക്കുവേണ്ടി അന്യോന്യം ഉപയോഗപ്പെടുത്തി എന്ന് പരിതപി ക്കുന്നു.സുന്ദരമായ എന്തിനോടും പ്രണയം തോന്നുന്ന മനസ്.അത് പ്രേ മം നിറഞ്ഞൊഴുകുന്ന പൂർണ്ണകുംഭമാണ്.ആ പൂർണ്ണകുംഭത്തെ കൈ കാ ര്യം ചെയ്യാനറിയാത്ത സാധാരണക്കാരനായ ഭർത്താവ്.കാമവും അ ശ്രദ്ധയും കൊണ്ട് എന്റെ ഹൃദയത്തെ താറുമാറാക്കിയിരിക്കുന്നു എന്നു പറയുമ്പോൾ പ്രണയം കൊതിക്കുന്ന ഒരു മനസ്സിനെയാണ് കാണാൻ കഴിയുന്നത്.




സ്നേഹത്തിനു വേണ്ടി എന്തും ഉപേക്ഷിക്കാൻ മാധവിക്കുട്ടി തയ്യാറായിരുന്നു.അറുപത്തഞ്ച് വയസ്സിനു ശേഷവും 'താൻ പ്രണയി ക്കുന്നു'എന്ന് പ്രഖ്യാപിക്കാനുള്ള ധൈര്യം കാണിച്ചവൾ. സമൂഹം,പദവി,പ്രായം,അപമാനഭീതി ഇതൊന്നും തന്റെ പ്രണയത്തിന് ഒരു തടസ്സ മായി അവർ കണ്ടില്ല. വേണമെങ്കിലവർക്ക് തന്റെ പ്രണയം സമൂഹത്തിനു മുമ്പിൽ തുറന്നു കാണിക്കാതിരിക്കാം.സ്വന്തം ഹൃദയത്തോട് നൂറു ശത്മാനം നീതി പാലിച്ചു കൊണ്ട്, ഒരു എഴുത്തുകാരിക്കു കഴിയുന്ന ആർജ്ജവത്തോടെ അവർ പ്രഖ്യാപിച്ചു.'താൻ പ്രണയിക്കുന്നു'.




നമ്മൾ സ്നേഹമാണെന്നു വിചാരിക്കുന്ന വികാരമെടുത്ത് പരിശോധിച്ചാൽ അതിന്റെ പിന്നിൽ എന്തെങ്കിലുമൊരു ആവശ്യബോധമുണ്ടാകും.അത് സാധാരണക്കാരുടെ സ്നേഹം.അത്തരത്തിലൊരു സ്നേഹമല്ല മാധവിക്കുട്ടി കൊതിച്ചത്.സ്നേഹം അവർക്ക് ജീവൻ നിലനിർത്താനുള്ള അവശ്യവസ്തുവാണ്.അവിടെ എന്തു നഷ്ടപ്പെടുന്നു എന്നത് ഒരു വിഷയമേയല്ല.




സ്ത്രീക്കു ലഭിക്കാതിരുന്ന കുറെ അവകാശങ്ങൾ നേടിയെടു ക്കുകയാണവർ ചെയ്യുന്നത്.സ്ത്രീയോ പുരുഷനോ എന്നതല്ല കാര്യം. പ്രണയം അവനവന്റെ മനസ്സിന്റെ ആവശ്യവും അവകാശവുമാണ്,ഞാനെപ്പോൾ,ആരെ സ്നേഹിക്കണമെന്നത് എന്റെ മനസ്സാണ് തീരു മാനിക്കേണ്ടത്.മറ്റുള്ളവരല്ല. ഈ അവകാശത്തിന്റെ കടയ്ക്കലാണ് പലപ്പോഴും സമൂഹം കത്തി വെക്കുന്നത്.


വ്യക്തിയുടെ ഹൃദയവികാരങ്ങളെ സമൂഹം അതേപടി സ്വീകരിക്കില്ല.പ്രത്യേകിച്ച് സ്ത്രീയുടെ.സമൂഹത്തിന് സ്ത്രീയുടെ ത്യാഗം ആവശ്യമാണ്. അല്ലെങ്കിൽ സമൂഹത്തിന് നിലനില്പില്ല. അതു കൊണ്ട് സ്ത്രീയുടെ പ്രണയം ഒരു പാപമായി കണക്കാക്കുന്നു. പല്ലും നഖവും ഉപയോഗിച്ച് അതിനെ അടിച്ചമർത്തുന്നു. ഇത്തരം സമ്മർദ്ദങ്ങൾക്കടിപ്പെട്ട് ബാക്കിയുള്ള കാലം ജീവിക്കാൻ സ്ത്രീ നിർബ്ബന്ധിക്കപ്പെടുന്നു.അതിൽനിന്നും രക്ഷപ്പെടാൻ അവൾക്കു കഴിയാറില്ല.



പക്ഷേ,സ്വതന്ത്രമായി ചിന്തിക്കുന്ന വ്യക്തിത്വങ്ങളെ ഒതു ക്കാൻ ഒരു സമൂഹത്തിനും കഴിയില്ല.ആദർശശാലിയായ അച്ഛന്റെ കടുത്ത നിയന്ത്രണങ്ങൾക്കുപോലും വഴങ്ങാത്ത ഭാവനയും സൗന്ദര്യ സങ്കൽപങ്ങളുമുള്ള കമലയെ ഒതുക്കാൻ സമൂഹത്തിന്റെ ചട്ടക്കൂടിനാവില്ല.



സ്നേഹത്തിന്റെ പരിശുദ്ധിയിലവർ വിശ്വസിക്കുന്നുണ്ട്.പക്ഷേ,അത് സമൂഹത്തിന്റെ നിർവ്വചനത്തിലൊതുങ്ങില്ല.എന്റെ ഭർത്താവിന്റെ ആശ്ലേഷത്തിൽ ഞാൻ വീണ്ടും വ്യഭിചാരിണിയായി. ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി കീഴടങ്ങുന്നവൾ  ഞാൻ എല്ലാറ്റിനുമുപരിയായി സ്നേഹിക്കുന്ന നിന്റെ കൈകൾക്കുള്ളിൽ ഞാനെന്നും നിർമ്മലയായിരുന്നു.നിന്റെ ശരീരത്തിന്റെ അതിർത്തി കൾക്കപ്പുറത്ത് പൊള്ളയായും അനന്തമായും നീണ്ടു കിടക്കുന്ന ഒരു ലോകത്തെ എനിക്കു കാണണമെന്നുണ്ടായിരുന്നു. സ്നേഹത്തിൽപ്പെട്ടു കഴിഞ്ഞ സ്ത്രീയിൽ നിന്ന് അവളുടെ പൂർവ്വകാലം ഛേദിക്കപ്പെട്ടിരിക്കും.പരിശുദ്ധമായ സ്നേഹത്തിന്റെ ഉദാത്ത സങ്കൽപ്പമാണിത്.ഇഷ്ടവും പ്രണയവുമില്ലാതെ ഭർത്താവായിപ്പോയതുകൊണ്ടു മാത്രം കീഴട ങ്ങേണ്ടി വരുന്നതിലുള്ള വെറുപ്പു നിറഞ്ഞ നിസ്സഹായാവസ്ഥ. പുരുഷൻ ഇത്തരത്തിലൊരവസ്ഥയിലെത്തിയാൽ ആ ജീവിതമവൻ പൊട്ടിച്ചെറിയും.പക്ഷേ പെണ്ണിനു വയ്യ. ജീവിത കാലം മുഴുവൻ വീർപ്പുമുട്ടി കഴിയണം.



ചലവും ശുക്ലവും മദ്യവും കൂട്ടിച്ചേർത്തുണ്ടാക്കിയ ഒരു രാസവസ്തുവാണ് അയാളുടെ സ്നേഹം.അതിൽ നിന്നു
മാത്രമേ അവൾക്കു രക്ഷപ്പെടേണ്ടതുള്ളൂ.ഉച്ഛിഷ്ടം ഭക്ഷിക്കുന്നതുപോലെ ,ഉച്ഛിഷ്ടം വീണ്ടും വീണ്ടും ഭക്ഷിക്കുന്നതുപോലെ ഞാനെന്റെ ഭാര്യാധർമ്മം അനുഷ്ടിച്ചു.ജുഗുപ്സയിൽക്കവിഞ്ഞ മറ്റൊരു വികാരവും ഇവിടെ സ്ത്രീ അനുഭവിക്കുന്നില്ല. തന്റെ ശരീരത്തിൽ അവൾക്ക് ഒരവകാശവും ഇല്ല.അതു പുരുഷന് തീറെഴുതിക്കൊടുത്തതാണ്. ലൈംഗിക വിഷയങ്ങൾ സംസാരിക്കാൻ സ്ത്രീക്കധികാരമില്ല. പുരുഷന്റെ ഏതിഷ്ടത്തെയും നിറവേറ്റിക്കൊടുക്കേണ്ടവൾ. ലൈംഗിക കാര്യങ്ങളിൽ അവൾക്ക് സ്വന്തമായി ഇഷ്ടാനിഷ്ടങ്ങൾ പാടില്ല.ഈ നിയമത്തെയാണ്
മാധവിക്കുട്ടി പൊളിച്ചഴുതിയത്.




പഴയ സ്ത്രീക്ക് പ്രണയിക്കാൻ സമയവും സൗകര്യവും ധൈര്യവും കുറവായിരുന്നു .ചെറുപ്പത്തിലേയുളള വിവാഹം, ഒരുപാടു പ്രസവങ്ങൾ, കുട്ടികൾ,സാമ്പത്തികാടിമത്തം, പഠിപ്പിക്കാതിരിക്കൽ ഇതൊക്കെയാണ് കാരണങ്ങൾ. പന്ത്രണ്ടുവയസ്സ് കഴിയുമ്പോഴേക്കും വിവാഹം ചെയ്തയക്കപ്പടുന്ന   പെൺകുട്ടികൾക്ക് അതിനിടയിൽ
പഠനം ചിലപ്പോൾ കിട്ടിയെങ്കിലായി. പിന്നെ തുടർപ്രസവങ്ങൾ, .കുട്ടികളെ പരിപാലിക്കൽ,ഭർത്താവിനെയും വീട്ടുകാരെയും
ശുശ്രൂഷിക്കൽ, വീട്ടുജോലികൾ.തീരെ വയ്യാതാകുന്നതുവരെ ഇങ്ങനെ ജീവിച്ചുപോകും.ഇതിനിടയിൽ ഒരു നിമിഷം പോലും തന്റേതായിട്ടുണ്ടാവില്ല. ഈ ദുരിതങ്ങളൊക്കെ അനുഭവിച്ചു തീർക്കുന്നതിനിടയിൽ സ്വപ്നങ്ങളെല്ലാം മാഞ്ഞുപോയിട്ടുണ്ടാകും ചിന്തിക്കാനുള്ള കഴിവും നഷ്ടപ്പെട്ടിരിക്കും .പിന്നെ വിധിവിശ്വാസികളായി കിട്ടിയ ജീവിതം ജീവിച്ചുതീർക്കും . പ്രണയവും കവിതയും ഇതിനിടയിൽ എത്തി നോക്കാൻ
കൂടി ധൈര്യപ്പെടില്ല.




ഈ കാലഘട്ടത്തിലാണ് കമല സ്വപ്നം കാണാൻ തുടങ്ങിയത്.ക്രാന്തദർശിയായ കവിയായി മാറി ഇന്നത്തെ കാലഘട്ടം എഴുത്തി ലാവിഷ്കരിച്ചത്. ഏതു കാലത്തെയും സ്ത്രീയുടെ സ്വപ്നങ്ങളും മോഹ ങ്ങളും മോഹഭംഗങ്ങളും അവർ വരച്ചു കാണിച്ചു. സ്നേഹത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നടന്നു കയറാനുള്ള വഴി തെളിച്ചുകൊടുത്തു.




മാധവിക്കുട്ടി ഒരു ഫെമിനിസ്റ്റായിരുന്നില്ല.പക്ഷേ,ഫെമിനിസ്റ്റുക ൾക്ക് ചെയ്യാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ അവർ ചെയ്തു. പ്രണയത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും സ്ത്രീ ഉറക്കെ ചിന്തിച്ചാൽ പാരമ്പര്യവും സന്മാർഗ്ഗവും തകർന്നുപോവും.സ്ത്രീ അതൊക്കെ സംരക്ഷിക്കേണ്ടവളാണ്.അതിനുവേണ്ടി തന്റെ സ്വത്വത്തെ അവൾ നിഷേധിക്കണം.ഈ അവസ്ഥയിൽ നിന്നു വല്ല മാറ്റവുമുണ്ടായിട്ടുണ്ടെങ്കിൽ അതിനു പ്രധാന പങ്ക് വഹിച്ചിട്ടുള്ളത് മാധവിക്കുട്ടിയാണ്.അതിന് ഒരുപാട് തെറി കേൾക്കേണ്ടി വന്നു.പിന്നെ ഏതു മാറ്റത്തിനും   ആരെങ്കിലും ത്യാഗം സഹിച്ചല്ലേ പറ്റൂ.




പരസ്പരം സ്നേഹിക്കുക എന്നത് നിലനില്പിന് ആവശ്യമാണ് സ്നേഹിക്കാൻ കൂടുതൽ കഴിവുള്ള സ്ത്രീയെ അടിച്ചമർത്തുകയും അവ ഗണിക്കുകയും ചെയ്യുന്ന സമൂഹത്തിന് നിലനില്പുണ്ടാവില്ല.സ്ത്രീ പുരു ഷന്റെ വൈകൃതങ്ങളെ മാത്രമാണ് വെറുക്കുന്നത്.പുരുഷനെ സ്നേഹിക്കാ തിരിക്കാൻ അവൾക്കൊരിക്കലുമാവില്ല അവൾക്കു പൂർണ്ണത ലഭിക്കണ മെങ്കിൽ പുരുഷൻ കൂടെയുണ്ടാവണം.അവളുടെ സ്നേഹമാണ് അവനെ പുരുഷനാക്കുന്നതും സുന്ദരനാക്കുന്നതും.



ഇന്നത്തെ പെൺകുട്ടികൾക്ക് ആൺകുട്ടികൾക്കൊപ്പം എല്ലാ അവസരങ്ങളും കിട്ടുന്നുണ്ട്.പഴയ സ്ത്രീകളപ്പോലെ എല്ലാം സഹിച്ച് ജീവിക്കാൻ അവർ തയ്യാറല്ല.ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നേരിടാനും തരണം ചെയ്യാനുമുള്ള ധൈര്യവും തന്റേടവും അവരാർജ്ജിച്ചു കഴിഞ്ഞു.അതുകൊണ്ട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു പങ്കാളിയാണ് അവൾക്കാവശ്യം. അങ്ങനെയാവാൻ
സ്നേഹമുള്ള പുരുഷനു കഴിയും.




ഒരു ജീവിതകാലം മുഴുവൻ അഭൗമ പ്രണയത്തിനു കൊ തിച്ച്; ഭൂമിയിലതു ലഭിക്കാതെ;മറ്റൊരു ലോകത്തേക്ക് പ്രണയം തേടി ത്തേടി പറന്ന് പറന്നു പോയ പ്രിയ മാധവിക്കുട്ടീ,അങ്ങയിൽ ഞാൻ കണ്ടത് എന്നെത്തന്നെയാണല്ലോ.  അങ്ങുപേക്ഷിച്ച
 ഈ ലോകത്ത് ഞാനെന്റെ സ്നേഹത്തെ തേടിത്തേടി
മറ്റൊരു ലോകം കാണാതുഴറുകയാണല്ല.

Monday, September 7, 2009

അലിഞ്ഞുപോയ നിലവിളി


ഒരിളം ചുണ്ടിനും
സ്തന്യമേകാ
മാറിലുയര്‍ന്നൂ.   
വന്യമാം നിലവിളി.
ലാഭനഷ്ടക്കണക്കിലൂരം
ഗർഭപാത്രങ്ങള്‍ ‍.
അതിന്‍ കണ്ണീരൊരു പുഴ.
കണ്ണീർപ്പുഴയന്തിച്ചുകപ്പായി .
ചക്രവാളത്തില്‍
ർണ്ണരേണുക്കളായി  
തുടുക്കും  പൂക്കളായി.
മുഗ്ദ്ധമീപ്പൂക്കളിലുമ്മ വെച്ച് .
അലിയിക്കാം  നിലവിളി.


ഗർഭപാത്രങ്ങൾ
നിറവും വലിപ്പവും
ആവശ്യത്തിന്‌.
അടവെച്ച്‌ വിരിയിക്കാം.
വിലപേശുന്നവർ
ഭാഗ്യവാന്മാർ.
ലാഭമവർക്കുള്ളത്‌.
തെരഞ്ഞെടുക്കാമേതും.


ജീവരക്തമൂട്ടി,
പ്രാണന്റെയംശമാക്കി.
 വയറു പിളർത്തിയിറക്കി വെച്ച്‌,
വെറും പാത്രവുമായ്‌ പിന്തിരിയാം.
ഉള്ളിലുയരും നിലവിളി
നോട്ടുകെട്ടുകൾ തന്‍
പടപടപ്പിലലിയിക്കാം.


വാൽസല്യത്തിന്നിളം ചൂടില്‍
അമ്മിഞ്ഞപ്പാലിനായി
വരണ്ട ചുണ്ടിലുയരും നിലവിളി
ശാസ്ത്രവും വാണിജ്യവും
കൈകോർത്തമ്മാനമാടിയാര്‍ക്കും
ജയഭേരിയിൽ നേർത്തു
നേർത്തലിഞ്ഞുപോയ്‌.

ഗര്‍ഭപാത്രം വാടകക്കെടുത്ത വിദേശികളായ ദമ്പതിമാര്‍ കുഞ്ഞു പിറക്കുന്നതിനു മുമ്പേ കലഹിച്ചു പിരിഞ്ഞു.പ്രസവിച്ചപ്പോള്‍ കാശു വാങ്ങി അമ്മയും സ്ഥലം വിട്ടു.അമ്മിഞ്ഞപ്പാല്‍ കിട്ടാതെ ചുണ്ട് വരണ്ട് കരയുന്ന അത്തരം കുഞ്ഞുങ്ങള്‍ക്കായി  കവിത സമര്‍പ്പിക്കുന്നു.