Friday, December 20, 2013

മുള്ളുകള്‍


ഇനിയെന്നെ ഭയപ്പെടുത്താന്‍
കൂര്‍ത്ത മുള്ളുകള്‍ക്കാവില്ല.
മുള്ളില്‍ വീണ് കീറിമുറിയാ
ഞാനൊരിലയാവില്ല.
മുള്ളുകളെക്കുറിച്ചുള്ള ഗവേഷണം
നിര്‍ത്തിയിട്ടേറെ നാളായി.
എഴുതിരിയിട്ട
നിലവിളക്കിന്‍ മുന്നി
ആവണപ്പലകമേൽ  
പൂജയ്ക്കു വെക്കാതെ.
തട്ടിന്‍പുറത്ത്
പാതി പൂര്‍ത്തിയായ,
പൊടി മൂടിയ,
ഗവേഷണ പ്രബന്ധങ്ങളില്‍ 
വാലന്‍പുഴക്കപുളയ്ക്കുന്നു.
മുട്ടുവിന്‍ തുറക്കപ്പെടും
എന്ന ന്യായേന പാപിക
വാതിലില്‍ മുട്ടി വിളിച്ചു.
അവരുടെ കൈകളില്‍ മുള്‍ക്കിരീടം
എന്റെ ശിരസ്സിനത് പാകമല്ലെന്നു
വാതില്‍ കൊട്ടിയടച്ച്
പിന്തിരിഞ്ഞ് കണ്ണാടി നോക്കി
ഉടുപ്പൂരിയെറിഞ്ഞു. 
നഗ്നമേനിയില്‍
മുള്ളുകള്‍ മുളച്ച്
മുനകൂര്‍പ്പിക്കുന്നതും കാത്ത്
ഞാനിരുന്നു.
എന്നിട്ടു വേണമിനി
മുള്ളിനെ മുള്ളുകൊണ്ടെടുക്കാന്‍. 

Wednesday, December 4, 2013

‘കലാതിലക’ത്തിന്റെ സ്ത്രീപക്ഷം


മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (91-36) പ്രസിദ്ധീകരിച്ച  സന്തോഷ്‌ 
ഏച്ചിക്കാനത്തിന്റെ കഥ ‘കലാതിലകം’ വായിച്ചുകഴിഞ്ഞപ്പോൾ 
കുറച്ചുനാളായി അനുഭവിച്ചുകൊണ്ടിരുന്ന പുകച്ചിൽ ഒട്ടൊന്നു ശമിച്ചു. 
നടി ശ്വേതാമേനോന്‍ അപമാനിക്കപ്പെട്ടപ്പോൾ ശ്രീമതി. ബിന്ദു കൃഷ്ണ 
യെപ്പോലുള്ള മഹിളാനേതാക്കളടക്കം പലരും പിഴച്ചവള്‍ക്കുമേൽ 
ആര്‍ക്കും കൈവെക്കാമെന്ന മട്ടിൽ പ്രശ്നം കൈകാര്യംചെയ്യുന്നതു 
കണ്ടപ്പോൾ ദേഷ്യവും സങ്കടവുംകൊണ്ട് പുകഞ്ഞുപോയിരുന്നു.
ശ്വേതാമേനോനെ അപമാനിച്ച പുരുഷനോട് തോന്നിയതിനെക്കാൾ     
ദേഷ്യം തോന്നിയത് അന്ന്‍ അയാളെ ന്യായീകരിച്ചു സംസാരിച്ച മഹിള
യോടായിരുന്നു. ലോകംമുഴുവനും കണ്ട അപമാനവീകരണ ദൃശ്യങ്ങള്‍ക്കു
പരി പീഡനത്തിനു തെളിവ് ചോദിച്ച മഹിളയെ ഒരുതരത്തിലും തിരു
ത്താൻ കഴിയുന്നില്ലല്ലോ എന്ന നിസ്സഹായാവസ്ഥയിൽ വീര്‍പ്പുമുട്ടി.   
മുമ്പ് പി.ജെ. കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി പരാതിപ്പെട്ടപ്പോഴും 
അവർ ഇതേ നിലപാട് തന്നെയായിരുന്നു സ്വീകരിച്ചത്. ‘സൂര്യനെല്ലി 
പെണ്‍കുട്ടി പുതിയ കാര്യങ്ങളൊന്നും പറയുന്നില്ല,കൂടുതൽ തെളിവുമില്ലെന്ന്.’
അവരുദ്ദേശിച്ച തെളിവെന്തായിരിക്കുമെന്ന് അത്ഭുതപ്പെട്ടു. പീഡനത്തിന്റെ 
വീഡിയോ നല്‍കാൻ പെണ്‍കുട്ടിക്കാവില്ലല്ലോ. തന്നെ അയാൾ പീഡിപ്പിച്ചു 
എന്നല്ലാതെ അവളെന്തു പുതിയ കാര്യമാണ് പറയേണ്ടത്? തനിക്ക് നീതി
കിട്ടിയില്ല എന്ന അവളുടെ പരാതി വനരോദനമായി മാറുകയാണല്ലോ.   
അധികാരവും പ്രശസ്തിയുമുള്ള മഹിളാനേതാക്കൾക്ക് കഴിയാത്തത്   
സതിയേച്ചിക്ക് കഴിഞ്ഞതിന്റെ ആശ്വാസം അനുഭവിക്കുകയാണ് ഞാനി
പ്പോൾ.  എനിക്ക് ചെയ്യാന്‍ കഴിയാത്തത് എത്ര അനായാസമായാണ് 
സന്തോഷ്‌ ഏച്ചിക്കാനം ‘കലാതിലകം’എന്ന കഥയിലൂടെ നിര്‍വഹിച്ചി
രിക്കുന്നത്!
പ്രിയ കഥാകാരാ,താങ്കളുടെ പൊൻതൂലികയെ ഹൃദയപൂര്‍വം ഞാനൊന്ന്‍ 
അഭിനന്ദിച്ചോട്ടെ.  
(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായനക്കാരുടെ പ്രതികരണമായി അയക്കാന്‍ 
എഴുതിയത്.)