Friday, August 14, 2009

രക്ഷിക്കാനാവാതെ....

29ജുലായ്‌.ബുധനാഴ്ച്ച വൈകുന്നേരം സ്കൂൾ വിട്ട്‌ എത്തുമ്പോൾ അമ്മയുണ്ട്‌ കാത്തു നിൽക്കുന്നു
എന്നെയല്ല;ഓട്ടോ ഡ്രൈവർ സാജുവിനെ.അയാളാണെങ്കിൽ ഞാൻ വണ്ടിയിൽ കയറുമ്പോൾത്തന്നെ തിരക്കുണ്ടെന്നു പറഞ്ഞ്‌ പറപ്പിച്ചു വിട്ടതാണ്‌.

അമ്മ പറയാനൊരുങ്ങുമ്പോൾത്തന്നെ 'ഒരു രക്ഷയുമില്ല'എന്നയാൾ തീർത്തു പറഞ്ഞു.
‘ഒരു ചേര കിണറിനിട്ട വലയിൽ കുടുങ്ങി. ഒന്നതിനെ ഉന്തി പുറത്താക്കിത്താ ‘അമ്മ വീണ്ടും കെഞ്ചി.

‘ഒരു ജീവകാരുണ്യപ്രവർത്തനമല്ലേ’. ഞാനും പിന്താങ്ങി.

‘തല്ലിക്കൊല്ല്വാ വേണ്ടത്‌’
എന്നു പറഞ്ഞുകൊണ്ടയാൾ വണ്ടിയിൽ നിന്നിറങ്ങി.

വീടിന്റെ പിറകിൽ നിന്നും അയാൾ വരുന്നതു വരെ ഞാൻ വരാന്തയിൽത്തന്നെ നിന്നു.പ്രശ്നത്തിലേക്ക്‌ ഞാനറിയാതെ ഇറങ്ങുകയായിരുന്നു.വലയിൽപ്പെട്ട്‌ പിടയുന്ന പാമ്പിനെ കാണാൻ കഴിയാത്തതുകൊണ്ട്‌ അടുക്കളഭാഗത്തേക്ക്‌ പോയില്ല .
അയാൾ തിരിച്ചു വന്നിട്ട പറഞ്ഞു.“തള്ളിത്താഴെയിട്ടു.വലയിൽ നിന്നൂരാൻ കഴിഞ്ഞില്ല”.
മനസ്സിൽ ചെറിയൊരു വിഷമം തോന്നി.
ഇനിയെന്തു വഴി?

അച്ഛനും അമ്മയും മധുവും(എന്റെ സഹോദരൻ.അവൻ ഒരു ഓപ്പറേഷനെത്തുടർന്ന് വിശ്രമത്തിലാണ്‌.)ഞാനും ഓരോ അഭിപ്രായം പറഞ്ഞു.
'പറശ്ശിനിക്കടവ്‌ പാമ്പു വളർത്തു കേന്ദ്രത്തിലറിയിച്ചാൽ അവർ വന്നു രക്ഷപ്പെടുത്തും.'മധുവിന്റെ വക.
എനിക്കതിൽ ചെറിയൊരു സംശയം തോന്നിയെങ്കിലും അവരുടെ നമ്പർ ഉണ്ടോ? എന്നായി ഞാൻ.
പിന്നെ അവൻ വിചാരിച്ചാൽ എന്തും സാധിക്കും എന്നൊരുറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു.ഒരുപാടു ബന്ധങ്ങളും പിടിപാടുകളും അവനുണ്ടായിരുന്നു.എന്റെ എല്ലാ പ്രശ്നങ്ങളും അവനാണ്‌ പരിഹരിക്കാറുള്ളത്‌.

കാവുമ്പായിൽ തന്നെയുള്ള ഒന്നുരണ്ടുപേരിൽ നിന്നും നമ്പർ കിട്ടുമെന്നവൻ കൂട്ടിച്ചേർത്തപ്പോൾ എന്റെ വിശ്വാസത്തിന്‌ മെല്ലെ ഇളക്കം തട്ടിത്തുടങ്ങി.അവൻ പറഞ്ഞ പേരുകാരൊന്നും സ്ഥലത്തുണ്ടാകാനിടയില്ല.സമയമാണെങ്കിൽ സന്ധ്യയാകാറായി.

പാമ്പിനെ കൈകൊണ്ട്‌ പിടിച്ച്‌ ഊരിയെടുക്കാൻ കഴിയുന്നവരെക്കുറിച്ചായി പിന്നത്തെ ചർച്ച.അങ്ങനെ പിടിക്കുന്നവരും നാട്ടിലുണ്ട്‌.പക്ഷേ അവരും വിളിപ്പുറത്തില്ല.

'ജോബിഷിനെ വിളി.'മധു പറഞ്ഞു.
ജോബിഷ്‌ എനിക്കേറെ പ്രിയപ്പെട്ട സഹപ്രവർത്തകൻ. എന്നെ
പല കാര്യങ്ങളിലും സഹായിച്ചിട്ടുള്ളത് അവനറിയാം. ഇക്കാര്യത്തിലെനിക്ക്‌ ജോബിഷിനെ തീരെ വിശ്വാസമില്ല.

'ജോബിഷിനൊന്നും പറ്റില്ല.ജിമ്മിയാണെങ്കിൽ പിന്നെയും ഒപ്പിക്കാം. പക്ഷേ,ഈ സന്ധ്യയ്ക്ക്‌,മഴയത്ത്‌, വരില്ല.'ഞാൻ പറഞ്ഞു.

അവസാനം വായനശാലയിൽ വരുന്ന ചെറുപ്പക്കാരെ വിളിക്കാമെന്നായി.

'സാജു പറഞ്ഞിരുന്നു മഞ്ഞച്ചേരയാണ്‌.വിഷമുണ്ടാകുമെന്ന്. പിള്ളേരെ കടിച്ചാലോ'അമ്മ സംശയിച്ചു.

ഇത്തരം കാര്യങ്ങൾക്കൊന്നും താൽപര്യം കാണിക്കാത്ത അച്ഛൻ തന്നെ വായനശാലയിൽ പോയി രണ്ട്‌ ചെറുപ്പക്കാരെ വിളിച്ചുകൊണ്ടു വന്നു.ശ്രീജിത്തുംമറ്റൊരുകുട്ടിയും

അവർ കിണറിന്റടുത്തു നിന്നും വലയടക്കം മുൻവശത്തേക്കു കൊണ്ടുവന്നു.അപ്പോഴാണ്‌ ഞാൻ കക്ഷിയെ നേരിട്ടു കാണുന്നത്‌.നടുഭാഗത്ത്‌ നന്നായി കുടുങ്ങിയിട്ടുണ്ട്‌.വാലും തലയുമിട്ട്‌ പിടക്കുന്നുമുണ്ട്‌. പ്രാണനുവേണ്ടിയുള്ള പിടച്ചിൽ.

വന്ന ചെറുപ്പക്കാർ ഒരുപാടു സമയം കിണഞ്ഞു ശ്രമിച്ചു.വല യുടെ കുറേ ഭാഗം മുറിച്ചു കളഞ്ഞു.എന്നിട്ടും അഴിച്ചെടുക്കാൻ കഴിഞ്ഞില്ല.

ഒടുവിലവർ തോട്ടിൽ കൊണ്ടു വെക്കാമെന്ന് തീരുമാനിച്ചു. വെള്ളത്തിന്റെ ഒഴുക്കിൽ വലക്കണ്ണി അയഞ്ഞ്‌ പാമ്പ്‌ രക്ഷപ്പെടും എന്ന നിഗമനത്തിൽ.

ഇതിനോട്‌ എനിക്ക്‌ യോജിപ്പില്ലായിരുന്നു.രാത്രിയിൽ,ഒഴുകുന്ന വെള്ളത്തിൽ,തണുത്ത്‌ മരവിച്ച്‌ ,അത്‌ ചത്തുപോവും എന്ന് ഞാൻ ഭയന്നു.ഞാനിത്‌ പറഞ്ഞെങ്കിലും മറ്റൊരു വഴിയുമില്ലാത്തതു കൊണ്ട്‌ അവരതുതന്നെ ചെയ്തു.

ആ രാത്രിയിൽ അതിന്റെ പേടിയും തണുപ്പും എനിക്കൂഹിക്കാൻ കഴിയുമായിരുന്നു.

അമ്മ ഇടക്കിടെ പറഞ്ഞ്‌ സ്വയമാശ്വസിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.'നമ്മളാരും അതിനെ വലയിൽ കയറ്റിയതല്ലല്ലോ'

രക്ഷപ്പെട്ടിട്ടുണ്ടാവാമെന്ന നേരിയ പ്രതീക്ഷയോടെ രാവിലെ തോട്ടിൽ പോയി നോക്കിയപ്പോൾ പാമ്പു അവിടെത്തന്നെയുണ്ട്‌.

മധു വീണ്ടും പറശ്ശിനിക്കടവിന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ അവനോട്‌ ചൂടായി.
'ഒന്നും ചെയ്യാതെ പറഞ്ഞതുകൊണ്ട്‌ കാര്യമൊന്നുമില്ല.'

“സ്ത്രീകൾക്കാണ്‌ കൂടുതൽ ചെയ്യാൻ പറ്റുക. നീ ആരെയെങ്കിലും വിളിക്ക്‌”അവൻ പറഞ്ഞു.

പെട്ടെന്നെനിക്ക്‌ പറശ്ശിനിക്കടവുകാരൻ പ്രേമന്റെ കാര്യം ഓർമ്മ വന്നു എന്റെ ഒരു സഹപ്രവർത്തകനാണ് പ്രേമൻ.
സ്കൂളിൽ പോകാൻ ഡ്രസ്സ്‌ മാറുന്നതിനിടയിൽത്തന്നെ ഞാനയാളെ വിളിച്ചു. കേട്ടപാടെ അയാൾ പറഞ്ഞു'

‘ഓ,ചേരയോ?അതിനൊന്നും അവരെക്കിട്ടില്ല.വല്ല മൂർഖനോ മറ്റോ ആണെങ്കിലേ അവര്‌ വരൂ'

അങ്ങനെ ആ വാതിലും അടഞ്ഞു.ഇനി സ്കൂളിൽ പോയിട്ട്‌
ജിമ്മിയെ കണ്ടുനോക്കാം.അവസാനത്തെ പ്രതീക്ഷ.

ജിമ്മി മാഷ്‌ എന്റെ കണ്ണിൽ ഒരു ധീരനും അഭ്യാസിയുമാണ്. എന്റെ വീട്ടിലെ ആരും കയറാത്ത മാവിൽ കയറി ഒരിക്കൽ മാങ്ങ പറിച്ചതുകൊണ്ട്‌.

സ്കൂളിലെത്തി ജിമ്മിയോട്‌ കാര്യമവതരിപ്പിച്ചപ്പോൾ “ഞാനിന്നൊരു പാമ്പിനെ രക്ഷപ്പെടുത്തി. തല്ലിക്കൊന്നിട്ട്‌”എന്നാണ്‌ മറുപടി.കൂടെയൊരുപദേശവും
'അതിനെ ആ വേദനയിൽ നിന്നും രക്ഷപ്പെടുത്താൻ തല്ലിക്കൊല്ലുകയാണ്‌ വേണ്ടത്.”

ഷീബടീച്ചറുടെ ഭർത്താവ്‌ ഒരു ചേരയെ വല മുറിച്ച്‌ രക്ഷപ്പെടുത്തിയിട്ടുണ്ടത്രെ.അയാളും സ്ഥലത്തില്ല..

ജേഷ്ണ ( ബി.എഡ്‌.ട്രയിനി) പറഞ്ഞു അവരുടെ വീട്ടിലും ചേരയെ വല മുറിച്ച്‌ രക്ഷപ്പെടുത്തിയിട്ടുണ്ട്‌.അവളൊരു കാര്യം കൂടി പറഞ്ഞു.ചേര അനങ്ങാതെ തല താഴ്ത്തിയിട്ട്‌ സഹകരിച്ചു എന്ന്
സ്കൂളിലെ തിരക്കിൽ തൽക്കാലം ചേരയെ മറന്നേ ഒക്കൂ.എന്നാലും ഇടക്കിടെ അത്‌ മനസ്സിലേക്കിഴഞ്ഞെത്തി.

10ഇ ക്ലാസ്സിലെ(എന്റെ സ്വന്തം ക്ലാസ്സ്‌)കുട്ടികളുടെ മുമ്പിലും പ്രശ്നമവതരിപ്പിച്ചു.അവരും പറഞ്ഞു.
“രക്ഷിക്കാനാവില്ല ടീ്ച്ചറെ.”
വൈകുന്നേരം വീട്ടിലെത്തിയ ഉടനെ തിരക്കിയത്‌ ‘ചേര രക്ഷപ്പെട്ടോ ‘എന്നാണ്‌.
‘അതിനെ കാണാനില്ല.’അമ്മ പറഞ്ഞു.’ചെറിയക്കുട്ടി നോക്കിയിട്ട്‌ അവശിഷ്ടങ്ങളും കണ്ടില്ല.രക്ഷപ്പെട്ടിരിക്കാം.’.ചെറിയേച്ചി ഞങ്ങളുടെ ബന്ധുവും സഹായിയുമാണ്‌.

ഹൃദയം ആ പ്രസ്താവനയെ അനുകൂലിക്കുകയും ബുദ്ധി നിരസിക്കുകയും ചെയ്തു.

പിന്നീടറിഞ്ഞു.ചെറിയേച്ചി ശരിക്കു നോക്കാഞ്ഞിട്ടാണ്‌.വലയിൽ ചോരയുടെ അവശിഷ്ടങ്ങളുമുണ്ടായിരുന്നു.അമ്മ കാണാതെ മധു വലയഴിച്ച്‌ തോട്ടിലൊഴുക്കി.
അങ്ങനെ ഒരു ജീവൻ രക്ഷാ പ്രവർത്തനം പരാജയത്തിൽ കലാശിച്ചു.
ഇപ്പോൾ ഞാനോർക്കുകയാണ്‌.വെറുതെ കാണുകയാണെങ്കിൽ തല്ലിക്കൊന്നേക്കാവുന്ന ഒരു ജീവി.അതിന്റെ ജീവനെക്കുറിച്ച്‌ ഞങ്ങൾ നാലുപേരും ഏകമനസ്സായി വേവലാതിപ്പെട്ടതെന്തിനാണ്‌? കൃത്യമായി എ നിക്കറിയില്ല. ജീവജാലങ്ങളോടുള്ള സാഹോദര്യത്തിന്റെ ഒരു കണികയെങ്കിലും ഞങ്ങളുടെ ഉള്ളിൽ അവശേഷിക്കുന്നുണ്ടാകാം