Friday, June 24, 2011

സ്ത്രീപീഡനങ്ങൾക്ക് പുതിയ മുഖങ്ങൾ


തെസ്നിബാനു എന്ന പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് പെണ്ണിന്റെ നേർക്ക് നീളുന്ന പുതിയ അക്രമത്തിനുദാഹരണമാണ്.‘സൂര്യനസ്തമിച്ചുകഴിഞ്ഞാൽ പെണ്ണ് അടങ്ങിയൊതുങ്ങി വീട്ടിനുള്ളിലിരുന്നുകൊള്ളണം.അതുവരെ ചെയ്യാവുന്നതൊക്കെ പുറത്തിറങ്ങി ചെയ്താൽ മതി.ഇല്ലെങ്കിൽ ഞങ്ങളാൺപിള്ളേർ നിങ്ങളെ ഒതുക്കും.ഒറ്റക്കു പുറത്തിറങ്ങിയാൽ ഞങ്ങൾ കടിച്ചുകീറും.ആൺ‌തുണയുണ്ടെങ്കിൽ ഞങ്ങളക്രമിക്കും. സന്ധ്യ കഴിഞ്ഞാൽ പൊതുവിടങ്ങളിൽ ഞങ്ങൾക്കു മാത്രമേ പ്രവേശനമുള്ളൂ.
ജോലിസ്ഥലത്തേക്ക് കൂട്ടുകാരനൊപ്പം പോയ പെൺ‌കുട്ടിയെ സ്ഥലത്തെ സദാചാരത്തിന്റെ കാവൽക്കാർ കൈകാര്യം ചെയ്തതിനുള്ള ന്യായം ഇതല്ലേ? ആരാണ് അവർക്കതിനുള്ള അവകാശം നൽകിയത്? പെൺ‌കുട്ടി വിജനസ്ഥലത്ത് ഒറ്റക്കായിരുന്നെങ്കിൽ ഇതേ സദാചാരക്കാർ തന്നെ അവളെ കടിച്ചുകീറില്ലായിരുന്നോ?
രാത്രിയിൽ ഒരു പുരുഷന്റെ കൂടെ പുറത്തിറങ്ങിയതിനാണെങ്കിൽ ആരുടെ കൂടെ പുറത്തിറങ്ങണം എന്ന് തീരുമാനിക്കാനുള്ള അവകാശം പെൺകുട്ടിക്ക് മാത്രമാണുള്ളത്.അവളുടെ കൂടെയുള്ള ആൾ അവളുടെ ആരാണെന്നത് മറ്റുള്ളവരെ അറിയിക്കേണ്ട ബാധ്യത അവൾക്കില്ല.അത് അവളുടെ കാമുകനോ,ഭർത്താവോ,
സഹോദരനോ,കൂട്ടുകാരനോ എന്നന്വേഷിക്കേണ്ട ആവശ്യവും മറ്റുള്ളവർക്കില്ല.

ഒരു ആണും പെണ്ണും പരസ്പരം ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഒന്നിച്ച് യാത്ര ചെയ്യാനും ഒന്നിച്ച് താമസിക്കാനും പാടില്ലേ?പൊതുസ്ഥലത്തുവെച്ച് അവരുടെ ഇഷ്ടം പ്രകടിപ്പിച്ചാൽ കാഴ്ച്ചക്കാർക്ക് അവരെ കല്ലെറിഞ്ഞുകൊല്ലാൻ ഇന്ന് അവകാശമുണ്ടോ?ഇല്ലെന്നാണ് എന്റെ അറിവ്.മറ്റുള്ളവർക്ക് അലോസരമുണ്ടാക്കുകയാണെങ്കിൽ അവരെ തടയാനും ശിക്ഷിക്കാനും അധികാരമുള്ളവർ ഉണ്ടല്ലോ.നിയമത്തിന്റെ വഴിയിലൂടെ അവർ ചെയ്യട്ടെ.

ഒരു പുരുഷന്റെ കൂടെ ഒരു പെണ്ണിന് രാത്രിയിൽ സഞ്ചരിക്കാൻ പാടില്ല എന്ന് മറ്റുള്ളവർക്ക് പറയാൻ യാതൊരവകാശവുമില്ല.ഒരു പൌരൻ എന്ന നിലക്കുള്ള പെണ്ണിന്റെ സഞ്ചാരസ്വാതന്ത്ര്യത്തെ ഒരുപറ്റം തെമ്മാടികൾ തടയുമ്പോൾ അത് നിയമത്തിന്റെ മാർഗത്തിലൂടെ പെണ്ണിനു നേടിയെടുക്കണം.അപ്പോൾ നിയമപാലകർ നിശബ്ദരായി തെമ്മാടികൾക്ക് കൂട്ടുനിൽക്കുന്നത് മഹാകഷ്ടമാണ്.

അക്രമികളെ നേരിടാൻ തളരാതെ നിയമത്തിന്റെ വഴിയിലൂടെ നീങ്ങുന്ന തെസ്നിബാനുവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.അനീതിക്കെതിരായുള്ള തന്റെ സമരം വിജയിച്ചില്ലെങ്കിലും അതിൽനിന്നും പിൻ‌മാറാൻ താൻ തയ്യാറല്ല എന്ന അവളുടെ നിലപാട് എല്ലാ സ്ത്രീകൾക്കും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. പീഡനവീരന്മാരേയും അക്രമികളേയും ഒരു പരിധി വരെയെങ്കിലും നിലക്കുനിർത്താൻ അതുകൊണ്ട് കഴിഞ്ഞേനെ.എങ്കിലും തെസ്നിബാനുവിന്റെ തന്റേടം ഒരു മാറ്റത്തിന്റെ കാഹളമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.പെൺ‌കുട്ടികളുടെ രക്ഷകൻ അവർ തന്നെയാവുന്ന കാലം ഏതായാലും അതി വിദൂരമല്ല തന്നെ.

Tuesday, June 7, 2011

പോയ് വരൂ


ആയിളം താരുണ്യങ്ങൾ തൊട്ടുതലോടി
യന്നാദിത്യനൊരുവേള മറയാതെ.
ഇതൾവിരിഞ്ഞൂർന്നു വീണു നെറുകയി-
ലുമ്മവെച്ചനുഗ്രഹിക്കും പൂമരങ്ങൾ.
മഞ്ഞക്കുടന്നകൾ വാരിപ്പുതച്ചിതാ
മരതകച്ചാർത്തൊളിച്ചൊളിച്ചെത്തുന്നു.
ഇന്നോളമീമരച്ചോട്ടിലൊന്നിച്ചവർ
ഇനിയെന്നൊരാകാംക്ഷയിൽ മന്ദമായി
ചുറ്റിത്തിരിഞ്ഞിളംകാറ്റുചോദിക്കവേ.
ചുറ്റിലും നോക്കുന്നുണ്ടാർദ്രമാം കണ്ണുകൾ.
കരളിൽ നിറച്ചൊരായിരം കനവുകൾ
കവിളത്തു വിരിയിച്ച കുങ്കുമപ്പൂ.
സായന്തനത്തിന്റെ സൌവർണശോഭയ്ക്കു
സൌമ്യദീപ്തവർണം ചാലിച്ചു ചേർക്കുന്നു.
യാത്രാമൊഴിയേതുമോതാതെയിന്നിതാ
യാത്രയാക്കുന്നു മക്കളെ  പൂവാകകൾ.
പാറിപ്പറന്നു പ്രകാശം പരത്തുവാൻ
പോയ്‌ വരൂ നിങ്ങളീ വിദ്യാങ്കണത്തിലും.