Sunday, August 14, 2011

സ്വാതന്ത്ര്യഗീതം


അറുപത്തിനാലാണ്ടു തികഞ്ഞാ-
ഘോഷത്തിൻ പുലരിയണഞ്ഞൂ.
സ്വാതന്ത്ര്യപ്പറുദീസയിലിന്ന്   
സ്വാഭിമാനം  വിറ്റുതുലക്കാം. 
വിലയിടുന്നുറ്റവരെത്തി
വിരിഞ്ഞുതീരാക്കുരുന്നിനും. 
ഇളമാംസത്തിന്നേറെ പ്രിയം
ഇറുത്തുമാറ്റിയെടുത്താലും.
നരഭോജികൾ മാംസഭുക്കുകൾ
നരനായാട്ടു നടത്തുന്നൂ.
മതങ്ങൾ മറയിട്ടുയർത്തും
മാനവന്റെ പൊയ്മുഖങ്ങളിൽ.
മരണദേവതയുറഞ്ഞുതുള്ളി
മനുഷ്യചേതന മരിച്ചുവീണു.
ചിതലരിച്ചൂ ചെറുപ്പമിവിടെ
ചിതറിത്തെറിക്കും ബാല്യവും.
തീവ്രവാദപ്പാളയത്തിൽ 
തീക്ഷ്ണമെരിഞ്ഞു ചാമ്പലാവാൻ.
കത്തിയെരിയും പുരയുടെ ചുറ്റും  
കഴുക്കോലൂരി വിൽക്കാനായ്
മണ്ടിനടക്കുമഴിമതി വീരർ
മിണ്ടാനാവാപ്പരിഷകളൊപ്പം.
കോടികൾ കൈവെള്ളയിലാക്കി
കോഴച്ചരിതമരങ്ങ് തകർത്തു.
ജനാധിപത്യമാതൃകയായി
ജയിൽ നിറച്ച് ജനസേവകരും.
ജനങ്ങളിവിടെ കഴുതകളെന്നും.
ജയിച്ചുപോകുമെന്തെളുപ്പം! 
നേട്ടത്തിന്റെ കണക്കുകളിൽ
നേതൃത്വത്തിന്നഭിമാനിക്കാം.
അഴിമതിയക്രമപീഡനത്തിൽ
അലസത വിട്ടുയരാം ഞങ്ങൾ.
സ്വാതന്ത്ര്യപ്പൊൻകൊടിക്കൂറ
സാനന്ദമുയർത്താമിനിയും.