Friday, March 27, 2009

സ്വപ്നക്കണ്ണ്

കാണാനാവാത്ത,
മറക്കാനാവാത്ത,
ഓര്‍ക്കാനുമാവാത്ത
വെറും സ്വപ്നങ്ങൾ!
ഉറക്കിലും ഉണർവിലും
സമ്മാനിക്കപ്പെട്ടവ.
വീണുകിട്ടിയവ.
കളഞ്ഞുപോയവ.
തരംതിരിച്ച് സൂക്ഷിക്കാം.
പൊന്നളുക്കിൽ;
പുറത്തെടുക്കരുത്.
സംസാരിക്കാമെന്തും.
സ്വപ്നമരുത്...!
കഠാരകൾ,
ബോംബുകൾ,
ഉടലില്ലാത്തലകൾ
കരിഞ്ഞുപോയ ദേഹങ്ങൾ.
ജാഥയായി സ്വപ്നങ്ങളിൽ.
പുറത്തുപോയ കുഞ്ഞിന്റച്ഛന്‍
മൃതദേഹമായ് തിരിച്ചെത്തി.
ഓമനമകൾ മാന്തിപ്പൊളിച്ച
ദേഹമായുമ്മറത്ത്.
മകന്റെ കൈകളിൽ
കഠാരയും ബോംബും.
സ്വപ്നക്കണ്ണടച്ചു ഞാന്‍.
തുറക്കാതൊരിക്കലും.

Monday, March 9, 2009

രാധയ്ക്കും മാറാം

'ഹായ് രാധ
ഒരു പാടുനാളായി
ക്യൂവിൽ കാണാറില്ലല്ലോ
മറന്നോ നീയെന്നെ'
കണ്ണാ,കായാമ്പൂവര്‍ണ്ണാ

കരളായ നീയെൻ കരളിൽ
നിന്നെയോര്‍ത്തുറങ്ങി;
നിന്നെയോര്‍ത്തുണര്‍ന്ന ;
വൃന്ദാവനരാധ ഞാൻ.
യാത്രാമൊഴിയോതാതെ
യാത്രയായി നീ.
നിന്‍ കമനീയരൂപം
കാണാതെ കണ്ടു ഞാന്‍.
പൊഴിയാൻ വെമ്പും
കണ്ണീരിനണ കെട്ടി
കാഴ്ച മറഞ്ഞു.
പൊഴിയാക്കണ്ണീരൊരു
വെള്ളാരങ്കല്ലായ് നെഞ്ചേറ്റി.
മൗനത്തിലാണ്ടു ഞാൻ യുഗങ്ങളായ്.
നിൻ മൊബൈലിന്‍  മുരളീരവമെൻ
മൗനത്തിൻ വാല്മീകമുടച്ചു.
നാട്യതാളങ്ങൾ പുനര്‍ജ്ജനിച്ച
കലിയുഗരാധ ഞാൻ.
നിൻ ചാറ്റിൽ മയങ്ങി
മറുമൊഴി തിരയവേ
കേട്ടു നിൻ മന്ദ്രസ്വരം
'ഹായ് നമ്മുടെ സത്യ'
ഒരു 'ബൈ' പോലും
മൊഴിയാതെ തേടീ 

പുതുവിലാസങ്ങൾ നീ.
സൈനൗട്ട് ചെയ്തിറങ്ങി
ഞാനെൻ മനസ്സിലും
ഡെസ്ക്ടോപ്പിലുമിരുട്ടുംപേറി
ചാറ്റിനിടയില്‍

ചീറ്റിങ്ങുമാവാം.
എങ്കിലുമിവളിന്നും

ദ്വാപരയുഗ സന്തതി.

സൗഹൃദങ്ങളെക്കുറിച്ച്..

ഒന്ന്

കാണാമറയത്തൊ-
രുശീലയ്ക്കപ്പുറം;
സൗഹൃദത്തിന്‍
അതിര്‍ത്തിരേഖകൾ.

സ്നേഹം നടിച്ച്‌
വെറുപ്പിലഭിരമിച്ച്;
മുഖംമൂടിയഴിഞ്ഞ്;
കോടിയ മുഖങ്ങൾ.
കൂര്‍ത്തനഖങ്ങളില്‍
ജീവരക്തമൂറും ഹൃദയം

പിടയും പ്രാണനില്‍ 

ചുവന്ന കോമ്പല്ലുകള്‍ ‍.
നിലവിളിയമര്‍ത്തി
കൊലവിളിച്ചാര്‍ക്കും
സൗഹൃദങ്ങൾ


രണ്ട്

യുഗങ്ങളായാത്മാവില്‍  
കൂട്ടു കൂടി.
സ്നേഹമയരായി
മൃതസഞ്ജീവനിയായി
മൃതികവാടമടച്ച്.
ആത്മഹര്‍ഷങ്ങളായി  
സൌഹൃദങ്ങള്‍ .




വേഷങ്ങൾ

ഇല്ലതു ചേരില്ലൊട്ടും
വെളുപ്പണിയാൻ വിധവയോ?
പിന്നെ കറുപ്പ്;
ദുഃഖസ്മരണയുണർത്തിയുല്ലാസം
കെടുത്തുമതു ഞങ്ങളിൽ.
സുന്ദരിയല്ല നീയൊട്ടും ചുവപ്പിൽ.
(വിരണ്ടുപോമീ ചുവപ്പ് കാൺകെ)
പച്ചയിൽ നീയിരുണ്ടു പോം.
മഞ്ഞയിൽ വിളറിയ നിൻ വെളുപ്പ്.
നീയല്ലാകാശനീലയ്ക്കവകാശി.
തെറിച്ചു വീഴാൻ വെമ്പും
കടുവാക്കുകൾ വിഴുങ്ങി;
ചടുലതാളങ്ങളമർത്തി
കടുനിറങ്ങൾ മായ്ച്;
ശീലവതി നീയണിയൂ;
മങ്ങിയ വേഷങ്ങള്‍

അഴിയാ വേഷങ്ങൾ.


മഴയിൽ

മിന്നലുമിടിയും വര്‍ഷപാതവും.
കരിഞ്ഞുണങ്ങിയ പുൽനാമ്പുകൾ
മയൂരപിഞ്ചികയായ്.
മഴനൂലിൽ മേഘങ്ങൾ
മഴയരികെ.
നിനവിലുമുണർവിലും
നേർത്ത നൂലായ്
തുള്ളിക്കൊരു കുടമായ് .
ഹൃദയത്തിലൂറും തെളിനീരായ്.
മിഴികളിൽ,
ചുണ്ടിൽ,
കവിളിൽ,
മാറിൽ,
കാലടിയിൽ,
എരിയുമഗ്നിയിൽ,
ഒരു തുള്ളി,
പല തുള്ളി,
ഉറവകളായ്;
ചാലുകളായ്;
കുതിച്ചൊഴുകിയാർത്തലച്ച്;
നിലയില്ലാക്കയമായടിതെറ്റി;
പ്രാണനായ്....
കൈകാലിട്ടടിച്ച്...
ഈ മഴയിൽ;
എൻ കണ്ണീര്‍ മഴയിൽ...

ശവംനാറിപ്പൂക്കൾ

ചോദിച്ചൂ നീ
ഒരു പൂ മാത്രം.
വിടര്‍ന്നൂ ഞാനൊരു
പൂക്കാലമായി.
ഉമ്മവെച്ചു നീ
വെൺപൂക്കളിൽ.
ശവംനാറിപ്പൂക്കളായ്
ചുവന്നവ.
റീത്തായെൻ
നെഞ്ചിലേറി.

Monday, March 2, 2009

ഹൃദയം

ഹൃദയത്തിൽ
ചുവപ്പ്,
വെളുപ്പ്,
കറുപ്പ്,
മ‍ഞ്ഞ.
വെളുപ്പിൽ വിശ്വസിച്ച്;
ചുവപ്പിൽ മയങ്ങി ;
മഞ്ഞയിൽ വിളറി;
കറുപ്പില്‍
അലിഞ്ഞലിഞ്ഞ്........