Tuesday, December 28, 2010

കണ്ണന്റെയൂരിലന്നദാതാക്കളായിവർ

‘കലിയുഗത്തിലെ ഏറ്റവും ഉൽക്കൃഷ്ടമായ കർമ്മം ദാനകർമ്മമാണ്.അതിൽ ഏറ്റവും മഹത്തരം അന്നദാനമാണ്.അതിന് നിങ്ങൾ ഭവനങ്ങൾ വേദിയാക്കുക.’
ഇത് കണ്ണൂർ താഴെത്തെരുവിൽ കേനനൂർ ഗാരേജിന്റെ കവാടത്തിൽ എഴുതി വെക്കപ്പെട്ടത്.

കേനനൂർ ഗാരേജിന്റെ ഉടമ കൃഷ്ണാട്ടനെ അറിയാത്തവർ കണ്ണൂരിൽ ചുരുങ്ങും. കൃഷ്ണാട്ടൻ ഒരു സംഭവമല്ല.ഒരുപാട് സംഭവങ്ങൾ ആണ് എന്ന് പറയേണ്ടി വരും.ആ സംഭവങ്ങളിലേക്കൊന്നെത്തിനോക്കാൻ മാത്രമാണ് ഞാൻ ശ്രമിക്കുന്നത്.
  
പതിമൂന്ന് കൊല്ലം മുമ്പാണ് ഞാനാദ്യമായി കൃഷ്ണാട്ടനെ കാണുന്നത്.കണ്ണൂരിൽ വെച്ച് നടത്തുന്ന സിദ്ധ സമാധി യോഗ കോഴ്സിൽ പങ്കെടുക്കുമ്പോൾ.
തോട്ടടയിലെ അമ്മുപ്പറമ്പിൽ കണ്ണായ സ്ഥലത്ത് അദ്ദേഹത്തിന് ഏതാണ്ട് അമ്പത് സെന്റ് സ്ഥലമുണ്ടായിരുന്നു.അവിടെ അദ്ദേഹം ബസിന്റെ ബോഡിയുടെ ഒരു വർക്‌ഷോപ്പ് പണിയാൻ തുടങ്ങി.പല തടസ്സങ്ങൾ കാരണം അതു പൂർത്തിയാക്കാൻ കഴിയുന്നില്ല.

നമ്മളൊക്കെ അഞ്ചിന്ദ്രിയങ്ങൾ കൊണ്ട് ലോകത്തെ അറിയുമ്പോൾ അദ്ദേഹം ആറാമതൊന്ന് കൊണ്ടുകൂടിയാണറിയുന്നത്.ഒരു അതീന്ദ്രിയജ്നാനം അദ്ദേഹത്തിനുണ്ട്.ഇവിടെ മറ്റെന്തോ ആണ്  വേണ്ടതെന്ന ഉൾവിളിയിൽ ജ്യോതിഷ വിശ്വാസിയായ അദ്ദേഹം പ്രശ്നം വെച്ചുനോക്കി.ഫലം രസകരമായിരുന്നു.ഇവിടെ വാഹനങ്ങൾക്കല്ല, മനുഷ്യർക്കു വേണ്ടിയുള്ള വർക്‌ഷോപ്പാണ് വേണ്ടത്.പിന്നെ അതിനായി ശ്രമം.
അതിനിടയിൽ അദ്ദേഹം സിദ്ധ സമാധി യോഗ ക്ലാസ് നടത്തുന്ന ഒരാളെ ഒരു നിയോഗം പോലെ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു.

മനുഷ്യരുടെ വർക്‌ഷോപ്പിന്റെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കി. ഹാളും പൂജാമുറിയും മറ്റു സൌകര്യങ്ങളുമെല്ലാം ഒരുക്കിയതിനു ശേഷം സിദ്ധ സമാധി യോഗയുടെ ആശ്രമമായി സമർപ്പിച്ചു.അത് ഇന്നും മനുഷ്യരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്ന വർക്‌ഷോപ്പ് ആയി പ്രവർത്തിക്കുന്നു.കൂടാതെ ഇപ്പോൾ ഈ സ്ഥാപനം കണ്ണൂർ സെൻ‌ട്രൽ ജെയിലിലെ ജീവപര്യന്തം തടവുകാരുടെ അനാഥരായ കുട്ടികളെ ദത്തെടുത്ത് വളർത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നു.

അദ്ദേഹം അഴീക്കോടും ഒരു ആശ്രമമുണ്ടാക്കി നൽകിയിട്ടുണ്ടത്രേ.മുംബൈയിൽ ഒരു മുത്തപ്പൻ ക്ഷേത്രവും നിർമ്മിച്ച് നൽകിയിട്ടുണ്ട്.കാഞ്ഞങ്ങാട്ടെ രാമാനന്ദാശ്രമവും നിത്യാനന്ദാശ്രമവുമായും അവിടുത്തെ സന്യാസിമാരുമായും കൃഷ്ണാട്ടന് അടുത്ത ബന്ധമാണുള്ളത്. രൂപസാദൃശ്യം മൂലം നിത്യാനന്ദ സ്വാമിയെന്ന് അദ്ദേഹത്തിന്റെ മാനസപുത്രന്മാർ കളിയാക്കി വിളിക്കാറുമുണ്ട്.

പ്രിയപ്പെട്ടവർക്കു വേണ്ടി തുലാഭാരവും മറ്റു നേർച്ചകളും നടത്തുക എന്നത് അദ്ദേഹത്തിന്റെ സ്വഭാവമാണ്.എന്റെ സഹോദരൻ അദ്ദേഹത്തിന് മകനാണ്.അവന് കുഞ്ഞുണ്ടാവാൻ വൈകിയപ്പോൾ അദ്ദേഹം അവനെ ഗുരുവായൂർ കൊണ്ടുപോയി.ഒരുപാട് നേർച്ചകൾ നടത്തി.കുഞ്ഞുണ്ടായപ്പോൾ കൽക്കണ്ടം കൊണ്ട് അമ്മയേയും കുഞ്ഞിനേയും തുലാഭാരം തൂക്കി.ഇങ്ങനെ ഒരുപാട് മക്കൾക്കു വേണ്ടി കൃഷ്ണാട്ടൻ ഗുരുവായൂരും മറ്റ് ക്ഷേത്രങ്ങളിലും തുലാഭാരം തൂക്കിയിട്ടുണ്ട്.

രസകരമായ മറ്റൊരു തുലാഭാരത്തിന്റെ കഥയുണ്ട്. ഒരുപാട് ബസുകൾ അദ്ദേഹത്തിന്റെ വർക്‌ഷോപ്പിലെത്തും.അവിടെ വണ്ടി വെക്കാൻ സ്ഥലമില്ലാതാകൂമ്പോൾ റോഡിൽ വെച്ചാവും പണി.ഇത് സമീപവാസിയായ ഡോക്ടർക്ക് അലോസരമായി തോന്നി.അദ്ദേഹം പരാതി നൽകി.ഇൻസ്പെക്റ്റർ കൃഷ്ണാട്ടനെ വിളിപ്പിച്ചു.ആ ഡോക്ടർക്ക് നല്ല ബുദ്ധിയുണ്ടാവാൻ ഗുരുവായൂർ പോയി ചേന കൊണ്ടാണത്രേ തുലാഭാരം നടത്തിയത്.നർമ്മത്തിലും ഒട്ടും പിന്നോക്കമല്ല കൃഷ്ണാട്ടൻ.

അദ്ദേഹത്തിന്റെ പരിചയത്തിൽപ്പെട്ട ആർക്കെങ്കിലും അസുഖം വന്നാൽ കുറച്ച് നെയ്യ് ഉഴിഞ്ഞ് പൂജാമുറിയിൽ വെക്കും.ഏതാണ്ട് പത്ത് കുപ്പിയാവുമ്പോൾ അതും കൊണ്ട് ഗുരുവായൂരെത്തി കണ്ണന്  അഭിഷേകം ചെയ്യും.

ഗുരുവായൂർ വിശേഷങ്ങൾ കുറെയുണ്ട്. കണ്ണന്റെ വിശേഷങ്ങൾ പോലെ ഈ കൃഷ്ണനെക്കുറിച്ചുമുണ്ടേറെ പറയാൻ.അദ്ദേഹവും മിക്കവാറും എല്ലാ മാസവും മുൻ മുഖ്യമന്ത്രി കരുണാകരനെപ്പോലെ ഗുരുവായൂരെത്തും.കൈയിൽ കുറെ പണവും കരുതും.അവിടെ കുറേപേർ അദ്ദേഹത്തിന്റെ വരവും കാത്തിരിപ്പുണ്ട്.
വിളക്ക് വേലായുധൻ മുതൽ തൂപ്പുകാർ വരെ.കൈയിലെ പണം മുഴുവൻ അവർക്ക് വീതിച്ചു നൽകും.അപ്പോഴായിരിക്കും ഒരു മാധവിയോ,ഗോപാലനോ വരുന്നത്.
അവർക്ക് പണം കൊടുത്തേ തീരൂ.കൈയിലാണെങ്കിൽ കാശുമില്ല.ഇവിടെയാണ്
കൃഷ്ണാട്ടനു മാത്രം ചെയ്യാൻ പറ്റുന്ന കാര്യം സംഭവിക്കുന്നത്.ആദ്യം കൊടുത്ത
 ആരോടെങ്കിലും അദ്ദേഹം അമ്പതോ നൂറോ കടം വാങ്ങി പുതിയ ആൾക്കു കൊടുക്കും.അടുത്ത വരവിന് കടം വീട്ടും.

കക്കാട്ട് സാധു ബീഡി കമ്പനി റോഡിലുള്ള കൃഷ്ണയിൽ ഒന്നു പോയി നോക്കൂ...
‘കലിയുഗത്തിലെ ഏറ്റവും ഉൽക്കൃഷ്ടമായ കർമ്മം ദാനകർമ്മമാണ്.അതിൽ ഏറ്റവും മഹത്തരം അന്നദാനമാണ്.അതിന് നിങ്ങൾ ഭവനങ്ങൾ വേദിയാക്കുക.’ കേനനൂർ ഗാരേജ് എന്ന വർക് ഷോപ്പിന്റെ കവാടത്തിൽ എഴുതി വെച്ചിരുന്ന ഈ ആപ്ത വാക്യങ്ങൾ സാർഥകമാക്കാൻ അവിടെ ഒരു അന്നപൂർണേശ്വരിയുണ്ട്. കൃഷ്ണാട്ടന്റെ ഭാര്യ രമണിയേച്ചി. അവരുടെ കൈപ്പുണ്യം അറിയാതെ നിങ്ങൾക്കവിടെ നിന്ന് തിരിച്ചു പോരാനാവില്ല. പത്തു ദിവസത്തോളം അവിടെ താമസിച്ച് അതനുഭവിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.രമണി ഉപ്പ് മാത്രമിട്ട് വെച്ചാലും വളരെ സ്വാദാണെന്ന് എന്റമ്മ പറയാറുണ്ട്

എന്നും ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ ആ കർമ്മയോഗി എഴുന്നേൽക്കും.
തലേദിവസത്തെ കഠിനാധ്വാനത്തിന്റെ ക്ഷീണത്തിൽ തളർന്നുറങ്ങുന്ന വാമഭാഗത്തെ രമണ്യാ എന്നൊന്ന് വിളിക്കും.കുളി കഴിഞ്ഞ് രണ്ടുപേരും കൂടി പൂജാമുറിയിലെ കണ്ണനെ കുളിപ്പിക്കും. പൂജ ചെയ്യും.അതു കഴിഞ്ഞ് ആഹാരസാധനങ്ങളുമായി പുറത്തേക്ക്.പതിവായെത്തുന്ന കാക്കകളേയും പക്ഷികളേയുമൂട്ടാൻ.അതിനുശേഷം നട്ടു നനച്ചു വളർത്തുന്ന വൃക്ഷജലതാദികൾക്ക് ദാഹജലം പകരും.ഓമനിച്ചു വളർത്തുന്ന രണ്ടു നായ്ക്കളുണ്ട്.പശുവുണ്ട്.അതിന്റെ
കിടാവുണ്ട്.നായ്ക്കളും പശുക്കളുമൊക്കെ കൃഷ്ണാട്ടനു പൂജാർഹരാണ്.അവയ്ക്ക് കൊടുക്കുന്നത് നിവേദ്യമാണ്.ബാക്കി വരുന്നതല്ല. അവരെയൊക്കെ പരിപാലിച്ചു കഴിയുമ്പോഴേ നേരം പുലരൂ.

രമണിയേച്ചി അടുക്കളയുമായി യുദ്ധം ചെയ്യുമ്പോഴേക്കും കൂടെ താമസിക്കുന്ന ജേഷ്ഠന്റെ മകൾ റീന സഹായിക്കാനെത്തും.സാധാരണ ഒരു വീട്ടിലെ അടുക്കളയല്ല അത്.ഹോട്ടലുകളിൽ പാചകത്തിനുപയോഗിക്കുന്ന ഉപകരണങ്ങൾ നിങ്ങൾക്കവിടെ കാണാം.ഭാരമുള്ള പാത്രങ്ങൾ കയറ്റി വെക്കാവുന്ന ഗ്യാസ് സ്റ്റൌ,വലിയ ദോശക്കല്ല്, ഗ്രൈൻഡർ എല്ലാം.ദിവസവും ഒരുപാട് പേരെ ഊട്ടേണ്ടതല്ലേ.

അതിഥികളില്ലാത്ത ദിവസങ്ങൾ ആ വീട്ടിൽ കുറവായിരിക്കും.ലോകം മുഴുവൻ സ്വന്തക്കാരാവുമ്പോൾ എങ്ങനെ അതിഥികളില്ലാതിരിക്കും.സന്യാസിമാർക്ക് താമസിക്കാൻ രണ്ടു നിലയുള്ളൊരു ഔട്ട് ഹൌസ് നിർമ്മിച്ചിട്ടുണ്ട്.അവർക്ക് ഭക്ഷണം റൂമിൽ കൊണ്ടു കൊടുക്കും.എന്റെ സഹോദരനും കൂട്ടുകാരും താമസിക്കുന്നിടത്ത് പോയി ‘എടാ കള്ളാ’ എന്നും വിളിച്ച് സ്വന്തം വണ്ടിയിൽ കയറ്റിക്കൊണ്ടു വന്ന് ഭക്ഷണം കഴിപ്പിക്കും.എന്നും ഇതാവർത്തിക്കുമ്പോൾ ചിലപ്പോളവനും കൂട്ടുകാരും ഒളിക്കും.അങ്ങനെ കൃഷ്ണാട്ടനെ പറ്റിക്കാൻ കഴിയില്ല എന്ന് എതാനും മിനിറ്റുകൾക്കുള്ളിൽ അവർക്ക് മനസ്സിലാവും.വണ്ടി  നിറയെ വിഭവങ്ങളുമായി കൃഷ്ണാട്ടനെത്തും.സമീപത്തുള്ള വീട്ടിലേൽ‌പ്പിച്ചിട്ട് പോകും.എന്നിട്ട് ഫോൺ ചെയ്തറിയിക്കും.അതോടെ അവർ മര്യാദക്കാരായി ഭക്ഷണം കഴിക്കാൻ കൃഷ്ണയിലെത്താൻ തുടങ്ങി.അവർ വൈകിയാൽ ഭക്ഷണം കഴിക്കാതെ അസ്വസ്ഥനായി കാത്തിരിക്കുന്ന സ്നേഹധനനായ ആ പിതാവിനെ ഏതു മക്കൾക്കാണ് മറക്കാൻ കഴിയുക..!

ഇങ്ങനെ എത്ര മക്കൾ..!എത്ര സന്യാസിമാർ..!എത്ര അയ്യപ്പന്മാർ..!എത്ര പരിചയക്കാർ..!എത്ര സുഹൃത്തുക്കൾ..!

ഹേയ് ഞാനാര് ഈ കണക്കെടുക്കാൻ.അതും ഒരു കണക്കും ഒരിക്കലും സൂക്ഷിക്കാത്ത ഒരാളുടെ. ഈ ചെറുപ്പക്കാർ ഒരു ദിവസം കൃഷ്ണാട്ടനില്ലാത്ത നേരം നോക്കി ഒരു ചാക്കരി കൃഷ്ണയിലെത്തിച്ചു. ഇതറിഞ്ഞ കൃഷ്ണാട്ടൻ അവരോട് അടുത്ത ദിവസം പുലർച്ചയ്ക്ക് നാലു മണിക്ക് കൃഷ്ണയിലെത്താനാവശ്യപ്പെട്ടു.ചീത്ത പറയാനാണോ എന്ന് സംശയിച്ച് പേടിയോടെ അവരെത്തി.അവരേയും കൂട്ടി അരിച്ചാക്കുമെടുത്ത് വണ്ടിയിലിട്ട് നേരെ അന്നദാനത്തിന് പേരുകേട്ട മാമാനത്തമ്പലത്തിലെത്തി.ഈ അരി അവിടെ ഏൽ‌പ്പിച്ചു.ചെറുകുന്ന് അന്നപൂർണേശ്വരിക്ഷേത്രം,പറശ്ശിനിക്കടവ് മുത്തപ്പക്ഷേത്രം  ഇങ്ങനെ അന്നദാനത്തിനു പേരുകേട്ട പല ക്ഷേത്രങ്ങളിലും കൃഷ്ണാട്ടൻ പതിവായി അരി കൊടുക്കാറുണ്ട്.കൈയിലൊന്നും ബാക്കി വെക്കാതെ എല്ലാം അദ്ദേഹം വാരിക്കോരി ദാനം ചെയ്തു കൊണ്ടിരിക്കുന്നു..പുണ്യം മാത്രം ബാക്കിയാവുന്നു.

രാവിലേയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണമേശ നിറഞ്ഞിരിക്കണം.വരുന്നവരുടെ
ഇഷ്ടാനിഷ്ടങ്ങൾ പരിഗണിച്ചാണ് ഭക്ഷണമേശയിലെ ഈ വൈവിദ്ധ്യം. തികഞ്ഞ സസ്യഭുക്കുകളായ അവർ പ്രിയപ്പെട്ടവർക്കു വേണ്ടി മത്സ്യം വാങ്ങി വെക്കാനും മടിക്കാറില്ല. ചപ്പാത്തിയും ദോശയും ഇഡ്ഡലിയും പുട്ടും വെള്ളേപ്പവും കപ്പയുമൊക്കെ ഒരേ സമയം കൃഷ്ണാട്ടന്റെ വീട്ടിൽ മാത്രമേ ഉണ്ടാക്കൂ. അതിനുള്ള അക്ഷയ പാത്രം രമണിയേച്ചിയുടെ കൈയിലുണ്ട്.നമുക്കിഷ്ടമുള്ളത് എടുത്ത് കഴിക്കാം.അല്ല കഴിക്കെടാ കള്ളാ എന്ന് പറഞ്ഞ് കൃഷ്ണാട്ടൻ നിർബ്ബന്ധിച്ച് കഴിപ്പിക്കും.രാവിലെ പതിനൊന്നു മണി വരെ ആ മേശപ്പുറത്ത് ഭക്ഷണം ആൾക്കാരേയും പ്രതീക്ഷിച്ചിരിക്കും.അതു കഴിഞ്ഞേ എടുത്തുകൊണ്ടുപോകൂ.
പരിചയമില്ലാത്ത ആര് വീട്ടിലെത്തിയാലും കൃഷ്ണാട്ടൻ ആരാണ് എന്ന് ചോദിക്കാതെ രമണ്യാ ഭക്ഷണമെടുക്ക് എന്നാണ് ആദ്യം പറയുക.ചോദ്യവും പറച്ചിലുമൊക്കെ ഭക്ഷണം കഴിച്ചതിനുശേഷം മാത്രം.

വീട്ടിൽ വരുന്നവർക്കു മാത്രമല്ല ഭക്ഷണം.അദ്ദേഹത്തിന്റെ വർക്ക്‌ഷോപ്പിലെ ജീവനക്കാർക്കുള്ള ഭക്ഷണവുമായി അദ്ദേഹം തന്നെ പുറപ്പെടും.അവിടെ ജീവനക്കാർ മാത്രമല്ല ഭക്ഷണത്തിനായി കാത്തിരിക്കുന്നത്. കൃഷ്ണാട്ടന്റെ ഫിയറ്റ് കാറിന്റെ മണം പിടിച്ച് മറ്റുള്ളവരെയൊക്കെ മറി കടന്ന് അദ്ദേഹത്തിന്റെ അടുത്തേക്ക്  കുറേ പശുക്കളെത്തും.എല്ലാ ദിവസവും എല്ലാവരുമുണ്ടാവില്ല.
അപ്പോൾ മറ്റുള്ളവരോടദ്ദേഹം ചോദിക്കും.കല്യാണിയെവിടെ?
പാറുക്കുട്ടിയെവിടെ?അവർ അദ്ദേഹത്തിന്റെ കൈയിൽ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം സ്നേഹപൂർവം കൈയിൽ നക്കിക്കൊടുക്കും.അവർ നക്കി നക്കി അദ്ദേഹത്തിന്റെ കൈയിലെ തഴമ്പ് മാറ്റിക്കൊടുത്തു.

പരിചയത്തിൽ പെട്ട ആരെയെങ്കിലും കണ്ണൂ‍രെ ഏതെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിൽ അവർ ഭക്ഷണത്തെക്കുറിച്ച് വേവലാതിപ്പെടേണ്ട.
അവരെ ഊട്ടേണ്ട ഉത്തരവാദിത്വം കൃഷ്ണാട്ടന്റേതാണ്.തീർന്നില്ല അന്നപുരാണം.പ്രിയപ്പെട്ടവരുടെ വീടുകളിൽ പലതരം അച്ചാറുകളും പലഹാരങ്ങളും പായസങ്ങളും ഉണ്ടാക്കി ഇടക്കിടെ എത്തിക്കുക എന്നത് അവർക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്.എനിക്ക് ഇന്ന് പായസവും വെള്ളേപ്പവും കറിയും കിട്ടി.മുംബൈയിൽ പോലും അവരുടെ അച്ചാറുകളും പലഹാരങ്ങളും പറന്നെത്താറുണ്ട്.

ആളുകളുടെ ഇഷ്ടം നോക്കിയാണ് ഇവയൊക്കെ ഉണ്ടാക്കുന്നത്.ഞങ്ങളുടെ ബന്ധു മുകുന്ദൻ മാഷിന് കാരറ്റ് അച്ചാർ ഇഷ്ടമല്ല.ഒരിക്കൽ അദ്ദേഹം ചൈനയിൽ നിന്നും അവധിക്കു വന്നപ്പോൾ കൃഷ്ണാട്ടൻ സ്നേഹപൂർവം കാരറ്റ് അച്ചാർ സമ്മാനിച്ചു. കൃഷ്ണാട്ടനെ കണ്ടപ്പോൾ ഒരു മര്യാദയ്ക്കു വേണ്ടി മാഷ് അച്ചാർ നന്നായിരുന്നു എന്ന് പറഞ്ഞു.പിന്നെ മാഷ് എപ്പോൾ നാട്ടിലുണ്ടോ അപ്പോഴൊക്കെ കൃഷ്ണാട്ടന്റെ കാരറ്റച്ചാർ റെഡി.ദുബായിലെ അഷ്‌റഫിന് കല്ലുമ്മക്കായ അച്ചാറാണിഷ്ടം.
അയാൾ അവധിക്കു വരുമ്പോൾ അതും റെഡി.മുംബൈയിലാർക്കോ കൊടുക്കാൻ
കൃഷ്ണാട്ടൻ ഈത്തപ്പഴം അച്ചാറുണ്ടാക്കുന്നത് ഒരിക്കൽ കണ്ടിരുന്നു.

തീവണ്ടി യാത്രകളിലും വേണ്ടപ്പെട്ടവർ കഴിക്കുന്നത് രമണിയേച്ചിയുടെ ചപ്പാത്തിയും കറിയുമായിരിക്കും.അതിഥികളേയും പശുക്കളേയും നായ്ക്കളേയും പരിപാലിച്ച് കഴിയുമ്പോഴേക്കും രാത്രി പതിനൊന്നോ പന്ത്രണ്ടോ മണി കഴിഞ്ഞിരിക്കും.രമണിയേച്ചി നടുവിന് കൈയും കൊടുത്ത് തളർന്ന് ഇരിക്കുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. അതിനെക്കുറിച്ച് കൃഷ്ണാട്ടനോട് പറയുമ്പോൾ കർമ്മം പൂർത്തിയാക്കാൻ അതൊക്കെ വേണ്ടി വരും എന്നാണ് മറുപടി.
സഹധർമ്മം അനുഷ്ടിക്കുന്നവളല്ലേ സഹധർമ്മിണി.ചോതി പിറന്നാൽ ചോദിക്കേണ്ട എന്നല്ലേ ചൊല്ല്.ആ ചോദി നക്ഷത്രക്കാരി ഊട്ടിത്തളരട്ടെ.

കണ്ണൂരെ ഹോട്ടലുകളെല്ലാം അടച്ചതിനുശേഷം എത്തുന്ന ചില ബസ്സുകളുണ്ട്.
ബസ്സിലെ പാവം ജീവനക്കാർ വിശന്നു തളർന്നിരിക്കും.രമണിയേച്ചിയുടെ
അക്ഷയ പാത്രത്തിൽ അവരുടെ വയറിന്റെ പശി മാറ്റാനുള്ളതുണ്ടാവും എന്നറിയാവുന്ന അവർ ഏത് പാതിരക്കായാലും കൃഷ്ണയിലെത്തി മുട്ടി വിളിക്കും. കൃഷ്ണയിലെ അന്നപൂർണേശ്വരി ഇത്തരം മക്കളെ പ്രതീക്ഷിക്കുന്നതുകൊണ്ട് നാലഞ്ചാളുകൾക്ക് വേണ്ടുന്ന ഭക്ഷണം എന്നും അധികം ഉണ്ടാക്കാറുണ്ട്.സാക്ഷാൽ അന്നപൂർണേശ്വരി വാഴുന്ന ചെറുകുന്നമ്പലത്തിൽ എല്ലാ ഭക്തന്മാരേയും ഊട്ടിയതിനുശേഷം രാത്രിയിൽ മോഷ്ടിക്കാൻ വരുന്ന കള്ളന്മാർ പട്ടിണിയാവാതിരിക്കാൻ ആലിൻ കൊമ്പിന്മേൽ ഉറിയിൽ ആഹാരം കെട്ടിത്തൂക്കാറുണ്ടായിരുന്നുവത്രേ. കൃഷ്ണയിൽ വാഴുന്നതും അത്തരത്തിലൊരു അന്നപൂർണേശ്വരി തന്നെയാണല്ലോ.

വിപുലമായ സുഹൃദ്‌ബന്ധങ്ങളുള്ളതുകൊണ്ട് കൃഷ്ണാട്ടന് ഒരു ദിവസം തന്നെ ഒന്നിലേറെ കല്യാണങ്ങളിൽ പങ്കെടുക്കേണ്ടി വരാറുണ്ട്.കൈയയച്ച് സഹായിക്കുന്നതുകൊണ്ട് എല്ലാവരും ക്ഷണിക്കും.പലതിനും സഹായം നൽകാൻ വേണ്ടി മാത്രമാണ് പോകുന്നത്.ഒരിടത്തു നിന്നല്ലേ സദ്യ ഉണ്ണാനാവൂ.

കൃഷ്ണാട്ടന്റേയും രമണിയേച്ചിയുടേയും നേതൃത്വത്തിൽ മുപ്പതിലേറെ തീർഥാടകർ ശിവരാത്രി നാളിൽ മൂകാംബിയിലേക്ക് ഒരു യാത്രയുണ്ട്.അവിടെ നിന്ന് നടന്ന് കുടജാദ്രിയെത്തും.പാത്രങ്ങളും അത്യാവശ്യ സാധനങ്ങളും കൂടെ കരുതും.കാട്ടിൽ നിന്ന് വിറകു ശേഖരിച്ച് ഉറവ വെള്ളം കൊണ്ടു വന്ന് കഞ്ഞി വെച്ചു കുടിച്ച് അന്ന് രാത്രി ശങ്കരാചാര്യർ തപസ്സു ചെയ്ത സ്ഥലത്ത് കിടന്നുറങ്ങും.അതി രാവിലെ എഴുന്നേറ്റ് അകലെയുള്ള ഉറവയിൽ നിന്ന് വെള്ളമെടുത്ത് മല കയറി കൊണ്ടു വന്ന് കാപ്പിയുണ്ടാക്കും.അത് അവിടെയെത്തുന്ന ആയിരക്കണക്കിന് തീർഥാടകർക്ക് നൽകും.ഒഴിവാക്കാനാവാത്ത ഒരു കടമപോലെ.


     കൃഷ്ണാട്ടനും രമണിയേച്ചിയും കുടജാദ്രിയിൽ വെച്ച് കാപ്പിയുണ്ടാക്കുന്നു.
കൃഷ്ണാട്ടന് വളരെ പഴയൊരു കാറുണ്ട്. കെ.എൽ.പി.4000 എന്ന കറുത്ത ഫിയറ്റ് കാർ.ഇന്ന് അത്തരത്തിലൊരെണ്ണം കാണാൻ പ്രയാസമാണ്.സാധാരണ കാറുകളുടെ വാതിൽ തുറക്കുന്നതിന്റെ നേരെ എതിർ വശത്തേക്കാണ് അതിന്റെ വാതിൽ തുറക്കേണ്ടത്.എന്നു വെച്ചാൽ ജാംബവാന്റെ കാലത്തുണ്ടാക്കിയതാണ്. പ്രായാധിക്യം കൊണ്ട് അവശനായി ചില ഊടു വഴികളിലൊക്കെ എത്തുമ്പോൾ കക്ഷി ഒന്ന് കിതച്ച് നിൽക്കും.തനിക്കും കൃഷ്ണാട്ടനും ഒരുപോലെ വയസ്സായെന്ന് ഓർമ്മിപ്പിക്കാൻ.കർമ്മം തീരുന്നതു വരെ വയസ്സനാവാൻ കൂട്ടാക്കാത്ത കൃഷ്ണാട്ടനോടാ കാറിന്റെ കളി.അവിടേം ഇവിടേമൊക്കെ തട്ടി എടാ കള്ളാ എന്നൊക്കെ തെറി വിളിച്ചാൽ കാർ പേടിച്ചിട്ട് സ്റ്റാർട്ടാകും.പിന്നെ പറക്കും.

ഒരിക്കൽ വർക്‌ഷോപ്പിൽ ബസിനടിയിൽ കിടന്ന് പണിയെടുക്കുകയായിരുന്നു.
സൌണ്ട് നോക്കി കേട് മനസ്സിലാക്കാൻ ബസ് സ്റ്റാർട്ടാക്കി.റെയിസാക്കി ശബ്ദ വ്യത്യാസം മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ അബദ്ധത്തിൽ ഗിയറിൽ വീണുപോയി.ടയർ കൃഷ്ണാട്ടന്റെ തുടയിൽക്കൂടി കയറിയിറങ്ങി.രണ്ട് തുടയെല്ലും പൊട്ടി.ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി.ആശുപത്രിയിൽ നിന്ന് ഡിസ്ച്ചാർജാവുമ്പോൾ ആറുമാസത്തെ വിശ്രമമാണ് ഡോക്ടർ വിധിച്ചത്.പക്ഷേ കഥാനായകൻ പോയത് വീട്ടിലേക്കല്ല.നേരെ വർക്‌ഷോപ്പിലേക്കാണ്.
കസേരയിലിരുന്ന് സ്റ്റൂളിൽ കാലുകൾ നീട്ടി വെച്ച് എഞ്ചിൻ പണിയെടുത്തു.ഒരു ആക്സിഡന്റിനും അദ്ദേഹത്തിന്റെ കർമ്മത്തെ തടസ്സപ്പെടുത്താനാവില്ല എന്നിതിൽ നിന്നും മനസ്സിലാക്കാം.

ആരെങ്കിലും കൃഷ്ണാട്ടനെ ഇന്ന സ്ഥലത്ത് ഇന്ന സമയത്ത്
കാണണമെന്നാവശ്യപ്പെട്ടാൽ അദ്ദേഹം സമ്മതിക്കും.എന്ത് ത്യാഗം സഹിച്ചും അവിടെയെത്തും.പറഞ്ഞ സമയം കഴിഞ്ഞാൽ കക്ഷിയെ അവിടെ കാണാമെന്ന് ആരും പ്രതീക്ഷിക്കേണ്ട. അദ്ദേഹം തന്റെ ജോലി സ്ഥലത്തെത്തിയിട്ടുണ്ടാകും. ഞാൻ പരിചയപ്പെടുത്തിയ എന്റെ സുഹൃത്തിനെ ആദ്യമായി കാണാൻ പറഞ്ഞ സമയത്തു തന്നെ അദ്ദേഹമെത്തി.അവർ വൈകിയെത്തിയപ്പോൾ കൃഷ്ണാട്ടൻ സ്ഥലം വിട്ടിരുന്നു.അത്രയ്ക്ക് കൃത്യമായി അദ്ദേഹം സമയനിഷ്ഠ പാലിക്കും.പരിഭവിച്ചിട്ടു കാര്യമില്ല.പാഴാക്കിക്കളയാൻ അദ്ദേഹത്തിനു സമയമില്ല.കർമ്മം തീർക്കണം.

കർമ്മം എങ്ങനെയെങ്കിലും പൂർത്തിയാക്കുകയല്ല ചെയ്യുന്നത്.അർപ്പണ ബോധത്തോടെ തന്റെ ജോലിയിൽ മുഴുകുകയാണദ്ദേഹം.ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗ് പാസ്സായ ജ്യേഷ്ഠ സഹോദരപുത്രൻ കമ്പ്യൂട്ടറിന്റെ സഹായത്തോടെ വണ്ടിയുടെ കേടുപാടുകൾ കണ്ടെത്താൻ വർക്‌ഷോപ്പ് കമ്പ്യൂട്ടറൈസ്ഡ് ചെയ്യാം എന്നു പറഞ്ഞു.അദ്ദേഹമത് നിരസിച്ചു.വണ്ടിയുടെ ശബ്ദത്തിൽ നിന്നും ഇന്ന ഭാഗത്തിനാണ് കേടെന്നു പറയാൻ കഴിയുന്ന ആളിനെന്തിനു മറ്റൊരു കമ്പ്യൂട്ടർ..!

പൂർവാശ്രമത്തിൽ മറ്റൊരു കൃഷ്ണൻ ജീവിച്ചിരുന്നു.വണ്ടിപ്പണിയെടുത്ത് തോന്നുമ്പോൾ തോന്നുന്നിടത്ത് പോയി അര ചട്ടമ്പിയായിരുന്ന ഒരു കള്ളക്കൃഷ്ണൻ.വയനാട്ടിലൊക്കെ പോയി വാറ്റ് ചാരായവുടിച്ച് കിറുങ്ങി നടന്നിരുന്ന അന്നത്തെ കൃഷ്ണാട്ടനെ ഒന്നു സങ്കല്പിച്ചു നോക്കി.ഒട്ടും ശരിയാവുന്നില്ലല്ലോ.
അല്ലെങ്കിൽ എന്തിനത്ഭുതപ്പെടണം? രത്നാകരനിൽ നിന്ന് വാത്മീകിയിലെത്താൻ ഒരുപാടു കാലം വേണ്ടി വന്നില്ലല്ലോ.അതുപോലൊരു രാസമാറ്റം ഇവിടേയും സംഭവിച്ചു.നമ്മുടെയൊക്കെ പുണ്യവും സൌഭാഗ്യവുമായ ഇന്നത്തെ കൃഷ്ണാട്ടനിലേക്കുള്ള രൂപാന്തരം എങ്ങനെ സംഭവിച്ചുവെന്നെനിക്കറിഞ്ഞുകൂട. എങ്ങനെയായാലും സംഭവിച്ചതൊക്കെ നല്ലതിനു മാത്രമായിരുന്നല്ലോ.

ഒരു ദിവസം അദ്ദേഹം എന്നെ കാണാൻ വീട്ടിലെത്തി.
അദ്ദേഹത്തെക്കുറിച്ചെഴുതാനുള്ള ആവേശത്തിൽ എനിക്ക് കൃഷ്ണാട്ടന്റെ കുറച്ചു വിവരങ്ങളറിയണം എന്ന് പറഞ്ഞു പോയി.ഒന്നിരിക്കുന്നതിനു മുമ്പേ അദ്ദേഹം എന്റെ പുറത്തൊരടിയും തന്നിട്ട് ഭഗവാനെക്കുറിച്ചെഴുതൂ എന്നും പറഞ്ഞ് ഇറങ്ങിപ്പൊയ്ക്കളഞ്ഞു.അല്പബുദ്ധിയായ ഞാൻ മിഴിച്ചിരുന്നു.
ജ്നാനവും ഭക്തിയും കർമ്മവും ദാനവും സർവ ചരാചരപ്രേമവും ഒത്തിണങ്ങിയ ഈ മനുഷ്യനെ പൂർണമായി മനസ്സിലാക്കാൻ എനിക്ക് കഴിയില്ലല്ലോ.
ആർഷഭാരതത്തിലെ ഷി വംശപരമ്പരയിൽ ചേർക്കാവുന്ന ഈ കർമ്മയോഗിയുടെ പാദങ്ങളിൽ പ്രണാമമർപ്പിക്കാനല്ലാതെ മറ്റൊന്നും എനിക്കാവില്ല. 

Sunday, November 28, 2010

മറഞ്ഞു പോയൊരു വരം


ഓ ..നേരം വല്ലാണ്ട് വൈകിപ്പോയി.ഇന്നലെ ഉറങ്ങാനും വൈകി.ഒരു ബിസിനസ്കാരനായാലിങ്ങനെയാണ്.  രാവിലെ തൊട്ടുള്ള അലച്ചില്‍.ഓടി എത്തുന്നില്ല.സുനിലിന്‍റെ ഷോപ്പില്‍ കമ്പി തീര്‍ന്നു.രാജേട്ടന്‍ വിളിച്ചു പണിക്കാരെത്തിയില്ല.ഷോപ്പ് തുറക്കാന്‍ വൈകി. തലക്കാകെ കനം പോലെ.കണ്ണ് തുറക്കാന്‍ പ്രയാസം.നേരിയ തലവേദനയും.ബാത്ത് റൂമില്‍ കയറി കതകടച്ചു.എല്ലാം കഴിഞ്ഞിറങ്ങുമ്പോള്‍ മണി പത്ത്.ബ്രേക്ക്ഫാസ്റ്റ്‌ കഴിച്ചെന്നു വരുത്തി.ശ്രീജയുടെ ചോദ്യ ഭാവത്തിലുള്ള നോട്ടം കണ്ടില്ലെന്നു നടിച്ചു.
അമ്മയെ കണ്ടില്ല.അമ്പലത്തില്‍ നിന്നെത്തിക്കാണില്ല.അല്ലെങ്കില്‍ അച്ഛന്‍റെ ശബ്ദമുയര്‍ന്നു കേട്ടേനെ.തൊട്ടതിനും പിടിച്ചതിനുമെല്ലാം അച്ഛന്‍ അമ്മയെ വിളിച്ചു കൊണ്ടിരിക്കും.പ്രായം കൂടുന്തോറും കുട്ടികളുടെ വാശിയാണ്.ഒന്നും രണ്ടും പറഞ്ഞു തെറ്റാന്‍ രണ്ടുപേര്‍ക്കും മിടുക്ക് കൂടുതലാണ്.
ഗീത പറമ്പില്‍ നിന്നാരോടോ ഉറക്കെ  സംസാരിക്കുന്നു. അവള്‍ക്ക് ഉറക്കെ പറയാനേ അറിയൂ.
കുട്ടിപ്പട്ടാളം ടി.വി.യുടെ മുമ്പില്‍ തന്നെ.നടുവില്‍ അമ്മമ്മയും.അമ്മമ്മയുടെ കണ്ണില്‍പ്പെടാതെ പുറത്തിറങ്ങണം.അല്ലെങ്കിലിനിയും വൈകും.പക്ഷേ,കാന്താരി മീനാക്ഷി കണ്ടു.അവള്‍ വിളിച്ചുകൂവി.അമ്മമ്മേ സജിയമ്മോന്‍.
ഇനി നോ രക്ഷ .
എടാ സജി നീ നമ്മളെ ചക്കരേന  നോക്ക്യാട്ടെ .ഓക്കെന്തോ  ഏനക്കേട്.
ഒന്ന് ഞെട്ടി .പിന്നെ ഒന്നും ഓര്‍ത്തില്ല.നേരെ പൈപ്പിനടുത്തേക്കു നടന്നു.
ചക്കര ഞങ്ങളുടെ ഓമന മാവാണ്. അല്ലെങ്കില്‍ത്തന്നെ അവളെ മാവെന്നു പറയാന്‍ പറ്റില്ല.ന്റെ കൂട്ടുകാരിയല്ലേ അവള്‍.മറ്റാരോടും പറയാത്ത രഹസ്യങ്ങള്‍ വരെ അവളോട്‌ പറയാറുണ്ട്.അവള്‍ തലയാട്ടി കേള്‍ക്കും. കുളിർമയിൽ ലഭിക്കുന്ന സാന്ത്വനം പറഞ്ഞറിയിക്കാനാവാത്തതാണ്.
ഒരു പുതു മഴയ്ക്കാണ് അവള്‍ പുറത്തു വന്നത്. ആദ്യം കണ്ടപ്പോള്‍ത്തന്നെ വല്ലാത്തൊരിഷ്ടം.ഒരു കുഞ്ഞനുജത്തി പിറന്നതുപോലെ. പിന്നെ വെള്ളവും വളവുമായി അവളുടെ കൂടെത്തന്നെ.എത്ര തിരക്കായാലും കുറച്ചു നേരം അവളുടെ അടുത്ത് കിന്നാരം പറഞ്ഞു നിന്നില്ലെങ്കില്‍ ശരിക്കുറക്കം വരില്ല.ഉറക്കം വരാതെ കിടക്കുമ്പോള്‍ ശ്രീജ കളിയാക്കും.ഓ...ഇന്ന് ചക്കരയോടു മിണ്ടിയില്ലേ? 
നീ കളിയാക്കണ്ട. നിന്നോട് മിണ്ടിയില്ലെങ്കിലും ഞാന്‍ അവളോട്‌ മിണ്ടും.പിണങ്ങാന്‍ അന്നതു മതി കാരണം.
എന്തു പറ്റി എന്റെ സുന്ദരിക്കുട്ടിക്ക് ?
നിറയെ മാങ്ങകളുമായി കുനിഞ്ഞു നില്‍ക്കുകയാണ്.ഒന്നും മിണ്ടാതെ.ഭാരംകൂടിയിട്ടാണോ പിണക്കം? ഒരു ചില്ല പോലും അനക്കുന്നില്ലല്ലോ.
വലിയ മാങ്ങകളാണ്.ഒരെണ്ണംപോലും ആരും പറിച്ചിട്ടില്ല ഇതുവരെ.പറിക്കാന്‍ താനാരേയും സമ്മതിച്ചില്ല എന്നതാണ് വാസ്തവം.നിറയെ മാങ്ങകളുമായി ചക്കരെയെ കാണാനാണിഷ്ടം.വീട്ടിലെല്ലാവര്‍ക്കും തന്നെ പേടിയാണ്.അതുകൊണ്ട് ആരും കൊതിയോടെ നോക്കുക കൂടിയില്ല.
വെറുതേയല്ല.പഠിക്കുന്ന കാലത്തേ തലയിലേറ്റിയതാണ് കുടുംബ പ്രാരബ്ധങ്ങള്‍.
സുഖമില്ലാത്ത അച്ഛനും അമ്മയും.പണിയില്ലാത്ത അമ്മാവന്മാര്‍.കല്യാണപ്രായമായ പെങ്ങന്മാരും.ഇല്ല ഒട്ടും പരിഭവം. എല്ലാം ഒരു നിയോഗമായി ഏറ്റെടുത്തു.
പല പണികള്‍ ചെയ്തു. ഒടുവില്‍ ഇരുമ്പ്‌ ബിസിനസിലും.അവിടെ ഭാഗ്യദേവത തുണച്ചു.പിന്നെ തിരിഞ്ഞു 
നോക്കേണ്ടിവന്നിട്ടില്ല.ഇന്ന് നഗരത്തിലെ വന്‍കിട ഇരുമ്പ് വ്യാപാരിയാണ്.
 അങ്ങനെ നോക്കി നിന്നു നേരം പോയതറിഞ്ഞില്ല.മൊബൈല്‍ഫോണ്‍ ചിലച്ചപ്പോഴാണ് ഞെട്ടിയുണര്‍ന്നത്.സഹദേവേട്ടനാണ് കടയില്‍ നിന്ന്.കാത്തിരുന്നു മടുത്തപ്പോള്‍ വിളിച്ചതാണ്.ചക്കരയെ ഒന്നു കൂടി നോക്കിയിട്ട് വണ്ടിയില്‍ കയറി സ്റ്റാര്‍ട്ടാക്കി.
അന്നു പിന്നെ ഒന്നുമോര്‍ക്കാന്‍ സമയം കിട്ടിയില്ല.പാതിരയായി തിരിച്ചെത്തുമ്പോള്‍.കിടക്കയില്‍ വീണതോര്‍മയുണ്ട്.രാവിലെ കണ്ണു തുറക്കുമ്പോള്‍ നേരിയ തലവേദന.കൂട്ടാക്കാതെ എഴുന്നേറ്റു നടന്നു പൈപ്പിനടുത്തേക്ക്.കണ്ണും മുഖവും കഴുകി മൂഖമുയര്‍ത്തിയതും ഞെട്ടിപ്പോയി.മാവിന്റെ ഇലകള്‍ മുഴുവന്‍ വാടി താഴോട്ട് ചാഞ്ഞു കിടക്കുന്നു.ബോധംകെട്ടു വീഴുകയാണോ എന്‍റെ ചക്കര?
അവള്‍ കരയുന്നത് എനിക്ക് കാണാമല്ലോ.നിലവിളി കേള്‍ക്കാമല്ലോ.
മരിക്കുകയാണോ ഞങ്ങളുടെ ചക്കര..ഉറക്കെ നിലവിളിച്ചത് സുബോധത്തോടെ ആയിരുന്നില്ല.ബോധം വരുമ്പോള്‍ എല്ലാവരും മുമ്പില്‍.എല്ലാവരും കരയുന്നുമുണ്ട്.അമ്മമ്മ  നെഞ്ചത്തടിച്ച് നിലവിളിച്ചു.
മരുന്നോ,മന്ത്രമോ ചെയ്ത്‌ ചക്കരയെ രക്ഷിക്കൂ.
കാറെടുത്തിറങ്ങി.ലക്ഷ്യമില്ലാതെ ഓടിച്ചു.കൃഷിയോഫീസില്‍  എങ്ങനെ എത്തിയെന്നോര്‍മയില്ല.ഓഫീസറോട് വിവരം പറഞ്ഞു.
കീടബാധ ആകാം. നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കില്‍ വഴിയുണ്ടായിരുന്നു.
ഉച്ച കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി.അപ്പോള്‍ മാങ്ങകള്‍ വീഴുന്ന ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ഇരിക്കപ്പൊറുതിയില്ലാതായി.വീട്ടിലെല്ലാവരേയും വിളിപ്പിച്ചു. ഭ്രാന്തമായി  വിളിച്ചു പറഞ്ഞു.    പറയൂ.ആരാണ് എന്റെ ചക്കരയെ കൊന്നത്? കാരണമില്ലാതെ ഇങ്ങനെ സംഭവിക്കില്ല.?
ആരും മിണ്ടുന്നില്ല.ഒടുവില്‍ മാലതിയേച്ചി പതുക്കെ പറഞ്ഞു.  ഞാന്‍ അപ്പോഴെ വേണ്ടാന്നു പറഞ്ഞതാ.
എന്തായാലും പറഞ്ഞേ തീരൂ. ഒച്ച വല്ലാതെയുയര്‍ന്നു.
അറിഞ്ഞു.എല്ലാം.
വലിച്ചെറിയുന്ന സാധനങ്ങള്‍ പെറുക്കാന്‍ വന്ന കുട്ടികള്‍ മാവില്‍ കയറി മാങ്ങ പറിച്ചു.മരുമക്കള്‍ കണ്ടുപിടിച്ച് ഓടിച്ചിട്ടടിച്ചു.മാങ്ങ പിടിച്ചു വാങ്ങി.
വീണുകാല്‍മുട്ടു പൊട്ടി കരഞ്ഞു കൊണ്ടോടിപ്പോകുന്ന കുട്ടികളെ മനസ്സില്‍ കണ്ടു.നിന്നു പുകഞ്ഞു.തലമുടി പിടിച്ചു വലിച്ചു.ഈ ശാപത്തില്‍ നിന്നും എങ്ങനെ രക്ഷപ്പെടുമീശ്വരാ.ഇവര്‍ക്കൊന്നും എത്ര പറഞ്ഞാലും മനസ്സിലാവില്ലെന്നോ!ഒന്നും സ്വന്തമാണെന്ന് ഇതുവരെ തോന്നിയിട്ടില്ല.ഒന്നും തനിച്ചനുഭാവിക്കാറുമില്ല.എന്നിട്ടും ആര്‍ക്കും തിരിച്ചറിവുണ്ടാവുന്നില്ല.
മാവില്‍ കെട്ടിപ്പിടിച്ചു കരഞ്ഞു. പോകല്ലേ ചക്കരേ,കുട്ടികള്‍ക്ക് മാങ്ങ കൊടുക്കാം.ല്ലാവര്‍ക്കും കൊടുക്കാം.ഞങ്ങളെ വിട്ടു പോകല്ലേ.    
കണ്ണീര്‍ക്കണങ്ങള്‍ പോലെ ഇലകള്‍ ദേഹത്ത് വീണുകൊണ്ടിരുന്നു.തന്റെ കണ്ണില്‍ നിന്നും കണ്ണീരും.എത്രനേരം അങ്ങനെ നിന്നെന്നോര്‍മയില്ല.ശ്രീജ വന്നു പിടിച്ചുകൊണ്ടു പോകുന്നതു വരെ.അന്ന് ആരും പരസ്പരം നോക്കിയില്ല.ഒന്നും മിണ്ടിയില്ല.ഭക്ഷണം കഴിച്ചില്ല.
ഇടയ്ക്കിടെ വീഴുന്ന മാങ്ങയുടെ ശബ്ദം ആരെയും ഉറക്കിയില്ല. പുലര്‍ച്ചയ്ക്ക്  മാഞ്ചുവട്ടില്‍ പോയി നോക്കി.എല്ലാം തീര്‍ന്നിരിക്കുന്നു. ചുറ്റും മാവിലകള്‍ കനത്തിൽ മെത്ത വിരിച്ചപോലെ.അതിൽനിറയെ മാങ്ങകളും.തടി മാത്രം ബാക്കി..ഒന്നേ നോക്കിയുള്ളൂ. ആ മൃതഭൂമിയില്‍ പിന്നെ നിന്നില്ല.തിരിച്ചോടി മുറിയില്‍ കയറി വാതിലടച്ചു. നാടോടിക്കുട്ടികളുടെ കരച്ചില്‍ കേൾക്കാതിരിക്കാൻ ചെവിയിൽ വിരലിട്ടു.
(ഇങ്ങനെ വിശ്വസിക്കുന്ന മനുഷ്യർ ഭൂമിയിൽ അവശേഷിക്കുന്നതു കൊണ്ടാണ് ഇവിടെ ഇപ്പോഴും ജീവൻ നിലനിൽക്കുന്നത്.)

Sunday, October 24, 2010

തെറ്റാത്ത വഴിയിലൂടെ


 മഹാരഥന്മാർ അടക്കിവാണ കവിതയുടെ  അരങ്ങിൽ വഴി തെറ്റി വന്നൊരാളും.വഴിതെറ്റി വന്നവൻ എന്ന ഈ പേര് ഞാനൊന്ന് തിരുത്തട്ടെ.ഹാഷിം സീരകത്ത് എന്ന കവി ഈ പേരിട്ടത് അതിവിനയം കൊണ്ടായിരിക്കാം.ഈ ചെറുപ്പക്കാരന്റെ വഴിയിലേക്ക് കവിത സ്വയം മറന്ന് കയറി വന്നുവെന്നു വേണം പറയാൻ.സമാഹാരത്തിലെ ആദ്യ കവിത സുഗന്ധം.ഈ സുഗന്ധം നമ്മുടെ അടുത്തെത്തിച്ച കാറ്റിന് നന്ദി പറയാനാണെനിക്കു തോന്നുന്നത്.കവിതയെ പ്രണയിച്ച ഈ ചെറുപ്പക്കാരനെ കവിതയും പ്രണയിച്ചു.
ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇത്രയും ഇരുട്ട് എന്ന് പരിഭവിക്കുമ്പോൾ പ്രകാശം പരത്താൻ കൊതിക്കുന്ന പ്രകാശത്തെ സ്നേഹിക്കുന്ന ഒരു ഹൃദയത്തിന്റെ വെളിപ്പെടലായി അനുഭവപ്പെടുന്നു..ആ നന്മയുടെ വെളിപ്പെടൽ എല്ലാ കവിതകളിലും കാണാൻ കഴിയും.ഞാൻ അകത്തു നിന്നും പൂട്ടാറേയില്ല.അകവും പുറവും ഒരുപോലെ.ആർക്കും കാണാം.കയറി നോക്കാം.അവിടെ നിറച്ചും സ്നേഹം മാത്രം. കവിതകളിലും ആ സ്നേഹം നിറഞ്ഞു  വഴിയുന്നു. സ്നേഹം ഇല്ലാത്ത ജീവിതം ഓർത്തു കവി ഭയപ്പെടുകയാണ്.സ്നേഹത്തിന്റെ ആകുലതകളിൽ നിന്നും രക്ഷപ്പെടാനുള്ള കുറുക്കു വഴികൾ തേടുന്നവരേറെയെന്ന തിരിച്ചറിവിൽ മനം കലങ്ങുന്നു. ആഗ്രഹിച്ചതൊക്കെ കൈപ്പിടിയിലൊതുക്കാൻ എന്തും ചെയ്യുന്ന കാലഘട്ടത്തിൽ അന്യർക്ക് പ്രവേശനമില്ലാത്തിടത്തു നിന്നും പിന്തിരിയാനുള്ള മനസ്സും ഈ കവിക്കുണ്ട് എന്നത് അശ്വാസകരമാണ്.സ്നേഹത്തിന്റെ പച്ചപ്പ് കൊതിച്ച് മരുഭൂമിയിൽ നിന്നും അവധിക്കു വന്നപ്പോൾ വറ്റി വരണ്ട കിണറ്റിനരികിൽ അനാഥമായി കിടക്കുന്ന പാളയും കയറും.
അമ്മയായും പെങ്ങളായും സ്ത്രീയെ അടയാളപ്പെടുത്തുന്നതിൽ സമൂഹം പരാജയപ്പെടുന്നിടത്ത് പേറ്റു നോവറിഞ്ഞ എല്ലാ അമ്മമാരേയും സ്നേഹിക്കുന്ന ഈ മകന് അവരുടെ വേദനയുടെ ആഴം  കാണാനാവുന്നുണ്ട്. അ എന്ന് പഠിപ്പിച്ചപ്പോൾ അമ്മ എന്നും ഒപ്പമുള്ളതുപോലെ ആവേശമായിരുന്നു.അവിടെ അക്ഷരസത്യമായി നിറയുന്നത് അമ്മയാണ്.പാട്ടത്തിനെടുത്ത ഗർഭപാത്രവും ഏട്ടനും ആണല്ലേ എന്ന ചോദ്യവും തീ പിടിച്ച സാമൂഹികപ്രശ്നങ്ങളാണ്.താനുൾപ്പെടെയുള്ള പുരുഷവർഗ്ഗം ആണതിനുത്തരവാദികൾ എന്ന് കവി വ്യംഗ്യമായി സമ്മതിക്കുന്നു.കണ്ണെഴുത്തിൽ അവളുടെ കണ്ണുകൾ തോർന്നതെന്ന് എന്നോർമയില്ല.അവന്റെ കണ്ണുകൾ നനഞ്ഞതെന്നെന്നും. ദാഹം. എന്ന കവിതയിൽ ഇത് പൂർത്തിയാവുന്നു.
ആണിൻ പെരുമയിൽ
ഏട്ടന്റെ ഏമ്പക്കം
ഓർക്കുമ്പോൾ
പെൺകൊതി
ഇന്നും കരഞ്ഞിടും.
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സാമൂഹിക യാഥാർഥ്യത്തെ ഇതിലും മനോഹരമായി എങ്ങനെയാണ് വരച്ചു കാണിക്കുക.ഇത് വായിച്ചപ്പോൾ മഹാനായ വൈക്കം മുഹമ്മദ് ബഷീറിനയാണോർമ്മ വന്നത്. വീട്ടിലെ സ്ത്രീകൾക്ക് ഒരു നേരമെങ്കിലും വയറു നിറച്ചാഹാരം കൊടുക്കണമെന്നാഗ്രഹമുണ്ടെന്ന് പാത്തുമ്മയുടെ ആടിൽ അദ്ദേഹം പറയുന്നുണ്ട്. ഞാനും അവനും തേന്മാങ്ങ പത്തു വട്ടം ഈമ്പുമ്പോൾ അവൾ പതിനൊന്നു വട്ടം ഈമ്പുന്നു.ഒന്നു കൂടുതൽ.
 ഗോഷ്ടി കാണിക്കുന്നവന്റെ ചെകിട്ടിൽ പെണ്ണിന്റെ കൈ പതിയണം.അതിനുള്ള കരുത്ത് പെണ്ണിനുണ്ടാകണം.ആയിരം കണ്ണുകൾ അവളുടെ മേൽ പതിയുന്നതിനെക്കുറിച്ച് കവി ആശങ്കപ്പെടുന്നത് അവളെക്കുറിച്ചുള്ള കരുതൽ കൊണ്ടാണ്.
കവിതയെ ആണെഴുത്തും പെണ്ണെഴുത്തുമായി വർഗ്ഗീകരിക്കുന്നവർ ഹാഷിമിന്റെ കവിതയെ ഏതു കള്ളിയിലാണ്  ഉൾപ്പെടുത്തുക എന്നെനിക്കറിയില്ല.പെണ്ണിന്റെ പ്രശ്നങ്ങളിലേക്ക് ആഴത്തിലിറങ്ങുവാനും സമഭാവനയോടെ ചിന്തിക്കാനും ഈ യുവകവിക്ക് കഴിഞ്ഞിട്ടുണ്ട് എന്നതിൽ ഞാനേറെ സന്തോഷിക്കുന്നു. 
സമൂഹത്തിൽ നിന്നാണ് കവിതയ്ക്കുള്ള അസംസ്കൃത വസ്തു ലഭിക്കുന്നത്.അതിനെ സംസ്കരിച്ച് സമൂഹത്തിനു തന്നെ തിരിച്ചു നൽകേണ്ട ബാധ്യത അയാൾക്കുണ്ട്.അച്ഛന്റെ മരണം മക്കൾക്ക് തമ്മിൽത്തല്ലാനുള്ള വിഷയമാവുമ്പോൾ അമ്മയ്ക്ക് വൃദ്ധസദനമല്ലാതെ ആശ്രയമെന്ത്.
ഇന്നു നാം
പ്രാകുന്നു
പല്ലിറുമ്മുന്നു
തള്ളമാർ
നാശം
ചത്തിടാത്തതെന്തേ..?
ഇതും ചേർത്തു വെച്ച് വായിക്കേണ്ടതാണ്.
നാണക്കേടിന്റെ നാറാണക്കല്ലുകളായി നാഭിയും കാട്ടി നടക്കുന്ന പെരുമയും ഇറക്കുമതിയും ചരടും സത്യവും സംഭാവനയും ദല്ലാളുമൊക്കെ വിമർശനാ‍ത്മകമായ കവിതകളാണ്.വേലകൾ ഒപ്പിച്ചവൻ തന്നെ വേദാന്തമോതുമ്പോൾ  പരസ്പരം ചൂലെന്നു വിളിക്കാനുള്ള യോഗ്യത ഇല്ലാതാവുന്നു.ഖദറണിയുന്നവന്റെ ഉള്ളറിയുമ്പോൾ സ്വയം  വെറുത്തു പോകുന്ന ആത്മ വിമർശനവും കാണാം. എലിവിഷത്തിനു പകരം സർക്കാർ അനുവദിച്ച കള്ള് കുടിച്ച് കെട്ടിയവൻ ചത്തിരുന്നെങ്കിൽ എന്നതിലെ ആക്ഷേപഹാസ്യം  ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കാൻ ശക്തിയുള്ളതാണ്. ‘വാർത്താപ്രാധാന്യ‘  ത്തിൽ അഭിമുഖം മാധ്യമങ്ങളേയും ചാനലുകളേയും നിറം‌പിടിപ്പിക്കുമ്പോൾ വിരൂപമാകുന്നത് സത്യത്തിന്റെ മുഖം.അറബിപ്പുസ്തകത്തിലെന്തേ തൊട്ടുകൂടേ എന്നു ചോദിക്കുമ്പോൾ മുഖം നോക്കി സത്യം വളക്കാതെ നേരായ നേരിന്റെ വേരറിയാനാണ് കവി ശ്രമിക്കുന്നത്. നിരാശയിലെ വൈകാരികത തണുത്തുറയുന്ന നിസ്സംഗതയും വീടിന്റെ ഉത്തരത്തിനു ബലം പോരാഞ്ഞ് തൊടിയിലെ പുളിമരത്തിൽ തൂങ്ങേണ്ടി വരുന്ന ദൈന്യതയും നമ്മുടെ സമൂഹത്തിന്റെ നേർക്കാഴ്ച്ചകളാണ്.
വായിൽ നിന്നും മുലഞെട്ട് വലിക്കുന്ന അച്ഛൻ.ഒരെതിരാളിയുടെ സ്ഥാനത്താണെന്ന മനശ്ശാസ്ത്ര തത്ത്വത്തിന്റെ പ്രസക്തി വെളിവാക്കുന്നതാണ് കരുതൽ എന്ന കവിത.ഇരുട്ടും വെളിച്ചവും ബോധാബോധ തലങ്ങളിലേക്ക് നീണ്ടുപോകുന്നു.അത്രയേറെ പ്രണയിക്കുമ്പോഴും വെറുത്തുപോകുന്ന അവസ്ഥ മഴയിൽ പ്രകടമാണ്.
ലളിതമായ ബിംബങ്ങളിലൂടെയും വാക്കുകളിലൂടെയും ജീവിതാനുഭവങ്ങളും വൈയക്തിക ദു:ഖങ്ങളും സാമൂഹിക ദുരന്തങ്ങളും കോറിയിട്ട കവിയും കവിതയും പ്രിയപ്പെട്ടവരുടെ മനസ്സിൽ നിന്നും പെയ്തൊഴിയില്ല എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

Friday, October 15, 2010

അമൃതം തേടി

ബ്രഹ്മഹത്യാപാപമൊന്നായേറ്റു വാങ്ങി
ദേവഗംഗയമൃതൊഴുക്കിയിവിടെ.
മൃത് നുണഞ്ഞമരരായഭിനവ
കാളിയന്മാർ വമിക്കും കാളകൂടത്തിൽ
മുങ്ങി നീന്തിയതിലൊരു നോഹയുടെ
പേടകത്തിനായി കാത്തിരുന്നൊടുവിൽ
മരണാസന്നയായിഴഞ്ഞു നീങ്ങും ഞാൻ.
ഒരു തുള്ളിയമൃതമെന്നന്ത്യനാ‍ളിൽ
കരുതിവെക്കുവാൻ കഠിനമെത്രനാൾ
തപസ്സു ചെയ്യണമമ്മേ ഭഗീരഥീ.
മലമേടുകൾ വയലേലയിലെത്തി
വനമാലകൾ പൊട്ടിച്ചെറിയും നാ‍ട്ടിൽ.
മഴയില്ലാത്താണ്ടുകൾ പന്ത്രണ്ടെന്നതു
പറയാനൊരു പഴങ്കഥയല്ലിനി.
കോളയും പെപ്സിയുമൂറ്റും നീരിൻ ദാ‍ഹം
പ്ലാച്ചിമടയുടെ  പുതു നാമ്പുകളിൽ.
കൈകാൽ കുടയും കുഞ്ഞിൻ ചുണ്ടു നനയ്ക്കാൻ
മരുവിലയ്യോ  സംസം ജലവും തേടി.
അലയും മാതാക്കൾ തൻ കണ്ണിലുറന്നൂ
തണ്ണീരിനു പകരം കണ്ണീർ മാത്രം.
പ്രളയ ജലത്തിലരയാലിലയിൽ
കാൽ നുണഞ്ഞുയിർക്കും ചൈതന്യമേ.
മറയും വിഷ പ്രളയത്തിൽ ജീവന്റെ
യവസാന കണികയുമെന്നറിവേൻ.
blogactionday.change.org

Sunday, October 10, 2010

തുണയാകാനിനി ദൈവം


2009-10 അധ്യയന വർഷം പത്ത് ഇ ക്ലാസിന്റെ ചുമതലയാണ് എനിക്ക് കിട്ടിയത്.സ്കൂൾ തുറന്ന അന്ന് ക്ലാസിലെത്തി.കുറച്ചു പേരെയൊക്കെ   ഒമ്പതിൽ മലയാളം പഠിപ്പിച്ചിട്ടുണ്ട്.അതിൽ നമ്മുടെ ഷംനാദുമുണ്ട്.അവിടെ അവൻ എനിക്കൊരു പ്രശ്ന വിദ്യാർത്ഥി ആയിരുന്നു. മിക്കവാറും വായനാമൂലയിൽ നിന്നാണ് ഞാൻ ക്ലാസെടുക്കാറുള്ളത്.അതിനു രണ്ട് കാരണങ്ങളുണ്ട്.എന്റെ ഒമ്പതാം ക്ലാസുകളെല്ലാം താഴത്തെ നിരയിലാണ്.അവിടെ എത്തണമെങ്കിൽ പന്ത്രണ്ട് നടകളിറങ്ങണം.ഓരോ പ്രാവശ്യവും അത്രയും നടകളിറങ്ങി വീണ്ടും കയറാനുള്ള ആരോഗ്യം എന്റെ  കാലുകൾക്കില്ല.അതുകൊണ്ട് ഒമ്പതാം ക്ലാസുകാർ മലയാളത്തിന്റെ പീരിയഡിൽ വായനാമൂലയിലെത്തും.മമ്മദിന് മലയുടെ അടുത്തേക്കു പോകാൻ കഴിയില്ലെങ്കിൽ മലയ്ക്ക് മമ്മദിന്റെ അടുത്തേക്ക് വന്നല്ലേ തീരൂ.
രണ്ടാമത്തെ കാരണം അവിടുത്തെ സുഖകരമായ അന്തരീക്ഷമാണ്.ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അധ്യാപിക സ്വന്തം ചെലവിൽ പണിത് സ്കൂളിനു നൽകിയതാണ് ഈ വായനാമൂല.സ്കൂളിന്റെ ക്ലാസ് റൂം പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം നൽകാറുണ്ട് വായനാമൂല.ക്വിസ് തുടങ്ങിയ പല പരിപാടികളും ഇവിടെയാണ് നടത്താറുള്ളത്.പൂമരച്ചുവട്ടിൽ പണിതിട്ടിരിക്കുന്ന സിമന്റ് ബെഞ്ചുകൾ.ആസ്ബറ്റോസ് മേൽക്കൂരയും.
ഇഷ്ടം പോലെ കാറ്റുള്ളതുകൊണ്ട് ചൂട് കുറവാണ്.മറ്റു ക്ലാസുകളുടെ ബഹളം ഇല്ല.
ആർക്കും ശല്യമാവാതെ ഗ്രൂപ്പ് വർക്കുകളൊക്കെ നന്നായി ചെയ്യാം.കുട്ടികൾക്കും ഇഷ്ടമാണവിടം.
ക്ലാസ് റൂമിന്റെ കർക്കശ നിയമമൊന്നും ഇരിപ്പിടത്തിന്റെ കാര്യത്തിൽ അവിടെ
പാലിക്കാറില്ല.കുട്ടികൾ അവരവർക്കിഷ്ടമുള്ളിടത്തിരിക്കും.അങ്ങനെ സ്വാതന്ത്ര്യം കിട്ടുമ്പോൾ ചില വിരുതന്മാർ എപ്പോഴും ഏറ്റവും പിറകിൽ ഇരിക്കാൻ ശ്രമിക്കും.അപ്പോൾ ഞാൻ അവരുടെ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ മെല്ലെ കത്തി വെച്ചുകൊണ്ട് അവരെ പിടിച്ച് മുന്നിലിരുത്തും.അങ്ങനെ ഒരുപാട് പ്രാവശ്യം ഷംനാദിനെ മുമ്പിലിരുത്തിയിട്ടുണ്ട്.അപ്പോഴെന്താ കഥ.പാഠപുസ്തകം എടുത്തിട്ടില്ല.നോട്ടില്ല.എഴുതാറുമില്ല.ആദ്യമൊക്കെ അടുത്ത ദിവസം എടുക്കണം എന്ന് പറഞ്ഞ് വിടുമായിരുന്നു.പക്ഷേ അടുത്ത ദിവസവും തഥൈവ.അപ്പോൾ പാഠം എഴുതിക്കൊണ്ടു വരിക തുടങ്ങിയ ലഘുവായ ശിക്ഷകൾ കൊടുക്കും.എന്നിട്ടും ആ വർഷം വലിയ മാറ്റമൊന്നും ഷംനാദിനുണ്ടായില്ല.
ആ ഷംനാദിനെയാണ് എന്റെ ക്ലാസിൽ കാണുന്നത്.ഇവനെനിക്ക് ജോലിയുണ്ടാക്കുമല്ലോന്ന് മനസ്സിലോർത്തു കൊണ്ട് കുശലം പറഞ്ഞു.പത്താം ക്ലാസിന്റെ പ്രാധാന്യം ,അതിനെന്തൊക്കെ ചെയ്യണം എന്നൊക്കെ വിശദമാക്കിക്കൊണ്ട് ക്ലാസ് തുടങ്ങി.കുറച്ചു ദിവസം വലിയ കുഴപ്പൊമൊന്നുമില്ലാതെ പോയി.പിന്നോക്കക്കാരെയൊക്കെ ഇതിനിടയിൽ കണ്ടെത്തി.മിടുക്കന്മാരേയും.
ഗ്രൂപ്പ് തിരിച്ച് പിന്നോക്കക്കാരെ മിടുക്കന്മാർക്കേൽ‌പ്പിച്ചു കൊടുത്തു.ഒഴിവ് കിട്ടുമ്പോൾ അവർ സഹായിക്കണം.മടിയൻമാരായ കുറച്ചു പേർ എഴുതിക്കൊണ്ടു വരുന്നതിൽ വീഴ്ച്ച വരുത്തി.അതിൽ ഒന്നാം സ്ഥാനത്ത് ഷംനാദ്.അവനെ ഇങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ. പിറകിലെ സീറ്റിൽ നിന്നും പൊക്കി.മുന്നിലിരിക്കാൻ ആവശ്യപ്പെട്ടു.അനുസരിക്കാഞ്ഞപ്പോൾ പരുഷമായിത്തന്നെ പറഞ്ഞ് നിർബ്ബന്ധിച്ച് മുമ്പിലിരുത്തി.അടുത്ത ദിവസം അവൻ വന്നില്ല.രണ്ട് മൂന്ന് ദിവസം കാണാഞ്ഞപ്പോൾ അന്വേഷിച്ചു.അപ്പോഴാണറിയുന്നത് അവനൊരു മാനസിക രോഗിയായിരുന്നു എന്ന്.എന്റെ ദൈവമേ എന്നോടിതാരും പറഞ്ഞില്ലല്ലോ.ഉമ്മയ്ക്ക് ഫോൺ ചെയ്തപ്പോൾ പറഞ്ഞു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ജിമ്മി സാറിനൊക്കെ അതറിയാമായിരുന്നു എന്ന്.ഒമ്പതിൽ വലിയ കുഴപ്പമില്ലായിരുന്നു.ഇപ്പോൾ വീട്ടിലിരുന്ന് എപ്പോഴും പേടിച്ച് കരച്ചിൽ തന്നെയാണ്.കുറ്റബോധവും സങ്കടവും കൊണ്ട് ഞാൻ വീർപ്പു മുട്ടി.അടുത്ത ദിവസം ഷീബ ടീച്ചർ പറഞ്ഞു.ഷംനാദിനേയും കൊണ്ട് ഉമ്മ ആശുപത്രിയിലേക്ക് പോകുന്നതു കണ്ടു.അവൻ അപ്പോഴും പേടിച്ച് കരയുന്നുണ്ടായിരുന്നു.ഉമ്മയും കരയുകയായിരുന്നു.അവനെ എവിടെ കൊണ്ടു പോകണം എന്ന് അവർക്കറിയില്ല.
പഞ്ചായത്തോഫീസിൽ ജീവനക്കാരനായിരുന്ന ഭർത്താവ് മരിച്ചതിനു ശേഷം പശുവിനെ വളർത്തിയും മറ്റുമാണ് ആ പാവം സ്ത്രീ നാല് കുട്ടികളെ വളർത്തുകയും  പഠിപ്പിക്കുകയും ചെയ്യുന്നത്.ഇപ്പോൾ ഏതോ സിദ്ധന്റെ ചികിത്സയും മന്ത്രവുമാണ്.രാത്രിയിൽ അവരെ വിളിച്ചു.കണ്ണൂ‍രുള്ള മനോരോഗ വിദഗ്ദ്ധനെ കാണിക്കണമെന്നു പറഞ്ഞു.എനിക്കാവുന്നതെല്ലാം ചെയ്യുമെന്നു ഉറപ്പ് കൊടുത്തു.അവരെ ആശ്വസിപ്പിച്ചു. എന്റെ ചെറിയ ആങ്ങളയോട് പ്രശ്നം പറഞ്ഞപ്പോൾ സഹായിക്കാമെന്ന് അവനും സമ്മതിച്ചു.അവർ അടുത്ത ദിവസം തന്നെ ഷംനാദിനെ കണ്ണൂർ കൊണ്ടുപോയി പരിശോധിച്ചു.ബന്ധുക്കളുടെ സഹയത്തോടെ പിന്നീട് ബാംഗ്ലൂരും ചികിത്സ തുടർന്നു.ഭേദമുണ്ടെന്നറിഞ്ഞപ്പോൾ ആശ്വാസം തോന്നി.ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലായി ചികിത്സ.ഞാൻ നോക്കിക്കോളാമെന്ന ഉറപ്പിന്മേൽ അവനെ സ്കൂളിലയക്കാൻ ധാരണയായി.അടുത്ത ദിവസം ഉമ്മ അവനെ സ്കൂളിലയച്ചു.ഞാനെത്തിയപ്പോഴേ കുട്ടികളറിയിച്ചു ഷംനാദ് കിടക്കുകയായിരുന്നു എന്ന്.ഞാൻ അവന്റെ അടുത്തിരുന്നു തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.അപ്പോഴും അവൻ തലവേദനിക്കുന്നു വീട്ടിൽ പോണം എന്ന് പറഞ്ഞു.വേറെ വഴിയില്ല എന്ന് ബോധ്യമായപ്പോൾ രണ്ടു കുട്ടികളെ ഓട്ടോ റിക്ഷ വിളിക്കാൻ പറഞ്ഞയച്ചു.അവരുടെ കൂടെ അവനെ വീട്ടിലേക്ക് വിട്ടു.ഉമ്മയെ വിളിച്ച് വിവരമറിയിച്ചു.അടുത്ത ദിവസവും അവനെ സ്കൂളിലയക്കണം വിഷമം തോന്നുമ്പോൾ ഞാൻ ഇതുപോലെ വീട്ടിലെത്തിച്ചുകൊള്ളാം എന്നും പറഞ്ഞു.സ്കൂളിനോടുള്ള അവന്റെ പേടി മാറ്റലായിരുന്നു എന്റെ ഉദ്ദേശ്യം.തുടർന്നുള്ള ദിവസങ്ങളിലും ഇത് ആവർത്തിച്ചപ്പോൾ തൽക്കാലം അവനെ നിർബ്ബന്ധിക്കാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്കും ഉമ്മക്കും മനസ്സിലായി.
സെപ്റ്റംബർ അവസാന ആഴ്ച്ചയിലൊരു ദിവസം രാവിലെ ഹെഡ്മാസ്റ്റർ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. ഷംനാദും ഉമ്മയും വന്നിട്ടുണ്ട്.അവനു തുടർന്നു പഠിക്കണം. ഇത്രയും ക്ലാസുകൾ നഷ്ടപ്പെട്ട സ്ഥിതിക്ക് അടുത്ത കൊല്ലം പഠിച്ചാൽ പോരേ എന്ന് ഹെഡ്മാസ്റ്റർ  ചോദിച്ചു.ഇക്കൊല്ലം ആരോഗ്യം നോക്കി വീട്ടിലിരുന്നാൽ അടുത്ത കൊല്ലം നല്ല ഗ്രേഡോടെ പാസ്സാവാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണു നിറച്ചുകൊണ്ട് അവൻ വേഗം സമ്മതിച്ചു.പക്ഷേ ഞാൻ അത് സമ്മതിച്ചു കൊടുത്തില്ല.അപ്പോൾ അദ്ദേഹം തൽക്കാലം അവനെ വായനാമൂലയിലേക്ക് പറഞ്ഞയച്ചു. ഞാൻ ഹെഡ് മാസ്റ്ററെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.മുതിർന്ന ഒരു ആൺകുട്ടി പഠിത്തം പൂർത്തിയാക്കാതെ വീട്ടിലിരുന്നാൽ സമൂഹം വെറുതെ വിടില്ല.കാരണം ചോദിച്ച് അവനെ വീണ്ടും അവർ ഭ്രാന്തനാക്കും.അടുത്ത കൊല്ലം പഠിക്കുന്നതിനു പകരം അവൻ മുഴു ഭ്രാന്തനായി മാറിയേക്കാം. ചിലപ്പോൾ അവൻ തോറ്റാലും സാരമാക്കേണ്ട. നമ്മൾ ഇതിലെ മാനുഷിക വശത്തിനു പ്രാധാന്യം കല്പിക്കണം.നമ്മുടെ വിജയ ശതമാനത്തേക്കാൾ വലുതാണത്.ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സീനിയർ അസിസ്റ്റന്റ് കയറി വന്നു.പ്രശ്നം അറിഞ്ഞപ്പോൾ ‘ ഇവനെ നമുക്ക് മെന്റലി റിട്ടയേർഡ് ആയ കുട്ടികളിൽ പെടുത്തി പരീക്ഷ എഴുതിച്ചു കൂടേ.അങ്ങനെയാണെങ്കിൽ ഇരുപത്തഞ്ചു ശതമാനം മാർക്കു കൂടി കിട്ടിയാൽ അവൻ ജയിക്കുമല്ലോ എന്നും അദ്ദേഹം പറഞ്ഞു.അവനെ രക്ഷിക്കാൻ അങ്ങനെ ഒരു വകുപ്പുണ്ടെന്നറിഞ്ഞപ്പോൾ എനിക്കുത്സാഹമായി.അതിനിടയിൽ ഹെഡ്മാസ്റ്റർ ടീച്ചർ കൈകാര്യം ചെയ്യൂ എന്നും പറഞ്ഞ് ഒരു തീരുമാനവുമെടുക്കാതെ ഉമ്മയുടെ അടുത്ത് നിന്നും പോയി. ഐ.ഇ.ഡി.എസ്.എസ്.റിസോഴ്സ് ടീച്ചർ സപ്ന എന്റെ പൂർവ വിദ്യാർത്ഥി ആയിരുന്നു. ഞാൻ അവളെ ഓഫീസ് റൂമിൽ വരുത്തി ഷംനാദിനെ ഐ.ഇ.ഡി.യിൽ ഇനി ഉൾപ്പെടുത്താനാവുമോ എന്നന്വേഷിച്ചു.മെഡിക്കൽ പരിശോധനക്ക് ഒരവസരം കൂടിയുണ്ട്.അവനെ നമുക്ക് കൊണ്ടു പോകാം എന്നവൾ പറഞ്ഞു.പിന്നെ ഞങ്ങൾ ഹെഡ്മാസ്റ്ററെ കാത്തിരുന്നു.അവൻ പഠിക്കാൻ കഴിയുന്ന കുട്ടിയാണെന്നും ഇതും കൂടിയാവുമ്പോൾ തോൽക്കില്ല എന്നും ഉറപ്പിച്ചു പറഞ്ഞപ്പോൾ ഹെഡ്മാസ്റ്റർ സമ്മതിച്ചു.അടുത്ത മെഡിക്കൽ ബോർഡ് മീറ്റിംഗിൽ അവനെ എത്തിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാൻ സപ്നയെ ഏല്പിച്ചു.നാളെ പുസ്തകമൊക്കെ എടുത്ത് ക്ലാസിലെത്തണമെന്ന് പറഞ്ഞ് ഉമ്മയേയും മകനേയും അയച്ചു.
ഇനിയാണ് എന്റെ ശരിക്കുള്ള പരീക്ഷണഘട്ടം.ഞാൻ നേരെ ക്ലാസിലെത്തി.ഷംനാദിനെ സ്വീകരിക്കാൻ മറ്റ് കുട്ടികളെ സജ്ജരാക്കണം.അവന്റെ അവസ്ഥ അവരെ ബോധ്യപ്പെടുത്തി.ആരും അവനോട് ഒന്നും ചോദിക്കരുതെന്ന് കർശനമായി ചട്ടം കെട്ടി.അവനോട് എല്ലാവരും സ്നേഹത്തോടെ പെരുമാറുകയും സഹായിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു.അവർ സമ്മതിച്ചു.
പിന്നോക്കക്കാരായ ആൺകുട്ടികളെ സഹായിക്കാൻ മിടുക്കികളായ
പെൺകുട്ടികളെയാണ് സാധാരണ ഞാൻ ഏല്പിക്കാറുള്ളത്.കാരണം ക്ഷമയോടെ പറഞ്ഞു കൊടുക്കാൻ അവർക്കേ കഴിയൂ.എന്റെ ക്ലാസ് ലീഡർ ശില്പയാണ്.നന്നായി പഠിക്കുന്ന സൌ‌മ്യശീലയായ ഒരു പെൺകുട്ടിയാണവൾ.ഷംനാദിനെ നോക്കാനും പഠിപ്പിക്കാനുമുള്ള ചുമതല അവളെ ഏൽ‌പ്പിച്ചു.
അടുത്ത ദിവസം ഷംനാദെത്തി.യാതൊരു കുഴപ്പവുമില്ല എന്ന മട്ടിൽ അവനോട് പെരുമാറി.മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരോടെല്ലാം ഷംനാദിനെപ്പറ്റി പറഞ്ഞു.ഒരു കാരണവശാലും അവനെ ശിക്ഷിക്കരുതെന്ന് ബോധ്യപ്പെടുത്തി.
പുതിയ കുറെ സ്വഭാവങ്ങളുമായിട്ടാണ് ഷംനാദ് എത്തിയിട്ടുള്ളത്.ക്ലാസിൽ ഓവർ സ്മാർട്ടാവുക,പെൺകുട്ടികളോട് വല്ലാത്ത അടുപ്പം കാണിക്കുക,തിരിഞ്ഞിരുന്ന് അവരോട് എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുക,വൈകി വരിക തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ.ചുരുക്കിപ്പറഞ്ഞാൽ എന്തെങ്കിലും ഒരു പ്രശ്നം ഇല്ലാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല.ഞാൻ അവനെ ഒരുപാട് പ്രോത്സാഹിപ്പിച്ചു.ഉത്തരം പറയാനുള്ള അവസരങ്ങൾ ധാരാളം നൽകി.പലപ്പോഴും മിടുക്കനാണെന്നു പറഞ്ഞു.മറ്റ് കുട്ടികളും അതനുസരിച്ച് പെരുമാറി.ഏറെ സംസാരിക്കുമ്പോൾ പഠനകാര്യങ്ങളിൽ ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കണമെന്ന് പെൺകുട്ടികളോട് ആവശ്യപ്പെട്ടു..അനുസരിച്ചില്ലെങ്കിൽ ഞങ്ങൾ പിണങ്ങുമെന്നു പറയാൻ ഏല്പിച്ചു.അതവനു സഹിക്കാനാവാത്ത കാര്യമാണെന്നെനിക്കറിയാം.അത് ഫലം ചെയ്തു.ഇതിനിടെ പെൺകുട്ടികൾ ഏതു കാര്യവും തുറന്നു പറയാൻ പറ്റുന്ന നല്ല കൂട്ടുകാരായി മാറിയിരുന്നു അവന്. ഒരു ദിവസം അവർ എന്നോട് പറഞ്ഞു.അടുത്ത ക്ലാസിലെ പെൺകുട്ടിയോട് അവനു കടുത്ത പ്രണയമാണെന്ന്.അവളെ അത്രക്കിഷ്ടമാണെന്ന് അവരോട് പറഞ്ഞത്രേ.അവൾക്ക് മിഠായി കൊടുക്കുക,കൈയിൽ നിന്ന് പുസ്തകം തട്ടിപ്പറിക്കുക തുടങ്ങിയ കലാപരിപാടികളിലേക്ക് കടന്നപ്പോൾ പെൺകുട്ടി തെറിവിളിക്കാൻ തുടങ്ങി.അന്നവനു ക്ലാസിൽ വെച്ച് തലവേദന തുടങ്ങി.വീണ്ടും പഴയ അവസ്ഥയിലെത്തുമോ എന്ന് പേടിച്ച് ഞാനാ പെൺകുട്ടിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി.അവൻ സുഖമില്ലാത്ത കുട്ടിയാണ്.ചീത്ത വിളിക്കാതെ ഒഴിഞ്ഞു മാറണമെന്നുപദേശിച്ചു.എന്റെ ക്ലാസിലെ പെൺകുട്ടികളോട് അവനെ ഉപദേശിക്കാനാവശ്യപ്പെട്ടു.വല്ലാണ്ട് ഇഷ്ടമുള്ളവരെ ശല്യപ്പെടുത്തിയാൽ അവർ വെറുത്തുപോകും.അതിനേക്കാൾ നല്ലത് സുഹൃത്തുക്കളാവുന്നതാണ്.അവർ അതുപോലെ പറഞ്ഞപ്പോൾ അവൻ ഇനി ശല്യപ്പെടുത്തില്ല എന്നുറപ്പ് നൽകി.മാനസിക പ്രയാസങ്ങളുള്ള കുട്ടികൾക്ക് കൌൺസിലിംഗ് നൽകാൻ ഹയർ സെക്കന്ററി വിഭാഗത്തിൽ പരിശീലനം കിട്ടിയ ഒരധ്യാപികയുണ്ട്. തുഷാര ടീച്ചർ.പലപ്പോഴും അവരുടെ സേവനം ഉപയോഗിച്ചു.
അവൻ ഒരു ദിവസം ശില്പക്ക് അനിയത്തിയുടെ മുടിക്കിടുന്ന ക്ലിപ് കൊണ്ടു വന്ന് കൊടുത്തിട്ട് നീയെന്റെ ഗുരുവല്ലേ അതുകൊണ്ട് തരുന്നതാണ് എന്ന് പറഞ്ഞു. അവൾ സ്നേഹപൂർവം അവൻ പഠിച്ചാൽ മതിയെന്ന് പറഞ്ഞ് തിരിച്ചുകൊടുത്തു.ഈ ഘട്ടത്തിൽ അവൻ ഉറപ്പായും പാസ്സാകുമെന്ന് ഞാൻ അവനെ ബോധ്യപ്പെടുത്തി  .ഐ.ഇ.ഡി.യിൽ പെടുത്തി പരീക്ഷ എഴുതിക്കാനാവശ്യമായ കാര്യങ്ങൾ മുന്നോട്ട് നീക്കുന്നുണ്ട്.അവന്റെ മെഡിക്കൽ പരിശോധനയൊക്കെ കഴിഞ്ഞു.നിനക്കൊരു കുഴപ്പവുമില്ല ഇനി കുരുത്തക്കേട് കാണിച്ചാൽ അടി കിട്ടും എന്ന് ഇടക്ക് ഞാൻ പറയും.അപ്പോഴവനും സമ്മതിക്കും കുഴപ്പമൊന്നുമില്ലെന്ന്.അവനെ ഒരു സാധാരണ കുട്ടിയാക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം.ക്ലാസ് സമയത്ത് സംസാരിക്കുമ്പോൾ ചെറുതായി ശാസിക്കാൻ തുടങ്ങി.ഇടക്ക് വീട്ടിൽ വിളിച്ച് പഠനകാര്യങ്ങൾ അന്വേഷിക്കും.ഉമ്മ എന്നേയും വിളിക്കും.രാവിലെ എഴുന്നേൽക്കാൻ ഭയങ്കര മടിയാണ്.ചിലപ്പോൾ ഉമ്മ പറയുന്നതൊന്നും അനുസരിക്കില്ല. ഒരു ദിവസം രാവിലെ എട്ട് മണിക്ക് ഉമ്മ എനിക്ക് ഫോൺ ചെയ്തു.ഷംനാദ് ഇപ്പോഴാണ് എഴുന്നേറ്റത് എന്ന് പരാതി പറയാൻ.ഫോൺ അവനു കൊടുക്കാൻ പറഞ്ഞു.കുറച്ചു വഴക്കു പറഞ്ഞു.പിന്നെ ഉമ്മയുടെ കഷ്ടപ്പാട് ഓർമിപ്പിച്ചു.ഇനി നേരത്തെ എഴുന്നേറ്റ് പഠിക്കുമെന്ന് അവൻ സമ്മതിച്ചു.
ഇടക്ക് തലവേദന എന്നും പറഞ്ഞ് പരീക്ഷാ സമയത്ത് കിടന്നു പോകുമോ എന്നൊരു പേടി ഉള്ളതുകൊണ്ട് എന്തു വന്നാലും പരീക്ഷക്ക് കൊണ്ടുവന്നിരുത്തണമെന്ന് ഉമ്മയെ ശട്ടം കെട്ടി.എല്ലാ ദിവസവും കൂടെ വരാനുമാവശ്യപ്പെട്ടു.
പഠനാവധിക്കാലത്ത് ഒരു ദിവസം ശില്പയുടെ അമ്മ എന്നെ വിളിച്ചു.ഷംനാദ് അവളെ വിളിച്ചു കൊണ്ടിരിക്കുന്നു.അവൾ പഠിക്കുന്നുണ്ടോ എന്നറിയാനാണത്രേ.ടീച്ചറൊന്നവനെ പേടിപ്പിക്കണം.സുഖമില്ലാത്ത കുട്ടിയാണ്.ഇനി വിളിക്കുകയാണെങ്കിൽ നിങ്ങൾ തന്നെ ഇത്തിരി പേടിപ്പിച്ചാൽ മതിയെന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു.എന്തായാലും കുഴപ്പങ്ങളൊന്നുമില്ലാതെ അവൻ എല്ലാ പരീക്ഷയും എഴുതി.എസ്.എസ്.എൽ.സി.ഫലപ്രഖ്യാപനത്തിന്റെ ദിവസം നെറ്റിൽ നോക്കിയപ്പോൾ അവൻ നല്ല രീതിയിൽ തന്നെ പാസ്സായിട്ടുണ്ട്.കുറച്ച് എ പ്ലസ് ഉണ്ട്.ഒരു വിഷയവും മോശമായിട്ടില്ല.ആശ്വാസവും സന്തോഷവും തോന്നി.അന്ന് രാത്രി പത്തരയ്ക്ക് അവൻ എന്നെ വിളിച്ചു.നല്ല സന്തോഷത്തിൽ റിസൾട് അറിയിച്ചു.പണിക്ക് പോകുന്ന കാര്യവും അറിയിച്ചു.
ഉമ്മ ഫോണിൽ വിളിച്ച് അവന്റെ പ്ലസ് വൺ അഡ്മിഷന്റെ കാര്യം അന്വേഷിച്ചപ്പോൾ സമയത്ത് കൊടുക്കണം എന്ന് പറഞ്ഞു.ഇടക്ക് എന്തെങ്കിലും സംശയം ഉണ്ടാവുമ്പോൾ രണ്ടു പേരും വിളിക്കും.പ്ലസ് വണ്ണിന് ചേർക്കാൻ വന്നപ്പോൾ ഉമ്മ എന്നെ കണ്ടു.അവൻ പഠിച്ചു മിടുക്കനാവട്ടെ എന്നാശംസിച്ചു.പിന്നെ ചിലപ്പോഴൊക്കെ അവൻ മുകളിലേക്ക് നടന്നു പോകുന്നത് കാണാറുണ്ട്.അടുത്താണെങ്കിൽ മിണ്ടും.
കഴിഞ്ഞ ദിവസം അവന്റെ ഉമ്മ വിളിച്ച് കുറേ നാളായി ടീച്ചറിന്റെ ഒച്ച കേൾക്കാത്തത് എന്നു പറഞ്ഞപ്പോൾ വെറുതെ വിളിച്ചതായിരിക്കുമെന്ന് കരുതി.പക്ഷേ കാരണമുണ്ടായിരുന്നു.അന്ന് അവന്റെ ക്ലാസധ്യാപകൻ അവനെ ഒന്നു ശിക്ഷിച്ചു.ഒരു എട്ടാം ക്ലാസുകാരൻ അവനെ തടിയൻ എന്നാക്ഷേപിച്ചപ്പോൾ കടുത്ത എന്തോ തെറി അവൻ തിരിച്ചു വിളിച്ചു.എട്ടാം ക്ലാസുകാരന്റെ പന്ത്രണ്ടാം ക്ലാസുകാരനായ ഏട്ടൻ കൂട്ടുകാരേയും കൂട്ടി വന്ന് അവനെ തല്ലി.കുട്ടികളുടെ വഴക്ക് ഒഴിവാക്കാൻ അധ്യാപകന് അവനെ ശിക്ഷിക്കേണ്ടി വന്നു.അപ്പോൾ തന്നെ അവൻ ക്ലാസ് വിട്ടിറങ്ങി. വീട്ടിലെത്തി വല്ലാതെ ബഹളം വെച്ചു.ഇനി പഠിക്കുന്നില്ല എന്ന് പറഞ്ഞു ഉടുപ്പും പുസ്തകവും കത്തിക്കാനൊരുങ്ങി. ഒരുവിധത്തിൽ സമാധാനിപ്പിച്ചു നിർത്തിയിട്ടാണ് ഉമ്മ എന്നെ വിളിക്കുന്നത്.ആവശ്യം അവന്റെ ക്ലാസദ്ധ്യാപകനോടും ആക്ഷേപിച്ച കുട്ടിയോടും പ്രിൻസിപ്പാളിനോടും അവന്റെ അവസ്ഥ പറയണം. അവർ അടുത്ത ദിവസം സ്കൂളിൽ വരുന്നുണ്ട്.ഞാൻ ഫോണിൽ ഷംനാദിനോട് സംസാരിച്ചു.അച്ഛനും അമ്മയും അധ്യാപകരും കുട്ടികൾ വികൃതി കാണിക്കുമ്പോൾ ശിക്ഷിക്കില്ലേ.അതിനെന്തിനാണ് വിഷമിക്കുന്നത് എന്ന് ഞാനവനോട് ചോദിച്ചു.ആ..എന്നവൻ മറുപടി പറഞ്ഞു.അവന്റെ ശബ്ദത്തിൽ പേടിയും നിസ്സഹായതയും പരിഭ്രാന്തിയുമൊക്കെ നിറഞ്ഞു നിന്നിരുന്നു.നാളെ അവനെ എന്റെ അടുത്ത് കൊണ്ടു വരണമെന്ന് ഉമ്മയോട് പറഞ്ഞിട്ട് സംഭാഷണം അവസാനിപ്പിച്ചു.
അടുത്ത ദിവസം ഓട്ടോയിൽ നിന്നിറങ്ങുമ്പോഴേ ഉമ്മയെ കണ്ടു.ആക്ഷേപിച്ച കുട്ടിയെ വരുത്തി ക്ലാസ് ടീച്ചറിനെ കാര്യമറിയിച്ചു.ഷംനാദ് സുഖമില്ലാത്ത കുട്ടിയാണെന്ന് ബോധ്യപ്പെടുത്തി.തൽക്കാലം അങ്ങനെ പ്രശ്നം പരിഹരിച്ചു.പിന്നീട് ഷംനാദിന്റെ ക്ലാസധ്യാപകനെ കണ്ടപ്പോൾ അവനെക്കുറിച്ച് വിശദമായി സംസാരിച്ചു.അവനെ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളാമെന്നദ്ദേഹം ഉറപ്പ് നൽകി.
ഭാവിയിലും ഷംനാദിനെ പ്രകോപിപ്പിച്ചേക്കാവുന്ന  സംഭവങ്ങളുണ്ടായേക്കാം.അപ്പോഴെല്ലാം ഉമ്മക്കോ എനിക്കോ അധ്യാപകർക്കോ അവന് തുണയായി മാറാൻ കഴിഞ്ഞെന്നു വരില്ല.അതുകൊണ്ട് എല്ലാവർക്കും അവസാനത്തെ തുണയായി മാറുന്ന ദൈവത്തിന്റെ കൈകളിൽ ഞങ്ങളവനെ ഏൽ‌പ്പിക്കുന്നു.അവന്റെ മനസ്സിന്റെ താളം തെറ്റാതെ അദ്ദേഹം കാത്തുകൊള്ളും.

Saturday, October 2, 2010

പുരാവൃത്തം

ദൈവത്തിന്റെ കണക്കിൽ തീർക്കാം
പകയുടെ വെറിയും ഭ്രാന്തും ചൂടും.
ഒന്നല്ലിവിടെ പലതാം ദൈവം
എന്നുടെ ദൈവം മാത്രം സത്യം.
അറിയാത്തവനുടെ നേരേയെറിയാം
വാക്കുകൾ കല്ലുകൾ ബോംബുകളെല്ലാം
താഴികക്കുടമൊന്നായ് പണിയാം
തകർത്തു തരിപ്പണമാക്കാൻ വീണ്ടും.
പുരാവൃത്തങ്ങൾ ചൊല്ലും ജന്മം
പതിനായിരത്തിലുമേറെക്കാലം
നൂറു തികയ്ക്കാനിവിടെപ്പലരും
പാഞ്ഞു നടക്കുന്നേരമതാർത്തി
പെരുകിപ്പകയും കൂടിപ്പാവം
മർത്ത്യനു കണ്ണില്ലാതായ്
രാമനെവിടെ മുഹമ്മദെവിടെ
ദൈവപുത്രനുമെങ്ങോ പോയി.
കഷ്ടമിവിടെ ശിഷ്ടകാലം
കഷ്ടിയായിക്കഴിച്ചു കൂട്ടാൻ

Sunday, September 19, 2010

അമ്മയും കുറെ ഉമ്മമാരും

ആരോ ഗേറ്റ് കുലുക്കുന്നതുപോലെ തോന്നി.അല്ല ഇതാരാ നമ്മുടെ ആമിനുമ്മയല്ലേ.കുറേനാളായി മൂപ്പത്ത്യാരെ കണ്ടിട്ട്.‘ആ.. മിണ്ടാതെ പോകാനുള്ള പരിപാടിയാണല്ലേ.ഉം..പോയ്ക്കോ’.
ഞാൻ ചെറുതായൊന്നു പരിഭവിച്ചു.
എനിക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്.ഓർമ വെച്ച കാലം മുതലുള്ള അടുപ്പമാണ് കദീസുമ്മയും ആമിനുമ്മയുമായി ഞങ്ങൾക്ക്.നാട്ടിപ്പണിക്കാലത്ത് ചേട്ടത്തിയും അനിയത്തിയും പണിക്ക് വരും.ജൂൺ ഒന്ന് എന്നൊരു ദിവസമുണ്ടെങ്കിൽ അന്ന് കോരിച്ചൊരിയുന്ന മഴയായിരിക്കും.സ്കൂൾ തുറക്കുന്ന അന്ന് പിള്ളേരെ നനയിച്ചില്ലെങ്കിൽ മഴയ്ക്കു സമാധാനമുണ്ടാകില്ല.അപ്പോൾ എല്ലാവർക്കും ഒന്നിച്ച് നാട്ടിപ്പണി തുടങ്ങും.പെണ്ണുങ്ങളെ കിട്ടാൻ വലിയ പാടാണ്.അപ്പോൾ സ്നേഹവും പരിചയവും ഒക്കെ നോക്കി പിടിച്ചു കൊണ്ടു വരണം.എന്തൊക്കെ പറഞ്ഞാ‍യാലും പത്തു പതിനഞ്ചു പെണ്ണുങ്ങളെ അമ്മ സംഘടിപ്പിക്കും.അതിൽ‌പ്പെട്ടവരാണ് ഈ ജ്യേഷ്ടാനുജത്തിമാർ.ഇവരെ കൊണ്ടു വരാൻ അമ്മ പ്രയോഗിക്കുന്ന ഒരു
സൂത്രമുണ്ട്.രാവിലെ പോയി അവരുടെ അടുക്കളയിൽ കയറും.അവിടെ ഒരു ഉരലുണ്ട്.അതിൽ കയറി ഇരിക്കും.അവരുടെ അടുക്കളപ്പണി തീരുന്നതുവരെ.
എന്നിട്ട് കൂട്ടിക്കൊണ്ടു വരും.അല്ലെങ്കിൽ പിന്നീട് വിളിക്കാൻ വരുന്നവരുടെ കൂടെ പോയ്ക്കളയും.ഇനി നാട്ടിപ്പണിക്കു വന്നാലോ.ഞാറ് പറിക്കലും നടലും മാത്രമല്ല ഇവരുടെ ജോലി.രണ്ടുപേരും നല്ല നെല്ലു കുത്തുകാരികളാണ്.അമ്മ അതിലാരെയെങ്കിലും വീട്ടിലേക്കു പറഞ്ഞുവിടും.നെല്ലുകുത്താൻ.ഒരുപാടുപേർക്കു
കഞ്ഞി വേണ്ടതല്ലേ.അവർ വന്നു അട്ടത്തു പുഴുങ്ങിയുണക്കാനിട്ട നെല്ല് വാരിക്കൊണ്ടു വന്ന് പടിഞ്ഞാറേ ഇറയത്തു നിന്നു കുത്തും.അമ്മ അടുപ്പത്ത് വലിയ ചെമ്പിൽ കഞ്ഞിക്കരിയിട്ട് കണ്ടത്തിൽ പോകും.തീ കത്തിക്കൽ എന്റെ ജോലിയാണ്.വെന്തു കഴിഞ്ഞാൽ എനിക്കു വാങ്ങി വെക്കാൻ ആവില്ല.അപ്പോൾ ഉമ്മയെ വിളിക്കും.ആമിനുമ്മ വന്ന് അടുപ്പിൽ നിന്നുമിറക്കി വെക്കും.

അക്കാലത്ത് മുസ്ലീംകൾ ഹിന്ദുക്കളുടെ വീട്ടിൽ നിന്ന് ചോറും കഞ്ഞിയും കഴിക്കില്ല.ചായയും കടിയും കഴിക്കും.തിരിച്ചും അതു പോലെ തന്നെയാ
ണ്.എന്റമ്മ ഒരു പുതിയ നിയമം ഉണ്ടാക്കി.അടുപ്പിൽ നിന്നിറക്കിവെച്ചത് ഉമ്മയല്ലേ.അതുകൊണ്ട് ഈ കഞ്ഞി കുടിക്കാം.അങ്ങനെ സ്നേഹവും യുക്തിയും കൂട്ടിക്കലർത്തിയ ആ കഞ്ഞി അന്നാദ്യമായി ഉമ്മ കുടിച്ചു.ജ്യേഷ്ടത്തി കുട്ടിക്കദിയുമ്മയ്ക്ക് ഭർത്താവും കുട്ടികളുമില്ല.ഞങ്ങളൊക്കെത്തന്നെയാണ് അവരുടെ മക്കൾ.ഓണത്തിനും വിഷുവിനുമൊക്കെ അവകാശത്തോടെയാണ് അവർ ഞങ്ങളുടെ വീട്ടിലെത്തുക.ഞങ്ങൾ പ്രത്യേകിച്ച് എന്റെ ആങ്ങളമാർ കൈയയച്ച് സഹായിക്കും.മനസ്സിന്റെ അടുപ്പമെന്നതുപോലെ അവരുടെ മരണദിവസം ഇടക്കു മാത്രം വരാറുള്ള ചെറിയാങ്ങള അവിടെയെത്തി.മറിയുമ്മയും സൈനുമ്മായും പാത്തുമ്മയും കൊളന്തക്കദിയുമ്മയുമെല്ലാം ഇതുപോലെ തന്നെയാണ്.അവരുടെ മക്കളും മക്കളുടെ മക്കളുമെല്ലാം ഞങ്ങളുടെ സ്വന്തക്കാർ തന്നെ.അവിടെ കല്യാണവും പെരുന്നാളുമൊക്കെയുണ്ടായാൽ ഞങ്ങൾക്ക് നല്ല കോളാണ്.തേങ്ങാപ്പാലിൽ മുക്കിയ ഒറോട്ടിയും പത്തിരിയും നെയ്യപ്പവും മുട്ടയപ്പവും ഒക്കെ വീട്ടിലെത്തിയിരിക്കും.നോമ്പ് തുടങ്ങിയാൽ എല്ലാ ദിവസവും പ്രതീക്ഷയാണ് ഇന്നു കിട്ടുമെന്ന്.ഓരോ ദിവസവും അമ്മയോട് ചോദിക്കും എന്താ ഇപ്രാവശ്യം നമ്മുടെ ഉമ്മമാർ മറന്നു പോയോ എന്ന്.അവർ മറക്കാറില്ല.ഒറോട്ടിയുടെ രുചി സഹിക്കാനാവാതെ ഒരിക്കൽ ഞാനും ഒരു ഒറോട്ടി‌ച്ചട്ടി വാങ്ങി പരീക്ഷിച്ചു.വൈകാതെ മനസ്സിലായി കാക്ക കുളിച്ചാൽ കൊക്കാകില്ലെന്ന്.

അമ്മയുടെ വീട്ടിനു ചുറ്റും മുസ്ളീങ്ങളാണ് താമസക്കാർ.അവരും നല്ല അയൽക്കാരാണ്.കൊയ്ത്തും മെതിയും നെല്ലുകുത്തും കൊടുക്കലും വാങ്ങലുമായി സാ‍ഹോദര്യത്തോടെ കഴിഞ്ഞവർ.അമ്മയുടെ തറവാടിനേയും നഫീസുമ്മയുടെ വീടിനേയും വേർതിരിക്കുന്നത് ഒരു താഴ്ന്ന ഇടവഴിയാണ്.ഒറ്റത്തടിയിൽ ഒരു കാൽ വെക്കാവുന്ന നടകൾ കൊത്തിയുണ്ടാക്കിയ കോണി കയറി വേണം വീട്ടിലെത്താൻ. ഞങ്ങളുടെ ഇറയത്തിരുന്നാൽ നഫീസുമ്മയുടെ വീട്ടിനുള്ളിൽ വരെ കാണാം. എന്റമ്മയും അവരും സമപ്രായക്കാരും കൂട്ടുകാരുമാണ്.വേനൽക്കാലത്ത് ആ പ്രദേശത്ത് രണ്ട്.വീടുകളിലേ വെള്ളമുണ്ടാകൂ.ഞങ്ങളുടെ വീട്ടിലും
കുന്നുമ്പുറത്തെ അബ്ദുള്ള ഹാജിയുടെ വീട്ടിലും. ചുറ്റുമുള്ളവരെല്ലാം പാനിയും കൊണ്ടു വന്നാൽ ആരായാലും വെള്ളം കോരി നിറച്ചു കൊടുക്കും.എന്റെ സമപ്രായക്കാരിയായ വലിയമ്മയുടെ മകൾ കോരിക്കൊടുക്കുന്നത് കാണുമ്പോൾ എനിക്കാവില്ലല്ലോ എന്ന സങ്കടത്തോടെ ഞാൻ നോക്കിയിരിക്കാറുണ്ട്.എന്റെ അമ്മമ്മ ചുറ്റുവട്ടത്തുള്ള ഉമ്മമാർക്കെല്ലാം പ്രിയപ്പെട്ട ദേവകിയമ്മയാണ്.അമ്മമ്മ മരിച്ചത് രാത്രിയാണ്.വന്നു ചേർന്ന ബന്ധുക്കളും നാട്ടുകാരും ശവം രാത്രിയിൽ തന്നെ ദഹിപ്പിക്കണം എന്ന് നിർബ്ബന്ധിച്ചു.അതുകൊണ്ട് ചുറ്റുമുള്ള ഉമ്മമാർക്ക് അവരുടെ പ്രിയപ്പെട്ട ദേവകിയമ്മയെ അവസാനമായി ഒന്നു കാണാൻ കഴിഞ്ഞില്ല എന്ന സങ്കടം ബാക്കിയായി.

ഒരു നൂറ്റമ്പത് കൊല്ലം പിറകോട്ട് പോയാൽ ഞങ്ങളുടെ കുടുംബ ചരിത്രത്തിൽ ഒരു മുസ്ലീം ബന്ധമുണ്ട്.കല്യാട്ട് യജമാനന്റെ അധികാര പരിധിയിൽ പെട്ട സ്ഥലത്തായിരുന്നു.എന്റെ മുത്തച്ഛനും കുടുംബവും താമസിച്ചിരുന്നത്.യജമാനന്റെ നിർദ്ദേശമനുസരിച്ച് ഒരു ദിവസം മുതുമുത്തച്ഛന്റെ സഹോദരിയെ പിടിച്ചു കൊണ്ടു പോകാൻ കാര്യസ്ഥൻ വന്നു.മുതുമുത്തച്ഛൻ കാര്യസ്ഥനെ അടിച്ചു വീഴ്ത്തി വൃദ്ധമാതാവിനേയും സഹോദരിയേയും കൊണ്ട് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.ഇളകുന്ന വസ്തുക്കൾ പണം കൊടുത്തു വാങ്ങി അവിടെ നിന്നും രക്ഷപ്പെടാൻ സഹായിച്ചത് ഒരു മുസ്ലീം സഹോദരനായിരുന്നു.
ഈ പാരമ്പര്യത്തിന്റെ ഇങ്ങേ അറ്റത്തെ കണ്ണിയായതു കൊണ്ടായിരിക്കാം വിശ്വസിക്കാൻ പറ്റുന്ന ഒരുപാട് മുസ്ലീം സുഹൃത്തുക്കൾ എനിക്കുണ്ടായത്.ഒരു വർഷത്തെ കോളേജ് പഠനം തൊട്ട് അതിങ്ങോളം നീളുന്നു.സീനത്തും സൈനാബിയും റഷീദയും സക്കീനയും ഫാബിയുമൊക്കെ എനിക്കു മറക്കാൻ കഴിയാത്ത നല്ല സുഹൃത്തുക്കളാണ്.അബുബക്കർ മാസ്റ്റർ,അബ്ദുള്ളക്കുട്ടി മാസ്റ്റർ,അബു മാസ്റ്റർ,അലി മാസ്റ്റർ,അബ്ദുൾ കരീം മാസ്റ്റർ,ബഷീർ മാസ്റ്റർ തുടങ്ങിയ സഹപ്രവർത്തകർ എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവരാണ്.എന്നെക്കാൾ എനിക്കവരെ വിശ്വസിക്കാം.എന്റെ ഏതു പ്രശ്നവും തുറന്നു പറയാവുന്ന ബ്ലോഗുലകത്തിൽ ഒരു നുറുങ്ങ് എന്നറിയപ്പെടുന്ന ഹാറൂൺ ഭായി.പല നിർണായക ഘട്ടങ്ങളിലും എനിക്കദ്ദേഹം താങ്ങായി മാറിയിട്ടുണ്ട്.ഇവരൊന്നും ഇല്ലാത്ത ഒരു ലോകം എനിക്ക് പൂർണമല്ല.

ഇത്രയേറെ വിശ്വസിക്കാനും ബഹുമാനിക്കാനും സ്നേഹിക്കാനും മാതൃകയാക്കാനും പറ്റുന്ന വ്യക്തികളുള്ള ഒരു സമുദായത്തിൽ എങ്ങനെയാണ് അക്രമവും അരാജകത്ത്വവും സൃഷ്ടിക്കുന്നവർ പെരുകുന്നതെന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്.കഴിഞ്ഞ ദിവസം മുസ്ലീങ്ങളുടെ സ്നേഹത്തെക്കുറിച്ച് വാചാലമായപ്പോൾ എന്റെ ഒരു ബന്ധു പറഞ്ഞു. ‘ഇവിടെ മുസ്ലീങ്ങൾ ഏതാണ്ട് പതിനെട്ട് ശതമാനം മാത്രം വരുന്ന ന്യൂന പക്ഷമാണ്.എന്നിട്ടും ഒരു ദിവസത്തെ പത്രം തുറന്നു നോക്കിയാൽ അക്രമങ്ങളും കുഴപ്പങ്ങളും ഒപ്പിക്കുന്നതിൽ ഭൂരിപക്ഷം ഇവരാണല്ലോ.’എനിക്ക് ഇവിടെ ഉത്തരം മുട്ടി.അല്ല എന്നു പറയാൻ എന്റെ കൈയിൽ തെളിവില്ല.മറിച്ച് ഒരുപാട് തെളിവുകളുണ്ട് താനും.കഴിഞ്ഞ പതിനാറു വർഷമായി എന്റെ ക്ലാസിലെ ഭൂരിപക്ഷം കുട്ടികളും മുസ്ലീംകളാണ്.അതുകൊണ്ട് അവരുടെ പ്രശ്നങ്ങൾ കുറച്ചൊക്കെ എനിക്കറിയാം.ബുദ്ധിയുണ്ടായിട്ടും പഠനത്തിലെ പിന്നോക്കാവസ്ഥ,അനുസരണയില്ലായ്മ,രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മ ഇതൊക്കെ വല്ലാതെ അലട്ടുന്ന പ്രശ്നങ്ങളായിരുന്നു. മിക്ക രക്ഷിതാക്കളും വിദേശത്തായതുകൊണ്ട് നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയുമുണ്ട്.കൂടുതൽ സമയവും മദ്രസ പഠനത്തിനു ചെലവഴിക്കുന്നതുകൊണ്ട് വിദ്യാലയ പഠനത്തിനുസമയം കുറയുന്നു.. കുറേ കുട്ടികൾ കടകളിലും മറ്റും ജോലി ചെയ്യുന്നവരായിരുന്നു.സ്വന്തമായി കാശുണ്ടാക്കി വീട്ടുകാരെ ആശ്രയിക്കാതെ കഴിയുന്നവർ.അപ്പോൾ അവർ തന്നെയാണ് അവരുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ചെറുപ്പത്തിലേ ജോലി ചെയ്യുന്നതൊക്കെ നല്ല കാര്യമാണ്.പക്ഷേ,ആരോടും ചോദിക്കാതെ പണം കൈയിൽ വരുമ്പോൾ അവർക്കിഷ്ടമുള്ള രീതിയിൽ ചെലവഴിക്കും.ഇപ്പോൾ ഒരുപാട് പ്രലോഭനങ്ങളും ചതിക്കുഴികളും കുട്ടികൾക്കു ചുറ്റുമുണ്ട്.അതിലൊക്കെ അവർ വീഴുകയും ചെയ്യും.

ഇതൊക്കെ കുട്ടികളുടെ വിദ്യാഭ്യാസത്തേയും സ്വഭാവ രൂപീകരണത്തേയും പ്രതികൂലമായി ബാധിക്കുന്നതാണ്. നീണ്ട ബാല്യകാലം മനുഷ്യക്കുട്ടികളുടെ മാത്രം പ്രത്യേകതയാണ്.വിശേഷ ബുദ്ധിയുള്ള മനുഷ്യന് സ്വഭാവരൂപീകരണത്തിന് വേണ്ടിയുള്ള കാലമാണത്.അത് ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിയണം.രക്ഷിതാക്കളും അധ്യാപകരും ഒറ്റക്കെട്ടായി ഇതിനു വേണ്ടി പരിശ്രമിക്കണം.പണം കിട്ടിയാൽ എന്തും ചെയ്യാം എന്ന ചിന്താഗതിയിൽ നിന്നും നമ്മുടെ കുട്ടികളെ എങ്ങനെയെങ്കിലും രക്ഷിക്കണം.തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കുമൊക്കെ ചെറുപ്പക്കാർ എത്തുന്നത് വിശ്വാസപ്രമാണങ്ങൾക്കു വേണ്ടിയല്ല,ഒരു മതവും അതനുശാസിക്കുന്ന പ്രമാണഗ്രന്ഥങ്ങളും അക്രമത്തെ പ്രോസ്താഹിപ്പിക്കുന്നില്ല. വിശുദ്ധ ഖുറാനിൽ ആവർത്തിച്ചു പ്രസ്താവിക്കുന്നത് ക്ഷമയെക്കുറിച്ചാണ്. പിന്നെന്തിന് എന്ന ചോദ്യത്തിന് ആധികാ‍രം,പണം എന്നൊക്കെയാണ് ഉത്തരം. കൌമാരക്കാരെ എളുപ്പത്തിൽ വഴിതെറ്റിക്കാനാവും എന്ന് ഭീകരതയെ പോറ്റി വളർത്തുന്നവർക്കറിയാം.ഏതു ക്രൂര കൃത്യവും ചെയ്യാനുള്ള പരിശീലനം കിട്ടി മനുഷ്യരല്ലാതായി മാറുന്ന അവസ്ഥ സങ്കൽ‌പ്പിക്കാൻ പോലും കഴിയുന്നില്ല.അത്തരക്കാരെക്കൊണ്ട് നിറയുന്ന ഭൂമി ഇല്ലാതാവുന്നതാണ് നല്ലത്.

വിശ്വാസം അടിച്ചേൽ‌പ്പിക്കേണ്ട ഒന്നല്ല.ലോകത്തുള്ളവരെ മുഴുവൻ ഒരേ വിശ്വാസത്തിലെത്തിക്കുക എന്നത് ഒരിക്കലും സാദ്ധ്യമല്ല.അതിന്റെ ആവശ്യവുമുണ്ടെന്ന് തോന്നുന്നില്ല.ഒരു വീട്ടിൽ തന്നെ വ്യത്യസ്ത മത വിശ്വാസികൾ ജീവിക്കുന്ന വിശാല മനസ്ഥിതി ഉണ്ടാകണം.അമ്മയും അച്ഛനും സഹോദരനും കാമുകനും ഭർത്താവും ബന്ധുവും സുഹൃത്തുമൊക്കെ ഞാൻ വിശ്വസിക്കുന്ന മതത്തിൽ തന്നെയാവണമെന്ന് ശഠിക്കാത്ത ഒരു സമൂഹമാണ് എന്റെ സ്വപ്നം.അവിടെ എനിക്ക് എന്റെ വിശ്വാസം.അവർക്ക് അവരുടെ വിശ്വാസവും.
‘വിശ്വസിക്കാത്തവരോട് പറയുക.നിങ്ങൾ നിങ്ങളുടെ നിലപാടനുസരിച്ച് പ്രവർത്തിക്കുക.ഞങ്ങളും പ്രവർത്തിക്കുന്നതാണ്.’ വിശുദ്ധ ഖുറാൻ അധ്യായം11ഹൂദ്. സൂക്തം 121.

Friday, September 10, 2010

അശ്വത്ഥാമാവ്‌


പക തൻ ചലവും ചോരയുമൊഴുക്കി
വനാന്തരങ്ങളിലലഞ്ഞശ്വത്ഥാമാവ്‌
കരളിൽ കുടിയിരുത്തുമസൂയയ്ക്കു
കാണണമന്യന്റെ കണ്ണിലെ കണ്ണുനീർ.
തനിക്കു വയ്യാത്തൊരായിരം കാര്യങ്ങൾ
ചെയ്യുമപരനെ നശിപ്പിച്ചിരുത്താൻ
ചീറ്റും വിഷംനിറച്ചൊരു ഹൃദയത്തി-
ലെരിഞ്ഞുപോകുമാത്മസൗഹൃദങ്ങും.
അതിൻ കനലണിയും തിലകമായി
തിരുനെറ്റിയിലെരിയുമൊരഗ്നിയിൽ.
ഞാനെന്നഹങ്കാര ബ്രഹ്മാസ്ത്രമെയ്തെയ്തീ-
രേഴുലകുമൊടുക്കാനൊരുങ്ങു ദൗഷ്ട്യം.
അസത്യമധർമ്മമത്യാർത്തിയസൂയ-
യൊന്നായാകാരംപൂണ്ടൊരു മർത്യനെ
തടുക്കുവാനൊരു പാർത്ഥനും സാരഥിയു-
മിന്നീ മണ്ണിലുയിർത്തെഴുന്നേറ്റെന്നാലും.
ജയമില്ലാർക്കും തോൽവികൾ മാത്രമേകും
കുരുക്ഷേത്രമിനിയുമാവർത്തിച്ചേക്കാം.
മജ്ജയിൽ മാംസത്തിലൊട്ടുമശ്വത്ഥാമാവ്‌
മുറിക്കുവാനാകാ മരിക്കുവോളവും.

Tuesday, August 24, 2010

രക്ഷകൻ


വിറകൊള്ളും ചുണ്ടുകളിൽ
ചതഞ്ഞു ചിതറും ശബ്ദം
"പുറത്തുണ്ടാവാമപ്പാവ-
മുണ്ണാതെയുറങ്ങാതൊട്ടും.
പൊയ്പ്പോയ കാലിശൂന്യ-
സ്ഥലികളികൈനീട്ടാതെ;
കാണാകൊതിപ്പൂ മറയും
ചേതനയിലവ്യക്തം  രൂപം.
പ്രാണനെടുക്കുമുലകിൽ
പറന്നു പോകാൻ തുനിയും
പ്രാണനെ കണ്ണാലെ കണ്ട
പടരും ചെഞ്ചോരയിൽ
കാൽ നനച്ചടയാളമിട്ട   
കടന്നു പോകും പഥികർ.
ഞെരങ്ങും പ്രാണനെത്തന്റെ
കൈക്കുടന്നയിലൊതുക്കി-
ക്കടന്നു വന്നൂ കനിവായ്,
കാവലാളായ്‌ പുറത്തൊരാൾ.
ആതുരാലയത്തിന്നുള്ളിൽ
ജീവരക്ഷകനാകും ഞാനും
ജീവന്റെയുടയോനാകും
ദയവിമുന്നിൽ നമിക്കാം.

Tuesday, August 3, 2010

പ്രിയ തോഴരേയും കാത്തു ഞാൻ

കൂട്ടുകാരേ,
 പ്രശസ്ത ബ്ലോഗർ കെ.പി.സുകുമാരന്റെ ഒരു നിർദ്ദേശമാണ്‌.ഈ പുസ്തക പ്രകാശനച്ചടങ്ങ്‌ ഒരു ബ്ലോഗ്‌ മീറ്റാക്കി മാറ്റിയലോ എന്നു.എനിക്ക്‌ നൂറു വട്ടം സമ്മതം.എങ്കിൽ പുസ്തക പ്രകാശനത്തിനു ശേഷം നമുക്ക്‌ പരിചയപ്പെടുകയും അൽപ സമയം ഒന്നിച്ചു ചെലവഴിക്കുകയും ആവാമല്ലോ.ആർക്കൊക്കെ വരാൻ പറ്റുമെന്ന് ഇവിടെ കമന്റായി ഇടുമല്ലോ.
സസ്‌നേഹം
ശാന്ത കാവുമ്പായി
സുഹൃത്തുക്കളേ സമയത്തിൽ ചെറിയ മാറ്റമുണ്ട്‌.ആഗസ്റ്റ്‌14 നു11 മണി കൂടുതൽ വിവരങ്ങൾക്ക്‌ ഇവിടെ നോക്കൂ.
http://kpsukumaran.blogspot.com/2010/08/blog-post_06.html

Friday, July 23, 2010

Tuesday, July 20, 2010

മക്കളെ പോറ്റും പ്ലാവമ്മ

ഉച്ചയ്ക്ക് ചോറ്റുപാത്രം തുറക്കുമ്പോള്‍ എന്നും സോയാബീന്‍ കറി കൊണ്ടു വരുന്ന സഹപ്രവര്‍ത്തകയുടെ പരിദേവനം.വൈകുന്നേരം എന്നും ചക്കയായിരിക്കും കറി.ഭര്‍ത്താവിന്റെ അമ്മ ഉണ്ടാക്കുന്നത്.കേട്ടപ്പോള്‍ മറുപടി പറയാതിരിക്കാന്‍ കഴിഞ്ഞില്ല. ‘അത് നല്ലതല്ലേ’. ‘ചക്ക ഒരുപാട് ഉണ്ടെന്നു വെച്ച് എന്നും കറി വെക്കണോ’ എന്നായി കക്ഷി.ഇങ്ങനെ സോയാബീന്‍ കറി കൊണ്ടു വരുന്നതിനേക്കാള്‍ അതാണ് നല്ലതെന്നു പറഞ്ഞതിനെ അവള്‍ക്ക് അംഗീകരിക്കാനേ കഴിയുന്നില്ല.

ചക്കയെ ഇങ്ങനെ തള്ളിപ്പറയുന്നതിനെ എനിക്കും അംഗീകരിക്കാന്‍ കഴിയുന്നില്ല.എന്റെ ഇഷ്ട വിഭവമാണ് ചക്ക.ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ചക്ക കൊണ്ടുള്ള പല തരം വിഭവങ്ങള്‍ കഴിക്കുന്നതായിരിക്കാം ഈ ഇഷ്ടത്തിനു കാരണം.

അമ്മയുടെ തറവാട്ടിലും അച്ഛന്റെ തറവാട്ടിലും ഒരു പാട് പ്ലാവുകളുണ്ട്.ഓരോന്നിനും ഓരോ രുചിയാണ്.ഒരു ദിനചര്യ പോലെയാണ് ചക്ക പറിച്ചു കൊണ്ടു വരുന്നതും കറി വെക്കുന്നതും.ഇടിച്ചക്ക മുതല്‍ തുടങ്ങും.തോരന്‍,പുളിങ്കറി,അവിയല്‍, പച്ചടി,സാമ്പാര്‍ എല്ലാറ്റിനും ഇടിച്ചക്ക വേണം.

ഇത്തിരി മൂക്കുമ്പോള്‍ ചക്കച്ചുളയും കുരുവും കൂടി തോരന്‍ വെക്കും. കുരു ചേര്‍ക്കാതെ ചെറുതായി അരിഞ്ഞിട്ടു തോരന്‍ വെക്കുന്നത് പുതിയ രീതിയാണ്‌. ഓലന്‍ വെക്കും.പരിപ്പ്‌ ചേര്‍ത്തും ചേര്‍ക്കാതെയും മൊളകൂഷ്യം(എരിശ്ശേരി ) വെക്കും. കടല ചേര്‍ത്ത് കൂട്ടുകറി ആയും വെക്കും.ചെറുപയർ‍,വന്‍പയർ‍,തുവര ഇവയൊക്കെ ചേര്‍ത്ത് ചക്ക പുഴുക്ക് ഉണ്ടാക്കും. അച്ഛന്റെ അമ്മ കല്ലുമരിയിലേ ചക്ക വെക്കൂ.കല്‍പാത്രത്തില്‍ വെച്ചാല്‍ ഒരു പ്രത്യേക സ്വാദാണ്.

പണ്ട് നാട്ടിപ്പണിക്ക് ചക്കയും കഞ്ഞിയും ആണ് പണിക്കാര്‍ക്ക് ഉച്ചഭക്ഷണമായി നല്‍കുക. ചക്ക നന്നാക്കി അരിഞ്ഞിടാന്‍ ഒരാള്‍ ഉച്ചവരെ മെനക്കെടണം.അമ്മയുടെ വീട്ടില്‍ അമ്മയുടെ ചേച്ചിക്കാണ് ആ ചുമതല.വലിയ കലം നിറയെ വെക്കണം. ചക്കയുടെ കൂടെ ഇറച്ചിക്കറി ഉണ്ടെങ്കില്‍ ഭേഷായി എന്നു ചിലര്‍ പറയാറുണ്ട്‌.

ചക്കച്ചുള മാത്രമല്ല കറിവെക്കാനുപയോഗിക്കുന്നത്.ചക്കയുടെ രണ്ടു ഭാഗങ്ങളേ കറി വെക്കാന്‍ കൊള്ളാതുള്ളൂ .പുറത്തെ കരൂളും കുരുവിന്റെ പുറത്തെ തൊലിയും(ചൂളി).കരൂള്‍ ചെത്തിക്കളഞ്ഞാല്‍ കിട്ടുന്ന മടല്‍ ചക്കയുടെ കൂടെ ഇടാം.ചക്കമടല്‍ കൊണ്ടു മൊരൊഴിച്ചു കാളനുണ്ടാക്കും. വാളന്‍പുളിയൊഴിച്ചു പുളിങ്കറി വെക്കും.പച്ചടി വെച്ചാല്‍ എന്താണ് സാധനമെന്ന് മനസ്സിലാവില്ല.. അവിയലിനും മടല്‍ ഉപയോഗിക്കും.

ചില ചക്കയ്ക്ക് ചുള കുറവും ചകിണി കൂടുതലുമായിരിക്കും.അതു നല്ല പട്ടു പോലുള്ള ചകിണി ആയിരിക്കും.പൊടിയായി അരിഞ്ഞു തോരന്‍ വെച്ചാല്‍ എന്തു സ്വാദായിരിക്കുമെന്നോ! ചില ചക്കയുടെ കൂഞ്ഞല്‍ വളരെ മൃദുവായിരിക്കും.അത് മസാലക്കറി വെക്കാന്‍ നല്ലതാണ്. ചകിണി ഉണക്കി എണ്ണയില്‍ വറുത്ത് ചമ്മന്തിപ്പൊടി ഉണ്ടാക്കാം.കൂഞ്ഞല്‍ കൊണ്ടും ചമ്മന്തിപ്പൊടി ഉണ്ടാക്കാം.
ചക്കയുടെ പോണ്ടി ഉണക്കി വെക്കും.മഴക്കാലത്ത് കുറച്ചു കുറച്ചെടുത്ത് ഉപ്പു പുരട്ടി അടപ്പിന്റെ കല്ലിനടുത്തു വെച്ച് ഒന്നുകൂടി ഉണക്കും.എന്നിട്ട് വെളിച്ചെണ്ണയില്‍ വറുത്തെടുത്താല്‍ അസ്സല്‍ കൊണ്ടാട്ടമായി.

ചക്കച്ചുള വറുത്തത് ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല.വിഷുവിനു ചക്ക ഉപ്പേരി കൂടിയേ തീരൂ.ചക്ക കൊണ്ട് പപ്പടവും ഉണ്ടാക്കാം.ചക്കച്ചുള മഞ്ഞള്‍ ചേര്‍ത്ത് വേവിച്ച് അരച്ച് കുരുമുളകുപൊടിയും എള്ളും ചേര്‍ത്ത് വൃത്താകൃതിയില്‍ പരത്തി വെയിലത്ത്‌ വെച്ച് ഉണക്കണം.ഭദ്രമായി അടച്ചു വെച്ചാല്‍ ആവശ്യത്തിന് എടുത്ത് വെളിച്ചെണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.

ചക്കക്കുരുവിന്റെ കാര്യം പറയുകയേ വേണ്ട.പഴുത്ത ചക്കയുടെ കുരു കഴുകി വെള്ളം വറ്റാന്‍ ചാണകം മെഴുകിയ തറയില്‍ നിരത്തിയിടും.ജലാംശം തീര്‍ത്തും അപ്രത്യക്ഷമാകുമ്പോള്‍ പഴയ മണ്‍കലത്തില്‍ ഓരോ പാളിയായി ഉണങ്ങിയ മണ്ണും ചക്കക്കുരുവും നിരത്തും.എത്രകാലം വേണമെങ്കിലും ഇങ്ങനെ സൂക്ഷിക്കാം.കുട്ടികള്‍ ചെളിയില്‍ കളിച്ചു വരുമ്പോള്‍ മുതിര്‍ന്നവര്‍ പറയാറുള്ളത് ‘മണ്‍പിടിച്ച ചക്കക്കുരു പോലെ’ എന്നാണ്.എന്റെ അമ്മ പുതിയ കുരു ഉണ്ടാകുന്നതു വരെ ഇങ്ങനെ സൂക്ഷിച്ചത്‌ കറി വെക്കും.പിന്നെ അയല്‍പക്കക്കാര്‍ക്ക് പങ്കിട്ടു കൊടുക്കും.

കൊത്തിയരിഞ്ഞ് തേങ്ങ ചിരവിയിട്ടു തോരന്‍.നാലായി കീറിയിട്ട് ഓലന്‍.വെള്ളരിക്ക,കുമ്പളങ്ങ,വഴുതിനങ്ങ,പച്ചപ്പയര്‍ ഇവ ചേര്‍ത്ത ഓലന്‍.പരിപ്പ് ചേര്‍ത്ത് മൊളകൂഷ്യം.ചെറുപയർ‍,മണ്‍പയർ‍,തുവര എന്നിവയുടെ കൂടെ പുഴുക്ക്.എല്ലാം സ്വാദിഷ്ടം തന്നെ. പച്ച മാങ്ങയും ചേര്‍ത്ത് ചക്കക്കുരു കറി വെച്ചാല്‍ നല്ല സ്വാദാണ്. പകുതി വേവിച്ച് വെളിച്ചെണ്ണയില്‍ മൊരിച്ചെടുത്ത ഉപ്പേരി പുതിയ ഒരു വിഭവമാണ്.അവിയല്‍ കഷണമായും ചക്കക്കുരു ഉപയോഗിക്കാം.ചക്കക്കുരു ചുട്ടെടുത്ത് തേങ്ങയും മുളകും പുളിയും ചേര്‍ത്ത് അരച്ച് ചമ്മന്തിയാക്കാം. അങ്ങനെ എത്രയോ വിധത്തില്‍ ചക്കക്കുരു കറി വെക്കാം.

മഴ പെയ്യുമ്പോള്‍ ചക്കക്കുരു മണ്‍കലത്തില്‍ വറുത്ത് തെങ്ങാപ്പൂളിനൊപ്പം തിന്നാന്‍ നല്ല രസമാണ്.അടുപ്പില്‍ ചുട്ടും തിന്നാം.കുട്ടികള്‍ സാധാരണ അങ്ങനെ ചെയ്യാറുണ്ട്.

പഞ്ഞക്കര്‍ക്കിടകത്തില്‍ ചക്കച്ചുള കുരുവടക്കം പുഴുങ്ങി വെളിച്ചെണ്ണ നനച്ച് തിന്നും.ചക്ക കറി വെക്കുമ്പോള്‍ പണ്ടത്തെ കുട്ടികള്‍ ആള്‍ വീതം കുരു പോണ്ടി മാത്രം കളഞ്ഞു അതിലിടും.കറി വിളമ്പുമ്പോള്‍ കൃത്യമായി കണക്ക്‌ പറഞ്ഞു മൂടന്‍ കുരു വാങ്ങും.അതിനു വേണ്ടി കുട്ടികള്‍ തമ്മില്‍ അടികൂടാനും മടിക്കാറില്ല.

നല്ലൊരു പഴമല്ലേ ചക്ക.വരിക്കയും കൂഴയും രണ്ടു തരം.സാധാരണ ഞങ്ങളൊക്കെ വരിക്ക പഴുക്കാന്‍ മാറ്റി വെച്ച് കൂഴയാണ് കറി വെക്കുക. കൂഴച്ചക്ക പഴുത്താല്‍ മടല്‍ കൈ കൊണ്ട് പൊളിച്ചു ചുള അടര്‍ത്തിയെടുത്ത് വായിലിട്ട് കുരു വലിച്ചൂരാന്‍ നല്ല രസമാണ്. തേന്‍വരിക്ക ആയാലോ? വായിലിപ്പോള്‍ കപ്പലോടിക്കാന്‍ പറ്റില്ലേ?

പഴുത്ത ചക്ക കൊണ്ട് പല വിഭവങ്ങള്‍ ഉണ്ടാക്കാം.പലഹാരങ്ങളും പ്രഥമനും.കര്‍ക്കിടകത്തിലാണ് എന്റെ ഒരു സഹോദരന്റെ പിറന്നാൾ‍.അന്ന് അമ്മ ഉറപ്പായും ചക്കപ്രഥമന്‍ ഉണ്ടാക്കും. പഴുത്ത വരിക്കച്ചക്ക ചെറുതായി അരിഞ്ഞ് വേവിച്ച് വെല്ലവും പശുവിന്‍ നെയ്യും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കും.ഇത് അരിപ്പൊടിയും ചേര്‍ത്താണ് പ്രഥമനും പലഹാരങ്ങളും ഉണ്ടാക്കുക.കുമ്പിളപ്പം,ഇതിന്റെ മറ്റൊരു രൂപം, ധാരാളം തെങ്ങാക്കൊത്തുകളും വറുത്ത അരിപ്പൊടിയും പഴുത്ത ചക്ക വഴറ്റിയതും ഒന്നിച്ച് കുഴച്ച്‌

വാഴയിലയില്‍ പൊതിഞ്ഞ് നേന്ത്രക്കായുടെ വലുപ്പത്തില്‍ ആവിക്ക്‌ വേവിച്ചെടുക്കുന്നതിനെ ഞങ്ങള്‍ മൂടക്കടമ്പ് എന്ന് പറയും.ഇത് ഇലയടയായും ഉണ്ടാക്കാം.ചക്ക വഴറ്റിയത് പുളിച്ച അരിമാവില്‍ ചേര്‍ത്ത് മൊരിച്ചെടുത്ത ദോശ ഇതൊക്കെ ഞങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളാണ്.വഴറ്റിയ ചക്ക കുറെനാള്‍ സൂക്ഷിക്കാം.ഹല്‍വ തുടങ്ങിയ വിഭവങ്ങളും പഴുത്ത ചക്ക കൊണ്ട് ഉണ്ടാക്കാം.ഇനിയും ഒരുപാടു പരീക്ഷണങ്ങള്‍ക്ക് വഴങ്ങുന്ന ഒന്നാണ് ചക്ക.

പണ്ടു കാലത്ത് വ്യത്യസ്ത പ്രദേശങ്ങളിലുള്ളവര്‍ കണ്ടു മുട്ടിയാല്‍ ആദ്യം ചോദിക്കുന്നത് ഇക്കൊല്ലം ചക്കയും മാങ്ങയും നന്നായി ഉണ്ടോ എന്നായിരിക്കും.ഇല്ലെങ്കില്‍ അക്കൊല്ലം വറുതിക്കാലം. ‘അഴകുള്ള ചക്കയില്‍ ചുളയില്ല’ എന്ന പഴഞ്ചൊല്ല് തെളിയിക്കുന്നത് പഴയ മനുഷ്യന്റെ ജീവിതവുമായി പ്ലാവിനും ചക്കയ്ക്കും അത്രയ്ക്ക് അഭേദ്യ ബന്ധമുണ്ടെന്നാണ്.

യുവ തലമുറ ചക്കയില്‍ നിന്നും അതുപോലുള്ള ആഹാര സാധനങ്ങളില്‍ നിന്നും അകന്നു പോകാന്‍ എന്തായിരിക്കും കാരണം?അവര്‍ക്ക്‌ ഇത്തരം ആഹാരം ഇഷ്ടമല്ല എന്നാണ് പറയുന്നത്.

ചക്ക പറിക്കണമെങ്കില്‍ മരത്തില്‍ കയറണം.മരം കയറുക തുടങ്ങിയ സിദ്ധികളൊക്കെ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ.ഇനി പറിച്ചു കിട്ടിയാലോ.അത് കഷണങ്ങളാക്കണം.ചുള ഉരിഞ്ഞെടുക്കണം.അത് പിന്നെയും നന്നാക്കിയെടുക്കണം.കൈയില്‍ മുളഞ്ഞില്‍ പറ്റും.അത് കളയാന്‍ മെനക്കെടണം.പിന്നെ ശ്രദ്ധിച്ചു പാചകം ചെയ്യണം. ഈ അതിവേഗ യുഗത്തില്‍ ആര്‍ക്ക്‌ ഇതിനൊക്കെ നേരം.പച്ചക്കറിക്കടയില്‍ പെട്ടെന്ന്‍ കറിയാക്കാന്‍ പറ്റുന്ന തക്കാളിയും കാബേജുമൊക്കെ തിളങ്ങുന്ന സൌന്ദര്യത്തോടെ കാത്തിരിക്കുന്നുണ്ട്.കാശ് മാത്രം മതി.അപ്പോള്‍ പിന്നെന്തിനു മെനക്കെടണം? ചെറുപ്പത്തില്‍ ഉണ്ടാക്കിക്കൊടുക്കാത്ത ആഹാരം മുതിര്‍ന്നു കഴിഞ്ഞാലും ഇഷ്ടമാകില്ല.അതുകൊണ്ടാണ് ഇന്നത്തെ അമ്മമാര്‍ അഭിമാനത്തോടെ എന്റെ മക്കള്‍ ചക്കക്കറി കഴിക്കില്ല എന്നു പറയുന്നത്.അവരുണ്ടാക്കിക്കൊടുത്തിട്ടു വേണ്ടേ കുട്ടികള്‍ കഴിക്കാന്‍.

ചക്ക മനുഷ്യന്റെ മാത്രം ആഹാരമല്ല.പശുവിനും ആടിനും പ്രിയപ്പെട്ട ഭക്ഷണമാണ് ചക്ക മടല്‍. ചക്ക നമ്മള്‍ കൊടുക്കാഞ്ഞിട്ടാണേ. മിക്ക ജീവികള്‍ക്കും ചക്ക ഇഷ്ടമാണ്. കുരങ്ങന്‍,അണ്ണാന്‍ പക്ഷികൾ‍,എന്തിന് ആനയ്ക്കു വരെ. വെറുതെയാണോ ‘ചക്കയ്ക്കുപ്പില്ല’എന്നു വിഷുപ്പക്ഷി പാടുന്നത്.

എന്റെ വീട്ടു പറമ്പില്‍ കുറെ പ്ലാവുണ്ട്.അതില്‍ ഒരു സുന്ദരി ഞങ്ങളുടെ ബെഡ് റൂമിന്റെ അടുത്താണ്.ജനല്‍ തുറന്നു നന്നായി കൈ നീട്ടിയാല്‍ തൊടാന്‍ പറ്റുന്നത്ര അടുത്ത്.മൂന്ന് വര്‍ഷമായി കായ്ക്കാന്‍ തുടങ്ങിയിട്ട്.വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന പഴഞ്ചൊല്ല് പഠിച്ചിട്ട് കായ്ച്ചതാണോ അവള്‍ എന്നൊരു സംശയമുണ്ട്.പ്ലാവിനു ചുറ്റും നിലത്താണ് കൂടുതല്‍ ചക്കയും വളരുന്നത്..ചെളിയില്‍ പൊതിഞ്ഞു പോകാതിരിക്കാന്‍ പലകക്കഷണങ്ങള്‍ വെച്ച് ചക്ക അതില്‍ പൊക്കി വെക്കണം.നല്ല വരിക്കച്ചക്കയാണ്.

എന്റെ സങ്കടം അവളെ പ്രതിയാണ്.അവള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു.ഞങ്ങളുടെ വീടും അവളും തമ്മില്‍ അതിര്‍ത്തി തര്‍ക്കത്തില്‍ പിണങ്ങാന്‍ ഏറെക്കാലം വേണ്ട.അപ്പോൾ‍..അപ്പോള്‍ എന്തു ചെയ്യും?