Friday, February 25, 2011

ഏഴിലം‌പാലയിൽ


കടും‌പച്ചയുടുപ്പുരിഞ്ഞ്
മദിപ്പിക്കും ഗന്ധമൊഴുക്കി
ശലഭങ്ങൾ വണ്ടുകൾ
ചൂഴ്ന്നേഴിലം‌പാല പൂത്തു.
മദഗന്ധമുണരുമുടലിൻ
മധുകണമൂറ്റിയെടുത്തൊരു
വെൺ‌പട്ടാട ചാർത്തി;

നെറുകയിലാണി തറച്ചേ-
ഴിലംപാലയിൽ കുടിവെക്കാം.
അഭയാർത്ഥികളൊഴിയാതെ
അഭീഷ്ട വരദായിനിയായി.
കാരിരുമ്പിന്റെ നീറ്റലുമായ്
പാണികളഭയ മുദ്രയിൽ.
ഇരുമ്പാണി പറിച്ചെറിയാതെ
കുടികൊള്ളുമനുഗ്രഹമൂർത്തി
പിന്നെയുമേഴിലം‌പാലയിൽ.

Monday, February 14, 2011

പ്രണയത്തിനൊരാശംസ

അകലുമ്പോളടുക്കാൻ കൊതിച്ച്;
അടുക്കുമ്പോൾ കൈപ്പിടിയിലൊതുക്കി;
കൈയിലൊതുങ്ങിയാൽ വലിച്ചെറിഞ്ഞ്;
ചളുങ്ങി നാശമായ പ്രണയത്തിനാശംസിക്കാം.
കാക്കത്തൊള്ളായിരമാണ്ടിന്റെയായുസ്സിന്നീ
പ്രണയ ദിനത്തിലൊരിക്കൽക്കൂടി ഞാനും.

Sunday, February 6, 2011

സ്മൃതിസംഗമം-2010

അറിവിന്റെ കേദാര ഭൂമികയിതു ഞങ്ങ-
ളാത്മാവിൽ കുടിവെക്കുമൊരു പുണ്യ ക്ഷേത്രമാം.
ടാഗോർ വിദ്യാ നികേതക്ഷേത്രത്തിലനുഗ്രഹി-
ച്ചരുളുമീശ്വരന്മാരാം ഗുരുസന്നിധിയിൽ.
സ്മൃതിസംഗമത്തിന്നുൾപ്പുളകത്തിലാറാടാൻ
വന്നെത്തി ഞങ്ങളീ തിരുനടയിലൊന്നായി.
തിളങ്ങുമറിവിന്നഗ്നിയായക്ഷരങ്ങളിൽ
തീർത്തെടുത്ത പൊൻചിറകുമായ്പ്പറന്നു പോയി
പല നാട്ടിൽപ്പലവേഷവുമാടിത്തീർക്കുവാൻ
പാരിൽ പണിതുയർത്തുവാൻ നാകവുമൊന്നാകെ
കരുത്തുറ്റ ഭാവിക്കു വാഗ്ദാനമാകുവാനായ്
കനിവാർന്ന സൂനങ്ങളെത്രയോ വിരിയിക്കാൻ
മന്നിൽ ശാന്തി തൻ പൂക്കളമെങ്ങുംതീർക്കുവാനും
മേൽക്കു മേലുയരട്ടെയെന്നാത്മവിദ്യാലയം