Friday, April 22, 2011

അന്നവിചാരം മുന്നവിചാരം

ഇക്കൊല്ലം എസ്.എസ്.എൽ.സി.പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിനുള്ള അപേക്ഷ ഓൺലൈനിൽ കൊടുക്കാൻ സമയമായപ്പോൾ ഒന്ന് സംശയിച്ചു നിന്നു.ഈ മുടിഞ്ഞ മുട്ടുവേദനയുംകൊണ്ട് എങ്ങനെ പോകും.ഇനി പോകാൻ അവസരമില്ലല്ലോ.അതുകൊണ്ട് എന്തായാലും പോകണം എന്നായി നല്ലവനായ മുരളിമാസ്റ്റർ.

മലയാളം ഒന്നാം പേപ്പറിന്റെ ക്യാമ്പ്  തളിപറമ്പ് മൂത്തേടത്ത് ഹൈസ്കൂളിലാണ്.വളരെ അടുത്തല്ലേ.ഏതായാലും കൊടുക്കുക തന്നെ.

മൊബൈലിൽ സെലൿഷൻ മെസ്സേജ് കിട്ടിയപ്പോൾ ചെറിയൊരു ടെൻഷൻ.എന്നാലും പോകാൻ തീരുമാനിച്ച് ഒരുക്കങ്ങൾ തുടങ്ങി.വീട്ടുകാരെ ബോധ്യപ്പെടുത്തുക എന്ന കടമ്പ 
ഏറെ പ്രയാസപ്പെട്ട് കടന്നു.സുഖമില്ലാത്ത നിനക്കിതിന്റെയൊക്കെ ആവശ്യമെന്താണെന്നും പറഞ്ഞ് ഇടന്തടിച്ച് നിൽക്കുകയായിരുന്നു അവർ.ആൻസർ പേപ്പർ വാല്യു ചെയ്യുക ഒരു ബോറടിപ്പിക്കുന്ന ജോലിയാണെന്നാണ് കോളേജധ്യാപകനായ സഹോദരന്റെ അഭിപ്രായം.അവർക്കൊന്നുമറിയില്ലല്ലോ ബോറടി മാറ്റാനുള്ള മരുന്നൊക്കെ വാല്യുവേഷൻ ക്യാമ്പിലുണ്ടെന്ന്.പാവങ്ങൾ!

അമ്മയേയുമച്ഛനേയും സോപ്പിട്ട് സഹോദരന്റെ തളിപ്പറമ്പിലുള്ള വീട്ടിലെത്തിച്ചു.
മൂല്യനിർണയം കഴിയുന്നതുവരെ പൊറുതി അവിടെയാക്കാം.

മുൻ‌കാല മൂല്യനിർണയ ക്യാമ്പുകളുടെ മധുരസ്മരണകളാണ് എന്നെക്കൊണ്ട് 
ഇത്രയേറെ ത്യാഗം ചെയ്യിപ്പിച്ചത്.പ്രതിഫലമായി കിട്ടുന്ന 
കാശ് വിലപ്പെട്ടതാണെങ്കിലും അതിനേക്കാൾ വിലപ്പെട്ട  കുറെ 
സൌഹൃദങ്ങൾ അവിടെ നിന്നും എനിക്ക് നേടാൻ കഴിഞ്ഞിട്ടുണ്ട്.
അവരെയൊക്കെ കാണാനും പരിചയം പുതുക്കാനും പറ്റിയ 
അവസരമാണിത്.തമാശയും ചിരിയുമൊക്കെയായി മനസ്സിന് 
ഉല്ലാസമുണ്ടാക്കുന്ന ഒരന്തരീക്ഷം അവിടെ എല്ലാവരും കൂടി  
സൃഷ്ടിക്കും.മൂല്യനിർണയ ക്യാമ്പ് കഴിയുമ്പോഴേക്കും എല്ലാവരുടേയും 
പത്തു വയസ്സെങ്കിലും കുറഞ്ഞിരിക്കും.തൂക്കം പത്തു 
കിലോയെങ്കിലും കൂടിയുമിരിക്കും.ഓരോരുത്തരും ഊഴമിട്ടല്ലേ 
പലഹാരങ്ങൾ കൊണ്ടുവന്ന് തീറ്റിക്കുന്നത്.ഷുഗറ് വീരന്മാരൊക്കെ 
ചായ വിത്തൌട്ടാക്കി ഐസ്ക്രീം തട്ടുന്നത് കാണേണ്ട 
കാഴ്ച തന്നെയാണ്.കൈക്ക് പിടിച്ച് തടയാൻ വീട്ടുകാരി 
അടുത്തില്ല എന്ന അഹങ്കാരം.അല്ലാതെന്താ! ഇതൊക്കെ 
കേൾക്കുമ്പോൾ മറ്റുള്ളവർക്കും ഞങ്ങളധ്യാപകരോട് ഇത്തിരി 
അസൂയയൊക്കെ തോന്നുന്നില്ലേ? എന്തിനാ ഇത്തിരിയാക്കുന്നത്.
മുഴുവൻ കേട്ടാൽ മത്തങ്ങാ വലുപ്പത്തിൽ തന്നെ അസൂയപ്പെടാം.

ഇക്കൊല്ലത്തെ വിഷു ആഘോഷമൊക്കെ തെരഞ്ഞെടുപ്പിന്റെ 
ബഹളത്തിൽ ഏതാണ്ട് മുങ്ങിപ്പോയിരുന്നു.സദ്യ ഒരുക്കിയും 
ഒരുക്കാതെയുമൊക്കെ ഓടിപ്പോന്നതാ എല്ലാവരും.അതുകൊണ്ട് 
ക്യാമ്പിൽ ഒന്നുകൂടി ആഘോഷിച്ചാലോ എന്നായി.എല്ലാവർക്കും 
പെരുത്ത് സന്തോഷം.പറഞ്ഞുതീരുന്നതിനുമുമ്പേ കൊണ്ടുവരേണ്ട 
വിഭവങ്ങളുടെ ലിസ്റ്റെഴുതാൻ തുടങ്ങി.ഉപ്പേരിതൊട്ട് പപ്പടം 
വരെയുള്ള വിഭവങ്ങളുടെ ലിസ്റ്റ് തയ്യാറായി. വിഭവങ്ങൾ 
കൊണ്ടുവരാൻ അംഗങ്ങൾ തമ്മിൽ മത്സരമായിരുന്നു.അതുകൊണ്ട് 
പലതിന്റേയും ഒന്നിലേറെ കോപ്പി ഉണ്ടായിരുന്നു. ഉപ്പേരിതൊട്ട് 
തുടങ്ങാമെന്ന് ഞാൻ പറഞ്ഞപ്പോൾ പപ്പടം കൊണ്ട് പൂർത്തിയാക്കാൻ 
പവിത്രൻ‌മാഷും തയ്യാറായി.നാലുതരം അച്ചാറുകൾ. പുളിയിഞ്ചി 
കാസർഗോട്ടുകാരൻ മുഹമ്മദുകുഞ്ഞി സ്വന്തമായി പരീക്ഷണം 
നടത്തി ഉണ്ടാക്കിക്കൊണ്ടുവന്നു. രണ്ടുതരം പായസം.
വിജയകുമാറിന്റെ സേമിയപ്പായസവും നാരായണൻ നമ്പൂതിരിയുടെ 
പാൽ‌പ്പായസവും. ദാക്ഷായണിടീച്ചറിന്റെ കൂട്ടുകറിയും ലീനടീച്ചറിന്റെ 
സാമ്പാറും സോമൻ‌മാഷിന്റെ പുളിശ്ശേരിയും രൺദിവെയുടെ 
മസാലക്കറിയും ശ്രീജയുടെ അവിയലും പഴുത്ത മാങ്ങാപ്പച്ചടിയും 
സുബ്രഹ്മണ്യന്റെ ഇടിച്ചക്കയച്ചാറും പ്രസന്നടീച്ചറിന്റെ പെരക്കും 
നിറഞ്ഞുകവിഞ്ഞപ്പോൾ ചീഫുമാരായ അനിതടീച്ചറും രവികുമാറും 
തങ്ങളാർക്കും പിന്നിലല്ലെന്ന് തെളിയിച്ചു.ഓലനില്ലാതെന്തു 
സദ്യയെന്ന് അനിതടീച്ചർ മുന്നേറിയപ്പോൾ ഇലയില്ലാതെങ്ങനെ
യെന്നായി അവരുടെ സഹപാഠി കൂടിയായിരുന്ന രവിമാഷ്.
അദ്ദേഹത്തിന്റെ പറമ്പിൽ വളരുന്ന നല്ല നാടൻ വാഴയുടെ
ഇലയിൽ സദ്യ വിളമ്പുന്നതിൽ എല്ലാവർക്കും സന്തോഷമേയുള്ളൂ.
ആവി പറക്കുന്ന കുത്തരിച്ചോറിന്റെ കുത്തകക്കാരനായി 
മനോജ് മാഷ് സദ്യയുടെ നടുനായകത്വമേറ്റെടുത്തു.

ഷമീം ടീച്ചർ വിട്ടുകൊടുക്കാനേ ഭാവമില്ല.പുതിയൊരു 
സ്റ്റൈലിൽ ചിക്കനുംകൊണ്ട് ടീച്ചറെത്തി മറ്റുള്ളവരെ 
അമ്പരപ്പിച്ചുകളഞ്ഞു.സതിടീച്ചർ മുളകുകൊണ്ടാട്ടവും 
അച്ചാറുംകൊണ്ട് എല്ലാവരേയും കരയിക്കുമ്പോൾ 
ചമ്മന്തിപ്പൊടിയുമായി ശാലിനിടീച്ചർ തൊട്ടു പിന്നാലെയുണ്ട്. 
പഴവുംപായസവും പച്ചടിയും പയറുതോരനും 
നാരങ്ങാക്കറിയും രസവും നമ്പൂതിരിമോരുമൊക്കെയായി
സദ്യ പൊടിപൊടിക്കുമ്പോൾ അങ്ങനെയിപ്പോൾ 
പപ്പടത്തിൽ അവസാനിപ്പിക്കേണ്ടെന്നു പവിത്രനെ 
വെല്ലുവിളിച്ചുകൊണ്ട് വിജയകുമാറിന്റെ കാസർഗോട് 
സ്പെഷ്യൽ ഹോളിഗെയും രംഗത്തെത്തി.ഇനിയിപ്പോൾ 
വിരൽ തൊണ്ടയിലിട്ട് അമർത്തിയാൽക്കൂടി 
ഒഴിഞ്ഞ സ്പേസ് കിട്ടാത്തതുകൊണ്ട് ഞാൻ 
ഹോളിഗെ പൊതിഞ്ഞുവാങ്ങി.ഒഴിയുമ്പോൾ 
സൌകര്യംപോലെ കഴിക്കാലോ.

പുളുവടിക്കുകയാണെന്നാർക്കെങ്കിലും സംശയമുണ്ടെങ്കിൽ ഇതാ പിടിച്ചോ തെളിവ്.


                         
                            വിഭവങ്ങളെല്ലാംഎത്തിയല്ലോ.ഇല വെക്കട്ടെ


                                തിടുക്കം കൂട്ടാതെ കൂട്ടരേ.വിളമ്പിത്തുടങ്ങി

                
                            എല്ലാവരും ഇരുന്നോളൂ.ദാ..വിളമ്പിക്കഴിഞ്ഞു.


     
                            എത്ര കൂട്ടമുണ്ടെന്നെണ്ണിയിട്ടു ബാക്കി കാര്യം.


        സദ്യയുണ്ടതിനുശേഷം വിശ്രമിക്കാനൊന്നും സമയമില്ല.
        വായടക്കി,ജോലിയിൽ മുഴുകി 

ഇതുപോലുള്ള കൂട്ടായ്മകൾ സ്നേഹം വളർത്തുമെന്ന് മുഹമ്മദുകുഞ്ഞി 
പറഞ്ഞപ്പോൾ അതിനോട് പൂർണമായും യോജിച്ചു.

മനുഷ്യൻ അടിസ്ഥാനപരമായി നല്ലവനാണ്.സ്നേഹം 
കൊടുക്കാനും വാങ്ങാനും കൊതിക്കുന്നവനാണ്.അല്ലെങ്കിൽ 
മുൻപരിചയം ഏറെയൊന്നുമില്ലാത്ത ഒരുകൂട്ടം മനുഷ്യർ ഒത്തു
കൂടിയപ്പോൾ പരസ്പരം സ്നേഹം ചൊരിയാൻ മത്സരിക്കുന്നതെന്തിന്.
നൂറുകൂട്ടം ചൂടുപിടിച്ച പ്രശ്നങ്ങൾ ചർച്ചചെയ്യാനുള്ള 
തെരഞ്ഞെടുപ്പുകാലമായിട്ടുകൂടി ഇടവേളകളിൽ മറ്റുള്ളവർക്ക് 
അഹിതമായ ഒരു വാക്കുപോലും ഞങ്ങളാരും ഉരിയാടാറില്ല.
ഒരാളുടെ പ്രശ്നം എല്ലാവരുമേറ്റെടുത്ത് പരിഹരിക്കുന്നു.
പന്ത്രണ്ടുദിവസത്തിനുശേഷം പിരിഞ്ഞുപോകേണ്ടവരാണ് 
എന്ന ബോധമായിരിക്കാം ഈ ഐക്യത്തിന്റേയും 
സ്നേഹത്തിന്റേയും സുന്ദരനിമിഷങ്ങളിൽ ഞങ്ങളെയെത്തിച്ചത്.
എന്റേത്,എനിക്ക് എന്ന സ്വാർഥമോഹങ്ങളൊന്നും ഞങ്ങളുടെ 
ഇടയിൽ വളരേണ്ട കാര്യവുമില്ല.അണുകുടുംബത്തിലേക്ക് 
പറിച്ചുനട്ടപ്പോൾ ഒറ്റപ്പെട്ടുപോയ ആധുനികമനുഷ്യന്റെ 
കൂട്ടുകുടുംബഗൃഹാതുരത്വവും മറ്റൊരു കാരണമായി 
എനിക്കു തോന്നുന്നു. സാമൂഹ്യജീവിയായ മനുഷ്യൻ 
തന്റെ സ്നേഹം മുഴുവൻ കുടുംബത്തിലെ രണ്ടോ 
മൂന്നോ വ്യക്തികളിൽ കേന്ദ്രീകരിക്കുമ്പോൾ വല്ലാതെ 
സ്വാർഥനായിപ്പോകുന്നു.ആ സ്നേഹം തിരിച്ചുകിട്ടുന്നില്ല 
ന്ന തോന്നൽ മതി ഭ്രാന്തുപിടിക്കാൻ.ഇന്ന് കാണുന്ന 
പല കുഴപ്പങ്ങൾക്കും അതാണ് കാരണം.ഒരുപാടുപേർ 
സ്നേഹിക്കാനുണ്ടെന്ന് ബോധമുണ്ടെങ്കിൽ ഒരിക്കലും അരും 
വഴിതെറ്റിപ്പോകില്ല.അതിന് കൂട്ടുകുടുംബത്തിനുപകരം 
പുതിയ കൂട്ടായ്മകൾ ഉണ്ടാകണം.പന്ത്രണ്ടു 
ദിവസത്തിനുശേഷമല്ലെങ്കിലും ഒരിക്കൽ എല്ലാവരും 
വേർപിരിയേണ്ടവരാണ്.അപ്പോൾ ചുരുങ്ങിയ 
ജീവിതകാലത്ത് പരസ്പരം സ്നേഹത്തോടെ 
കഴിയുന്നതല്ലേ നല്ലത്?

Tuesday, April 5, 2011

ഒരു ചുവട് മുന്നോട്ട് വെച്ച് രണ്ട് ചുവട് പിന്നോട്ടാകാതെ

ചെങ്ങന്നൂരിൽ മാർച്ച് 22 ചൊവ്വാഴ്ച്ച നടന്ന കൊലപാതകം  
തിരഞ്ഞെടുപ്പിന്റെ ജ്വരത്തിൽ വലിയ വാർത്താപ്രാധാന്യം 
കിട്ടാതെ പോയ ഒന്നാ‍ണ്. പെൺകുട്ടികളുടേയും അവരുടെ
രക്ഷിതാക്കളുടേയും ജീവന് യാതൊരു സുരക്ഷിതത്ത്വവും 
നമ്മുടെ നാട്ടിലില്ല എന്ന് വീണ്ടും തെളിയിച്ചുകൊണ്ട് വർഷയുടെ  
പിതാവ് അശോകൻ അരുംകൊലചെയ്യപ്പെട്ടു.വർഷ   
ഗുരുതരാവസ്ഥയിലും.രാഹുൽ വർഗ്ഗീസ് എന്ന എ‌ൻ‌ജിനീയറിംഗ് 
വിദ്യാർഥിയുടെ ലക്ഷ്യം അശോകനായിരുന്നില്ല.വിവാഹാഭ്യർത്ഥന 
നിരസിച്ച പെൺകുട്ടി തന്നെയായിരുന്നു.പെൺകുട്ടിയെ 
അക്രമിക്കുമ്പോൾ തടയാൻ ചെന്ന പിതാവ് കുത്തേറ്റു 
മരിക്കുകയായിരുന്നു.

സൌമ്യയുടെ കൊലപാതകം കഴിഞ്ഞ് ഏറെ നാളായില്ല.അതേ 
അവസ്ഥയിൽ മറ്റൊരു പെൺകുട്ടി വീണ്ടും വധശിക്ഷയ്ക്കു 
വിധിക്കപ്പെട്ടിരിക്കുന്നു.ആദ്യത്തേതിൽ കണ്ണും കൈയുമില്ലാത്ത കാമം 
വില്ലനായപ്പോൾ  രണ്ടാമത്തേതിൽ പ്രണയത്തിന്റെ മറ പിടിച്ച 
ക്രോധം വില്ലനായി.ഇവിടെയൊക്കെ പുരുഷന്റെ സ്വേച്ഛയുടെ 
ക്രൂരമുഖങ്ങളാണ് തെളിയുന്നത്.‘എനിക്ക് ഇപ്പോൾ നിന്നെ ഇഷ്ടമാണ്.
അതുകൊണ്ട് ഇപ്പോൾ നിന്നെ കിട്ടണം.ഇല്ലെങ്കിൽ നിന്നെ 
ഞാൻ കൊന്നുകളയും.’അതായത് അവൾക്ക് ജീവിക്കണമെങ്കിൽ 
അവന്റെ ഏതിഷ്ടവും സാധിച്ചുകൊടുക്കണം.

ഒരാൾക്ക് മറ്റൊരാളെ ഇഷ്ടപ്പെടാനും സ്നേഹിക്കാനുമൊക്കെ 
അവകാശമുണ്ട്.അതുപോലെ തന്നെ ഇഷ്ടപ്പെടാതിരിക്കാനും.
അവൾക്ക് എന്നെ ഇഷ്ടമായേക്കില്ല എന്ന് പുരുഷനോർക്കുന്നേയില്ല.
എല്ലാ കുഴപ്പങ്ങളും തുടങ്ങുന്നതിവിടെ നിന്നാണ്.സ്ത്രീയുടെ സ്നേഹം‌
പോലും പൌരുഷംകൊണ്ടും കൈയൂക്കുകൊണ്ടും നേടാമെന്നവൻ 
വ്യാമോഹിക്കുന്നു.പെണ്ണിന് തന്റെ മുന്നിലെത്തുന്ന എല്ലാ 
പുരുഷന്മാരേയും പ്രണയിക്കാനും ജീവിതപങ്കാളിയാക്കാനും കഴിയില്ല.
അത് പുരുഷനും കഴിയില്ലല്ലോ.അപ്പോൾ ഇഷ്ടമല്ലാത്തവരെ 
നിഷേധിക്കുകയല്ലാതെ അവളെന്തുചെയ്യും?തിരഞ്ഞെടുപ്പിനുള്ള 
അവസരം  
പുരുഷനുമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതൊരവകാശമായി തുടരാനാണ് 
ഇന്നും ഭൂരിപക്ഷം പേരും ശ്രമിക്കുന്നത്.അങ്ങനെയൊരു മെസ്സേജാണ് 
സമൂഹത്തിൽനിന്നും ഇതുവരേയും ചെറുപ്പക്കാർക്ക് കിട്ടിക്കൊണ്ടിരുന്നത്.
അതുകൊണ്ട് പെൺകുട്ടികൾ തന്നെപ്പോലെ ഇഷ്ടാനിഷ്ടങ്ങൾ 
ഉള്ള വ്യക്തികളാണെന്ന് അവർ മറന്നുപോകുന്നു.ഒരു കളിപ്പാട്ടം 
കൈക്കലാക്കാൻ ശ്രമിക്കുന്ന കുട്ടിയുടെ ലാഘവത്തോടെ 
നിമിഷനേരത്തേക്കെങ്കിലും ഇഷ്ടം തോന്നിയ പെണ്ണിനെ 
അക്രമിച്ചു കീഴടക്കാനും പിച്ചിക്കീറാനും ശ്രമിക്കുന്നു.അതിൽ അവളുടെ 
അഭിമാനവും ജീവനുമൊന്നും അവർക്കൊരു വിഷയമേയല്ല.
തുടർക്കഥയായി മാറുന്ന സ്ത്രീപീഡനങ്ങൾ എക്കാലവും കണ്ണുംപൂട്ടി 
സഹിക്കാനാവില്ല. ഇതിനൊരറുതി വന്നേ തീരൂ.

ഭരണകൂടങ്ങൾ പൌരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം 
നൽകണം.തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എല്ലാ പാർട്ടിക്കാരും 
ഇക്കാര്യം ഉറപ്പ് തരുമെങ്കിലും പിന്നീടത് സൌകര്യം‌പോലെ മറന്നു
കളയും.വോട്ടർമാരിൽ കൂടുതൽ പേർ വനിതകളാണെങ്കിലും 
തെരഞ്ഞെടുപ്പുരംഗത്ത് യാതൊരു സ്വാധീനവും ചെലുത്താൻ 
വനിതാവോട്ടർമാർക്കാകുന്നില്ല.കാരണം സ്ത്രീകളുടെ 
രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ കുടുംബത്തിലെ പുരുഷന്മാരെ 
കേന്ദ്രീകരിച്ചുള്ളതായിരിക്കും.അതുകൊണ്ടുതന്നെ ശക്തമായൊരു 
വോട്ടുബേങ്കാകാൻ സ്ത്രീകൾക്ക് സാധിക്കാറില്ല.തങ്ങളുടെ 
താല്പര്യങ്ങളെ സംരക്ഷിക്കുന്നവർക്കു മാത്രമേ വോട്ട് ചെയ്യൂ 
എന്നൊരുറച്ച നിലപാടെടുക്കാനും വനിതകൾ മെനക്കെടാറില്ല.
മത്സരരംഗത്ത് വനിതകളുടെ പ്രാതിനിധ്യം പത്തുശതമാനം‌
പോലുമില്ല എന്നതും ഒരു വസ്തുതയാണ്.അതിനൊരു പ്രധാന 
കാരണം സ്ത്രീകൾക്ക് രാഷ്ട്രീയത്തിലുള്ള താല്പര്യക്കുറവാണ്.
വിദ്യാഭ്യാസമുള്ളവരാണെങ്കിൽപ്പോലും ഒരു ജോലി സമ്പാദിച്ച് 
സ്വസ്ഥമായി കുടുംബജീവിതം നയിക്കുക എന്നതിലപ്പുറമൊന്നും 
ഏറെപ്പേരുടേയും സ്വപ്നങ്ങൾ വളർന്നിട്ടില്ല.
തെരഞ്ഞെടുപ്പിൽ മത്സരിച്ച് രാജ്യം ഭരിക്കൂ എന്നു പറയുന്നവർ 
കുടുംബത്തിനുള്ളിൽ കുറവായിരിക്കും.കുടുംബത്തിൽ നിന്നും 
സമൂഹത്തിലേക്ക് സ്ത്രീയെ പറഞ്ഞയയ്ക്കാൻ കുടുംബാംഗങ്ങൾ 
തയ്യാറാവുകയില്ല.കെട്ടുപാടുകൾ പൊട്ടിച്ച് ഇറങ്ങാനുള്ള 
ധൈര്യവും പക്വതയും സ്ത്രീ ഇനിയും നേടിയെടുക്കേണ്ടിയിരിക്കുന്നു.
അങ്ങനെ ഇറങ്ങാൻ ധൈര്യം കാണിക്കുന്നവരെ ഒതുക്കി 
മൂലക്കിരുത്താൻ കക്ഷിരാഷ്ട്രീയഭേദമെന്യേ  പുരുഷന്മാർ 
തിടുക്കം കാണിക്കുന്നുണ്ട് എന്നാണ് കേരളരാഷ്ട്രീയ ചരിത്രം 
പരിശോധിച്ചാൽ മനസ്സിലാവുന്നത്.ഒരു സ്ത്രീ തങ്ങളുടെ 
നേതാവാകുന്നത് തൽക്കാലം മലയാളി പുരുഷന്മാർ 
ആഗ്രഹിക്കുന്നില്ല.രാഷ്ട്രീയത്തിൽ മാത്രമല്ല എല്ലാ തൊഴിൽ 
മേഖലയിലും ഈ മനോഭാവം നിലനിൽക്കുന്നുണ്ട്.കുറച്ചുകൂടി 
ആശ്വാസം താഴെത്തട്ടിലിങ്ങുമ്പോഴാണ്.പണ്ടുമുതലേ തൊഴിലാളി 
സ്ത്രീകൾ തങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട് പൊതു
സമൂഹവുമായി നിരന്തരംഇടപെടുന്നവരാണ്.തന്നോട് അന്യായം 
കാണിക്കുന്നവനോട് പുളിച്ച രണ്ട് തെറിയെങ്കിലും പറയാൻ 
ഇത്തരക്കാർക്കു കഴിയാറുണ്ട്.കുടുംബശ്രീയുടെ പ്രവർത്തനം 
സ്ത്രീകളുടെ സ്വാതന്ത്ര്യവും സാമൂഹ്യബന്ധവും വളർത്താൻ 
ഏറെ സഹായകമായിട്ടുണ്ട്.

സൌദി അറേബ്യയിൽ താമസിക്കുന്ന ഒരു സുഹൃത്ത് 
ഫേസ്ബുക്കിൽ മെസ്സേജയച്ചതിങ്ങനെയാണ്.‘ഞാൻ രാത്രി 
എട്ടു മണിക്ക് ചെറിയ കുട്ടികളേയുംകൊണ്ട് പുറത്തിറങ്ങാറുണ്ട്.
പാതിരാത്രിയിൽ പള്ളിയിൽ പോകുന്നതും തനിച്ചാണ്.
ഒരുത്തനും പിറകെ വരാറില്ല.’ഇതു കേട്ടപ്പോൾ സത്യത്തിൽ 
എനിക്ക് അസൂയ തോന്നി.ഒരു സ്ത്രീക്ക് ഏതു സമയത്തും ഒറ്റക്ക് 
റോഡിലേക്കിറങ്ങാൻ പറ്റുന്ന അവസ്ഥ എന്നാണ് 
നമ്മുടെ നാട്ടിലുണ്ടാവുക! ലോകത്ത് ഒരിടത്ത് നടപ്പിലാക്കാൻ 
പറ്റുന്ന സഞ്ചാരസ്വാതന്ത്ര്യമെങ്കിലും നമ്മുടെ നാട്ടിലും ഉണ്ടാക്കി
യെടുക്കണം.ഇന്നത്തെ നേതാക്കന്മാർ അത് വാഗ്ദാനം 
ചെയ്യുന്നുണ്ടെങ്കിലും ഭരണരംഗത്ത് സ്ത്രീകൾക്ക് തുല്യ
പങ്കാളിത്തം ഉണ്ടായാലേ നടപ്പിലാക്കാൻ കഴിയൂ.അതിന് 
സ്വൈര്യജീവിതത്തിനപ്പുറം സമൂഹത്തിന്റെ നായക
പദവിയിലേക്കുയരാനും വെല്ലുവിളികളെ നേരിടാനും 
കേരളത്തിലെ സ്ത്രീകൾ തയ്യാറാവണം. അലങ്കാരത്തിനു
വേണ്ടി സ്ത്രീകളെ കൂടെ കൂട്ടുന്ന രാഷ്ട്രീയപ്പാർട്ടികളെ 
വെല്ലുവിളിച്ചുകൊണ്ട് മത്സരരംഗത്തേക്ക് കടന്നു വരാൻ 
തയ്യാറായ വനിതകളെ ഈ അവസരത്തിൽ അഭിനന്ദിക്കാ
നാണെനിക്ക് തോന്നുന്നത്. അർഹിക്കുന്നത് കിട്ടുന്നില്ലെങ്കിൽ 
സമരം ചെയ്ത് നേടേണ്ടി വരും.വിജയമോ പരാജയമോ 
അല്ല വിഷയം.രണ്ടായാലും അത് നേരിടാനുള്ള തന്റേടം ഒരു 
ന്യൂനപക്ഷത്തിനെങ്കിലും ഉണ്ടായല്ലോ.ദൂരവ്യാപകമായ 
ഫലങ്ങൾ ഉണ്ടാക്കാൻ ഒരുപക്ഷേ ഇതിനു കഴിഞ്ഞേക്കാം.
സ്ത്രീകളുടെ കാഴ്ച്ചപ്പാടിലും സ്ത്രീകളോടുള്ള കാഴ്ച്ചപ്പാടിലും 
മാറ്റങ്ങളുണ്ടാക്കാൻ ഈ തന്റേടം വളരട്ടെ.   

 (മാതൃഭൂമി ദിനപത്രത്തിൽ 2011 ഏപ്രിൽ 4 ന് പ്രസിദ്ധീകരിച്ചത്)