Sunday, May 31, 2009

നിത്യകാമുകി

സ്നേഹത്തിനുവേണ്ടി ഏതറ്റം വരെ പോകാനും; അത് ഹൃദയത്തിന്റെ ഭാഷയിൽ തുറന്നു പറയാനും ധൈര്യം കാണിച്ച പ്രിയ കഥാകാരിയ്ക്ക് എന്റെ ഹൃദയത്തില്‍ വിരിഞ്ഞ മണമില്ലാത്ത ഈ പൂവർപ്പിക്കട്ട.
കഥകളുടെ കഥയായെന്റെ
കഥയായിളക്കിമറിച്ച്;
പക്ഷിയുടെ മണത്തിൽ
മൃത്യുഗന്ധമലിയിച്ച്;
കല്യാണിയിൽക്കലഹിച്ച്;
കോലാടിൽത്തളർന്ന്;
ബാല്യകാലത്തിൻ
മധുരസ്മരണയിൽ മയങ്ങി;
പ്രണയത്തിൻ ലഹരിയിലലിഞ്ഞ്;
നീർമാതളപ്പൂക്കളുമായ്ച്ചന്ദന–
മരങ്ങൾക്കിടയിലൂടൊരാൾ.
മതം സ്നേഹമായണിഞ്ഞ്;
കൊടുങ്കാറ്റിൽക്കരിമ്പാറയായ്
തെളിനീരായെഴുകാനാർദ്ര–
മുരുകിയവളമൃതായ് മാറി.
സത്യവുംസൗന്ദര്യവും സ്നേഹമാം
ചരടിൽക്കോർത്തെടുത്ത–
നന്തതയിലെറിഞ്ഞൂയലാടി
മലയാണ്മ തൻ മാധവിക്കുട്ടി.
കമലയായ്‚സുരയ്യയായ്
കണ്ണുപൊത്തിക്കളിച്ചോടി
മറഞ്ഞ നിത്യകാമുകീ
നിന്നെയല്ലോ തേടുന്നൂ
കണ്ണനെക്കാലവും
പ്രണയമാം നവനീതം
കവർന്നടുക്കാനതിലൊരു
കണികയ്ക്കായ് കേഴുമീ ഞാനും.

Sunday, May 17, 2009

മരുന്ന്

ശ്വാസംമുട്ടലാണതിന്‍ മരുന്നിനായ്
പരക്കംപാഞ്ഞു ഞാ൯
പെറ്റിട്ട കുഞ്ഞിനെത്തിന്നും
തള്ളപ്പൂച്ചതന്‍ ക്രൗര്യമാവാഹിച്ചമ്മ
‘മുമ്പെപ്പൊഴോ കിട്ടിയത്

തീര്‍ന്നുപോയില്ലിനിയൊട്ടും.'
ദിഗന്തങ്ങള്‍ നടുങ്ങുമാറലറിയച്ഛന്‍
‘ഒരുത്തര്‍ക്കും കൊടുക്കില്ല ഞാനത്.’
ബന്ധുക്കള്‍ കൈമലര്‍ത്തി

ആരുടെ കൈയിലുമില്ല പോലും.
സുഹൃത്തുക്കളായവര്‍ പറഞ്ഞു.
‘ഞങ്ങളതു കണ്ടിട്ടേയില്ല.’
പുല്ച്ചാര്‍ത്തുകളും പുതുനാമ്പുകളും.
കേട്ടിട്ടേയില്ലാ മരുന്നവര്‍ .
വീട്ടിലങ്ങാടിയിലെടെയുമില്ലത്.
മറുപിള്ള ചൂടാക്കിയെന്നെക്കരയിച്ച
മുതുമുത്തശ്ശി തന്‍ കൈയിലുണ്ടായിരുന്നു.
വേണ്ടാക്കുഞ്ഞിനെയുമൊരമ്മയില്ലാ-

ക്കുഞ്ഞിനെയുമൊന്നായി മാറോടണച്ച
മുത്തശ്ശി തന്‍  കൈയിലുമുണ്ടായിരുന്നു.
പിണ്ഡതൈലത്തിന്‍റെ വാസനയില്‍
മുഷിഞ്ഞകമ്പിളിപ്പുതപ്പിനുള്ളില്‍
കീറിയവിരിപ്പിനിടയിൽ
സങ്കടത്തിന്‍റെ നാമജപക്കടലിൽ‚
തൂങ്ങിയതൊലിക്കുള്ളില്‍
അസ്ഥിതന്നാലിംഗനത്തിൽ,
ഊര്‍ധ്വന്‍വലിക്കൊടുവിൽ
പറന്നുപോം പ്രാണനൊപ്പമെന്‍
കണ്ണിൽ നിന്നുതിര്‍ന്നൊരശ്രുബിന്ദുവില്‍ 

എല്ലാമെല്ലാമുണ്ടായിരുന്നാ മരുന്ന്.
സുരലോകത്തിലുമേതു
പാതാളത്തിലും തിരയാം ഞാന്‍
എങ്കിലുമിന്നെനിക്കാ മരുന്നി൯
പേരൊട്ടുമോര്‍മയില്ലല്ലോ.

Monday, May 11, 2009

യാത്ര

തിളങ്ങും നിറങ്ങളില്‍
ഉണ്മയായഗ്നി പുഷ്പ–
മായെന്‍ ഹൃദയം.
അതിന്നന്തര്‍ദ്ദാഹമൊരു
ജീവബിന്ദുവിലലിയാന്‍.
നിശ്ചലമാം കാലത്തില്‍
മരീചികകള്‍ തേടി
വരണ്ടുഗ്രോഷ്ണവാതമടിച്ച്‚
പ്രാണേന്ദ്രിയമടഞ്ഞ്‚
ഹൃദയത്തിലടിഞ്ഞീട്ടംകൂടി
ഞെരിഞ്ഞമര്‍ന്ന്‚
സിരകള്‍മുറിഞ്ഞ്‚
ബോധംമറഞ്ഞാത്മാംശം
തേടി ഞാനലഞ്ഞു.
ജീവിതകാമനകൾ
മൂളിയാര്‍ത്തു കുത്തി–
നോവിക്കെ‚ മനസ്സില്‍
ലയഭാവത്തിനുന്മാദ–
മുരുകിയൊഴുകിയെ–
ന്നന്തരാത്മാവിലുറങ്ങി–
ക്കിടക്കുമാദിതാളമുണര്‍ത്തി.
ഉഗ്രമാനാദബ്രഹ്മത്തിൽ
സൃഷ്ടിയുംസ്ഥിതിയുംപിന്നെ
സംഹാരവുമാടിത്തിമര്‍ത്തു.
ചടുലതാളത്തി–
ലുച്ചസ്ഥായിയില്‍ ,
പ്രചണ്ഡമാംനര്‍ത്തനമാടവേ
ഭാവംപകര്‍ന്ന്‚
ബോധാബോധങ്ങളഭേദ–
മായ്ക്കറങ്ങിത്തിരിഞ്ഞ്‚
മന്ദ്രസ്ഥായിയില്‍
നിശ്ചലമാകുമീ–
ജീവചൈതന്യമെന്‍
പ്രണയബിന്ദുവിലൊരു
പുനര്‍ജ്ജനിയില്ലാ–
തലിഞ്ഞുചേരാന്‍.

Tuesday, May 5, 2009

ഒരു പ്രണയത്തിന്നന്ത്യം



പ്രണയമൊരു
തൂവസ്പശമായി.
ചാറ്റല്‍ മഴയായി.
സപ്തസ്വരങ്ങളായി.
നീട്ടിയ കൈകളില്‍
ചെന്താമരപ്പൂവായി..
കൈകളതു
പിഴിഞ്ഞാ൪ത്തുമോന്തി.
അധരത്തിലൂടെ;
അന്നനാളത്തിലൂടെ;
ആമാശയത്തിലേക്ക്.  
പതുക്കെയെരിഞ്ഞു
തീരുവാനായി....


Monday, May 4, 2009

എന്‍റെ കവിത

എന്നറിവിൽ നിന്നുരു–
ക്കൊണ്ടാത്മാവുയിരേകി
നിന്ദതന്നെരിവിൽ
പരിഹാസച്ചവർപ്പിൽ
ദുഃഖത്തിൻ കയ്പിൽ
കണ്ണീരുപ്പിലൊരിറ്റു
മധുരമായെൻ കവിത.
ജനിച്ചുപോയവള്‍

ജീവിച്ചുപോട്ടൊരു മൂലയില്‍
ഉഗ്രശാസനയിൽ കരിയും

ഹൃദയത്തിലുറന്നൂ കവിത.
സ്വപ്നങ്ങൾ മായ്ച്ചതിന്‍
പകരമായക്കിട്ടീ കവിത.

സൗഹൃദത്തളിര്‍ച്ചാര്‍ത്തില്‍ 
സ്നേഹമായ്‌ മൊട്ടിട്ടു കവിത.
സാന്ത്വനവും  പ്രത്യാശയും
പ്രണയവുമായെ പ്രാണനി
നിറഞ്ഞു കവിഞ്ഞൊഴുകും
ഹര്‍ഷാമൃതവാഹിനി.
നിന്‍ കളകളാരവമെന്‍
ഹൃദയത്തുടിപ്പുകള്‍ .