Sunday, February 28, 2010

കൈകേയി

ഇവള്‍ കൈകേയി.
ചരിത്ര പുസ്തകത്തില്‍
കരി പിടിച്ചു കിടന്നവള്‍ .
ചരിത്രകാരന്മാര്‍ പക പൂണ്ട് ഘോഷിച്ചു.
‘പ്രിയരാമനെ കാട്ടിലയച്ചവള്‍ '
വൃദ്ധപതിയുടെ കാമാഗ്നിയില്‍
മോഹങ്ങള്‍ പടം പൊഴിച്ച്;
ശ്ലീലാശ്ലീലങ്ങള്‍ മറന്ന്;
താരുണ്യം ഹോമിച്ചതുമിവള്‍ .
മനസ്സിന്‍
മൃദുമെത്തയിലന്ത:പുരത്തില്‍
മയങ്ങും സ്വപ്നങ്ങള്‍ക്ക് 
രാക്ഷസ ഭൂമികയും
യുദ്ധക്കളങ്ങളും
മേച്ചിൽപ്പുറങ്ങളായി.
സ്നിഗ്ദ്ധമലരിനെ
വജ്രമാക്കും രസതന്ത്രമിത്.
ത്രേതായുഗത്തിന്‍ 
പ്രേമ സങ്കല്‍പത്തില്‍
വരമേകാനൊരുമാത്രയെങ്കി-
ലതു മറക്കാനര മാത്ര..!
രഘുവംശത്തിന്‍
മഹനീയ മാതൃകയില്‍
ചരിത്രം മിഴിപൂട്ടിയുറക്കം നടിച്ചു.
രാജനീതിക്കു നവഭാഷ്യം തീർത്തത്
ഗുരുവും മന്ത്രിയുമരചനുമൊപ്പം.
മൂടിവെക്കാനപ്രിയസത്യങ്ങളേറെ
എന്നാലുമിവള്‍ കുലട.
അന്ത:പുരത്തിലമര്‍ത്തും മൃദുസ്വനം
രാജാങ്കണത്തിലാസ്ഥാനങ്ങളില്‍ ..!
ഘോരമീയപരാധമിനി ശിക്ഷ.
അമ്പുകളെയ്യാമിവള്‍ തന്‍ 
നേര്‍ക്കാവനാഴി ശൂന്യമാം വരെ.
കലിയുഗമെങ്കിലുമമ്പെടുക്കാം
തൊടുക്കാം ഞാണില്‍ .
വാത്സല്യത്തിന്നമൃതു ചുരത്തും
മാറില്‍ ചുടുചോരയൊഴുക്കിത്തുള്ളും
പുത്രസ്നേഹം വാഴ്ത്തുക നാമിനി.
പ്രണയമധു നുകരും നാവാല്‍
കടുവിഷമെയ്യും പ്രിയനും വാഴ്ക.
രാജരഥത്തിനു ചക്രമുരുളാന്‍
കൈവിരലിട്ടൊരു സിംഹിണി.
നിന്‍ വിരല്‍ ചൂണ്ടും വഴികളിലൂടെ
ചരിത്രരഥമുരുണ്ടുരുണ്ട്
അടവികളാഴികള്‍ താണ്ടി
കണ്ണീർക്കടലില്‍ മുങ്ങി.

10 comments:

ഭ്രാന്തനച്ചൂസ് said...

അങ്ങനെ ചരിത്രം യാഥാര്‍ത്ഥ്യം കാണാതെ എന്തെല്ലാം കൊട്ടിഘോഷിരിക്കുന്നു..വിലക്ക് കല്പിച്ചിരിക്കുന്നു.പൊളിച്ചെറിയെണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു..!നന്നായിട്ടുണ്ട്..!

Hari | (Maths) said...

ഈ കൈകേയിയാണ് യഥാര്‍ത്ഥത്തില്‍ ദുഃഷ്ടനിഗ്രഹം നടത്തുന്നതിന് കാരണമായത്. ഇല്ലായിരുന്നെങ്കില്‍ സീത കാട്ടില്‍പ്പോകുമായിരുന്നില്ല. രാവണനെ രാമന്‍ കൊല്ലുമായിരുന്നില്ല.

കൈകേയിക്ക് പക്ഷെ ജനഹൃദയത്തില്‍ ഇപ്പോഴും വില്ലത്തിയുടെ റോള്‍ തന്നെ.

കവിത നന്നായി

വീകെ said...

കവിത നന്നായിരിക്കുന്നു ചേച്ചി...
ചില പദങ്ങൾ തലയിൽ കേറിയില്ല.
കുഴപ്പം എന്റേതു തന്നെ.
വായനാ ശീലം വളരെ കുറവാണ്.

ramanika said...

നന്നായിരിക്കുന്നു..

Anil cheleri kumaran said...

കിടക്കട്ടെ കൈകേയിക്കുമൊരു പുതു ജന്മം.

ഒരു നുറുങ്ങ് said...

കൊച്ചു കൊച്ചു വരികളില്‍ സ്പന്ദമുണ്ട്,സ്വപ്നങ്ങളും!

Typist | എഴുത്തുകാരി said...

എന്തൊക്കെയായാലും ജനം കൈകേയിക്കു മാപ്പുകൊടുക്കുമെന്നു തോന്നുന്നില്ല. അതങ്ങനെയങ്ങ് ഉറച്ചുപോയി.

poor-me/പാവം-ഞാന്‍ said...

തിങ്കളാഴ്ച്ച ബില്ല് പാസ്സാകുന്നതോടെ കൈകേയിമാര്‍ ഇന്ത്യയുടെ ഭാവി ശോഭനമാക്കും എന്ന് നമ്മുക്കു പ്രത്യാശിക്കാം!
സസ്നേഹം പാവംഞാന്‍

Manoraj said...

കൈകേയിക്കും വേണ്ടേ ഒരു മോചനം.. അവരിലൂടെയല്ലേ ഒരു ഇതിഹാസം തന്നെ ഉടലെടുത്തത്.. രാമയണത്തിൽ ചർച്ച ചെയ്യേണ്ടതും ചർച്ച ചെയ്യപെടാതെ പോയതുമായ രണ്ട് കഥാപാത്രങ്ങളാണ് എന്റെ അഭിപ്രായത്തിൽ ഉള്ളത്.. ഒന്ന് കൈകേയി.. മറ്റൊന്ന് ഊർമ്മിള.. എനിക്ക് തോന്നുന്നു ഇതിഹാസത്തിലെ യഥാർത്ഥ ദുഖപുത്രി ഊർമിളയായിരുന്നില്ലേ എന്ന്..

ശാന്ത കാവുമ്പായി said...

ചരിത്രം മാറ്റിക്കുറിച്ചവളാണ്‌ കൈകേയി.രാമായണത്തിലൂടെ കടന്നു പോയപ്പോള്‍ ചില ചോദ്യങ്ങള്‍ മനസ്സിലൂടെ കടന്നുപോയി.രാമഭിഷേകത്തിനു ദശരഥന്‍ കാണിച്ച തിടുക്കം,ഭരതശത്രുഘ്നന്‍മാര്‍ സ്ഥലത്തില്ലാത്ത സമയം തെരഞ്ഞെടുത്തത്,അവരുടെ ബന്ധുക്കളെ ക്ഷണിക്കാഞ്ഞത്, ഒക്കെ ദശരഥന്‍ അന്യായം കാണിച്ചു എന്നതിനു തെളിവാണ്.എല്ലാറ്റിനും കാരണം ദശരഥന്‍റെ കാമാസക്തിയാണ്.രണ്ടാമത്തെ മകനെ യുവരാജാവാക്കില്ല എന്നു രാജാവിനു പറയാന്‍ കഴിയുന്നില്ലെങ്കില്‍ കൈകേയിയെ ലഭിക്കാന്‍ അത്രയേറെ വാഗ്ദാനങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ടെന്നര്‍ത്ഥം.
ഒരു രാജ്യത്തിന്‍റെ ഭരണസംവിധാനവും ജനങ്ങളും മൊത്തം എതിരായിട്ടും സ്വന്തം അവകാശം ഒറ്റയ്ക്കു പൊരുതി നേടിയ കൈകേയിയെ ഞാന്‍ ആരാധിക്കുന്നു.സ്ത്രീയുടെ ധൈര്യത്തിനും സ്ഥിരബുദ്ധിക്കും ഉത്തമ മാതൃക.
അച്ചൂസ്,ഹരി, വി.കെ., രമണിക, കുമാരന്‍,ഒരു നുറുങ്ങു, എഴുത്തുകാരി,പാവം ഞാന്‍,മനോരാജ്‌,സോണാ ജി,എല്ലാവര്‍ക്കും നന്ദി.