സൂര്യനെല്ലി കേസിൽ ഇന്ന് നടത്തിയ വിധിപ്രസ്താവനയിലൂടെ ഇരകള്‍ക്കും നീതി ലഭിക്കും എന്നൊരു സന്ദേശമാണ് ഹൈക്കോടതി നല്‍കിയത്. 18വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും നീതി ലഭിക്കുക എന്നത് വലിയ കാര്യമാണ്.
പതിനെട്ടു വര്‍ഷങ്ങള്‍ക്ക്
മുമ്പ് എട്ടുംപൊട്ടും തിരിയാത്ത കൌമാരക്കാരിയെ വശീകരിച്ച് പ്രണയത്തിന്റെ
ചതിക്കുഴിയിലൂടെ കൊണ്ടു പോയി നരഭോജികളുടെ മാംസദാഹം
ശമിപ്പിക്കാന്‍ വില്‍പ്പനയ്ക്ക് വെക്കുകയും പച്ചമാംസം ഭക്ഷിക്കുകയും ചെയ്ത
അധമന്മാരിൽ 23പേര്‍ക്ക് ശിക്ഷ ലഭിച്ചതിൽ സൂര്യനെല്ലി പെണ്‍കുട്ടിയോടും അവളുടെ
കുടുംബത്തോടുമൊപ്പം ഞാനും അതിയായി ആഹ്ലാദിക്കുന്നു.
നീതിപീഠത്തിനു കളങ്കംചാര്‍ത്തിയ ജസ്റ്റിസ്
ബസന്തിന്റെ ബാലവേശ്യ പ്രയോഗം തിരുത്തിയത് നീതിപീഠത്തിന്റെ മഹാമനസ്കത എന്നു
കരുതുന്നു. ജസ്റ്റിസ് ബസന്തിന്റെ ബാലവേശ്യ പ്രയോഗം ഒരു വ്യക്തിയുടെ സ്വഭാവത്തിനുമേൽ
മാലിന്യം വലിച്ചെറിയുന്ന അന്തസ്സില്ലാത്ത പ്രവൃത്തിയാണ്. അതുമൂലം ഇരയായ പെണ്‍കുട്ടിയും
കുടുംബവും അനുഭവിച്ച വേദന വിവരണാതീതമാണ്. അങ്ങനെ
വ്യക്തിഹത്യ ചെയ്ത ആളിനെ നിയമാനുസൃതം ശിക്ഷിക്കേണ്ടതാണ്. ആ പ്രയോഗം പിന്‍വലിച്ചാൽ മാത്രം
പോര. ജസ്റ്റിസ് ബസന്ത് കുറ്റവാളിയും ശിക്ഷിക്കപ്പെടേണ്ട
ആളുമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഏതു രീതിയിലായാലും അപകടത്തില്‍പ്പെട്ട
കുഞ്ഞുങ്ങളെ രക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. നീതിന്യായവ്യവസ്ഥ
അതിനുവേണ്ടിയുള്ളതാണ്. വേട്ടക്കാരെ സംരക്ഷിക്കാനും വളര്‍ത്താനുമല്ല അതുപയോഗിക്കേണ്ടത്.
പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച്
കുറ്റവാളികൾ ഇനിയും ശിക്ഷിക്കപ്പെടാനുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരും
ശിക്ഷിക്കപ്പെടണം. എങ്കിലേ നീതി പൂര്‍ണമാവൂ.
സൂര്യനെല്ലി പെണ്‍കുട്ടിക്കും
കുടുംബത്തിനും നഷ്ടപ്പെട്ടതൊന്നും ഒരു വിധിക്കും തിരിച്ചുനല്‍കാൻ കഴിയില്ല. എങ്കിലും
ആത്മാഭിമാനത്തിന് ഏറ്റ മുറിവ് അല്‍പ്പമെങ്കിലും കരിയാന്‍ അത് ഉപകരിച്ചേക്കാം.
ഇരയാക്കപ്പെട്ട പെണ്‍കുട്ടികളും
കുടുംബവും സമൂഹത്തിന്റെ കല്ലേറ് ഏറ്റുവാങ്ങാൻ തലകുനിച്ചു നിന്നുകൊടുക്കേണ്ട
ആവശ്യമില്ല. തെറ്റ് ചെയ്തവർ സമൂഹത്തിൽ വിലസിനടക്കുന്നുണ്ട്. അവരാണ് യഥാര്‍ത്ഥത്തിൽ
തലകുനിക്കേണ്ടത്. കല്ലെറിയേണ്ടതും അവരെയാണ്. സൂര്യനെല്ലി എന്നൊരു സ്ഥലനാമത്തിൽ
ഒളിച്ചിരിക്കാതെ അധികാരത്തോടെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് നിങ്ങളും ഇറങ്ങണം
എന്ന് പെണ്‍കുട്ടിയോടും കുടുംബത്തോടും ആവശ്യപ്പെടുകയാണ്. ആരെങ്കിലും ഇനിയും
നിങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചാൽ അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ നീതിബോധമുള്ളവർ
നിങ്ങളോടൊപ്പമുണ്ടാകും.
3 comments:
പൂര്‍ണ്ണമായും യോജിക്കുന്നു
കാലവിളംബമുണ്ടായാലും സത്യവും,നീതിയും പുലരും!
ആശംസകള്‍
അതെ, പൂര്‍ണമായും യോജിക്കുന്നു.
Post a Comment