Friday, April 11, 2014

സമ്മതിദാനാവകാശത്തിന്റെ തെരഞ്ഞെടുപ്പുകൾ



ഇന്നത്തെ പത്രത്തിൽ എന്നെ അസ്വസ്ഥയാക്കിയ കുറെ വാര്‍ത്തകൾ വായിച്ചു. അതിലൊന്ന് ‘മോദി സമ്മതിച്ചു, ‘ഞാന്‍ വിവാഹിതന്‍.’ എന്നതാണ്.
ജീവിതത്തിൽ കൂട്ട് വേണമെന്ന്‍ തോന്നുമ്പോഴോ,മാതാപിതാക്കളും ബന്ധുക്കളും ആഗ്രഹിക്കുമ്പോഴോ ഒക്കെയാണ് സാധാരണ നമ്മുടെ നാട്ടിൽ വിവാഹങ്ങൾ  നടക്കുന്നത്. പിന്നെ ദമ്പതിമാർ ഇണങ്ങിയും പിണങ്ങിയുമൊക്കെ ജീവിച്ചു തീര്‍ക്കും.  ചിലപ്പോൾ വിവാഹബന്ധം വേര്‍പെടുത്തിയെന്നുമിരിക്കും. ചിലർ ജീവിതകാലം മുഴുവന്‍ അവിവാഹിതരായി കഴിഞ്ഞെന്നുമിരിക്കും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടവും സ്വാതന്ത്ര്യവും ആണ്. അതിൽ മറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ല.
അപ്പോള്‍ പിന്നെ നരേന്ദ്രമോദിയുടെ കാര്യത്തിൽ മാത്രം എന്താണിത്ര പ്രത്യേകതയെന്നല്ലേ. ഉണ്ടല്ലോ. അദ്ദേഹത്തെ ബി.ജെ.പി. ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായാണ്‌ അവതരിപ്പിച്ചത്. ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ ഇന്ത്യയുടെ പ്രധാന  മന്ത്രിയാകേണ്ട വ്യക്തി സുതാര്യനായിരിക്കണം എന്ന് ഭാരതത്തിലെ ഒരു പൌരന്‍ എന്ന നിലയ്ക്ക് ഞാൻ ആഗ്രഹിക്കുന്നു. വിവാഹം ഒളിച്ചുവെക്കേണ്ട ഒരു അശ്ലീലമായി കരുതുന്ന ഒരാൾ എന്റെ രാജ്യം ഭരിക്കാൻ അര്‍ഹനാണെന്ന് കരുതുന്നില്ല. ജീവിതത്തിൽ സ്ത്രീയെ മാനിക്കുകയും അവളുടെ അവകാശങ്ങൾ അനുവദിക്കുകയുംചെയ്യാത്ത ആൾ അധികാരത്തിലെത്തിയാൽ രാജ്യത്തുള്ള സ്ത്രീകളെ മാനിക്കുമെന്ന് എങ്ങനെ ഉറപ്പിക്കും? അതുകൊണ്ട് പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ എനിക്ക് ഒരവസരം ലഭിച്ചാൽ ഞാൻ അത് ചെയ്യില്ല.
എന്നെ അക്ഷരാര്‍ത്ഥത്തിൽ ഞെട്ടിച്ച വാര്‍ത്തയാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ്  മുലായംസിംഗ് യാദവ് ശക്തിമിൽ ബലാത്സംഗക്കേസിലെ വധശിക്ഷയ്ക്കെതിരെ തിരിഞ്ഞത്. ആ കേസിലെ ബലാത്സംഗവീരന്മാർ പാവം കുട്ടികളാണെന്നും അവര്‍ക്ക് തെറ്റ് പറ്റിയതാവാമെന്നും ഞങ്ങൾ ഇത്തരം നിയമങ്ങൾ മാറ്റാൻ ശ്രമിക്കുമെന്നും തെറ്റായ(?)കേസ് കൊടുക്കുന്നവരെ ശിക്ഷിക്കാൻ വ്യവസ്ഥയുണ്ടാക്കും എന്നൊക്കെ പ്രസ്താവിച്ചത് വായിക്കുമ്പോൾ ശരിക്കും ഭയം തോന്നുന്നു. ഇവിടെയൊന്നും അദ്ദേഹം പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ പരിഗണിക്കുന്നതേയില്ല. അവളുടെ അഭിമാനവും വേദനയുമൊന്നും ഒരു പ്രശ്നമേയല്ല.    
ഇവരെയൊക്കെയാണല്ലോ ഞങ്ങളെ ഭരിക്കാന്‍ ഞങ്ങൾ(സ്ത്രീകൾ) തെരഞ്ഞെടുക്കുന്നത്! അല്ലാതെ ഞങ്ങളെന്തുചെയ്യും? തുല്യനീതി എന്ന് പ്രസംഗിക്കുന്നവര്‍പോലും തുല്യപ്രാതിനിധ്യം വനിതകള്‍ക്ക് നല്‍കിയിട്ടില്ല. ഇനി എപ്പോഴെങ്കിലും നല്‍കുമോയെന്നും സംശയമാണ്. 269സ്ഥാനാര്‍ഥികളില്‍ സ്വതന്ത്രരടക്കം എല്ലാ പാര്‍ട്ടികള്‍ക്കും കൂടി 27വനിതകളാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍നിന്നും മത്സരിച്ചത്. അതുതന്നെ ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റിൽ അല്ലതാനും. ഇവരിൽ എത്രപേർ ജയിച്ച് പാര്‍ലമെന്റിൽ എത്തുമെന്ന് പറയാനാവില്ലെങ്കിലും ഒന്നുറപ്പിക്കാം. വിരലിലെണ്ണാവുന്നവർ മാത്രമായിരിക്കും ജയിച്ചുകയറുക. അര്‍ഹതയുള്ള സ്ത്രീകളെ കണ്ടെത്താൻ പ്രയാസമായതുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. സ്ത്രീക്കൊപ്പം അധികാരം പങ്കുവെക്കാനുള്ള വൈമുഖ്യമാണ്. സ്ത്രീയുടെ അന്തസ്സിന് വിലയുണ്ടാകണമെങ്കിൽ വനിതകൾ ഭരണരംഗത്തുണ്ടാവണം.
സ്ത്രീയായാലും പുരുഷനായാലും അഴിമതിരഹിതമായി, സുതാര്യമായി, നീതിയുക്തമായി ഭരണം നിര്‍വഹിക്കണം. അങ്ങനെ ചെയ്യുമെന്നുറപ്പുള്ളവർ മാത്രം സ്ഥാനാര്‍ഥികൾ ആവുന്ന അവസ്ഥയല്ല ഇപ്പോൾ ഉള്ളത്. അപ്പോൾ തമ്മിൽ ഭേദം തൊമ്മന്‍ എന്ന്‍ വിചാരിച്ച് സമ്മതിദാനാവകാശം നല്‍കേണ്ട ഗതികേടിലാണ് ജനം. എന്നിട്ട് അടുത്ത അഞ്ചുവര്‍ഷത്തേക്ക് അവർ നടത്തുന്ന അഴിമതിയും അന്യായങ്ങളും സഹിക്കുക. ഇതിനൊരറുതി വരണമെങ്കിൽ നിലവിലെ തെരഞ്ഞെടുപ്പ്‌ സമ്പ്രദായം പരിഷ്കരിക്കണം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്ന രീതി മാറ്റണം. പകരം നമുക്ക് സ്ഥാനാര്‍ഥികളെ നിര്‍ദ്ദേശിക്കാന്‍ കഴിയണം. കൂടുതൽ പേര്‍ നിര്‍ദ്ദേശിക്കുന്നവർ ഭരണരംഗത്ത് എത്തട്ടെ. ഇപ്പോൾ എനിക്കിഷ്ടപ്പെട്ട സ്ഥാനാര്‍ഥി ഇല്ലെങ്കിൽ നിഷേധവോട്ട് ചെയ്യാൻ കഴിയുമെങ്കിലും ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാൻ കഴിയില്ലല്ലോ. അതിനുകൂടി കഴിഞ്ഞാലെ ജനാധിപത്യം പൂര്‍ണമാവൂ.       


1 comment:

Unknown said...

അതെ നമ്മുടെ ഗതികേട്......