2014മാര്‍ച്ച് 19ന് സലോമി ഈ
ലോകത്തോട് യാത്രപറഞ്ഞു പോയപ്പോൾ മനസ് നൊന്തു. എന്തെങ്കിലും എഴുതണമെന്നുണ്ട്.
ഒരക്ഷരം പുറത്തു വരുന്നില്ല. ഉള്ളിൽ
വിങ്ങലും നീറ്റലും. അതിൽ അല്‍പ്പം കുറ്റബോധവുമുണ്ട്. പ്രൊ.ടി.ജെ.ജോസഫ് എന്ന എന്റെ
സഹജീവിയോട് എനിക്ക് വേണ്ടത്ര നീതിപുലര്‍ത്താൻ കഴിഞ്ഞില്ല എന്ന കുറ്റബോധം.
ചോദ്യക്കടലാസ് വിവാദം
കത്തിപ്പടര്‍ന്ന കാലത്ത് എനിക്ക് ജോസഫ് സാറിനെ പിന്തുണയ്ക്കാന്‍ തോന്നിയിട്ടില്ല.
കാരണം അധ്യാപകന് തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയിൽ പാഠ്യഭാഗം കൈകാര്യംചെയ്യാൻ
പാടില്ല എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ്. ആ വിവാദചോദ്യക്കടലാസ് എനിക്ക് ആരോ മെയിലിൽ
അയച്ചുതന്നിരുന്നു.
ചോദ്യക്കടലാസ് തെറ്റോ,ശരിയോ എന്നത്
നിലനില്ക്കുമ്പോൾ തന്നെ ചോദ്യക്കടലാസിൽ തെറ്റ് സംഭവിക്കുന്നത് സാധാരണകാര്യമാണ്
എന്നത് മറക്കരുത്. അതിനെ ചോദ്യം ചെയ്യാനും തിരുത്താനും വേണമെങ്കിൽ ശിക്ഷിക്കാനും നിലവിൽ
സംവിധാനങ്ങളുണ്ട്. പരാതിക്കാര്‍ക്ക് അധികാരികളോട് പരാതിപ്പെട്ട് പ്രശ്നം പരിഹരിക്കാം.
ഈ സാധ്യതകളൊന്നും ഉപയോഗിക്കാതെ
മതതീവ്രവാദികൾ 2010 ജൂലായ് 4 ഞായറാഴ്ച രാവിലെ 8 മണിയോടെ അദ്ദേഹത്തിന്റെ വലതുകൈപ്പത്തി വെട്ടിമാറ്റിയത്, എന്നുവെച്ചാൽ
മതനിന്ദ നടത്തിയെന്നാരോപിച്ച് ശിക്ഷിച്ചത്. ഇങ്ങനെ ശിക്ഷിക്കാന്‍ ആരാണ് അവര്‍ക്ക്
അധികാരം നല്‍കിയത്? അന്നവർ വെട്ടിമാറ്റിയത് ഒരു കൈപ്പത്തി മാത്രമല്ല, മനുഷ്യന്റെ
സ്വാതന്ത്ര്യത്തെയും മാനുഷികമൂല്യങ്ങളെയുമാണ്. ഒരു പാവം മനുഷ്യന്റെ ജീവിതവും
സ്വപ്നങ്ങളുമാണ് ആ ഛേദിക്കപ്പെട്ട കൈപ്പത്തിയോടൊപ്പം മുറിഞ്ഞുപോയത്.
പിന്നീടുള്ള സംഭവങ്ങൾ മന:സാക്ഷിയെ
ഞെട്ടിക്കുന്നതായിരുന്നു. തെറ്റുകാരനെന്നു മുദ്രകുത്തി തൊടുപുഴ ന്യൂമാന്‍
കോളേജ് അധികൃതർ അദ്ദേഹത്തെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു.
കോടതി കുറ്റവിമുക്തനാക്കിയിട്ടും തിരിച്ചെടുക്കാനുള്ള സന്മനസ്സ് അധികൃതരുടെ
ഭാഗത്തുനിന്നുണ്ടായില്ല. അദ്ദേഹത്തെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാത്ത കോളേജ്
അധികൃതരുടെ പിടിവാശി പല സംശയങ്ങളുമുണര്ത്തുന്നു. അദ്ദേഹത്തെ പിരിച്ചുവിടാൻ അവർ
ഒരു കാരണം കണ്ടെത്തുകയായിരുന്നോ? സത്യം എന്തായാലും സ്നേഹത്തിന്റെ പ്രചാരകര്‍ക്ക്
ജോസഫ് സാറിനോടും കുടുംബത്തോടും സ്നേഹവും കരുണയും ഒട്ടുമില്ലായിരുന്നു എന്നവർ
തെളിയിച്ചുകഴിഞ്ഞു.
2010മുതല്‍ ഭര്‍ത്താവിനും
കുടുംബത്തിനും താങ്ങും തണലുമായി സംരക്ഷിച്ചു നിന്ന വീട്ടമ്മ അനുഭവിച്ച സംഘര്‍ഷങ്ങൾ
ഊഹിക്കാൻ കഴിയും. തീവ്രവാദികളുടെ ഭീഷണിയില്‍പ്പെട്ട്,നിയമത്തിന്റെ നൂലാമാലകളില്‍പ്പെട്ട്,അധികാരികളുടെ
ക്രൂരതയ്ക്കിരയായി,സാമ്പത്തികഞെരുക്കത്തില്‍പ്പെട്ട് എരിഞ്ഞുതീര്ന്നുകൊണ്ടിരുന്ന
ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു സലോമി. അവൾ തളര്‍ന്നുപോയത് ഏറ്റവുമൊടുവിലാണ്.
എല്ലാ പ്രത്യാശകളും നഷ്ടപ്പെട്ട ഒരു മുഹൂര്‍ത്തത്തിൽ പ്രിയ സോദരീ, താങ്കള്‍ക്ക്
പിടിച്ചുനില്ക്കാൻ കഴിഞ്ഞില്ല എന്ന് ഞാനറിയുന്നു. ഇപ്പോൾ ഈ അവസാനനിമിഷത്തിൽ ജോസഫ്
സാറിനോട് ചെയ്ത അപരാധത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ കോളേജ് അധികാരികൾ തയ്യാറായത്
താങ്കളുടെ ജീവന് പകരം വാങ്ങിയിട്ടാണ്. മരണംകൊണ്ട് പോലും അധര്‍മ്മത്തിനെതിരെ
പോരാടാം എന്ന് സലോമി തെളിയിച്ചുകഴിഞ്ഞു.
ഇന്ന് എനിക്ക് ഇങ്ങനെയൊരു
കുറ്റസമ്മതം നടത്താൻ കഴിഞ്ഞത് താനേറെ സ്നേഹിച്ച കലാലയത്തില്‍നിന്നും പടിയിറക്കി
പിണ്ഡംവെച്ചെങ്കിലും പിരിഞ്ഞുപോകാൻ മനസ്സ്
വരാതെ പിന്തിരിഞ്ഞുനോക്കുന്ന ജോസഫ് സാറിന്റെ ദൈന്യരൂപം നൊമ്പരമുണര്ത്തിയതുകൊണ്ടാണ്
മനുഷ്യന് കരുണ
കാണിച്ചില്ലെങ്കിലും ദൈവം അദ്ദേഹത്തോട് കരുണ കാണിച്ചിട്ടുണ്ട് എന്നുതന്നെയാണ്
ഞാനിപ്പോഴും വിശ്വസിക്കുന്നത്. ഒരു കൂട്ട ആത്മഹത്യയില്‍നിന്നും ഇതുവരെ അദ്ദേഹത്തിന്റെ
കുടുംബത്തെ രക്ഷിച്ചത് ദൈവം തന്നെയല്ലേ. അക്രമികൾ വെട്ടിമാറ്റിയ ഒരു കൈയ്ക്കു പകരം
അനേകം കൈകൾ അദ്ദേഹത്തിന് തുണയായിരിക്കും.
6 comments:
നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍....
ആശംസകള്‍
You said the truth. Joseph sir got justice very late but for that his wife had to sacrifice her life, what a pity!!!
I appreciate your goodwill to share your thought in this subject.
It is really an alarming fact that religious fanatics are gaining grounds in our friendly society.
നൊമ്പരമുണർത്തുന്ന
ഓർമ്മകളുടെ ഓളങ്ങൾ
അലയടിക്കുകയാണല്ലോ ഇവിടെ...
ജോസഫ് സാറിനോട് നീതി കാണിച്ചില്ല എന്ന വിശ്വാസമാണ് ഇങ്ങനെയൊരു ലേഖനം എഴുതാനിടയാക്കിയത്. അതുകൊണ്ട് അദ്ദേഹത്തിന് നഷ്ടപ്പെട്ടതൊന്നും തിരിച്ചുകിട്ടില്ല. എന്റെ മന:സാക്ഷിയെ സമാധാനപ്പെടുത്താന്‍ മാത്രം എന്നു കരുതിയാല്‍ മതി. അത് കുറേപ്പേര് വായിച്ചു. വായിച്ചവര്‍ അദ്ദേഹത്തോട് അനുഭാവം പുലര്‍ത്തുന്നവര്‍ തന്നെയായിരിക്കും.
സി.വി.തങ്കപ്പനോടും അനോണിമസിനോടും മുരളീമുകുന്ദനോടും അഭിപ്രായം എഴുതിയതിനു പ്രത്യേകം സന്തോഷം തോന്നി. സി.വി.തങ്കപ്പന് എപ്പോഴും എന്നെ പ്രോത്സാഹിപ്പിക്കുന്ന ആളാണ്. മുരളി കുറച്ചുകാലം കാണാത്തതിന്റെ കുറവ് പരിഹരിച്ചിരിക്കുന്നു.മറ്റ് പോസ്റ്റുകളിലും എഴുതിക്കൊണ്ട്. അനോണിമസ് താങ്കളെ തിരിച്ചറിയാന്‍ ഒരു ക്ലൂ തരാമോ?
ഈ കുമ്പസാരത്തിന്റെ അര്‍ത്ഥം മനസിലായില്ല.
ജോസഫ് സാര്‍ തെറ്റു ചെയ്തു എന്ന് ടീച്ചര്‍ ആദ്യം വിശ്വസിച്ചിരുന്നല്ലോ. ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?
തെറ്റ് ചെയ്തു എന്ന് പറയുന്നതിനേക്കാള്‍ പിശക് പറ്റിയിട്ടുണ്ടാകാം എന്നാണ് ഞാന്‍ കരുതുന്നത്.
പലതരത്തില്‍ വ്യാഖ്യാനിക്കാന്‍ പറ്റുന്ന ചോദ്യക്കടലാസ് ഉണ്ടാക്കരുത് എന്നു തന്നെ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.പലവട്ടം വിലയിരുത്തിയതിനുശേഷമേ കുട്ടികള്‍ക്ക് നല്‍കാവൂ. വീണ്ടും അതൊരു വിവാദമാക്കി ആ പാവം മനുഷ്യനെ ഇനിയും ശിക്ഷിക്കേണ്ട.
Post a Comment