Friday, April 18, 2014

വൈതലിന്റെ കാവലിൽ കുളിരണിഞ്ഞ്- (ഒന്നാം ഭാഗം)


എ.സി.ഓഫാക്കിയിട്ടും കാറിനുള്ളിലേക്ക് തണുപ്പ് പതുക്കെ അരിച്ചുകയറുകയാണ്. മീനമാസത്തിലെ അവസാനദിനത്തലേന്ന്  കത്തുന്ന ചൂടിന് കടന്നുകയറാനാവാതെ വിഷണ്ണനായി പച്ചപ്പിന്റെ ഇടയില്‍ക്കൂടി ഒളിഞ്ഞും തെളിഞ്ഞും ദിനകരൻ പടിഞ്ഞാറോട്ട് ഗമിക്കുന്നത് അതിശയത്തോടെ നോക്കിയിരുന്നു. വളഞ്ഞും പുളഞ്ഞും പെരുമ്പാമ്പിനെ പ്പോലെ നീണ്ടുകിടക്കുന്ന വഴിത്താരകൾ സന്ധിക്കുന്നിടങ്ങളിൽ സംശയിച്ചും സംശയം തീര്‍ത്തും ഞങ്ങളുടെ വണ്ടികൾ, രണ്ടുകാറും ഒരു ജീപ്പും മലമടക്കുകൾ ഒന്നൊന്നായി പാഞ്ഞുകയറി.
വയ്യായ്മയുടെ പിന്‍ബലത്തിൽ സഹോദരന്റെ ഇന്നോവയുടെ മുന്‍സീറ്റ് തരപ്പെടുത്തി, ഓടിമറയുന്ന പുറംകാഴ്ചകള്‍ക്ക് ഇടതുവശമോ,വലതുവശമോ നോക്കേണ്ടത് എന്നറിയാതെ എന്റെ കണ്ണുകൾ കാറിനേക്കാൾ വേഗത്തില്‍ ഇടംവലം സഞ്ചരിച്ചുകൊണ്ടിരുന്നു. ഒരുഭാഗത്ത് കുത്തനെ ഉയര്‍ന്നുനില്‍ക്കുന്ന മലകളാണെങ്കിൽ മറുഭാഗത്ത് അഗാധമായ കൊല്ലികളാണ് . മലകൾ ഉയര്‍ന്നും താഴ്ന്നും ചിതറിക്കിടക്കുന്ന കാഴ്ച ചേതോഹരമാണ്. അതിര്‍ത്തികൾ മായ്ച്ച് മേഘമാലകളിൽ അലിഞ്ഞുചേരുന്ന പര്‍വതനിരകൾ ചക്രവാളത്തിൽ ആകാശവും ഭൂമിയുമൊന്നാക്കുന്നു. ആകാശത്തിലെ നരച്ച മേഘശകലങ്ങൾ പൊടിഞ്ഞൊഴുകിയതു പോലെ മൂടല്‍മഞ്ഞ് മലകളെ മൂടിനില്‍ക്കുന്നു. അമ്മയുടെ ഭാഷയിൽ ‘കൂളന്‍’ പൊങ്ങുന്നു.
വീട്ടില്‍നിന്നും യാത്ര പുറപ്പെടുമ്പോൾ അമ്മ പിറുപിറുത്തു. “ എനിക്കിഷ്ടം കടലാണ്. മലയല്ല.”
അതുകേട്ടപ്പോൾ തമാശയോടെ ഓര്‍ത്തു. അമ്മയുടെ പുടമുറി നിശ്ചയിച്ചപ്പോൾ ‘എന്നെ മലക്കോട്ട് കൊണ്ടുപോണ്ടാ’ന്ന് പറഞ്ഞ് കരഞ്ഞുബഹളം വെച്ച ആളാണല്ലോ. അന്നേ തുടങ്ങിയതാണ്‌ അമ്മയ്ക്ക് മലകളോടുള്ള വൈരാഗ്യം. അതിന്നും മാറിയില്ലേന്ന് ചോദിക്കാന്‍ നാക്കിനറ്റത്ത് വന്നെങ്കിലും നല്ലൊരു മൂഡ്‌ കളയണ്ടാന്നുവെച്ച് മിണ്ടിയില്ല. പക്ഷേ,ഇപ്പോൾ മലനിരകൾ ഉയര്‍ന്നുയര്‍ന്നു പോകുമ്പോൾ അമ്മ ഒന്നും മിണ്ടുന്നില്ലല്ലോ.പ്രകൃതിയുടെ ഗാംഭീര്യത്തിനു മുന്നിൽ മനുഷ്യന്റെ സര്‍വ അഹന്തയും അലിഞ്ഞില്ലതാവുകയാണോ? അതായിരിക്കാം കുട്ടികളടക്കം എല്ലാവരും ഒന്നും മിണ്ടാതെ ധ്യാനാവസ്ഥയിൽ എത്തിയത്. 



                                              പൈതല്‍ ഹില്‍ റിസോര്‍ട്ട്.  

വൈതൽ മലയുടെ താഴ് വാരത്തിൽ പൈതൽ ഹിൽ റിസോട്ടിൽ എത്തിയപ്പോഴാണ് ആ മൌനം ഭഞ്ജിക്കപ്പെട്ടത്. മനസ്സ് തുള്ളിച്ചാടിയെങ്കിലും കാലുകൾ ഇറങ്ങാൻ മടിച്ചു. റിസോട്ടിലെത്താന്‍ അല്പം നടക്കണം. ചെങ്കല്ല് പാകിയ നടപ്പാതയിലൂടെ ഏതാണ്ട് അമ്പത് മീറ്ററോളം ദൂരം.ഞങ്ങളെ മൂന്നുപേരേയും,അച്ഛന്‍,അമ്മ, പിന്നെയീ ഞാനും, താങ്ങി ആരോഗ്യവാന്മാർ നടന്നു. മഴ പെയ്യാന്‍ തുടങ്ങുകയാണല്ലോ. മഴത്തുള്ളികൾ ഞങ്ങളുടെ ദേഹത്ത് വീണുകൊണ്ടിരുന്നു.              
 “മഴ പെയ്യുകയാണെങ്കിൽ നനയണം.” ഞാന്‍ ആഹ്ലാദത്തോടെ വിളിച്ചുപറഞ്ഞു. ആരൊക്കെയോ അനുകൂലിച്ചു. എന്നാൽ മഴ പൂര്‍ത്തിയാക്കിയില്ല.ഒന്ന് തൂവിപ്പൊയ്ക്കളഞ്ഞു.



പൈതല്‍ ഹില്‍ റിസോര്‍ട്ട്. കായ്ച്ചു നില്‍ക്കുന്ന ഫാഷന്‍ ഫ്രൂട്ട്.പക്ഷേ,ഒന്നും പഴുത്തതല്ല. എങ്കിലും ഭംഗിയും തണുപ്പുമുണ്ട്‌.  
ഞങ്ങളെ മുറിയിലിറക്കി മറ്റുള്ളവർ അവരവരുടെ മുറി തേടിപ്പോയി. പോകുന്നതിനുമുമ്പ് മധു പ്രഖ്യാപിച്ചു. ചായയ്ക്കുശേഷം വൈതൽ മല കയറാൻ പോകുകയാണ്. ഇവിടെനിന്ന് രണ്ടര കി.മീ.ദൂരമുണ്ട്. അതിൽ ഒരു കി.മീ.ദൂരം വണ്ടിയിൽ പോകാം. ബാക്കിദൂരം നടക്കണം.”
അപ്പോൾ എന്റെ അതിമോഹത്തിനു മുളപൊട്ടി. ഞാന്‍ ആവേശത്തോടെ വിളിച്ചു പറഞ്ഞു. “ഞാനൂണ്ട്. മറ്റുള്ളവർ നടക്കുമ്പോൾ ഞാൻ വണ്ടിയിലിരുന്നോളാം.”
മലകള്‍ക്ക് നടുവിൽ,അത്യുന്നതങ്ങളിലെ ആ ഇരിപ്പ് സങ്കല്‍പ്പിച്ചപ്പോഴേക്കും എന്റെ മനസ്സിലും ലഡുപൊട്ടി. എന്നാൽ അടുത്ത നിമിഷത്തിലത് നീര്‍പ്പോളപോലെ പൊട്ടിപ്പോയി.
മധു പെട്ടെന്ന്‍ വിലക്കി. “നീ വരേണ്ട. കാട്ടിനു നടുവിൽ ഒറ്റക്ക്.അതപകടമാണ്‌.”
ഞാന്‍ ഒന്നുകൂടി കെഞ്ചിനോക്കി. “ഒറ്റക്കല്ല.സൌമ്യയുമുണ്ട്.”
അപ്പോൾ മറ്റുള്ളവർ ഏറ്റുപിടിച്ചു. “കണക്കായി. സൌമ്യയും നീയും. പിന്ന്യാരും വേണ്ട.”
സൌമ്യ തല്‍ക്കാലം എന്റെ കൂടെ താമസിക്കുന്ന പതിനഞ്ചുകാരിയാണ്. അവസാനം എന്നോട് അലിവ് തോന്നിയിട്ട് മധു പറഞ്ഞു. “നാളെ നിന്നെ ജീപ്പിൽ കയറ്റി ചുറ്റിക്കറങ്ങാൻ കൊണ്ടുപോകാം.ഇപ്പോൾ വൈകിയില്ലേ.”

                                                       ടീമിനെ എങ്ങെനെ നയിക്കാം?       

പെട്ടെന്ന്‍ നിരാശയെ കുടഞ്ഞു കളഞ്ഞ് ഞാൻ ഉന്മേഷം വീണ്ടെടുത്തു. ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ സ്കൂളില്‍നിന്നും അധ്യാപകർ വൈതൽ മലയിലേക്ക് ഒരു യാത്ര നടത്തിയിരുന്നു.അന്ന് അവർ എന്നെയും വിളിച്ചതാണ്. മലകയറാന്‍ എന്റെ കാലുകള്‍ക്ക് ശേഷിയില്ലെന്ന് പറഞ്ഞ് ഞാൻ സ്വയം പിന്മാറുകയായിരുന്നു. അതിനും അഞ്ചാറുവര്‍ഷം മുമ്പ് സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ കുട്ടികളെയുംകൊണ്ട് കുടിയാന്മല വരെ വന്നപ്പോൾ വൈതൽ മല അടുത്താണല്ലോ എന്ന് തിരിച്ചറിഞ്ഞിട്ടും പോകാന്‍ കഴിഞ്ഞിട്ടില്ല.അന്നൊക്കെ എനിക്ക് ഒറ്റയ്ക്ക് നടക്കാന്‍ കഴിയുമായിരുന്നു. എന്നിട്ടും വൈതൽ മലയുടെ മൂക്കിനു താഴെയെത്തിയത് നടക്കാന്‍ പറ്റാത്ത ഈ കാലത്താണ്.

                                                                     നിയതി റെഡി 

സമുദ്രനിരപ്പില്‍നിന്ന് 4500 അടി ഉയര്‍ന്നുനില്‍ക്കുന്ന വൈതൽ മല കണ്ണൂർ ജില്ലയിലെ                ഉയരം കൂടിയ മലയും വിനോദസഞ്ചാരകേന്ദ്രവുമാണ്. എന്റെ നാടായ കാവുമ്പായിയില്‍നിന്ന് ഏതാനും കി.മീറ്റർ ദൂരമേ ഉള്ളുവെങ്കിലും 65കി.മീ.അകലെയുള്ള കണ്ണൂരില്‍നിന്നും ഇവിടെ യെത്തണമെന്നതാണ് എന്റെ നിയോഗം.


ബാല്‍ക്കണിയില്‍ നിന്നുള്ള കാഴ്ച


ഞങ്ങളുടെ മുറിയുടെ ബാല്‍ക്കണിയിലിരുന്നാൽ നേരെ മുന്നിൽ മലകൾ ഉയര്‍ന്നു പരന്നു മൂടല്‍മഞ്ഞിൽക്കുളിച്ചു നില്‍ക്കുന്നത് കാണാൻ എന്തുഭംഗികസേരയിട്ട് കുറച്ചുനേരം ബാല്‍ക്കണിയിലിരുന്നു. പടിഞ്ഞാറേ അരികിൽ ഉയര്‍ന്ന് മുകൾ ഭാഗം പരന്നു,പിന്നോട്ട് പോകുന്തോറും മൂക്കിന്റെ പാലം പോലെ നേര്‍ത്ത്‌ നീളത്തിൽ വൈതൽ മല. കൈയൊന്നു നീട്ടിയാൽ മതിയല്ലോ,എനിക്ക് തൊടാന്‍ പറ്റും എന്ന മട്ടിൽ ഇതാ എന്റെ വലതുഭാഗത്ത്!            4124 ഏക്കർ വിസ്തൃതിയുണ്ടത്രേ ഈ മലക്ക്. 

                                      റിസോര്‍ട്ടില്‍നിന്ന് കാണുന്ന വൈതല്‍ മല  
 
വൈതൽ മലയ്ക്കടുത്ത് സൂര്യനെത്തിയിരിക്കുന്നല്ലോ. അതുകൊണ്ട് എന്റെ മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കാൻ പറ്റുന്നില്ല. നേരെ കണ്ണിലേക്ക് കുത്തുന്നു. വൈതൽ മല സഹ്യപര്‍വ്വതത്തിന്റെ ഭാഗമല്ലേ? അപ്പോൾ മറുഭാഗം പശ്ചിമഘട്ടവും കര്‍ണാടകവുമല്ലേ? കര്‍ണാടകം കേരളത്തിന്റെ കിഴക്കാണല്ലോ. പിന്നെങ്ങനെ സൂര്യന്‍ വൈകുന്നേരം അവിടെയെത്തി. കക്ഷിക്ക് വഴിതെറ്റിയോ? ഏതായാലും എനിക്ക് തല പുണ്ണാക്കാന്‍ ഒരു കാരണം കിട്ടി.

                                                          അസ്തമനം

ഇനി ചായകുടിച്ചിട്ടാകാം ബാക്കി കാര്യങ്ങൾ. അതിന് മുകളിലത്തെ ഹാളിലേക്ക് പോകണം.         അമ്മ പറഞ്ഞു. “ഞങ്ങള്‍ക്ക് ഇങ്ങോട്ടെടുത്താൽ പോരെ.”
“വേണ്ട.നമുക്ക് മുകളിൽ പോകാം.വരുമ്പോൾ കണ്ടിരുന്നു.കുഞ്ഞുപടികളാണ്.”
ആരൊക്കെയോ എന്നെ പിടിച്ചു കയറ്റി. ഗോവണിപ്പടികൾ കുഞ്ഞുപടികൾ തന്നെ. അരപോലുമില്ല. വെറും കാല്‍പ്പടികൾ.   


                                                        ചായകുടി                                                                                                                                         ഒരു മലമുകളിലാണ് റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്.ഞങ്ങളുടെ മുറിയുള്ള നിലയും         താഴത്തെ നിലയും തറനിരപ്പിലാണ്. മലയുടെ മുകളിലത്തെ തറയും താഴത്തെ തറയും.
മുകളിലെത്തിയപ്പോൾ പുറത്തേക്ക് പറന്നുപോകണമെന്നു തോന്നി. ഹാളിന്റെ നാലു      ഭാഗവും കമ്പിവേലി മാത്രം. അവിടെ നിന്ന് നോക്കുമ്പോൾ അകലെയുള്ള മലകളെല്ലാം ചെറുതായിപ്പോയതുപോലെ. കാറ്റും തണുപ്പും കോടമഞ്ഞും. നുണപറഞ്ഞിരിക്കാൻ കുറച്ചാളുകളെയും കിട്ടി.അച്ഛന്‍,അമ്മ,അനിയത്തി,അനിയത്തിയുടെ മൂത്ത മകന്റെ ഭാര്യ,സൌമ്യ,പിന്നെ ഞാനും. ആനന്ദലബ്ധിക്കിനിയെന്തുവേണം? 



                                                              നേരോ?

ബാക്കിയുള്ളവർ ചായ കുടിച്ചതിനുശേഷം മലകയറാൻ ജീപ്പിൽ പുറപ്പെട്ടു.

                                                          വണ്ടി വിടാറായി      

 സല്ലാപത്തിനിടയിലും എന്റെ നോട്ടം പുറത്തേക്കുതന്നെ. റിസോട്ടിനരികിൽ നിറയെ   പൂക്കൾ ചൂടിയ മരം മുരിക്കല്ലേ? മുള്ളുണ്ടല്ലോ. നാട്ടിൽ കാണുന്ന മുരിക്കിൻ പൂവിന് നീളം കൂടതലാണ്. ഇത്ര കട്ടിയില്ല. എന്റെ സംശയം കേട്ടപ്പോൾ അമ്മ പറഞ്ഞു. “ഇത് പെണ്മുരിക്കാണ്. ഇതിന്റെ പൂക്കൾ ഇങ്ങനെയാണ്. നാട്ടിലേത് ആണ്‍മുരിക്കും.”
എനിക്കത് അറിയില്ലായിരുന്നു.

                    
                                                ആണ്‍പൂവോ,പെണ്‍പൂവോ?    

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ നീന്തല്‍ക്കുളമൊക്കെ ഉണ്ടെങ്കിലും വെള്ളമില്ല. ഉറവവെള്ളമാണ് ഉപയോഗിക്കുന്നത്. ആന കുത്തിയിളക്കിയതുകൊണ്ട് കുളത്തില്‍ കലങ്ങിയ വെള്ളമാണത്രേ.അത് പുറത്തേക്ക് വിട്ടു. കുട്ടികളുടെ കുളം വറ്റി കളിക്കളമായിരിക്കുന്നു.അതില്‍ കുഞ്ഞുങ്ങള്‍ ഒപ്പം മുതിര്‍ന്നവരും കുറച്ചുനേരം ഓടിക്കളിച്ചിട്ടാണ് മലചവിട്ടാന്‍ പോയത്. അതിനോട് ചേര്‍ന്നുള്ള മുതിര്‍ന്നവരുടെ കുളത്തില്‍ അടിയില്‍ അല്‍പ്പം വെള്ളമുണ്ട്. 
 


                                                         നീന്തല്‍ക്കുളം
                                        

                                                            തോണിയിലും വെള്ളമില്ല
 
ചീവിടുകളുടെ രാഗവിസ്താരം കേട്ടുകൊണ്ട് അലകളുയര്‍ത്തുന്ന മലകളുടെ മഹാസമുദ്രത്തിലേക്ക് എന്റെ മിഴികൾ പാഞ്ഞുകയറി.
മൂടല്‍മഞ്ഞിലൂടെ നൂണുകയറി പേരറിയാത്ത ഒരുപാട് മലകളുടെ കൊടുമുടികളേറി. താഴോട്ടിറങ്ങി അവയുടെ മടിത്തട്ടിൽ വിശ്രമിച്ചു. വീണ്ടും മുകളിലേക്ക് കയറി മേഘങ്ങളിൽ പിടിച്ചൂഞ്ഞാലാടി. ശരീരത്തിലെ ഓരോ പരമാണുവിലും ആനന്ദം നിറഞ്ഞുവഴിഞ്ഞു. ഹൃദയം തുള്ളിത്തുളുമ്പി. സൂര്യന്‍ പതുക്കെ കാടിനിടയിലേയ്ക്ക് മറയാൻ തുടങ്ങുകയാണ്. തണുപ്പ് കൂടിക്കൊണ്ടിരുന്നു. ഷാളെടുത്ത് പുതച്ചു. കണ്ണൂരെ ചൂടും വൈതൽ മലയ്ക്കടുത്തെ തണുപ്പും അതിശയത്തോടെ താരതമ്യപ്പെടുത്തി. തണുപ്പിനൊപ്പം ഇരുട്ടും അരിച്ചെത്തി. മങ്ങിയ വെളിച്ചത്തിലും മലകൾ കാണുന്നുണ്ട്. 



ഒരുഭാഗത്തായി വൈതൽ മലയും. മുഴുവന്‍ കാണാൻ പറ്റുന്നില്ല. കുറേഭാഗം റിസോട്ടിന്റെ പിന്നിലേക്ക് നീണ്ടുപോകുന്നുണ്ട്.   



            
അവിടവിടെ വെളിച്ചം കാണാന്‍ തുടങ്ങി. വൈതൽ മലയുടെ അടിവാരംവരെ വിളക്കുകൾ കത്തുന്നുണ്ട്. അവിടെയൊക്കെ മനുഷ്യർ താമസിക്കുന്നു. നേരത്തെ കുറെ കെട്ടിടങ്ങൾ കണ്ടിരുന്നു. ഇവിടെയിരുന്നു കാണുന്ന മലകളൊക്കെയും മനുഷ്യരുടെ പാര്‍പ്പിടങ്ങളും കൃഷിയിടങ്ങളും തന്നെയാണ്.വരുന്ന വഴിയിലെങ്ങും നൈസര്‍ഗികമായ വനം കണ്ടില്ല. മനുഷ്യവാസം ഇല്ലാത്ത പ്രദേശങ്ങളും. പശ്ചിമഘട്ടസംരക്ഷണവും ഗാഡ്ഗിൽ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും നടപ്പിലാക്കാൻ ആള്‍പ്പാര്‍പ്പില്ലാത്ത വനവും മലകളും എവിടെ? മാമലകളുടെ വയർ തുരന്നിട്ടിരിക്കുന്നതും പല സ്ഥലത്തും കണ്ടു. ഇങ്ങനെ പോയാൽ ഈ കോടയും കുളിരും പച്ചപ്പും സൌന്ദര്യവും എത്രനാൾ ബാക്കിയുണ്ടാവും?

                                                              മല കയറി മടുത്തു

 താഴെ വണ്ടിയുടെ ഒച്ച കേട്ടു. മലകയറ്റക്കാർ മടങ്ങിയെത്തിയതാണ്. തൊട്ടുപിന്നാലെ ചിരിയും ബഹളവും. അവർ മലമുകളിലെത്തിയില്ലത്രേ. ഇരുട്ടിയതുകൊണ്ട് തിരിച്ചുനടന്നു.
“നാളെ രാവിലെ ആറുമണിക്ക് വീണ്ടും മലകയറും. താല്‍പര്യമുള്ളവര്‍ റിസോര്‍ട്ട് കവാടത്തില്‍ ഹാജരാകണം.” ക്യാപ്റ്റന്‍ സ്ഥാനം സ്വയമേറ്റെടുത്ത് മധുകുമാര്‍ പ്രഖ്യാപിച്ചു.

 
മിന്നല്‍പ്പിണരുകള്‍ ഇവിടെ ഇരിക്കാൻ പേടിയില്ലേ എന്ന്‍ ഇടയ്ക്കിടെ കുശലം ചോദിച്ചു. കൂടെയുള്ളവർ എപ്പോഴൊക്കെയോ ഇറങ്ങിപ്പോയിരുന്നു. നേരിയ മഴച്ചാറ്റലും നല്ല തണുപ്പും മങ്ങിയ വെളിച്ചവും. ഷാളെടുത്ത് പുതച്ചു. ഇവിടെ വൈദ്യുതി ഇല്ല. ജനറേറ്ററുകള്‍ വഴിയാണ് വെളിച്ചം കിട്ടുന്നത്.വിശാലമായ ഹാളില്‍ ഒറ്റ ബള്‍ബ് മങ്ങിക്കത്തുന്നു.

3 comments:

ajith said...

രസകരമായ വിവരണം. ഇനിയും തുടരുമല്ലോ അല്ലേ?

വിനുവേട്ടന്‍ said...

കണ്ണൂരുള്ള ഒരു സുഹൃത്ത് പറഞ്ഞ് ഈ വൈതൽ മലയെക്കുറിച്ച് കേട്ടിട്ടുണ്ട്...

എന്തിനാണ് കാഴ്ച്ചകൾ കാണുവാൻ വിദേശങ്ങളിൽ പോകുന്നത്... നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ എത്ര മനോഹരമായ ദൃശ്യസമ്പത്താണുള്ളത്... !

വിവരണം മനോഹരമായിരിക്കുന്നു ടീച്ചർ... വീണ്ടും വരാം...


അരുൺ said...

വൈതൽമല. ഭാവിയിലെ ഉപയോഗത്തിനായി മാറ്റി വെയ്ക്കുന്നു :)