Monday, March 24, 2014

സ്നേഹസാന്ത്വനപരിചരണങ്ങള്‍ നല്‍കാന്‍ സഞ്ജീവനിയുണ്ട്


തളിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന സഞ്ജീവനി പാലിയേറ്റീവ് കെയര്‍ യൂനിറ്റ് പറശ്ശിനിക്കടവിലെ വിസ്മയ പാര്‍ക്കില്‍ സംഘടിപ്പിച്ച കുടുംബസംഗത്തില്‍ പങ്കെടുക്കാന്‍ ഭാരവാഹികള്‍ വിളിച്ചപ്പോള്‍ പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ല. ഏതായാലും പോകാന്‍ തീരുമാനിച്ചു. അടുത്ത വീട്ടിലെ പെണ്‍കുട്ടിയെയും കൂട്ടി മാര്‍ച്ച്‌ 23 ഞായറാഴ്ച രാവിലെ 9.30ന് വീട്ടില്‍ നിന്നിറങ്ങി. 10മണിക്ക് പാര്‍ക്കിനുള്ളിലെത്തി. ഗേറ്റില്‍ അന്വേഷിച്ചപ്പോള്‍ മുകളില്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത് എന്നറിഞ്ഞു. ഓഡിറ്റോറിയത്തിനു മുന്നിലെത്തിയപ്പോള്‍ കുറച്ചു ചെറുപ്പക്കാര്‍ അടുത്തേക്ക് വന്നു. 'വീല്‍ചെയര്‍ കൊണ്ടുവരാം' എന്ന് അവര്‍ പറഞ്ഞപ്പോള്‍ വേണ്ട എന്നെ ഫോണില്‍ വിളിച്ച ശോഭയെ കാണണം എന്നാവശ്യപ്പെട്ടു. ശോഭ വന്നപ്പോള്‍ എത്ര സമയം പരിപാടി ഉണ്ടാകും എന്നൊക്കെ ചോദിച്ചു. വൈകുന്നേരം നാലു   മണിവരെ ഇരിക്കാന്‍ പറ്റില്ലേ എന്ന്‍ അവര്‍ ചോദിച്ചപ്പോള്‍ 'ഓട്ടോ നാലുമണിക്ക് വന്നാല്‍ മതി'യെന്നു പറഞ്ഞു തിരിച്ചയച്ചു.
ചെറുപ്പക്കാരായ വളണ്ടിയര്‍മാര്‍ എന്റെ കൈക്കുപിടിച്ച് ഭക്ഷണ ഹാളിലേക്കാണ് കൊണ്ടുപോയത്. ചായയും പത്തിരിയും നിര്‍ബ്ബന്ധിച്ചു കഴിപ്പിച്ചു.പരിചയമുള്ളവരും ഇല്ലാത്തവരുമായി ഒരുപാടുപേര്‍ അടുത്തുവന്നു സംസാരിച്ചു.



ചായയ്ക്കുശേഷം എന്നെ ഓഡിറ്റോറിയത്തില്‍ കൊണ്ടിരുത്തി. അവിടെ കുറേപ്പേര്‍ വീല്‍ചെയറിലിരിക്കുന്നു. നടക്കാന്‍ പറ്റാത്തവര്‍ ആണെന്നു മനസ്സിലായി. വാഹനങ്ങള്‍ വന്നുകൊണ്ടിരുന്നു. അതിനനുസരിച്ച് വീല്‍ചെയറില്‍ വയ്യാത്തവരെ കൊണ്ടുവന്നിരുത്തി.ഞാനിരിക്കുന്നതിന്റെ മുന്നില്‍ ഒരു വരി നടക്കാന്‍ പറ്റാത്ത മിക്കവാറും ജന്മനാ തന്നെ വൈകല്യങ്ങളുള്ളവര്‍. പിന്നീട് പലതരം അപകടത്തില്‍പ്പെട്ട് നടക്കാന്‍ പറ്റാതായവരും ഉണ്ട്. ചെറുപ്പക്കാരായ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ ഓടിനടന്ന് അവര്‍ക്കുവേണ്ട കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. അവര്‍ക്ക് നേതൃത്വം നല്‍കാന്‍ മുതിര്‍ന്നവരുമുണ്ട്. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവര്‍,ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അധ്യാപകരും ജേര്‍ണലിസ്റ്റുകളും ബിസ്സിനസ്സുകാരും കര്‍ഷകരുമൊക്കെയുണ്ട് അക്കൂട്ടത്തില്‍.



പ്രാര്‍ത്ഥനയ്ക്കും സ്വാഗതോക്തികള്‍ക്കുംശേഷം പ്രശസ്ത സിനിമാസംവിധായകന്‍ ഷെറി ചടങ്ങ് ഉത്ഘാടനംചെയ്തു.പിന്നീട് മറ്റുള്ളവര്‍ ആശംസയര്‍പ്പിക്കുകയും  അംഗങ്ങള്‍ സ്വയം പരിചയപ്പെടുത്തുകയും ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. കാരണം അപ്പോഴും വാഹനങ്ങള്‍ പുറത്ത് വന്നുനില്‍ക്കുകയും വീല്‍ചെയറുകള്‍ ഹാളിലേക്ക് ഉരുണ്ടെത്തുകയുംചെയ്തുകൊണ്ടിരുന്നു. അത് കാണുമ്പോള്‍ നെഞ്ചിനകത്ത് ഭാരം കൂടിക്കൊണ്ടിരുന്നു. ശ്വാസംമുട്ടുന്നു. വിയര്‍ക്കുന്നു. അവിടെനിന്ന് പെട്ടെന്ന്‍ പുറത്തുപോകണമെന്ന് തോന്നി. ദൈവമേ,ഇത്രയുംപേര്‍ എന്നേക്കാള്‍ വയ്യാത്തവര്‍ എന്റെ തൊട്ടടുത്തുണ്ടല്ലോ. അനങ്ങാന്‍ വയ്യാതെ നോവനുഭവിക്കുന്നവര്‍ ഇതിലുമെത്രയോ അധികമായിരിക്കുമല്ലോ. വീടുകളുടെ അകത്തളങ്ങളില്‍ മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് ജീവച്ഛവമായി എത്രപേര്‍ ഉണ്ടാകും! 



അവര്‍ക്കിത്തിരി സാന്ത്വനമായി സഞ്ജീവനിയുടെ പ്രവര്‍ത്തകരെത്തുമ്പോള്‍ പാവപ്പെട്ട രോഗിയും വീട്ടുകാരും അനുഭവിക്കുന്ന ആശ്വാസം പറഞ്ഞറിയിക്കാനാവാത്തതാണ്. ഈ ആശ്വാസമാണ് സഞ്ജീവനിയുടെ വളണ്ടിയര്‍മാര്‍ നിസ്വരായ രോഗികള്‍ക്കും വീട്ടുകാര്‍ക്കും പകര്‍ന്നു നല്‍കുന്നത്. ഈ തിരിച്ചറിവ് എന്റെ സര്‍വ അസ്വസ്ഥതകളെയും ഒരുനിമിഷംകൊണ്ട് ഇല്ലാതാക്കി. നിസ്തുലമായ സാന്ത്വനപരിചരണസേവനത്തിന് പുരസ്കാരമേറ്റുവാങ്ങാന്‍ മടികാണിച്ചു മാറിനില്‍ക്കാന്‍ ശ്രമിക്കുന്ന ശോഭന എന്നെ ഉണര്‍ത്തി. ഒരു കൈ ചെയ്യുന്ന സഹായം മറ്റേ കൈപോലും അറിയാന്‍ പാടില്ല എന്നുറച്ചു വിശ്വസിക്കുന്ന പി.ശോഭനയ്ക്ക്  മറ്റുള്ളവരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങേണ്ടിവന്നു. ബഹുമാനപ്പെട്ട തളിപ്പറമ്പ് എം.എല്‍.എ. ശ്രീ. ജെയിംസ് മാത്യുവിന്റെ കൈയില്‍നിന്നും ഏറ്റുവാങ്ങിയ പുരസ്കാരവും വേദന അനുഭവിക്കുന്നവര്‍ക്കുവേണ്ടിത്തന്നെയുള്ളതാണ്. മുമ്പും നിരവധി തവണ അവരെത്തേടി പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്. അവരുടെ നേതൃത്വത്തിലാണ് വളണ്ടിയേഴ്സ് ഹോംകെയര്‍ നടത്തുന്നത്.

                                            എം.എല്‍.എ.ജെയിംസ് മാത്യു

ഞാന്‍ അവിടെ എത്തിയതുമുതല്‍ അവരെ നിരീക്ഷിക്കുകയായിരുന്നു. വൈകിയെത്തുന്ന വളണ്ടിയര്‍മാരെ ചെറുതായി ശാസിച്ചും ഓരോ രോഗിയെത്തുമ്പോഴും അവരുടെ അടുത്തേക്ക് ഓടിയെത്തിയും അവര്‍ അവിടെ നിറഞ്ഞുനിന്നു. മറ്റുള്ളവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുനല്‍കിക്കൊണ്ട് ആതുരസേവനരംഗത്ത്‌ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് മണ്ണിലിറങ്ങിയ ആ മാലാഖ. എന്നെ എഴുന്നേല്‍പ്പിക്കാന്‍ ചെറുപ്പക്കാര്‍ സഹായിക്കുമ്പോള്‍ അവിടെ ഓടിയെത്തിയ ശോഭയോട് അവര്‍ പറഞ്ഞു. “ശോഭേച്ചിയുടെ പേര് പറഞ്ഞാല്‍ മതി. ടീച്ചര്‍ തനിയെ എഴുന്നേറ്റോളും.” അതിനപ്പുറം ഒരവാര്‍ഡും അവര്‍ക്ക് കിട്ടാനില്ല എന്നെനിക്ക് മനസ്സിലായി.

                                                              ശോഭന

അതിനിടയില്‍ ബാബു എന്ന ചെറുപ്പക്കാരന്‍ പാട്ടുപാടി. സങ്കടം തുളുമ്പിനില്‍ക്കുന്ന ആ ഗാനം എന്റെ കണ്ണുനിറച്ചു. പയ്യന്നൂരിനടുത്തുള്ള കാനായി ആണ് അയാളുടെ നാട്. പതിമൂന്നു വര്‍ഷംമുമ്പ് മരത്തില്‍നിന്നും വീഴുന്നതുവരെ ആരോഗ്യമുള്ള ചെറുപ്പക്കാരനായിരുന്നു അയാള്‍. ആ വീഴ്ചയില്‍ നട്ടെല്ലിനേറ്റ ക്ഷതം അയാളെ ഒരു ചക്രക്കസേരയില്‍ തളച്ചിട്ടു. ഏറ്റവും പ്രിയപ്പെട്ട ബന്ധങ്ങള്‍പോലും അതോടെ ശിഥിലമായി. ഇങ്ങനെ ഒരുപാട് കഥകളുണ്ട് ഓരോരുത്തര്‍ക്കും പറയാന്‍.

                                                                ബാബു

പരിചയപ്പെടുത്താന്‍ എനിക്കും കിട്ടി ഒരവസരം. നിന്നു പറയാന്‍ പറ്റാത്തതിനാല്‍ ഞാന്‍ അവര്‍ക്കഭിമുഖമായി സ്റ്റേജില്‍ തന്നെയിരുന്നു.എന്റെ അനുഭവങ്ങള്‍ ചുരുക്കിപ്പറഞ്ഞത് മറ്റുള്ളവര്‍ ശ്രദ്ധയോടെ കേട്ടു. എല്ലാം പോസിറ്റീവായി എടുക്കാന്‍ അവര്‍ ഇതിനകം പഠിച്ചുകഴിഞ്ഞിരുന്നല്ലോ.  

                                                             ഞാനും
  
ജിഷ കോട്ടക്കടവില്‍ എന്ന ചിത്രകാരിയെ എനിക്ക് നേരത്തെ അറിയാം.രണ്ടോ,മൂന്നോ വയസ്സുള്ള കുട്ടിയുടെ ശരീരവുമായി ജീവിക്കുന്ന ജിഷ ഇരുപത്തഞ്ചുവയസ്സിലേറെ പ്രായമുള്ള യുവതിയാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെങ്കിലും യാഥാര്‍ത്ഥ്യമതാണ്. അച്ഛന്‍ ഉപേക്ഷിച്ചുപോയ, അമ്മയും അനിയനുമടങ്ങുന്ന നിര്‍ദ്ധനകുടുംബാംഗമായ ജിഷയ്ക്ക് പഠനവും ചികിത്സയുമൊക്കെ കിട്ടാക്കനികളാണ്. ജീവിക്കാനും ചികില്‍സിക്കാനുമുള്ള കാശിനുവേണ്ടി ദുര്‍ബ്ബലമായ കൈകള്‍ കൊണ്ട് തയ്യല്‍ ജോലിവരെ ഈ മിടുക്കി ചെയ്യുന്നു. 

                                                      ജിഷ കോട്ടക്കടവില്‍

എസ്.എസ്.എല്‍.സി.തുല്യതാ പരീക്ഷയില്‍ നല്ല മാര്‍ക്കോടെ പാസ്സായെങ്കിലും തുടര്‍ പഠനം സ്വപ്നംകാണാന്‍ പോലുമാവില്ല ഈ ബുദ്ധിമതിയായ പെണ്‍കുട്ടിക്ക്. ചിത്രകലയുടെ ബാലപാഠംപോലും പഠിച്ചിട്ടില്ലെങ്കിലും മനോഹരമായി അവള്‍ വരയ്ക്കും. സന്മനസ്സുള്ള ആരെങ്കിലും അവള്‍ക്കിത്തിരി അറിവോതിക്കൊടുത്തെങ്കില്‍!



                                                 ജിഷയോട് അല്പം കുശലം

 വീല്‍ചെയറില്‍ ഒരു മുസ്ലീം പെണ്‍കുട്ടിയുണ്ട്. അവളുടെ കഴുത്തില്‍ വളണ്ടിയര്‍ ടാഗ് തൂങ്ങിക്കിടക്കുന്നു. സ്വയം വേദനിക്കുമ്പോഴും മറ്റുള്ളവരുടെ വേദനയൊപ്പാന്‍ അവള്‍ സന്നദ്ധയാണ്.
എന്റെ ബന്ധു എസ്.ഐ. ആയി ജോലിചെയ്യുന്ന രാധാകൃഷ്ണനോട്, അദ്ദേഹം സാന്ത്വനപരിചരണരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്, എനിക്ക് ഇവരെയൊക്കെ കാണുമ്പോള്‍ സങ്കടം വരുന്നു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. “അവരെ അങ്ങനെ കാണേണ്ട.അവര്‍ക്കാരുടെയും സഹതാപം വേണ്ട.”
അതെ. അവര്‍ക്ക് സഹതാപമല്ല,സഹായമാണ് നല്‍കേണ്ടത്. നിങ്ങളും അത് നല്‍കും അല്ലേ? എങ്ങനെ സഹായിക്കാമെന്ന് സംശയിച്ചു നില്‍ക്കേണ്ട. സഞ്ജീവനിയെപ്പോലുള്ള സംഘടനകള്‍ നമുക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നുണ്ട്. 



ഈ കുടുംബസംഗമംപോലും അവര്‍ക്ക് ആത്മവിശ്വാസവും സന്തോഷവും പകരാന്‍ വേണ്ടി സംഘടിപ്പിച്ചതാണ്.നാലു കൊല്ലമായി സഞ്ജീവനി ഇത്തരത്തിലുള്ള പരപാടികള്‍ നടത്തുന്നുണ്ട്. രോഗികള്‍ക്കൊപ്പം പ്രവര്‍ത്തകരും പാടുകയും ആടുകയും ചെയ്യുന്നു.  പറശ്ശിനിക്കടവ് എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികള്‍ ഈ രംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കുന്നുണ്ട്. പരിചരണം മാത്രമല്ല,പാടിയും ആടിയും അവര്‍ രോഗികളെ സന്തോഷിപ്പിക്കുന്നു.

                                  ശോഭന ആടാനും പാടാനും മുന്‍നിരയിലുണ്ട് 

               'ശോഭേച്ചിക്കൊപ്പം ഞങ്ങളും.' എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍ 

കലാപരിപാടി പൊടിപൊടിക്കുമ്പോഴാണ്‌ പ്രശസ്ത മൗത് പെയിന്‍റര്‍ ഗണേഷ്കുമാര്‍ കുഞ്ഞിമംഗലം എത്തിച്ചേര്‍ന്നത്. വീല്‍ചെയറില്‍ സഹായി കൊണ്ടുവരുമ്പോള്‍ തന്നെ എനിക്ക് ഗണേഷ് കുമാറിനെ മനസ്സിലായി. ഫ്ലൈ എന്ന സംഘടനയെപ്പറ്റിയും ഗണേഷ്കുമാര്‍, അനിയത്തി സുനിത എന്നിവരെപ്പറ്റിയും കേട്ടിരുന്നു.അവരുടെ ഫോട്ടോ കണ്ടിരുന്നു. 
കൂടെവന്ന കുട്ടിയോട് ഗണേഷിന്റെ ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം എന്റെ അടുത്തേക്ക് ചക്രക്കസേരയെ നയിച്ചു. 

 
                                                    ഗണേഷ്കുമാര്‍ കുഞ്ഞിമംഗലം        


                                                      ഇതെന്റെ കുഞ്ഞനിയനല്ലേ


                                   ശോഭ കൂടെയുണ്ടെങ്കില്‍  സന്തോഷം ഇരട്ടിക്കുമല്ലോ



            ഇത് ഗണേഷ്കുമാറിന്റെ അമ്മ ജാനകിയമ്മ. കണ്ടില്ലേ,ഇപ്പോള്‍ എന്റെ അമ്മയും.ഈ മക്കളെല്ലാം എന്റെ മക്കള്‍ എന്ന് പറയുന്ന അമ്മയ്ക്ക് ഒരു മോളെക്കൂടി ഏറ്റെടുക്കാന്‍ കഴിയും. 


ഞാനൊരു പൊട്ടത്തി തന്നെ.ഇത് ഗണേഷ്കുമാറിന്റെ അനിയത്തി സുനിതയല്ലേ. അവള്‍ രാവിലെ മുതല്‍ ഇവിടുണ്ടായിട്ടും ഞാന്‍ തിരിച്ചറിഞ്ഞില്ല. ഉച്ചയ്ക്ക് ഗണേഷ്കുമാര്‍ കാണിച്ചു തന്നപ്പോള്‍ മാത്രമാണ് തിരിച്ചറിഞ്ഞത്. സുനിതയെ കാണണമെന്ന് ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. മാതൃഭൂമി പത്രത്തില്‍ അവളെക്കുറിച്ചെഴുതിയ ലേഖനം വായിച്ചതുമുതല്‍ ആഗ്രഹം തീവ്രമായി. സുനിതയും നല്ലൊരു ചിത്രകാരിയാണ്. മൌത്ത് പെയിന്റര്‍ തന്നെ. 

                                    ഈ സൌഹൃദത്തണലില്‍ നമുക്കാശ്വസിക്കാം

രാവിലെ ഹാളിലെത്തുമ്പോഴേ സംഘാടകര്‍ പറഞ്ഞിരുന്നു. 'അങ്ങേ അറ്റത്ത് പോയാല്‍ വിസ്മയ പാര്‍ക്ക്‌ കാണാം.'അത് കാണാതെ പോയാല്‍ വലിയൊരു നഷ്ടമായിരിക്കും.ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുവന്ന ഉടനെ അങ്ങോട്ട്‌ വെച്ചുപിടിപ്പിച്ചു.എന്നുവെച്ചാല്‍ മറ്റുള്ളവര്‍ മനസ് വെച്ചില്ലെങ്കില്‍ എത്തില്ലല്ലോ. ഏതായാലും കാശുമുടക്കാതെ കാര്യം നേടി. 



                      രാവിലെ ഇവിടെ മാനും മയിലുമില്ല. ഉള്ളത് മലകളും തടാകവും


                                                   കാണാനുണ്ട്


                                                        പടക്കുമിള്‍ ആണോ?

                                                                      പിന്നെയും


                                                         ആളനക്കം തുടങ്ങി


             ഇങ്ങനെയൊരു ബാല്യം കിട്ടിയിട്ടില്ലെങ്കിലും കുഞ്ഞുങ്ങളോട് അസൂയ തോന്നുന്നില്ല.

2006 ജൂലായ്‌ 1ന് തളിപ്പറമ്പില്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ് കെയര്‍ ക്ലിനിക് ഉദ്ഘാടനം ചെയ്തതോടെ സാന്ത്വനപരിചരണങ്ങള്‍ക്ക് തുടക്കം കുറിച്ചു.  ആഴ്ചയില്‍ ആറുദിവസവും ഹോംകെയര്‍ സര്‍വീസ് നടത്തുന്നു. അതില്‍ വളണ്ടിയര്‍ ഹോംകെയര്‍,നഴ്സസ് ഹോംകെയര്‍,ഡോക്ടേഴ്സ് ഹോംകെയര്‍ എന്നിവ വളരെ ഫലപ്രദമായി നടത്തുന്നു. രോഗികള്‍ക്ക് കൌണ്‍സിലിംഗ്, ആവശ്യമായ മരുന്നും ഉപകരണങ്ങളും എത്തിക്കല്‍, ഭക്ഷണം നല്‍കല്‍, രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കല്‍, ബോധവല്‍ക്കരണക്ലാസുകള്‍, വളണ്ടിയര്‍മാര്‍ക്കുള്ള ക്ലാസുകള്‍, രോഗികളുടെ പുനരധിവാസവും തൊഴില്‍ പരിശീലനവും, ഉല്‍പ്പന്നങ്ങളുടെ വിതരണം,എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രവര്‍ത്തനങ്ങളാണ് സഞ്ജീവനിയുടെ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. ഞാന്‍ അവിടെ കണ്ടത് ഒരു ആത്മസമര്‍പ്പണമാണ്‌.

അന്ന് ഒ.പി. മാത്രമായി തുടങ്ങിയ ക്ലിനിക് ഇന്ന് നിരവധി പ്രവര്‍ത്തനങ്ങളില്‍ എത്തിനില്‍ക്കുന്നു. അഞ്ഞൂറില്‍ കൂടുതല്‍ രോഗികളെ പരിചരിക്കുന്നു. സുമനസ്സുകളുടെ സഹായമാണ് സഞ്ജീവനിയെ അതിനു പ്രാപ്തമാക്കിയത്. വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സഞ്ജീവനിയുടെ ക്ലിനിക് വാടകയില്ലാതെ നല്‍കിയ കെട്ടിടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ആംബുലന്‍സും സംഭാവനയായി ലഭിച്ചു. താലൂക്ക് ആശുപത്രിയില്‍ സഞ്ജീവനി ആവശ്യപ്പെട്ടതനുസരിച്ച് രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് അഞ്ച് പാലിയേറ്റീവ് കിടക്കകളും അനുവദിച്ചിട്ടുണ്ട്. ആവശ്യമുള്ളതിന്റെ ചെറിയൊരു ശതമാനം പ്രവര്‍ത്തണങ്ങള്‍ മാത്രമേ ചെയ്യാന്‍ സഞ്ജീവനിയെപ്പോലുള്ള സംഘടനകള്‍ക്കും സാധിക്കുന്നുള്ളൂ. ഇനിയുമെത്രയോ ബാക്കിയുണ്ട്.
ജീവിതത്തിനും മരണത്തിനുമിടയില്‍ വേദനയനുഭവിച്ചു ജീവിതം തള്ളിനീക്കുന്ന രോഗികളെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ബാധ്യത സഹജീവികള്‍ക്കുണ്ട്. അതിനു പണം വേണം. സഹായം വേണം.  നമുക്കത് നല്‍കിക്കൂടെ? നിങ്ങള്‍ പറ്റുന്നത് ചെയ്യും എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അവരുടെ ബാങ്ക് അക്കൌണ്ട് നമ്പര്‍ ഇതാണ്.

'Sanjeevani'
Palliative Care Clinic
Thaliparamba
4804000100028339
IFC PUN B 0480400

   

6 comments:

mini//മിനി said...

7 വർഷം കുഞ്ഞിമംഗലം ഹൈ സ്ക്കൂളിൽ അദ്ധ്യാപികയായ എനിക്ക് ഗണേഷ് കുമാറിനെ പരിചയമില്ലെങ്കിലും ചിത്രകാരനായി ലോകം അറിയപ്പെടുന്നതിന് മുൻപ് അദ്ദേഹം വരച്ച ചിത്രം കണ്ടിരുന്നു. വിസ്മയ പാർക്ക് കാണാനൊരു കൊതി,,,

Madhusudanan P.V. said...


ഈ പോസ്റ്റ്‌ വായിച്ചപ്പോൾ ഞാനും അവിടെയെത്തിയപോലെ എനിക്കു തോന്നി. അത്ര വിശദമായ ഒരു വിവരണമാണ്‌ ടീച്ചർ തന്നത്‌. ഒരുപാട്‌ നന്ദി.

Cv Thankappan said...

നന്മയുടെ സുഗന്ധം വാരിചൊരിയുന്ന ഈ വിവരണം വിവരണം വായിച്ചപ്പോള്‍ ഉള്ളില്‍ സന്തോഷം നിറഞ്ഞു
സഞ്ജീവനിയ്ക്ക് എല്ലാ നന്മകളും നേരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

‘അവര്‍ക്കിത്തിരി സാന്ത്വനമായി സഞ്ജീവനിയുടെ പ്രവര്‍ത്തകരെത്തുമ്പോള്‍ പാവപ്പെട്ട രോഗിയും വീട്ടുകാരും അനുഭവിക്കുന്ന ആശ്വാസം പറഞ്ഞറിയിക്കാനാവാത്തതാണ്. ഈ ആശ്വാസമാണ് സഞ്ജീവനിയുടെ വളണ്ടിയര്‍മാര്‍ നിസ്വരായ രോഗികള്‍ക്കും വീട്ടുകാര്‍ക്കും പകര്‍ന്നു നല്‍കുന്നത്.‘


നന്മയുടെ പരിമളമുള്ള സഞ്ജീവനി..!

Unknown said...

സന്ജീവനിയെ ക്കുറിച്ച് മുന്‍പ് കേട്ടിട്ടുണ്ട്.വിശദമായ വായനയും അറിവും ഇപ്പോളാണ്
കിട്ടുന്നത്.ആശംസ്സകള്‍

വിനോദ് കുട്ടത്ത് said...

തികച്ചും വളരെ വലിയഅനുഭവം തരുന്ന വിവരണം..... ഞാനും അവിടെ എത്തിച്ചേര്‍ന്നപോലെ തോന്നി.....
മൃതസഞ്ജീവിനിയാകുന്ന സഞ്ജീവിനിക്ക് ആശംസകൾ....
ഒപ്പം വാക്കുകള്‍ കൊണ്ട് ഒരു വിസ്മയിപ്പിക്കുന്ന എഴുത്തിനും.....