Friday, November 22, 2013

മനുഷ്യനായൊരാൾ

ടുത്തനിമിഷമല്ലെങ്കിലതിനടുത്തനിമിഷം
പ്രിയമുള്ളൊരാൾ പറന്നുപോകുംമുമ്പേ
ആസന്നമാ വേർപാടിൻ വേദനയിൽ
കടലോളം സങ്കടമണകെട്ടി;
കരളിലതു പൂട്ടിവെച്ച്;
പ്രാണനെ പിടിച്ചുനിർത്താൻ ശ്രമിക്കും
രാപ്പകലുകളോരാതെ കൂടെപ്പൊറുത്തവർ.
സ്വപ്നങ്ങളൊപ്പം പങ്കുവെച്ച്;
കയ്പുനീരുമൊന്നിച്ചു മോന്തി;
മതിവരാത്തൊരാളരികിലുള്ളപ്പോൾ;
പിരിയുവതെങ്ങനെയെന്നു ഗദ്ഗദംമുട്ടി.
വിടില്ല ഞങ്ങടച്ഛനെയെന്നു
മരുന്നും മന്ത്രവും നല്കി
വിരല്‍ത്തുമ്പിൽ പിടിച്ചുനിര്‍ത്താൻ
പൊന്നുമക്കളരികിൽ.
താരാട്ടുപാടി കൂടെക്കിടത്തിയുറക്കിയ
പേരക്കുട്ടി മുജ്ജന്മസുകൃതമെന്ന്
ആത്മവിസ്മൃതിയിലാറാടും മുത്തച്ഛന്‍
കണ്മിഴിക്കാൻ പണിപ്പെട്ടു നോക്കി
കണ്ണീര്‍ച്ചാലൊഴുക്കും കാഴ്ച്ചയിൽ
കഥയറിയാത്ത ബാല്യവും തേങ്ങി.
ക്ഷണിക്കപ്പെടാതെയകാലത്തിൽ
പടികടന്നെത്തും മൃത്യുദേവതയെ
പടിയടച്ചു പുറത്താക്കാനാവാതെ
പ്രിയബന്ധുവായ്,സുഹൃത്തായ്
നന്മകൾ ചൊരിഞ്ഞൊരാൾ;
കടന്നുപോയേക്കാമിടം ശൂന്യമാക്കി.
കനൽ ചൊരിയുമറിവിൽ
കരയാതിരിക്കുവാന്‍
പുകയുവോളമെന്റെ കണ്ണുകളി-
റുക്കിയടയ്ക്കിലും.
ദൈവവും ദൈവദൂതനുമല്ലെന്നാലും
കെട്ട കാലത്തിലേറെ കാണാത്ത
കേവലമൊരു മനുഷ്യനായിറ്റു-
കണ്ണീർ പൊഴിക്കാതിരിക്കുവതെങ്ങനെ!

പ്രിയ ബന്ധുവായ കുഞ്ഞിരാമേട്ടൻ അത്യാസന്നനിലയിൽ മരണത്തോട് മല്ലിടുമ്പോൾ മനംനൊന്ത് കുറിച്ചത്.

7 comments:

Unknown said...

ഏറെ ഭാരമുള്ളതും ഭാരപ്പെടുത്തുന്നതുമായ എഴുത്ത്

Cv Thankappan said...

മരണം വരുമെല്ലാര്‍ക്കും
നന്മചെയ്തോരെ ഓര്‍ക്കും
മണ്‍മറഞ്ഞാലും....
ഉള്ളില്‍ നിന്നൊഴുകും വരികള്‍
ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വിടില്ല ഞങ്ങടച്ഛനെയെന്നു
മരുന്നും മന്ത്രവും നല്കി
വിരല്‍ത്തുമ്പിൽ പിടിച്ചുനിര്‍ത്താൻ
പൊന്നുമക്കളരികിൽ..
ഈ വരികളില്‍ യഥാര്‍ത്ഥമായ ഒരു ജീവിതമുണ്ട്

Madhusudanan P.V. said...

ക്ഷണിക്കപ്പെടാതെയകാലത്തിൽ
പടികടന്നെത്തും മൃത്യുദേവതയെ
പടിയടച്ചു പുറത്താക്കാനാവാതെ
ഉഴലുമ്പോൾ ഈ കവിത ആശ്വാസമാകട്ടെ. എല്ലാവർക്കും.

mini//മിനി said...

വായിച്ചു,,

© Mubi said...

നൊമ്പരപ്പെടുത്തിയ വരികള്‍...

സൗഗന്ധികം said...

കുഞ്ഞിരാമേട്ടനു വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു.

നല്ല കവിത

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.

ശുഭാശംശകൾ...