Tuesday, November 12, 2013

ശൈശവവും ബാല്യവും കവര്‍ന്നെടുക്കും വിവാഹച്ചുഴിയിൽ

പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന്‍ പതിനാറാക്കി കുറയ്ക്കണ
മെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനുള്ള മുസ്ലീം മതസംഘ
ടനകളുടെ തീരുമാനം മുസ്ലീം പെണ്‍കുട്ടികളെ അന്ധകാരയുഗത്തിലേക്കാനയിക്കുന്ന
താണ്. വിവാഹപ്രായം പതിനെട്ടില്‍ നിലനില്‍ക്കെ തന്നെ പെണ്‍കുട്ടികളെ സ്കൂളില്‍
നിന്ന് പിടിച്ചുകൊണ്ടുപോയി കെട്ടിക്കുന്നത് നിര്‍ബ്ബാധം തുടരുന്നുണ്ട്. അതിന് നിയമ
പരിരക്ഷകൂടി ആവശ്യപ്പെട്ടുകൊണ്ടാണ് ഇപ്പോൾ മതനേതാക്കന്മാർ കോടതിയെ സമീ
പിക്കാനൊരുങ്ങുന്നത്. വിവാഹപ്രായം കുറച്ചാൽ പെണ്‍കുട്ടികളുടെ പഠനം അവിടെ
അവസാനിക്കുമെന്ന് മതമൌലികവാദികള്‍ക്ക് നന്നായറിയാം. എന്നാല്‍ ലോകവ്യാപ
കമായി സ്ത്രീകൾ മുന്നേറ്റം നടത്തുമ്പോൾ ഇന്ത്യയെപ്പോലൊരു മതേതര രാജ്യത്ത്
മുസ്ലീം വ്യക്തി നിയമത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ എളുപ്പത്തിൽ പഴയ അവസ്ഥ
യിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ കഴിയില്ല എന്നവരോര്‍ക്കണം. പെണ്‍കുട്ടികള്‍ താലി
ബാൻ ഭീകരതയെപ്പോലും എതിര്‍ക്കാൻ കഴിവ് നേടിക്കൊണ്ടിരിക്കുന്നു എന്നതിന് മലാല
യൂസുഫ് സായി എന്ന കൊച്ചുപെണ്‍കുട്ടിയെ ഓര്‍ത്താൽ മതിയല്ലോ.
ജീവിതകാലം മുഴുവന്‍ അടിമപ്പട്ടം ചുമന്ന്‍ മറ്റുള്ളവരുടെ തെറ്റായ തീരുമാനങ്ങള്‍ക്കു
നുസരിച്ചു നരകതുല്യം ജീവിച്ചു തീര്‍ത്തവരാണ് അടുത്തകാലംവരെയും സ്ത്രീകൾ.
സ്ത്രീയെ അടിമയാക്കി നിലനിര്‍ത്തുന്നതിൽ മതങ്ങള്‍ക്കു തമ്മില്‍ ചെറിയ ഏറ്റക്കു
റച്ചിലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ആധുനികകാലഘട്ടത്തില്‍ വിദ്യാഭ്യാസം ലഭിച്ച
തോടെ സ്ത്രീകളിൽ കുറെപ്പേരെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാനും,അവനവന്റെ
കാര്യത്തില്‍ തീരുമാനമെടുക്കാനും, സ്വന്തം ഇഷ്ടമനുസരിച്ച് ജീവിക്കാനും ഒക്കെ
പ്രാപ്തരായി.
ആയിരക്കണക്കിന് വര്‍ഷങ്ങളായി പിന്നണിയിൽ നിന്നിരുന്ന സ്ത്രീ ഇന്ന്‍ എല്ലാ
രംഗങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌. സ്ത്രീകള്‍ മുന്നേറാൻ
തുടങ്ങിയ കാലംതൊട്ടുതന്നെ പുരുഷാധിപത്യസമൂഹം അവരെ പിറകോട്ടു വലിക്കാനും
തുടങ്ങിയിരുന്നു. അതിനു സര്‍വസഹായങ്ങളും ചെയ്തുകൊണ്ട് മതസംഘടനകളും
മതമൌലികവാദികളും നിലകൊള്ളുന്നുമുണ്ട്. സാമ്പത്തികശേഷിയും വിദ്യാഭ്യാസവും
ഉള്ള രക്ഷിതാക്കളുടെ പെണ്‍കുട്ടികളെ അത്രയേറെ ബാധിക്കില്ലെങ്കിലും ഭൂരിപക്ഷം
വരുന്ന സാധാരണക്കാരായ പെണ്‍കുട്ടികളേയും ദരിദ്രവിഭാഗങ്ങളിലെ പെണ്‍കുട്ടിക
ളേയും പിന്നോട്ട് നയിക്കാൻ ഇവര്‍ക്ക് കഴിയുന്നുണ്ട് എന്നത് സത്യമാണ്. ഒരു
പെണ്‍കുട്ടിയെ ഒതുക്കാൻ ഏറ്റവും പറ്റിയ മാര്‍ഗം വിദ്യാഭ്യാസം നിഷേധിച്ച്
അവളെ വിവാഹം കഴിപ്പിക്കലാണ്.
പെണ്‍കുട്ടികളെ ചെറുപ്പത്തിലേ വിവാഹം കഴിപ്പിക്കുന്നതിനെ ന്യായീകരിക്കാന്‍ പറ
യുന്ന കാരണങ്ങൾ പരിശോധിച്ചാൽ അവയെല്ലാം പെണ്‍കുട്ടികളുടെ വ്യക്തിത്വവും
അസ്തിത്വവും പാടേ നിഷേധിക്കുന്നവയാണ്.വളര്‍ച്ചയുടെ കൌതുകകരമായ കൌമാര
കാലഘട്ടത്തിൽ എതിർ ലിംഗത്തോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണ്. ചില്ലറ
പ്രണയവും മറ്റും ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പരസ്പരം തോന്നിയാൽ അതൊരു
മഹാപരാധമാണെന്നും അതിന് പരിഹാരം വയസ്സറിയിക്കുന്നതിനുമുമ്പ് പെണ്‍കുട്ടിയെ
ആര്‍ക്കെങ്കിലും പിടിച്ചുകൊടുക്കുന്നതാണെന്നും ,അങ്ങനെയായാൽ അവൾ പിഴച്ചുപോകി
ല്ലെന്നുമാണ് ശൈശവവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ പറയുന്നത്. ഈ ഇഷ്ടവും
പ്രണയവുമൊക്കെ മുസ്ലീം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്കു മാത്രമല്ല ഉള്ളത്.
എന്നാലും അവരൊന്നും എന്നോ ഉപേക്ഷിച്ച ശൈശവവിവാഹം അതിനൊരു പരിഹാര
മാണെന്ന് ഇന്ന്‍ കരുതുന്നില്ല. തങ്ങളുടെ കുട്ടികളെ അങ്ങനെയൊരു പരീക്ഷണത്തിന്‌
വിട്ടുകൊടുക്കാൻ വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ തയ്യാറുമല്ല. മുസ്ലീം സമുദായത്തിലെ
പാവപ്പെട്ട പെണ്‍കുട്ടികളുടെമേല്‍ അറബിക്കല്യാണവും മൈസൂർ കല്യാണവുമൊക്കെ
അടിച്ചേല്‍പ്പിക്കപ്പെടുമ്പോൾ അവര്‍ക്ക് എതിര്‍ക്കാൻ കഴിയാതെ നിസ്സഹായരായി നിന്നു
കൊടുക്കേണ്ടിവരുന്നു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയി
ലുള്ള വീട്ടിലെ പതിനെട്ടു വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിക്ക് അതിനെ
എതിര്‍ക്കാനുള്ള തന്റേടമുണ്ടാവുകയില്ല. വിവാഹച്ചടങ്ങിനുപോലും പെണ്‍കുട്ടിയുടെ
സാന്നിദ്ധ്യം ആവശ്യമില്ലാത്ത മുസ്ലീം വിവാഹത്തില്‍ പെണ്ണിന്റെ സമ്മതമില്ലെങ്കിലും
വിവാഹം നടത്താന്‍ വിഷമമില്ലാത്തത് കാര്യങ്ങൾ ഒന്നുകൂടി എളുപ്പമാക്കുന്നു. വിവാഹം
നടത്താന്‍ കന്യകയുടെ സമ്മതം ചോദിക്കണമെന്ന വ്യവസ്ഥയൊക്കെ കാറ്റില്‍പ്പറത്തു
കയാണ് ഇത്തരം വിവാഹങ്ങളിൽ പതിവ്. രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍
വധുവിന്റെ രക്ഷിതാവും പ്രതിശ്രുതവരനും തമ്മിലുള്ള വിവാഹഉടമ്പടിയാണ് നിക്കാഹ്.
പെണ്‍കുട്ടിയുടെ പിതാവോ അല്ലെങ്കില്‍ സംരക്ഷണോത്തരവാദിത്വമുള്ള അടുത്ത
ബന്ധുവോ ആയിരിക്കും രക്ഷിതാവ്. ദരിദ്രരും അനാഥരുമായ പെണ്‍കുട്ടികളുടെ
രക്ഷിതാവായി ചമയുന്നവർ അര്‍ഹതയില്ലത്തവര്‍ക്ക് അവരെ ചെറുപ്പത്തിലേ കെട്ടി
ച്ചുകൊടുത്ത് അനാഥരുടെ എണ്ണം ഇരട്ടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്രയേറെ അനാ
ഥകൾ മുസ്ലീം സമൂഹത്തിൽ ഉണ്ടാവാൻ ഒരു കാരണമിതാണ്. പുരുഷനാൽ തോന്നു
മ്പോൾ ഉപേക്ഷിക്കപ്പെട്ട്,കൌമാര മാതാക്കളായി ജീവിതം തള്ളിനീക്കുന്നവള്‍ക്ക്
തന്റെ മകളെ പഠിപ്പിക്കാനും മാനമായി വിവാഹം ചെയ്തയക്കാനും കഴിയാറില്ല.
അപ്പോൾ അനാഥകളെ സംരക്ഷിക്കാന്‍ അറബിക്കല്യാണമോ, മൈസൂര്‍ കല്യാണമോ
വീണ്ടും നടത്താം. അല്ലെങ്കിൽ ഏതെങ്കിലും വൃദ്ധന്റെ ചുമലിൽ കെട്ടിവെക്കാം. ഇങ്ങനെ
മറ്റുള്ളവര്‍ താറുമാറാക്കിയ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സ്വന്തം ശരീരം മാത്രം
കൈമുതലായുള്ള പെണ്‍കുട്ടിക്ക് അത് വില്‍ക്കുകയല്ലാതെ മാര്‍ഗമില്ലല്ലോ. മൈസൂര്‍ കല്യാ
ണത്തിന്റെ ഇരകളായ ഒരുപാട് പെണ്‍കു‍ട്ടികൾ അവിടെ വേശ്യാവൃത്തി ചെയ്ത് ജീവിക്കു
ന്നുണ്ടെന്ന് സമീപകാല റിപ്പോര്‍ട്ടുകൾ തെളിയിക്കുന്നു. ചെന്നൈ കല്യാണവും ബാംഗ്ലൂർ
കല്യാണവുംകൂടി ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ കൊലപാതകങ്ങളില്‍
പോലും കലാശിച്ചിട്ടുള്ള വിവാഹദുരന്തങ്ങൾ സമുദായനേതാക്കളുടെ കണ്ണുതുറപ്പിച്ചില്ലല്ലോ
എന്നോര്‍ക്കുമ്പോൾ പ്രയാസം തോന്നുന്നു.
പഴയ കാലത്ത് നമ്പൂതിരി സമുദായത്തിലെ അന്തര്‍ജ്ജനങ്ങൾ അനുഭവിച്ച പീഡനവും
അസമത്വവും ഇല്ലായ്മ ചെയ്യാനും അന്ധകാരത്തിൽനിന്നും അവരെ കൈപിടിച്ചുയര്‍
ത്താനും സാമൂഹ്യപരിഷ്കര്‍ത്താക്കൾ മുന്നോട്ട് വന്നതുകൊണ്ട് ആ സമൂഹത്തിലെ സ്ത്രീ
കൾ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തപ്പെട്ടു. അതുപോലെ മുസ്ലീം പെണ്‍കു
ട്ടികൾ ചെറുപ്പത്തിലേ വിവാഹിതരായി പുരുഷന് തോന്നുമ്പോള്‍ ഉപേക്ഷിക്കപ്പെട്ട് അശര
ണരും അനാഥകളുമായി ശിഷ്ടജീവിതം തള്ളിനീക്കണമെന്നു വിധിക്കുന്നത് ക്രൂരതയാണ്.
അങ്ങനെ കഷ്ടപ്പെടുന്ന എത്രയോ സ്ത്രീകൾ നമ്മുടെ ചുറ്റുമുണ്ടെന്ന സത്യം ആരും സമ്മ
തിക്കും. ഇങ്ങനെയൊരു ദുരിതജീവിതം ശൈശവവിവാഹത്തിലൂടെ അവര്‍ക്ക് നേടിക്കൊടു
ക്കുന്നവരെ എങ്ങനെയാണ് സമുദായനേതാക്കളെന്ന് പറയുക? ഒരിക്കലും ഏത് സമുദായ
ത്തിലേയും സ്ത്രീ സമൂഹം ശൈശവവിവാഹത്തെ അംഗീകരിക്കില്ല എന്നത് തീര്‍ച്ചയാണ്.
പെണ്‍കുട്ടികളുടെ പ്രണയം തടയുന്നതിനാണ് ശൈശവവിവാഹത്തിനു വേണ്ടി മതനേതാ
ക്കൾ വാദിക്കുന്നതെന്നൊരു ന്യായവും ഉയര്‍ന്നു വന്നിട്ടുണ്ടല്ലോ. ഒരു പ്രണയം പോലെയല്ല
വിവാഹം. ശാരീരികമായി വളര്‍ച്ച പൂര്‍ത്തിയാകും മുമ്പ് പെണ്‍കുട്ടിയുടെ ശരീരം ലൈംഗിക
വേഴ്ചയ്ക്കും ഗര്‍ഭധാരണത്തിനും പ്രസവത്തിനും വിധേയമായാൽ അവളുടെ ആരോഗ്യ
ത്തേയും വളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കും. അവളുടെ വ്യക്തിത്വവികസനം
വികലമായിത്തീരും. ഇളം പ്രായത്തിൽ അടിച്ചേല്‍പ്പിക്കുന്ന മാതൃത്വം ഉള്‍ക്കൊള്ളാൻ
അവളുടെ മനസ്സിനും ശരീരത്തിനും ശേഷിയുണ്ടാവില്ല. ശാരീരികമായും മാനസികമായും
കുടുംബിനിയാകാനുള്ള പക്വതയില്ലാത്ത പതിനാറുകാരിക്ക് ജനിക്കുന്ന കുഞ്ഞ് ആരോഗ്യ
മുള്ള തലമുറയിലെ കണ്ണിയാവില്ല.
വിദ്യാഭ്യാസത്തിന് വിവാഹം തടസമല്ലെന്ന് ചില പ്രമുഖര്‍ അഭിപ്രായപ്പെട്ടു കണ്ടു.
ആണായാലും പെണ്ണായാലും വിദ്യാര്‍ഥി ബ്രഹ്മചാരിയായിരിക്കണം. മനസും ശരീരവും
ഒരുപോലെ വിദ്യയ്ക്ക് സമര്‍പ്പിക്കുന്നവര്‍ക്കേ വിദ്യ നേടാനാവൂ. ഇളംപ്രായത്തിൽ വിവാ
ഹിതയായ പെണ്‍കുട്ടി അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങളാണ് കാമവും ഗര്‍ഭധാരണവും
പ്രസവവും കുഞ്ഞും കുടുംബത്തിന്റെ ചുമതലകളും.ഇതിനിടയില്‍ പെണ്‍കുട്ടിക്ക് പഠിക്കാൻ
കഴിയുമെന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്.
ശൈശവവിവാഹത്തിലൂടെ വീണ്ടും വീണ്ടും അനാഥകളെ സൃഷ്ടിച്ചുകൊണ്ട് അനാഥകളെ
ഒരിക്കലും രക്ഷിക്കാൻ കഴിയില്ല. അനാഥയായ പെണ്‍കുട്ടിയെ പഠിപ്പിച്ച് ഒരു തൊഴിൽ
നേടാൻ സഹായിക്കുകയാണ് സമൂഹം ആദ്യം ചെയ്യേണ്ടത്. എങ്ങനെയെങ്കിലും ഒരു
വിവാഹം കഴിക്കുക മാത്രമാണ് രക്ഷപ്പെടാനുള്ള മാര്‍ഗമെന്ന തെറ്റായ മെസ്സേജ്
പെണ്‍കുട്ടികളുടെ തലച്ചോറിലേക്ക് ആവര്‍ത്തച്ചയക്കുന്നതിനു പകരം പഠിച്ചു മിടുക്കി
യായി സ്വന്തം ജീവിതം സ്വയം രൂപപ്പെടുത്താനുള്ള ഉത്തരവാദിത്ത്വം ആണ്‍കുട്ടിയെ
പ്പോലെ അവള്‍ക്കും നല്‍കണം. അതിനു ശേഷം അവള്‍ക്ക് താല്പര്യവും ഇഷ്ടവും
തോന്നുന്ന ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ കഴിയണം. വരുമാനമുണ്ടാക്കി സ്വന്തം
കാലില്‍ നില്‍ക്കാൻ ത്രാണിയുള്ള, ചിന്താശേഷിയുള്ള, പ്രതികരിക്കാന്‍ കഴിയുന്ന പെണ്‍കു
ട്ടികൾ നാടിനും വീടിനും ഐശ്വര്യം പ്രദാനം ചെയ്യും. അങ്ങനെയുള്ള പെണ്‍കുട്ടികള്‍
ജീവിക്കുന്ന സമൂഹത്തിൽ പീഡനം എന്ന വാക്കിനേ പ്രസക്തി ഉണ്ടാകില്ല. അതുകൊണ്ട്
നമ്മുടെ പ്രിയപ്പെട്ട പെണ്‍കുട്ടികളെ ശൈശവം മുതൽ മരണംവരെയുള്ള പീഡനത്തില്‍
നിന്നും രക്ഷിക്കാൻ അവരെ വിദ്യാലയങ്ങളിലേക്കയക്കുക. അതിന് ജാതിയോ, മതമോ,
സാമ്പത്തികമോ തടസ്സമാകരുത്. പക്വതയെത്താത്ത ശൈശവത്തിലും ബാല്യത്തിലും
കുടുംബിനിയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ അവരുടെ പിഞ്ചുചുമലുകളിൽ കയറ്റിവെച്ചു
മഹാപാപം ചെയ്യരുത്.
ചില കടൽക്കിഴവന്മാര്‍ക്ക് തട്ടിക്കളിക്കാനുള്ളതല്ല പെണ്‍കുട്ടികളുടെ സ്വപ്നവും ജീവിതവും.
പുരുഷനുള്ള എല്ലാ അവകാശവും ഒരു വ്യക്തി എന്ന നിലയില്‍ സ്ത്രീക്കുമുണ്ട്. എല്ലാ രംഗ
ങ്ങളിലും കഴിവ് തെളിയിക്കുന്ന സ്ത്രീകളെ അകത്തളങ്ങളില്‍ കഴിവില്ലാത്തവരാക്കി മാറ്റി
തളച്ചിടുന്നത് ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല. വിവാഹശേഷം പൊലിഞ്ഞു
പോയ എത്രയോ പ്രതിഭകളായ സ്ത്രീകള്‍ നമുക്കു ചുറ്റുമുണ്ട്.അവരുടെ പ്രതിഭ സമൂഹ
ത്തിനു പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. കുടുംബത്തിന്റെയും കുട്ടികളുടെയും ഉത്തര
വാദിത്തം സ്ത്രീയും പുരുഷനും ഒത്തുചേര്‍ന്ന് നിര്‍വഹിക്കുന്നതാണ് ഉത്തമം. അങ്ങനെ
യായാല്‍ പിതാവിന് കുഞ്ഞുങ്ങളോട് സ്നേഹവും ഉത്തരവാദിത്ത്വവും കൂടും. ഇന്ന് സമൂഹ
ത്തില്‍ പുരുഷനുണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവും കൂടിയായിരിക്കും അത്.


4 comments:

mini//മിനി said...

എനിക്ക് പഠിക്കാൻ വയ്യേ,, എന്നെ കെട്ടിച്ചുവിട്ടേ,, എന്ന് പറയുന്ന ഒൻപതാം ക്ലാസ്സുകാരിയെ എനിക്കറിയാം. സമൂഹം അവളെ അത്തരം ചിന്താഗതിയിലേക്ക് തള്ളിവിടുന്നു.

ശാന്ത കാവുമ്പായി said...

അങ്ങനെ ഒരുപാട് കുട്ടികളുണ്ട്.അതെന്തുകൊണ്ട് എന്നതിന്റെ മറുപടി.'എങ്ങനെയെങ്കിലും ഒരു
വിവാഹം കഴിക്കുക മാത്രമാണ് രക്ഷപ്പെടാനുള്ള മാര്‍ഗമെന്ന തെറ്റായ മെസ്സേജ്
പെണ്‍കുട്ടികളുടെ തലച്ചോറിലേക്ക് ആവര്‍ത്തച്ചയക്കുന്നതിനു പകരം പഠിച്ചു മിടുക്കി
യായി സ്വന്തം ജീവിതം സ്വയം രൂപപ്പെടുത്താനുള്ള ഉത്തരവാദിത്ത്വം ആണ്‍കുട്ടിയെ
പ്പോലെ അവള്‍ക്കും നല്‍കണം. '

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

രക്ഷിതാക്കള്‍ക്ക് പെണ്‍കുട്ടികള്‍ ഭീതിയാകുന്നതിന് ഇപ്പോഴും സ്ത്രീധനം തന്നെ മുഖ്യ ഘടകം. പിന്നെ, പത്തൊമ്പതോ ഇരുപതോ വയസ്സായാല്‍ പെണ്‍കുട്ടികള്‍ വിവാഹക്കമ്പോളത്തില്‍ പിന്തള്ളപ്പെടുകയും ചെയ്യുന്നു. ഭൂരിപക്ഷം "പുരുഷന്മാരും" പതിനാറും പതിനേഴും മതി എന്നു പറഞ്ഞുകൊണ്ടാണ് ഈ കച്ചവടത്തിനിറങ്ങുന്നത്.

ശാന്ത കാവുമ്പായി said...

അതിനാണ് അവളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കേണ്ടത്. നിന്നെ വളര്‍ത്തുന്നത് കല്യാണം കഴിക്കാന്‍ വേണ്ടി മാത്രമാണ് എന്ന് പഠിപ്പിക്കാതെ വിദ്യാലയത്തിലയച്ചു പഠിപ്പിക്കുക.