Monday, November 4, 2013

ശ്വേതാ, താങ്കളുടെ അപമാനവും പരാജയവും ഞങ്ങളുടേതുമാണ്


കൊല്ലത്ത് പ്രസിഡന്‍സി ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനച്ചടങ്ങിനിടെ കോണ്‍ഗ്രസ് നേതാവ് എന്‍.പീതാംബരക്കുറുപ്പ് എം.പി.നടി ശ്വേതാമേനോനെ പലപ്രാവശ്യം അപ മാനിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത വല്ലാത്ത ദുഃഖത്തോടെയാണ് ശ്രവിച്ചത്. പല ചാനലുകള്‍ മാറ്റിമാറ്റി വാര്‍ത്ത ‍കേള്‍ക്കുകയും കാണുകയുംചെയ്തു. ശ്വേതയുടെ പിറകിലും വശങ്ങളിലും നിന്നുകൊണ്ട് മുട്ടിയുരുമ്മിക്കളിക്കുന്ന മധ്യപ്രായം കഴിഞ്ഞ ബഹുമാന്യ ദേഹത്തെ എല്ലാ ചാനലിലും കണ്ടു.
ഇതോടെ സ്ത്രീപീഡനങ്ങള്‍ക്ക് പുതിയ രൂപഭാവങ്ങൾ കൈവരികയാണ്‌. ഒരു പൊതുപരി പാടിയില്‍ അതിഥിയായി ക്ഷണിക്കപ്പെട്ട പ്രശസ്തയായൊരു താരത്തെപ്പോലും കേരളത്തിലെ മുതിര്‍ന്നൊരു നേതാവും ജനപ്രതിനിധിയുമായ വ്യക്തി പൊതുവേദിയില്‍ വെച്ച് തന്റെ ഞരമ്പു രോഗത്തിന്റെ ഇരയാക്കാന്‍ ശ്രമിക്കുമ്പോൾ അതില്‍നിന്നും ഇതുവരെ പഠിച്ചുകഴിഞ്ഞതിനപ്പുറം സമൂഹം ഒരുപാട് പാഠങ്ങൾ പഠിക്കുന്നുണ്ട്. ഈ പീതാംബരക്കുറുപ്പ് എന്ന എം.പി. കൂടി ഉള്‍പ്പെട്ട പാര്‍ലമെന്റ് ആണ് സ്ത്രീകളുടെ രക്ഷയ്ക്കുതകുന്ന നിയമനിര്‍മ്മാണം നടത്തേണ്ടതും നടപ്പിലാക്കേണ്ടതും എന്നോര്‍ക്കുമ്പോൾ ഇനിയും സ്ത്രീ ജന്മങ്ങൾ ഈ മണ്ണിൽ പിറക്കരുത് എന്നും പിറന്നുപോയവർ ഭൂമി പിളര്‍ന്ന് അന്തര്‍ദ്ധാനം ചെയ്യണമെന്നും ആത്മാര്‍ഥമായി ആഗ്രഹിച്ചുപോകുന്നു.
നമ്മുടെ രാജ്യത്ത് സ്ത്രീകളും കുട്ടികളും നിരന്തരം പീഡനത്തിനിരയായിക്കൊണ്ടിരിക്കുന്ന
അവസരത്തിലാണ് ജനപ്രതിനിധി പീഡകന്മാര്‍ക്ക് പ്രചോദനവും മാതൃകയുമാകുന്നത്.
നിറഞ്ഞ സദസ്സിനു മുന്നില്‍ അയാള്‍ക്ക് അങ്ങനെ പെരുമാറാന്‍ ധൈര്യം ലഭിച്ചത്
ശ്വേതാമേനോൻ അവിടെവെച്ച് ചെരിപ്പൂരി അടിക്കില്ല എന്ന ഉത്തമബോധ്യമുള്ളതുകൊണ്ട്
തന്നെയാണ്. ഈ ആത്മവിശ്വാസം ലഭിച്ചത് മെമ്പര്‍ ഓഫ് പാര്‍ലമെന്റ് എന്ന ജനം
നല്‍കിയ പദവിയുടെ ബലത്തില്‍തന്നെയാണ്.
വല്ലാത്തൊരു ധര്മ്മവസങ്കടത്തിലാണ് ശ്വേതാമേനോൻ പെട്ടിട്ടുണ്ടാവുക എന്നൂഹിക്കാന്‍
പ്രയാസമില്ല. ധീരയായൊരു സ്ത്രീയെന്ന നിലയില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചവനെ
മറ്റേതു സന്ദര്‍ഭത്തിലും അവർ അതു തന്നെ ചെയ്തേനെ. അപ്പോള്‍ അങ്ങനെ പ്രതികരി
ച്ചാൽ പരിപാടി അലങ്കോലമാകുമെന്നതിനെക്കുറിച്ചു ക്ഷണിക്കപ്പെട്ട അതിഥിയെന്ന നില
യിൽ അവർ ബോധാവതിയായേ തീരൂ. അല്ലെങ്കില്‍ അവിടെ വാദി പ്രതിയായി മാറുന്ന
കാഴ്ച നാം കാണേണ്ടി വരുമായിരുന്നു. മിക്കവാറും ആള്‍ക്കൂട്ടവും പോലീസും അവരെ
കൈകാര്യം ചെയ്യും. ഒരുപക്ഷേ, ജീവന്‍ തന്നെ അപകടത്തില്‍ പെട്ടേക്കാമായിരുന്നു.
അവര്‍ പിന്നീട് മാധ്യമങ്ങള്‍ക്കു മുന്നില്‍ മനസ് തുറന്നത് അങ്ങനെ തന്നെയാണ്. എന്നിട്ടും
സ്റ്റേജില്‍വെച്ചുതന്നെ പീതാംബരക്കുറുപ്പിനോട്‌ തന്റെ അനിഷ്ടം അവര്‍ പ്രകട
മാക്കിയത്രേ.കണക്കിലെടുക്കാതെ ആ ഞരമ്പുരോഗി തന്റെ കലാപരി
തുടര്‍ന്നു എന്നാണറിഞ്ഞത്.
ശ്വേത പിന്നീട് ആ പൊതുപരിപാടിയിൽ തന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ട കലക്ട
റോടാണ് പരാതിപ്പെട്ടത്. അദ്ദേഹം ഇതിനെക്കുറിച്ച്‌ പറയുന്നത് ശ്വേതാമേനോൻ
അദ്ദേഹത്തോട് സംസാരിച്ചിട്ടേയില്ല എന്നാണ്. ശ്വേതയ്ക്ക് അപമാനമേറ്റതില്‍ പത്ത്
പ്രാവശ്യം സോറി പറഞ്ഞു എന്ന ശ്വേതാമേനോന്റെ മൊഴിയെ അവിശ്വസിക്കേണ്ട
ആവശ്യമില്ല. അദ്ദേഹത്തെപ്പോലെ ഉന്നത പദവിയിലുള്ള ഒരാളിനെ നുണ പറഞ്ഞു
എന്നാക്ഷേപിക്കേണ്ട യാതൊരു കാര്യവും ശ്വേതാമേനോനെപ്പോലുള്ള,ജനപിന്തുണ
ആവശ്യമുള്ള ഒരു താരത്തിനില്ല എന്നാണ് എന്റെ വിശ്വാസം. അധികാരമുള്ള ജന
പ്രതിനിധിക്കെതിരെ പ്രതികരിക്കാനും മൊഴി നല്‍കാനും കഴിയാത്തതുകൊണ്ടായിരിക്കാം
അദ്ദേഹത്തിന് അത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നത്. പീതാംബരക്കുറുപ്പിന്റെ
ഫോണിൽ ശ്വേതയോട് കലക്ടർ സംസാരിച്ചു എന്നറിയുമ്പോള്‍ തന്നെ അത്
വ്യക്തമാണ്.
പണ്ടേക്കുപണ്ടേ ഏതെങ്കിലും പെണ്‍കുട്ടിയെ പുരുഷൻ അപമാനിച്ചാൽ സമൂഹത്തി
നൊരു ന്യായമുണ്ട്. അവള്‍ പിഴയാണ്. എല്ലാറ്റിനും അവൾ ഒരുത്തിയുടെ കുറ്റം
തന്നെയാണ് കാരണം. പിഴപ്പിച്ചവൻ അപ്പോഴും മാന്യന്‍ തന്നെ. ഇപ്പോഴും അതി
നൊരു മാറ്റവും വന്നിട്ടില്ലെന്നതില്‍ സംശയമില്ല. ഇവിടെയാണെങ്കില്‍ ശ്വേത ഒരുപാട്
അപരാധങ്ങൾ ചെയ്തിട്ടുണ്ട്. കാശിനും പബ്ലിസിറ്റിക്കുംവേണ്ടി പ്രസവമെന്ന പരമ
മായ അശ്ലീലം ചിത്രീകരിച്ചു. അഭിനയം അവരുടെ തൊഴിലാണെന്നും അതിനുവേണ്ടി
സ്വന്തം ഗര്‍ഭകാലവും പ്രസവവും ചിത്രീകരിക്കുന്നത് അവരുടെ വ്യക്തിപരമായ
കാര്യമാണെന്നും അങ്ങനെ ചെയ്തു എന്നതുകൊണ്ട് ഇന്ത്യാമഹാരാജ്യത്തിലെ
പുരുഷപ്രജകള്‍ക്കെല്ലാം അവരെ പീഡിപ്പിക്കാൻ അവകാശമില്ലെന്നും പറഞ്ഞിട്ടൊന്നും
കാര്യമില്ല. എങ്കിലും മാതാവ്‌ കുഞ്ഞിനു ജന്മം നല്‍കുന്ന വേദനാജനകമായ പ്രക്രിയ
കണ്ടതുകൊണ്ട് പുരുഷജനങ്ങളെല്ലാം കാമചാരികളായി കാണുന്ന സ്ത്രീകളെയൊക്കെ
ആക്രമിക്കും എന്ന്‍ ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ സംഭവിക്കുമെങ്കില്‍
ഗൈനക്കോളജിസ്റ്റുകളായിരിക്കണമല്ലോ ഏറ്റവുംവലിയ സ്ത്രീപീഡകർ.
സ്ത്രീയെക്കുറിച്ച് വികലമായ ചിന്തകളുംപേറി നടക്കുന്ന കെട്ട മനസ്സിന്റെ ഉടമക
ളാണ് സ്ത്രീകള്‍ അപമാനിക്കപ്പെടുമ്പോള്‍ ഇതാണ് തനിക്കും അവളെ ആക്രമിക്കാൻ
പറ്റിയ അവസരം എന്ന മട്ടിൽ ഒരുങ്ങിയിറങ്ങുന്നത്. പരിഷ്കൃത സമൂഹം അപമാ
നിക്കപ്പെട്ടയാള്‍ക്ക് പിന്തുണ നല്‍കുമ്പോൾ പഴഞ്ചന്‍ വിശ്വാസങ്ങളും മുറുകെ പിടിച്ച്
ഇരയെക്കുറിച്ച് അപവാദം പറയുന്നത് സഹിക്കാന്‍ കഴിയുന്നില്ല. ചില മഹിളാസംഘ
ടനകളുടെ നേതാക്കളടക്കം ശ്വേതാമേനോനെ അപമാനിച്ചതിന് തെളിവുണ്ടോ,അത്
പരിശോധിക്കണം എന്നൊക്കെ പറയുന്നതു കേള്‍ക്കുമ്പോൾ പരമ്പരാഗതമായി
സ്ത്രീയെ പിഴച്ചവളെന്നു മുദ്രകുത്തി പീഡിപ്പിക്കുന്ന പുരുഷന്റെ നാവായി മാറാൻ
എന്തിനാണിവിടെ മഹിളാസംഘടനകൾ എന്നാലോചിച്ചുപോവുകയാണ്. കണ്ണും കാതും
കരളും തുറന്നാല്‍ അവര്ക്ക് വേണ്ട തെളിവ് കിട്ടുമെന്നിരിക്കെ അങ്ങനെയൊരു വാദം
ആരെ വിഡ്ഢിയാക്കാനാണെന്ന് മനസ്സിലാവുന്നില്ല. വിദ്യാഭ്യാസവും തന്റേടവും ഉള്ള,
പ്രസവംപോലും ചിത്രീകരിക്കാന്‍ തയ്യാറായ സ്ത്രീകൾ അപമാനിക്കപ്പെട്ടാൽ, അവർ
ഇരകളല്ലെന്ന പുതിയ വാദഗതിയും പ്രബുദ്ധകേരളത്തിലെ നേതാക്കന്മാർ ഉയര്‍ത്തിക്കണ്ടു.
അപമാനിക്കപ്പെട്ടപ്പോൾ പരാതിപ്പെട്ടൊരു സ്ത്രീയെ ഒറ്റപ്പെടുത്താനും വീണ്ടും വീണ്ടും
അപമാനിക്കാനും ഭീഷണിപ്പെടുത്താനും പ്രമുഖരായ നേതാക്കന്മാര്‍ അണിനിരക്കുമ്പോൾ
പരാതി പിന്‍വലിക്കുകയല്ലാതെ മറ്റൊന്നും അവര്‍ക്ക് ചെയ്യാൻ കഴിയില്ല. അധികാ
രവും പദവിയുമുള്ളവര്‍ പീഡനം നടത്തിയാൽ അത് വാത്സല്യപൂര്‍വമായ തലോടലായി
കണക്കാക്കണമെന്നും അല്ലാത്തപക്ഷം ഇതുപോലെ നിരുപാധികം കീഴടങ്ങേണ്ടി വരു
മെന്നും ഒരു ഗുണപാഠം പഠിച്ചതിന്റെ ഷോക്കില്‍നിന്നും മലയാളി സ്ത്രീത്വത്തിനു
അടുത്തെങ്ങാൻ മോചനമുണ്ടാകുമോ എന്ന് കണ്ടറിയണം.
ഏതായാലും പീഡകന്മാര്‍ക്ക് സര്‍വസംരക്ഷണവും നല്‍കി അവര്‍ക്ക് പിന്നിലും മുന്നിലും
രാഷ്ട്രീയ നേതൃത്വമുള്ളിടത്തോളം കാലം ഇവിടെ സ്ത്രീകള്‍ അപമാനിതരായിക്കൊണ്ടി
രിക്കും. അതിന് ‘ഇന്നു ഞാന്‍ നാളെ നീ’ എന്നൊരു വ്യത്യാസമേ ഉണ്ടാകൂ എന്ന് തിരി
ച്ചറിയുമ്പോൾ അപമാനിതരാകുന്ന സ്ത്രീകളെ പിന്തുണയ്ക്കാന്‍ നാം മുന്നോട്ട് വന്നേ തീരൂ.


12 comments:

ajith said...

പരാതി ശ്വേത പിന്‍വലിച്ചു
രാഷ്ട്രീയക്കാരോട് കളി വേണ്ട എന്ന് ചിന്തിച്ചിട്ടുണ്ടാവും

ശാന്ത കാവുമ്പായി said...

ആയിരിക്കും. അല്ലെങ്കില്‍ രണ്ടും കല്‍പ്പിച്ചിറങ്ങാന്‍ സിനിമാക്കാര്‍ക്ക്‌ പറ്റില്ല. ഒരു നിര്‍മ്മാതാവ് ഇന്ന് പറയുന്നത് കേട്ടു. പരാതിയുമായി പോയാല്‍ ഇന്‍ഡസ്ട്രിയില്‍ തുടരാന്‍ പറ്റില്ലെന്ന്. കരിയര്‍ നശിപ്പിക്കുമല്ലോ. മറ്റ് പലവിധത്തിലും ദ്രോഹിക്കാം. വരുമാനം സ്രോതസ് അന്വേഷിക്കണം എന്ന ഭീഷണി കേട്ടില്ലേ. പരാതിപ്പെട്ടില്ലെങ്കില്‍ അതൊന്നും വേണ്ടായിരിക്കുമല്ലേ.

ശ്രീ said...

വേലി തന്നെ വിളവു തിന്നുമ്പോള്‍ എന്തു ചെയ്യും!

അച്ഛന്റെ പ്രായമുള്ള ഒരു വ്യക്തി പരസ്യമായി മാപ്പു പറഞ്ഞതു പരിഗണിച്ച് ശ്വേത കേസ് പിന്‍വലിയ്ക്കുന്നു എന്നാണ് രാവിലെ വാര്‍ത്തയില്‍ കണ്ടത്.

ശാന്ത കാവുമ്പായി said...

ശ്വേത അങ്ങനെ പറഞ്ഞെങ്കിലും സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്നൂഹിക്കാമല്ലോ. ഏതായാലും അച്ഛന്റെ പ്രായമുള്ള ആള്‍ മാപ്പെങ്കിലും പറഞ്ഞല്ലോ എന്നാശ്വസിക്കാം അല്ലേ ശ്രീ. ശ്രീയെ കണ്ടതില്‍ സന്തോഷമുണ്ട്.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കാലികപ്രസക്തം.

ശാന്ത കാവുമ്പായി said...

അതെ. ഈ കാലത്ത് എങ്ങനെ ജീവിക്കുമെന്ന പേടിയോടെ.

Harinath said...

സ്ത്രീയെക്കുറിച്ച് വികലമായ ചിന്തകളുംപേറി നടക്കുന്ന കെട്ട മനസ്സിന്റെ ഉടമക
ളാണ് സ്ത്രീകള്‍ അപമാനിക്കപ്പെടുമ്പോള്‍ ഇതാണ് തനിക്കും അവളെ ആക്രമിക്കാൻ
പറ്റിയ അവസരം എന്ന മട്ടിൽ ഒരുങ്ങിയിറങ്ങുന്നത്.


അതെ...
സൗമ്യവധകേസിനു ശേഷം കേരളത്തിലെ ട്രെയിനുകളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ ഗണ്യമായ വർദ്ധനയാണ്‌ ഉണ്ടായിരിക്കുന്നത്.
ഈയിടെ വൈറ്റിലയിൽ ബസ്സും ബസ് സ്റ്റേഷനും കേന്ദ്രീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് അതിക്രമങ്ങൾ. ആദ്യത്തേതിന്റെ വാർത്ത പുറത്തുവന്നതിന്റെ പിന്നാലെ രണ്ടു സംഭവങ്ങകൂടി. മാധ്യമങ്ങൾ പ്രത്യേക പ്രാധാന്യം നൽകി വാർത്ത അവതരിപ്പിച്ചുകഴിയുമ്പോഴാണ്‌ സമാനമായ രീതിയിൽ വീണ്ടും സംഭവങ്ങൾ ആവർത്തിക്കുന്നതെന്നതും ശ്രദ്ധേയമാണ്‌.
സൂര്യനെല്ലികേസ് മാധ്യമങ്ങൾ ചർച്ച ചെയ്തതിനു ശേഷമാണല്ലോ കേരളത്തെ നടുക്കുന്നവിധം സ്ത്രീപീഢനങ്ങളുടെ പരമ്പര ആരംഭിച്ചത്.
വികലമായ ചിന്തയുമായി നടക്കുന്നവർ തങ്ങൾ ഒറ്റപ്പെട്ടവരല്ലായെന്ന് മനസ്സിലാക്കുകയും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുകയും ചെയ്യുന്നു. ഇതാണ്‌ സംഭവിക്കുന്നത്. പത്രങ്ങളും ടെലിവിഷനും ഇത്തരം വാർത്തകൾ ആഘോഷിക്കുമ്പോൾ ഇങ്ങനെയൊരു ദോഷവുംകൂടി സംഭവിക്കുന്നുണ്ട്. വാർത്തകളുടെ ഫലമായി ഒരുഭാഗത്ത് അക്രമവാസന വളരുന്നു, മറുഭാഗത്ത് ഭയവും രോഷവും വളരുന്നു.

ശാന്ത കാവുമ്പായി said...

ഹരിനാഥ്, മാധ്യമങ്ങള്‍ ആഘോഷിക്കുന്നു എന്നതിന് ഗുണവും ദോഷവുമുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ഇത്തരം കേസുകള്‍ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അവ ഏറെ സഹായകമാണ്. വാര്‍ത്ത‍ പുറത്തു വരുമ്പോള്‍, അക്രമം പുറംലോകമറിയുമ്പോള്‍, പ്രതിരോധത്തിന്റെ പാഠം പഠിക്കേണ്ടതാണ്.മുമ്പൊക്കെ അപമാനിക്കപ്പെട്ട പെണ്‍കിടാങ്ങള്‍ ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുണ്ട്.ഇന്ന്‍ പീഡിപ്പിക്കപ്പെട്ട ആളിന് അപമാനവീകരണം കുറഞ്ഞിട്ടുണ്ടെന്ന് പറയാതെ വയ്യ. അതുകൊണ്ടാണ് ഇപ്പോള്‍ പരാതികള്‍ കൂടുന്നത്. അതൊരു നല്ല കാര്യമാണ്. ചിലപ്പോഴെങ്കിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമല്ലോ. സ്വാധീനമുള്ളവരുടെ കാര്യത്തില്‍ ഇപ്പോഴും പഴയ അവസ്ഥ തന്നെയാണ്. പീഡനം കൂടുന്നതിന് വേറെ കാരണങ്ങള്‍ കൂടിയുണ്ട്. അതൊക്കെ നേരിടാന്‍ ധൈര്യം വേണം. പ്രതികരിക്കാനും പരാതിപ്പെടാനും.ശ്വേത അതിലൊരല്‍പം കാണിച്ചു എന്നത് ആശ്വാസകരമാണ്. അത് പരാജയപ്പെടുത്തിയത് നമ്മുടെ സമൂഹ്യവ്യവസ്ഥിതികളില്‍ നിലനില്‍ക്കുന്ന രാ
ഷ്ട്രീയമായ ജീര്‍ണ്ണതയാണ്. അതിനെതിരെ നടത്തിയ ഇടപെടലുകളെ അങ്ങനെ വിശേഷിപ്പിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.

അഞ്ചല്‍ക്കാരന്‍ said...

"ശ്വേതയ്ക്ക് പരാതി പിൻവലിക്കാതെ മറ്റു മാർഗം ഇല്ലായിരുന്നു. അല്ലാതെ പീഡിപ്പിച്ചു എന്ന് തെളിയിക്കാൻ ശ്വേതയ്ക്ക് കഴിയില്ലായിരുന്നു." ഇതായിരുന്നു കൊല്ലം ഡീ,സീ,സീയുടെ പ്രസ്താവന. അതെ... അത് തന്നയാണ്..... ഇതാണ് പീഡനത്തിനു ഇരയാകുന്ന ഓരോ പെണ്ണും അനുഭവിക്കുന്ന യാതന!

ഇര തന്നെ തെളിവ് നല്കണം എങ്കിൽ പിന്നെ പ്രോസികൂഷൻ എന്തിനാണ്? കൊല്ലപ്പെട്ടയാൾ തെളിവോടൊപ്പം കൊലയാളിയെ കാട്ടി കൊടുക്കണം എന്നതിന് തുല്യം അല്ലെ ഡീ,സീ,സീയുടെയും വാദം?

ഇത് എന്ത് നീതിയാണ്? ശ്വേതാ സംഭവത്തോടെ സ്ത്രീകൾ കുറെ കൂടി അരക്ഷിതരായി എന്നതാണ് ഭീതിപ്പെടുത്തുന്ന വസ്തുത. ശ്വേതയെ പോലെ ബോൾഡ് ആയ ഒരു സ്ത്രീക്ക് പീഡനം ഏറ്റിട്ടും പിടിച്ചു നില്ക്കാൻ കഴിയത്തിടത്ത് സാധു പെണ്‍കുട്ടികളുടെ സ്ഥിതി എന്തായിരിക്കും?

ശാന്ത കാവുമ്പായി said...

കൊല്ലം ഡി.സി.സി.പ്രസിഡണ്ടിന്റെ പ്രസ്താവന കേട്ടില്ലേ?എന്തൊക്കെയാണയാള്‍ വിളിച്ചു പറഞ്ഞത്. കെ.കെ.ലതികയെ കയറി പിടിച്ചത് തുടങ്ങി വളരെ വൃത്തികെട്ട രീതിയില്‍. 'കയറിപ്പിടിക്കുക' എന്നത് ഒരവ
കാശം പോലെ. ശ്വേതയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം എന്നൊരു ഭീഷണിയും.കേസുമായി മുന്നോട്ടുപോയാല്‍ ഞങ്ങള്‍ വെറുതെ വിടില്ലെന്നര്ത്ഥം.ഇവരൊക്കെ
യാണല്ലോ നമ്മെ ഭരിക്കുന്നത്.ഏതായാലും
വൃത്തികേട് കാണിക്കുന്നവര്ക്കൊപ്പം
നില്ക്കാന്‍ ഇവര്ക്കൊ യോഗ്യതയുണ്ട്.

അഞ്ചല്‍ക്കാരന്‍ said...

https://plus.google.com/u/0/116410099866907717470/posts/6MYmX3EmQY6

ഈ പോസ്റ്റിനെ അധികരിച്ച് ചർച്ച. സന്ദർശിക്കും അല്ലോ?

ശാന്ത കാവുമ്പായി said...

അഞ്ചല്‍ക്കാരന്‍. നന്ദി സുഹൃത്തേ.