Friday, March 1, 2013

തിരിച്ചെറിയാം കല്ലുകള്‍

നീതിമാന്റെ വിധിപ്രസ്താവം
വ്യഭിചാരിയിവള്‍.
കല്ലെറിയാമാര്‍ക്കും
നേതാക്കളുമാക്രോശിച്ചു.
"പിഴച്ചവള്‍...പിഴച്ചവള്‍.”
അധികാരികള്‍ ചമച്ചൂ ഭാഷ്യം.
'വ്യഭിചാരിയൊരു സ്ത്രീലിംഗപദം.'
പഴഞ്ചന്‍ പ്രമാണത്തില്‍
കല്ലെറിഞ്ഞു കൊല്ലണം.
പുതിയനിയമത്തില്‍
എറിഞ്ഞുകൊണ്ടേയിരിക്കാം.
നെറ്റിയിലും കണ്ണിലും
കവിളിലും കരളിലും
വീണുകൊണ്ടിരിക്കും
കല്ലുകളാജീവനാന്തം.
പരിക്കുകള്‍ ചിലപ്പോള്‍
കല്ലിച്ചുപോയേക്കാം.
ഏറെയും നിണമൊലിച്ച്
പഴുത്ത് ചീഞ്ഞുനാറാം.
പുഴുക്കളതില്‍ നുരച്ച്
കറുത്ത തലയിളക്കി
പുളച്ചുകളിക്കും.
പാപം ചെയ്യാത്തവരെ
തെരഞ്ഞിറങ്ങിയ
പ്രവാചകന്‍
തിരിച്ചുവന്നില്ലിനിയും.
പാപിനിയെന്നാര്‍ത്ത്
കല്ലുകളടുക്കുമ്പോള്‍
കൈപ്പിടിയിലൊതുക്കി
തിരിച്ചെറിയാം.
ദുര്‍ബ്ബലമെന്റെ കൈയിലുമുണ്ട്
തിരിച്ചെറിയാനൊരു കല്ല്.

7 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

പാപികള്‍ കല്ലെറിഞ്ഞുകൊണ്ടേയിരിക്കുന്നു .....
ചെയ്തപാപം മറക്കാന്‍ പാപിയുടെനിയമം ....
കൊല്ലുക അവളെ ...
കല്ലുകളെല്ലാം മനസിലാണ് പതിക്കുന്നത്
എന്നിട്ടും എന്തേ അവള്‍ പിടിച്ചുനിന്നു ...
എന്നിട്ടും എന്തേ അവള്‍ മരിച്ചില്ല ...

Cv Thankappan said...

മൂര്‍ച്ചയേറിയ വരികള്‍
പാപംചെയ്യാത്തവര്‍ ഇനി കല്ലെറിയട്ടെ!
നന്നായി രചന
ആശംസകള്‍

mini//മിനി said...

പാപം ചെയ്യുന്നവർ കല്ലെറിഞ്ഞു കൊണ്ടേയിരിക്കുന്നു. ഇവിടെ തുറന്നാൽ ഒരു അനുഭവം വായിക്കാം. http://mini-minilokam.blogspot.in/2013/02/blog-post_18.html

AnuRaj.Ks said...

പ്രവാചക പുരുഷന്മാര് പോലും വ്യഭിചാരത്തിന്റെ പേരില് പെണ്ണിനെയാണ് കല്ലെറിഞ്ഞത് അല്ലേ...

സൗഗന്ധികം said...

ദുര്‍ബ്ബലമെന്റെ കൈയിലുമുണ്ട്
തിരിച്ചെറിയാനൊരു കല്ല്.

ശരി കൂടെയുണ്ടെങ്കിൽ അമാന്തിക്കേണ്ട. ധൈര്യമായി എറിഞ്ഞോളൂ.
ശുഭാശംസകൾ....

Madhusudanan P.V. said...

കല്ലുകൾ തിരിച്ചെറിയും മുമ്പ്‌ ആര്‌ എറിഞ്ഞതാണെന്ന്‌ തിരിച്ചറിയാനും സാധിക്കുമാറാകട്ടെ

Madhusudanan P.V. said...

കല്ലുകൾ തിരിച്ചെറിയും മുമ്പ്‌ ആര്‌ എറിഞ്ഞതാണെന്ന്‌ തിരിച്ചറിയാനും സാധിക്കുമാറാകട്ടെ