Wednesday, February 13, 2013

കിനാവള്ളി

പ്രണയം കുഞ്ഞുന്നാളിലശ്ലീലമായി
ചിരിയടക്കിക്കമിഴ്ന്നു കിടന്നുള്ളില്‍.
പിന്നെയൊരുനാള്‍ പൂമൊട്ടുപോലെയതു
നാണിച്ചുകൂമ്പിയെപ്പൊഴോ നിവര്‍ന്നുപോയ്.
തുടുത്തുവിരിയുവാന്‍ കൊതിച്ചെങ്കിലും
കടക്കണ്ണില്‍ കത്തിയ പരിഹാസത്തില്‍
വാടിച്ചുരുണ്ടുപോയാരുമറിയാതെ.
പുനര്‍ജ്ജനിമന്ത്രംപോല്‍ വേനല്‍മഴയില്‍
പുതുനാമ്പുനീട്ടി പുത്തന്‍ പ്രതീക്ഷകള്‍
കാലവര്‍ഷത്തിന്റെ കനിവ് നുകരുവാന്‍
കാത്തിരുന്ന് മടുത്തൊടുവില്‍ പൊടിമണ്ണില്‍
കൊടുംവെയിലേറ്റുവാടിവീണു വീണ്ടും.
കരിഞ്ഞും തളിര്‍ത്തുമിടയില്‍ കാല-
മെത്രയോ കടന്നുപോയിന്നെന്റെ കൈയില്‍
തടഞ്ഞതിന്റെ മുറിച്ചുമാറ്റിയ തായ്-
വേരുമാത്രമൊരു കിനാവള്ളിപോലെ.


11 comments:

Mini S Adoor said...

കിനാവള്ളി..

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

പ്രണയവര്‍ണങ്ങള്‍

AnuRaj.Ks said...

എന്തായാലും പ്രണയത്തിന്റെ ഒരു തായ് വേരങ്കിലും കൈയിലുണ്ടല്ലോ...ആശംശകള്

സൗഗന്ധികം said...

നല്ല കവിത

ശുഭാശംസകള്‍ ..............

Cv Thankappan said...

നന്നായിരിക്കുന്നു
ആശംസകള്‍

Unknown said...

പ്രിയപ്പെട്ട ചേച്ചി,
കവിത നന്നായി. വരികള്‍ വളരെ ഇഷ്ടമായി.
ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്‌

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പ്രണയത്തിന്റെ ചില പ്രായപ്പകര്‍ച്ചകള്‍ യുക്തമായി വരച്ചുകാണിച്ചു.

Aarsha Abhilash said...

മനോഹരം ഈ ഭാവങ്ങള്‍... ഒരിടവേളക്ക് ശേഷം ഞാനും എഴുതുന്നു..., വരുമല്ലോ അവിടേക്ക്.... :)

Madhusudanan P.V. said...


പ്രണയത്തിന്റെ ഭാവസൗഭഗം ഉൾക്കൊണ്ട ഈ കവിത മനോഹരമായിരിക്കുന്നു, ടീച്ചറെ

ഭാനു കളരിക്കല്‍ said...

സത്യസന്ധതയുണ്ട് വരികളില്‍.

ഒരു കുഞ്ഞുമയിൽപീലി said...

കിനാവള്ളി ഒരു പ്രണയകവിതക്ക് ജന്മം കൊടുത്തല്ലോ .ആശംസകള്‍ ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞു മയില്‍പീലി