Wednesday, May 2, 2012

ഒളിമങ്ങാത്ത ഓർമകളുമായി മുണ്ടോട്ടില്ലം

ഏപ്രില്‍ 23നു രാത്രി എട്ടുമണിയോടെ സുഹൃത്തായ നാരായണൻ മാസ്റ്റർ വിളിച്ചറിയിച്ചു. നാളെ ഉച്ചയ്ക്ക് രണ്ടരമണിക്ക് ചവനപ്പുഴയിലെത്തണം. ഭാസ്കരപ്പൊതുവാൾ സംഘടിപ്പിക്കുന്ന പരിപാടിയാണ്.വരണം.സഹോദ രന്റെ സഹായമുള്ളപ്പോൾ പോകാതിരിക്കുന്നതെന്തിന് ഉച്ചയോടെ പുറപ്പെട്ടു. പഴയൊരില്ലത്താണെത്തിയത്.


ചവനപ്പുഴയിലെ മുണ്ടോട്ടില്ലം

മലയാളസാഹിത്യത്തിലെ ആദ്യകഥാകൃത്ത് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ചെറുപ്പകാലം ചെല വഴിച്ച മുണ്ടോട്ടില്ലം അങ്കണത്തിൽ അദ്ദേഹത്തിന്റെ നൂറ്റമ്പതാം ജന്മവാർഷികം ആഘോഷിക്കുകയാണ്. മലയാളപാഠശാലയുടെ ജീവവായുവായ ഭാസ്കരപ്പൊതുവാൾ അധ്യക്ഷപ്രസംഗം അവസാനിപ്പിക്കാനൊരു ങ്ങുമ്പോഴായിരുന്നു ഞങ്ങളെത്തിയത്.ഇത്തിരി വൈകിയെന്നർത്ഥം.


മലയാളപാഠശാലയുടെ ജീവാത്മാവ് ഭാസ്കരപ്പൊതുവാള്‍

മാവ്, പ്ലാവ്,പുളി,തെങ്ങ്,ഇലഞ്ഞി,ആല്,നെല്ലി,മുള,പന തെങ്ങ്,കവുങ്ങ് എന്നുവേണ്ട പേരറിയാത്ത ഒരുപാട് മരങ്ങൾ തിങ്ങിനിറഞ്ഞ തപോവനം. അവയുടെ ചുവട്ടിൽ ചുറ്റുവട്ടത്തുള്ള സാഹിത്യപ്രേമികളെല്ലാം നേരത്തെ സ്ഥാനംപിടിച്ചിട്ടുണ്ട്. മാധ്യമപ്രതിനിധികളുമുണ്ട്. നാട്ടുമാങ്ങകൾ ഇടക്കിടെ വീണുകൊണ്ടിരിക്കുന്നു.ചിലർ പതുക്കെ പോയി പെറുക്കിയെടുത്ത് തിന്നാനും തുടങ്ങി.തളിപ്പറമ്പ് പെരിഞ്ചല്ലൂർ ഗ്രാമത്തിൽപ്പെട്ട ചവനപ്പുഴ മുണ്ടോട്ട് പുളി യപ്പടമ്പ് ഹരിദാസൻ സോമയാജിപ്പാടിന്റെ അഗ്നിസാക്ഷിയായി വേട്ടുകൊ ണ്ടുവന്ന വേളിയിലുണ്ടായ മക്കളുടെ അനന്തര തലമുറകൾ അദ്ദേഹത്തിന്റെ പുറജാതിയിലുണ്ടായ രണ്ടാമത്തെ പുത്രന് നൂറ്റമ്പത് കൊല്ലത്തിനിപ്പുറം ആദ രമർപ്പിക്കുക എന്ന അനന്യമായ കാഴ്ച അതിമനോഹരമായിരുന്നു. ഇത് കേസരി എന്നറിയപ്പെടുന്ന വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ പിതൃ ഗൃഹമായ മുണ്ടോട്ടില്ലം. ഇപ്രാവശ്യം പിതാവിന്റെ കുടുംബാംഗങ്ങൾ അദ്ദേ ഹത്തിന്റെ നൂറ്റമ്പതാം ജന്മവാർഷികം ആഘോഷിക്കാനുള്ള നിയോഗമേ റ്റെടുത്തിരിക്കുകയാണ്. അതിനുവേണ്ടി ആ തിരുമുറ്റത്ത് അഞ്ച്,ആറ്,ഏഴ് തലമുറകളൊത്തുകൂടി.വൈകിയെത്തിയതിന്റെ ചമ്മലോടെ പിറകിലിരിക്കുമ്പോഴാണ് എഴുപത്തഞ്ചുകഴിഞ്ഞൊരമ്മ 'എന്നെ അറിയ്യോ'എന്ന് ചോദി ച്ചത്.ആളുകളെ തിരിച്ചറിയുന്നതിൽ ഒട്ടൊക്ക അമാന്തക്കാരിയായ ഞാൻ ഒന്നുകൂടി ചമ്മിയെന്നു പറഞ്ഞാൽ മതിയല്ലോ. അതു കൊണ്ട് ഒന്നുരുണ്ടെങ്കിലും പിന്നെ ആരാണ് എന്നു ചോദിക്കാതെ വഴിയില്ലെന്നായി.അവർ സ്നേഹത്തോടെ എന്റെ കൈപിടിച്ചു കൊണ്ട് ഞാനിവിടുത്തെ ആണെന്നു പറഞ്ഞു.നങ്ങേലിയമ്മയാണ് ഇന്ന് തറവാട്ടിലെ കാരണവത്തി.നങ്ങേലിയമ്മക്കൊപ്പം


അമ്മയ്ക്ക് മൂന്നാൺമക്കളും ഒരുമകളും.അധ്യാപികയായ മകളുടെ ശ്രമഫലമായാണ് ഇവിടെവെച്ച് ഈ പരിപാടി നടത്താനിടയാ യത്. കേസരി നായനാരുടെ ജന്മശതാബ്ദി ആഘോഷം പല സ്ഥലത്തും നടത്തുന്നു എന്ന് പത്രത്തിൽ വായിച്ചറിഞ്ഞപ്പോൾ കേസരിയുമായി ഇല്ലത്തിനുള്ള ബന്ധം വ്യക്തമാക്കുന്ന ലേഖനം ഭാസ്കരപ്പൊതുവാളിന് അയച്ചുകൊടുത്തു.അദ്ദേഹം അത്‌ സ്വീക രിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇന്നതൊക്കെ ഇന്ന സ്ഥലത്ത് നടക്കണമെന്ന് നേരത്തെ നിശ്ചയിച്ചിട്ടുണ്ട്.കേസരി ജീവിച്ചിരുന്ന കാലത്ത് ഇത്തരം കാര്യങ്ങളുണ്ടായിരുന്നെങ്കിൽ ഇവിടെവെച്ച് സാഹിത്യസദസ് തന്നെ നടക്കുമായിരുന്നു.കേസരി നായനാരെ അനുസ്മരിക്കുന്ന ചടങ്ങ് നടത്താൻ പറ്റിയ മണ്ണ് ഇതാണ്. സാവിത്രി ടീച്ചർ അഭിമാനത്തോടെ പറഞ്ഞുനിർത്തി.ആ വാക്കുകൾ നിറഞ്ഞ മനസ്സോടെ കേട്ടിരുന്നു.

സാവിത്രി ടീച്ചര്‍മറ്റൊരു ജാതിയിൽപ്പെട്ട മകനായതുകൊണ്ട് ഇല്ലത്തെ പത്തായപ്പുരയിൽ
താമസിച്ചാണ് അദ്ദേഹം തളിപ്പറമ്പിലെ സ്കൂളിൽ പഠിച്ചത്.കഥകഥ
പൈങ്കിളിയെ മലയാളത്തിലേക്കിറ ക്കിക്കൊണ്ടുവന്ന മഹാനുഭാവന്റെ
കാലടികൾ പതിഞ്ഞ മണ്ണ് തന്നെയാണ് ഈ ചടങ്ങിന് ഏറ്റവും അനു
യോജ്യമായത്.


പത്തായപ്പുര

പരിപാടി ഉദ്ഘാടനംചെയ്തത് പി.കെ.ഗോപി എന്ന കവി.കേസരിയുടെ
ജീവിതത്തിന്റെ സർവ മേഘലകളെയും.സ്പർശിച്ചുകൊണ്ട് അദ്ദേഹത്തിന്റെ
പ്രഭാഷണം പ്രവഹിച്ചു. എത്രയോ വിശ്വാസങ്ങളും,സ്വപ്നങ്ങളും,യാഥാർത്ഥ്യ
ങ്ങളും,കഠിനാധ്വാനങ്ങളും,കളിയാട്ടങ്ങളും,അറനിറയ്ക്കലും പങ്കുവെക്കലുകളും
ഓണക്കാഴ്ചകളും വിഷുക്കാഴ്ചകളും തിരുവാതിരക്കളികളും കലകളും കലാ
വൈഭവങ്ങളും കണ്ട മുറ്റവും തൊടിയുമാണിത്.ഇതാണ് റിയാലിറ്റിഷോകളിൽ
കാണാൻ കഴിയാത്ത യാഥാര്ത്ഥ്യം. ഇവിടെ നിന്ന് സംസാരിക്കാനായത്
പൂർവികർ ചെയ്ത പുണ്യമാണെന്നുമദ്ദേഹം പറഞ്ഞു.മരിച്ചുപോയ ഒരു മനു
ഷ്യനെ തൊണ്ണൂറ്റിയെട്ട് വർഷങ്ങൾക്കുശേഷം അനുസ്മരിക്കുന്നത് നമ്മുടെ
സംസ്കാരമാണ്. കാരണം അനുസ്മരിക്കുന്നത് ഒരു എഴുത്തുകാരനെയാണ്.
എല്ലാവരും മരിക്കും.നിങ്ങൾ കാന്തശക്തിയുള്ള അക്ഷരങ്ങൾ അടയാളപ്പെടു
ത്തിയിട്ടുണ്ടെങ്കിൽ നിങ്ങളെയും അനുസ്മരിക്കും.ചിറയ്ക്കൽ രാജാധികാരത്തെ
പോലും കുഞ്ഞിരാമൻ നായനാർ വഴിവിട്ട് ആദരിച്ചിരുന്നില്ലെന്ന് വായിച്ചറി
ഞ്ഞിരുന്നു. എഴുത്തകാരൻ ഒരധികാരത്തിനും തലകുനിച്ചുകൊടുക്കില്ല.അന്ധ
വിശ്വാസത്തിനെതിരെ, അനാചാരങ്ങൾക്കെതിരെ,അടിച്ചമർത്തലിനെതിരെ
പോരാടുകയായിരുന്നു അദ്ദേഹം.അന്നത്തെ സാമൂഹ്യവ്യവ സ്ഥിതി ഒരുപാട്
സമ്മർദ്ദപ്പെടുത്തിയിരുന്നെങ്കിലും എഴുത്തിലൂടെ അദ്ദേഹം സ്വാതന്ത്ര്യം നേടി
യെടുത്തു. ജന്മി-കുടിയാൻ ബന്ധത്തിന് പാലം നിർമ്മിച്ച ആളാണദ്ദേഹം.
വ്യക്തമായ ദിശാബോധം അദ്ദേഹ ത്തിന്റെ എഴുത്തിനുണ്ടായിരുന്നു.സാമൂഹ്യ
ബോധമുണ്ടായിരുന്നു.വിപ്ലവകരമായ മാറ്റത്തെ ഉൾക്കൊള്ളു ന്നതായിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ പിൻവലിക്കാൻ കഴിയില്ല.അദ്ദേഹം വാചംയമി
യാണ്.സമീപകാലത്ത് അധമരായ മനുഷ്യർ വാക്കുകൾ ആമയുടെ തല
പോലെ പിൻവലിക്കുന്നുണ്ട്.ഇനിയും ആരെ ങ്കിലും ഈതപോവനത്തിലെ
മണ്ണിൽ വരും.ദത്തശ്രദ്ധരായ ശ്രോതാക്കളോട് നന്ദി പറഞ്ഞുകൊണ്ട്
അദ്ദേഹം വാഗ്ധോരണിക്ക് വിരാമമിട്ടു.


പി.കെ.ഗോപി

തുടര്ന്ന് ഫോക് ലോർ അക്കാദമിയുടെ ചെയര്മാൻ പ്രൊഫസർ ബി.മുഹ
മ്മദ് അഹമ്മദ് സംസാരിച്ചു.തൊഴിലാളികളെ അടിമകളെപ്പോലെ പെരുമാറു
ന്നതിന് സാധൂകരണമുള്ള കാലഘട്ടത്തിൽ എങ്ങനെയാണ് തൊഴിലാളിക
ളോടും പാവപ്പെട്ടവരോടും കീഴ്ജാതിക്കാരോടും പെരുമാറേണ്ടത് എന്ന് നിഷ്ക
ർഷിക്കുന്ന ഒരു നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം കടന്നുവരുന്ന ഘട്ട
ത്തിന്റെ ആദ്യപ്രഭകളിലൊരാളായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാ
യർ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.അദ്ദേഹം മദ്രാസ് അസംബ്ലി
യിൽ മെമ്പറായിരുന്നു. അന്ന് മെമ്പറാവുക എന്നത് ജനാധിപത്യരീതിയിൽ
തെരഞ്ഞെടുക്കപ്പെട്ടല്ല. ജന്മിമാര്ക്കുവേണ്ടി സംവരണംചെയ്യപ്പെട്ട ഒരു നിയോ
ജക മണ്ഡലത്തിൽനിന്ന് അസംബ്ലിയിലെത്തിയിട്ടും അദ്ദേഹം സാധാരണ
ക്കാര്ക്കുവേണ്ടി സംസാരിച്ചു. മലബാറിൽ റെയില്‍വേ വേണമെന്ന് അദ്ദേഹം
വാദിച്ചു. നന്നായി വായിച്ചു പഠിച്ചിട്ടു മാത്രമേ അദ്ദേഹം അസംബ്ലിയിൽ
പോകുമായിരുന്നുള്ളൂ.1928ൽ പയ്യന്നൂരിൽ ചേര്ന്ന ഇന്റർ നാഷണൽ
കോൺഗ്രസിന്റെ കേരളസമ്മേളനത്തിൽ മലബാർ കുടിയേറ്റ നിയമം പ്രഖ്യാ
പിച്ചു.ചരിത്രത്തിലെ വലിയ മാറ്റത്തിന് കാരണമായ ആ പ്രമേയത്തിന്
എത്രയോ മുമ്പ് കാർഷികരംഗത്തുവരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും തൊഴിലാ
ളികള്ക്ക് വേണ്ടുന്ന കാര്യങ്ങളെക്കുറിച്ചും നിര്ബ്ബന്ധപൂര്‍വം പറയാനും അംഗീ
കരിപ്പിക്കാനും ശ്രമിച്ച ഒരാളാണ് കുഞ്ഞിരാമന് നായനാർ.വിദ്യാഭ്യാസത്തിലൂടെ
ലഭിച്ച അറിവിനെ പ്രയോജനപ്പെടുത്താനും അതനുസരിച്ച് ജീവിതം മുന്നോട്ടു
കൊണ്ടുപോകുകയും ചെയ്ത അദ്ദേഹം മലയാളത്തിലെ ആദ്യത്തെ കഥാകൃ
ത്താണ് .1890ൽ എഴുതപ്പെട്ട വാസനാവികൃതി എന്ന അദ്ദേഹത്തിന്റെ കഥ
മലയാളത്തിലെ ആദ്യത്തെ കഥയല്ലെന്നൊരു വാദം ഉയര്ന്നുകേൾക്കുന്നതവിടെ
നില്ക്കട്ടെ.ഇംഗ്ലീഷ് വിദ്യാഭ്യാസം ഉണ്ടാക്കിയിട്ടുള്ള മാറ്റം ഉൾക്കൊണ്ടു എന്ന
താണ് ഒ.ചന്തുമേനോന്റെ വലുപ്പമായി കണക്കാക്കിയിട്ടുള്ളത്.ഇംഗ്ലീഷ് വിദ്യാ
ഭ്യാസം ലഭിച്ചിട്ടും കേസരിയുടെ കഥകളിൽ ഫോക്ക് രൂപങ്ങൾ സ്വീകരിച്ചി
ട്ടുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ മഹത്ത്വം.കേസരിയുടെ കഥകളിൽ ഭാവ
നയുടെയും യാഥാര്ത്ഥ്യത്തിന്റെയും ലോകവും മാറ്റത്തിന്റെ അടിസ്ഥാനത്തിലുള്ള
ലോകവും വരാനിരിക്കുന്ന ലോകവുമുണ്ടു.കഥകളില്ലാത്ത, പ്രകൃതിയുണ്ടായിരുന്ന,
നിസ്വരായ മനുഷ്യരുണ്ടായിരുന്ന,സ്നേഹമുണ്ടായിരുന്ന കാലത്ത് ഒന്നാമത്തെ
കഥ എഴുതുകയും ഇന്നും പ്രസക്തമാണ് ആ കഥകളെന്ന് തെളിയിക്കുകയും
ചെയ്ത കേസരിയെ നമിച്ചുകൊണ്ട് അദ്ദേഹം പ്രഭാഷണം അവസാനിപ്പിച്ചു.


പ്രൊ.മുഹമ്മദ്‌ അഹമ്മദ്‌

ശ്രീമതി ലിസ്സിമാത്യു നടത്തിയ അനുസ്മരണപ്രസംഗം വേങ്ങയിൽ കുഞ്ഞിരാമന് നായനാരെ അടുത്തറിയാൻ സഹായിക്കുന്നതായി. ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന കേസരിയുടെ ഗ്രന്ഥത്തിന്റെ പണിപ്പുരയിലായിരു ന്നതുകൊണ്ട് അവർ അദ്ദേഹത്തെ ആഴത്തിൽ തന്നെ പഠിച്ചിട്ടുണ്ട്. കേസരി എന്നറിയപ്പെടുന്ന വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ 1861ൽ കുറ്റൂരുള്ള കുഞ്ഞിമഠത്തിൽ ജനിച്ച് പാണപ്പുഴയിൽ വളര്ന്നു.തളിപ്പറമ്പിലുള്ള വിദ്യാലയത്തിൽ പഠിക്കാൻ വേണ്ടി പിതാവിന്റെ ഇല്ലത്ത് താമസിച്ചു.കോഴിക്കോട് കേരളവിദ്യാശാലയിൽ ചേര്ന്നെങ്കിലും വേണ്ടതുപോലെ വിജയിക്കാൻ കഴിയാത്തതുകൊണ്ട് മദ്രാസിലെ പ്രസിഡന്സി കോളേജിൽ ചേര്ന്നു പഠിച്ചു.പിന്നീട് സിതാപ്പേട്ടിൽ കാര്ഷികബിരുദത്തിന് ചേര്ന്നു.അതിന് നിര്ദ്ദേശിച്ചത് മലബാർ കലക്ടറായ വില്യം ലോഗനായിരുന്നു.കാര്ഷികപാരമ്പര്യമുള്ള ജന്മികുടുംബത്തില് ജനിച്ച കുഞ്ഞിരാമൻ നായനാരെ കൃഷിപഠനത്തിന് നിയോഗിച്ചത് കൃത്യമായ ലക്ഷ്യബോധത്തോടെയായിരുന്നു.മലബാറിന്റെ കാര്ഷി കാവസ്ഥകളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ആളാണ് വില്യം ലോഗൻ. മലബാറിന്റെ കാര്ഷികമേഘലയിൽ ഒരുപാട് കാര്യങ്ങൾ കുഞ്ഞിരാമൻ നായനാര്ക്ക് ചെയ്യാനാകും എന്ന അദ്ദേഹത്തിന്റെ ദീര്ഘവീക്ഷണം ശരി യായിരുന്നു എന്ന് കാലം തെളിയിച്ചു.


ശ്രീമതി ലിസ്സി മാത്യു

പലതരത്തിൽ പ്രാധാന്യമുള്ള കഥകൾ എന്ന നിലയിൽ അദ്ദേഹത്തിന്റെ കഥകൾ ശ്രദ്ധേയമായി.പലരംഗങ്ങളിൽ മികവ് പുലര്ത്തിയ വ്യത്യസ്ത നായൊരു വ്യക്തിയായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ.നിര്ഭ യനായസാമൂഹ്യവിമര്ശകൻ,സാഹിത്യനിരൂപകൻ,പത്രാധിപർ,ചെറുകഥാ കൃത്ത്,നല്ലൊരു ജന്മി,കാര്ഷികവിചക്ഷണൻ എന്നീ നിലകളിലൊക്കെ അദ്ദേഹം ആദരണീയനാണ്.അദ്ദേഹം നൂറ്റിമുപ്പത് വര്ഷങ്ങൾക്കു മുമ്പു തന്നെ നമ്മുടെ നാട്ടറിവുകൾ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തി എന്നത് അത്ഭുതപ്പെടുത്തുന്നതാണ്.കൃഷിസംബന്ധമായി ഒരുപാട് എഴുതിയിട്ടുണ്ട്. അതിൽ യഥാര്ത്ഥ കൃഷി എന്നത് ശാസ്ത്രീയമായ അറിവുകളോടൊപ്പം കൃഷിക്കാരന്റെ അനുഭവപരിജ്ഞാനം കൂടി ഉൾപ്പെടുത്തിക്കൊണ്ട് ചെയ്യുന്ന കൃഷിയെയാണ് ശാസ്ത്രീയമായ കൃഷി എന്ന് വിശേഷിപ്പിക്കേണ്ടത് എന്നദ്ദേഹം എഴുതിയിരിക്കുന്നു.വിദേശരാജ്യങ്ങളിൽ കൃഷിസംബന്ധമായ ഒട്ടേറെ മാസികകൾ ഇറങ്ങുന്നതിനെക്കുറിച്ച് അദ്ദേഹം അത്ഭുതപ്പെടുന്നു. വേങ്ങയിൽ തറവാടിനെക്കുറിച്ച് ജന്മിതറവാടിന്റേതായ ചില ക്രൂരതകൾ അനുഭവിച്ചിട്ടുള്ള അടിയാന്മാരുടെ ഭാഗത്തുനിന്നുള്ള കഥകളാണ് പ്രചരി ച്ചിട്ടുള്ളത്.അങ്ങനെയുള്ള കഥകൾക്ക് ഏറെ പ്രചാരമുള്ള നാട്ടിൽ അദ്ദേ ഹം വിസ്മൃതനായതിൽ അത്ഭുതമില്ല. അത്തരം കഥകൾ നിരര്ത്ഥകമാ ണെന്ന് തെളിയിക്കുന്ന തരത്തിലാണ് അദ്ദേഹം എഴുതിയത്. എങ്ങനെ യാണ് നമ്മുടെ ജോലിക്കാരോട് പെരുമാറേണ്ടത് എന്നദ്ദേഹം എഴുതി യിരുന്നു.അതിനദ്ദേഹം ഉദാഹരണമായി പറയുന്നത് ജര്മൻ പാതിരിമാർ ജോലിക്കാരെ പരിഗണിക്കുന്നത് നോക്കുക.അവർ കൊടുക്കുന്ന സ്നേഹം കൊടുത്തില്ലെങ്കിൽ അവർ നമ്മെ വിട്ടുപോകും എന്നാണ്. ജന്മിസഭയുടെ യോഗങ്ങളിലാണ് കേസരി ഇത്തരം പ്രസംഗങ്ങൾ നടത്തിയത്.
ഇതൊരു കിണര്‍

അടിയാന്മാരെപ്പോലെതന്നെ അദ്ദേഹം പരിഗണിക്കുന്ന മറ്റൊരു വിഭാഗം സ്ത്രീകളാണ്.തുലോം ദയനീയമാണ് നമ്മുടെ സഹോദരിമാരുടെ അവസ്ഥ. പല ഭാര്യമാരിലായി കുറെ പുത്രന്മാരുണ്ടായി അവരെ നന്നായി നോക്കാതി രിക്കുന്നതിനേക്കാൾ നല്ലത് ഒരുവിവാഹംചെയ്ത് അതിൽ ഒന്നോ,രണ്ടോ കുട്ടികളുണ്ടായി അവരെ നന്നായി നോക്കുകയാണെന്ന് അദ്ദേഹം പറയുന്നുണ്ട്. വ്യഭിചാരത്തെക്കറിച്ചെഴുതിയ ലേഖനത്തിൽ പുരുഷന്മാർ ചെയ്യുന്ന ദോഷം കാണാതെ നമ്മൾ സ്ത്രീകളെമാത്രം എന്തിനു കുറ്റപ്പെടുത്തണമെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ നാലു പെൺമക്കൾക്കും കോൺ വെന്റ് വിദ്യാഭ്യാസം നല്കിയിരുന്നു.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടു ത്താൽ മാത്രം പോര.അവര്ക്ക് വരുമാനം ലഭിക്കുന്ന ജോലിയും വേണം. ബ്രിട്ടീഷുകാരോട് ബഹുമാനം പുലര്ത്തിയിരുന്ന ആളാണെന്ന ആരോപണ ത്തിനും ലിസ്സിമാത്യു മറുപടി നല്കുന്നു.ബ്രിട്ടീഷുകാരുടെ ഏകപത്നീവ്രതം,കെട്ടു റപ്പുള്ള കുടുംബബന്ധങ്ങൾ എന്നിവയിലൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ബ്രിട്ടീഷ് ഭക്തി.തോന്നുമ്പോൾ സംബന്ധം ചെയ്യുന്ന രീതിയെക്കുറിച്ചൊക്കെയാണ് അദ്ദേഹം വിമര്ശിച്ചത്. തന്റെ സമുദായത്തെയും സമൂഹത്തെയും അതിന്റെ സം സ്കാരത്തെയും വെളിപ്പെടുത്താൻ വേണ്ടി ഉദാഹരിച്ച ഉദാഹരണങ്ങളായിരിക്കാം അദ്ദേഹം കൂടുതൽ തെറ്റിദ്ധരിക്കപ്പെടാനിടയാക്കിയതെന്നുമവർ കൂട്ടിച്ചേര്ത്തു.

വിദ്യാവിനോദിനി,കേരളസഞ്ചാരി,കേരളപത്രിക,സരസ്വതി തുടങ്ങിയവയിൽ പല പേരുകളിൽ അദ്ദേഹം എഴുതി. കേരളസഞ്ചാരിയാണ് അദ്ദേഹത്തിന് കൂടുതൽ പ്രചാരം നേടിക്കൊടുത്തത്.പതിനെട്ടാമത്തെ വയസ്സുമുതൽ വജ്രബാഹു,വജ്രസൂചി, കേസരി,വി.കെ.,ഒരു നായനാർ,ഒരു നായർ നായനാർ,ചാപ്പൻ നായർ,വിദൂഷ കൻ എന്നിങ്ങനെയുള്ള പേരുകളിലും പേരുവെക്കാതെയും അദ്ദേഹം ധാരാളം എഴുതി.പേരുവെച്ചെഴുതിയാലും പേരുവെക്കാതെയെഴുതിയാലും വ്യാജപ്പേരിലെഴുതി യാലും അദ്ദേഹത്തിന്റെ കൃതികളിൽ നിറഞ്ഞുനില്ക്കുന്ന സംഗതി മനുഷ്യസ്നേഹമായിരുന്നു.പാര്ശ്വവല്ക്കരിക്കപ്പെട്ടവരായ അടിമകളോട്,സ്ത്രീകളോട്,കൂടുതൽ ശ്രദ്ധിക്കാനാളില്ലാത്ത കുഞ്ഞുങ്ങളോട് ഒക്കെയായിരുന്നു അദ്ദേഹത്തിന്റെ വേവലാതി. അതുകൊണ്ടുതന്നെ അധികാരം കൈയാളുന്നവരെ ശക്തമായി വിമര്ശിക്കാനുള്ള കരുത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു. പിന്നീടവര് അദ്ദേഹത്തിന്റെ കഥകളെക്കുറിച്ച് അവലോകനം നടത്തി.ആദ്യകൃതി യായ വാസനാവികൃതി മുതൽ ദ്വാരക,പൊട്ടഭാഗ്യം തുടങ്ങിയ കഥകൾ.തീവണ്ടി യാത്ര സാധാരണമല്ലാത്ത കാലത്ത് പല കഥകളും തീവണ്ടിയാത്രകളെക്കുറിച്ചുള്ളതാണ്.നായാട്ടുകഥകളും പുലിപിടിക്കുന്ന കഥകളും പുലിയെ പിടിക്കുന്ന കഥക ളുമുണ്ട്. ശാസ്ത്രബോധം നിറഞ്ഞ കഥകളുമാണ്.അദ്ദേഹത്തിന്റെ ഏത് കഥകളും അനുഭവിപ്പിക്കുക എന്ന കഥയുടെ ധര്മ്മം നിര്വഹിക്കുന്നതായിരുന്നു അവ. ഭാഷാസ്നേഹം നിറഞ്ഞുനില്ക്കുന്ന രചനകളാണെന്നുമവർ സമര്ത്ഥിച്ചു.കള്ളുഷാപ്പ് എന്ന അര്ത്ഥത്തിൽ കുത്തക തുടങ്ങിയ പഴയ പദങ്ങളുടെ പ്രയോഗം, നാട്ടറിവു കളുടെ ശേഖരണവും പ്രസിദ്ധീകരണവുമൊക്കെ അതിനുദാഹരണങ്ങളാണ്.അതുപോ ലെതന്നെ വടക്കൻ കേരളത്തിനു പ്രാധാന്യം നല്കിക്കൊണ്ടാണദ്ദേഹമെഴുതിയത്. അദ്ദേഹം കാലത്തിനിണങ്ങിയ രചനകളിലൂടെ കാലത്തിനതീതമായി സഞ്ചരിച്ചു. അദ്ദേഹത്തിന്റെ രചനകൾ ക്രൂരമായ എഡിറ്റിംഗിനു വിധേയമായിട്ടുണ്ടെന്നുമവർ സൂചിപ്പിച്ചു.ഉദാഹരണമായി നല്ലമലയാള പദങ്ങൾ സംസ്കൃതമാക്കി മാറ്റിയിട്ടുണ്ട്. ഏതാനും മാസങ്ങൾ കഴിയുമ്പോൾ അദ്ദേഹത്തിന്റെ നൂറാം ചരമവാര്ഷികവും ആഘോഷിക്കേണ്ടിവരുമെന്നോര്മിപ്പിക്കാനും അവർ മറന്നില്ല.കേസരിയെ പുതിയ തലമുറയ്ക്കുവേണ്ടി വീണ്ടെടുക്കാൻ അദ്ദേഹത്തിന്റെ കൃതികളെയും അദ്ദേഹത്തെയും അറിയുകയും ആദരിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നോര്മിപ്പിച്ചു കൊണ്ട് അവർ വാക്കുകൾഉപസംഹരിച്ചു.1914 ല് മദ്രാസ് അസംബ്ലിയിൽവെച്ച് അകാലത്തിൽ പൊലിയുന്നതുവരെയുള്ള സംഭവബഹുലമായ ജീവിതത്തെ അനു സ്മരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
നങ്ങേലി അന്തര്‍ജ്ജനം ആത്മാര്ത്ഥത തുളുമ്പുന്ന വാക്കുകളിൽ കുടുംബാംഗങ്ങൾ അനുഭവം പങ്കുവെച്ചു.അപ്പാപ്പന്റെ വാക്കുകൾ കേൾക്കാൻ ഭാഗ്യമുണ്ടായ നങ്ങേലിയമ്മ കൂടിയിരിക്കുന്ന മഹാജനങ്ങ ളോട് അനുഭവം പങ്കിട്ടപ്പോൾ പലപ്പോഴും വാക്കുകൾ കിട്ടാതെ വികാരഭരിതയായി.ആ അമ്മയെ കണ്ട നിമിഷം തന്നെ അവരുടെ സ്നേഹവും ആതിഥ്യമര്യാദയും എനിക്കനു ഭവപ്പെട്ടിരുന്നു. എത്രയോ ആളുകൾക്ക് ആതിഥ്യമരുളിയ പൂര്‍വികരിൽനിന്ന് പകര്ന്നുകിട്ടിയതാണെന്നാണ് തോന്നി യത്. പരിപാടിയുടെ തുടക്കത്തിൽ തുടങ്ങിയ അതിഥിസ ത്കാരം ഒടുക്കംവരെ തുടര്ന്നു. രണ്ടു കൊച്ചുസുന്ദരിമാർ പാല്പ്പായസത്തിന്റെ മധുരമൂട്ടി സ്വീകരിച്ചു. ദാഹജലം പകര്ന്നും അവര് ഓടിനടന്നു.വടയും ചിപ്സും ചായയുമായി വീണ്ടുമവരെത്തിയപ്പോൾ അന്തംവിട്ടുപോയി. അതിഥി സത്കാരംകൊണ്ട് അമ്മമ്മയും കൊച്ചുമക്കളും ഞങ്ങളെ വീര്പ്പുമുട്ടിച്ചു.സ്നേഹത്തിലും സൌഹൃദത്തിലും കുബേരന്മാ രായ അമ്മാവൻ കുബേരൻ മാസ്റ്ററും മരുമകന്‍ കുബേരൻ വക്കീലും ഓടിനടന്ന് അതിഥികളുടെ സുഖസൌകര്യങ്ങളന്വേ ഷിച്ചു. പിരിയുമ്പോൾ കൂടെ നിന്ന് ഫോട്ടോയെടുക്കാനും അവർ സന്മനസ്സ് കാണിച്ചു.ആ അമ്മയുടെ സ്നേഹം ഒരു കവിമനസ്സിന്റേതുകൂടിയാണെന്ന അറിവ് എന്നെ ആഹ്ലാദിപ്പിച്ചു.കുടുംബാംഗങ്ങള്‍

കേസരിയുടെ പിതാവിന്റെ ഓര്മ്മയുണര്ത്തുന്ന ഈ മുറ്റത്ത് ആണ്ടി ലൊരിക്കലെങ്കിലും ഇതുപോലൊരു സാംസ്കാരികസമ്മേളനം നട ത്തണമെന്നും ഭാസ്കരപ്പൊതുവാൾ അഭ്യര്ത്ഥിച്ചു. ലിസ്സിമാത്യു തയ്യാ റാക്കിയ കേസരിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം ഈ തിരുമുറ്റത്തുവെച്ച് നടത്തണമെന്നൊരു നിര്ദ്ദേശവും നാരായണൻ മാസ്റ്റർ മുന്നോട്ടുവെച്ചു.കേസരി എന്ന പേര് ബാലകൃഷ്ണപിള്ളയാണോ യെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന കാലഘട്ടത്തിൽ ഈ മുറ്റത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തേണ്ടിവരുമെന്നും ഭാസ്കരപ്പൊതുവാൾ സാർ അഭിപ്രായപ്പെട്ടു.പരിപാടിയെ അകമ്പടി സേവിച്ചുകൊണ്ട് ജോൺസൺ പുഞ്ചക്കാടിന്റെ ഓടക്കുഴൽ നാദം ഒഴുകിയെത്തിയത് ഹൃദ്യമായ അനുഭവമായി. മാവിന്‍കൊമ്പിലൊളിഞ്ഞിരുന്ന് പാടുന്ന കുയിലുകളെ വെല്ലുവിളിച്ചുകൊണ്ടുള്ള ശ്രീമതി സുമിത്രാരാജന്റെ മധുരസംഗീതം സദസ്യരെ ഇടക്കിടെ മയക്കിയുണര്‍ത്തി.


ജോണ്‍സണ്‍ ഓടക്കുഴല്‍ ആലപിക്കുന്നു

മനോഹരമായ ആ സായംസന്ധ്യയില്‍ കിളികളും മരങ്ങളും കുളവും സ്നേഹമുള്ള മനുഷ്യരും നിറഞ്ഞ ആ പഴമയുടെ സൂക്ഷിപ്പുകേന്ദ്രത്തില്‍ നിന്നും മടങ്ങാനൊട്ടും മനസ്സുണ്ടായില്ലെങ്കിലും ഞങ്ങള്‍ക്ക് പോയല്ലേ തീരൂ.ഞങ്ങള്‍ പോയ്‌ വരട്ടെ.

സ്നേഹം വറ്റാത്ത കുളം

3 comments:

mini//മിനി said...

നല്ല അനുഭവക്കുറിപ്പ്,,,
ചിത്രങ്ങൾ പലതും കാണാനില്ല.
എല്ലാവരുടെയും ബ്ലോഗുകൾക്ക് ഏതോ വൈറസ് രോഗം പിടിപെട്ടിരിക്കായാണ്.

ശ്രീ said...

പോസ്റ്റ് നന്നായി, ചേച്ചീ.

ഇല്ലവും പരിസരവും എല്ലാം മനോഹരം.

Pek Namboothiri said...

"NANDI", "NANDI"... Aparna, D/o Savithri teacher from Dubai