Wednesday, April 14, 2010

വിഷുപ്പക്ഷിയുടെ തേങ്ങൽ

വിഷുപ്പക്ഷിയുടെ പാട്ടിൽ
വിത്തും കൈക്കോട്ടുമില്ല
പാടിപ്പഠിക്കാൻ
ജെസിബിയും മാന്തിക്കൈകളും.
അച്ഛൻ എണ്ണപ്പാടത്തും
അമ്മ വരമ്പുകളില്ലാ
ചാറ്റ്റൂമിലും
മാവും പ്ലാവും
പിണങ്ങിയെങ്കിലും
കണിക്കൊന്നയും
കണിവെള്ളരിയും
ചുരമിറങ്ങിയില്ലെങ്കിലും
കേമമാക്കാം വിഷു.
കണിയൊരുക്കാൻ
ചാനലുകൾ മത്സരം.
കണ്ണുപൊത്തിപ്പിടിച്ച്
ടിവിയോണാക്കാം.
കൈനീട്ടവുമായി
അവതാരകർ മാറിമാറി.
വോളിയം കൂട്ടി
പടക്കം പൊട്ടിക്കാം
വേണമെങ്കിൽ
ബോംബ് പടക്കവും
ഓഫറുകളാൽ സമൃദ്ധം
സദ്യയുമുണ്ണാം

9 comments:

ramanika said...

അച്ഛന്‍ എണ്ണപ്പാടത്തും
അമ്മ വരമ്പുകളില്ലാ
ചാറ്റ്റൂമിലും .............

ഇതുതന്നെ സത്യം

വിഷു ആശംസകള്‍

ഒരു നുറുങ്ങ് said...

...കണിവെള്ളരി കാഴ്ച വെച്ചൂ,കനകനിലാവേ...,

കണിക്ക് മാങ്ങയും,തേങ്ങയുമില്ല..! തേങ്ങലുകള്‍
സുലഭം...! ഓഫറുകളും സര്‍വ്വത്ര....

കണ്ണൂര്‍മാര്‍ക്കറ്റിലിന്നലെ രണ്ട്കൊച്ചുമാങ്ങയുടെ ഒരു
കണ്ണി വിറ്റുപോയത് രൂപാ 40/- നാ....!!
വെള്ളരിക്ക് കടുത്ത ക്ഷാമവും..!! വേണമെങ്കില്‍,
ബോംബ് പടക്കവും
ഓഫറുകളാല്‍ സമൃദ്ധം
സദ്യയുമുണ്ണാം....!!!

റ്റീച്ചര്‍ക്കെന്‍റെയും കുടുംബത്തിന്‍റെയും ആശംസകള്‍..

Unknown said...

കവിത നല്ല സറ്റയർ ആയിരുന്നു... :)

CKLatheef said...

വിഷുവും പെരുന്നാളുമെല്ലാം ഇപ്പോഴിങ്ങനയാ. പോയ്‌പോയ കാലത്തിനെ തിരിച്ചുകൊണ്ടുവരാനാവില്ലല്ലോ. എങ്കിലും മനുഷ്യമനസ്സിലെ നന്മയെ കെടാതെ സൂക്ഷിക്കാന്‍ നമ്മുക്ക് സാധിക്കും. ആഘോഷങ്ങള്‍ ടി.വി.യോടപ്പമാകുന്നത് അംഗീകരിക്കാനാകുന്നില്ല. നല്ല കവിത. അഭിനന്ദനങ്ങള്‍.

poor-me/പാവം-ഞാന്‍ said...

എത്തിയത് വയ്കിയാണെങ്കിലും വിഭവം തീരെ വളിച്ചിട്ടില്ലാതിരുന്നതിനാല്‍ ആസ്വദിച്ചു...

ഷൈജൻ കാക്കര said...

അമ്മ വരമ്പുകളില്ലാ ചാറ്റ് റൂമിലായാൽ, ആ വീട്ടിലെ വിഷു അവസാനിച്ചു.

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു.

kambarRm said...

ശരിയാണു .
ഇന്ന് ആഘോഷങ്ങൾ ടെലിവിഷനിൽ തന്നെ,. എന്റെ ഒരു സുഹ്രത്തിന്റെ വീട്ടിൽ ഓണ സദ്യ ഉണ്ണാൻ പോയപ്പോൾ ധ്രതിയിൽ സദ്യ ഉണ്ട് ചാനലുകളിൽ വരുന്ന സ്പെഷ്യൽ പ്രോഗ്രാമുകൾ കാണാൻ ടി വിക്ക് മുന്നിൽ ചടഞ്ഞ് കൂടിയിരിക്കുന്ന കുടുംബാംഗങ്ങളെയാണു കാണാൻ കഴിഞ്ഞത്, ആഘോഷ വേളകളിലെ വാതിൽ‌പ്പുറ ക്കളികൾ നമ്മൾ എന്നേ മറന്ന് കഴിഞ്ഞു..,
ടീച്ചറിന്റെ വരികൾക്ക് എന്റെ വക ഒരു കയ്യൊപ്പ്.):

ശാന്ത കാവുമ്പായി said...

ഒരു കാര്‍ഷിക ആഘോഷമാണ് വിഷു.ഐശ്വര്യത്തിന്റെ പ്രതീകം.പക്ഷേ ഇന്ന് കൃഷിയെവിടെ? പടിയിറങ്ങിയില്ലേ? ഈ വര്‍ഷം ആദ്യമായി കണി കാണാന്‍ മാങ്ങ കാശ് കൊടുത്തു വാങ്ങി.പറമ്പില്‍ ഒരുപാട് മാവുകളുണ്ട്.പക്ഷേ ഒന്നുപോലും കായ്ച്ചില്ല.പിന്നെ കുടുംബാംഗങ്ങള്‍ പല സ്ഥലത്തും.ഇതൊക്കെയാണ് ഈ കവിതയുടെ വിത്തായി മാറിയത്.
രമണിക,ഒരു നുറുങ്ങ്,കെ.പി.സുകുമാരന്‍,സി.കെ.ലത്തീഫ്,പാവം ഞാന്‍,കാക്കര,രഞ്ചിത്ത് ചെമ്മാട്,കമ്പര്‍ എല്ലാവര്‍ക്കും നന്ദി.എന്റെ വിഷുക്കണി കാണാനെത്തിയതില്‍.