Saturday, March 20, 2010

കാണിക്കയായൊരു ക്യാമ്പ്‌ ഫയർ



തളിപറമ്പിനടുത്തുള്ള പുളിമ്പറമ്പ്‌.നഗരത്തിൽ നിന്നും മാറി തിരക്കൊഴിഞ്ഞ സ്ഥലം.എന്റെ സഹോദരൻ മധുകുമാറിന്‌ അവിടെ ഒരു സൈറ്റ്‌ ഉണ്ട്‌ .കാവുമ്പായി- കണ്ണൂർ യാത്രയിൽ പല പ്രാവശ്യം അവിടെ പോയിട്ടുണ്ട്‌.അവൻ സൈറ്റിൽ നിര്‍ദ്ദേശങ്ങൾ കൊടുക്കുമ്പോൾ ഞങ്ങ‍ൾ,ഞാനും അച്ഛനും അമ്മയും,കാറിലിരിക്കും.




പക്ഷേ ഒട്ടും മടുക്കില്ല. പ്രകൃതി അണിഞ്ഞൊരുങ്ങി കൊതിപ്പിച്ചു നില്‍ക്കുകയല്ലേ!എത്ര കണ്ടാലും മതി വരില്ല.

അവളുടെയീ മാദക സൗന്ദര്യമാണ്‌ മധുവിനേയും അവന്റെ സുഹൃത്തുക്കളേയും ഇവിടെ എത്തിച്ചത്‌.അവനും കുറേ പ്രവാസി സുഹൃത്തുക്കളും ചേര്‍ന്നു വാങ്ങിയ മണ്ണ്‌.ഇനി കുറേ വീടുകൾ ഇവിടെ പൊങ്ങിയേക്കാം.


ഏറെ നോവിപ്പിക്കാതെ പ്ലോട്ടുകൾ തിരിക്കുന്നുണ്ട്‌.



 
ആദ്യ കാഴ്ചയിൽ തന്നെ അവളെന്നെ മയക്കിക്കളഞ്ഞു.

കുന്ന് താഴോട്ട്‌ ഇറങ്ങിയിറങ്ങിയങ്ങനെ പോകുകയാണ്‌ കുന്നിന്റെ മുകളിലാണ്‌ നില്‍ക്കുന്നത്‌.വഴിയിലവൾ ഒറ്റക്കല്ല.ഒരുപാട്‌ കൂട്ടുകാരുമുണ്ട്‌.


എല്ലാവരേയും എനിക്കു നന്നായി കാണാം.


പച്ചപ്പട്ടു പാവാടയും ബ്ലൗസ്സും വെള്ളപ്പട്ടു ദാവണിയുമണിഞ്ഞ സുന്ദരിമാർ.അവസാനത്തെ സുന്ദരിയുടെ വെള്ളപ്പട്ടു മുന്താണി കാറ്റത്തുയർന്ന് ചക്രവാളത്തിലലിഞ്ഞു ചേരുന്നു.

പുഴയിവിടെ ഒന്നായ നിന്നെയിഹ ആറേഴായി കാണപ്പെടുന്നു.

ഓരോ കുന്നിനേയും ഉടയാട ചാർത്താൻ ഒളിച്ചൊളിച്ചു പോകുകയാണവൾ‍.ഇടക്കിടെ നിവർത്തിയട്ട പച്ചപ്പട്ടു ചേല പോലെ വയലുകളും.തിളങ്ങുന്ന പച്ചയും വെണ്മയും ചേർന്നൊരു മായാലോകം.നേരിയ കരയിട്ടപോലെ വളഞ്ഞു തിരിഞ്ഞു വരുന്ന റോഡ്‌.





 എന്നിട്ടും എന്റെ ആങ്ങള അവിടെ ഒരു ഒത്തു ചേരലിനു വിളിച്ചപ്പോൾ ഞാൻ നിരസിച്ചു.നോവുകൾ വിട്ടുമാറാത്ത എന്റെ ശരീരം അതിനെന്നെ പ്രേരിപ്പിച്ചു.

പക്ഷേ അമ്മ ഇടപെട്ടു.വൈകുന്നേരം 4.30 നു വന്നു കൊണ്ടുപോകും 9.00നു തിരിച്ചുകൊണ്ടുവിടും വണ്ടിയില്‍ക്കയറി ഇരുന്നാല്‍പ്പോരേ എന്നായി അമ്മ. അവസാനം പ്രലോഭനം തന്നെ വിജയിച്ചു.ആ വണ്ടിയിൽ ഞാനും കയറി.

ആറു മണിയോടെ ഞങ്ങളവിടെയെത്തി.

മുമ്പ്‌ ഞാൻ കണ്ട സുന്ദരിയല്ലല്ലോ ഇത്‌.





'സൂര്യകിരീടം വീണുടയുന്നത്‌'ഇങ്ങനെയാണൊ? തൃപ്തിയാവുന്നില്ല.എന്റെ കാവ്യഭാവനയ്ക്ക്‌ അതിനപ്പുറത്തേക്കു പോകാനും കഴിയുന്നില്ല.അവളെ വിട്ടു പിരിയാൻ മടിച്ച്‌ ചുവന്നു തുടുത്ത മുഖവുമായി സൂര്യന്‍ മെല്ലെ മെല്ലെ പടിഞ്ഞാറോട്ടിറങ്ങുന്നു.കൈ നീട്ടിയാൽ തൊടാമല്ലോ.



അകലെ വ്രതശുദ്ധിയാർന്ന ഗ്രാമ്യവിശുദ്ധിയിൽ നിന്നും ഹോമപ്പുകയുയരുന്നു.






വെറും മണ്ണിൽ കുറച്ചു കസേരകൾ നാലഞ്ചു നിരകളായി അർദ്ധ വൃത്താകൃതിയിൽ ക്രമീകരിച്ചിട്ടുണ്ട്‌.മുൻവശത്ത്‌ ഒരു ഡെസ്കും ഒന്നു രണ്ട്‌ കസേരകളും.പോട്ടം പിടിക്കാനുള്ള സംഭവങ്ങളുണ്ട്‌. മൈക്കു സെറ്റുമുണ്ട്‌.

‘ദെന്താപ്പാ ഇങ്ങനൊരു വിരുന്ന് വീടുണ്ടാക്കുന്നതിനു മുമ്പ്‌ ‘എന്നു ചോദിച്ചപ്പോൾ റിജേഷ്‌((ഡ്രൈവ‍ർ)'അതൊക്കെയുണ്ട്‌ അവിടെ എത്തിയാൽ കാണാം'എന്നു പറഞ്ഞ്‌ സസ്പെന്‍സ്‌ നില നിർത്തി.

എത്തിയിട്ടും കാര്യം പിടികിട്ടിയില്ല ട്ടോ.ആരോടും ചോദിച്ചില്ല.നമ്മള്‌ വെറും കൺട്രിയാണെന്ന് നാലുപേരറിഞ്ഞാലോ.അതുകൊണ്ട്‌ ഒട്ടും ഗമ വിടാതിരുന്നു.

ഞങ്ങളെത്തുമ്പോൾ കുറച്ചു പേരവിടുണ്ട്‌.

ചില പരിചയങ്ങൾ അടുത്തു വന്നു മിണ്ടി.

കുറച്ചുകഴിഞ്ഞപ്പോഴേക്കും കസേരകൾ നിറഞ്ഞു.

സമീപവാസികളായ നാട്ടുകാ‍ർ. പുറത്തുനിന്ന് വന്ന സുഹൃത്തുക്കൾ,പിന്നെ ബന്ധുക്കളും.കൈക്കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെയുണ്ട്‌.ചുരുക്കിപ്പറഞ്ഞാൽ ഒരു കാറ്റഗറിയിലും പെടുത്താനവാത്ത സദസ്സ്‌.




പരിപാടിയുടെ കോഡിനേറ്റർ ആയ കുഞ്ഞിരാമേട്ടൻ'ക്യാമ്പ്‌ ഫയർ കൊളുത്തുകയാണ്‌. എല്ലാവരും അതിനു ചുറ്റും വന്നു നിൽക്കണമെന്ന് അനൗൺസ്‌ ചെയ്തു.





പിന്നെയാണതു സംഭവിച്ചത്.സുന്ദരമായി കറന്റ് പോയി.എന്തൊരു ഭാഗ്യം.മങ്ങിയ വെളിച്ചത്തിൽ തുറന്ന ആകാശത്തിനു താഴെ.കുളിർ‍മയുള്ള അന്തരീക്ഷത്തിൽ.







തദ്ദേശവാസികളായ രണ്ടു കൊച്ചു മിടുക്കികൾ പ്രാര്‍ത്ഥന ചൊല്ലാൻ മുന്നോട്ടു വന്നു.അവരുടെ ഉദാരമനസ്കതയിൽ സന്തുഷ്ടനായ കുഞ്ഞിരാമേട്ടന്‍ അവർക്ക് സമ്മാനങ്ങൾ നൽകി.

സമ്മാനങ്ങൾ സോപ്‌,ചീപ്‌ ,കണ്ണാടി വകുപ്പിൽ പെടുന്നവയാണ്‌.
പല്ലു തേക്കാനും മുഖം മിനുക്കാനുമൊക്കെയുള്ള വകുപ്പുകളും സമ്മാന പദ്ധതിയിലുണ്ട്‌. അത്യാവശ്യം എഴുതുകയുമാവാം.
എന്തായാലും സദസ്സ്‌ സമ്മാനത്തിന്റെ വലയിൽ കുടുങ്ങിക്കഴിഞ്ഞു.

ക്വിസ്‌,പാട്ട്‌,പ്രസംഗം ഒന്നും പറയേണ്ട.എല്ലാറ്റിനും സമ്മാനപ്പെരുമഴ തന്നെ.

മേധാ പടക്‍ർ, ഗാന്ധിജി,അയ്യപ്പപ്പണിക്കർ തുടങ്ങിയ പ്രമുഖരോടൊപ്പം വാടിരവിയും സദസ്സിനിടയിലുടെ കറങ്ങിത്തിരിഞ്ഞു.ഏഴോം 1 ഉം ക്രിക്കറ്റും സിനിമയും ചിത്രവുമെല്ലാം സമ്മാനങ്ങൾ നല്‍‍കി. ക്വിസ്മാസ്റ്റര്‍  കുഞ്ഞിരാമേട്ടൻ ഓരോ ചോദ്യങ്ങൾ കഴിയുമ്പോഴും സമ്മാനങ്ങൾ വാരിയെറിഞ്ഞു.

ഇടക്കിടെ വായിൽ നാക്കുള്ളവരെല്ലാം പാട്ടും പാടി.അവര്‍ക്കും കിട്ടി സമ്മാനം.അതിനിടയിൽ ഒരു വിരുതൻ ‘പ്ലസ്‌ വൺ കാരനായ ശരത്’ക്വിസ്‌മാസ്റ്റരോട് ഏട്ടനും ഒന്ന്‍ പാടണമെന്നായി.’

കുഞ്ഞിരാമേട്ടനിലെ കാരണവർ പെട്ടന്ന്‍ ഉണർന്നു.’ഏട്ടനല്ല അച്ചാച്ചൻ‍.’അദ്ദേഹം തിരുത്തി.എന്നിട്ടും തൃപ്തിയാവാതെ അവനെ അടുത്തേക്ക്‌ വിളിച്ചു.

ഒരു നിമിഷം.എന്തോ ഭീകരമായത് സംഭവിക്കാൻ പോകുന്നു.

ഞാന്‍ കണ്ണിമക്കാതെ നോക്കിയിരുന്നു.

എന്നെ നിരാശപ്പെടുത്തിക്കൊണ്ട് അദ്ദേഹം മൈക്ക്‌ അവന് കൈമാറി.

അല്ലേലും അത് തന്നെയാണ് നല്ലത്‌.വിട്ടേക്ക്

കുഞ്ഞിരാമേട്ടാ...പിള്ളേരല്ലേ..

അല്പം മുമ്പ്‌ അവന്റെ ഒരു തട്ട് എനിക്കും കിട്ടിയതാണ്.

സദസ്സിൽ പത്തും പന്ത്രണ്ടും ക്ലാസുകാർ ഉണ്ടെന്നറിഞ്ഞപ്പോള്‍ ഞാനൊരു ടീച്ചറായി മാറി.’എങ്ങനെയാ നിങ്ങൾ ഈ സമയം മെയ്‌കപ്പ് ചെയ്യുക ‘എന്ന്‍ ഗാംഭീര്യത്തോടെ ചോദിച്ചു.

ശരത് അവന്റെ മുഖം കൈ കൊണ്ട് തടവിയിട്ട് പറഞ്ഞു.’ഇങ്ങനെ.’എന്നിലെ ടീച്ചർ അതോടെ പത്തി താഴ്ത്തി.പിന്നെ ഞങ്ങള്‍ നല്ല കൂട്ടുകാരായി.

പ്രസംഗം എന്നു കേട്ടാൽ പലരും സ്ഥലം കാലിയാക്കുകയാണു പതിവ്‌.ഇവിടെ അതും തെറ്റി.നാലഞ്ചു പേര്‍ സംസാരിച്ചു.രസകരമായ അനുഭവങ്ങൾ.


മധുകുമാർ ഈ മനോഹര സ്ഥലിയിലൊത്തുകൂടിയതിന്റെ കാരണം വ്യക്തമാക്കി.എല്ലാവരും ഈ ഭൂമിയുടെ അവകാശികൾ എന്ന ദാ‍ർശനിക തലത്തിലെത്തി,സ്നേഹത്തിന്റെ മാസ്മരികതയില്‍ അവസാനിപ്പിച്ചു.അതിനവൻ സ്ഥലം എസ്.ഐ.മനോജ്കുമാറിന്റെ കുറ്റാന്വേഷണ കഥകളെ കൂട്ടു പിടിച്ചു.




കക്ഷിയെ എനിക്കും നന്നായി അറിയാം.ഒരു പന്ത്രണ്ടു കൊല്ലം മുമ്പ്‌ ഞങ്ങൾ സിദ്ധ സമാധി യോഗ (എസ.എസ.വൈ.) ക്ലാസിന് ഒന്നിച്ചുണ്ടായിരുന്നു. 15ദിവസം.അതിൽ അവസാനത്തെ 3 ദിവസത്തെ അഡ്വാ‌ൻസ്ഡ് മെഡിറ്റേഷൻ കോഴ്സിൽ‍; ഞങ്ങള്‍ 40 പേരും ഉഡുപ്പിയിൽ പുറം ലോകവുമായി ബന്ധമില്ലാതെ ഒന്നിച്ചുണ്ട്,ഒന്നിച്ചുറങ്ങി,ഒന്നിച്ചു ധ്യാനിച്ചു കഴിഞ്ഞവരായിരുന്നു

സാമാന്യം നല്ല കഷണ്ടിയും ആറര അടി ഉയരവും അതിനൊത്ത വണ്ണവും ഉള്ള ഒരു സുന്ദരനാണ് മനോജ്‌.കുറ്റവാളികൾക്ക് വേണമെങ്കിൽ ഭയം തോന്നിപ്പിക്കാവുന്ന രൂപം.പക്ഷേ, അദ്ദേഹം അവരുടെ അടുത്ത്‌ എസ്.എസ് .വൈ.ആണ് പ്രയോഗിക്കാറുള്ളത്.


അവരുടെ കണ്ണുകളിലേക്ക്‌ നോക്കി..ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെന്ന്... പ്രശ്നങ്ങൾ പഠിച്ച്‌,സ്നേഹം കൊടുത്ത്‌,കുറ്റവാസനയുടെ വേരറുത്ത്‌ കേസുകൾ തെളിയിക്കുന്നു.ഉരുട്ടിക്കൊലകൾ നടക്കുന്ന നമ്മുടെ പോലീസ്‌ ഡിപ്പാർട്ടുമന്റിൽ ഇങ്ങനെയും ചിലരുണ്ട്‌.

മധുകുമാർ അവസാനിപ്പിക്കുന്നതിനു മുമ്പു തന്നെ മനോജെത്തി.യൂനിഫോമിൽ തന്നെ.അടുത്തു നടന്ന ദൗർഭാഗ്യകരങ്ങളായ സംഭവങ്ങളെ സ്പർശിച്ചുകൊണ്ട്‌ സ്നേഹത്തിന്റെ അഭാവത്തെക്കുറിച്ചും ഇത്തരം കൂട്ടായ്മകളുടെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.


സാധാരണക്കാരിൽ സാധാരണക്കാരനെന്നു തോന്നിപ്പിക്കുന്ന ഒരു കാവി മുണ്ടുകാരൻ‍,ശ്രീ.ബാലകൃഷ്ണൻ സദസ്സിൽ ഭൂരിപക്ഷത്തിന്റെയും നാവായി.വാക്കുകൾ തിളക്കവും മൂര്‍ച്ചയുമുള്ള മുത്തുകളായി ചിതറിയപ്പോൾ ആ പഴയ സി.പി.എം.ഏരിയാ കമ്മറ്റി മെംബറെ അഭിനന്ദിക്കാൻ തോന്നി. പഴയ സമൂഹത്തിന്റെ വിവാഹം തുടങ്ങിയ ആഘോഷങ്ങളിലെ കൂട്ടായ്മകൾ അന്യം നിന്നുപോവുമ്പോൾ ഇത്തരം കൂട്ടായ്മകൾ ആവശ്യമാണെന്നദ്ദേഹം പറഞ്ഞു.ഒന്നുകൂടി അദ്ദേഹം പറഞ്ഞു.ഇത്‌ അദ്ദേഹത്തിന്റെ യാത്രയയപ്പ്‌ പരിപാടിയായി മാറുന്നു എന്ന്.അദ്ദേഹം ആ പ്രദേശത്തു നിന്നും താമസം മാറുകയാണ്‌.


ഓ....പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞില്ല.തീററയെപ്പറ്റി.വന്ന ഉടനെ ഒരു മിഠായി കിട്ടിയിരുന്നു.കുടൽ കുറേശ്ശെ കരിയാൻ തുടങ്ങിയിരുന്നു.ഭക്ഷണം തയ്യാറായിട്ടുണ്ട്‌ എന്ന് ഇടക്കു പറയുന്നതു കേട്ടിരുന്നു.പക്ഷേ ഒരു കുഴപ്പം.പോയി വാങ്ങണം.തൊട്ടു പിറകിൽ തന്നെയാണുള്ളത്‌.എന്തായാലും ഏറെ അധ്വാനിക്കാതെ എന്റെ മുമ്പിലൊരു പ്ലേറ്റെത്തി .അനിയത്തി സഹായിച്ചതുകൊണ്ട്‌.അല്ലെങ്കിലും നീളമുള്ളൊരു നാക്ക്‌ സ്വന്തമായുള്ളപ്പോൾ എന്തിനു പേടിക്കണം.


ഭക്ഷണം കഴിഞ്ഞു.ഓരോരുത്തരായി അരങ്ങൊഴിയാൻ തുടങ്ങി.എനിക്കു പോകാനുള്ള വാഹനം തയ്യാറായി നി‍ൽക്കുന്നു എന്നറിയിപ്പ് കിട്ടി.മങ്ങിയ വെളിച്ചത്തിൽ ഇളകിയ മണ്ണിലൂടെ നടന്ന്‍ അതിനടുത്തെത്തണം.ചെറിയൊരു പേടി മനസ്സിൽ‍.പക്ഷേ,മനോജിന്റെ ബലിഷ്ഠ കരങ്ങൾ തുണയായെത്തി.വണ്ടിയിലേക്കാനയിക്കപ്പെടുമ്പോൾ പോലീസ്‌ സഹായിക്കുന്ന ഫോട്ടൊ എടുക്കാമോ എന്നു ഷിനുവിനോട്‌ ചോദിച്ചു.


ഉഡുപ്പിയിലെ കോവിലിൽ വെച്ച്‌ ചന്ദനം തൊടുവിച്ച കൈവിരലുകളുടെ കുളിർമയും സാന്ത്വനവും വീണ്ടും അറിയുന്നതു പോല...



13 comments:

jayanEvoor said...

നല്ല വിവരണം.

സ്ഥലത്തിന്റെ മനോഹാരിതയ്ക്കൊപ്പം ‘ജെ.സി.ബി’യുടെ മാന്തിപ്പറിക്കലും ശ്രദ്ധയിൽ പെട്ടു.

കേരളത്തിൽ ഏറ്റവും കൂടുതൽ കുന്നുകൾ ഇടിച്ചു നിരത്തുന്നത് കണ്ണൂരാണ്.

കഴിഞ്ഞ മൂന്നുനാലുകൊല്ലത്തെ പരിചയത്തിൽ നിന്നു പറയുന്നതാണിത്.

അതും ആരെങ്കിലും ശ്രദ്ധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കൂതറHashimܓ said...

വിവരണവും ചിത്രങ്ങളും കണ്ടപ്പോ എനിക്കും പങ്കെടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നൊരു മോഹം.. :)

krishnakumar513 said...

ഹൃദ്യമായ അവതരണം...

Anil cheleri kumaran said...

കൂട്ടായ്മകളുണ്ടാവട്ടെ..

Rare Rose said...

വാക്കുകളിലൂടെ അവിടെയൊക്കെ ഞാനുമൊന്നു പോയി വന്ന പോലെ.നല്ലൊരു അനുഭവം സമ്മാനിച്ചതിനു നന്ദി..

വീകെ said...

നന്നായി ഈ വിവരണം....

ആശംസകൾ...

ഒരു നുറുങ്ങ് said...

ഒരു പരിസ്ഥിതി ടച്ച് ഇതിനുണ്ട്,എങ്കിലും....
“ഏറെ നോവിപ്പിക്കാതെ പ്ലോട്ടുകള്‍ തിരിക്കുന്നുണ്ട്‌...“വരികള്‍ക്കിടയില്‍ മുഴച്ചുനില്‍ക്കുന്ന
കുന്നുകളെ ജെസിബി തരിപ്പണമാക്കുന്നല്ലോ...
എത്ര മയപ്പെടുത്തി മൃദുലപ്പെടുത്തിയാണേലും
“അവളുടെയീ മാദക സൗന്ദര്യം”കടിച്ചുകീറി
വ്രണപ്പെടുത്തില്ലേ...ഇതൊരു പരിഭവമായി
കാണരുതേ..
പോട്ടങ്ങളിലൂടെ ദര്‍ശിച്ച ആ മനോഹരമായ
കാഴ്ചപ്പുറങ്ങള്‍ക്ക്,ഇനിയെത്ര നാള്‍ കുണ്ണിനു
കുളിര്‍മ നല്‍കാനാവുമെന്ന തോന്നല്‍...
എന്തായാലും മധുവും കൂട്ടുകാരും ചേര്‍ന്ന്
നടത്തിയ കൂട്ടായ്മയെ ഹൃദ്യമായി ഞങ്ങള്‍ക്ക്
പകര്‍ന്നു തന്ന ടീച്ചര്ക്ക്,ആശംസകള്‍/

Unknown said...

ഫോട്ടോകളും അവതരണവും നന്നായിട്ടുണ്ട്..

ആശംസകളോടെ,

Unknown said...

ടീച്ചർ, ക്യാമ്പ്‌ ഫയർ നന്നായിട്ടുണ്ട്‌. പഴയ എസ്‌. എസ്‌. വൈ. കാരെ ക്യാമ്പ്‌ ഫയറിൽ കാണുവാൻ പറ്റി
രാജു

എന്‍.ബി.സുരേഷ് said...

kunnukalellam loriyil kayari roadpanikku poyi ennu p.p.ramachandran. touching rarration. you catch each and every details.

Mohamedkutty മുഹമ്മദുകുട്ടി said...

നന്നായി, നല്ല വിവരണം.പോലീസിനെപ്പറ്റിയുള്ള പരാമര്‍ശം വായിച്ചപ്പോള്‍ ഇന്നലെ പത്രത്തില്‍ വായിച്ച ലോക്കപ്പ് മരണത്തെപ്പറ്റി ഓര്‍ത്തു പോയി.ഇത്തരം കൂട്ടയ്മകള്‍ നല്ലതാണ്,പ്രത്യേകിച്ച് ഗ്രാമാന്തരീക്ഷത്തില്‍!

ശാന്ത കാവുമ്പായി said...

ജയന്‍ ഏവൂര്‍,കൂതറ ഹാഷിം,കൃഷ്ണകുമാര്‍ ,കുമാരന്‍,റെയര്‍ റോസ്,വി.കെ.,ഒരു നുറുങ്ങ്,കെ.പി.സുകുമാരന്‍,രാജ്,എന്‍.പി.സുരേഷ്,മുഹമ്മദ്കുട്ടി എന്റെ അനുഭവം പങ്കു വെച്ചതില്‍ സന്തോഷിക്കുന്നു.

sudharethish said...

valare hridhyamayirunnu vivaranam