ശ്വാസംമുട്ടലാണതിന്‍ മരുന്നിനായ്
പരക്കംപാഞ്ഞു ഞാ൯
പെറ്റിട്ട കുഞ്ഞിനെത്തിന്നും
തള്ളപ്പൂച്ചതന്‍ ക്രൗര്യമാവാഹിച്ചമ്മ
‘മുമ്പെപ്പൊഴോ കിട്ടിയത്
തീര്‍ന്നുപോയില്ലിനിയൊട്ടും.'
ദിഗന്തങ്ങള്‍ നടുങ്ങുമാറലറിയച്ഛന്‍
‘ഒരുത്തര്‍ക്കും കൊടുക്കില്ല ഞാനത്.’
ബന്ധുക്കള്‍ കൈമലര്‍ത്തി
ആരുടെ കൈയിലുമില്ല പോലും.
സുഹൃത്തുക്കളായവര്‍ പറഞ്ഞു.
‘ഞങ്ങളതു കണ്ടിട്ടേയില്ല.’
പുല്ച്ചാര്ത്തുകളും പുതുനാമ്പുകളും.
കേട്ടിട്ടേയില്ലാ മരുന്നവര്‍ .
വീട്ടിലങ്ങാടിയിലെടെയുമില്ലത്.
മറുപിള്ള ചൂടാക്കിയെന്നെക്കരയിച്ച
മുതുമുത്തശ്ശി തന് കൈയിലുണ്ടായിരുന്നു.
വേണ്ടാക്കുഞ്ഞിനെയുമൊരമ്മയില്ലാ-
ക്കുഞ്ഞിനെയുമൊന്നായി മാറോടണച്ച
മുത്തശ്ശി തന് കൈയിലുമുണ്ടായിരുന്നു.
പിണ്ഡതൈലത്തിന്റെ വാസനയില്‍
മുഷിഞ്ഞകമ്പിളിപ്പുതപ്പിനുള്ളില്‍
കീറിയവിരിപ്പിനിടയിൽ
സങ്കടത്തിന്റെ നാമജപക്കടലിൽ‚
തൂങ്ങിയതൊലിക്കുള്ളില്‍
അസ്ഥിതന്നാലിംഗനത്തിൽ,
ഊര്‍ധ്വന്‍വലിക്കൊടുവിൽ
പറന്നുപോം പ്രാണനൊപ്പമെന്‍
കണ്ണിൽ നിന്നുതിര്‍ന്നൊരശ്രുബിന്ദുവില്‍
എല്ലാമെല്ലാമുണ്ടായിരുന്നാ മരുന്ന്.
സുരലോകത്തിലുമേതു
പാതാളത്തിലും തിരയാം ഞാന്‍
എങ്കിലുമിന്നെനിക്കാ മരുന്നി൯
പേരൊട്ടുമോര്‍മയില്ലല്ലോ.
4 comments:
വിത്യസ്തമായ ചിന്തയുടെ നിറമാർന്ന ശൈലികളിലൂടെ വിരിഞ്ഞത്.. കവിത ഇഷ്ടപ്പെട്ടും
ആശംസകൾ
ആത്മകഥപോലെ ആത്മാംശമുള്ള കവിതകള്‍...
അത് ഇഷ്ടമായതിനാല്‍ വീണ്ടും വന്നു.
വീണ്ടു൦ വീണ്ടു൦ വരിക•അതെ൯റെ ആത്മാവു തന്നെയാണ്
ആ മരുന്ന് കൈവശമുള്ളവര്‍ ഇനിയുമുണ്ടാകും ...കണ്ടെത്തണം
ഇനിയും കാണാം..വരും ഞാന്‍ ...
ആശംസകളോടെ
വിജീഷ് കക്കാട്ട്
Post a Comment