ഈ വനിതാദിനത്തിൽ എന്നെ അലോസരപ്പെടുത്തുന്നത് ലെസ്‌ലി ഉഡ് വിൻ സംവിധാനം ചെയ്ത ഇന്ത്യയുടെ മകൾ എന്ന ഡോക്യുമെന്ററിയിലെ നിര്‍ഭയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളിലൊരാളായ മുകേഷ് സിംഗിന്റെ അഭിമുഖമാണ്. മുകേഷ് സിംഗ് എന്ന ഇന്ത്യൻ പുരുഷൻ പറഞ്ഞ കാര്യങ്ങൾ ഭീതിയോടെയാണ് ഞാൻ കേട്ടത്. തിഹാർ ജയിൽവാസം അയാളെ ഒട്ടും മാറ്റിയിട്ടില്ല എന്ന തിരിച്ചറിവ് ഭയാനകം തന്നെ.
ലെസ്‌ലി ഉഡ് വിൻ സംവിധാനം ചെയ്ത ഇന്ത്യയുടെ മകൾ എന്ന ഡോക്യുമെന്ററിയിലെ ഡല്‍ഹി ബലാത്സംഗക്കേസിലെ പ്രതിയുമായുള്ള അഭിമുഖം പത്രത്തിൽ വായിച്ചപ്പോൾ ശരിക്കും ഞെട്ടിപ്പോയി. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടൽ മൂലം ഡോക്യുമെന്ററി കാണാനുള്ള അവസരമെനിക്കുണ്ടായില്ല.
സഹസ്രാബ്ധങ്ങള്‍ക്കിപ്പുറം എഴുതപ്പെട്ട മനുസ്മൃതിയെ കടത്തിവെട്ടിക്കൊണ്ട് ബലാത്സംഗവീരൻ ഒരു മുകേഷ് സ്മൃതി തന്നെ രചിച്ചിരിക്കുകയാണ് അതിലെന്നാണറിയുന്നത്. അതിന്റെ ആധികാരികതയിൽ അയാള്‍ക്ക് യാതൊരു സംശയവുമില്ല. അവയനുസരിച്ചുവേണം ഇനി ഭാരതത്തിലെ സ്ത്രീകളും പെണ്‍കുട്ടികളും ജീവിക്കേണ്ടത് എന്നാണയാൾ ആഗ്രഹിക്കുന്നത്.
‘കൂട്ടബലാത്സംഗത്തിന്റെ ഉത്തരവാദിത്വം പെണ്‍കുട്ടിക്കുതന്നെയാണ്.’
‘കുലീനകളായ പെണ്‍കുട്ടികൾ രാത്രി ഒമ്പതിനുശേഷം പുറത്തിറങ്ങി നടക്കില്ല.’
‘’ആണുങ്ങൾ ബലാത്സംഗം ചെയ്യുമ്പോൾ പെണ്‍കുട്ടികൾ സംയമനം പാലിക്കണം.’
‘രണ്ടുകൈയും മുട്ടാതെ ഒച്ചയുണ്ടാവില്ല.’
‘മോശം വസ്ത്രങ്ങൾ ധരിച്ച് രാത്രി ഡിസ്ക്കോപാര്‍ലറുകളിലും ബാറുകളിലും കറങ്ങി നടക്കരുത്.’
ഇതൊക്കെയാണ് മുകേഷ് സ്മൃതിയിലെ പ്രസക്തഭാഗങ്ങൾ. ഇത് കുറ്റവാളിയായ മുകേഷ് സിംഗിന്റെയും കൂട്ടുപ്രതികളുടെയും മാത്രം നിയമങ്ങൾ എന്ന് തള്ളിക്കളയാൻ പറ്റില്ല. പുരുഷനായി പിറന്നതിൽ ലജ്ജിക്കേണ്ട അവസ്ഥയിലേക്കാണ് ഇന്ത്യൻ പുരുഷകേസരികൾ ഇപ്പോൾ വളര്‍ന്നു വരുന്നത് എന്നാണ് പലരും സ്ത്രീയെക്കുറിച്ചു പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങളിൽ നിന്നും നിര്‍വചനങ്ങളിൽ നിന്നും മനസ്സിലാവുന്നത്. അത് ബലാത്സംഗം ചെയ്യുന്ന അക്രമിയായാലും അവര്‍ക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകരായാലും നാട് ഭരിക്കുന്ന മന്ത്രിവര്യന്മാരായാലും ഏകാഭിപ്രായക്കാരാണ് എന്നത് അതിശയകരമായ കാര്യമാണ്.
ഈ അടുത്ത ദിവസങ്ങളിലാണ് അഞ്ചുപുരുഷന്മാർ ചേര്‍ന്ന് രണ്ടുസ്ത്രീകളെ ക്യാമറയുടെ നേരെ നോക്കി ചിരിച്ചുകൊണ്ട് ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ യു-ട്യൂബിലൂടെ സാമൂഹ്യപ്രവര്‍ത്തകയായ സുനിത കൃഷ്ണൻ പുറത്തുവിട്ടത്. ആ തെമ്മാടികളുടെ ചിരിയിൽ കാണുന്നത് അവര്‍ക്കവകാശപ്പെട്ട ഒരു കാര്യം നേടിയെടുക്കുന്നതിന്റെ വിജയോന്മാദമാണ്. സ്ത്രീയെ ബലാത്സംഗംചെയ്യുക എന്നത് പുരുഷന്റെ അവകാശം. അപ്പോൾ അവൾ പരമാവധി സഹകരിക്കുകയും സംയമനം പാലിക്കുകയും ചെയ്യണമെന്ന് പറയാതെ പറയുകയാ ണവർ. അങ്ങനെയായാൽ ജീവനെടുക്കില്ല എന്നൊരു സൌജന്യം ഇരയ്ക്ക് കൊടുത്തേക്കാമെന്ന് മുകേഷ് സിംഗ് പറയുന്നുണ്ടെങ്കിലും പലപ്പോഴും ബാലത്സംഗത്തിനുശേഷം ഇരയെ ക്രൂരമായി കൊന്നുകളയാറാണ് പതിവെന്ന് പല ഉദാഹരണങ്ങളും തെളിയിക്കുന്നു. ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും സ്ത്രീകൊലപാതകങ്ങളും വര്‍ഷംനതോറും കൂടിക്കൊണ്ടിരിക്കുന്ന രാക്ഷസീയമായ കാലത്ത് ഇത്തരം തെമ്മാടികൾ ഇനിയും പെരുകിക്കൊണ്ടേയിരിക്കും. അവരുടെ കാമം ശമിപ്പിക്കാനുള്ള പെണ്ണ് തെരുവിൽ സഞ്ചരിക്കണമെന്നില്ല. അടച്ചിട്ട മുറിയും അവള്‍ക്ക് ഒട്ടും സുരക്ഷിതമായിരിക്കില്ല.
ബഹുമാനപ്പെട്ട കേന്ദ്രആഭ്യന്തരമന്ത്രി ‘ഇന്ത്യയുടെ മകൾ’ സംപ്രേഷണംചെയ്ത ബി.ബി.സി.ഫോർ ചാനലിനെതിരെ നിയമനടപടിക്ക് സാധ്യത തേടുമ്പോൾ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാണ് ശ്രമിക്കുന്നത് എന്ന്‍ അദ്ദേഹം മറന്നുപോകുന്നു. ഈ ഡോക്യുമെന്ററി ലോകം കാണുമ്പോൾ ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവും കളങ്കിതമാവുമെന്ന ഭയം ഭരണാധികാരികള്‍ക്കുണ്ടാവുന്നത് സ്വാഭാവികം. യഥാര്‍ത്ഥത്തിൽ സ്ത്രീയെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു മികച്ച സംസ്കാരം ഏതുകാലത്തും ഭാരതത്തിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. പിറക്കുമ്പോൾ തന്നെ സ്ത്രീയുടെ സ്വത്വത്തെ കുഴിച്ചുമൂടുന്ന പാരമ്പര്യമാണ് നമുക്കുള്ളത്. പിന്നെയവളെ പുരുഷനുവേണ്ടി സൌകര്യംപോലെ കത്തിച്ചുകളയുകയും ചെയ്യും. ആ ജീര്‍ണ്ണതയുടെ ചുമടാണ് മഹത്തായ സംസ്കാരമെന്നു പറഞ്ഞ് നമ്മളിന്നും ചുമക്കുന്നത്. മഹത്തായ ഭാരതീയസംസ്കാരത്തിൽ സ്ത്രീ ഇല്ലെന്ന് പീഡനക്കേസിലെ പ്രതിയുടെ അഭിഭാഷകനെക്കൊണ്ട് പറയിക്കുന്നതും അതേ പാരമ്പര്യമാണ്. തങ്ങളുടെ സ്വത്വത്തിനും അഭിമാനത്തിനും വിലകല്പിക്കാത്തൊരു സംസ്കാരത്തെ കാത്തുസൂക്ഷിക്കേണ്ട ബാധ്യത സ്ത്രീകള്‍ക്കില്ല. അതിനെ തൂത്തുതുടച്ച് കത്തിക്കാനാണ് സ്ത്രീകൾ മുന്നോട്ട് വരേണ്ടത്. ‘എന്റെ സ്വാതന്ത്ര്യത്തിന്റെയും അഭിമാനത്തിന്റെയും കടയ്ക്കൽ കത്തിവെക്കുന്ന ഒരു സംസ്കാരം വളരാതിരിക്കാൻ പറ്റുന്നതൊക്കെ ഞാൻ ചെയ്യും’ എന്നാണ് സ്ത്രീ ഇവിടെ പ്രതിജ്ഞയെടുക്കേണ്ടത്.
‘തെരുവിൽ മധുരംവെച്ചാൽ നായ്ക്കൾ തിന്നു’മെങ്കിൽ ആ നായ്ക്കളെ തല്ലിക്കൊല്ലാനുള്ള കരുത്താണ് നിയമവും ഭരണകൂടവും ആര്‍ജ്ജിക്കേണ്ടത്. അല്ലാതെ വഴിയടച്ചുകെട്ടി പെണ്ണിനെ പുറത്താക്കുകയല്ല ചെയ്യേണ്ടത്. ഒരു ചാനലിൽ ഒരു പെണ്‍കുട്ടി അഭിപ്രായപ്പെട്ടതുപോലെ കുഴപ്പവും അക്രമവും ഉണ്ടാക്കുന്നവരെയാണ് ‘പൊതുസ്ഥലത്ത് രാത്രിയിൽ പ്രവേശിക്കുന്നത് തടയേണ്ടത്. അല്ലാതെ സ്ത്രീകളെയല്ല.’ ‘നീയവിടെ കാലുകുത്തരുത്’ എന്ന്‍ പെണ്ണിനോട് കല്‍പ്പിക്കാൻ ആര്‍ക്കാണ് അധികാരം? ആര്‍ക്കുമില്ല തന്നെ. ഒരുവ്യക്തിയുടെ എല്ലാ അധികാരവും സ്ത്രീക്കുണ്ട്. വഴിനടക്കാനും ജോലിചെയ്യാനും പ്രണയിക്കാനും എല്ലാറ്റിനും അവളാരെയും പേടിക്കേണ്ട ആവശ്യമില്ല. ഏതുസമയത്തും പുരുഷൻ ഇറങ്ങിച്ചെല്ലുന്ന വഴികളിലൂടെ സഞ്ചരിക്കാൻ പെണ്ണിനും കഴിയുന്ന നിയമവാഴ്ച നമ്മുടെ രാജ്യത്ത് ഇല്ലാത്തതാണ് ഏറെ അപമാനകരം. സ്ത്രീ ആരുടേയും വായിലലിയാനുള്ള മധുരപലഹാരമല്ല. പുരുഷനൊപ്പം നില്‍ക്കേണ്ടവളാണ്. അവളുടെ ബുദ്ധിയും കഴിവും ഊര്‍ജ്ജവും സമൂഹത്തിന്റെ പുരോഗതിക്ക് ഉപയോഗിക്കേണ്ടതാണ്. ഒരിടത്തും അവൾ പിന്നിൽ നില്‍ക്കേണ്ട ആവശ്യമില്ല.
പിഞ്ചുകുഞ്ഞുങ്ങളും പടുവൃദ്ധകളും വീട്ടിനുള്ളിലും പുറത്തും ഒരുപോലെ ആക്രമിക്കപ്പെടുകയും മാനഭംഗത്തിനിരയാവുകയും ചെയ്യുന്ന നാട്ടിൽ ഇരയുടെ വസ്ത്രത്തെക്കുറിച്ചും ഇര പുറത്തിറങ്ങി സഞ്ചരിക്കുന്ന സമയത്തെക്കുറിച്ചും കുറ്റംചുമത്തി രക്ഷപ്പെടാൻ ശ്രമിക്കുന്ന പുരുഷാധിപത്യത്തിന്റെ അക്രമത്തെ ഇല്ലാതാക്കാൻ സ്ത്രീസമൂഹം ഉണര്‍ന്നേ തീരൂ. സ്വയം കരുത്താര്‍ജ്ജിച്ചേ തീരൂ. ശക്തരായ വനിതകൾ അധികാരവും സമ്പത്തും കൈയാളുന്ന സമൂഹത്തിലേ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാവൂ.
ബലാത്ക്കാരം ചെയ്യപ്പെട്ട് അക്രമികളാൽ കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ തന്റെ മകളെക്കുറിച്ചുള്ള ഡോക്യുമെന്ററി ലോകം കാണേണ്ടതാണ് എന്നാണ് പറയുന്നത്. ഒരു സ്ത്രീക്കോ,പെണ്‍കുട്ടിക്കോ നിര്‍ഭയമായി ജീവിക്കാനുള്ള സാഹചര്യമില്ലാത്തിടത്ത് വനിതാദിനത്തിന് പ്രസക്തിയില്ലെന്ന അവരുടെ അഭിപ്രായത്തോട് യോജിക്കാതെ വയ്യ. ആ അമ്മയുടെ ധൈര്യമാണ് ഇപ്പോൾ പ്രതീക്ഷയ്ക്ക് വകനല്‍കുന്നത്. ആ ധൈര്യത്തോടെ വര്‍ഷത്തിലെല്ലാ ദിവസവും നമ്മുടേതാക്കാൻ; എല്ലാ വഴികളും എല്ലാ ഇടങ്ങളും ഏതുസമ യത്തും പെണ്ണിന് കടന്നുചെല്ലാവുന്നവയായി മാറ്റാൻ; ഇനിയൊരു പെണ്‍കുഞ്ഞും പീഡിപ്പിക്കപ്പെടാതിരിക്കാൻ; സ്ത്രീയെ ബഹുമാനിക്കാത്ത സാമൂഹ്യവ്യവസ്ഥയെ മാറ്റിയെടുക്കാൻ ഒക്കെയാണ് സുനിത കൃഷ്ണനെ പോലുള്ളവർ പോരാട്ടം നടത്തുന്നത്. അങ്ങനെയൊരു നവലോകം,സ്ത്രീയുടെ ലോകം, സൃഷ്ടിക്കാനുള്ള പോരാട്ടത്തിൽ എന്തു ത്യാഗം സഹിച്ചും ഓരോ സ്ത്രീയും അണിചേര്‍ന്നേ മതിയാവൂ.
1 comment:
പ്രതികളിലെ കൊടുംക്രൂരൻ പുറത്തിറങ്ങാറായി...
Post a Comment