കുഞ്ഞുങ്ങളെ ഈശ്വരന്റെ പ്രതിരൂപമായിട്ടാണ് കണക്കാക്കുന്നത്. വളരുന്തോറുമാണ് പിശാചുക്കളായി മാറുന്നത്. കുഞ്ഞുങ്ങളില്ലാത്ത ലോകം നരകമല്ലെങ്കിൽ പിന്നെന്താണ്! ഭൂമിയിൽ നരകം പണിയുന്ന പിശാചുക്കളുടെ തേര്‍വാഴ്ചയാണ് ഇന്നലെ പാകിസ്ഥാനിലെ പെഷവാറിൽ കണ്ടത്. പെഷവാറിലെ സൈനികസ്കൂളിൽ ക്ലാസുമുറികളിൽ കയറിയിറങ്ങി പിശാചുക്കൾ കുരുന്നുകളെ കുരുതികഴിച്ചു. രാവിലെ യൂനിഫോമിൽ സ്കൂളിലേക്ക് പുറപ്പെട്ട മകനെ വൈകുന്നേരമാവുമ്പോഴേക്കും ശവപ്പെട്ടിയിൽ കിടത്തേണ്ടിവന്ന പിതാവിന്റെ വേദന എന്റെ നെഞ്ചിൽ നീറ്റലായി അവശേഷിക്കുന്നു. കാരണം ആ കുഞ്ഞ് എന്റെയും കുഞ്ഞാണല്ലോ. എന്റെ സ്വപ്നങ്ങളുമാണ് അവിടെ കുരുതികഴിച്ചത്. അവിടെ വെടിയേറ്റ് പിടഞ്ഞ നൂറ്റിമുപ്പത്തിരണ്ടു പേരും എന്റെ കുഞ്ഞുങ്ങളാണ്. ഒരുകുഞ്ഞിനും പാല് ചുരത്താത്ത എന്റെ മാറിടം അവര്‍ക്കു വേണ്ടി നോവുന്നു.
ആ പിഞ്ചുകുഞ്ഞുങ്ങളെ കുരുതികഴിച്ച പിശാചുക്കള്‍ക്കു വേണ്ടി എന്റെ മനസ്സിൽ ആയിരം വെടിയുണ്ടകൾ സൂക്ഷിച്ചുവെക്കുന്നു. പിശാചുക്കളേ, ഏത് ജിഹാദിന്റെ പേരിലാണ് നിങ്ങളീ കൊടുംക്രൂരത ചെയ്തത്? അത് ഈ ലോകത്തുനിന്ന് നശിക്കട്ടെ. നിങ്ങള്‍ക്ക് ഒരിക്കലും മാപ്പില്ല .
2 comments:
മക്കളേ മാപ്പ് !
ദുഃഖം!
Post a Comment