തസ്ലീമ നസ്രിൻ എന്ന എഴുത്തുകാരിയെക്കുറിച്ച് ഞാൻ ആദ്യമായി കേള്‍ക്കു ന്നത് അവരുടെ ലജ്ജ എന്ന നോവലുയര്‍ത്തിയ വിവാദങ്ങൾ കത്തിപ്പടരുമ്പോഴാണ്. ബംഗ്ലാദേശിലെ മതമൌലികവാദികൾ അവര്‍ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചതും മരണശിക്ഷ വിധിച്ചതും, അവര്‍ക്ക് പിറന്നനാട് ഉപേക്ഷിച്ചുപോകേണ്ടി വന്നതും മാധ്യമങ്ങളിലൂടെയറിഞ്ഞു. അവരുടെ പുസ്തകങ്ങളൊന്നും വായിക്കാതെ തന്നെ ആ സമയത്ത് എന്റെ അനുഭാവം മുഴുവൻ തസ്ലീമ നസ്രിൻ എന്ന ഇരയ്ക്കൊപ്പമായിരുന്നു.
1992ഡിസംബർ 6ന് ഹിന്ദു തീവ്രവാദികൾ ബാബ്റി മസ്ജിദ് തകര്‍ത്തപ്പോൾ ബംഗ്ലാദേ ശിലെ ഹിന്ദു കുടുംബങ്ങള്‍ക്ക് എല്ലാം ഇട്ടെറിഞ്ഞ് ഓടിപ്പോകേണ്ടി വന്നു എന്നറിഞ്ഞിരു ന്നെങ്കിലും അതിന്റെ തീവ്രത വര്‍ഷങ്ങള്‍ക്കുശേഷം ‘ലജ്ജ’ വായിച്ചപ്പോഴാണ് പൂര്‍ണ്ണ മായി ഉള്‍ക്കൊള്ളാൻ കഴിഞ്ഞത്. എഴുത്തുകാരിയുടെ മതനിരപേക്ഷവും സാര്‍വ ലൌകികവുമായ കാഴ്ചപ്പാടും ഇരകള്‍ക്കുവവേണ്ടി നിലകൊണ്ട് മതമൌലികവാദി കളുടെയും ഭരണകൂടത്തിന്റെയും അക്രമങ്ങളോടുള്ള സന്ധിയില്ലാ സമരവും ‘ലജ്ജ’യെ മഹത്തരമാക്കുന്നുണ്ടെങ്കിലും എന്നെ തസ്ലീമയോട് ഏറെ അടുപ്പിച്ചത് അവരുടെ ആത്മകഥയാണ്. ആത്മകഥയുടെ മൂന്നാം ഭാഗം വായിച്ചുകഴിഞ്ഞപ്പോൾ ആകാശത്തിന്റെ അതിരുകൾ ഭേദിച്ച് പറക്കാൻ കഴിയുന്ന അവരുടെ സ്വാതന്ത്ര്യത്തിൽ അസൂയപ്പെട്ടു. കടുത്ത അനുഭവങ്ങൾ നീന്തിക്കടന്ന് അവർ നേടിയെടുത്തതാണ് ആ സ്വാതന്ത്ര്യം എന്നറിഞ്ഞപ്പോൾ അസൂയയുടെ സ്ഥാനം ആരാധന കൈയടക്കി.
എന്നാൽ എന്റെ അനുഭവങ്ങളെ വായനയുമായി താദാത്മ്യം പ്രാപിക്കാൻ പ്രാപ്തമാക്കിയത് അവരുടെ ആത്മകഥയുടെ രണ്ടാംഭാഗമായ ‘യൌവനത്തിന്റെ മുറിവുകൾ’ ആണ്. അങ്ങ കലെ മറ്റൊരു രാജ്യത്ത് ജീവിക്കുന്ന,മറ്റൊരു ഭാഷ സംസാരിക്കുന്ന,മറ്റൊരു മതവിശ്വാസ ത്തിൽ വളര്‍ത്തപ്പെട്ട പെണ്‍കുുട്ടിക്ക് എങ്ങനെയാണ് എന്റെ നേരനുഭവങ്ങളും വികാര വിചാരങ്ങളുമുണ്ടായതെന്ന അതിശയത്തോടെയാണ് ഞാനാ പുസ്തകം വായിച്ചു തീര്‍ത്തത്.
തസ്ലീമയുടെ ആത്മകഥ ലോകത്തെ മൊത്തം സ്ത്രീകളുടെ കഥയായി മാറുന്നത് സ്ത്രീ ഇന്നും നേരിടേണ്ടി വരുന്ന അവഗണനയും അപമാനവീകരണവും അതിൽ തുടിച്ചു നില്‍ക്കുന്നതു കൊണ്ടാണ്. പെണ്‍കുട്ടിയായി പിറക്കുക എന്നതുതന്നെ അപമാനകരമായി കണക്കാക്കുന്ന, വളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് ലോകത്തിലെ ഓരോ പെണ്‍കുട്ടിയും പിറന്നുവീഴുന്നത്. അതുകൊണ്ടുതന്നെ അവരുടെ പിറവി ആഘോഷി ക്കേണ്ട ഒന്നല്ലാതായിത്തീരുനു.
ഒരു ക്രിസ്മസ് ദിനമാണ് ഔദ്യോഗികമായി എന്റെ പിറന്നാൾ. എന്നാൽ അതിനു മെത്രയോ മാസങ്ങള്‍ക്ക് മുമ്പുതന്നെ ഞാനീ ഭൂമിയിലെത്തിയിരുന്നു. സ്കൂളിൽ ചേര്‍ക്കു മ്പോൾ അച്ഛന്റെ നാവിൽ വന്നൊരു ദിവസം ഞാൻ പിറന്ന നാളായി. ഇന്ന് ആ ദിനം അമ്മയുടെ ഓര്‍മ്മയിലേക്ക് ചുരുങ്ങിപ്പോയിരിക്കുകയാണ്. ദിവസം ഓര്‍മ്മയുണ്ടെങ്കിലും ഇപ്പോൾ വര്‍ഷം ഓര്‍ക്കാൻ അമ്മയ്ക്ക് കഴിയുന്നില്ല. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇതേ അവസ്ഥയിലൂടെ ബംഗ്ലാദേശിലെ തസ്ലീമ എന്ന പെണ്‍കുട്ടിയും കടന്നുപോകു ന്നുണ്ട്. ‘ജനിച്ചവര്‍ഷം എന്ന ഒരു നിസ്സാരകാര്യത്തിൽ ഞാൻ പെട്ടിരിക്കുകയാണെന്നത് എല്ലാവര്‍ക്കും നിരാശയുണ്ടാക്കി.’ ഒരു പെണ്‍കുട്ടി ജനിക്കുക എന്നത് നിസ്സാരമായി കാണുന്ന സമൂഹത്തിന്റെ പരിച്ഛേദമായ കുടുംബം അവൾ ജനിച്ച വര്‍ഷം അവളുടെ വയസ്സും നിസ്സാരമായി കണ്ടതിൽ അത്ഭുതമില്ല. പിതാവ് അവളുടെ വയസ്സിന്റെ കണക്ക് സൂക്ഷിച്ചില്ല. സഹോദരന്മാരുടെ അടുത്തായി തന്റെ ജനനത്തീയതി ഇല്ല എന്നതിന്റെ നിരാശ അവളെ എപ്പോഴും വലയംചെയ്യുന്ന ഒന്നാണ്. ‘എന്നുമെന്നും വാഴപോലെ വളരുമ്പോൾ’ അമ്മയുടെ കണക്കിൽ അവളുടെ പ്രായം ഏഴോ,പതിനൊന്നോ ആകാം. അമ്മയെ സംബന്ധിച്ചിടത്തോളം മകളുടെ പ്രായം ശരീരത്തിന്റെ വളര്‍ച്ച മാത്രമാണ്. എന്റെ അമ്മയും അങ്ങനെയാണല്ലോ എന്നെ കണക്കാക്കിയിരുന്നത്. എന്റെ ശരീരം പെട്ടെന്ന്‍ വളര്‍ന്നു പോയി എന്നത് അമ്മയെ അലട്ടിയിരുന്ന വലിയൊരു പ്രശ്നമായിരുന്നു. ശരീരം വലുതാകുമ്പോൾ അച്ഛന് ദേഷ്യം വരുമോ എന്ന്‍ തസ്ലീമ ഭയപ്പെട്ടതുപോലെ ചെറുപ്പകാലത്ത് ഞാനും ഭയപ്പെട്ടിരുന്നു. എന്നെ ഒളിപ്പിക്കാനാവാതെ ഞാനും കഷ്ട പ്പെട്ടിരുന്നു. മകളുടെ പിറവി, പ്രായം,വളര്‍ച്ച എന്നിവയെല്ലാം ദേശഭേദമെന്യേ മാതാ പിതാക്കളെ അലട്ടുന്നവയാണെന്ന് ഈ പുസ്തകം എന്നെ ഓര്‍മ്മിപ്പിക്കുന്നു.
കര്‍ക്കശക്കാരനായ ഡോക്ടർ റജോബ് അലിയുടെ മകള്‍ക്ക് ഭാവനയും കവിതയും പ്രണ യവും കൂടിക്കുഴഞ്ഞു മത്സരിക്കുന്ന കൌമാരത്തിൽ ജീവിതം പൂമ്പാറ്റയെപ്പോലെ പാറി പ്പറക്കാനുള്ളതായിരുന്നു. പക്ഷെ, അവളുടെ നൈസര്‍ഗികമായ ചോദനകളെയൊന്നും പിതാവിന് ഉള്‍ക്കൊള്ളാൻ കഴിഞ്ഞില്ല. പിതാവ് എത്രമേൽ അടിച്ചമര്‍ത്താൻ ശ്രമിക്കു മ്പോഴും സര്‍വസീമകളെയും ലംഘിച്ച് അത് അനന്തവിഹായസ്സിലേക്കുയരുകയാണ്.
രുദ്രനെന്ന പുരുഷന്റെ പ്രണയത്തിലലിഞ്ഞ് അവന്റെ കറുത്ത ഭൂതകാലമറിയാതെ ചതി യില്‍പ്പെട്ടിട്ടും അവന്റെ എത്ര വലിയ തെറ്റും,അവന്റെ വ്യഭിചാരം പോലും പൊറുക്കാൻ കഴിയുന്നവൾ. ഒരു സാധാരണ പെണ്‍കുട്ടിയായി കമിതാവിനെ അന്ധമായി പ്രണയി ക്കുന്നവൾ. അവളെ എനിക്ക് മനസ്സിലാകും. അവളിലൂടെ കടന്നുപോകുമ്പോൾ സര്‍വം സഹയായി പുരുഷന്റെ ഏത് കൊള്ളരുതായ്മയെയും പൊറുക്കാനും മറക്കാനും കഴിയുന്ന ഒരു പെണ്ണ് ഏതൊക്കെയോ ഘട്ടങ്ങളിൽ എന്റെ ഉള്ളിലും ഉയിര്‍ക്കൊണ്ടിരുന്നല്ലോ എന്ന്‍ ദുസ്സഹമായ വേദനയോടെ, നാണക്കേടോടെ ഓര്‍ക്കാതിരിക്കാൻ കഴിയുന്നില്ല.
പുരുഷന്റെ പഞ്ചാരവാക്കുകളിൽ മയങ്ങി ഒരു മണ്ടിപ്പെണ്ണിനെപ്പോലെ പലവട്ടം അപകട ത്തില്‍നിന്നും അപകടത്തിലേക്ക് എടുത്തുചാടിയ അനുഭവങ്ങളെ ഒട്ടും മായം കലര്‍ത്താ തെ, വായനക്കാർ എന്തുകരുതുമെന്നോര്‍ക്കാതെ തുറന്നെഴുതുമ്പോൾ പ്രകടിപ്പിച്ച ആത്മാര്‍ത്ഥതയും സത്യസന്ധതയും സര്‍വോപരി ധീരതയും അനന്യസാധാരണമാണ്. ഈ ധീരത തന്നെയാണ് ബംഗ്ലാദേശില്‍നിന്നും അവരെ പലായനം ചെയ്യിച്ചതും. പലപ്പോഴും ഈ തുറന്നെഴുത്ത് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെയായിരുന്നു. അതിനു കാരണം സമൂഹം പെണ്ണിനുവേണ്ടി തയ്യാറാക്കിയ സദാചാരസംഹിതയെ അവർ അംഗീ കരിക്കുന്നില്ല എന്നതാണ്. പെണ്ണിനു മാത്രമായി അശ്ലീലമെന്നു വിധിച്ചവയൊന്നും അങ്ങ നെയല്ലെന്നും അവ പെണ്ണിനും അവകാശപ്പെട്ടതാണെന്നും തസ്ലീമ നസ്രിൻ അവരുടെ ജീവിതംകൊണ്ടും എഴുത്തുകൊണ്ടും തെളിയിച്ചു. സ്ത്രീയോട് പുരുഷനും സമൂഹവും കാണിച്ചുകൊണ്ടിരിക്കുന്ന അപമര്യാദകളോട് സ്വന്തം ജീവിതം കൊണ്ട് അവർ കലഹിക്കുകയാണ്.
‘സ്വന്തം ജീവിതത്തെ അന്യന് ഊന്നുവടിയാകാൻ വേണ്ടി വിട്ടുകൊടുക്കാൻ എനിക്ക് കഴി യുകയില്ല. രുദ്രനോട് എനിക്ക് സ്നേഹവും സഹതാപവുമുണ്ട്. പക്ഷെ,അതിനേക്കാൾ സ്നേഹവും സഹതാപവും എനിക്ക് എന്നോടുണ്ട് ‘ എന്ന്‍ വൈകിയെങ്കിലും തിരിച്ചറിഞ്ഞ് പുരുഷൻ തീര്‍ക്കുന്ന ചങ്ങലകളില്‍നിന്നും സ്വതന്ത്രയാകുന്നവളെ എങ്ങനെ ഞാൻ ബഹു മാനിക്കാതിരിക്കും! സ്വന്തം വ്യക്തിത്വവും അസ്തിത്വവും നിലനിര്‍ത്തണമെന്ന ആഗ്രഹ ത്തോടെ വിവാഹമെന്ന ഫലിതത്തില്‍നിന്നും മോചനംനേടിയ തസ്ലീമ നസ്രിൻ പെണ്ണിന്റെ സ്വാതന്ത്ര്യത്തിന്റെയും ആഗ്രഹത്തിന്റെയും പ്രതീകമായി എന്റെ ഹൃദയത്തെ കീഴടക്കിയിരിക്കുന്നു. അതിനാൽ ‘യൌവനത്തിന്റെ മുറിവുകൾ’ എന്ന കൃതി നല്‍കുന്ന അനുഭൂതി എന്റെയുള്ളിൽ വീണ്ടും വീണ്ടുമുയിര്‍ക്കുന്നു. പ്രൊഫ.എം.കെ.എൻ.പോറ്റി വിവര്‍ത്തനം ചെയ്ത് ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം എന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കാൻ ഞാന്‍ ഇഷ്ടപ്പെടുന്നു.
7 comments:
സ്ത്രീ ഏതു ദേശത്തിലായാലും സംസ്ക്കാരത്തിലായാലും ആദ്യമായി പിറന്നു വീണിടത്ത് തന്നെയാണ് ഇന്നും അവളുടെ നില്‍പ്പ് .. മതങ്ങളെതായാലും കൂട് പൊളിച്ചു പുറത്തു സ്വാതന്ത്ര്യത്തിലേക്ക് പറക്കുന്ന പറവ , കൂട്ടിലിട്ടവരുടെ കണ്ണില്‍ കൂടുപോളിച്ചു എന്ന കുറ്റം ചെയ്തവള്‍ തന്നെയാണ്...കാരിരുമ്പഴിയിട്ട കൂടുകള്‍ തീര്‍ക്കാന്‍ ആളുകള്‍ ഉള്ളിടത്തോളം കാലം ഒരു ആണിന് കിട്ടുന്ന സ്വാതന്ത്ര്യം എന്നും അവള്‍ക്കു അന്യമായിത്തന്നെ നിലകൊള്ളും ...
ആശംസകള്‍
സലിം താങ്കള്‍ എത്ര കൃത്യമായി പറഞ്ഞിരിക്കുന്നു. നന്ദി സുഹൃത്തേ.
ടീച്ചര്‍, ഈ എഴുത്ത് ശക്തം , ധന്യം
അഭിനന്ദനങ്ങള്‍ .
a good review with excellent readability
സി.വി.തങ്കപ്പന്‍,ശാന്തകുമാരി വിജയന്‍,മുരുകന്‍ പി.കെ. വളരെ നന്ദി. വായിച്ചതിനും നല്ല വാക്ക് പറഞ്ഞതിനും.
ലജ്ജ വായിച്ചിരുന്നു.രണ്ടാം ഭാഗവും വായിക്കണം.അതിനു പ്രേരണ തന്ന ചേച്ചീ നന്ദി.
Post a Comment