Thursday, June 26, 2014

രാജഭരണത്തിന്റെ തിരുശേഷിപ്പുകൾ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോൾ



രാജഭരണത്തിന്റെ തിരുശേഷിപ്പുകൾ ഉയിര്‍ത്തെഴുന്നേറ്റ്, അതിന്റെ                    പടവാളോങ്ങുകയാണ് ഒരു പാവം പ്രഥമാധ്യാപികയ്ക്കുനേരെ.                                 തിരുവനന്തപുരം കോട്ടൺഹിൽ ഗേള്‍സ്‌ ഹയർ സെക്കണ്ടറി സ്കൂൾ       പ്രിന്‍സിപ്പൽ ഹെഡ്മിസ്ട്രസ് കെ.കെ.ഉര്‍മ്മിളാ ദേവിയെ സ്ഥലംമാറ്റി ശിക്ഷിച്ചിരിക്കുകയാണല്ലോ. ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയെ             വേണ്ടത്ര ബഹുമാനിച്ചില്ല എന്നതാണ് അവരുടെ പേരിലുള്ള ആരോപണം.
ഒരധ്യാപകനെ ശിക്ഷിക്കേണ്ടത് അയാൾ കുട്ടികള്‍ക്ക് ദോഷകരമായി                       പ്രവര്‍ത്തിക്കുമ്പോഴാണ്‌. അല്ലാതെ,നാം അധികാരം നല്‍കിയ ജനപ്രതിനിധിയെ തൊഴാതിരിക്കുമ്പോഴല്ല. ഉര്‍മ്മിളാദേവി നല്ലൊരു അധ്യാപികയും പ്രഥമാധ്യാപികയുമാണെന്ന് അവരുടെ മുപ്പത് വര്‍ഷത്തെ സേവനചരിത്രം തെളിയിക്കുന്നു. ഏതൊരു വിദ്യാലയത്തിലും അതിന്റെ അധികാരികൾ കുട്ടികളുടെ ക്ഷേമവും സുരക്ഷിതത്ത്വവുമാണ് ആദ്യം പരിഗണിക്കേണ്ടത്. ഏത് വി.ഐ.പി.യുടെ മുന്നിലും പഠനം നഷ്ടപ്പെടുത്തി മണിക്കൂറുകളോളം    താലപ്പൊലിയെടുത്ത് നില്‍ക്കേണ്ടവരല്ല നമ്മുടെ കുഞ്ഞുങ്ങൾ. അവരുടെ പഠനം നഷ്ടപ്പെടുന്നതിൽ ഒരധ്യാപിക ഉല്‍ക്കണ്ഠപ്പെടുന്നുണ്ടെങ്കിൽ അവരെ അഭിനന്ദിക്കുകയും ബഹുമാനിക്കുകയുമാണ് വിദ്യാഭ്യാസമന്ത്രി ചെയ്യേണ്ടിയിരുന്നത്. നാടുമുഴുവന്‍ നടന്ന് പരിപാടി നടത്തുകയല്ല നമ്മുടെ വിദ്യാഭ്യാസമന്ത്രിയില്‍നിന്നും  പ്രതീക്ഷിക്കുന്ന നല്ല ഗുണം.                  കേരളത്തിൽ വിദ്യാഭ്യാസത്തിന്റെ നിലവാരമുയര്‍ത്താനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് ജനം ആവശ്യപ്പെടുന്നത്. ഭാവിതലമുറയ്ക്കും അതാണ്‌ ആവശ്യം.
ജീവിതത്തിന്റെ പ്രധാനഭാഗം കുട്ടികള്‍ക്കുവേണ്ടി ചെലവഴിച്ച രോഗിയായ അധ്യാപികയെ സ്ഥലംമാറ്റി ശിക്ഷിച്ചത് നമ്മൾ നല്‍കിയ അധികാരം പ്രയോഗിച്ചുകൊണ്ടാണ്. ജനങ്ങൾ നല്‍കിയ അധികാരത്തിന്റെ പേരിൽ ഒരു ജനപ്രതിനിധിയെങ്ങനെയാണ്  സാധാരണ പൌരനല്ലാതായി മാറുന്നത്? വി.ഐ.പി.യാകുന്നത്? ജനാധിപത്യത്തിൽ രാജാവും പ്രജകളുമില്ലല്ലോ. തലകൊയ്യാൻ.
ഉര്‍മ്മിളാദേവി വിനീതവിധേയയായി നില്‍ക്കേണ്ട പ്രജയല്ല. ഒരു വിദ്യാഭ്യാസസ്ഥാപനത്തിന്റെ തലപ്പത്ത് അതിനെ നല്ലരീതിയിൽ  കൊണ്ടുപോകേണ്ട ഹെഡ്മിസ്‌ട്രസ് ആണ്. കുട്ടികളും സമൂഹവും ആദരിക്കുന്ന ഗുരുനാഥയാണ്. അതിന്റെ അന്തസ്സോടെ ഇതുവരെ അവർ ജോലിചെയ്ത സ്ഥാപനത്തിൽ തുടരാൻ അനുവദിക്കണം. ജനം നല്‍കിയ അധികാരമെ             ടുത്ത് ദുരുപയോഗം ചെയ്യരുത്. 
  


No comments: