Monday, October 14, 2013

മൃത്യുപൂജ

ശിവജടയറുത്തെറിഞ്ഞുഗ്രാട്ടഹാസം കേട്ട്
ഗിരിനിരകളുലഞ്ഞാർത്തു വിളിച്ചുകേണു.
അരുതു മനുജാ,നീയറുകൊല ചെയ്യൊലാ
അവനിയിവൾക്കലങ്കാരമാത്മരക്ഷയ്ക്കും
പങ്കിലമാം നിന്റെ പാദരേണുക്കൾ വീഴ്ത്തിയീ
ഗിരിമകുടദേവസ്ഥാനമശുദ്ധമാക്കി.
തൃക്കണ്ണുതുറന്നുനോക്കവേ ക്രുദ്ധനാം ദേവൻ
മഞ്ഞുമാമലകളലറിയുയർന്നുപൊങ്ങി
മേഘമാലകളിൽ മുട്ടിപ്പൊടിഞ്ഞു തകർന്നു.
ഘോരാഹവം തുടരെയഗ്നി വർഷിച്ചു ഭൂവിൽ.
മാമലകളിടിച്ചെടുത്തുരുൾപൊട്ടിയൊഴു-
കിയേറ്റുവാങ്ങില്ലിനിയൊരു ശിവജടയും.
പ്രളയജലധിയിൽ മുങ്ങിപ്പൊങ്ങുമഹന്ത-
യുമാർത്തിയുമിടക്കിടെ തലപൊക്കി നോക്കി
കര കാണാതൊഴുകിയെന്നാലും മരിക്കില്ല
മനുജനവനി വാഴുന്ന കാലത്തോളവും.
മാമരങ്ങളും മാനും മയിലും മനംനൊന്തു
മരണവിധി നൽകിയ മനുഷ്യനെത്തേടി.
ജഡമായ് കൈനീട്ടുവതെന്തിനു മർത്യനിന്നു
കരയല്ലിതു ജഡമായൊരു മരമല്ലോ.
ആറ്റിലൊഴുകിയാർത്തലയ്ക്കുമലകടലിൽ
അഴുകിയലയും ഗതിയില്ലാത്ത പ്രേതങ്ങൾ.
അതിമോഹത്തിനു പ്രായശ്ചിത്തം ചെയ്യാനെന്നും
ആറടി മണ്ണിൽ കോടി പുതച്ചു കിടക്കാതെ.
ഹിമശൈലശൃംഗവും പന്താടിത്തളരാതെ,
അന്യഗോളങ്ങളിൽ പാർക്കുവാൻ,തകർക്കുവാനും
വന്യമാം മോഹങ്ങൾ മുളപൊട്ടും ഹൃദയവും
ഇന്നു നിശ്ചലമായുള്ളിൽ ചീഞ്ഞുനാറുന്നല്ലോ.
മൃത്യുവിന്നഹന്തയ്ക്കു മീതെപ്പറക്കുവാനാ-
കാതെയകാലമൃത്യു വരിക്കുമെൻ പ്രിയവസുധേ,
മാപ്പിരക്കട്ടെ നിരാലംബമായ് പൊങ്ങുമാത്മാവ്
മാതൃസ്നേഹത്തിന്റെ മാറ്ററിയാൻ മറന്നതിൽ.

4 comments:

ajith said...

കവിത ശക്തവും ആശയം വ്യക്തവുമാണ്
മനോഹരം

വരികളുടെ അലൈന്‍മെന്റില്‍ എന്തോ പ്രശ്നമുണ്ട്. അതൊന്ന് ക്രമീകരിക്കുമെങ്കില്‍ നന്നായിരുന്നു

സൗഗന്ധികം said...

മനുഷ്യന്റെ അഹന്ത പ്രപഞ്ചാവസാനത്തോടു കൂടി മാത്രമേ ഒടുങ്ങൂ എന്നു തോന്നുന്നു.

വളരെ നല്ലൊരു കവിത

ശുഭാശംസകൾ...

Cv Thankappan said...

കവിത വളരെ നന്നായിരിക്കുന്നു
ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മാപ്പിരക്കട്ടെ നിരാലംബമായ് പൊങ്ങുമാത്മാവ്
മാതൃസ്നേഹത്തിന്റെ മാറ്ററിയാൻ മറന്നതിൽ.
നല്ല വരികള്‍