Sunday, September 19, 2010

അമ്മയും കുറെ ഉമ്മമാരും

ആരോ ഗേറ്റ് കുലുക്കുന്നതുപോലെ തോന്നി.അല്ല ഇതാരാ നമ്മുടെ ആമിനുമ്മയല്ലേ.കുറേനാളായി മൂപ്പത്ത്യാരെ കണ്ടിട്ട്.‘ആ.. മിണ്ടാതെ പോകാനുള്ള പരിപാടിയാണല്ലേ.ഉം..പോയ്ക്കോ’.
ഞാൻ ചെറുതായൊന്നു പരിഭവിച്ചു.
എനിക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്.ഓർമ വെച്ച കാലം മുതലുള്ള അടുപ്പമാണ് കദീസുമ്മയും ആമിനുമ്മയുമായി ഞങ്ങൾക്ക്.നാട്ടിപ്പണിക്കാലത്ത് ചേട്ടത്തിയും അനിയത്തിയും പണിക്ക് വരും.ജൂൺ ഒന്ന് എന്നൊരു ദിവസമുണ്ടെങ്കിൽ അന്ന് കോരിച്ചൊരിയുന്ന മഴയായിരിക്കും.സ്കൂൾ തുറക്കുന്ന അന്ന് പിള്ളേരെ നനയിച്ചില്ലെങ്കിൽ മഴയ്ക്കു സമാധാനമുണ്ടാകില്ല.അപ്പോൾ എല്ലാവർക്കും ഒന്നിച്ച് നാട്ടിപ്പണി തുടങ്ങും.പെണ്ണുങ്ങളെ കിട്ടാൻ വലിയ പാടാണ്.അപ്പോൾ സ്നേഹവും പരിചയവും ഒക്കെ നോക്കി പിടിച്ചു കൊണ്ടു വരണം.എന്തൊക്കെ പറഞ്ഞാ‍യാലും പത്തു പതിനഞ്ചു പെണ്ണുങ്ങളെ അമ്മ സംഘടിപ്പിക്കും.അതിൽ‌പ്പെട്ടവരാണ് ഈ ജ്യേഷ്ടാനുജത്തിമാർ.ഇവരെ കൊണ്ടു വരാൻ അമ്മ പ്രയോഗിക്കുന്ന ഒരു
സൂത്രമുണ്ട്.രാവിലെ പോയി അവരുടെ അടുക്കളയിൽ കയറും.അവിടെ ഒരു ഉരലുണ്ട്.അതിൽ കയറി ഇരിക്കും.അവരുടെ അടുക്കളപ്പണി തീരുന്നതുവരെ.
എന്നിട്ട് കൂട്ടിക്കൊണ്ടു വരും.അല്ലെങ്കിൽ പിന്നീട് വിളിക്കാൻ വരുന്നവരുടെ കൂടെ പോയ്ക്കളയും.ഇനി നാട്ടിപ്പണിക്കു വന്നാലോ.ഞാറ് പറിക്കലും നടലും മാത്രമല്ല ഇവരുടെ ജോലി.രണ്ടുപേരും നല്ല നെല്ലു കുത്തുകാരികളാണ്.അമ്മ അതിലാരെയെങ്കിലും വീട്ടിലേക്കു പറഞ്ഞുവിടും.നെല്ലുകുത്താൻ.ഒരുപാടുപേർക്കു
കഞ്ഞി വേണ്ടതല്ലേ.അവർ വന്നു അട്ടത്തു പുഴുങ്ങിയുണക്കാനിട്ട നെല്ല് വാരിക്കൊണ്ടു വന്ന് പടിഞ്ഞാറേ ഇറയത്തു നിന്നു കുത്തും.അമ്മ അടുപ്പത്ത് വലിയ ചെമ്പിൽ കഞ്ഞിക്കരിയിട്ട് കണ്ടത്തിൽ പോകും.തീ കത്തിക്കൽ എന്റെ ജോലിയാണ്.വെന്തു കഴിഞ്ഞാൽ എനിക്കു വാങ്ങി വെക്കാൻ ആവില്ല.അപ്പോൾ ഉമ്മയെ വിളിക്കും.ആമിനുമ്മ വന്ന് അടുപ്പിൽ നിന്നുമിറക്കി വെക്കും.

അക്കാലത്ത് മുസ്ലീംകൾ ഹിന്ദുക്കളുടെ വീട്ടിൽ നിന്ന് ചോറും കഞ്ഞിയും കഴിക്കില്ല.ചായയും കടിയും കഴിക്കും.തിരിച്ചും അതു പോലെ തന്നെയാ
ണ്.എന്റമ്മ ഒരു പുതിയ നിയമം ഉണ്ടാക്കി.അടുപ്പിൽ നിന്നിറക്കിവെച്ചത് ഉമ്മയല്ലേ.അതുകൊണ്ട് ഈ കഞ്ഞി കുടിക്കാം.അങ്ങനെ സ്നേഹവും യുക്തിയും കൂട്ടിക്കലർത്തിയ ആ കഞ്ഞി അന്നാദ്യമായി ഉമ്മ കുടിച്ചു.ജ്യേഷ്ടത്തി കുട്ടിക്കദിയുമ്മയ്ക്ക് ഭർത്താവും കുട്ടികളുമില്ല.ഞങ്ങളൊക്കെത്തന്നെയാണ് അവരുടെ മക്കൾ.ഓണത്തിനും വിഷുവിനുമൊക്കെ അവകാശത്തോടെയാണ് അവർ ഞങ്ങളുടെ വീട്ടിലെത്തുക.ഞങ്ങൾ പ്രത്യേകിച്ച് എന്റെ ആങ്ങളമാർ കൈയയച്ച് സഹായിക്കും.മനസ്സിന്റെ അടുപ്പമെന്നതുപോലെ അവരുടെ മരണദിവസം ഇടക്കു മാത്രം വരാറുള്ള ചെറിയാങ്ങള അവിടെയെത്തി.മറിയുമ്മയും സൈനുമ്മായും പാത്തുമ്മയും കൊളന്തക്കദിയുമ്മയുമെല്ലാം ഇതുപോലെ തന്നെയാണ്.അവരുടെ മക്കളും മക്കളുടെ മക്കളുമെല്ലാം ഞങ്ങളുടെ സ്വന്തക്കാർ തന്നെ.അവിടെ കല്യാണവും പെരുന്നാളുമൊക്കെയുണ്ടായാൽ ഞങ്ങൾക്ക് നല്ല കോളാണ്.തേങ്ങാപ്പാലിൽ മുക്കിയ ഒറോട്ടിയും പത്തിരിയും നെയ്യപ്പവും മുട്ടയപ്പവും ഒക്കെ വീട്ടിലെത്തിയിരിക്കും.നോമ്പ് തുടങ്ങിയാൽ എല്ലാ ദിവസവും പ്രതീക്ഷയാണ് ഇന്നു കിട്ടുമെന്ന്.ഓരോ ദിവസവും അമ്മയോട് ചോദിക്കും എന്താ ഇപ്രാവശ്യം നമ്മുടെ ഉമ്മമാർ മറന്നു പോയോ എന്ന്.അവർ മറക്കാറില്ല.ഒറോട്ടിയുടെ രുചി സഹിക്കാനാവാതെ ഒരിക്കൽ ഞാനും ഒരു ഒറോട്ടി‌ച്ചട്ടി വാങ്ങി പരീക്ഷിച്ചു.വൈകാതെ മനസ്സിലായി കാക്ക കുളിച്ചാൽ കൊക്കാകില്ലെന്ന്.

അമ്മയുടെ വീട്ടിനു ചുറ്റും മുസ്ളീങ്ങളാണ് താമസക്കാർ.അവരും നല്ല അയൽക്കാരാണ്.കൊയ്ത്തും മെതിയും നെല്ലുകുത്തും കൊടുക്കലും വാങ്ങലുമായി സാ‍ഹോദര്യത്തോടെ കഴിഞ്ഞവർ.അമ്മയുടെ തറവാടിനേയും നഫീസുമ്മയുടെ വീടിനേയും വേർതിരിക്കുന്നത് ഒരു താഴ്ന്ന ഇടവഴിയാണ്.ഒറ്റത്തടിയിൽ ഒരു കാൽ വെക്കാവുന്ന നടകൾ കൊത്തിയുണ്ടാക്കിയ കോണി കയറി വേണം വീട്ടിലെത്താൻ. ഞങ്ങളുടെ ഇറയത്തിരുന്നാൽ നഫീസുമ്മയുടെ വീട്ടിനുള്ളിൽ വരെ കാണാം. എന്റമ്മയും അവരും സമപ്രായക്കാരും കൂട്ടുകാരുമാണ്.വേനൽക്കാലത്ത് ആ പ്രദേശത്ത് രണ്ട്.വീടുകളിലേ വെള്ളമുണ്ടാകൂ.ഞങ്ങളുടെ വീട്ടിലും
കുന്നുമ്പുറത്തെ അബ്ദുള്ള ഹാജിയുടെ വീട്ടിലും. ചുറ്റുമുള്ളവരെല്ലാം പാനിയും കൊണ്ടു വന്നാൽ ആരായാലും വെള്ളം കോരി നിറച്ചു കൊടുക്കും.എന്റെ സമപ്രായക്കാരിയായ വലിയമ്മയുടെ മകൾ കോരിക്കൊടുക്കുന്നത് കാണുമ്പോൾ എനിക്കാവില്ലല്ലോ എന്ന സങ്കടത്തോടെ ഞാൻ നോക്കിയിരിക്കാറുണ്ട്.എന്റെ അമ്മമ്മ ചുറ്റുവട്ടത്തുള്ള ഉമ്മമാർക്കെല്ലാം പ്രിയപ്പെട്ട ദേവകിയമ്മയാണ്.അമ്മമ്മ മരിച്ചത് രാത്രിയാണ്.വന്നു ചേർന്ന ബന്ധുക്കളും നാട്ടുകാരും ശവം രാത്രിയിൽ തന്നെ ദഹിപ്പിക്കണം എന്ന് നിർബ്ബന്ധിച്ചു.അതുകൊണ്ട് ചുറ്റുമുള്ള ഉമ്മമാർക്ക് അവരുടെ പ്രിയപ്പെട്ട ദേവകിയമ്മയെ അവസാനമായി ഒന്നു കാണാൻ കഴിഞ്ഞില്ല എന്ന സങ്കടം ബാക്കിയായി.

ഒരു നൂറ്റമ്പത് കൊല്ലം പിറകോട്ട് പോയാൽ ഞങ്ങളുടെ കുടുംബ ചരിത്രത്തിൽ ഒരു മുസ്ലീം ബന്ധമുണ്ട്.കല്യാട്ട് യജമാനന്റെ അധികാര പരിധിയിൽ പെട്ട സ്ഥലത്തായിരുന്നു.എന്റെ മുത്തച്ഛനും കുടുംബവും താമസിച്ചിരുന്നത്.യജമാനന്റെ നിർദ്ദേശമനുസരിച്ച് ഒരു ദിവസം മുതുമുത്തച്ഛന്റെ സഹോദരിയെ പിടിച്ചു കൊണ്ടു പോകാൻ കാര്യസ്ഥൻ വന്നു.മുതുമുത്തച്ഛൻ കാര്യസ്ഥനെ അടിച്ചു വീഴ്ത്തി വൃദ്ധമാതാവിനേയും സഹോദരിയേയും കൊണ്ട് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.ഇളകുന്ന വസ്തുക്കൾ പണം കൊടുത്തു വാങ്ങി അവിടെ നിന്നും രക്ഷപ്പെടാൻ സഹായിച്ചത് ഒരു മുസ്ലീം സഹോദരനായിരുന്നു.
ഈ പാരമ്പര്യത്തിന്റെ ഇങ്ങേ അറ്റത്തെ കണ്ണിയായതു കൊണ്ടായിരിക്കാം വിശ്വസിക്കാൻ പറ്റുന്ന ഒരുപാട് മുസ്ലീം സുഹൃത്തുക്കൾ എനിക്കുണ്ടായത്.ഒരു വർഷത്തെ കോളേജ് പഠനം തൊട്ട് അതിങ്ങോളം നീളുന്നു.സീനത്തും സൈനാബിയും റഷീദയും സക്കീനയും ഫാബിയുമൊക്കെ എനിക്കു മറക്കാൻ കഴിയാത്ത നല്ല സുഹൃത്തുക്കളാണ്.അബുബക്കർ മാസ്റ്റർ,അബ്ദുള്ളക്കുട്ടി മാസ്റ്റർ,അബു മാസ്റ്റർ,അലി മാസ്റ്റർ,അബ്ദുൾ കരീം മാസ്റ്റർ,ബഷീർ മാസ്റ്റർ തുടങ്ങിയ സഹപ്രവർത്തകർ എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവരാണ്.എന്നെക്കാൾ എനിക്കവരെ വിശ്വസിക്കാം.എന്റെ ഏതു പ്രശ്നവും തുറന്നു പറയാവുന്ന ബ്ലോഗുലകത്തിൽ ഒരു നുറുങ്ങ് എന്നറിയപ്പെടുന്ന ഹാറൂൺ ഭായി.പല നിർണായക ഘട്ടങ്ങളിലും എനിക്കദ്ദേഹം താങ്ങായി മാറിയിട്ടുണ്ട്.ഇവരൊന്നും ഇല്ലാത്ത ഒരു ലോകം എനിക്ക് പൂർണമല്ല.

ഇത്രയേറെ വിശ്വസിക്കാനും ബഹുമാനിക്കാനും സ്നേഹിക്കാനും മാതൃകയാക്കാനും പറ്റുന്ന വ്യക്തികളുള്ള ഒരു സമുദായത്തിൽ എങ്ങനെയാണ് അക്രമവും അരാജകത്ത്വവും സൃഷ്ടിക്കുന്നവർ പെരുകുന്നതെന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്.കഴിഞ്ഞ ദിവസം മുസ്ലീങ്ങളുടെ സ്നേഹത്തെക്കുറിച്ച് വാചാലമായപ്പോൾ എന്റെ ഒരു ബന്ധു പറഞ്ഞു. ‘ഇവിടെ മുസ്ലീങ്ങൾ ഏതാണ്ട് പതിനെട്ട് ശതമാനം മാത്രം വരുന്ന ന്യൂന പക്ഷമാണ്.എന്നിട്ടും ഒരു ദിവസത്തെ പത്രം തുറന്നു നോക്കിയാൽ അക്രമങ്ങളും കുഴപ്പങ്ങളും ഒപ്പിക്കുന്നതിൽ ഭൂരിപക്ഷം ഇവരാണല്ലോ.’എനിക്ക് ഇവിടെ ഉത്തരം മുട്ടി.അല്ല എന്നു പറയാൻ എന്റെ കൈയിൽ തെളിവില്ല.മറിച്ച് ഒരുപാട് തെളിവുകളുണ്ട് താനും.കഴിഞ്ഞ പതിനാറു വർഷമായി എന്റെ ക്ലാസിലെ ഭൂരിപക്ഷം കുട്ടികളും മുസ്ലീംകളാണ്.അതുകൊണ്ട് അവരുടെ പ്രശ്നങ്ങൾ കുറച്ചൊക്കെ എനിക്കറിയാം.ബുദ്ധിയുണ്ടായിട്ടും പഠനത്തിലെ പിന്നോക്കാവസ്ഥ,അനുസരണയില്ലായ്മ,രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മ ഇതൊക്കെ വല്ലാതെ അലട്ടുന്ന പ്രശ്നങ്ങളായിരുന്നു. മിക്ക രക്ഷിതാക്കളും വിദേശത്തായതുകൊണ്ട് നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയുമുണ്ട്.കൂടുതൽ സമയവും മദ്രസ പഠനത്തിനു ചെലവഴിക്കുന്നതുകൊണ്ട് വിദ്യാലയ പഠനത്തിനുസമയം കുറയുന്നു.. കുറേ കുട്ടികൾ കടകളിലും മറ്റും ജോലി ചെയ്യുന്നവരായിരുന്നു.സ്വന്തമായി കാശുണ്ടാക്കി വീട്ടുകാരെ ആശ്രയിക്കാതെ കഴിയുന്നവർ.അപ്പോൾ അവർ തന്നെയാണ് അവരുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ചെറുപ്പത്തിലേ ജോലി ചെയ്യുന്നതൊക്കെ നല്ല കാര്യമാണ്.പക്ഷേ,ആരോടും ചോദിക്കാതെ പണം കൈയിൽ വരുമ്പോൾ അവർക്കിഷ്ടമുള്ള രീതിയിൽ ചെലവഴിക്കും.ഇപ്പോൾ ഒരുപാട് പ്രലോഭനങ്ങളും ചതിക്കുഴികളും കുട്ടികൾക്കു ചുറ്റുമുണ്ട്.അതിലൊക്കെ അവർ വീഴുകയും ചെയ്യും.

ഇതൊക്കെ കുട്ടികളുടെ വിദ്യാഭ്യാസത്തേയും സ്വഭാവ രൂപീകരണത്തേയും പ്രതികൂലമായി ബാധിക്കുന്നതാണ്. നീണ്ട ബാല്യകാലം മനുഷ്യക്കുട്ടികളുടെ മാത്രം പ്രത്യേകതയാണ്.വിശേഷ ബുദ്ധിയുള്ള മനുഷ്യന് സ്വഭാവരൂപീകരണത്തിന് വേണ്ടിയുള്ള കാലമാണത്.അത് ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിയണം.രക്ഷിതാക്കളും അധ്യാപകരും ഒറ്റക്കെട്ടായി ഇതിനു വേണ്ടി പരിശ്രമിക്കണം.പണം കിട്ടിയാൽ എന്തും ചെയ്യാം എന്ന ചിന്താഗതിയിൽ നിന്നും നമ്മുടെ കുട്ടികളെ എങ്ങനെയെങ്കിലും രക്ഷിക്കണം.തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കുമൊക്കെ ചെറുപ്പക്കാർ എത്തുന്നത് വിശ്വാസപ്രമാണങ്ങൾക്കു വേണ്ടിയല്ല,ഒരു മതവും അതനുശാസിക്കുന്ന പ്രമാണഗ്രന്ഥങ്ങളും അക്രമത്തെ പ്രോസ്താഹിപ്പിക്കുന്നില്ല. വിശുദ്ധ ഖുറാനിൽ ആവർത്തിച്ചു പ്രസ്താവിക്കുന്നത് ക്ഷമയെക്കുറിച്ചാണ്. പിന്നെന്തിന് എന്ന ചോദ്യത്തിന് ആധികാ‍രം,പണം എന്നൊക്കെയാണ് ഉത്തരം. കൌമാരക്കാരെ എളുപ്പത്തിൽ വഴിതെറ്റിക്കാനാവും എന്ന് ഭീകരതയെ പോറ്റി വളർത്തുന്നവർക്കറിയാം.ഏതു ക്രൂര കൃത്യവും ചെയ്യാനുള്ള പരിശീലനം കിട്ടി മനുഷ്യരല്ലാതായി മാറുന്ന അവസ്ഥ സങ്കൽ‌പ്പിക്കാൻ പോലും കഴിയുന്നില്ല.അത്തരക്കാരെക്കൊണ്ട് നിറയുന്ന ഭൂമി ഇല്ലാതാവുന്നതാണ് നല്ലത്.

വിശ്വാസം അടിച്ചേൽ‌പ്പിക്കേണ്ട ഒന്നല്ല.ലോകത്തുള്ളവരെ മുഴുവൻ ഒരേ വിശ്വാസത്തിലെത്തിക്കുക എന്നത് ഒരിക്കലും സാദ്ധ്യമല്ല.അതിന്റെ ആവശ്യവുമുണ്ടെന്ന് തോന്നുന്നില്ല.ഒരു വീട്ടിൽ തന്നെ വ്യത്യസ്ത മത വിശ്വാസികൾ ജീവിക്കുന്ന വിശാല മനസ്ഥിതി ഉണ്ടാകണം.അമ്മയും അച്ഛനും സഹോദരനും കാമുകനും ഭർത്താവും ബന്ധുവും സുഹൃത്തുമൊക്കെ ഞാൻ വിശ്വസിക്കുന്ന മതത്തിൽ തന്നെയാവണമെന്ന് ശഠിക്കാത്ത ഒരു സമൂഹമാണ് എന്റെ സ്വപ്നം.അവിടെ എനിക്ക് എന്റെ വിശ്വാസം.അവർക്ക് അവരുടെ വിശ്വാസവും.
‘വിശ്വസിക്കാത്തവരോട് പറയുക.നിങ്ങൾ നിങ്ങളുടെ നിലപാടനുസരിച്ച് പ്രവർത്തിക്കുക.ഞങ്ങളും പ്രവർത്തിക്കുന്നതാണ്.’ വിശുദ്ധ ഖുറാൻ അധ്യായം11ഹൂദ്. സൂക്തം 121.

17 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

വിശ്വാസം അടിച്ചേൽ‌പ്പിക്കേണ്ട ഒന്നല്ല.ലോകത്തുള്ളവരെ മുഴുവൻ ഒരേ വിശ്വാസത്തിലെത്തിക്കുക എന്നത് ഒരിക്കലും സാദ്ധ്യമല്ല.അതിന്റെ ആവശ്യവുമുണ്ടെന്ന് തോന്നുന്നില്ല.ഒരു വീട്ടിൽ തന്നെ വ്യത്യസ്ത മത വിശ്വാസികൾ ജീവിക്കുന്ന വിശാല മനസ്ഥിതി ഉണ്ടാകണം.അമ്മയും അച്ഛനും സഹോദരനും കാമുകനും ഭർത്താവും ബന്ധുവും സുഹൃത്തുമൊക്കെ ഞാൻ വിശ്വസിക്കുന്ന മതത്തിൽ തന്നെയാവണമെന്ന് ശഠിക്കാത്ത ഒരു സമൂഹമാണ് എന്റെ സ്വപ്നം.അവിടെ എനിക്ക് എന്റെ വിശ്വാസം.അവർക്ക് അവരുടെ വിശ്വാസവും.....

നന്നായി കേട്ടൊ ഈ കുറിപ്പുകൾ...കേട്ടൊ ടീച്ചറേ

മുകിൽ said...

വളരെ വളരെ പ്രസക്തമാണ് ഇതിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങൾ. ഞാനും ഓർത്തു സങ്കടപ്പെടാറുണ്ട്. ഒരു സമുദായത്തിലെ ചിലർ ചെയ്യുന്ന ശരികേടുകൾകൊണ്ട് ആ സമുദായത്തിലെ ആരേയും നോവിക്കാനാഗ്രഹിക്കാത്ത, നന്മ മാത്രം ഉള്ളിൽ പേറുന്ന, ഒരുപാടുപേർ പഴികേൾക്കുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യപ്പെടുന്ന അവസ്ഥ. എത്ര കഷ്ടമാണത്. ഒരു വേദനയും അമർഷവും ആത്മനിന്ദയും മനുഷ്യർക്കു ഉള്ളിൽ ഉറഞ്ഞുകൂടുന്നു. അതു പിന്നീടു പൊട്ടിയൊഴുകുന്നതു കൂടുതൽ വിപത്താവുന്നു…
ഒരു കലാപമുണ്ടായാൽ അതിനെത്തുടർന്നു എരിഞ്ഞു തീരുന്ന നിഷ്കളങ്കജന്മങ്ങൾ.. ഒന്നും ഓർക്ക വയ്യ…
ദൈവം കാക്കട്ടെ ഏവരേയും.. ഏതവസ്ഥയിലും മനസ്സാന്നിദ്ധ്യം നഷ്ടപ്പെടാതെ, ഉള്ള സാഹോദര്യം ഒരിയ്ക്കലും നഷ്ടപ്പെടാതെ, ഉള്ള സൌഹൃദത്തിന്റെ നിറവു കാത്ത് ഉള്ള കാലം നമുക്കു ഭൂമിയിൽ ജീവിക്കാം. ആ കാലടിയുറപ്പ് നമുക്കൊരിയ്ക്കലും നഷ്ടപ്പെടാതിരിക്കട്ടെ..

ഒരു നുറുങ്ങ് said...

ഒരു പാട് നല്ല ഓര്‍മകള്‍..!
ഇതൊക്കെ ഓര്‍ക്കുമ്പോള്‍ തന്നെ
മനസ്സ് കുളിര്‍ക്കുന്നല്ലോ..ടീച്ചറേ,ഇത്തരം
അനുഭവങ്ങളും പങ്കുവെക്കലുകളും എപ്പോഴും
എല്ലാ കാലത്തേക്കും ഫിറ്റാണ്‍ !
ആമിനുമ്മമാരും,ശാന്തമ്മമാരും നിറയട്ടെ ഈ
ഭൂമിയില്‍ എന്ന്പ്രാര്‍ഥിക്കാംനമുക്ക്.ലേഖനത്തില്‍
ടീച്ചറുന്നയിച്ച കാഴ്ചപ്പാടുകള്‍വളരെശ്രദ്ധേയമാണ്‍.

“വിശ്വാസം അടിച്ചേൽ‌പ്പിക്കേണ്ട ഒന്നല്ല.ലോകത്തുള്ളവരെ മുഴുവൻ ഒരേ വിശ്വാസത്തിലെത്തിക്കുക എന്നത് ഒരിക്കലും സാദ്ധ്യമല്ല....”
വിശുദ്ധ ഖുര്‍ആനില്‍ വളരേ സുവ്യക്തമായി ഈ
ആശയം പറഞ്ഞതായി കാണാം :
“ഇസ്ലാമിന്‍റെ കാര്യത്തില്‍ യാതൊരു വിധ
ബലപ്രയോഗവുമില്ല...”
(അദ്ധ്യായം 2. അല്‍ബകറ,സൂക്തം 256 )
ഈ വിശ്വാസം ആരുടേയും തലയില്‍
വെച്ചുകെട്ടാനുള്ള ഒന്നല്ല.ആദര്‍ശപരമായും
കര്‍മപരമായും ജീവിതം വ്യവസ്ഥപ്പെടുത്തി
ഏകദൈവത്തെ വഴിപ്പെടുന്നവര്‍ക്ക് അതിനും
അതിന്‍ തയാറില്ലാത്തവര്‍ക്ക് അതേദൈവത്തെ
തന്നെ നിഷേധിക്കാനും,ധിക്കരിക്കാനുമുള്ള
സ്വാതന്ത്ര്യവും നല്‍കപ്പെട്ടിരിക്കുന്നു എന്നര്‍ഥം.
പിന്നെന്തിനാണ്‍ ഈ ബഹളകോലാഹലങ്ങള്‍
എന്നാണ്‍ മനസ്സിലാവാത്തത് !

“...ഒരു വീട്ടിൽ തന്നെ വ്യത്യസ്ത മത വിശ്വാസികൾ ജീവിക്കുന്ന വിശാല മനസ്ഥിതി ഉണ്ടാകണം....”
വളരെ തിര്‍ച്ചയായും ഉണ്ടാകണം.ചിലേടങ്ങളില്‍
അങ്ങിനെയും ഉണ്ടായിട്ടുണ്ട് എന്നറിയാം.നല്ല
കുറെ ആശയങ്ങളാണ്‍ ടീച്ചര്‍ ചര്‍ച്ചക്കെടുത്തത്.
എല്ലാം പൂവണിയും..ആശംസകള്‍ !

ഒരു നുറുങ്ങ് said...
This comment has been removed by the author.
Kalavallabhan said...

വിശ്വാസം അടിച്ചേൽ‌പ്പിക്കേണ്ട ഒന്നല്ല.
ഒന്നും.

OpenThoughts said...

നല്ല അനുഭവങ്ങള്‍ ...

വാക്കുകളിലെ ആത്മാര്‍ഥതയും ഉള്‍ക്കൊണ്ടു.
ബന്ധങ്ങളെ വിശ്വാസത്തിന്റെ വേലിക്കെട്ടുകള്‍ കെട്ടി അതിര് തിരിക്കാത്ത ഒരു കാലം ഉണ്ടായിരുന്നു...

മാളു അമ്മയും, സരോജിനിയും , ബീകുട്ടി താത്തയും എല്ലാരും കൂടി മുറ്റത്തിരുന്നു ഓല മെനയുമ്പോള്‍ പറഞ്ഞിരുന്ന നാടന്‍ തമാശകളും മറ്റും ...

നല്ല വാക്കുകള്‍ ..!!!

സസ്നേഹം
ഓപണ്‍ തൊട്സ്

ഷെരീഫ് കൊട്ടാരക്കര said...

റ്റീച്ചറേ! ഈ പോസ്റ്റ് എന്നെ വികാര ഭരിതനാക്കി.അതേ! ഇന്നും ഞാന്‍ എന്റെ ബാല്യകാലം ഓര്‍മിക്കുന്നു. അന്നു മുസ്ലിംങ്ങള്‍ ശാന്തരും ആദരിക്കപ്പെടുന്നവരുമായിരുന്നു (ചില അപവാദങ്ങള്‍ ഒഴികെ) സമൂഹം ഒത്തൊരുമയോടെ കഴിഞ്ഞു. ജാതി നോക്കാതെ മതം നോക്കാതെ..അന്നത്തെ കാലത്തെ സിനിമായിലെ രക്ഷക വേഷം ഏതെങ്കിലും കാക്കാ ആയിരുന്നു. എവിടെ വെച്ചാണു മാറ്റം ഉണ്ടായതു. ഇന്നും ഞാന്‍ അതിശയിക്കുന്നു... ആരാണു ഈ സംശയത്തിന്റെ വിത്തുകള്‍ നമ്മില്‍ വിതറിയതു... ഈ മതിലുകള്‍ എന്നാണു നമ്മുടെ മുമ്പില്‍ ഉയര്‍ന്നതു.... നമുക്കു പ്രാര്‍ത്ഥിക്കാം ആ പഴയ നാളുകളുടെ ഉദയത്തിനു വേണ്ടി.ഹൃദയം നിറഞ്ഞ ആശംസകള്‍.

Anees Hassan said...

പല വഴികള്‍ .....വഴികളിലെ കാഴ്ച്ചകളല്ലേ മഹത്തരം

OpenThoughts said...

<<<<<<<<<>>>>>>>>>>>>>>>>

ചില വിചാരങ്ങള്‍ ഇവിടെയും,
http://my-open-thoughts.blogspot.com/2008/07/blog-post_28.html

OpenThoughts said...

>>>>> തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കുമൊക്കെ ചെറുപ്പക്കാർ എത്തുന്നത് വിശ്വാസപ്രമാണങ്ങൾക്കു വേണ്ടിയല്ല,ഒരു മതവും അതനുശാസിക്കുന്ന പ്രമാണഗ്രന്ഥങ്ങളും അക്രമത്തെ പ്രോസ്താഹിപ്പിക്കുന്നില്ല.>>>>>>>

ചില വിചാരങ്ങള്‍ ഇവിടെയും,
http://my-open-thoughts.blogspot.com/2008/07/blog-post_28.html

ബഷീർ said...

ജനങ്ങൾ മത വിശ്വാസങ്ങൾക്കപ്പുറത്ത് ഗ്രാമങ്ങളുടെ വിശുദ്ധിയും പേറി പരസ്പര സ്നേഹത്തോടെ കഴിഞ്ഞിരുന്ന നല്ല കാലത്തിന്റെ സ്മരണയാണെല്ലാവർക്കും പങ്ക് വെക്കാനുള്ളത്

എല്ലാ മു‌സ്‌ലിംകളും തീവ്രവാദികളല്ല എന്നാൽ തീ‍വ്രവാദികളെല്ലാം മുസ്‌ലിംകളാണെന്ന കുപ്രചാരണത്തിന്റെ പിടിയിൽ ടിച്ചറും അകപ്പെട്ടോ എന്ന ഒരു സന്ദേഹം കൂടി അവസാനം വരുന്നു.

അക്രമികളെ മതം നോക്കി തരം തിരിക്കുന്ന ഏർപാട് മുന്നെ ഉണ്ടായിരുന്നോ എന്ന് സംശയം. ഒരാൾ ചെയ്യുന്ന നീചകൃത്യങ്ങൾ അയാൾ പേറുന്ന പേരിനെ സൂചിപ്പിക്കുന്ന മത വിശ്വാസത്തോട് കൂട്ടി പറയുന്നത് അവർ ഒരു പ്രത്യേക വിഭാഗത്തില്പെട്ടവരാവുമ്പോൾ മാത്രമാണെന്നത് ഇത്തരം ആശങ്കൾക്ക് നിതാനമെന്ന് തോന്നുന്നു

ബഷീർ said...

പ്രാര്‍ത്ഥിക്കാം ആ പഴയ നാളുകളുടെ തിരിച്ചുവരവിനായി. ആശംസകള്‍.

Unknown said...

ഇതിനു അഭിപ്രായം എഴുതുന്നില്ല.
കാരണം വിവാദങ്ങള്‍ കുത്തിപൊക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ചിന്തകന്‍ said...

വിശ്വാസം അടിച്ചേൽ‌പ്പിക്കേണ്ട ഒന്നല്ല.....ഒരു വീട്ടിൽ തന്നെ വ്യത്യസ്ത മത വിശ്വാസികൾ ജീവിക്കുന്ന വിശാല മനസ്ഥിതി ഉണ്ടാകണം...

വളരെ ശരിയാണ് ടീച്ചർ... നമ്മുടെയൊക്കെ മനുസ്സുകളെ നാം ഇനിയും ഒരു പാട് വിശാലമാക്കേണ്ടിയിരിക്കുന്നു. അതിനായി, നമുക്കെല്ലാവരെയും കൂട്ടി ഒരുമിച്ച് ശ്രമിക്കാം.

yousufpa said...

ആധുനീക സംസ്കാരങ്ങൾ ഉടലെടുക്കുകയും,അന്നം തേടി അന്യനാടുകളിലെ നഗരങ്ങളിലേക്ക് കുടിയേറുകയും ഫ്ലാറ്റ് സംസ്കാരവും അണുകുടുംബ സംസ്കാരവും പത്തിവിരിച്ചാടിയപ്പോൾ ചീറ്റിയത് മൂല്യശോഷണകാളകൂടമാണ്. അത് തിരിച്ചറിയുന്ന ഒരു സമൂഹം പിറവി എടുക്കേണ്ടിയിരിക്കുന്നു.അത് തിരിച്ചറിയാൻ ടീച്ചറുടെ ഈ പോസ്റ്റ് ഉപകാരപ്പെടട്ടെ എന്നാശംസിക്കുന്നു.ബ്ലോഗിലെ ആട്ടിൻ തൊലിട്ട ചെന്നായകൾക്കും കൂടിയാണിത്.

Sunil said...

"വിശ്വാസം അടിച്ചേൽ‌പ്പിക്കേണ്ട ഒന്നല്ല.ലോകത്തുള്ളവരെ മുഴുവൻ ഒരേ വിശ്വാസത്തിലെത്തിക്കുക എന്നത് ഒരിക്കലും സാദ്ധ്യമല്ല.അതിന്റെ ആവശ്യവുമുണ്ടെന്ന് തോന്നുന്നില്ല"

നല്ല പോസ്റ്റ്‌.

വിഷയം അവതരിപ്പിച്ച രീതി വളരെ നന്നായി.

poor-me/പാവം-ഞാന്‍ said...

Excellent un biased writing subject for thought...