Friday, September 10, 2010

അശ്വത്ഥാമാവ്‌


പക തൻ ചലവും ചോരയുമൊഴുക്കി
വനാന്തരങ്ങളിലലഞ്ഞശ്വത്ഥാമാവ്‌
കരളിൽ കുടിയിരുത്തുമസൂയയ്ക്കു
കാണണമന്യന്റെ കണ്ണിലെ കണ്ണുനീർ.
തനിക്കു വയ്യാത്തൊരായിരം കാര്യങ്ങൾ
ചെയ്യുമപരനെ നശിപ്പിച്ചിരുത്താൻ
ചീറ്റും വിഷംനിറച്ചൊരു ഹൃദയത്തി-
ലെരിഞ്ഞുപോകുമാത്മസൗഹൃദങ്ങും.
അതിൻ കനലണിയും തിലകമായി
തിരുനെറ്റിയിലെരിയുമൊരഗ്നിയിൽ.
ഞാനെന്നഹങ്കാര ബ്രഹ്മാസ്ത്രമെയ്തെയ്തീ-
രേഴുലകുമൊടുക്കാനൊരുങ്ങു ദൗഷ്ട്യം.
അസത്യമധർമ്മമത്യാർത്തിയസൂയ-
യൊന്നായാകാരംപൂണ്ടൊരു മർത്യനെ
തടുക്കുവാനൊരു പാർത്ഥനും സാരഥിയു-
മിന്നീ മണ്ണിലുയിർത്തെഴുന്നേറ്റെന്നാലും.
ജയമില്ലാർക്കും തോൽവികൾ മാത്രമേകും
കുരുക്ഷേത്രമിനിയുമാവർത്തിച്ചേക്കാം.
മജ്ജയിൽ മാംസത്തിലൊട്ടുമശ്വത്ഥാമാവ്‌
മുറിക്കുവാനാകാ മരിക്കുവോളവും.

17 comments:

mini//മിനി said...

അശ്വത്ഥാമാവിനെ കുറിച്ച് കൂടുതൽ ചിന്തിക്കുമ്പോൾ, മനസ്സിൽ എന്നും ദുഖം ഉയർത്തുന്നു. കഥാപാത്രത്തെ അടുത്തറിയുന്ന കവിത,

noonus said...

.

Muralee Mukundan , ബിലാത്തിപട്ടണം said...

തടുക്കുവാനൊരു പാർത്ഥനും സാരഥിയു-
മിന്നീ മണ്ണിലുയിർത്തെഴുന്നേറ്റെന്നാലും.
ജയമില്ലാർക്കും തോൽവികൾ മാത്രമേകും
കുരുക്ഷേത്രമിനിയുമാവർത്തിച്ചേക്കാം.

ഉഗ്രൻ വരികൾ...
അഭിനന്ദനങ്ങൾ... കേട്ടൊ ടീച്ചറേ..

ഒരു നുറുങ്ങ് said...

ധര്‍മസമരങ്ങള്‍ വിജയിക്കട്ടെ..!
പക,അസൂയ-അത്യാര്‍ത്തിയെന്നിങ്ങനെ
അധര്‍മ്മത്തിന്‍ വിഷംനിറച്ച ഹൃദയങ്ങള്‍
അതിജയിക്കില്ല,ഒരുനാളിലുമൊരിക്കലും..
ടീച്ചറ്ടെ വരികള്‍ക്ക് തിളക്കമേറെ !
വല്ലാത്ത ഷാര്‍പ്പ്നെസ്സ്...
ആരൊക്കെയോ മറിഞ്ഞ് വീഴുന്നു,കളത്തില്‍..!
ടീച്ചര്‍ക്കെന്‍റെയും കുടുംബത്തിന്‍റെയും ഹൃദ്യമായ
“ഈദ് ആശംസകള്‍ ”

Jithin Raaj said...

ടീച്ചറെ നല്ല കവിത

അഭിനന്ദനങ്ങള്‍..

എന്നു സ്വന്തം ജിതിന്‍

http://www.tkjithinraj.co.cc/

Hari | (Maths) said...

തീവ്രതയുള്ള, ശക്തമായ വരികള്‍. കവിയുടെ കാഴ്ചപ്പാടാണ് കവിത. അതുകൊണ്ടു തന്നെ അശ്വത്ഥാമാവിനെ കവയിത്രി എങ്ങനെ കാണുന്നുവെന്നും വരികളില്‍ നിന്നു മനസ്സിലാക്കാം. കവിതയുടെ അവസാനഭാഗം മികച്ചു നില്‍ക്കുന്നു. അഹങ്കാരം, പക എന്നിവയെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രമാണ് അശ്വത്ഥാമാവ്. ചിരഞ്ജീവിയായാണ് വ്യാസകവി അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നത്. കാരണം, ലോകം ഉള്ളിടത്തോളം ഈ അധമവാസനകളും ഉണ്ടാകും.

യഥാര്‍ത്ഥത്തില്‍ അശ്വത്ഥാമാവിനൊപ്പം ചര്‍ച്ചചെയ്യപ്പെടേണ്ട പേരാണ് അദ്ദേഹത്തിന്റെ പിതാവായ ദ്രോണരുടേയും. അരിമാവ് പാലാണെന്നു കരുതി കുടിക്കുന്ന അശ്വത്ഥാമാവിന്റെ ചിത്രം ഓര്‍ക്കുമ്പോള്‍ വേദനയുളവാക്കുന്നതാണ്. അര്‍ജ്ജുനനെ വെള്ളം കോരാന്‍ വിട്ട ശേഷം, അസ്ത്രവിദ്യയിലെ അധികപാഠങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ ദ്രോണര്‍ ശ്രമിച്ചത് പുത്രവാത്സല്യത്തിന്റെ പ്രതീകമായാണ്. ഇതിനിടെയുള്ള ഒട്ടേറെ രംഗങ്ങള്‍ പുത്രവാത്സല്യത്തിന്റെ ഭാഗമായുണ്ട്. ഒടുവില്‍ 'അശ്വത്ഥാമാഹത കുഞ്ജരസ്യ' എന്ന കളവ് പറഞ്ഞിട്ടാണ് അദ്ദേഹത്തെ കൊല്ലാനായതും. നോക്കൂ, എത്ര ക്രൂരനായാലും സ്വന്തം മകനെ ജീവനെക്കാളേറെ സ്നേഹിക്കുന്ന പിതാവാണവിടെ ദ്രോണര്‍. ഇന്നത്തെ ഓരോ മക്കളും ഓര്‍ത്തിരിക്കേണ്ട പാഠം.

ജനിച്ച മാത്രയില്‍ ഉച്ചൈ:ശ്രവസിനെപ്പോലെ അത്യുച്ചത്തില്‍ കരഞ്ഞതിനാലാണ് അശ്വത്ഥാമാവ് എന്ന പേര് വന്നതത്രെ. കുതിരയ്ക്കൊപ്പം ബലമുള്ളവന്‍ എന്നും അര്‍ത്ഥമുണ്ട്. (അശ്വം = കുതിര, ത്ഥാമം = ബലം)

HAINA said...

ആശംസകൾ

ajaypisharody said...

രാത്രിയിലുറങ്ങിക്കിടന്ന
പാണ്ഡവപുത്രരെ പിന്നിൽ
നിന്നൊളിഞ്ഞൊടുക്കിയ
ദുര്യോധനന്റെ അക്ഷൗണിയിലെ
അംഗമായ നീ അശ്വത്വാമാവ്
നിന്റെ വരികളിലെന്തേ
ഒരു ദുര്യോധനസൗഹൃദം
നല്ലവരായ പാണ്ഡവരെ
രാജ്യത്തിൽ നിന്നകറ്റാൻ
ദുര്യോധനൻ പകയുള്ളിലൊതുക്കി
ഹസ്തിനപുരത്തിൽ
നിഴൽയുദ്ധത്തിൽ
നീയുമൊരു അശ്വത്വാമാവ്
ദുര്യോധനനു പക
നല്ലവരായ, കൃഷ്ണപ്രിയരായ
പാണ്ഡവരോടും, ദ്രൗപതിയോടും
മാത്രമേയുള്ളു
അക്ഷൗഹണിയിലെ അശ്വത്വാമാവേ
നീയെഴുതുക പകയുടെ രാജകഥകൾ
നാടകശാലയിലെ വേഷമേ
നിനക്കീ ഭൂമിയുടെ സ്തുതി.....

മുകിൽ said...

നന്നായിരിക്കുന്നു. അശ്വത്ഥാമാവ്, കുരുക്ഷേത്രയുദ്ധത്തിനു ശേഷം ഉയിരെടുത്ത സ്വത്വം ജന്മജന്മാന്തരങ്ങളിലൂടെ നീങ്ങൂന്ന വിഷപ്പായലാണ്. വ്യാസമഹർഷി പറഞ്ഞുവച്ച വലിയ സത്യം.

Anees Hassan said...

എല്ലാ യുദ്ധത്തിനും ഒരേ വിധിയാണ്

nirbhagyavathy said...

ആധുനിക മനുഷ്യന്റെ വ്യഥകള്‍
എക്കാലവും പേറി വ്രണിതനായി
അലയുന്ന ആശ്വതമാവിന്റെ
അശാന്തി വീണ്ടു കവിതയില്‍
പറഞ്ഞ കവയത്രിക്ക് നന്മ.

the man to walk with said...

എന്ത് കൊണ്ടോ എന്‍റെ പ്രിയ കഥാപാത്രമാണ് അശ്വടാത്മാവ്..
ഇഷ്ടായി പകയുടെ ചുവന്ന വഴികളെ ഓര്‍മിപിച്ചതിനു ..

ആശംസകൾ

ഒഴാക്കന്‍. said...

നല്ല കവിത

ശ്രീജിത് കൊണ്ടോട്ടി. said...

ആശ്വധാമാവിനെയും കര്‍ണന്‍-നെയും അധര്‍മത്തിന്റെയും ക്രൂരതയുടെയും പ്രതീകങ്ങള്‍(?) ആക്കിയത് ധര്‍മപക്ഷത്തു നിലയുരപ്പിച്ചരവര്‍ എന്ന് സ്വയം വിശേഷിപ്പിച്ച ശ്രീകൃഷ്ണനും അര്‍ജുനനും തന്നെ ആണ്.

Manickethaar said...

നന്നായിട്ടുണ്ട്‌

Kalavallabhan said...

"തനിക്കു വയ്യാത്തൊരായിരം കാര്യങ്ങൾ
ചെയ്യുമപരനെ നശിപ്പിച്ചിരുത്താൻ"
ഇന്നെല്ലാ മേഘലയിലും കാണുന്ന ഒരു പ്രവണത.
നന്നായി ഈ കവിത.

Unknown said...

ഒരു ദുഃഖ കഥാപാത്രമായി എന്നും മനസ്സില്‍....
നല്ല കവിത. .