ഉച്ചയ്ക്ക് ചോറ്റുപാത്രം തുറക്കുമ്പോള്‍ എന്നും സോയാബീന്‍ കറി കൊണ്ടു വരുന്ന സഹപ്രവര്‍ത്തകയുടെ പരിദേവനം.വൈകുന്നേരം എന്നും ചക്കയായിരിക്കും കറി.ഭര്‍ത്താവിന്റെ അമ്മ ഉണ്ടാക്കുന്നത്.കേട്ടപ്പോള്‍ മറുപടി പറയാതിരിക്കാന്‍ കഴിഞ്ഞില്ല. ‘അത് നല്ലതല്ലേ’. ‘ചക്ക ഒരുപാട് ഉണ്ടെന്നു വെച്ച് എന്നും കറി വെക്കണോ’ എന്നായി കക്ഷി.ഇങ്ങനെ സോയാബീന്‍ കറി കൊണ്ടു വരുന്നതിനേക്കാള്‍ അതാണ് നല്ലതെന്നു പറഞ്ഞതിനെ അവള്‍ക്ക് അംഗീകരിക്കാനേ കഴിയുന്നില്ല.
ചക്കയെ ഇങ്ങനെ തള്ളിപ്പറയുന്നതിനെ എനിക്കും അംഗീകരിക്കാന്‍ കഴിയുന്നില്ല.എന്റെ ഇഷ്ട വിഭവമാണ് ചക്ക.ഓര്‍മ്മ വെച്ച നാള് മുതല്‍ ചക്ക കൊണ്ടുള്ള പല തരം വിഭവങ്ങള്‍ കഴിക്കുന്നതായിരിക്കാം ഈ ഇഷ്ടത്തിനു കാരണം.
അമ്മയുടെ തറവാട്ടിലും അച്ഛന്റെ തറവാട്ടിലും ഒരു പാട് പ്ലാവുകളുണ്ട്.ഓരോന്നിനും ഓരോ രുചിയാണ്.ഒരു ദിനചര്യ പോലെയാണ് ചക്ക പറിച്ചു കൊണ്ടു വരുന്നതും കറി വെക്കുന്നതും.ഇടിച്ചക്ക മുതല്‍ തുടങ്ങും.തോരന്‍,പുളിങ്കറി,അവിയല്‍, പച്ചടി,സാമ്പാര്‍ എല്ലാറ്റിനും ഇടിച്ചക്ക വേണം.
ഇത്തിരി മൂക്കുമ്പോള്‍ ചക്കച്ചുളയും കുരുവും കൂടി തോരന്‍ വെക്കും. കുരു ചേര്‍ക്കാതെ ചെറുതായി അരിഞ്ഞിട്ടു തോരന്‍ വെക്കുന്നത് പുതിയ രീതിയാണ്. ഓലന്‍ വെക്കും.പരിപ്പ് ചേര്‍ത്തും ചേര്‍ക്കാതെയും മൊളകൂഷ്യം(എരിശ്ശേരി ) വെക്കും. കടല ചേര്‍ത്ത് കൂട്ടുകറി ആയും വെക്കും.ചെറുപയർ,വന്‍പയർ,തുവര ഇവയൊക്കെ ചേര്‍ത്ത് ചക്ക പുഴുക്ക് ഉണ്ടാക്കും. അച്ഛന്റെ അമ്മ കല്ലുമരിയിലേ ചക്ക വെക്കൂ.കല്പാത്രത്തില് വെച്ചാല്‍ ഒരു പ്രത്യേക സ്വാദാണ്.
പണ്ട് നാട്ടിപ്പണിക്ക് ചക്കയും കഞ്ഞിയും ആണ് പണിക്കാര്‍ക്ക് ഉച്ചഭക്ഷണമായി നല്‍കുക. ചക്ക നന്നാക്കി അരിഞ്ഞിടാന്‍ ഒരാള്‍ ഉച്ചവരെ മെനക്കെടണം.അമ്മയുടെ വീട്ടില്‍ അമ്മയുടെ ചേച്ചിക്കാണ് ആ ചുമതല.വലിയ കലം നിറയെ വെക്കണം. ചക്കയുടെ കൂടെ ഇറച്ചിക്കറി ഉണ്ടെങ്കില്‍ ഭേഷായി എന്നു ചിലര്‍ പറയാറുണ്ട്.
ചക്കച്ചുള മാത്രമല്ല കറിവെക്കാനുപയോഗിക്കുന്നത്.ചക്കയുടെ രണ്ടു ഭാഗങ്ങളേ കറി വെക്കാന്‍ കൊള്ളാതുള്ളൂ .പുറത്തെ കരൂളും കുരുവിന്റെ പുറത്തെ തൊലിയും(ചൂളി).കരൂള്‍ ചെത്തിക്കളഞ്ഞാല്‍ കിട്ടുന്ന മടല് ചക്കയുടെ കൂടെ ഇടാം.ചക്കമടല് കൊണ്ടു മൊരൊഴിച്ചു കാളനുണ്ടാക്കും. വാളന്പുളിയൊഴിച്ചു പുളിങ്കറി വെക്കും.പച്ചടി വെച്ചാല്‍ എന്താണ് സാധനമെന്ന് മനസ്സിലാവില്ല.. അവിയലിനും മടല് ഉപയോഗിക്കും.
ചില ചക്കയ്ക്ക് ചുള കുറവും ചകിണി കൂടുതലുമായിരിക്കും.അതു നല്ല പട്ടു പോലുള്ള ചകിണി ആയിരിക്കും.പൊടിയായി അരിഞ്ഞു തോരന്‍ വെച്ചാല്‍ എന്തു സ്വാദായിരിക്കുമെന്നോ! ചില ചക്കയുടെ കൂഞ്ഞല്‍ വളരെ മൃദുവായിരിക്കും.അത് മസാലക്കറി വെക്കാന്‍ നല്ലതാണ്. ചകിണി ഉണക്കി എണ്ണയില്‍ വറുത്ത് ചമ്മന്തിപ്പൊടി ഉണ്ടാക്കാം.കൂഞ്ഞല്‍ കൊണ്ടും ചമ്മന്തിപ്പൊടി ഉണ്ടാക്കാം.
ചക്കയുടെ പോണ്ടി ഉണക്കി വെക്കും.മഴക്കാലത്ത് കുറച്ചു കുറച്ചെടുത്ത് ഉപ്പു പുരട്ടി അടപ്പിന്റെ കല്ലിനടുത്തു വെച്ച് ഒന്നുകൂടി ഉണക്കും.എന്നിട്ട് വെളിച്ചെണ്ണയില്‍ വറുത്തെടുത്താല്‍ അസ്സല് കൊണ്ടാട്ടമായി.
ചക്കച്ചുള വറുത്തത് ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല.വിഷുവിനു ചക്ക ഉപ്പേരി കൂടിയേ തീരൂ.ചക്ക കൊണ്ട് പപ്പടവും ഉണ്ടാക്കാം.ചക്കച്ചുള മഞ്ഞള്‍ ചേര്‍ത്ത് വേവിച്ച് അരച്ച് കുരുമുളകുപൊടിയും എള്ളും ചേര്‍ത്ത് വൃത്താകൃതിയില്‍ പരത്തി വെയിലത്ത് വെച്ച് ഉണക്കണം.ഭദ്രമായി അടച്ചു വെച്ചാല്‍ ആവശ്യത്തിന് എടുത്ത് വെളിച്ചെണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.
ചക്കക്കുരുവിന്റെ കാര്യം പറയുകയേ വേണ്ട.പഴുത്ത ചക്കയുടെ കുരു കഴുകി വെള്ളം വറ്റാന്‍ ചാണകം മെഴുകിയ തറയില്‍ നിരത്തിയിടും.ജലാംശം തീര്‍ത്തും അപ്രത്യക്ഷമാകുമ്പോള്‍ പഴയ മണ്കലത്തില് ഓരോ പാളിയായി ഉണങ്ങിയ മണ്ണും ചക്കക്കുരുവും നിരത്തും.എത്രകാലം വേണമെങ്കിലും ഇങ്ങനെ സൂക്ഷിക്കാം.കുട്ടികള്‍ ചെളിയില്‍ കളിച്ചു വരുമ്പോള്‍ മുതിര്‍ന്നവര്‍ പറയാറുള്ളത് ‘മണ്പിടിച്ച ചക്കക്കുരു പോലെ’ എന്നാണ്.എന്റെ അമ്മ പുതിയ കുരു ഉണ്ടാകുന്നതു വരെ ഇങ്ങനെ സൂക്ഷിച്ചത് കറി വെക്കും.പിന്നെ അയല്പക്കക്കാര്ക്ക് പങ്കിട്ടു കൊടുക്കും.
കൊത്തിയരിഞ്ഞ് തേങ്ങ ചിരവിയിട്ടു തോരന്‍.നാലായി കീറിയിട്ട് ഓലന്‍.വെള്ളരിക്ക,കുമ്പളങ്ങ,വഴുതിനങ്ങ,പച്ചപ്പയര്‍ ഇവ ചേര്‍ത്ത ഓലന്‍.പരിപ്പ് ചേര്‍ത്ത് മൊളകൂഷ്യം.ചെറുപയർ,മണ്‍പയർ,തുവര എന്നിവയുടെ കൂടെ പുഴുക്ക്.എല്ലാം സ്വാദിഷ്ടം തന്നെ. പച്ച മാങ്ങയും ചേര്‍ത്ത് ചക്കക്കുരു കറി വെച്ചാല്‍ നല്ല സ്വാദാണ്. പകുതി വേവിച്ച് വെളിച്ചെണ്ണയില്‍ മൊരിച്ചെടുത്ത ഉപ്പേരി പുതിയ ഒരു വിഭവമാണ്.അവിയല്‍ കഷണമായും ചക്കക്കുരു ഉപയോഗിക്കാം.ചക്കക്കുരു ചുട്ടെടുത്ത് തേങ്ങയും മുളകും പുളിയും ചേര്‍ത്ത് അരച്ച് ചമ്മന്തിയാക്കാം. അങ്ങനെ എത്രയോ വിധത്തില്‍ ചക്കക്കുരു കറി വെക്കാം.
മഴ പെയ്യുമ്പോള്‍ ചക്കക്കുരു മണ്കലത്തില് വറുത്ത് തെങ്ങാപ്പൂളിനൊപ്പം തിന്നാന്‍ നല്ല രസമാണ്.അടുപ്പില്‍ ചുട്ടും തിന്നാം.കുട്ടികള്‍ സാധാരണ അങ്ങനെ ചെയ്യാറുണ്ട്.
പഞ്ഞക്കര്‍ക്കിടകത്തില്‍ ചക്കച്ചുള കുരുവടക്കം പുഴുങ്ങി വെളിച്ചെണ്ണ നനച്ച് തിന്നും.ചക്ക കറി വെക്കുമ്പോള്‍ പണ്ടത്തെ കുട്ടികള്‍ ആള് വീതം കുരു പോണ്ടി മാത്രം കളഞ്ഞു അതിലിടും.കറി വിളമ്പുമ്പോള്‍ കൃത്യമായി കണക്ക് പറഞ്ഞു മൂടന്‍ കുരു വാങ്ങും.അതിനു വേണ്ടി കുട്ടികള്‍ തമ്മില്‍ അടികൂടാനും മടിക്കാറില്ല.
നല്ലൊരു പഴമല്ലേ ചക്ക.വരിക്കയും കൂഴയും രണ്ടു തരം.സാധാരണ ഞങ്ങളൊക്കെ വരിക്ക പഴുക്കാന്‍ മാറ്റി വെച്ച് കൂഴയാണ് കറി വെക്കുക. കൂഴച്ചക്ക പഴുത്താല്‍ മടല് കൈ കൊണ്ട് പൊളിച്ചു ചുള അടര്‍ത്തിയെടുത്ത് വായിലിട്ട് കുരു വലിച്ചൂരാന്‍ നല്ല രസമാണ്. തേന്‍വരിക്ക ആയാലോ? വായിലിപ്പോള്‍ കപ്പലോടിക്കാന്‍ പറ്റില്ലേ?
പഴുത്ത ചക്ക കൊണ്ട് പല വിഭവങ്ങള്‍ ഉണ്ടാക്കാം.പലഹാരങ്ങളും പ്രഥമനും.കര്‍ക്കിടകത്തിലാണ് എന്റെ ഒരു സഹോദരന്റെ പിറന്നാൾ.അന്ന് അമ്മ ഉറപ്പായും ചക്കപ്രഥമന് ഉണ്ടാക്കും. പഴുത്ത വരിക്കച്ചക്ക ചെറുതായി അരിഞ്ഞ് വേവിച്ച് വെല്ലവും പശുവിന് നെയ്യും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കും.ഇത് അരിപ്പൊടിയും ചേര്‍ത്താണ് പ്രഥമനും പലഹാരങ്ങളും ഉണ്ടാക്കുക.കുമ്പിളപ്പം,ഇതിന്റെ മറ്റൊരു രൂപം, ധാരാളം തെങ്ങാക്കൊത്തുകളും വറുത്ത അരിപ്പൊടിയും പഴുത്ത ചക്ക വഴറ്റിയതും ഒന്നിച്ച് കുഴച്ച്
വാഴയിലയില്‍ പൊതിഞ്ഞ് നേന്ത്രക്കായുടെ വലുപ്പത്തില്‍ ആവിക്ക് വേവിച്ചെടുക്കുന്നതിനെ ഞങ്ങള്‍ മൂടക്കടമ്പ് എന്ന് പറയും.ഇത് ഇലയടയായും ഉണ്ടാക്കാം.ചക്ക വഴറ്റിയത് പുളിച്ച അരിമാവില്‍ ചേര്‍ത്ത് മൊരിച്ചെടുത്ത ദോശ ഇതൊക്കെ ഞങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളാണ്.വഴറ്റിയ ചക്ക കുറെനാള്‍ സൂക്ഷിക്കാം.ഹല്‍വ തുടങ്ങിയ വിഭവങ്ങളും പഴുത്ത ചക്ക കൊണ്ട് ഉണ്ടാക്കാം.ഇനിയും ഒരുപാടു പരീക്ഷണങ്ങള്‍ക്ക് വഴങ്ങുന്ന ഒന്നാണ് ചക്ക.
പണ്ടു കാലത്ത് വ്യത്യസ്ത പ്രദേശങ്ങളിലുള്ളവര്‍ കണ്ടു മുട്ടിയാല്‍ ആദ്യം ചോദിക്കുന്നത് ഇക്കൊല്ലം ചക്കയും മാങ്ങയും നന്നായി ഉണ്ടോ എന്നായിരിക്കും.ഇല്ലെങ്കില്‍ അക്കൊല്ലം വറുതിക്കാലം. ‘അഴകുള്ള ചക്കയില്‍ ചുളയില്ല’ എന്ന പഴഞ്ചൊല്ല് തെളിയിക്കുന്നത് പഴയ മനുഷ്യന്റെ ജീവിതവുമായി പ്ലാവിനും ചക്കയ്ക്കും അത്രയ്ക്ക് അഭേദ്യ ബന്ധമുണ്ടെന്നാണ്.
യുവ തലമുറ ചക്കയില്‍ നിന്നും അതുപോലുള്ള ആഹാര സാധനങ്ങളില്‍ നിന്നും അകന്നു പോകാന്‍ എന്തായിരിക്കും കാരണം?അവര്‍ക്ക് ഇത്തരം ആഹാരം ഇഷ്ടമല്ല എന്നാണ് പറയുന്നത്.
ചക്ക പറിക്കണമെങ്കില്‍ മരത്തില്‍ കയറണം.മരം കയറുക തുടങ്ങിയ സിദ്ധികളൊക്കെ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ.ഇനി പറിച്ചു കിട്ടിയാലോ.അത് കഷണങ്ങളാക്കണം.ചുള ഉരിഞ്ഞെടുക്കണം.അത് പിന്നെയും നന്നാക്കിയെടുക്കണം.കൈയില്‍ മുളഞ്ഞില്‍ പറ്റും.അത് കളയാന്‍ മെനക്കെടണം.പിന്നെ ശ്രദ്ധിച്ചു പാചകം ചെയ്യണം. ഈ അതിവേഗ യുഗത്തില്‍ ആര്‍ക്ക് ഇതിനൊക്കെ നേരം.പച്ചക്കറിക്കടയില്‍ പെട്ടെന്ന് കറിയാക്കാന് പറ്റുന്ന തക്കാളിയും കാബേജുമൊക്കെ തിളങ്ങുന്ന സൌന്ദര്യത്തോടെ കാത്തിരിക്കുന്നുണ്ട്.കാശ് മാത്രം മതി.അപ്പോള്‍ പിന്നെന്തിനു മെനക്കെടണം? ചെറുപ്പത്തില്‍ ഉണ്ടാക്കിക്കൊടുക്കാത്ത ആഹാരം മുതിര്‍ന്നു കഴിഞ്ഞാലും ഇഷ്ടമാകില്ല.അതുകൊണ്ടാണ് ഇന്നത്തെ അമ്മമാര്‍ അഭിമാനത്തോടെ എന്റെ മക്കള്‍ ചക്കക്കറി കഴിക്കില്ല എന്നു പറയുന്നത്.അവരുണ്ടാക്കിക്കൊടുത്തിട്ടു വേണ്ടേ കുട്ടികള്‍ കഴിക്കാന്‍.
ചക്ക മനുഷ്യന്റെ മാത്രം ആഹാരമല്ല.പശുവിനും ആടിനും പ്രിയപ്പെട്ട ഭക്ഷണമാണ് ചക്ക മടല്. ചക്ക നമ്മള് കൊടുക്കാഞ്ഞിട്ടാണേ. മിക്ക ജീവികള്‍ക്കും ചക്ക ഇഷ്ടമാണ്. കുരങ്ങന്,അണ്ണാന് പക്ഷികൾ,എന്തിന് ആനയ്ക്കു വരെ. വെറുതെയാണോ ‘ചക്കയ്ക്കുപ്പില്ല’എന്നു വിഷുപ്പക്ഷി പാടുന്നത്.
എന്റെ വീട്ടു പറമ്പില്‍ കുറെ പ്ലാവുണ്ട്.അതില്‍ ഒരു സുന്ദരി ഞങ്ങളുടെ ബെഡ് റൂമിന്റെ അടുത്താണ്.ജനല്‍ തുറന്നു നന്നായി കൈ നീട്ടിയാല്‍ തൊടാന്‍ പറ്റുന്നത്ര അടുത്ത്.മൂന്ന് വര്‍ഷമായി കായ്ക്കാന്‍ തുടങ്ങിയിട്ട്.വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന പഴഞ്ചൊല്ല് പഠിച്ചിട്ട് കായ്ച്ചതാണോ അവള് എന്നൊരു സംശയമുണ്ട്.പ്ലാവിനു ചുറ്റും നിലത്താണ് കൂടുതല്‍ ചക്കയും വളരുന്നത്..ചെളിയില്‍ പൊതിഞ്ഞു പോകാതിരിക്കാന്‍ പലകക്കഷണങ്ങള്‍ വെച്ച് ചക്ക അതില്‍ പൊക്കി വെക്കണം.നല്ല വരിക്കച്ചക്കയാണ്.
എന്റെ സങ്കടം അവളെ പ്രതിയാണ്.അവള് വളര്‍ന്നുകൊണ്ടിരിക്കുന്നു.ഞങ്ങളുടെ വീടും അവളും തമ്മില്‍ അതിര്‍ത്തി തര്‍ക്കത്തില്‍ പിണങ്ങാന്‍ ഏറെക്കാലം വേണ്ട.അപ്പോൾ..അപ്പോള്‍ എന്തു ചെയ്യും?
27 comments:
ചക്കയെക്കുറിച്ചുള്ള മുഴുവന്‍ വിഭവങ്ങളും നിരത്തിയല്ലോ...വളരെ വിശദമായി തന്നെ. ബുദ്ധിമുട്ടാന്‍ ആര്‍ക്കും സമയവും മനസ്സും ഇല്ല എന്നത് തന്നെ കാരണം. എന്തായാലും നല്ല ഓര്‍മ്മകള്‍ ഉണര്‍ന്നു.
പിന്നെ കുഴച്ഛക്ക കൂഞ്ഞയില്‍ പിടിച്ച് വലിച്ചാല്‍ ചുള മാത്രം കൂഞ്ഞയില്‍ ഞാണ്ട് കിടക്കുകയും മടലും ചവിനിയുമെല്ലാം വേറെ ആവുകയും ചെയ്യും. അപ്പോള്‍ കൂഞ്ഞ കയ്യില്‍ പിടിച്ച് ഓരോ ചുള എടുത്ത് തിന്നാം. തിന്നുമ്പോള്‍ കുരുവിന്റെ മുകളിലുള്ള പോള അധികം വയറ്റില്‍ പോകാതെ നോക്കണം. പോള അധികം വയറ്റില്‍ പോയാല്‍ വയറു വേദന വരും. കുഴച്ചക്ക ആകുമ്പോള്‍ വരിക്കയുടെത് പോലെ പോള വിട്ട് കിട്ടാന്‍ പ്രയാസമാണ്.
ചക്ക പുരാണം നന്നായി.
അടുക്കളപ്പുറത്ത് കായ്ച്ചുനിൽക്കുന്ന പ്ലാവിനോട് ഇപ്പോൾ ഒരു സ്നേഹം തോന്നുന്നു.
"ചക്കപ്പോസ്റ്റ്"...!! ഭിന്നരുചികള്‍
കൊണ്ട് സമൃദ്ധം..!
എന്തോരം ചക്കവിഭവങ്ങളാണപ്പാ
ഈക്കണ്ടതും,വായിച്ചറിഞ്ഞതുമൊക്കെ !
മഴക്ക് മുമ്പായിരുന്നെങ്കില്‍ ഇതൊക്കെയൊന്ന്
വീട്ട് കാരത്തിയോട് പറഞ്ഞ് പാകം ചെയ്യിക്കാന്‍
ശ്രമിക്കായിരുന്നല്ലോ.ഇനിയിപ്പൊ അടുത്ത
സീസന് വരെ കാത്തിരുന്നേ പറ്റൂ...എന്നാലും
പോര,ടീച്ചറേ..ചെറുമാതിരിയൊരെണ്ണം
പാര്‍സലായി ഇങ്ങോട്ടയക്കാന്‍ മറക്കരുതേ.
അത് വരേക്കെങ്കിലും ആ വരിക്കപ്ലാവിനെ
ഇനിയും കായ്ക്കാനനുവദിക്കൂ !
കാര്യം ചക്കയുടേയും മാങ്ങയുടേയുമൊക്കെ സത്ത് ഇപ്പോഴും രക്തത്തിലുണ്ടെങ്കിലും, ചക്കയെക്കുറിച്ചു ഇത്രയ്ക്കു അറിവില്ലായിരുന്നു.. പോസ്റ്റ് നന്നായിരിക്കുന്നു.
ഈ പോസ്റ്റ് വായിച്ച ഇന്നു പ്രഭാതത്തില്‍ മാധ്യമം ദിനപ്പത്രം തിരുവനന്തപുരം എഡിഷനില്‍ ഒരു പ്രാദേശിക വാര്‍ത്തയില്‍ എന്റെ കണ്ണുടക്കി. ആ ഗ്രാമക്കാര്‍ പ്ലാവ്സംരക്ഷണ സമിതി എന്ന പേരില്‍ ഒരു സംഘം ഉണ്ടാകിയത്രേ!പ്ലാവുകള്‍ നിയന്ത്രണമില്ലാതെ വെട്ടി നശിപ്പിക്കുന്നതിനു എതിര്ക്കുന്നതിനാണു ഈ സംഘം.
ആദ്യത്തെ യോഗത്തില്‍ ചക്ക കൊണ്ടു വിവിധ ഭക്ഷണവും അവര്‍ തയാറാക്കി നാട്ടുകാര്‍ക്കു വിതരണവും ചെയ്തു പോലും.
അപ്പോള്‍ റ്റീച്ചറെ മാതിരി ആള്ക്കാര് ഇവിടെ തെക്കന്‍ കേരളത്തിലും ഉണ്ടു.
ഞങ്ങളുടെ നാട്ടില്‍ ഒരു കളിപ്പാട്ടുണ്ടു.
“ചക്ക ഉള്ള വീട്ടിലേ യോഗം കൂടുവേ....,..”
കൊത്തനാണേലും ഞങ്ങള്‍ വെട്ടി തിന്നോളാം..”
പ്രാര്‍ഥനാ യോഗം കൂടുന്നതിന്റെ നിബന്ധനകളില്‍ ഒന്നു ആ വീട്ടില്‍ ചക്ക ഉണ്ടാകണം എന്നാണു.
വണ്ണമുള്ള അദ്ധ്യാപകനെ “ചക്ക മാഷേ“എന്നു ഞങ്ങള്‍ വിളിക്കും.
ആലപ്പുഴയില്‍ വട്ടപ്പള്ളിയില്‍ ചക്ക സീസണില്‍ വൈകുന്നേരം റോഡിനു ഇരുവശത്തും “ചക്ക അപ്പം“ എന്നൊരു പലഹാര വില്‍പ്പന ഉണ്ടു. കൂഴ ചക്ക മാവില്‍ മുക്കില്‍ തിളച്ച വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക..
ഇപ്പോള്അനേകം കിലോമീറ്റര്‍ ദൂരെ ഇരുന്നു ആ പൊരിക്കലിന്റെ സുഗന്ധം വര്‍ഷങ്ങള്‍ക്കു ശേഷവും ഞാന്‍ ആസ്വദിക്കുന്നു.
പണ്ടു വാപ്പ ഒരു പഴുത്ത ചക്ക വിലക്കു അങ്ങാടിയില്‍ നിന്നു വാങ്ങി എന്റെ തലയില്‍ വെച്ചു തന്നു വീട്ടില്‍ കൊണ്ടു പോകാന്‍ പറഞ്ഞതും ഇടവഴിയില്‍ വെച്ചു എന്നെ പട്ടി ഓടിച്ചതും ചക്കയുമയി ഞാന്‍ വാണം വിട്ടതു പോലെ പാഞ്ഞതും ഇന്നലത്തെ പോലെ തോന്നുന്നു.
ഇന്നു ഞാന്‍ താമസിക്കുന്ന സ്ഥലത്തു ചക്ക ആര്‍ക്കും വേണ്ടാതെ മരത്തില്‍ നിന്നു തന്നെ പഴുത്തു പുഴുത്തു നിലത്തു വീണു കണ്ണന് ഈച്ച ആര്‍ത്തു കിടക്കുമ്പോള്‍ 82 കിലോമീറ്റര്‍ അകലെ തമിഴ്നാട്ടുകാരന് ചക്ക എന്നു കേല്ക്കുമ്പോള് വായില്‍ വെള്ളം ഊറി ജീവിക്കുന്നു. ഇവിടെ മരത്തില്‍ കയറാനോ ചക്ക ഇടാനോ ആരുമില്ല. ഇതിനെല്ലാം ആര്‍ക്ക് സമയം.
റ്റീച്ചറുടെ ചക്ക പോസ്റ്റിനു അഭിനന്ദനങ്ങള്‍.
ചക്ക വിശേഷം വായിച്ച് എന്റെ വായില്‍ വെള്ളം വന്നു..
ചക്ക കൊണ്ട് ഉണ്ടാക്കുന്നതെല്ലാം എന്റെ ഇഷ്ട വിഭവങ്ങളാണ്..
ഒരു ചക്ക തിന്നാൻ കുറെ കൊതിച്ചിട്ടുണ്ട്, കാരണം വീട്ടിൽ കായ്ക്കുന്ന പ്ലാവില്ലായിരുന്നു. കുട്ടിക്കാലത്ത്.
പിന്നെ കൊതി മൂക്കുമ്പോൾ ആരെങ്കിലുമൊക്കെ കൊണ്ട് വന്നു തരും. അങ്ങനെയൊരു ഭാഗ്യമുണ്ടായിരുന്നു.
ഒരു ദിവസം വരിയ്ക്ക പ്ലാവ് കോടി കായ്ച്ചു. അതിന്റെ ചുവട്ടിൽ ചെന്ന് ഒരായിരം വട്ടമെങ്കിലും നോക്കിയിട്ടുണ്ട്.
നല്ല പോസ്റ്റ്. വായിച്ച് സന്തോഷിച്ചു.
ഒരു സമ്പൂര്‍ണ്ണ ചക്കപ്പുരാണം..!
ഒരു ചുള വിടാതെ വായിച്ചു...!!
ഇത്തവണ നാട്ടീന്നു വരുമ്പോ ചെറിയ പെങ്ങള് ഒരു വലിയകുപ്പി നിറയെ ചക്ക വരട്ടിയത് തന്നു.
എന്നും ഊണിനു ശേഷം ഒരു സ്പൂണ്‍, ഇഷ്ടമില്ലാഞ്ഞിട്ടല്ല കേട്ടോ..പെട്ടെന്ന് തിന്നു തീര്‍ത്താല്‍ കിട്ടാന്‍ ഇനി ഒരു കൊല്ലം കത്തിരിക്കെണ്ടേ...!!
ആഹാ! ഉഗ്രൻ പോസ്റ്റ്! ചക്ക എന്റേയും ഇഷ്ടവിഭവമാണ്. ഇത്തവണ ഞങ്ങളുടെ വളപ്പിൽ മാങ്ങ തീരെ കുറവായിരുന്നു. അതിനുപകരം ചക്ക വേണ്ടുവോളവും!. ഞാനും അമ്മയും കൂടി അകത്താക്കിയ ചക്കയ്ക്ക് കയ്യും കണക്കുമില്ല.ചക്കകൊണ്ട് പപ്പടം വരെ ഉണ്ടാക്കി!
കഴിയുന്നിടത്തെല്ലാം പ്ലാവുകൾ വച്ചു പിടിപ്പിക്കുന്ന ജയൻ എന്നയാളെ കുറിച്ചു കേട്ടിട്ടില്ലേ? പ്ലാവ് എന്ന പേരിൽ ജയന്റെ ഒരു കൊച്ചു പുസ്തകവുമുണ്ട്.
പ്ലാവിൽ നിന്നും ചക്ക ഇട്ട്
രണ്ടായി മുറിച്ചു
ചുള അടർത്തി
കുരു എടുത്ത്
ചക്ക തിന്നു
നല്ല മധുരമുള്ളചക്ക
എന്റെ ചക്ക സുന്ദരി………
പക്ഷെ, പുറത്ത് മുള്ള് ഉണ്ട്;
Good Write up!
I liked it!
ചക്കയട വളരെ ഇഷ്ടമാണ്. പിന്നെ ചക്കപ്പുഴുക്കും
:-))
പ്ലാവ് ഗവേഷക..
ചക്കയെകുറിച്ച് പറഞ്ഞ് പോകരുത്.
ചക്ക കൊത്തിയരിഞ്ഞ് റെഡി റ്റു ഈറ്റ് ആയി ഒരു ഫാക്റ്ററി തുടങ്ങാനിരിക്കയാണ് ഞാന്‍ :) എങ്കില്‍ നാട്ടുകാര്‍ വാങ്ങി തിന്നും.
ഛെ ഛെ ഷെയിം.. വീട്ടിലെ ചക്കാമരത്തില് നിന്നും മുള്ളുള്ള ആ കായ പറിച്ച് അതിന്റെ കറയും വെളഞ്ഞിയും ഒട്ടിപ്പിടിച്ച കയ്യുമായി നിങ്ങളൊക്കെ എങ്ങനെ ജീവിക്കുന്നു.
ചക്കകുരു അതിന്റെ പുറം തൊലി കളഞ്ഞ് ചുവപ്പ് കളയാതെ വച്ച് തിന്നാല്‍ പിന്നെ നിങ്ങള്‍ക്കെങ്ങനെ കാന്സണ്ടാവും
]ശറഫിയയില്‍ പോയി എട്ട് റിയാല്‍ കിലോക്ക് കൊടുത്ത് ചക്ക വാങ്ങാന്‍ ആഗ്രമില്ലാഞ്ഞല്ല, ഞാനിവിടെ ചക്ക തിന്നാല്‍ നാട്ടില്‍ കുട്ടികളും ചക്ക തിന്നേണ്ടി വരും[
ചക്കപ്പുരാണം ഗംഭീരം.
My favourite Chakkakkuru... I am loving it..!!!
മഴ പെയ്യുമ്പോള്‍ ചക്കക്കുരു മണ്കലത്തില് വറുത്ത് തെങ്ങാപ്പൂളിനൊപ്പം തിന്നാന്‍ നല്ല രസമാണ്.അടുപ്പില്‍ ചുട്ടും തിന്നാം.കുട്ടികള്‍ സാധാരണ അങ്ങനെ ചെയ്യാറുണ്ട്.
എന്റെ വലിയുമ്മ ഉണ്ടായിരുന്നപ്പോള്‍ ഇങ്ങിനെ വറുത്തിരുന്നു.
ഒരു പഴയ ഓര്‍മ്മ പുതുക്കലായി നന്നായി
ടീച്ചറേ..., ചക്ക വിശേഷം വളരെ നന്നായി... പക്ഷെ, തലമുറകൾ കൈമാറി വന്ന രുചികളൊക്കെ പരീക്ഷിക്കാൻ ഇന്ന് ആർക്കാനേരം...? പ്ലാവിൽ നിന്നും ചക്ക കയറി ഇട്ട് തരാനും ആളില്ലാ.... എങ്ങനേലും താഴെയിട്ട് കിട്ടിയാൽ ചക്ക വെട്ടി ചുളയെടുക്കാനും നേരമില്ലാ... പണ്ടു കഴിച്ച രുചിയോർത്ത് ചക്കയുടെ മധുരം നുണയാം...
ചക്കമ്മായി ഓ സോറി കാവുമ്പായി ചക്ക പുരാണം ഇഷ്ട്ടായി :)
ചക്കയവിയലും കുടം പുളിയിട്ടു വച്ച മീൻ കറിയും!
അതിന്റെ രുചി ഓർത്ത് മൂന്നരക്കൊല്ലം കർണാടകത്തിൽ കൊതിച്ചു കിടന്നിട്ടുണ്ട്!
അഭിനന്ദനങ്ങൽ ചേച്ചീ!
പ്രിയ ടീച്ചര്‍, ചക്കപുരാണം നന്നായി.ചക്കയും മാങ്ങയും ഇഷ്ടം പോലെ കഴിച്ചുവള ര്ന്നവര്ക്ക് നല്ല ആരോഗ്യമായിരിക്കും.ഇന്ന് റെഡി ടൂ ഈറ്റ് സാധനങ്ങള്‍ കിട്ടുമ്പോള്‍ ആര്‍ക്കാണ് ടീച്ചര്‍ ചക്ക നന്നാക്കാന്‍ നേരം?
ചക്കപുരണം വായിച്ചു. ഇഷ്ടമായി എന്ന് ഒരു ചക്കപ്രിയൻ :)
ചക്ക പുരാണം നന്നായി. ചക്ക വിളയിച്ചു വെച്ചാല്‍ സീസണ് കഴിഞ്ഞാലും കുമ്പിളപ്പം ഉണ്ടാക്കാം .കുമ്പിളപ്പം ഇടന(വഴന)ഇലയിലാണ് ഉണ്ടാക്കുക്ക. എന്ത് സുഗന്ധമാനെന്നോ അത് വേകുമ്പോള്‍ .
ചക്കപുഴുക്കിന്റെ ഏറ്റവും നല്ല കോമ്പിനേഷന്‍ കോഴിയിറച്ചിയാണ്
എന്റെ ചക്ക കഴിക്കാനെത്തിയ എല്ലാവർക്കും വയറു നിറഞ്ഞോ? ഏതായാലും എന്റെ മനസ്സു നിറഞ്ഞു.നിങ്ങളൊക്കെ വന്നതിൽ.
പിന്നെ ഷെരിഫ് കൊട്ടാരക്കര വിവരിച്ച ചക്കയപ്പം അമ്മ ഉണ്ടാക്കി.നന്നായിരുന്നു.
Santha Teacher,what a nostalgic narration about our "pazhanchakka"!chakkayude maduryavum,ruchiyum ariyatha puthiya thalamuraye orth neduveerppidukayanu!cancerineppolum cherukkan kazhiyunna chakkakkuru ennanu nammalude kuttikalude "noodles" aayi maruka? veruthe swapnam kanam......assalayittundu ketto....
chakka ishtayi
Post a Comment