Tuesday, July 13, 2010

ഫുട്ബോൾ മാമാങ്കത്തിന് കൊടിയിറങ്ങുമ്പോള്‍

വുവുസെലയുടെ കഠോരനാദം നിലച്ചു.ജബുലാനിയുടെ ഉരുള്‍ച്ചയും.ലോകം മുഴുവന്‍ ഈ ഉരുള്‍ച്ചയിലേക്ക്‌ കണ്‍ മിഴിച്ചു..വേഗങ്ങളുടെ തമ്പുരാക്കന്മാരെ സ്നേഹിച്ചു.ആരാധിച്ചു.അവര്‍ ചിരിക്കുമ്പോള്‍ കൂടെ ചിരിച്ചു.കരയുമ്പോള്‍ കൂടെ കരഞ്ഞു.അങ്ങനെ ലോക ഫുട്ബോള്‍ മാമാങ്കത്തിന് തിരശീല വീണു.

ഫിഫ ലോകകപ്പ് 2010 വര്‍ണവെറിയുടെ ദുരന്തങ്ങളനുഭവിച്ച്,ഈ കാടന്‍ വിവേചനത്തിനെതിരെ നീണ്ട കാലം സന്ധിയില്ലാ സമരം ചെയ്ത ദക്ഷിണാഫ്രിക്കയുടെ മണ്ണില്‍ നടത്തപ്പെടുമ്പോള്‍ എല്ലാ വിവേചനങ്ങളും ഈ മേളയില്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല എന്നതും ദു:ഖകരമാണ്.
കളി കാര്യക്ഷമമായി നടത്താന്‍ പല നിയമങ്ങളും ഉണ്ടാക്കിയെങ്കിലും ഈ കുരുക്ഷേത്ര ഭൂമിയില്‍ അതെല്ലാം കാറ്റില്‍പ്പറക്കുന്നതാണ് കണ്ടത്. ഫിഫയ്ക്കോ,ഇന്റര്‍ നാഷണല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡിനോ അതില്‍ മിക്കതും പാലിക്കാന്‍ കഴിഞ്ഞില്ല.
ഉറുഗ്വായ്-ഘാന മത്സരം മനസ്സാക്ഷിയുള്ളവര്‍ക്ക് മറക്കാന്‍ കഴിയുന്ന ഒന്നല്ല.ഏതുവിധേനയും ജയിക്കുക എന്ന ഒറ്റ ലക്‌ഷ്യം മാത്രമേ ലൂയി സുവാരസിന്റെ ചെയ്തിയില്‍ കാണാന്‍ കഴിയൂ.ഗോള്‍ വലയിലേക്ക് കുതിക്കുന്ന പന്തിനെ കൈ കൊണ്ടു തട്ടിത്തെറിപ്പിക്കുമ്പോള്‍ അവന്റെ കൈകളില്‍ ചെകുത്താനാണ് കുടിയിരുന്നത്.ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നില്ല തന്നെ.ഘാനയുടെ കണ്ണീരിനു പകരം നല്‍കാന്‍ ഫിഫയുടെ കൈയില്‍ നീതി ഇല്ലായിരുന്നു.

ഗോള്‍ വരയ്ക്കുള്ളില്‍ നാല്പതു സെന്റീമീറ്റര്‍ ഉള്ളില്‍ പന്ത്‌ തട്ടിപ്പൊങ്ങിയിട്ടും ഇംഗ്ലണ്ടിന് ഗോള്‍ അനുവദിക്കാത്ത,ഗോള്‍ വര കടന്ന ഗോള്‍ ഇറ്റലിക്ക് അനുവദിക്കാത്ത,അമേരിക്കയുടെ തുടര്‍ച്ചയായ രണ്ടു ഗോളുകള്‍ അനുവദിക്കാത്ത,അര്‍ജന്റീനയ്ക്ക് ഓഫ് സൈഡ് ഗോള്‍ അനുവദിച്ച റഫറിമാരും നീതിയുടെ പക്ഷത്ത്‌ നിഷ്പക്ഷമായി നിലയുറപ്പിച്ചവരാണെന്ന് പറയാനാവില്ല.
മഞ്ഞക്കാര്‍ഡുകളും ചുവപ്പുകാര്‍ഡുകളും സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുമ്പോള്‍ കളിയുടെ ഗതിവിഗതികള്‍ മാറുന്നതും നമ്മള്‍ കണ്ടു.
ദാരിദ്ര്യവും അലസതയും തൊഴിലില്ലായ്മയും അനുബന്ധമായി പിടിച്ചുപറിയും നടമാടുന്ന ഒരു പാവം രാഷ്ട്രം ഇരുപതിനായിരം കോടിയോളം രൂപ ഫുട്ബോള്‍ മാമാങ്കത്തിന് പൊടിക്കുമ്പോള്‍ തിരിച്ച് എന്തെങ്കിലുമൊക്കെ അവര്‍ക്ക് കിട്ടിയിരിക്കണം.അവര്‍ക്കും നീതി കിട്ടുമോ എന്ന് കണ്ടറിയണം.

കായികക്ഷമതയും പരിശീലനവും മാറ്റുരക്കുന്ന കളിക്കളങ്ങള്‍ എങ്ങനെയാണു അന്ധവിശ്വാസങ്ങളുടെ കൂത്തരങ്ങായി മാറുന്നത് എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.ഗ്രൌണ്ടിലേക്ക് തവളച്ചാട്ടം നടത്തുന്നവരേയും വിജയത്തിന് താടി വടിക്കാത്തവരേയും ടീം തെരഞ്ഞെടുപ്പിന് സൂര്യ രാശി നോക്കുന്ന കോച്ചിനേയും കൊന്തയേന്തി കുരിശു വരച്ച് ട്രാക്ക്‌ സ്യൂട്ട് മാറി മാറി ധരിക്കുന്ന കോച്ചിനെയും നൈക്കി ശാപം എന്ന പ്രതിഭാസത്തേയും കിനാവള്ളിപ്പോളിന്റെ ഫല പ്രവചനത്തേയും കാണുമ്പോള്‍ മന്ത്രവാദികളും പിശാചുക്കളും തേര്‍വാഴ്ച്ച നടത്തിയിരുന്ന പ്രാചീന കാലത്തേക്ക് ഏറെ ദൂരമില്ലെന്നു തോന്നുന്നു.ഇവിടെയും വിജയം ഏതുവിധേനയും എന്ന അത്യാര്‍ത്തി തന്നെയല്ലേ കാരണം?

കളിക്കുമ്പോഴും കാണുമ്പോഴും കിട്ടുന്ന ആനന്ദവും ആവേശവും പരിശോധിച്ചു നോക്കാം. എല്ലാം സ്പോര്‍ട്സ്‌ മാന്‍ സ്പിരിറ്റിലെടുക്കണം എന്നാണ് പറയുക.
ജീവിതം കളിക്കു വേണ്ടി ഉഴിഞ്ഞു വെച്ച കളിക്കാര്‍ പരാജയത്തില്‍ സങ്കടപ്പെടുന്നതും കണ്ണീരൊഴുക്കുന്നതും സ്വാഭാവികം.ഫലേച്ഛയില്ലാതെ കര്‍മ്മംചെയ്യുന്ന ഒന്നത്യത്തിലേക്ക് സാധാരണ മനുഷ്യന് എത്താന്‍ പ്രയാസമാണല്ലോ.

കളിക്കാരുമായി താദാത്മ്യം പ്രാപിച്ച ആരാധകനും ഇഷ്ട ടീമിന്റെ തോല്‍വിയില്‍ സങ്കടപ്പെടാം.കണ്ണീരുമൊഴുക്കാം.പക്ഷേ,അത് ജീവന്‍ വലിച്ചെറിയുന്ന ഘട്ടത്തോളം എത്തിയാല്‍ ഭ്രാന്ത്‌ എന്നേ പറയാന്‍ പറ്റൂ.അതും നമ്മുടെ കൊച്ചു കേരളത്തില്‍ സംഭവിച്ചു.

ഫ്ലക്സ്‌ ബോര്‍ഡുകളുയര്‍ത്തലും ,കൂറ്റന്‍ സക്രീനൊരുക്കി കളി കാണലും പന്തയം വെപ്പും ഇഷ്ട ടീമിന്റെ ജര്‍ഴ്സിയണിയലും പാരഡിപ്പാട്ടെഴുത്തും ക്വിസ്‌ തുടങ്ങിയ മത്സരങ്ങള്‍ നടത്തലും കളിയുടെ ആനന്ദാനുഭവങ്ങള്‍ തന്നെ.

സ്നേഹവും സാഹോദര്യവും വളര്‍ത്തേണ്ട കളികള്‍ എങ്ങനെയാണ് സ്പര്‍ദ്ധയുടെ വിളനിലങ്ങളായത്? ഒരു ടീമിന്റെ പരാജയത്തില്‍ പടക്കം പൊട്ടിച്ച് ആഹ്ലാദിക്കുന്നതിനും മടിയില്ലാത്തവരായി നമ്മള്‍.അതും ഇഷ്ട ടീമിന്റെ വിജയത്തിനു വേണ്ടി അവര്‍ തോല്‍ക്കണം.ഇവിടെയും വിജയിക്കാന്‍ എന്തും എന്ന വൃത്തികെട്ട മനോഭാവം തന്നെ.

ഇവിടെയൊക്കെ നഷ്ടപ്പെടുന്നത് കളിയുടെ സൌന്ദര്യവും സത്യവുമാണ്. ആത്മാവാണ്.

ഈ സാഹചര്യത്തില്‍ സ്നേഹവും സൌഹൃദവും ഊട്ടി വളര്‍ത്താന്‍ ഈ മേളയ്ക്കു കഴിഞ്ഞിട്ടുണ്ടോ എന്നത് ഒരു ചോദ്യമായി പിന്നെയും അവശേഷിക്കുന്നു .

16 comments:

sm sadique said...

നഷ്ടപ്പെടുന്നത് കളിയുടെ സൌന്ദര്യവും സത്യവുമാണ്. ആത്മാവാണ്.

ഈ സാഹചര്യത്തില്‍ സ്നേഹവും സൌഹൃദവും ഊട്ടി വളര്‍ത്താന്‍ ഈ മേളയ്ക്കു കഴിഞ്ഞിട്ടുണ്ടോ എന്നത് ഒരു ചോദ്യമായി പിന്നെയും അവശേഷിക്കുന്നു .

അതെ സത്യം.

Jishad Cronic said...

കളിയുടെ സൌദര്യം ആസ്വതിക്കാന്‍ ഈ വര്‍ഷം കഴിഞ്ഞില്ല...

krishnakumar513 said...

ചില സംരംഭങ്ങള്‍ ,മേളകള്‍ ഇവയ്ക്ക് തെല്ലെങ്കിലും സ്നേഹവും സൌഹൃദവും ഊട്ടി വളര്‍ത്താന്‍ ഇങ്ങനെയെങ്കിലും കഴിഞ്ഞാല്‍ അത്രയുമായല്ലോ?

രൂപ്‌സ് ഡെര്‍ക് said...

അടുത്ത ലോക കപ്പിന് കളിയില്ല നീരാളി പറയും ഫിഫ കപ്പ്‌ കൊടുക്കും

Hari | (Maths) said...

കളിയുടെ സമസ്ത മേഖലകളേയും പരാമര്‍ശിച്ചിട്ടുണ്ടല്ലോ പോസ്റ്റില്‍! നല്ലൊരു പ്രേക്ഷക കൂടിയാണല്ലേ ശാന്ത ടീച്ചര്‍?

ജയിംസ് സണ്ണി പാറ്റൂർ said...

കാല്‍പന്തുകളിക്കെതിരായി എനിക്കു പറയാന്‍
കഴിയില്ല. എന്റെ പിതാവ് തിരുകൊച്ചി സംസ്ഥാ
ന ടീമിലും കേരളത്തിന്റെ ആദ്യ സംസ്ഥാന ടീമിലും
അംഗമായി സന്തോഷ് ട്രോഫി മത്സരത്തിന് കളി
ച്ചിട്ടുണ്ട്. വായു നിറച്ച ആ ഉരുണ്ട തുകല്‍ പന്ത് ഒരു
ജനിതക ഘടകമായി എന്റെ കോശ കലകളിലൂടെ
ഉരുണ്ടുരുണ്ട്പോകുന്നുണ്ടാകാം. ഒന്നു സമ്മതിച്ചേ
തീരൂ കളികളില്‍കേമന്‍ ഫുട് ബോള്‍ തന്നെ.
90 മിനിട്ട് ചിലപ്പോള്‍ അതില്‍കൂടുതലും നേരം ചടുല
ചലനങ്ങളോടെ ഇരു ടിമംഗങ്ങളും കളിക്കുന്നത് ഒരു
സംഘനൃത്തം പോലെ ആസാദ്യകരം തന്നെ.

K@nn(())raan*خلي ولي said...

കാര്യം നടത്താന്‍ സമയമില്ല ടീച്ചറെ..
അതുകൊണ്ട് കളി കല്ലിവല്ലി..!

ഒരു നുറുങ്ങ് said...

കാല്‍പന്തിന്‍ ഒരു പോരാട്ടചരിത്രമുണ്ട്.
ഇപ്പോഴത്,കവലകളില്‍ തൂങ്ങിയാടുന്ന
ഫ്ളക്സ് വര്‍ണങ്ങളില്‍ അലിഞ്ഞില്ലാതാവുന്നു!!

കുഞ്ഞൂസ് (Kunjuss) said...

എവിടെയും എന്തിനും എനിക്ക്, ഞാന്‍ എന്ന സ്വാര്‍ത്ഥതയുടെ ചെറിയ വൃത്തത്തില്‍ ആകുമ്പോള്‍,കളിയിലെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റും ആവേശവും ഒക്കെ നഷ്ട്ടപ്പെടുന്നു ടീച്ചറേ.....

shabnaponnad said...

എന്നെങ്കിലുമൊരിക്കൽ ഇന്ത്യൻ ടീം കളിക്കളത്തിൽ
ഇറങ്ങുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

മുകിൽ said...

യഥാർത്ഥകളിയെ നെഞ്ചേറ്റുന്നവർക്കു മനസ്സുമടുപ്പിക്കുന്ന പലതും ഇത്തരം ലോകോത്തരകളികളിൽ കാണേണ്ടിവരാറുണ്ട്. വർഷങ്ങൾക്കുമുമ്പു വേൾഡു കപ്പിനുവേണ്ടി ഫൈനലിൽ കളിച്ച പാക്കിസ്ഥാൻ ടീം ആ കളിയോടും, ആ കളിയേയും അവരേയും നെഞ്ചേറ്റി മുന്നിലിരുന്ന സ്വന്തം നാട്ടുകാരോടും ചെയ്ത ചതി! അവരന്നു മനപ്പൂ‍ർവ്വം തോൽക്കാൻ കളിക്കുകയായിരുന്നു. ഗ്യാലറിയിലിരുന്ന, പാക്കിസ്ഥാനികളൂടെ ചോര വറ്റിയ നിരാശ കൊണ്ടു തകർന്ന മുഖം കണ്ട അന്നു ഞാൻ ആ കളിയെ വെറുത്തു. ശേഷം ഞാനിതുവരെ ക്രിക്കറ്റു കാണാനിരുന്നിട്ടില്ല. സച്ചിൻ സെഞ്ച്വറിയടിച്ചിട്ടൂം തുടർന്നു കളിക്കുന്നു എന്നു കേട്ടാൽ ഒന്നു തല നീട്ടിനോക്കിയാലാ‍യി... അന്യനാട്ടുകാരാണെങ്കിലും, ആ മനുഷ്യരുടെ അപ്രതീക്ഷമായി ജീവവായു ചോർത്തപ്പെട്ട മുഖം എന്നെ അത്രയ്ക്കു വേദനിപ്പിച്ചു. ജാതിമതപ്രശ്നങ്ങളും തീവ്രവാദവും എല്ലാം തിമിർത്താടുന്നതിനിടയിൽ, മനുഷ്യജനതയെ ഒന്നിപ്പിക്കാനുള്ള മാന്ത്രികശക്തി ഈ കളികൾക്കുണ്ട്. ഞാനീ കളികളെയെല്ലാം ആദരിക്കുന്നതു ആ നിലയിലാണ്.
ഞാനോർക്കുന്നു, ഈ ഉത്തരേന്ത്യയിൽ ഇന്ത്യ ക്രിക്കറ്റു കളി ജയിച്ച അന്നു തെരുവിൽ ഉന്തുവണ്ടിയിൽ പച്ചക്കറി വിറ്റുനടക്കുന്ന ഒരു പാവം, അന്നു അയാളുടെ വണ്ടിയിലുള്ള പച്ചക്കറികെളെല്ലാം ഫ്രീ ആയി വിതരണം ചെയ്തു. സന്തോഷം കൊണ്ട്.
നെറികേടുകൾ നടത്തപ്പെടുമ്പോൾ ഹനിക്കപ്പെടുന്നത് കളിയോടുള്ള സ്നേഹം കൊണ്ടും ആത്മാർത്ഥതകൊണ്ടും നിറഞ്ഞു നിൽക്കുന്ന ഇത്തരം നന്മ മനസ്സുകളാണ്. മാപ്പില്ല അതിന്.

മുകിൽ said...

ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിനു നന്ദി.

tharat.blogspot said...

കലക്കീ.കളീ കാരീയമായീ.മുര്ചയൂള്ള വീശകലനം

ഷിബു ചേക്കുളത്ത്‌ said...

സുവാരസിനെ വിമര്‍ശിച്ചതിനോട്‌ എനിക്ക്‌ യോജിക്കാന്‍ കഴിയില്ല എന്നത്‌ ശാന്തറ്റീച്ചറിനൊടുള്ള എണ്റ്റെ എല്ലാ ബഹുമാനവും വച്ചുകൊണ്ട്‌ പറയട്ടെ. ഏതൊരു റ്റീമിണ്റ്റെ കളിക്കാരനും തണ്റ്റെ റ്റീമിണ്റ്റെ ഗോള്‍പോസ്റ്റില്‍ ഗോള്‍ വീഴുമെന്നുള്ള സന്ദര്‍ഭത്തില്‍ ചെയ്യുന്ന ഒരു റിഫ്ളക്സ്‌ ആക്ഷന്‍ മാത്രമേ സുവാരസും ചെയ്തിട്ടുള്ളൂ. അതില്‍ വംശിയതയുടെയും വര്‍ണ്ണവെറിയുടെയും ചായം ചലിക്കുന്നതിനോടെനിക്ക്‌ യോജിപ്പില്ല.

പട്ടേപ്പാടം റാംജി said...

ദക്ഷിണാപ്രിക്കയില്‍ കളി നടക്കുമ്പോള്‍ അവിടേക്ക് പത്രക്കാരെ കടത്തിവിട്ടത് ചില നിബന്ധനകള്‍ വെച്ചായിരുന്നു എന്നു വായിച്ചിരുന്നു.
നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ കളികാണല്‍ ഒരു കാണല്‍ മാത്രമെ എന്ന് തോന്നുന്നുള്ളു
നല്ലൊരു പോസ്റ്റ്.

poor-me/പാവം-ഞാന്‍ said...

മോഹപ്പക്ഷിയെ കണ്ടിട്ട് കാലം കുറേയായി! ദക്ഷിണ ആഫ്രിക്കയില്‍ വന്നത് നന്നായി കാണാനായല്ലൊ?